മിഷനറിമാർ അവർ എന്തായിരിക്കണം?
“മിഷനറി” എന്ന വാക്കിനു തീവ്രമായ വികാരങ്ങളെ ഉണർത്തിവിടാൻ കഴിയും. അതു ചില ആളുകളിൽ മദർ തെരേസ, പരേതനായ ആൽബർട്ട് ഷ്വൈററ്സർ എന്നിങ്ങനെയുള്ള വ്യക്തികളെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്ത്യാദരവ് ജനിപ്പിക്കുന്നു.
നേരേമറിച്ച്, മിഷനറിമാരെക്കുറിച്ചു പരാമർശിക്കുമ്പോൾ മററു ചിലർ നിസ്സംഗതയോടെ പ്രതികരിച്ചേക്കാം, അല്ലെങ്കിൽ വെറുപ്പോ കോപം പോലുമോ പ്രകടമാക്കിയേക്കാം. അവരെ സംബന്ധിച്ചിടത്തോളം, ആ പദത്തിന്റെ അർഥം ഉപായരൂപേണ മനസ്സു വളച്ചെടുക്കൽ എന്നാണ്, കോളനിവാഴ്ചയുടെ ദൃശ്യങ്ങൾപോലും അവരുടെ മനസ്സിലേക്ക് അതു കൊണ്ടുവന്നേക്കാം.
മിഷനറിമാരെ സംബന്ധിച്ചിടത്തോളം ഉചിതമായ ഒരു ചോദ്യമിതാണ്, അവർ വെളിച്ചത്തിന്റെ ഏജൻറൻമാരായിരുന്നിട്ടുണ്ടോ അതോ ഇരുളിന്റേതോ?
എന്താണ് ഒരു മിഷനറി?
മിഷനറി (missionary) എന്ന ഇംഗ്ലീഷ് പദത്തെ നിർവചിച്ചിരിക്കുന്നത്, “ഒരു ദൗത്യം ഏറെറടുക്കുന്ന വ്യക്തി” എന്നാണ്. മററു വാക്കുകളിൽ പറഞ്ഞാൽ, “ഒരു മതസംഘടനയുടെ വിശ്വാസത്തെ പ്രചരിപ്പിക്കാൻ അല്ലെങ്കിൽ മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അതു നിയോഗിക്കുന്ന ഒരു ശുശ്രൂഷ ഏറെറടുക്കുന്ന വ്യക്തി” എന്നാണ്.
“നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ ക്രിസ്തീയ മിഷനറിവേലയുടെ അടിസ്ഥാനം യേശുക്രിസ്തു നൽകുകയുണ്ടായി. ക്രിസ്തീയ സന്ദേശം ലോകമെമ്പാടും പ്രസംഗിക്കുന്നത് ഇത് ആവശ്യമാക്കിത്തീർക്കുന്നു.—മത്തായി 28:19, 20.
യേശു തന്നെയും ഒരു മിഷനറിയായിരുന്നു. സ്വർഗത്തിൽനിന്ന് ഒരു വിദേശനിയമനപ്രദേശമായ ഭൂമിയിലേക്ക് പിതാവായ യഹോവ അവനെ അയച്ചതായിരുന്നു. (ഫിലിപ്പിയർ 2:5-8) അപ്പോൾ ന്യായയുക്തമായി, ഒരു ക്രിസ്തീയ മിഷനറി യേശുക്രിസ്തു വെച്ച മാതൃക അടുത്തു പിൻപറേറണ്ടതുണ്ട്. അങ്ങനെ ചെയ്ത ഒന്നാം നൂററാണ്ടിലെ ഒരു മിഷനറിയായിരുന്നു അപ്പോസ്തലനായ പൗലോസ്. അദ്ദേഹം, പിന്നീടുള്ള മിഷനറിമാർക്ക് അനുകരിക്കാൻ കഴിയുന്ന ഒരു മാതൃകയായിത്തീർന്നു.—1 കൊരിന്ത്യർ 11:1.
മനുഷ്യവർഗത്തെ കാർന്നുതിന്നുന്ന സാമൂഹിക പ്രശ്നങ്ങൾ സംബന്ധിച്ച് യേശുവിനു സഹാതാപം തോന്നിയെങ്കിലും, ഭൂമിയിലായിരിക്കെ അവയ്ക്കു പരിഹാരം കാണുന്നതിനല്ല അവൻ മുന്തിയ പ്രാധാന്യം കൊടുത്തത്. അതിനു പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഏറിയാൽ അതു താത്കാലിക ആശ്വാസം കൈവരുത്തുമായിരുന്നു, അത്രയേ ഉള്ളൂ. (യോഹന്നാൻ 6:26, 27; 12:8) അതിലും പ്രാധാന്യമർഹിക്കുന്ന മറെറാന്നുണ്ടായിരുന്നു. “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നു യേശു പീലാത്തോസിനോടു പറഞ്ഞു. അത്തരം സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉണ്ടായിരിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല, നേരത്തെ യേശു പ്രാർഥിച്ചപ്പോൾ പറഞ്ഞതുപോലെ: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)—യോഹന്നാൻ 17:3; 18:37.
ക്രൈസ്തവലോകത്തിലെ മിഷനറിമാർ യേശു വെച്ച മാതൃക അടുത്തു പിൻപററിയിട്ടുണ്ടോ? നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനമായ ദൈവവചനത്തിലെ വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ട് യേശു ആയിരുന്നതുപോലെ വെളിച്ചത്തിന്റെ ഏജൻറൻമാരാണെന്ന് അവർ തെളിയിച്ചിട്ടുണ്ടോ? അതോ അവർ ആളുകളെ അന്ധകാരത്തിൽ വിട്ടേക്കുകയാണോ ചെയ്തിട്ടുള്ളത്? ഈ ചോദ്യങ്ങളുടെ ഉത്തരം നമുക്കെല്ലാവർക്കും താത്പര്യമുള്ളതായിരിക്കണം, കാരണം ക്രിസ്തീയ മിഷനറിമാർ എന്ന് അവകാശപ്പെടുന്നവർ നൂററാണ്ടുകളായി ഉത്പാദിപ്പിച്ചിട്ടുള്ള ഫലം സത്യമതത്തെയും ഒപ്പം വ്യാജമതത്തെയും തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അടുത്ത അഞ്ചു ലക്കങ്ങളിൽ ഉണരുക! ഈ വിഷയം വിശദമായി പ്രതിപാദിക്കുമെന്ന് അറിയിക്കാൻ സന്തോഷമുണ്ട്.
മിഷനറിമാർ എങ്ങനെ യോഗ്യതയിൽ എത്തിച്ചേർന്നിരിക്കുന്നു?
ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ മിഷനറിമാർ വിലപ്പെട്ട സംഭാവനങ്ങൾ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ചിലർ പ്രാദേശിക ഭാഷകളിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്, അങ്ങനെ ആളുകൾക്കു സ്വന്തമായി ബൈബിൾ വായിക്കാൻ കഴിയുന്നു.
എന്നാൽ, ഇക്കാലത്ത് പ്രസംഗിക്കുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്യുന്നതിനെക്കാൾ പ്രധാനം സാമൂഹിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതാണെന്നു ചില മിഷനറിമാർ വിചാരിക്കുന്നതായി തോന്നുന്നു. “പുതിയ മിഷനറി” എന്ന ശീർഷകത്തിൻ കീഴിൽ ടൈം മാഗസിനിൽ വന്ന ഒരു ലേഖനം ഇങ്ങനെ അഭിപ്രായപ്പെട്ടു: “മിഷനറിമാർ എത്തിച്ചേരാൻ ശ്രമിക്കുന്ന ആളുകളുടെ സാമ്പത്തികവും സാമൂഹികവുമായ അടിസ്ഥാന പ്രശ്നങ്ങളിൽ കൂടുതൽ ഉൾപ്പെടുന്നതിനുള്ള ഒരു ചായ്വ് പ്രൊട്ടസ്ററൻറുകാരുടെ ഇടയിലുണ്ട്.” കത്തോലിക്കരുടെ കാര്യത്തിലാണെങ്കിൽ, “മനുഷ്യസേവനം കഴിഞ്ഞ സ്ഥാനമേ” ക്രിസ്തീയ വിശ്വാസങ്ങൾ പങ്കുവയ്ക്കുന്നതിനുള്ളൂ എന്ന് ഐക്യനാടുകളിൽനിന്ന് അയയ്ക്കപ്പെട്ട ജെസ്യൂട്ട് മിഷനറി സംഘങ്ങളുടെ തലവൻ പറഞ്ഞു. ഒരു കത്തോലിക്കാ മിഷനറി സംഘത്തിന്റെ സെക്രട്ടറി ഇങ്ങനെ വാദിച്ചു: “ദേഹികളെ രക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു കഴിഞ്ഞകാലത്ത് ഞങ്ങൾക്കുണ്ടായിരുന്നത്. . . . ദൈവസഹായത്താൽ എല്ലാ ആളുകളും മതങ്ങളും ദൈവത്തിന്റെ അനുഗ്രഹത്തിലും സ്നേഹത്തിലും വസിക്കുന്നുവെന്നും ദൈവത്തിന്റെ കരുണയാൽ രക്ഷിക്കപ്പെടുമെന്നും ഇപ്പോൾ ഞങ്ങൾ വിശ്വസിക്കുന്നു.”
യേശു ദൈവവചനം പഠിപ്പിച്ചതുപോലെ മേലാൽ ചെയ്യേണ്ടതില്ലെന്നാണോ ഇതിന്റെ അർഥം?
ഇപ്പോഴും അതിന്റെ ആവശ്യമുണ്ടോ?
1985-ൽ നൂറുകണക്കിനു സ്വമേധയാ സേവകർ ജർമനിയിലെ ഹാംബർഗിലുള്ള 18,000 വീടുകളിലേക്കു ഫോൺ ചെയ്തു, “ടെലഫോണിലൂടെയുള്ള കൂട്ട മിഷനറി പ്രവർത്തനം” എന്നാണ് ഒരു പത്രം അതിനെ വിളിച്ചത്. സുവ്യക്തമായും അതിനു കാര്യമായ ഫലമുളവാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബറിൽ ദ യൂറോപ്യൻ ഇങ്ങനെ എഴുതി: “1991-നുശേഷം 5,00,000-ത്തിലധികം പേർ പള്ളിയിൽപോക്ക് നിർത്തിയതായി . . . ജർമനിയിലെ പ്രൊട്ടസ്ററൻറ് സഭ മനസ്സിലാക്കി.”
സഭാംഗങ്ങൾ കുറഞ്ഞുവരുന്നത് ജർമനിയിലെ സഭകളുടെ മാത്രം സവിശേഷതയല്ല. ലോകവ്യാപകമായി ലക്ഷക്കണക്കിനാളുകൾ മതത്തിന്റെ നേർക്ക് തങ്ങളുടെ പുറംതിരിച്ചിട്ടുണ്ട്, മനുഷ്യർ വാസ്തവികബോധത്തോടെ ചിന്തിക്കുന്ന 1990-കളിൽ ജീവിതത്തിന്റെ പ്രസക്ത ഭാഗമായി അതിനെ അവർ കണക്കാക്കുന്നുമില്ല. ലോകത്തിലെ ഇന്നത്തെ അന്ധകാരത്തെ നാം വിജയപ്രദമായി തരണം ചെയ്യുകയും ഭാവിയിലെ മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മെ പുലർത്തുകയും ചെയ്യണമെങ്കിൽ ക്രിസ്ത്യാനിത്വത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനുള്ള യേശുവിന്റെ കൽപ്പന ഒരു അടിയന്തിര ആവശ്യത്തെ തൃപ്തിപ്പെടുത്താനുള്ള ഫലപ്രദമായ ഒരു മാർഗമാണ്.
ക്രിസ്തീയ മിഷനറിമാർ ഇരുളിന്റെ ഏജൻറൻമാരല്ല വെളിച്ചത്തിന്റെ ഏജൻറൻമാർ ആയിരിക്കാനാണ് യേശുക്രിസ്തു ഉദ്ദേശിച്ചത്. ക്രൈസ്തവലോകത്തിലെ മിഷനറിമാർ യോഗ്യതയിൽ എത്തിച്ചേർന്നിരിക്കുന്നത് എങ്ങനെയാണ്? അവർ പിന്തുടർന്നുപോന്നത് ഏതു മാതൃകയാണ്?
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Culver Pictures