മാന്ത്രികരുമല്ല, ദൈവങ്ങളുമല്ല
മേഴ്സി ഉവേസി, നൈജീരിയ പറഞ്ഞ പ്രകാരം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ട് മാർച്ച്. പശ്ചിമാഫ്രിക്കയിൽ നല്ല വെയിലുള്ള ഉച്ചതിരിഞ്ഞ ഒരു നേരത്ത് എനിക്കു വയറുവേദന തുടങ്ങി. വീട്ടുകാരോടൊപ്പം ഞങ്ങളുടെ പറമ്പിൽ കപ്പ പറിക്കാൻ പോയതായിരുന്നു ഞാൻ. അവിടെവെച്ചുതന്നെ വയററിൽ തുളച്ചുകയറുന്ന വേദന തുടങ്ങി. വീട്ടിലേക്കു മടങ്ങാറായപ്പോഴേക്കും വേദന ആളിക്കത്തുന്ന തീപോലെയായി. പിന്നെ ഛർദിയായി, ശ്വാസം മുട്ടലായി. വേദന കാരണം എനിക്കു നിൽക്കാനോ നടക്കാനോ കഴിഞ്ഞില്ല. എങ്കിലും മമ്മി ഒരു കണക്കിന് ടാക്സി പിടിച്ച് എന്നെയുംകൊണ്ട് അടുത്തുള്ള ജനറൽ ആശുപത്രിയിലേക്കു കുതിച്ചു.
ആശുപത്രിയിൽ എന്നെ പരിശോധിക്കാനെത്തിയ ഡോക്ടർ ഞാൻ ഒരിക്കൽ ബൈബിൾ പ്രത്യാശയെക്കുറിച്ചു സാക്ഷ്യം കൊടുത്തിട്ടുള്ള വ്യക്തിയായിരുന്നു. എന്റെ വീർത്ത വയററത്തു ഡോക്ടർ തൊട്ടുനോക്കി. രക്തം പോകുന്നുണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടായിരുന്നു എന്നും ഞാൻ എന്റെ ആർത്തവഘട്ടത്തിലായിരുന്നു എന്നും അമ്മ പറഞ്ഞുകൊടുത്തു.
ഡോക്ടർ പറഞ്ഞു: “നിങ്ങളുടെ മകൾ അഞ്ചു മാസം ഗർഭിണിയാണ്. അവൾ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. അതാണു രക്തമിങ്ങനെ പോകുന്നത്.”
“അല്ല, ഡോക്ടർ! അവൾ അത്തരക്കാരിയല്ല” എന്നു പറഞ്ഞുകൊണ്ട് അമ്മ എതിർത്തു.
“അതൊന്നും പറയണ്ടാ. ഇക്കാലത്തു പെൺകുട്ടികൾ മാതാപിതാക്കളെ കബളിപ്പിക്കും. അവൾ ഗർഭിണിയാണ്.”
പിന്നെ ഞാൻ സംസാരിച്ചു. ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്, ക്രിസ്തീയ കുടുംബത്തിലാണ് ഞാൻ വളർന്നുവന്നത്, ഒരു അധാർമിക നടപടിയിൽ ഏർപ്പെടാൻ എന്റെ ബൈബിൾ-പരിശീലിത മനസ്സാക്ഷി എന്നെ അനുവദിക്കയില്ല എന്നെല്ലാം ഞാൻ പറഞ്ഞു.
മറുപടിയായി ഡോക്ടർ എന്റെ അമ്മയോടു പറഞ്ഞു: “നമുക്കിപ്പോൾ മതത്തെ മാററിവെച്ച് യാഥാർഥ്യബോധമുള്ളവരാകാം. ഞാൻ പറയുന്നത് ഈ പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണ് എന്നാണ്.”
“എണീക്ക്, നമുക്കു മറെറാരു ആശുപത്രിയിലേക്കു പോകാം” എന്ന് അമ്മ എന്നോടു പറഞ്ഞു. ആശുപത്രി വിട്ടു പുറത്തുവന്ന ഞാൻ പുൽപ്പുറത്തിരുന്നു കരഞ്ഞു. കാരണം അത്ര കലശലായ വേദനയായിരുന്നു. തിടുക്കത്തിൽ അമ്മ എന്നെ വീട്ടിൽ കൊണ്ടുവന്ന് ഡോക്ടർ പറഞ്ഞതെല്ലാം ഡാഡിയോടു പറഞ്ഞു.
അവർ എന്നെ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള വലിയ മെഡിക്കൽകോളേജ് ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. അങ്ങോട്ടു പോകുംവഴി ഞാൻ യഹോവയോടു പ്രാർഥിച്ചു. ഇച്ഛിക്കാത്ത ഗർഭധാരണം നിമിത്തമാണ് ഞാൻ മരിച്ചത് എന്നു പറഞ്ഞ് ആളുകൾ അവിടുത്തെ നാമത്തെ ദുഷിക്കാൻ ഇടവരുത്താതെ എന്നെ രക്ഷിക്കണമേ എന്നായിരുന്നു എന്റെ പ്രാർഥന. ഞാനെങ്ങാനും മരിച്ചാൽ, സുവാർത്ത പറയാൻ അദ്ദേഹത്തിനടുത്തേക്കു ചെല്ലുന്ന യഹോവയുടെ സാക്ഷികളെ കാണുമ്പോൾ, ‘കുറച്ചുനാൾ മുമ്പ് ഗർഭിണിയായി ഇവിടെ വന്നതു നിങ്ങളിൽ ഒരാളല്ലേ?’ എന്ന് അദ്ദേഹം ചോദിക്കും എന്നു ഞാൻ പറഞ്ഞു. തിരികെ ചെന്ന് ആ ഡോക്ടർക്ക് ഒരിക്കൽക്കൂടെ സാക്ഷ്യം കൊടുക്കാൻ എനിക്കു സാധിക്കണമേ എന്നും ഞാൻ പ്രാർഥിച്ചു.
“അവൾ ഇപ്പോഴും ഒരു കന്യകതന്നെ!”
ആദ്യ ആശുപത്രിയിൽ വെച്ചുകേട്ട അതേ വാദംതന്നെ ഇവിടെ വലിയ ആശുപത്രിയിലും പൊന്തിവന്നു. ഡോക്ടർമാരുടെ വിചാരം ഞാൻ ഗർഭിണിയാണ് എന്നു തന്നെയായിരുന്നു. ഞാൻ ഭയങ്കര വേദന നിമിത്തം കരയുകയായിരുന്നു. ഒരു ഡോക്ടർ പരുഷമായി പറഞ്ഞു: “നിങ്ങൾ പെൺപിള്ളേർ എപ്പോഴും ഇങ്ങനെയാ. ഗർഭിണിയാണെന്നറിയുമ്പോൾ ഒച്ചവെക്കാൻ തുടങ്ങും.”
അവർ എന്തോ ചില പരിശോധനകളൊക്കെ നടത്തി. അതിനിടയിൽ എന്നോടായി ഏതാനും ചോദ്യങ്ങളും. “നീ വിവാഹിതയാണോ?”
“അല്ല,” ഞാൻ പറഞ്ഞു.
“എത്ര വയസ്സായി?”
“പതിനെട്ട്.”
“കാമുകർ എത്ര പേരുണ്ട്?”
“എനിക്ക് ഒരു കാമുകനുമില്ല.”
അപ്പോൾ സീനിയർ ഡോക്ടർ ഉച്ചത്തിൽ ചോദിച്ചു, “നീ എന്താ ഈ പറയുന്നേ? പതിനെട്ടു വയസ്സായിട്ടും നിനക്ക് ഒരു കാമുകനുമില്ലെന്നോ? ആദ്യത്തെ ആശുപത്രിയിലെപ്പോലെ, ഒരിക്കൽക്കൂടി ഞാൻ എന്റെ ക്രിസ്തീയ നിലപാടു വിശദീകരിച്ചു. അപ്പോൾ, ഞാൻ ഒരു യഹോവയുടെ സാക്ഷിയാണോ എന്ന് അദ്ദേഹം ചോദിച്ചു. അതേ എന്നു പറഞ്ഞതോടെ, അദ്ദേഹം ചോദ്യമെല്ലാം മതിയാക്കി.
പരിശോധനയിൽ എനിക്കു ഗർഭമില്ലെന്നു തെളിഞ്ഞു. “അവൾ ഇപ്പോഴും ഒരു കന്യകതന്നെ!” എന്ന് ഒരു ഡോക്ടർ മററുള്ളവരോടു പറയുന്നത് അമ്മ കേട്ടു. ഡോക്ടർമാർ ഇങ്ങനെ പറഞ്ഞുകൊണ്ട് ക്ഷമാപണം നടത്തി: “ഞങ്ങൾ അങ്ങനെ വിചാരിച്ചുപോയതിൽ കുററംപറഞ്ഞിട്ടു കാര്യമില്ല. പെൺകുട്ടികളുടെ ഇത്തരം പ്രവൃത്തികൾ ഞങ്ങൾ ദിവസേന കാണുന്നതാണ്.” എന്നിരുന്നാലും എന്റെ പരിശോധനകളുടെ ആരംഭം മാത്രമായിരുന്നു ആ അഗ്നിപരീക്ഷ.
‘നിങ്ങൾ രക്തം സ്വീകരിച്ചേ മതിയാകൂ’
എന്റെ അണ്ഡവാഹിനി കുഴലുകളിലൊന്നിൽ ഒരു വലിയ മുഴയുള്ളതായി അൾട്രാസൗണ്ട് പരിശോധനയിൽനിന്നു വ്യക്തമായി. അതിന് ഒരു പമ്പിളി നാരങ്ങയുടെ വലിപ്പമുണ്ടായിരുന്നു. ഓപ്പറേഷൻ വേണം.
രക്തപ്പകർച്ച സ്വീകരിക്കില്ല, എന്നാൽ രക്തത്തിനു പകരമുള്ള ലായനികളാകാം എന്നു ഞാൻ നിസ്സങ്കോചം അവരോടു പറഞ്ഞു. പക്ഷേ, രക്തം കൂടിയേ തീരൂ എന്നായിരുന്നു അവരുടെ നിർബന്ധം.
അവിടത്തെ ഒരു മെഡിക്കൽ വിദ്യാർഥി ആക്ഷേപരൂപത്തിൽ എന്നോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈ പറയുന്നതുതന്നെ കുറച്ചുനാൾ മുമ്പ് നിങ്ങളിൽപ്പെട്ട ഒരാൾ പറഞ്ഞു. പക്ഷേ അവസ്ഥ വഷളായപ്പോൾ അയാൾ രക്തപ്പകർച്ച സ്വീകരിച്ചു.”
“എന്റെ കാര്യം വ്യത്യസ്തമാണ്. വേണം എന്നു ഞാൻ പറഞ്ഞാൽ അതിനർഥം വേണം എന്നു തന്നെയാണ്, വേണ്ടാ എന്നു പറഞ്ഞാൽ വേണ്ടാ എന്നും. എന്റെ നിർമലതയുടെ കാര്യത്തിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.”
പിന്നീട്, രക്തത്തിനെതിരായ എന്റെ നിലപാടിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് മൂന്നു ഡോക്ടർമാർ എന്റെ കിടക്കയ്ക്കരികിൽ വന്നു. ക്രിസ്ത്യാനികൾ “രക്തം . . . വർജ്ജി”ക്കണമെന്നു ബൈബിൾ പറയുന്നുവെന്നു ഞാൻ വിശദീകരിച്ചു.—പ്രവൃത്തികൾ 15:20.
“പക്ഷേ നിങ്ങൾ വായിലൂടെയല്ലല്ലോ രക്തം സ്വീകരിക്കാൻ പോകുന്നത്, നിങ്ങൾക്കു രക്തം ലഭിക്കുക ഞരമ്പിലൂടെയായിരിക്കും” എന്നായി അവരുടെ വാദം.
വായിലൂടെയോ ഞരമ്പിലൂടെയോ ഒരാൾ രക്തം സ്വീകരിച്ചാലും അപ്പോഴും അത് ഒരേ സംഗതിതന്നെ എന്നു ഞാൻ പറഞ്ഞു.
മാർച്ച് 14, ശനി. വേദന തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. മുഖ്യ സർജൻ എന്നെ പരിശോധിച്ചു. എന്റെ ഓപ്പറേഷൻ നടത്തേണ്ടത് അദ്ദേഹമായിരുന്നു. അപ്പോഴേക്കും വയറ് എന്റെ നെഞ്ചുവരെ വീർത്തിരുന്നു.
അദ്ദേഹം ചോദിച്ചു: “കുട്ടിക്കു രക്തം കയററണമെന്ന വിവരം അവർ പറഞ്ഞോ?”
“ഡോക്ടർ, അവർ അങ്ങനെ പറഞ്ഞു. പക്ഷേ ഞാൻ രക്തം സ്വീകരിക്കില്ല” എന്നു ഞാൻ മറുപടി കൊടുത്തു.
അദ്ദേഹം ഇങ്ങനെ തുടർന്നു: “ഞാൻ ഒന്നു പറഞ്ഞോട്ടെ. നീ രക്തം സ്വീകരിച്ചേ മതിയാകൂ. സ്വീകരിക്കുന്നില്ലെങ്കിൽ നീ മരിച്ചുപോകും. തിങ്കളാഴ്ച ഞാൻ വരുമ്പോൾ നിനക്കുവേണ്ടിയുള്ള രക്തം തയ്യാറല്ലെങ്കിൽ ഞാൻ ഓപ്പറേഷൻ നടത്തില്ല. രക്തം വേണ്ടങ്കിൽ ഓപ്പറേഷനും വേണ്ട.”
അപ്പോൾ എന്റെ കട്ടിലിനടുത്തു കിടന്നിരുന്ന ഒരു പുസ്തകം അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. “ഇതാണോ നിന്റെ ബൈബിൾ?” അല്ലെന്നു ഞാൻ മറുപടി പറഞ്ഞു; അത് എന്റെ ഒരു പുസ്തകമായിരുന്നു, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ.a ഞാൻ മരിക്കാതിരിക്കാൻ ആ പുസ്തകം ഉപയോഗിച്ചു പ്രാർഥിക്കാൻ അദ്ദേഹം എന്നോടു പറഞ്ഞു. ഞങ്ങൾ പുസ്തകം നോക്കി പ്രാർഥന ചൊല്ലാറില്ല എന്നു ഞാൻ വിശദീകരിച്ചു. ഞങ്ങൾക്കൊരു പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ ഹൃദയത്തിൽനിന്നാണു യഹോവയോടു പ്രാർഥിക്കാറുള്ളത്.
രക്തപ്പകർച്ചയ്ക്കു സമ്മതിക്കാൻ എന്റെമേൽ സമ്മർദം ചെലുത്തുന്നതിന് അടുത്ത രണ്ടു ദിവസങ്ങളിൽ ഡോക്ടർമാരും നേഴ്സുമാരും എന്റെ അടുത്തു വന്നുകൊണ്ടിരുന്നു. മരിക്കാനുള്ള പ്രായമല്ല എന്റേത് എന്ന് അവർ പറഞ്ഞു. “രക്തം സ്വീകരിച്ച് ജീവിച്ചിരിക്കാൻ നോക്ക്!” അവരതാണു പറഞ്ഞത്.
“യഹോവ എന്റെ പക്ഷത്തുണ്ട്”
അരിഷ്ടതയുടെ ആ സമയങ്ങളിൽ ഞാൻ സങ്കീർത്തനം 118 വായിച്ചു. അതിന്റെ ഒരു ഭാഗം ഇങ്ങനെ പറയുന്നു: “ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?”—സങ്കീർത്തനം 118:5, 6.
ഈ വാക്യങ്ങളെക്കുറിച്ചു ഞാൻ ധ്യാനിച്ചുകഴിഞ്ഞപ്പോൾ യഹോവയിലുള്ള എന്റെ വിശ്വാസം ബലിഷ്ഠമായി. അന്നു രാവിലെ ഡാഡിയും മമ്മിയും ആശുപത്രിയിൽ വന്നു. ആ സങ്കീർത്തനം ഞാൻ അവരെ കാണിച്ചുകൊടുത്തു. വിശ്വാസം ബലപ്പെടുന്നതായി അവർക്കും തോന്നി.
അതിനിടെ, രക്തം സ്വീകരിക്കാതിരിക്കാനുള്ള എന്റെ തീരുമാനത്തെ പിന്തുണക്കുക മാത്രമല്ല മമ്മിയും ഡാഡിയും ചെയ്തത്, അവർ എനിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. എന്റെ സഭയിലെ സഹോദരങ്ങളും എനിക്കുവേണ്ടി പ്രാർഥിക്കുകയും തിരുവെഴുത്തുകളുപയോഗിച്ച് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
“ഞങ്ങൾ മാന്ത്രികരല്ല”
മാർച്ച് 16 തിങ്കളാഴ്ച രാവിലെ ആയിരുന്നു ഓപ്പറേഷൻ നടത്താൻ നിശ്ചയിച്ചിരുന്നത്. അപ്പോൾ എന്റെ മുറിയിൽ വന്ന ഒരു ഡോക്ടർ രക്തപ്പകർച്ച സംബന്ധിച്ചുള്ള എന്റെ നിലപാടു വ്യക്തമാക്കുന്ന മെഡിക്കൽ ഡയറക്ടീവ് കാർഡ് ഞാൻ കയ്യിൽ പിടിച്ചിരിക്കുന്നതു കണ്ടു. അദ്ദേഹം ചോദിച്ചു, “എന്താ ഇത്? നീ കാര്യമായിത്തന്നെയാണോ ഇതു പറയുന്നത്?”
“അതേ, ഞാൻ രക്തം സ്വീകരിക്കുന്ന പ്രശ്നമില്ല.”
“അതു ശരി. എന്നാൽ ഞങ്ങൾ നിന്റെ ഓപ്പറേഷൻ റദ്ദ് ചെയ്യുവാൻ പോകയാണ്. ഓപ്പറേഷൻ വേണ്ട” എന്ന് അദ്ദേഹം പറഞ്ഞു.
എന്നിട്ട്, ഡോക്ടർ എന്റെ മുറിയിൽനിന്ന് അമ്മയ്ക്കു ഫോൺ ചെയ്തു. അമ്മയുടെ മറുപടി ഇതായിരുന്നു: “സ്വന്തം തീരുമാനമെടുക്കാനുള്ള പ്രായമെല്ലാം അവൾക്കുണ്ട്. അവൾക്കുവേണ്ടി എനിക്കു തീരുമാനമെടുക്കാനാവില്ല. രക്തം സ്വീകരിക്കാൻ അവളുടെ ബൈബിൾ-പരിശീലിത മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നാണ് അവൾ പറയുന്നത്.”
അതോടെ എന്റെ രേഖകളെല്ലാം മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞിട്ട് അദ്ദേഹം ക്ഷോഭിച്ചു മുറിവിട്ട് ഇറങ്ങിപ്പോയി. പിന്നെ അഞ്ചു മണിക്കൂർ നേരത്തേക്ക് യാതൊന്നും അറിയാൻ കഴിഞ്ഞില്ല. എനിക്കാണെങ്കിൽ വേദന നിമിത്തം ഒന്നും കഴിക്കാനായില്ല. തന്നെയുമല്ല, ആ സ്ഥലത്തു വേറെ ആശുപത്രിയുമില്ലായിരുന്നു.
അതിശയകരമെന്നു പറയട്ടെ, എന്റെ മുറിയിലേക്ക് അതാ വരുന്നു എന്നെ ഓപ്പറേഷൻ തിയേറററിലേക്കു കൊണ്ടുപോകാനുള്ള സ്ട്രച്ചർ. ഞാൻ എന്റെ “നോ ബ്ളഡ്” കാർഡ് മുറുകെ പിടിച്ചു. തിയേറററിലേക്കു പോകുമ്പോൾ ഞാനാ കാഴ്ച കണ്ടു, ഓപ്പറേഷൻ ഉപകരണങ്ങളോടൊപ്പം രക്തത്തിന്റെ പാക്കററുകളും ഇരിക്കുന്നു. എനിക്കു രക്തം കയററല്ലേ എന്നു പറഞ്ഞുകൊണ്ടു ഞാൻ വാവിട്ടു കരയാൻ തുടങ്ങി. എന്റെ കാർഡ് നിലത്തിടാൻ നേഴ്സുമാരിൽ ഒരാൾ പറഞ്ഞു. അതു തിയേറററിലേക്കു കൊണ്ടുപോകാൻ പാടില്ലെന്ന് അവർ പറഞ്ഞു. കാർഡില്ലാതെ പ്രവേശിക്കില്ല എന്നും അത് എനിക്കു മുഖ്യ സർജനെ കാണിക്കണമെന്നും ഞാൻ പറഞ്ഞു. പിന്നെ അവർ അത് എന്റെ കയ്യിൽനിന്നു തട്ടിപ്പറിച്ചെടുത്ത് മുഖ്യ സർജനെ കാണിച്ചു. പെട്ടെന്ന്, ഓപ്പറേഷനുള്ള വസ്ത്രങ്ങളെല്ലാം ധരിച്ച മുഖ്യ സർജനും മററ് അഞ്ചു ഡോക്ടർമാരും എന്റെ അടുത്തെത്തി.
മുഖ്യ സർജൻ രോഷാകുലനായിരുന്നു. എന്റെ അമ്മയെ വിളിച്ചുവരുത്തിയ അദ്ദേഹം എന്റെ വയർ ചൂണ്ടിക്കൊണ്ടു പറഞ്ഞു: “നോക്കൂ, മാഡം. അവളുടെ ഉള്ളിൽ എന്താ കാണുക എന്നു ഞങ്ങൾക്ക് അറിയില്ല. ഒരുപാടു കീറിമുറിക്കൽ ആവശ്യമായി വന്നാൽ കനത്ത രക്തനഷ്ടമാകും ഫലം. മകൾ രക്തമൊലിച്ചു ചാകണോ, അതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?”
അദ്ദേഹത്തോട് അമ്മ ഇങ്ങനെ മറുപടി പറഞ്ഞു: “ഡോക്ടർ, കുട്ടിയോടൊപ്പം യഹോവ ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയാം. അവൻ നിങ്ങളോടൊപ്പവും ഉണ്ടായിരിക്കും. നിങ്ങളുടെ പരമാവധി നിങ്ങൾ ചെയ്യുക. ബാക്കി യഹോവക്കു വിട്ടുകൊടുക്കുക.”
അപ്പോൾ ഡോക്ടർ പറഞ്ഞു: “ഞങ്ങൾ മാന്ത്രികരോ ഔഷധിവിജ്ഞരോ അല്ല. ഞങ്ങൾ പഠിച്ചതനുസരിച്ചു പ്രവർത്തിക്കുന്നു. രക്തം കൂടാതെ ഈ ഓപ്പറേഷൻ ചെയ്യാൻ എനിക്കു പററില്ല.”
അദ്ദേഹത്തിനു ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്താൽ മാത്രം മതി എന്നു പറഞ്ഞ് അമ്മ വീണ്ടും കേണപേക്ഷിച്ചു. അവസാനം, രക്തം കൂടാതെ ഓപ്പറേഷൻ നടത്താൻ അദ്ദേഹം സമ്മതിച്ചു. എനിക്കു പേടിയാകുന്നോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. എന്റെ മറുപടി ഇതായിരുന്നു: “ഞാൻ മരണത്തെ ഭയപ്പെടുന്നില്ല. യഹോവ എന്നോടൊപ്പം ഉണ്ടെന്ന് എനിക്ക് അറിയാം.”
“നിന്റെ ദൈവത്തെ സേവിക്കുന്നതിൽ തുടരുക”
ഒരു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ തീർന്നു. അവർ എന്റെ വയറു കീറി അനായാസേന ട്യൂമർ നീക്കം ചെയ്തു. ആശുപത്രി ജോലിക്കാർക്കെല്ലാം അതൊരു അത്ഭുതമായിരുന്നു.
പിന്നീട് ഒരു ഡോക്ടർ അമ്മയുടെ അടുത്തെത്തി പറയുകയാണ്, രാത്രിയിൽ മെഡിക്കൽ വിദ്യാർഥികളുടെ ക്വാർട്ടേഴ്സിൽ എന്റെ കാര്യം അവർ സംസാരിക്കുകയുണ്ടായി. ഇപ്പോൾ ഞാനോ അമ്മയോ ആശുപത്രിയിൽ ചെന്നാൽ അവർ ഞങ്ങൾക്കു പ്രത്യേക പരിഗണന നൽകാറുണ്ട്.
ഓപ്പറേഷൻചെയ്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ സർജൻ എന്റെ വാർഡിലേക്കു വന്നിട്ട് ഞാൻ എങ്ങനെയിരിക്കുന്നു എന്ന് ക്ഷേമാന്വേഷണം നടത്തി. എന്നിട്ടു പറഞ്ഞു: “നീ നിന്റെ ദൈവത്തെ സേവിക്കുന്നതിൽ തുടരുക. അവനാണു നിന്നെ വാസ്തവത്തിൽ സഹായിച്ചത്.”
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.