യുവാക്കളെ സമീപിക്കാൻ പുരോഹിതവർഗം ശ്രമിക്കുന്നു
“മക്ജിൽ യൂണിവേഴ്സിറ്റിയുടെ ചാപ്പലിരിക്കുന്ന സ്ഥലത്തെ . . . എണ്ണയൊലിപ്പിക്കുന്ന തലമുടിയുള്ള തുകൽ ജാക്കറ്റിട്ട പങ്കുകൾ (punks) ആക്രമിച്ചെ”ന്ന് കാനഡയിലെ ദ ഗസെറ്റ് ഓഫ് മോൺട്രിയൽ റിപ്പോർട്ടു ചെയ്തു. ഈ “പങ്കുകൾ” സാധാരണ തരക്കാരായിരുന്നില്ല. അവർ പുരോഹിതാംഗങ്ങളും—യൂണിവേഴ്സിറ്റി പുരോഹിതൻമാർ—“ആത്മീയ പ്രബോധനം തേടുന്ന യൂണിവേഴ്സിറ്റി വിദ്യാർഥികളോടൊത്തു നേരിട്ടു പ്രവർത്തിക്കുന്ന ദൈവശാസ്ത്രജ്ഞരുടെ ഒരു പുതിയ തിരത്തള്ളൽ” എന്നു പത്രം വിളിക്കുന്നതിന്റെ ഭാഗവുമായിരുന്നു.
കാമ്പസിലെ തങ്ങളുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിനായി സംവിധാനം ചെയ്ത ഒരു പരസ്യത്തിനുവേണ്ടി “പങ്കുക”ളുടെ വേഷം കെട്ടിയതായിരുന്നു പുരോഹിതൻമാർ. അവരിലൊരാളായ ഒരു പ്രസ്ബിറ്റീരിയൻ ശുശ്രൂഷക റോബെർട്ടാ ക്ലെയർ ഇപ്രകാരം വിശദീകരിച്ചു: “ഞങ്ങൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ ദൈവഭക്തിയും ധാർമികനിലവാരങ്ങളും ഉണ്ടെന്നുള്ള ആളുകളുടെ വിശ്വാസം ഒന്നു നീക്കംചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഒരു പങ്കു പരസ്യം നടത്താൻ ഞങ്ങൾ തീരുമാനിച്ചത്.”
എന്നാൽ, മുമ്പത്തെക്കാൾ വളരെയധികം വിദ്യാർഥികൾ സ്കൂളിൽ മതത്തെക്കുറിച്ചു പഠിക്കാൻ താത്പര്യമുള്ളവരാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഗഹനമേറിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വിഷമിക്കുമ്പോൾ പലരും യൂണിവേഴ്സിറ്റി അധ്യാപകരിലേക്കും പുരോഹിതൻമാരിലേക്കും നോക്കുന്നു. മതം സമൂഹത്തിൽ ഇത്ര ശക്തമായ സ്വാധീനം ചെലുത്തുന്നത് എന്തുകൊണ്ട്, വളരെയധികം മതങ്ങൾ നിലവിലുള്ളത് എന്തുകൊണ്ട്, ഇവ ലോകത്തിൽ ഇത്രയധികം കുഴപ്പമുണ്ടാക്കുന്നതായി കാണപ്പെടുന്നത് എന്തുകൊണ്ട് എന്നിവയെപ്പറ്റി ജിജ്ഞാസുവായ ഒരു വിദ്യാർഥിയെ പത്രം അഭിമുഖം നടത്തി. യേശുക്രിസ്തുവിന്റെ യഥാർഥ വ്യക്തിത്വം, അതുപോലെതന്നെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയെപ്പറ്റിയുള്ള ചോദ്യം എന്നിവ സംബന്ധിച്ച് ഉത്തരം നൽകാൻ അവൻ ശ്രമിക്കുകയായിരുന്നു.
അത്തരം ഗഹനമേറിയ ചോദ്യങ്ങൾക്ക് ദൈവത്തിന്റെ ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതിന് വിദ്യാർഥികളെ സഹായിക്കുന്നതിന് ഈ പുരോഹിതൻമാർ ബൈബിൾ ഉപയോഗിക്കുന്നുണ്ടോ? അപൂർവമായി. മതപരിവർത്തനം നടത്തേണ്ടതില്ലെന്ന് ഈ പുതിയ പ്രസ്ഥാനത്തിലെ പുരോഹിതൻമാർ പരസ്പരം സമ്മതിച്ചു. അവർ അതിനെ “ആടു-മോഷണ”മായാണ് വീക്ഷിക്കുന്നത്.
ഒരുപക്ഷേ നല്ല ആന്തരമുള്ളവരായിരിക്കാമെങ്കിലും ആ പുരോഹിതൻമാർ ക്രിസ്തുവും അവന്റെ അനുഗാമികളും ഉപയോഗിച്ച പഠിപ്പിക്കൽ രീതികളിൽനിന്ന് വളരെ അകന്നുപോയിരിക്കുന്നു. ആദിമ ക്രിസ്ത്യാനികൾക്ക് “ആടു-മോഷണ”ത്തെപ്പറ്റി ഉത്കണ്ഠയില്ലായിരുന്നു. ദൈവവചനം പഠിപ്പിക്കുന്നതിൽനിന്നും അത് മനസ്സിലാക്കുന്നതിന് ആത്മാർഥ ഹൃദയരായ സത്യാന്വേഷകരെ സഹായിക്കുന്നതിൽനിന്നും അവർ പിൻമാറിനിന്നുമില്ല. (ലൂക്കൊസ് 24:44, 45; പ്രവൃത്തികൾ 20:20) എന്തായാലും, നിത്യജീവൻ ലഭ്യമാകണമെങ്കിൽ യഹോവയാം ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം ആവശ്യമാണ്. (യോഹന്നാൻ 17:3) രക്ഷപ്രാപിക്കാൻ തക്കവണ്ണം എല്ലാവരും “സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്ത”ണമെന്നതാണ് ദൈവഹിതം.—1 തിമൊഥെയൊസ് 2:3, 4.
തങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരംകിട്ടാൻ ആഗ്രഹിക്കുന്നവരുമായി സൗജന്യ ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നത് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. നിങ്ങളുടെ സമൂഹത്തിലെ യഹോവയുടെ സാക്ഷികൾ നിങ്ങളെ സഹായിക്കാൻ സന്തോഷമുള്ളവരായിരിക്കും.