നിങ്ങളുടെ ആഹാരം എത്ര പോഷകഗുണമുള്ളതാണ്?
ബ്രസീലിലെ ഉണരുക! ലേഖകൻ
നിങ്ങൾ നിങ്ങളുടെ ആഹാരം എങ്ങനെ തിരഞ്ഞെടുക്കുന്നു? നിങ്ങൾ ആഹാരപദാർഥങ്ങൾ വാങ്ങുമ്പോൾ ഏതു ഘടകങ്ങൾ നിങ്ങളെ സ്വാധീനിക്കുന്നു? അതു മനോഹരമായ പായ്ക്കിംഗ് ആണോ? വിലയാണോ? പാചകംചെയ്യാനുള്ള എളുപ്പമാണോ? പരസ്യങ്ങളിലെ പ്രേരണാത്മക അവകാശവാദങ്ങളാണോ? അതോ ആഹാരപദാർഥത്തിന്റെ കാഴ്ചയും രുചിയും തന്നെയാണോ? ശരിയായ തിരഞ്ഞെടുപ്പു നിങ്ങൾ പോഷകഗുണമുള്ള ആഹാരമാണോ അതോ ചവറാണോ കഴിക്കുന്നതെന്ന്, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നുവോ അതോ മോശമാകുന്നുവോ എന്ന്, നിർണയിച്ചേക്കാം.
ദാരിദ്ര്യമാണു വികലപോഷണത്തിന്റെ ഒരു മുഖ്യകാരണം. അനേകർക്കു സാധാരണമായി ആഹാരസമൃദ്ധി ഉണ്ടായിരിക്കാമെങ്കിലും, മററുള്ള ദശലക്ഷക്കണക്കിനാളുകൾ പോഷകഗുണമുള്ള ഒരു ആഹാരം കഴിക്കുന്നത് അപൂർവമാണ്. “ഇവിടെ ഞങ്ങൾ വീട്ടിൽ കിട്ടാവുന്ന എന്തും ഭക്ഷിക്കുന്നു,” ബ്രസീലിൽ ആറു മക്കളുടെ പിതാവായ ഒരു ഇഷ്ടികപ്പണിക്കാരൻ പറയുകയുണ്ടായി. അതിന്റെ അർഥം പതിവായി രുചിയില്ലാത്ത അപ്പവും കടുപ്പമില്ലാത്ത കാപ്പിയും അല്ലെങ്കിൽ ചോറും തുവരയും ഭക്ഷിക്കുന്നു എന്നാണ്. യഥാർഥത്തിൽ, ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടനയുടെ ഒരു റിപ്പോർട്ടനുസരിച്ച്, ലോകജനസംഖ്യയുടെ 20 ശതമാനം പട്ടിണി അനുഭവിക്കുന്നു. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ വിപുലവ്യാപകമായ ക്ഷാമം ഉണ്ടെന്നിരിക്കെ, ഏഷ്യയിൽ അതിൽ കൂടുതൽ പട്ടിണിക്കാരുണ്ട്. ഐക്യനാടുകളിൽപ്പോലും, ജനസംഖ്യയുടെ 12 ശതമാനത്തിന് അല്ലെങ്കിൽ 3 കോടി ആളുകൾക്കു ഭക്ഷിക്കാൻ വേണ്ടത്ര ആഹാരം കിട്ടുന്നില്ല.
മോശമായ പോഷണം ഹാനികരമാണെന്നുമാത്രമല്ല, അതിനു മാരകമായിരിക്കാനും കഴിയും. “മോശമായ ശിശുപോഷണരീതികൾ നിമിത്തമുള്ള വികലപോഷണം യഥാർഥ ക്ഷാമത്താൽ മരണമടയുന്നതിൻറ 10 ഇരട്ടിയാളുകളെ കൊല്ലുന്ന”തായി ഗവേഷകനായ വില്യം ചാൻഡ്ലർ സൂചിപ്പിക്കുന്നു. “അതിസാരംമൂലമുള്ള നിർജലനത്തോടൊപ്പം വികലപോഷണം ലോകത്തിലെ മുഖ്യ മരണകാരണമാണ്.” യുനിസെഫ് (ഐക്യരാഷ്ട്ര ശിശുക്ഷേമനിധി) ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “സാംക്രമികരോഗമോ പ്രളയമോ ഏതെങ്കിലും ഭൂകമ്പമോ യുദ്ധമോ ഒരൊററ ആഴ്ചകൊണ്ട് 2,50,000 കുട്ടികളുടെ ജീവൻ അപഹരിച്ചിട്ടില്ല.” എന്നാൽ ആ യുഎൻ ഏജൻസി പറയുന്നപ്രകാരം, വികലപോഷണത്താലും തത്ഫലമായുള്ള രോഗങ്ങളാലും ലോകമാസകലം മരിക്കുന്ന കുട്ടികളുടെ എണ്ണമാണത്. യഥാർഥത്തിൽ, വികലപോഷണത്താലുള്ള തകരാറു കണക്കററതാണ്: പഠനപ്രാപ്തി കുറയുന്നു, അദ്ധ്വാനവർഗം ദുർബലമാകുന്നു, ജോലിയിലെ ഉത്പാദനവും ഗുണവും കുറയുന്നു.
എന്നിരുന്നാലും, ശരിയായ ആഹാരത്തിനു വികലപോഷണത്തെയും വിളർച്ചയും മററു വ്യാധികളും പോലെയുള്ള പാർശ്വഫലങ്ങളെയും തരണംചെയ്യാൻ കഴിയും. വിദ്യാലയങ്ങളിൽ കൊടുക്കുന്ന ഉച്ചഭക്ഷണവും സാധുജനങ്ങൾക്കായുള്ള അവശ്യ ഭക്ഷ്യവിതരണവും ചില പ്രദേശങ്ങളിൽ വികലപോഷണത്തെ നീക്കംചെയ്തേക്കാം, എന്നാൽ യുനിസെഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അതിസാരം, ന്യുമോണിയാ, അഞ്ചാംപനി എന്നിവ നിമിത്തമുള്ള ശിശുമരണം കുറയ്ക്കുന്നതിനു വാർഷികമായി 2,500 കോടി ഡോളർ ആവശ്യമാണ്. ഇത് ‘ഒരു വലിയ തുക’ ആണെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ റിപ്പോർട്ടനുസരിച്ച്, സ്പോർട്ട്സ്ചെരുപ്പുകൾക്ക് അമേരിക്കക്കാരും വീഞ്ഞിനു യൂറോപ്യൻമാരും ഒരു വർഷം ചെലവഴിക്കുന്നത് അത്രയുമാണ്. പാഴാക്കൽ കുറയ്ക്കുന്നതാണു മറെറാരു വെല്ലുവിളി. കണക്കാക്കപ്പെടുന്ന പ്രകാരം 3.2 കോടി ബ്രസീലുകാർ പട്ടിണിയനുഭവിക്കുന്നുവെങ്കിലും, “വിളവെടുപ്പിനുശേഷം ചരക്കുനീക്കത്തിലോ സംഭരണത്തിലോ സംഭവിക്കുന്ന 150 കോടി ഡോളർ മൂല്യമുള്ള സാധനങ്ങളുടെ പാഴാക്കൽ ജനതയുടെ കാർഷിക ഉല്പാദനത്തിന്റെ 18 മുതൽ 20 വരെ ശതമാനത്തിന്റെ നഷ്ടം വരുത്തിക്കൂട്ടുന്നു”വെന്നു ബ്രസീലിലെ കാർഷികമന്ത്രാലയം റിപ്പോർട്ടുചെയ്യുന്നു. അനേകം രാഷ്ട്രങ്ങളിൽ കൃഷി, ജലസേചനം, ഭക്ഷ്യസംഭരണം, അവയുടെ നീക്കം എന്നിവസംബന്ധിച്ചു വൻ പ്രശ്നങ്ങൾ ഉണ്ട്; എന്നിരുന്നാലും, ഇപ്പോഴും എല്ലാവർക്കും സമൃദ്ധമായി പ്രദാനംചെയ്യാൻ ഭൂമിക്കു കഴിയും. അതുകൊണ്ടു നിങ്ങളുടെ കുടുംബത്തെ പോററുന്നതിന്റെ വെല്ലുവിളിയെ നിങ്ങൾക്ക് എങ്ങനെ അഭിമുഖീകരിക്കാൻ കഴിയും?
പണംകൊണ്ടു മാത്രമായില്ല
വികസ്വര രാജ്യങ്ങളിൽ ആളുകൾ മിക്കപ്പോഴും രണ്ടോ മൂന്നോ ജോലികളിൽ ഏർപ്പെട്ടുകൊണ്ടു തങ്ങളുടെ കുടുംബങ്ങളെ ഒരു വിധത്തിൽ പോററുന്നു. ബ്രസീലിൽ, വർഷംതോറും 15 ലക്ഷം പേർ കുടുംബത്തെയോ സുഹൃത്തുക്കളെയോ വിട്ടു ജോലിയും ആഹാരവും തേടി വലിയ നഗരങ്ങളിലേക്കു മാറിപ്പാർക്കുന്നു. ആരോഗ്യം ഒരു നിശ്ചിതപരിധിവരെ ആളുകൾ എന്തു ഭക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും അവരുടെ വരവിന്റെ ഒരു വലിയ ഭാഗം വസ്ത്രത്തിനും ഭവനത്തിനും യാത്രയ്ക്കും ചെലവിടുന്നു.
ലോകമാസകലമുള്ള കുടുംബങ്ങൾക്കു പോഷണത്തിന്റെ പ്രധാന ഉറവിടങ്ങൾ അരി, പയർ, ചോളം, ഉരുളക്കിഴങ്ങ്, കപ്പ, ഏത്തക്കാ മുതലായവയാണ്, കൂട്ടത്തിൽ കുറെ മാംസവും മത്സ്യവും. ബ്രസീലിലെ പോഷകാഹാരവിദഗ്ധനായ ജോസ് എഡ്വാർഡോ ഡി ഒലിവേറെ ഡ്യട്രേ ഇങ്ങനെ പ്രസ്താവിച്ചു: “പയറും ചോറും വളരെ ഉയർന്ന പോഷകമൂല്യമുള്ള സംയുക്താഹാരമാണ്. ലളിതവും വിലക്കുറവുള്ളതുമായ അത്തരം ആഹാരക്രമമുള്ളപ്പോൾ [രാജ്യത്തെ] ക്ഷാമം അവസാനിപ്പിക്കുക സാധ്യമാണ്.” അതെ, നിങ്ങൾ ജീവിക്കുന്നടത്തു ചെലവു കുറഞ്ഞതും പോഷകഗുണമുള്ളതുമായ ആഹാരം ലഭ്യമായിരിക്കാം. അല്ലെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ ആഹാരത്തിൽ കുറേ കൃഷിചെയ്തുണ്ടാക്കാമായിരിക്കും.
നിങ്ങൾക്കു വേണ്ടത്ര പണമുണ്ടായിരിക്കാമെങ്കിലും നിങ്ങൾ കുടുംബത്തിനുവേണ്ടി പോഷകാഹാരം വാങ്ങാൻ അതു ചെലവിടുന്നുണ്ടോ? അതോ നിങ്ങൾ മധുരവസ്തുക്കളോ ഗുണമില്ലാത്ത ഭക്ഷ്യപദാർഥങ്ങളോ ഇഷ്ടപ്പെടാൻ തക്കവണ്ണം വിദഗ്ധവും നിരന്തരവുമായ പരസ്യത്താൽ സ്വാധീനിക്കപ്പെടുകയും അങ്ങനെ മാംസ്യം, ധാതുക്കൾ, ജീവകങ്ങൾ എന്നിവയുടെ ആവശ്യത്തെ അവഗണിക്കുകയുമാണോ? രുചി ആരോഗ്യപ്രദത്വത്തെക്കാൾ ആകർഷകമാണോ? ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ രേഖപ്പെടുത്തുന്നു: “നല്ല ആരോഗ്യം നേടാനും നിലനിർത്താനും ആളുകൾക്കു മനുഷ്യശരീരത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അടിസ്ഥാനപരിജ്ഞാനം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ അവരുടെ ആരോഗ്യത്തെ എന്തു സഹായിക്കും അല്ലെങ്കിൽ സഹായിക്കില്ല, അല്ലെങ്കിൽ അവരുടെ ആരോഗ്യത്തെ എന്തു ഹനിക്കും അല്ലെങ്കിൽ ഹനിക്കില്ല എന്ന് അവർക്കു നിശ്ചയിക്കാൻ കഴിയൂ. ആരോഗ്യത്തെക്കുറിച്ചുള്ള പഠനം ഓരോരുത്തരുടെയും വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കണം.”
നാം കേവലം ഭക്ഷിക്കാൻവേണ്ടി മാത്രമല്ല ജീവിക്കുന്നതെന്നുള്ളതു സത്യംതന്നെ, എന്നാൽ ആഹാരം നമ്മുടെ ജീവിതത്തിന്റെ മർമപ്രധാനമായ ഒരു ഭാഗമാണ്. തീററിയെക്കുറിച്ച് ഉത്സാഹപൂർവകമായ വേലയുടെ ഒരു പ്രതിഫലമെന്നു പ്രസ്താവിച്ചുകൊണ്ടു ബൈബിൾ പറയുന്നു: “ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകല പ്രയത്നം കൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” (സഭാപ്രസംഗി 3:13) ആരോഗ്യപ്രദമായ ആഹാരം മൂല്യവത്തും അത്യാവശ്യവുമാണെന്നു നിങ്ങൾ കരുതുന്നുവോ? അങ്ങനെയെങ്കിൽ, ശരിയായ പോഷകത്തിനു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എങ്ങനെ ഗുണംചെയ്യാനാവുമെന്നു കാണിക്കുന്ന അടുത്ത ലേഖനം ദയവായി പരിശോധിക്കുക.