ലോകത്തെ വീക്ഷിക്കൽ
രക്താപവാദം ഫ്രാൻസിൽ ആഴം വർദ്ധിക്കുന്നു
ഫ്രാൻസിലെ രക്താപവാദത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ, ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ സാമ്പത്തികപരിഗണനകളെ ഫ്രഞ്ച് രോഗികളുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും മീതെ വെച്ചുവെന്നു പ്രകടമാക്കുന്ന തെളിവുകൾ സമർപ്പിച്ചിരിക്കുന്നു. പാരീസിലെ ഇൻറർനാഷനൽ ഹെറൾഡ് ട്രിബ്യൂൺ പറയുന്ന പ്രകാരം രക്തശേഖരങ്ങളിലെ എയ്ഡ്സ് വൈറസ് കണ്ടുപിടിക്കുന്നതിനുള്ള ഒരു രക്തപരിശോധനാരീതി കണ്ടുപിടിച്ചപ്പോൾ യു.എസ്. ഉല്പന്നം ഫ്രഞ്ച് വിപണിയെ മുക്കിക്കളയുമെന്നു ഭയന്നു “ഫ്രെഞ്ച് ഉദ്യോഗസ്ഥൻമാർ സമാനമായ ഒരു ഉല്പന്നത്തിന്റെ വികസിപ്പിക്കലിൽ ഒപ്പമെത്തുന്നതിന് ഒരു ഫ്രഞ്ച് നിർമാതാവിനു സമയം കൊടുക്കാൻ” അതിന്റെ വില്പനയെ തടഞ്ഞുവെന്നു പ്രമാണങ്ങൾ വെളിപ്പെടുത്തുന്നു. തത്ഫലമായി, ഫ്രഞ്ച് കമ്പനി ഉല്പന്നം വികസിപ്പിക്കാൻ എടുത്ത ഏതാണ്ട് ഏഴുമാസക്കാലത്തു നൂറുകണക്കിനാളുകൾക്കു മലിനമായ രക്തപ്പകർച്ചകൾ സ്വീകരിച്ചുകഴിഞ്ഞപ്പോൾ എയ്ഡ്സ് ബാധിച്ചു.
ഒരു “പിശാചു” കുറവ്
ടോക്കിയോയിലെ ഒരു ദമ്പതികൾ തങ്ങളുടെ നവജാതശിശുവിനെ “പിശാച്” എന്നർഥമുള്ള അക്യൂമാ എന്നു വിളിച്ചു. “നിങ്ങൾ അതു ഒരിക്കൽ കേട്ടാൽ നിങ്ങൾ ഒരിക്കലും അതു മറക്കാതിരിക്കുന്ന ഒരു ഫലമാണ് അതിനുള്ളത്” എന്നു പിതാവു പറഞ്ഞു. “അത് എന്റെ പുത്രൻ വളർന്നുവരുമ്പോൾ അനേകമാളുകളെ കണ്ടുമുട്ടുന്നതിന് അവനെ പ്രാപ്തനാക്കുന്ന ഒരു പേരാണ്.” സ്ഥലത്തെ അധികൃതർ അതു രജിസ്ററർ ചെയ്യുന്നതിന് ആദ്യം സമ്മതിച്ചു, എന്നാൽ അതു പരിഹാസവും വിവേചനവും ക്ഷണിച്ചുവരുത്തുമെന്നു പറഞ്ഞുകൊണ്ടു പിന്നീട് അത് അസ്വീകാര്യവും മാതാപിതാക്കളുടെ അവകാശങ്ങളുടെ ഒരു ദുരുപയോഗവുമെന്ന നിലയിൽ നീക്കംചെയ്യാൻ തീരുമാനിച്ചു. കോടതികളിൽ മാസങ്ങളോളം പൊരുതിയശേഷം, മാതാപിതാക്കൾ ശ്രമം ഉപേക്ഷിക്കുകയും കൂടുതലായ തടസ്സംസൃഷ്ടിച്ചിട്ട് ബാലന് ഔദ്യോഗികമായി പേരില്ലാതെ വരാതിരിക്കത്തക്കവണ്ണം തങ്ങളുടെ പുത്രനു മറെറാരു പേർ രജിസ്ററർചെയ്യുമെന്നു പറയുകയും ചെയ്തു. എന്നിരുന്നാലും അതു വീട്ടിൽ കാര്യങ്ങൾക്കു മാററംവരുത്തിയില്ല. “ഞങ്ങൾ അവനെ അവന്റെ ദൈനംദിന പേരായി അക്യൂമാ എന്നു വിളിക്കുന്നതിൽ തുടരും” എന്നു പിതാവു പറഞ്ഞു, അതാണു കുട്ടി പ്രതികരിക്കുന്ന പേർ.
കോപവും ഹൃദയാഘാതങ്ങളും
“ഹൃദ്രോഗമുള്ള ആളുകൾ കുപിതരാകുമ്പോൾ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ഇരട്ടിയിലധികമാകുന്നു, അപകടം രണ്ടു മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യുന്നു,” ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നു. മുൻ പഠനങ്ങൾ കോപവും വർദ്ധിച്ച ഹൃദയമിടിപ്പും വർദ്ധിച്ച ഉന്നത രക്തസമ്മർദവും രക്തധമനികളുടെ കട്ടിയാകലും തമ്മിൽ ഒരു ബന്ധമുണ്ടെന്നു പ്രകടമാക്കിയിട്ടുണ്ടെങ്കിലും കോപത്തിനു സത്വരം ഒരു ഹൃദയാഘാതത്തിലേക്കു നയിക്കാൻ കഴിയുമെന്നതിനു ശാസ്ത്രീയ തെളിവ് ആദ്യമായി ഹാജരാക്കിയത് ഈ പുതിയ പഠനമാണ്. വൈകാരിക സംഘട്ടനങ്ങളെ അഭിമുഖീകരിക്കുമ്പോൾ ശാന്തമായിരിക്കാൻ ശ്രമിക്കുന്നതിനാൽ അപകടസാദ്ധ്യത കുറയ്ക്കാവുന്നതാണ് എന്നു പഠനത്തിന്റെ മുഖ്യ ഹേതുഭൂതൻ ഡോ. മുറേ മിററിൽമാൻ പറയുകയുണ്ടായി. “ഹൃദയാഘാത സാദ്ധ്യതയെ കുറയ്ക്കുന്ന ആസ്പിരിൻ കഴിക്കുന്ന ആളുകൾ കുപിതമായ പൊട്ടിത്തെറികളുടെ ഫലങ്ങളിൽനിന്നു ഭാഗികമായി സംരക്ഷിക്കപ്പെടുന്നു”വെന്നും ഗവേഷകർ കുറിക്കൊണ്ടതായി ലേഖനം പറഞ്ഞു. ഇതു കട്ടപിടിക്കാനും ധമനികളെ ഞെരുക്കാനുമുള്ള പ്ലാററ്ലററുകളുടെ പ്രാപ്തിയെ കുറയ്ക്കുന്നതുകൊണ്ടായിരിക്കാനാണു സാദ്ധ്യത. അതുകൊണ്ടു കോപം പ്ലാററ്ലററുകളെ ബാധിക്കുന്നുണ്ടായിരിക്കാം, ഡോ. മിററിൽമാൻ പറഞ്ഞു.
ഉറക്കവും കോണ്ടാക്ട് ലെൻസുകളും പൊരുത്തപ്പെടുകയില്ല
അടുത്ത കാലത്തെ ഒരു പഠനമനുസരിച്ച്, ഉറങ്ങുമ്പോൾ ക്രമമായി കോണ്ടാക്ട് ലെൻസ് വെക്കുന്നവർക്ക് ഒരു നേത്ര രോഗാണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത അതു വെക്കാത്തവരെ അപേക്ഷിച്ച് എട്ടു മടങ്ങാണ്. ശ്രദ്ധാപൂർവ ലെൻസിന്റെ ശുചിത്വം നോക്കുന്ന ചിട്ട ഉണ്ടെങ്കിൽ പോലും രാത്രിമുഴുവൻ ലെൻസുകൾ വെക്കുന്നതിന്റെ അമിതമായ അപകടസാദ്ധ്യതക്കെതിരെ അതു സംരക്ഷിക്കുന്നില്ലെന്നു ഗവേഷകർ കണ്ടെത്തി, ഇൻറർനാഷനൽ ഹെറൾഡ് ട്രിബ്യൂൺ റിപ്പോർട്ടുചെയ്യുന്നു. ഏതുതരം ലെൻസ് ആയാലും രാത്രി മുഴുവൻ വെക്കുന്നതു കണ്ണിന്റെ വ്യക്തമായ ബാഹ്യപടലമായ കാചപടലത്തെ രോഗാണുക്കളും ബാക്ററീരിയായും ബാധിക്കാനിടയാക്കും. ഉറങ്ങുന്നതിനു മുമ്പു ലെൻസുകൾ നീക്കംചെയ്യുന്നതിനാൽ ലെൻസ്ധാരികൾക്കു കാചപടലത്തിന്റെ വീക്കസാദ്ധ്യത 74 ശതമാനംവരെ കുറയ്ക്കാൻ കഴിയും.
ഭാഷയുടെ അധഃപതനം
100 വർഷത്തിനകം, ഇന്നു നിലവിലുള്ള 6,000 ഭാഷകളിൽ പകുതി അപ്രത്യക്ഷമാകുമെന്ന് അററ്ലസ് ഓഫ് ദി വേൾഡ് ലാംഗ്വേജസ് മുൻകൂട്ടിപ്പറയുന്നു. കഴിഞ്ഞ 500 വർഷങ്ങൾക്കുള്ളിൽ ഏതാണ്ട് 1,000 ഭാഷകൾ തിരോഭവിച്ചുകഴിഞ്ഞിരിക്കുന്നു, അധികവും അമേരിക്കൻവൻകരകളിലും ഓസ്ട്രേലിയയിലും. പല ഭാഷകളും മേലാൽ സജീവമായി പഠിപ്പിക്കപ്പെടുന്നില്ല. 20 നാട്ടുഭാഷകളുള്ള അലാസ്കായിൽ കുട്ടികൾ ഇപ്പോഴും പഠിക്കുന്നത് 2 മാത്രമാണ്. പാപ്പുവാ ന്യൂഗിനിയിൽ 155 ഭാഷകളിൽ ഓരോന്നും 300-ൽ കുറഞ്ഞ ആളുകൾ വീതമേ സംസാരിക്കുന്നുള്ളു. അതേ സമയം ഓസ്ട്രേലിയയിൽ അതിജീവിക്കുന്ന 200 ഭാഷകളിൽ 135 എണ്ണത്തിൽ ഓരോന്നും 10-ൽ കുറഞ്ഞ ആളുകളാണു സംസാരിക്കുന്നത്. “ഭാഷകൾമാത്രമല്ല, വാമൊഴിയും ലിഖിതവുമായ മുഴു സാഹിത്യപാരമ്പര്യങ്ങളുമാണ് അപ്രത്യക്ഷമാകുന്നത്” എന്നു ലണ്ടനിലെ ഇൻഡിപെൻഡൻറ് പത്രം റിപ്പോർട്ടുചെയ്യുന്നു. ചിന്തയുടെയും ജീവിതശൈലിയുടെയും അനന്യമായ ചിട്ടകളെ പ്രതിഫലിപ്പിക്കുന്ന അത്രതന്നെ അനന്യമായ വ്യാകരണത്തിന്റെയും പദസമ്പത്തിന്റെയും ചിട്ടകളും ആയിരക്കണക്കിനു മാനുഷസംസ്കൃതികളുടെ മൂലക്കല്ലായ ഭാഷയും തന്നെ: സാംസ്കാരികമായി ലോകത്തെ അങ്ങേയററം ദരിദ്രമാക്കിക്കൊണ്ട് എല്ലാം അപ്രത്യക്ഷമാകും.”
മാരകമായ പാഠം
റഷ്യൻ ജററ്ലൈനർ അതിലുണ്ടായിരുന്ന 75 പേരെയും കൊന്നുകൊണ്ടു മാർച്ചിൽ ഒരു സൈബീരിയൻ പർവതത്തിൽ തകർന്നുവീണപ്പോൾ വിമാനജോലിക്കാരുടെ സംഘത്തിലെ ഒരംഗം വിമാനം പറപ്പിക്കുന്നത് എങ്ങനെയെന്നു തന്റെ മക്കളെ പഠിപ്പിക്കുകയായിരുന്നുവെന്നു റഷ്യൻ വ്യോമയാന ഉദ്യോഗസ്ഥൻമാർ സമ്മതിച്ചിരിക്കുന്നു. “പൈലററ് വിമാനം പറപ്പിക്കുന്നത് എങ്ങനെയെന്നു തന്റെ മക്കളെ കാണിച്ചുകൊടുക്കാനാഗ്രഹിച്ചതുകൊണ്ടാണു തകർച്ച സംഭവിച്ചത്,” റഷ്യൻ ന്യൂസ് ഏജൻസിയായ ഇററാർ-ടാസ് പറഞ്ഞു. വിമാനത്തിന്റെ ഫൈറ്ളറ് റെക്കോർഡറുകൾ ഫ്രാൻസിൽ പരിശോധിച്ച പാശ്ചാത്യ വ്യോമയാന ഉദ്യോഗസ്ഥൻമാർ “കുട്ടികളുടെ ശബ്ദം കേൾക്കാമായിരുന്നുവെന്നും വിമാനം താഴേക്കു പോന്നപ്പോൾ പൈലററുമാരിലാരും നിയന്ത്രണസ്ഥാനത്ത് ഇല്ലായിരുന്നു” എന്നും ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നു. “പൈലററിന്റെ സീററുകളിലിരുന്ന ഒന്നോ രണ്ടോ കുട്ടികൾ യാദൃച്ഛികമായി ഓട്ടോമാററിക് കൺട്രോളുകൾ നീക്കുകയും വിമാനത്തെ മാരകമായ കുതിപ്പിലേക്കു തള്ളിവിടുകയുമായിരുന്നുവെന്നു കോക്ക്പിററിലെ റെക്കോർഡിംഗുകൾ തെളിയിക്കുന്നതായി” ടൈംസ് സൂചിപ്പിച്ചു.
പൊടിച്ചെള്ളുകളെ നിയന്ത്രിക്കൽ
ബ്രിട്ടനിൽ ആസ്തമയും അലേർജികളും വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്, ദ ടൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ടുചെയ്യുന്നു. കാരണം? പൊടിച്ചെള്ളുകൾ. “മുമ്പൊരിക്കലും മനുഷ്യവസതികൾക്ക് ഇത്ര മോശമായ വായൂസഞ്ചാര സംവിധാനമുണ്ടായിരുന്നിട്ടില്ല—വൃത്തികെട്ട, ഈർപ്പമുള്ള, അലേർജി ജന്യ വസ്തുക്കൾ നിറഞ്ഞ വായു”—കേംബ്രിഡ്ജ് മെഡിക്കൽ എററിമോളജി സെൻററിലെ ഡോക്ടർ ജോൺ മോണ്ടർ പറയുന്നു. പൊടിച്ചെള്ളുകൾ ചർമ ശകലങ്ങളിൽ ഉപജീവിക്കുകയും വേണ്ടവിധം വായൂസഞ്ചാരം കിട്ടാത്ത കിടക്കകളുടെ ഈർപ്പമുള്ള പരിസ്ഥിതിയിൽ വിശേഷാൽ സുഖമനുഭവിക്കുകയും ചെയ്യുന്നു. ജീവനുള്ളതും മരിച്ചതുമായ ചെള്ളുകളും അവയുടെ കാഷ്ഠവും ചർമശകലങ്ങളോടും പൂപ്പിനോടും ചേർന്നാൽ അത് അവഗണിക്കപ്പെടുന്ന ഒരു തലയിണയുടെ ഭാരത്തിന്റെ പത്തിലൊന്നു വന്നേക്കാം. ചെള്ളുകളുടെ കാഷ്ഠത്തിൽ ആസ്തമയുടെ ആക്രമണത്തിനിടയാക്കുന്നതും അലേർജിയാലുള്ള മൂക്കടപ്പിന്റെ പ്രമുഖ കാരണമായിരിക്കുന്നതും എന്നു വിശ്വസിക്കപ്പെടുന്ന ഒരു പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ആധുനിക കാലത്തെ വായൂസഞ്ചാരമില്ലാത്ത ഭവനങ്ങൾ ചെള്ളിനെ ഒതുക്കുന്നതിനു വേണ്ടത്ര ശുദ്ധവായു ഉള്ളിലേക്കു കടത്തുന്നില്ല. കൂടുതൽ ആരോഗ്യപ്രദമായ ജീവിതത്തിന്, സാദ്ധ്യമാകുമ്പോൾ ജനാലകൾ തുറന്നിട്ടു കിടന്നുറങ്ങാനും ദിവസവും കിടക്കകൾ കാററുകൊള്ളിക്കാനും ക്രമമായി തലയിണകളും മെത്തകളും പുതപ്പുകളും ശുദ്ധിയാക്കാനും ഡോ. മോണ്ടർ ശുപാർശ ചെയ്യുന്നു.
കളിയോ ആരോഗ്യമോ?
“സാധാരണമായി ഉന്നതതല സ്പോർട്ട്സ് ലോകം അത്ലിററുകളുടെ കളിയുടെ ഗുണം മെച്ചപ്പെടുത്തുന്നതിലാണു താത്പര്യം കാട്ടുന്നത്, അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലുള്ള താത്പര്യം അപൂർവമാണ്,” വേജാ എന്ന പ്രസിദ്ധീകരണത്തിൽ ഉദ്ധരിച്ച പ്രകാരം അസ്ഥിരോഗവിദഗ്ധനായ വിക്ടർ മാററ്സുഡോ പറയുന്നു. “ആരും തന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരു കായികാഭ്യാസി ആകേണ്ടതില്ല.” യഥാർഥത്തിൽ, “അമിത വ്യായാമം നടത്തുന്നയാൾ വ്യായാമമില്ലാത്ത ആളിനെക്കാൾ നേരത്തേ മരിക്കാൻ സാധ്യത ഉണ്ട്” എന്നു ഡോ. മാററ്സുഡോ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ശരിയായ വ്യായാമം കഠിനവും വിയർപ്പിക്കുന്നതും കഷ്ടപ്പാടു വരുത്തുന്നതുമായ എന്തോ ആയിരിക്കണമെന്നുള്ള ചിന്ത ഇപ്പോഴും ചിലർക്കുണ്ട്. ഇതു സത്യമല്ല. ശരിയായ വ്യായാമം മിതമായ തീവ്രതയിലുള്ളതാണ്, വേദനയോ അസുഖമോ ഞരമ്പുവലിയോ ഉളവാക്കാത്തത്. . . . അധികസമയം ഇരിക്കുന്നവനും നല്ല ശാരീരികാവസ്ഥ പ്രാപിക്കാൻ ശ്രമിച്ചുതുടങ്ങാനാഗ്രഹിക്കുന്നവനുമായ ഒരാൾക്കുവേണ്ടി ഒന്നാമതു ശുപാർശചെയ്യുന്നതു നടപ്പാണ്.” ഒരു ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം അര മണിക്കൂർ നടക്കുന്ന ഒരാൾക്കു വ്യായാമമില്ലാത്ത ഒരാളെക്കാൾ നേരത്തേ മരിക്കുന്നതിനു 15 ശതമാനം സാദ്ധ്യത കുറവാണ്. നിരപ്പുള്ളടത്ത് അനായാസം ശ്വാസോച്ഛ്വാസം ചെയ്യാനും മറെറാരാളുമായി സംസാരിക്കാനും അനുവദിക്കുന്ന വേഗത്തിൽ നടക്കണമെന്നു ഡോ. മാററ്സുഡോ നിർദേശിക്കുന്നു.
കുററകൃത്യങ്ങൾ ആദായകരം?
ഐക്യനാടുകളിലെ ഒരു തുടർക്കൊലയാളി 17 ആൺകുട്ടികളെയും പുരുഷൻമാരെയും കൊല്ലുകയോ അംഗഭംഗപ്പെടുത്തുകയോ ചെയ്തതായി സമ്മതിച്ചു. ആ കുററകൃത്യങ്ങൾക്ക് അയാൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വർഷം മാർച്ചുവരെ അയാൾക്കു ഫ്രാൻസും സൗത്താഫ്രിക്കയും പോലെയുള്ള വിദൂരരാജ്യങ്ങളിൽനിന്ന് 12,000-ത്തിൽ പരം ഡോളർ ലോകത്തിനു ചുററുമുള്ള കത്തെഴുത്തുകാരിൽനിന്നു ലഭിച്ചതായി ജയിൽരേഖകൾ പ്രകടമാക്കുന്നു, അതിൽ ഒരു ലണ്ടൻവനിതയിൽനിന്നുള്ള 5,920 ഡോളറും ഉൾപ്പെടുന്നു. “താൻ [അയാളെ] യേശുവിനെക്കുറിച്ചു പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് ഒരു സ്ത്രീ കുറെ ബൈബിൾസാഹിത്യം സഹിതം അതിനായി 350 ഡോളർ അയച്ചുകൊടുത്തു,” ന്യൂയോർക്ക് ടൈംസ് പറയുന്നു. “അയാൾക്കു തടവിൽ ‘സിഗരററും സ്ററാമ്പും കവറുകളും’ വാങ്ങാൻ മറെറാരു സ്ത്രീ 50 ഡോളർ അയച്ചുകൊടുത്തു.” അയാളുടെ ഇരകളുടെ ബന്ധുക്കൾക്ക് അയാൾക്കെതിരെ നേടിയ വിധികളിൻപ്രകാരമുള്ള 1 കോടി 80 ലക്ഷം ഡോളറിൽ ഒരു പൈസപോലും കിട്ടിയില്ലെങ്കിലും അയാൾ പണത്തിൽ അധികപങ്കും വാങ്ങി ചെലവഴിച്ചുകഴിഞ്ഞു. ജയിൽ വാർഡൻ പറയുന്ന പ്രകാരം, വഞ്ചന നടത്താതിരിക്കുന്നടത്തോളംകാലം സാമ്പത്തികസഹായം അഭ്യർഥിക്കുന്നതിൽനിന്നു തടവുകാരെ യാതൊരു നിയമവും വിലക്കുന്നില്ല.
സമാധാനശ്രമങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്
“1994-ലേക്ക് ലോകം കൊണ്ടുവന്ന 35 യുദ്ധങ്ങൾ എല്ലായ്പോഴും യുദ്ധങ്ങളും യുദ്ധശ്രുതികളും ഉണ്ടായിരിക്കുമെന്നുള്ള തിരുവെഴുത്തുകളിലെ പ്രവചനത്തെ സ്ഥിരീകരിക്കുന്നു,” ഒരു ടൊറൊണ്ടോ സ്ററാർ ലേഖനം പറയുന്നു. (ഈ പ്രസ്താവന ശരിയല്ല. യഥാർഥത്തിൽ യുദ്ധങ്ങൾ താമസിയാതെ നിലയ്ക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറയുന്നു. യെശയ്യാവു 2:4 കാണുക.) “ഇന്നു ലോകത്തിൽ ഉഗ്രതാണ്ഡവം നടത്തുന്ന മൂന്നു ഡസൻ യുദ്ധങ്ങളും ഓരോ രാഷ്ട്രങ്ങൾക്കുള്ളിൽ നടക്കുന്ന യുദ്ധങ്ങളാണ്—യാതൊന്നും രാഷ്ട്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളല്ല.” ഈ ആഭ്യന്തരയുദ്ധങ്ങളുടെ തീവ്രത സമാധാനപരമായി തർക്കങ്ങൾക്കു പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ഏജൻസികളുടെ അപ്രാപ്തിയിലേക്കു വിരൽ ചൂണ്ടുന്നു. “പെരുമാററത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും കുറഞ്ഞ നിലവാരങ്ങളെങ്കിലും പാലിക്കുമാറ് അംഗരാഷ്ട്രങ്ങളെ നിലക്കുനിർത്താൻ യു.എന്നിനു കഴിയില്ലെന്നു ദ്രോഹിക്കപ്പെട്ട കൂട്ടങ്ങൾ മനസ്സിലാക്കുമ്പോൾ അവർ തങ്ങളുടെ അവകാശങ്ങൾസംബന്ധിച്ചു സമ്മർദം ചെലുത്താൻ അക്രമം ഉപയോഗിക്കുന്നതിൽ തുടരും,” ലേഖനം സൂചിപ്പിക്കുന്നു. “രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മൂന്നാം ലോകത്തിലെയോ മററുള്ളടങ്ങളിലെയോ രാജ്യാന്തരമോ ആഭ്യന്തരമോ ആയ പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനു വടക്കൻരാഷ്ട്രങ്ങൾ അവരുടെ വലിയ സൈനികശക്തി വിജയകരമായി ഉപയോഗിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളില്ല.” യഥാർഥത്തിൽ, രാഷ്ട്രങ്ങൾ തമ്മിൽ പടക്കൊരുങ്ങുന്നതിന് ഇപ്പോഴും ചെലവഴിക്കുന്ന പണം ആഭ്യന്തരയുദ്ധങ്ങൾക്കു വഴിമരുന്നിടുകയാണ്, കാരണം ആഭ്യന്തരയുദ്ധങ്ങളിലേക്കു നയിക്കുന്ന അവസ്ഥകൾ പരിഹരിക്കാനുതകുമായിരുന്ന പണമാണ് അങ്ങനെ ചെലവിട്ടുതീർക്കുന്നത്.