ലോകാരോഗ്യ സ്ഥിതിവിശേഷം—വർധിക്കുന്ന ഒരു വിടവ്
ബ്രസീലിലെ ഉണരുക! ലേഖകൻ
അലി മാവോ മായാലിന് 1977-ൽ സൊമാലിയയിൽ വെച്ച് മസൂരി പിടിപെട്ടു, അത് അവനെ ആശുപത്രിയിൽ കൊണ്ടെത്തിച്ചു. വാർത്താതലക്കെട്ടുകളിലും അവന്റെ പേര് പ്രത്യക്ഷപ്പെട്ടു. അവനെ ചികിത്സിച്ചു ഭേദമാക്കിക്കഴിഞ്ഞപ്പോൾ—ലക്ഷക്കണക്കിനാളുകൾക്കു കെടുതി വരുത്തിയശേഷം—ഭൂമുഖത്തുനിന്നുതന്നെ മസൂരി തുടച്ചുനീക്കിയതായി ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യസംഘടന) 1980-ൽ പ്രഖ്യാപിക്കുകയുണ്ടായി. മസൂരി ഉണ്ടായ അവസാനത്തെ വ്യക്തി അലി ആണെന്നു പറയപ്പെടുകയുണ്ടായി.
1992-ൽ ഡബ്ലിയുഎച്ച്ഒ ആരോഗ്യ സംരക്ഷണത്തിലെ മററു നേട്ടങ്ങളും റിപ്പോർട്ടു ചെയ്യുകയുണ്ടായി. 1980-കളിൽ വികസ്വര ലോകത്തെ അനേകമാളുകൾക്കു ശുദ്ധമായ കുടിവെള്ളവും ആരോഗ്യപരിപാലന സംവിധാനങ്ങളും ലഭിച്ചു. മാത്രമല്ല, അൽപ്പവികസിത രാജ്യങ്ങളിലെ ഒരു ഉയർന്ന ശതമാനം ആളുകൾക്കു പ്രാദേശിക ആരോഗ്യ സേവനം ലഭ്യമാകുകയും ചെയ്തു. തത്ഫലമായി, കഴിഞ്ഞ ദശകത്തിൽ ചില സ്ഥലങ്ങളിൽ ശിശുമരണസംഖ്യ കുറയുകയുണ്ടായി.
ഞെട്ടിക്കുന്ന വസ്തുതകൾ
എന്നിരുന്നാലും, ഉണ്ടായ നഷ്ടം ഈ നേട്ടങ്ങളെ അസ്ഥാനത്താക്കുകയും വർധിച്ചുവരുന്ന ഭീഷണികൾ അവയെ മൂടിക്കളയുകയും ചെയ്യുന്നു. ഞെട്ടിക്കുന്ന ഏതാനും വസ്തുതകൾ പരിഗണിക്കുക.
എച്ച്ഐവി⁄എയ്ഡ്സ്—ലോകവ്യാപകമായി 1,70,00,000-ത്തിലധികം ആളുകളെ എയ്ഡ്സിനു കാരണമായ എച്ച്ഐവി എന്ന വൈറസ് ബാധിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഒരു വർഷംതന്നെ 30,00,000-ത്തോളം ആളുകളെ അതു ബാധിക്കുകയുണ്ടായി, പ്രതിദിനം ഏതാണ്ട് 8,000 പേരെ വീതം. പത്തു ലക്ഷത്തിലധികം കുട്ടികൾക്ക് എച്ച്ഐവി പിടിപെട്ടിട്ടുണ്ട്. കുട്ടികളുടെ ഇടയിലെ എയ്ഡ്സ് നിമിത്തമുള്ള മരണങ്ങൾ അടുത്ത ദശകങ്ങളിൽ കുട്ടികളുടെ അതിജീവനത്തിൽ ഉണ്ടായിട്ടുള്ള ഏതു നേട്ടങ്ങളെയും തുടച്ചുനീക്കുക മാത്രമായിരിക്കില്ല ചെയ്യുന്നത്. ഏഷ്യയിലേതുപോലുള്ള അനേകം സ്ഥലങ്ങളിൽ ഈ പകർച്ചവ്യാധി പ്രാരംഭ സ്ഫോടന ഘട്ടത്തിലേക്കു നീങ്ങുകയാണ്. എച്ച്ഐവി ബാധിച്ചവരിൽ 80 ശതമാനത്തിലധികം പേരും വസിക്കുന്നതു വികസ്വരരാജ്യങ്ങളിലാണെന്ന് എയ്ഡ്സും വികസനവും (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം പറയുന്നു.
ക്ഷയം (ടിബി)—കഴിഞ്ഞ രണ്ടു ദശകങ്ങളായി വളരെയധികം അവഗണിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ വർഷവും 30 ലക്ഷം ആളുകളെ കൊന്നുകൊണ്ട് ടിബി ഒരിക്കൽക്കൂടി മനുഷ്യവർഗത്തെ കാർന്നുതിന്നുകയാണ്. അതിനാൽ, പകർച്ചവ്യാധികളുടെ ഇടയിൽ അതിനു ലോകത്തിലെ ഒന്നാം നമ്പർ ഘാതകൻ എന്ന സ്ഥാനമാണുള്ളത്. ഇതു നിമിത്തമുള്ള മരണങ്ങളിൽവെച്ച് 98 ശതമാനത്തിലധികവും ഉണ്ടായിരിക്കുന്നതു വികസ്വരരാജ്യങ്ങളിലാണ്. വഷളായ ഒരു സ്ഥിതിവിശേഷത്തെ കൂടുതൽ വഷളാക്കുമാറ്, ടിബി ബാക്ടീരിയം എച്ച്ഐവിയോടു ചേർന്ന് ഒരു ടീം പോലെ വർത്തിച്ചുകൊണ്ടു മാരകമായ ഒരു സഖ്യത്തിനു രൂപംകൊടുത്തിരിക്കുന്നു. ഫലമോ, വിനാശകം. 2000-മാണ്ടോടെ, പ്രതിവർഷം എച്ച്ഐവി ബാധിച്ച പത്തു ലക്ഷം പേർ ടിബി നിമിത്തം മരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
കാൻസർ—വികസ്വര രാജ്യങ്ങളിൽ കാൻസർ രോഗികളുടെ എണ്ണം വികസിത രാജ്യങ്ങളിലേതിനെക്കാൾ ഇപ്പോൾ കൂടുതലാണ്.
ഹൃദ്രോഗം—“ഹൃദയസംബന്ധമായ ഒരു ആഗോള വിപത്തിനോടു നാം അടുത്തിരിക്കുന്നു,” ഡബ്ലിയുഎച്ച്ഒ-യുടെ ഡോ. ഇവാൻ ഡ്യാർഫാസ് മുന്നറിയിപ്പു നൽകുന്നു. മേലാൽ വ്യവസായവത്കൃത രാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒരു രോഗമല്ല ഹൃദ്രോഗം. ഉദാഹരണത്തിന്, ലാററിനമേരിക്കയിൽ പകർച്ചവ്യാധികളായ രോഗങ്ങൾ മൂലം മരിക്കുന്നവരുടെ രണ്ടുമുതൽ മൂന്നുവരെ ഇരട്ടി കൂടുതൽ ആളുകൾ ഹൃദ്രോഗം മൂലം മരണമടയും. ഏതാനും വർഷങ്ങൾക്കുള്ളിൽ വികസ്വരരാജ്യങ്ങളിലുടനീളമുള്ള മുഖ്യ മരണഹേതു ഹൃദയധമനീതടസ്സങ്ങളും പക്ഷാഘാതവുമായിരിക്കും.
ഉഷ്ണമേഖലാ രോഗങ്ങൾ—ഡബ്ലിയുഎച്ച്ഒ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഉഷ്ണമേഖലാ രോഗങ്ങൾ ഒരു തേർവാഴ്ച നടത്തുന്നതുപോലെ തോന്നുന്നു, കോളറ അമേരിക്കകളിലേക്കു വ്യാപിക്കുകയാണ് . . . , മഞ്ഞപ്പനിയും സന്നിപാതജ്വരവും കൂടുതൽക്കൂടുതൽ ആളുകളെ ബാധിക്കുന്നു, മലമ്പനി-സ്ഥിതിവിശേഷം വഷളാകുകയാണ്.” ടൈം മാഗസിൻ ഇപ്രകാരം പറയുന്നു: “ലോകത്തിലെ ഏറെ ദരിദ്ര രാജ്യങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടം ഇപ്പോൾത്തന്നെ ഒരു വിപത്താണ്.” മലമ്പനി നിമിത്തം ഓരോ വർഷവും മരിക്കുന്നവരുടെ എണ്ണം ഇപ്പോൾത്തന്നെ ഏതാണ്ട് 20 ലക്ഷമാണ്. 40 വർഷം മുമ്പ് മലമ്പനി തുടച്ചുമാററപ്പെട്ടുവെന്നു കരുതിയിരുന്നു, എന്നിട്ടാണ് ഇപ്പോൾ ഈ സ്ഥിതിവിശേഷം.
അതിസാര രോഗങ്ങൾ—വികസ്വര രാജ്യങ്ങളിൽ ഇവ നിമിത്തം മരിക്കുന്ന കുട്ടികളുടെ സംഖ്യ ഞെട്ടിക്കുന്നതാണ്. രോഗബാധയോ വികലപോഷണമോ നിമിത്തം പ്രതിദിനം 40,000 കുട്ടികൾ മരണമടയുന്നു; അതിസാര രോഗങ്ങളാൽ മാത്രം ഓരോ എട്ടു സെക്കൻറിലും ഒരു കുട്ടി വീതം മരിക്കുന്നു.
ആരോഗ്യവും ദാരിദ്ര്യവും—ഒരു ബന്ധം
ഈ ആരോഗ്യസ്ഥിതിവിശേഷം എന്താണു നമ്മോടു പറയുന്നത്? ഒരു ആരോഗ്യ വിദഗ്ധൻ പറയുന്നു: “വികസ്വര രാജ്യങ്ങൾക്ക് ഒരു ഇരട്ട പ്രഹരമേൽക്കുകയാണ്. അവയെ പ്രഹരിക്കുന്നതു പുതുതായി ഉരുത്തിരിഞ്ഞുവരുന്ന വിട്ടുമാറാത്ത ആധുനികകാല രോഗങ്ങൾ മാത്രമല്ല ഇപ്പോഴും നിലനിൽക്കുന്ന ഉഷ്ണമേഖലാ രോഗങ്ങൾ കൂടിയാണ്.” ഫലമോ? ഉത്കണ്ഠാജനകമായ ഒരു “ഭൂമിശാസ്ത്ര വിടവ്” പ്രത്യക്ഷമായിരിക്കുന്നു എന്ന് 2000-മാണ്ടോടെ സകലർക്കും ആരോഗ്യം കൈവരുത്തൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അതുകൊണ്ട്, ആഫ്രിക്കയിലും ഏഷ്യയിലുമുള്ള ഏതാണ്ട് 40 രാജ്യങ്ങളിലെ ആരോഗ്യപരിപാലനം “ശേഷിക്കുന്ന ലോകത്തിലേതുപോലെ മുന്നേറുന്നില്ല.” ആരോഗ്യ വിടവ് ഭീമമാണ്—അതു വർധിച്ചുകൊണ്ടുമിരിക്കുന്നു.
വർധിച്ചുവരുന്ന ഈ വിടവിന് അനേകം കാരണങ്ങൾ ഉണ്ടെങ്കിലും മോശമായ ആരോഗ്യത്തിന് ഒരു കാരണം “ദാരിദ്ര്യമാണ്” എന്ന് ലോകാരോഗ്യം (ഇംഗ്ലീഷ്) എന്ന മാഗസിൻ പറയുന്നു. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 10:15.) ആരോഗ്യസംരക്ഷണ സൗകര്യങ്ങളോ ശുദ്ധജലമോ വേണ്ടത്ര വെള്ളമോ ഇല്ലാതെ ആളുകൾ തിങ്ങിനിറഞ്ഞതും ഇടുങ്ങിയതുമായ ജീവിതസാഹചര്യങ്ങളുള്ള പാർപ്പിടങ്ങളിലാണു മിക്കപ്പോഴും ദാരിദ്ര്യം ആളുകളെ കൊണ്ടെത്തിക്കുന്നത്. ഈ മൂന്നു ഘടകങ്ങൾ ആരോഗ്യത്തിനു വിലങ്ങുതടിയായിരിക്കുക മാത്രമല്ല അവ രോഗങ്ങളെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇതോടുകൂടെ, രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ദുർബലീകരിക്കുന്ന വികലപോഷണവും കൂട്ടുക. തടിയോടു ചിതലുകൾ എന്തു ചെയ്യുന്നുവോ അതുതന്നെയാണ് ആരോഗ്യത്തോട് ദാരിദ്ര്യവും ചെയ്തുവയ്ക്കുന്നത്.
മാരകമായ രോഗങ്ങൾക്കിടയാക്കുന്ന അണുക്കൾ പാർപ്പിടങ്ങളെ മലീമസമാക്കുകയും ശരീരത്തെ വികലമാക്കുകയും കുട്ടികളെ കൊന്നൊടുക്കുകയും ചെയ്യുമ്പോൾ അതിന്റെ ഏററവുമധികം പ്രഹരമേൽക്കുന്നതു ദരിദ്രർക്കാണ്. ചില ഉദാഹരണങ്ങൾ നോക്കുക. ദക്ഷിണാഫ്രിക്കയുടെ ദരിദ്ര ഭാഗങ്ങളിൽ അതേ രാജ്യത്തിലെതന്നെ ഉയർന്ന വരുമാനമുള്ള ഭാഗങ്ങളിൽ ഉള്ളതിനെക്കാൾ നൂറു മടങ്ങ് കൂടുതലായി ക്ഷയരോഗമുണ്ടാകുന്നു. ചുററുമുള്ള സമ്പന്ന പ്രദേശങ്ങളിൽ ഉള്ളതിനെക്കാൾ ബ്രസീലിലെ ദരിദ്ര മേഖലകളിൽ ന്യൂമോണിയയും ഇൻഫ്ളുവൻസയും പിടിപെട്ടു മരിക്കുന്ന ആളുകൾ ആറിരട്ടി കൂടുതലാണ്. നിരാലംബരായ ഇന്ത്യൻ കുടുംബങ്ങളിൽ മരിക്കുന്ന ശിശുക്കളുടെ എണ്ണം ഇന്ത്യയിലെ ഏററവും സമ്പന്ന കുടുംബങ്ങളിൽ മരിക്കുന്ന കുട്ടികളുടെ എണ്ണത്തെക്കാൾ പത്തിരട്ടിയാണ്. വേദനാജനകമായ ഈ വസ്തുത മുന്തിനിൽക്കുന്നു: ‘ദാരിദ്ര്യം ആരോഗ്യത്തിനു ഹാനികരമാണ്!’
ലോകമൊട്ടുക്കുള്ള നൂറു കോടിയിലധികം ചേരിനിവാസികൾ നൈരാശ്യബോധത്തോടെ അതേ അവസ്ഥയിൽത്തന്നെ തുടരുന്നു എന്നത് ആശ്ചര്യമല്ല. ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങൾ അവരുടെ നിയന്ത്രണത്തിനുമപ്പുറമാണ്, രോഗഗ്രസ്തമായ പരിണതഫലങ്ങൾ അവരുടെ ജീവിതത്തെ ഭരിക്കുന്നു. ദാരിദ്ര്യത്തിന്റെ തിക്തഫലങ്ങൾ നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ, ആരോഗ്യവിടവിന്റെ ദയനീയമായ വശത്തു നിങ്ങൾ ആശയററവിധം തടവിലാക്കപ്പെട്ടിരിക്കുന്നതായി തോന്നിയേക്കാം. എന്നാൽ, ദരിദ്രരാണെങ്കിലും അല്ലെങ്കിലും നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ആരോഗ്യത്തെ പരിരക്ഷിക്കുന്നതിനു നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണ്? പിൻവരുന്ന ലേഖനം ചില നിർദേശങ്ങൾ പ്രദാനം ചെയ്യുന്നു.