യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ ഒരു അവിശ്വാസിയുമായി പ്രേമത്തിലാകുന്നെങ്കിലെന്ത്?
“എനിക്ക് ഒരു പ്രശ്നമുണ്ട്,” ഒരു ക്രിസ്തീയ പെൺകുട്ടി സമ്മതിച്ചു പറഞ്ഞു. “എനിക്ക് എന്റെ അയൽക്കാരനിൽ മതിമോഹമുണ്ട്. അദ്ദേഹം ദയയും മര്യാദയും പരിഗണനയും ഉള്ളയാളാണ്, എന്നാൽ അദ്ദേഹം യഹോവയെ സ്നേഹിക്കുന്ന ഒരാളല്ല. അദ്ദേഹത്തെ പ്രേമിക്കുന്നത് തെററാണെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹത്തോടുള്ള എന്റെ വികാരങ്ങൾ, അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് ഒരു എത്തുംപിടിയും കിട്ടുന്നില്ല.”
സമാനമായ ഒരു സാഹചര്യത്തിൽ തന്നെത്തന്നെ കണ്ടെത്തിയപ്പോൾ മാർക്കിന് 14 വയസ്സായിരുന്നു.a തന്റെ മതവിശ്വാസങ്ങൾ പങ്കുവയ്ക്കാഞ്ഞ ഒരു പെൺകുട്ടിയിൽ അവന് ഭ്രമം തോന്നി. “വിവാഹം കഴിച്ച് ഒന്നിച്ചു താമസിക്കുന്നതിനെക്കുറിച്ച് ഞാൻ പലപ്പോഴും ദിവാസ്വപ്നം കാണുമായിരുന്നു. എന്നാൽ അത് തെററാണെന്ന് എനിക്ക് അറിയാമായിരുന്നു,” അവൻ പറയുന്നു.
അനുരാഗാവേശങ്ങൾ ശക്തിപ്രാപിക്കുന്ന കൗമാര വർഷങ്ങളിൽ മതിമോഹങ്ങളും ഭ്രമങ്ങളും ഒക്കെ സാധാരണമാണ്. (താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 7:36.) അത്തരം വികാരങ്ങൾക്ക് സുരക്ഷിതമായ പോക്കുവഴി കാണാത്തപ്പോൾ അധ്യാപകർ, വിനോദകർ എന്നിങ്ങനെ തങ്ങൾക്ക് ഇഷ്ടപ്പെട്ടവരിൽ ഭ്രമം വളർത്തിയെടുക്കാൻ യുവാക്കൾ ചായ്വുകാണിക്കുന്നു. അത്തരം മുതിർന്നവരുമായി വ്യക്തിപരമായ ബന്ധം പുലർത്തുക പലപ്പോഴും സാധ്യമല്ലാത്തതിനാൽ ഈ മതിമോഹങ്ങൾ കുറേക്കാലം കഴിഞ്ഞ് കെട്ടടങ്ങുന്നു, താരതമ്യേന അവ ഉപദ്രവരഹിതവുമാണ്.b എന്നാൽ നിങ്ങളുമായി ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവനും അതിനു പ്രാപ്തനുമായ ഒരു സമപ്രായക്കാരനോട് നിങ്ങൾക്ക് ശക്തമായ വികാരങ്ങൾ തോന്നുന്നു, എന്നാൽ അയാൾ നിങ്ങളുടെ മതവിശ്വാസങ്ങൾ പങ്കുവയ്ക്കുന്നില്ല, അങ്ങനെയെങ്കിൽ എന്ത്?
ചിലർ ഇത് ഒരു പ്രശ്നമായി കാണുന്നില്ല. മിക്ക യുവാക്കൾക്കും മതത്തിൽ താത്പര്യമില്ല എന്നതാണ് ഒരു സംഗതി. ഇനി താത്പര്യമുള്ളവരുടെ ഇടയിൽ തന്നെ, വ്യത്യസ്തമായ ഒരു മതവിശ്വാസത്തിൽ പെട്ട ആളുമായി ഡെയ്ററിങ്ങിൽ ഏർപ്പെടുന്നത് എല്ലായ്പോഴും അത്ര നെററി ചുളിയ്ക്കത്തക്ക കാര്യമൊന്നുമല്ല. വിട്ടുവീഴ്ചാ മനോഭാവമുള്ള ആളുകൾ അതിന് സമ്മതം മൂളുക പോലും ചെയ്തേക്കാം. എങ്കിലും മിക്ക മുതിർന്നവരും അത്തരം ബന്ധങ്ങളിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കാണുന്നു, പ്രത്യേകിച്ച് അത്തരം ബന്ധങ്ങൾ പലപ്പോഴും വിവാഹത്തിൽ കലാശിക്കുന്നതുകൊണ്ട്. എഴുത്തുകാരിയായ ആൻഡ്രിയാ ഈഗൻ യുവജനങ്ങളെ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “നിങ്ങൾ രണ്ടുപേർക്കും മതപരമായ കാര്യങ്ങളിൽ താത്പര്യമില്ലെങ്കിൽ ഒരേ മതപശ്ചാത്തലം ഉണ്ടായിരിക്കണമെന്നത് പ്രധാനമല്ല. എന്നാൽ നിങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് അല്ലെങ്കിൽ രണ്ടു പേർക്കും മതവിശ്വാസം പ്രധാനമാണെങ്കിൽ മതപരമായ വ്യത്യാസങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. . . . മതത്തിന്റെ സംഗതി വരുമ്പോൾ നിങ്ങൾ ഒന്ന് ആയിരിക്കേണ്ടതില്ല . . . , എന്നാൽ നിങ്ങൾ അന്യോന്യം പൊരുത്തപ്പെട്ടുപോകേണ്ടിയിരിക്കുന്നു.”
അത്തരം ബുദ്ധ്യുപദേശം യുക്തിസഹമായി തോന്നിയേക്കാം. എന്നാൽ യഥാർഥത്തിൽ അത് “ഈ ലോകത്തിന്റെ ജ്ഞാന”ത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. (1 കൊരിന്ത്യർ 3:19) ഒരു വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രേമബന്ധം വൈവാഹിക പൊരുത്തത്തെക്കാൾ വളരെ പ്രധാനമായ പ്രശ്നങ്ങൾ ഉയർത്തിവിടുന്നു എന്ന് ബൈബിൾ കാണിക്കുന്നു. ഇത് ദൈവവചനത്തോടുള്ള അനുസരണത്തിന്റെ പ്രശ്നമാണെന്ന് യഹോവയുടെ സാക്ഷികളുടെ ഇടയിലെ യുവാക്കൾക്ക് അറിയാം. “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം കഴിക്കാവൂ എന്ന് ദൈവവചനം ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (1 കൊരിന്ത്യർ 7:39) ഡെയ്ററിങ് ഒരു വിനോദം ആയിരിക്കുന്നതിലുപരി വിവാഹത്തിന്റെ ഒരു മുന്നോടി ആയിരിക്കുന്നതിനാൽ ജീവിതം യഹോവയ്ക്ക് സമർപ്പിച്ചിട്ടില്ലാത്ത ഒരാളുമായി അവന്റെ ഒരു ദാസനോ ദാസിയോ പ്രേമബന്ധത്തിലേർപ്പെടുന്നത് യഹോവയെ അപ്രീതിപ്പെടുത്തും.
എങ്കിലും, അവിശ്വാസികളിലേക്ക് ആകർഷിക്കപ്പെടുന്നതായി ചില യുവ സാക്ഷികൾ തങ്ങളെത്തന്നെ കണ്ടെത്തിയിരിക്കുന്നു. എങ്ങനെയാണ് അത് സംഭവിക്കുന്നത്? അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ടിരിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
അത് സംഭവിക്കുന്ന വിധം
ഒന്നാമതായി, എല്ലാവരും തെററു ചെയ്യാൻ ചായ്വുള്ളവരാണെന്ന് മനസ്സിലാക്കുക. “തന്റെ തെററുകളെ ഗ്രഹിക്കുന്നവൻ ആർ?” സങ്കീർത്തനക്കാരൻ ചോദിച്ചു. (സങ്കീർത്തനം 19:12) പ്രേമവിഷയത്തിൽ തെററുകൾ സംഭവിക്കാൻ യുവജനങ്ങൾക്കു പ്രത്യേകിച്ചു സാധ്യതയുണ്ട്. എന്തുകൊണ്ട്? അനുഭവ പരിചയത്തോടും പ്രായത്തോടും ഒപ്പം വരുന്ന സൂക്ഷ്മവിവേചന അവർക്കില്ലെന്നുള്ളതാണ് ഒരു ലളിതമായ കാരണം. (സദൃശവാക്യങ്ങൾ 1:4) എതിർലിംഗത്തിൽ പെട്ട ആളുകളുമായി ഇടപെട്ട് വലിയ പരിചയമില്ലാത്തതുകൊണ്ട് പ്രേമാകർഷണത്തെ അല്ലെങ്കിൽ അഭിനിവേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് കേവലം അറിയില്ല.
തന്റെ സഹപാഠികളിലൊരാൾക്ക് തന്നിൽ മതിമോഹമാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഷീലയ്ക്കു സംഭവിച്ചത് ഇതാണ്. “അയാൾക്ക് എന്നെ ഇഷ്ടമായിരുന്നു എന്നു തന്നെ പറയാം. ഉച്ചയ്ക്ക് അദ്ദേഹം എന്റെ അടുത്തുവന്നിരുന്ന് ആഹാരം കഴിക്കുമായിരുന്നു. സ്വന്തമായി പഠിക്കാൻ അനുവദിക്കുന്ന സമയങ്ങളിൽ ഞാൻ ലൈബ്രറിയിൽ ഇരിക്കുമ്പോൾ അവിടെയും ഉണ്ട് എന്നെത്തേടി അയാൾ,” ഷീല പറഞ്ഞു. ആ കുട്ടിയോടുള്ള ഷീലയുടെ വികാരങ്ങൾ വളരാൻ തുടങ്ങി. നേരത്തെ പരാമർശിച്ച മാർക്കും സമാനമായി ഇപ്രകാരം സ്മരിക്കുന്നു: “ഞാൻ ഈ പെൺകുട്ടിയെ കായിക ക്ലാസ്സിൽവെച്ച് എപ്പോഴും കാണുമായിരുന്നു. അവൾ എന്റെ അടുത്തുവന്ന് എന്നോടു സംസാരിക്കാൻ വേണ്ടി പ്രത്യേക ശ്രമം നടത്തുമായിരുന്നു. ഒരു സൗഹൃദം വളരാൻ അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല.” 14 വയസ്സുകാരി പാമിന്റെ കാര്യത്തിലാണെങ്കിൽ അയലത്തെ ഒരു പയ്യൻ അവളോടുള്ള തന്റെ പ്രേമത്തിന്റെ പ്രകടനമായി ഒരു മോതിരം കൊടുക്കുക പോലും ചെയ്തു.
യഹോവയുടെ സാക്ഷികൾ മററുള്ളവരുടെ നീക്കങ്ങൾക്ക് നിഷ്കളങ്കരായ ഇരകളായിത്തീരുക എന്നതല്ല എല്ലായ്പോഴും സത്യം. ഒരു പെൺകുട്ടിയാണെങ്കിൽ അവൾ ജിം എന്നു പേരുള്ള ഒരു ക്രിസ്തീയ പയ്യൻ പ്രകടമാക്കിയ താത്പര്യത്തോടു പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഒരിക്കൽ അവനെ തേടി അവൾ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ വന്നപ്പോൾ ചെയ്തതെല്ലാം അവന് സമ്മതിക്കേണ്ടി വന്നു!
സാഹചര്യമെന്തായിരുന്നാലും ഉൾപ്പെട്ടുപോകുന്നത് തെററാണെന്ന് നിങ്ങൾക്ക് അറിയാമായിരുന്നിരിക്കാം. എന്നാൽ ചിലപ്പോൾ വിപരീത ലിംഗവർഗത്തിൽപ്പെട്ടവരിൽ നിന്നുള്ള ആകർഷണത്തെ തടുക്കുക ദുഷ്കരമാണ്. ആൻഡ്രൂവിന്റെ കാര്യം പരിഗണിക്കുക. അവൻ ഹൈസ്കൂളിൽ ഒന്നാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവന്റെ മാതാപിതാക്കൾ വിവാഹമോചനത്തിനുള്ള ഏർപ്പാടിലായിരുന്നു. “എനിക്ക് സംസാരിക്കാൻ ആരെങ്കിലും വേണമായിരുന്നു,” അവൻ സ്മരിക്കുന്നു. അപ്പോഴാണ് സ്കൂളിൽ അവനൊരു പെൺകുട്ടിയെ കൂട്ടിനു ലഭിച്ചത്. അവനാവശ്യമുള്ള പ്രോത്സാഹന വാക്കുകൾ എപ്പോഴും അവളുടെ പക്കലുണ്ടായിരുന്നു. പിന്നെ പരസ്പര പ്രേമ വികാരങ്ങൾ വേഗം വികാസംപ്രാപിക്കുകയായി.
അപകടങ്ങൾ
നിയന്ത്രിച്ചില്ലെങ്കിൽ അത്തരം വികാരങ്ങൾ നിങ്ങളെ യഥാർഥ കുഴപ്പങ്ങളിൽ അകപ്പെടുത്തും. സദൃശവാക്യങ്ങൾ 6:27 ഇപ്രകാരം പറയുന്നു: “ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?” ഉദാഹരണത്തിന്, കിം എന്നു പേരായ ഒരു പെൺകുട്ടിയുടെ അനുഭവം പരിചിന്തിക്കുക. ഒരു ക്രിസ്ത്യാനിയായാണ് വളർന്നു വന്നതെങ്കിലും സ്കൂളിലെ ഒരു ആൺകുട്ടിയുമായി വൈകാരികമായി ഉൾപ്പെടാൻ അവൾ തന്നെത്തന്നെ അനുവദിച്ചു. “അയാൾ സ്കൂളിലെ ഏററവും പേരുകേട്ട, ഉത്സാഹഭരിതനായ ആൺകുട്ടികളിൽ ഒരാളായിരുന്നു,” കിം സ്മരിക്കുന്നു. അധികം താമസിയാതെ അവൾ മയക്കുമരുന്നുകൾ പരസ്യമായി ഉപയോഗിക്കുന്ന പാർട്ടികളിൽ രഹസ്യമായി സംബന്ധിച്ചു തുടങ്ങി. “എനിക്കു ഭയങ്കര പേടിതോന്നി, പക്ഷേ ഞാൻ അയാളുമായി പ്രേമത്തിലായിരുന്നു. ഞാൻ ഗർഭിണിയായിത്തീർന്നു.” കിം അവളുടെ കാമുകനെ വിവാഹം കഴിച്ചു. എന്നാൽ സായുധ കൊള്ളയുടെ പേരിൽ അയാൾ ജയിലിലാക്കപ്പെട്ടു. അങ്ങനെ പിൻവരുന്ന ബൈബിൾ മുന്നറിയിപ്പ് ഒരിക്കൽക്കൂടി ഇതാ സത്യമെന്നു തെളിഞ്ഞിരിക്കുന്നു: “മോശമായ സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
യഹോവയുടെ സാക്ഷികളല്ലാത്ത യുവജനങ്ങളെല്ലാം അധാർമികരാണെന്നോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നോ അല്ല ഈ പറഞ്ഞു വരുന്നത്. എങ്കിൽപ്പോലും ചുരുങ്ങിയപക്ഷം അവർ സാക്ഷികളായ യുവാക്കളുടെ മൂല്യങ്ങളോ വീക്ഷണഗതികളോ ലക്ഷ്യങ്ങളോ പങ്കുവയ്ക്കുന്നില്ല. ഒരു അവിശ്വാസി “ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല” എന്ന് 1 കൊരിന്ത്യർ 2:14 വിശദീകരിക്കുന്നു. നിങ്ങളുടെ മതമൂല്യങ്ങൾ നിങ്ങളുടെ വികാരങ്ങളെ എത്രമാത്രം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ചിന്തിക്കുക. ക്രിസ്തീയ മീററിംഗുകളിൽ നിങ്ങൾ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ചും സ്വീകാര്യക്ഷമനായ ഒരു വ്യക്തിയോട് ബൈബിൾ സന്ദേശം പങ്കുവയ്ക്കുന്നതിലെ രസത്തെക്കുറിച്ചും ബൈബിൾതന്നെ പഠിക്കുന്നതിലെ ആഹ്ളാദത്തെക്കുറിച്ചും ചിന്തിക്കുക. അത്തരം വികാരങ്ങൾ ഒരു അവിശ്വാസിക്ക് ഗ്രഹിക്കാൻ കഴിയുമോ? തീരെ സാധ്യതയില്ല.
പൗലോസ് ക്രിസ്ത്യാനികളെ ഇപ്രകാരം പ്രബോധിപ്പിച്ചു: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?” (2 കൊരിന്ത്യർ 6:14, 15) ഒരു അവിശ്വാസിയുമായി വൈകാരികമായി ഉൾപ്പെട്ടുപോയപ്പോൾ കൗമാരപ്രായക്കാരിയായ സോണിയ ഈ പാഠം നേരിട്ടു പഠിക്കുകയുണ്ടായി. അവൾ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “നിങ്ങളുടെ ഉത്സാഹവും യഹോവയോടുള്ള സ്നേഹവും പങ്കുവയ്ക്കാത്ത ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നത് സങ്കല്പിക്കാവുന്നതിലേക്കും ഏററവും അസഹനീയമായ ഏകാന്തതയാണ്. അത് വൈകാരികമായി ഞെരുക്കുന്നതാണ്. സത്യം നമ്മുടെ ജീവിതത്തിന്റെ പ്രേരക ശക്തിയായിരിക്കുമ്പോൾ നാം അതു പങ്കുവയ്ക്കാൻ നിർബന്ധിതരാണ്—നമുക്കതു പങ്കുവെച്ചേ മതിയാവൂ! ഒരു അവിശ്വാസിയെ വിവാഹം ചെയ്തിരിക്കുമ്പോൾ അത് ഇണയുമായി പങ്കുവയ്ക്കാൻ കഴികയില്ല. അത് എന്തൊരു ശൂന്യതാബോധമാണ് ഉളവാക്കുക.”
അത്തരമൊരു ബന്ധത്തിൽ മതം ഒരുമയുടെ ഒരു പശ്ചാത്തലം അല്ല, മറിച്ച് ശണ്ഠയുടെ കേന്ദ്രബിന്ദുവായിത്തീരാനാണ് സാധ്യത. സമാധാനം കാത്തുസൂക്ഷിക്കുന്നതിന് നിങ്ങൾ നിങ്ങളുടെ ആത്മീയ താത്പര്യങ്ങളെ തരംതാഴ്ത്താൻ എളുപ്പം പ്രേരിതരായേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നതിനാൽ നിങ്ങളുടെ ആത്മീയത തകരുകയേ ഉള്ളൂ. ഒരു ചെറുപ്പക്കാരി ഇപ്രകാരം വിശദീകരിക്കുന്നു: “യഹോവയുടെ സാക്ഷിയല്ലാത്ത ഒരു ആൺകുട്ടിയുമായി ഞാൻ വളരെ അടുപ്പത്തിലായി. എന്നാൽ സൗഹൃദം വളർന്നു വന്നപ്പോൾ ഞാൻ അയാളുമായി പ്രേമത്തിലായെന്ന് ഞാൻ തിരിച്ചറിഞ്ഞു. അയാളുമായുള്ള ബന്ധം എനിക്ക് ഏററവും പ്രധാനപ്പെട്ട സംഗതിയായിത്തീർന്നു. മീററിംഗുകൾക്കു പോകാനും എന്റെ ക്രിസ്തീയ സഹോദരങ്ങളുമായി സഹകരിക്കാനും പ്രസംഗവേലയിൽ പങ്കെടുക്കാനും എനിക്കു മേലാൽ തോന്നാതെയായി. അദ്ദേഹത്തോടൊപ്പം ആയിരിക്കുക, അതുമാത്രമായിരുന്നു എനിക്ക് ആകെ വേണ്ടിയിരുന്നത്. അടുത്ത രണ്ടു വർഷത്തേക്ക് ഞാൻ ഒരു നിഷ്ക്രിയയായ സാക്ഷിയായിത്തീർന്നു. ഇതെല്ലാമായിട്ടും, എന്റെ ‘സുഹൃത്ത്’ അദ്ദേഹത്തോടുള്ള എന്റെ സ്നേഹത്തോട് ഒരിക്കലും പ്രതികരിച്ചില്ല. സാവധാനം എന്നെങ്കിലും ഒരിക്കൽ അദ്ദേഹം പ്രതികരിക്കുമായിരിക്കും എന്ന് ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ അത് ഒരിക്കലും സംഭവിച്ചില്ല.”
അതേ, മതപരവും ധാർമികവുമായ നിങ്ങളുടെ മൂല്യങ്ങൾ പങ്കുവയ്ക്കാത്ത ആരെങ്കിലുമൊരാളുമായി ബന്ധത്തിലേർപ്പെടുന്നത് തീർച്ചയായും നിങ്ങൾക്ക് വ്യസനവും അസന്തുഷ്ടിയും കൈവരുത്തും. അതുല്യമായ അത്തരം കൂട്ടുചേരലിൽനിന്നു പിൻമാറുകയാണ് ജ്ഞാനമാർഗം. എന്നാൽ ഒരാളോടുള്ള നിങ്ങളുടെ പ്രേമാവേശം ശക്തമാണെങ്കിൽ നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? ഇതായിരിക്കും ഈ പരമ്പരയിലെ ഞങ്ങളുടെ അടുത്ത ലേഖനത്തിന്റെ വിഷയം.
[അടിക്കുറിപ്പുകൾ]
a പേരുകളിൽ ചിലത് മാററിയിട്ടുണ്ട്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 28-ാം അധ്യായം കാണുക.
[19-ാം പേജിലെ ചിത്രം]
ഒരു അവിശ്വാസി ആത്മീയ കാര്യങ്ങളിലുള്ള നിങ്ങളുടെ ഊർജസ്വലത പങ്കുവയ്ക്കുമോ?