യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് ഇത്ര ‘വണ്ണം’ എന്തുകൊണ്ട്?
“എനിക്ക് യഥാർഥത്തിൽ വണ്ണം തോന്നുന്നു. എന്നാൽ തൂക്കത്തിന്റെ ചാർട്ട് അനുസരിച്ച് എനിക്ക് അമിതതൂക്കമില്ലതാനും.”—പാററി.
“വണ്ണമുണ്ടായിരിക്കുന്നത് . . . സ്വാഭിമാനത്തെ ചെളിയിലാഴ്ത്തുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് അമിതതൂക്കമാണ് . . . അന്നുമുതൽ ആളുകൾ എന്നെ സകല ഇരട്ടപ്പേരുകളും വിളിച്ചുതുടങ്ങി.”—ജഡ്.
തൂക്കം. വാസ്തവത്തിൽ അത് ചില യുവജനങ്ങൾക്കിടയിൽ ഒരു ഒഴിയാബാധയാണ്, പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ. സ്കൂൾ പ്രായക്കാരായ പെൺകുട്ടികളുടെ ഒരു കൂട്ടത്തോട് അഭിപ്രായം ആരാഞ്ഞപ്പോൾ അവരിൽ 58 ശതമാനം പേർ തങ്ങളെത്തന്നെ വണ്ണമുള്ളവരായി കണക്കാക്കുന്നതായി കണ്ടു.
ഒരു യു.എസ്. സർവേ അനുസരിച്ച്, അമിത തൂക്കമുള്ള കൗമാരപ്രായക്കാരികളിൽ 34 ശതമാനം പേർ തൂക്കം കുറയ്ക്കാൻ ഡയററ് പിൽസ് കഴിക്കുന്നു. ഏതാണ്ട് 4-ൽ 1 പേർ ഭക്ഷണം ഛർദിച്ചുകളയുന്നു! മറെറാരു സർവേ സംബന്ധിച്ച് റിപ്പോർട്ടു ചെയ്തുകൊണ്ട് ദ ന്യൂ ടീനേജ് ബോഡി ബുക്ക് ഇപ്രകാരം പറയുന്നു: “ഞെട്ടിക്കുംവിധം, ഒൻപതു വയസ്സുകാരുടെ ഏതാണ്ട് പകുതിയും പത്തും പതിനൊന്നും വയസ്സുകാരുടെ ഏതാണ്ട് 80 ശതമാനവും പഥ്യം നോക്കുന്നു. 12 മുതൽ 16 വരെ വയസ്സുള്ള പെൺകുട്ടികളിൽ ഏതാണ്ട് 70 ശതമാനം പേർ തൂക്കം കുറയ്ക്കാൻ ശ്രമം നടത്തുന്നു. 17 വയസ്സുകാരുടെ 90 ശതമാനം പഥ്യം നോക്കുന്നു.”
മെലിച്ചൽ ഭ്രമം
പുരുഷൻമാരിലും സ്ത്രീകളിലും ആകർഷകമായ ശരീരഘടന, അൽപ്പം സ്ഥൂലമായ ശരീരഘടനയാണെന്ന് നൂററാണ്ടുകളോളം കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ 1920-കളിൽ യു.എസ്. ഫാഷൻ വ്യവസായം ചില വിപ്ലവങ്ങൾക്കു വിധേയമായി. കൃശഗാത്ര പ്രകൃതി പെട്ടെന്ന് മാതൃകയായി തീർന്നു. ദശകങ്ങൾ കഴിഞ്ഞിട്ടും ഇത് ഫാഷനായി തുടരുന്നു. ടിവിയും മാസികകളും, കൃശഗാത്രരായ സ്ത്രീ-പുരുഷ മാതൃകകളെ വിശേഷവത്കരിക്കുന്ന വിരുതാർന്ന പരസ്യങ്ങളുടെ സ്ഥിര പ്രവാഹത്തിലൂടെ ഈ വീക്ഷണത്തെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഈ കൃശ മാതൃകകളിൽ പലരും മെലിഞ്ഞിരിക്കുന്നതിനു വേണ്ടി ഏറെക്കുറെ പട്ടിണി കിടക്കുകയാണെന്നതു പരസ്യക്കാർക്ക് ഒരു പ്രശ്നമല്ല. ആകർഷകത്വം എന്നാൽ മെലിഞ്ഞിരിക്കണം എന്നു വിശ്വസിക്കാൻ ലക്ഷക്കണക്കിന് യുവാക്കളും (മുതിർന്നവരും) തന്ത്രപൂർവം അഭ്യസിപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോൾപ്പിന്നെ അത്ര മെലിച്ചലില്ലാത്ത യുവജനങ്ങൾ തങ്ങൾ തടിച്ചവരും അനാകർഷകരും ആണെന്നു വിചാരിക്കുന്നതിൽ അതിശയിക്കാനില്ല.
സമപ്രായക്കാരിൽ നിന്നുള്ള സമ്മർദവും ഒരു ദോഷകാരണമാണ്. അമിതതൂക്കമുള്ള കൗമാരപ്രായക്കാരെ തരപ്പടിക്കാർ കളിയാക്കുന്നതിനും ആക്ഷേപിക്കുന്നതിനും അവരോടു പക്ഷപാതപരമായി പെരുമാറുന്നതിനും ഒരതിരില്ല. ഇതു യൗവനത്തിലും ഓർമയിൽ തങ്ങിനിൽക്കുന്ന ഒരു വേദന ഉളവാക്കുന്നു. അതിനെ “ഗണ്യമായ മനോവേദന” എന്നാണ് ഒരു എഴുത്തുകാരി വിളിച്ചത്.
നിങ്ങൾക്കു വണ്ണമുണ്ടെന്ന് ആരു പറയുന്നു?
ഭാഗ്യകരമെന്നു പറയട്ടെ, വാസ്തവത്തിൽ നിങ്ങൾക്ക് അമിതതൂക്കമുണ്ടോ ഇല്ലയോ എന്ന സംഗതി ഒരു നീന്തൽ വസ്ത്രം ഇടുമ്പോൾ നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിനെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്—കുറഞ്ഞപക്ഷം ഡോക്ടർമാരുടെ വീക്ഷണത്തിൽ. ഉണ്ടായിരിക്കേണ്ട തൂക്കത്തെക്കാൾ 20 ശതമാനം കൂടുതലുണ്ടെങ്കിൽ മാത്രമേ ഡോക്ടർമാർ സാധാരണമായി ഒരു വ്യക്തിയെ പൊണ്ണത്തടിയുള്ളവനായി കണക്കാക്കുകയുള്ളു. സ്ററാൻഡേർഡ് ഉയര-തൂക്ക ചാർട്ടുകൾ ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് എന്തു തൂക്കം വേണമെന്നതു സംബന്ധിച്ച് ഒരു അവ്യക്ത രൂപം മാത്രമേ അവയ്ക്കു നൽകാനാവൂ. അതുകൊണ്ട് ചില ഡോക്ടർമാർ പൊണ്ണത്തടി അളക്കുന്നത് തൂക്കത്തോടൊപ്പം ദുർമേദസ്സും കണക്കിലെടുത്താണ്. ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകളും പൊണ്ണത്തടിയും സംബന്ധിച്ച് ഒരു രക്ഷകർത്താവിനുള്ള സഹായി [ഇംഗ്ലീഷ്] പറയുന്നതനുസരിച്ച്, “കൊഴുപ്പ് സ്ത്രീകളിൽ ശരീരകലയുടെ 20 മുതൽ 27 വരെ ശതമാനവും പുരുഷൻമാരിൽ 15 മുതൽ 22 വരെ ശതമാനവും ആയിരിക്കണം.”
യഥാർഥത്തിൽ അമിതതൂക്കമുള്ള യുവജനങ്ങൾ താരതമ്യേന കുറച്ചുപേർ മാത്രമേയുള്ളൂ എന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു. ആരോഗ്യം കണക്കിലെടുക്കുമ്പോൾ തൂക്കം കുറയ്ക്കാൻ നിങ്ങൾക്ക് ഒരു കാരണവും ഇല്ലായിരിക്കാം. തുടക്കത്തിൽ പരാമർശിച്ച സർവേയിൽ അഭിപ്രായം ആരാഞ്ഞ പെൺകുട്ടികളിൽ പകുതിയിലധികവും തങ്ങൾക്ക് അമിതതൂക്കമുണ്ടെന്നാണു വിചാരിച്ചത്. എന്നാൽ 15 ശതമാനത്തിനു മാത്രമേ യഥാർഥത്തിൽ അമിതതൂക്കം ഉണ്ടായിരുന്നുള്ളൂ.
എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെയിരിക്കുന്നത്?
ആകർഷകമെന്നു നിങ്ങൾ കണക്കാക്കുന്ന തരം ശരീരം കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് ഇല്ലായിരിക്കാം. ഇത് ആശ്വാസപ്രദമല്ലായിരിക്കാം. ഒരു കൗമാരപ്രായക്കാരി ഇപ്രകാരം വിലപിച്ചു: “ഈ തൂക്കം ഒന്നു കുറഞ്ഞു കിട്ടുകയും കുറേക്കൂടെ പൊക്കവും ഏറെ ആകൃതിയൊത്ത ഒരു ശരീരവും ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.”
എന്നിരുന്നാലും, കൗമാരപ്രായത്തിലായതുകൊണ്ട് നിങ്ങളുടെ ശരീരത്തിന് അതിവേഗം മാററം ഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമിക്കുക. “താരുണ്യത്തിൽ സാധാരണമായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തൂക്കം വർധിക്കുന്നു” എന്ന് ഡോ. ഐറിസ് ലിററ് വിശദീകരിക്കുന്നു. “എന്നാൽ ആൺകുട്ടികളിൽ പേശീകലകൾ കൂടുതലായി ഉണ്ടാകുമ്പോൾ പെൺകുട്ടികളിൽ കൊഴുപ്പു കലകൾ വികാസംപ്രാപിക്കുന്നു. ബാല്യകാലത്ത് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശരീരത്തിൽ എട്ടു ശതമാനം കൊഴുപ്പാണ് ഉള്ളത്. താരുണ്യത്തിൽ ഇത് ഒരു പെൺകുട്ടിയിൽ 22 ശതമാനം ആയിത്തീരുന്നു. അതേസമയം അസ്ഥിയിലുണ്ടാകുന്ന മാററങ്ങൾ പെൺകുട്ടികളുടെ തൂക്കവർധനയെ ത്വരിതപ്പെടുത്തുന്നു. ആൺകുട്ടികളുടെ ഉരങ്ങൾ വീതിയുള്ളതായിത്തീരുമ്പോൾ പെൺകുട്ടികളുടെ ഇടുപ്പുകൾ വിസ്താരമുള്ളതായിത്തീരുന്നു.” ഈ മാററങ്ങൾ ഉണ്ടാകാൻ സമയമെടുക്കും. എന്നാൽ 11-ഓ 12-ഓ വയസ്സുള്ള കൊഴുത്തുരുണ്ട ഒരു പെൺകുട്ടി താരുണ്യത്തിനു ശേഷം ആകൃതിയൊത്ത ഒരു യുവതിയായി മാറിയേക്കാം. മാറിയില്ലെന്നും വരാം.
നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമായിരുന്നെങ്കിൽ അതു ഭാഗികമായി നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അവകാശപ്പെടുത്തിയിട്ടുള്ള ജനിതക രൂപഘടന നിമിത്തമുള്ളതാണ്. തൊലിനിറം, തലമുടിയുടെ ഘടന, ഉയരം എന്നിവയോടൊപ്പം നിങ്ങളുടെ അടിസ്ഥാന ശരീരാകൃതിയും സങ്കീർത്തനക്കാരൻ രേഖപ്പെടുത്തിയതുപോലെ, ഗർഭധാരണത്തിങ്കലെ ജനിതക നിയമസംഹിതയിൽ “എഴുതിയിരുന്നു.” (സങ്കീർത്തനം 139:16) ദ വെയിററിങ് ഗെയിം എന്ന തന്റെ പുസ്തകത്തിൽ ഡോ. ലോറൻസ് ലാം, ദാവീദ് നിശ്വസ്തതയിൽ എഴുതിയ അതേ കാര്യം തന്നെ എഴുതുന്നു: “നിങ്ങൾ എഴുതപ്പെട്ട ഒരു ജനിതക നിയമസംഹിതയോടു കൂടിയാണ് ജനിച്ചത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിങ്ങൾക്ക് എന്തു തൂക്കം ഉണ്ടായിരിക്കണമെന്നും എത്രമാത്രം വണ്ണം ഉണ്ടായിരിക്കണമെന്നും തീരുമാനിക്കുന്നത് അതാണ്.”
ജീനുകൾ ശരീരാകൃതിയെ സ്വാധീനിക്കുന്നു എന്ന് പഠനങ്ങൾ സമർഥിച്ചിരിക്കുന്നു. എടുത്തുവളർത്തപ്പെടുന്ന കുട്ടികൾക്ക് അവരുടെ ജീവശാസ്ത്രപരമായ മാതാപിതാക്കളുടെ ശരീരപ്രകൃതിയായിരിക്കും ഉണ്ടായിരിക്കുക. തങ്ങളെ എടുത്തുവളർത്തുന്ന മാതാപിതാക്കളുടെ ശരീരാകൃതി ആയിരിക്കയില്ല. ഇരട്ടക്കുട്ടികൾക്ക് സമാനമായ ജനിതക രൂപഘടനയാണുള്ളത്. അതുകൊണ്ട് അവർക്ക് മിക്കവാറും ഒരേ തൂക്കമായിരിക്കുന്നതിൽ അതിശയമില്ല.
ഇത് നിങ്ങളെ സംബന്ധിച്ചിടത്തോളം എന്തർഥമാക്കുന്നു? ഉദാഹരണത്തിന്, നിങ്ങളുടെ മാതാപിതാക്കൾ രണ്ടുപേരും പൊണ്ണത്തടിയുള്ളവരാണെന്നു സങ്കൽപ്പിക്കുക. അപ്പോൾ നിങ്ങൾക്കും പൊണ്ണത്തടി ഉണ്ടാകുന്നതിന് 80 ശതമാനം സാധ്യത ഉണ്ട്. മാതാപിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്കു മാത്രമേ പൊണ്ണത്തടി ഉള്ളൂവെങ്കിൽ ഈ സാധ്യത 40 ശതമാനം ആയി കുറയുന്നു. വ്യായാമത്തിനും ആഹാരക്രമത്തിനും ഒരു പരിധിവരെ സഹായിക്കാൻ കഴിയും. എന്നാൽ നമ്മിൽ ഭൂരിപക്ഷത്തെ സംബന്ധിച്ചും അടിസ്ഥാന ശരീരപ്രകൃതി ഏറെക്കുറെ നിലനിർത്താനാണു സാധ്യത. നിങ്ങൾ ഒരു എക്ടോമോർഫ് ആണെങ്കിൽ മെലിഞ്ഞു വളഞ്ഞ പ്രകൃതിയായിരിക്കും നിങ്ങൾക്കുള്ളത്. എന്നാൽ നിങ്ങളുടെ ജീനുകൾ നിങ്ങൾ ഒരു എൻഡോമോർഫ് ആയിരിക്കാനാണു പ്ലാനിട്ടിരിക്കുന്നതെങ്കിൽ ഏറെ കൊഴുത്തുരുണ്ട ശരീരഘടന ആയിരിക്കും നിങ്ങൾക്കുണ്ടായിരിക്കുക. അല്ലാതെ മെലിഞ്ഞ പ്രകൃതം കിട്ടുകയില്ല. വൈദ്യശാസ്ത്രപരമായി നോക്കുമ്പോൾ നിങ്ങൾക്കുണ്ടായിരിക്കേണ്ട തൂക്കമേ ഉള്ളെങ്കിൽപ്പോലും നിങ്ങൾക്ക് ആഗ്രഹിക്കുന്നതിലധികം തൂക്കം തോന്നിച്ചേക്കാം.
നിങ്ങളുടെ ശരീരംകൊണ്ട് തൃപ്തിപ്പെടുക
നിരുത്സാഹപ്പെടുത്തുന്നുണ്ടോ? ഒരുപക്ഷേ ഉണ്ടായിരിക്കാം. എന്നാൽ യഹോവയാം ദൈവം ആദ്യ മനുഷ്യ ജോടിയായ ആദാമിനെയും ഹവ്വായെയും ശരീരഘടനയിൽ പൂർണരായി സൃഷ്ടിച്ചു എന്നതാണ് പറയാനുള്ള നല്ല വാർത്ത. എന്നാൽ അവർ അപൂർണരായിത്തീരുകയും തങ്ങളുടെ സന്താനത്തിന് ആ അപൂർണത കൈമാറുകയും ചെയ്തു. എങ്കിലും ദൈവം, മനുഷ്യവർഗം അവകാശപ്പെടുത്തിയ ഏതു ശാരീരിക ന്യൂനതകളും തന്റെ നീതിയുള്ള പുതിയ ലോകത്തിൽ പരിഹരിക്കുന്ന കാര്യം ഉറപ്പുവരുത്തും.—ഇയ്യോബ് 14:4; റോമർ 5:12; 2 പത്രൊസ് 3:13.
സൗന്ദര്യ നിലവാരങ്ങൾ സാമൂഹിക വ്യവസ്ഥയുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും ഫലമാണെന്ന് ഓർമിക്കുക. അങ്ങനെ, സൗന്ദര്യമെന്നു കരുതപ്പെടുന്നത് ലോകത്തിലുടനീളം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അവ കാലത്തിന്റെ നീരൊഴുക്കിനൊത്തും മാറിയേക്കാം. അതുകൊണ്ട് “ചുററുമുള്ള ലോകം നിങ്ങളെ അതിന്റെ മൂശയിൽ ഞെക്കിക്കടത്താൻ നിങ്ങൾ അനുവദിക്കുന്നത് എന്തിന്? (റോമർ 12:2, ഫിലിപ്സ്) അതിന്റെ വികൃതമായ നിലവാരങ്ങൾക്കും വീക്ഷണഗതികൾക്കും വഴിപ്പെടുന്നത് എന്തിന്?
നിങ്ങൾ മെലിഞ്ഞിരിക്കാത്തതുകൊണ്ടു മാത്രം നിങ്ങളെത്തന്നെ തരംതാഴ്ത്തുകയോ നിരാശരായിത്തീരുകയോ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ ശാരീരിക പൊക്കമോ ആകൃതിയോ കൊണ്ട് ദൈവം നമ്മെ വിധിക്കുന്നില്ല. “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (1 ശമൂവേൽ 16:7) അതേ, ദൈവം കണക്കിലെടുക്കുന്നത് “ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ ആണ്.” നിങ്ങളുടെ ഇടുപ്പുകളുടെയോ അരക്കെട്ടിന്റെയോ വലിപ്പത്തെ അല്ല. (1 പത്രൊസ് 3:4) നിങ്ങൾ പ്രസന്നരും സൗമ്യരും ഉദാരമതികളും മററുള്ളവരെക്കുറിച്ച് ചിന്തയുള്ളവരുമാണെങ്കിൽ സാധാരണമായി ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും.
ആകാരം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് ഒന്നും ചെയ്യാനാവുകയില്ല എന്നല്ല ഈ പറയുന്നത്. പിന്നെയോ നിങ്ങളുടെ ശരീരഘടനയിൽ നിങ്ങൾ പൂർണ സന്തുഷ്ടനല്ലെങ്കിൽ ഭ്രാന്തമായ ചില ആഹാരക്രമം കൊണ്ട് ശരീരത്തെ ശിക്ഷിക്കേണ്ട ആവശ്യമൊന്നുമില്ല. ഒരുപക്ഷേ ധരിക്കുന്ന സ്റൈറലുകളും നിറങ്ങളും സംബന്ധിച്ച് അൽപ്പം കൂടെ ശ്രദ്ധാലുക്കളായിരുന്നാൽ മാത്രം മതിയാകും. നിങ്ങൾ കുറവുകളായി പരിഗണിക്കുന്നവയെ മറയ്ക്കുന്നതും നിങ്ങളുടെ മുതൽക്കൂട്ടുകളുടെ അഴകുകൂട്ടുന്നതും ആയ വസ്ത്രങ്ങളും വർണങ്ങളും തിരഞ്ഞെടുക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
ഇതൊക്കെയാണെങ്കിലും, ഒരൽപ്പം തൂക്കം കുറയ്ക്കുന്നത് പ്രയോജനകരമാണെന്ന് നിങ്ങൾക്കു തോന്നിയേക്കാം. പൊണ്ണത്തടി നിങ്ങൾക്ക് ഒരു യഥാർഥ പ്രശ്നമാണെങ്കിൽ ആകാരഭംഗിക്കുവേണ്ടി മാത്രമല്ല പിന്നെയോ ആരോഗ്യ കാരണങ്ങൾകൂടെ കണക്കിലെടുത്തു വേണം നിങ്ങൾ തൂക്കം കുറയ്ക്കാൻ. നിങ്ങൾക്ക് അത് സുരക്ഷിതമായി എങ്ങനെ ചെയ്യാൻ കഴിയും എന്നതായിരിക്കും ഞങ്ങളുടെ അടുത്ത ലേഖനത്തിന്റെ ചർച്ചാവിഷയം.
[19-ാം പേജിലെ ചതുരം]
“ഞാൻ തീരെ മെലിഞ്ഞതാണ്”
മെലിച്ചൽ അഴകാണെന്ന് എല്ലാ യുവാക്കളും സമ്മതിക്കുന്നില്ല. യുവാവായ മാർക്ക് ഇപ്രകാരം പരാതിപ്പെടുന്നു: “ഞാൻ 15 വയസ്സുള്ള ഒരു മെലിഞ്ഞ പയ്യനാണ്. ഇക്കാരണത്താൽ എന്നെ ആളുകൾ എപ്പോഴും പരിഹസിക്കുന്നു.” പലപ്പോഴും മെലിച്ചൽ താരുണ്യത്തിന്റെ ഒരു പാർശ്വഫലമല്ലാതെ മറെറാന്നുമല്ല. വളരുന്ന ശരീരം ഒരു നല്ല അളവ് കലോറി അകത്താക്കുന്നു. വളർച്ചയുടെ കുതിപ്പ് നിലയ്ക്കുന്നതുവരെ ഒരു യുവാവിന് വണ്ണം വയ്ക്കാൻ സാധ്യതയില്ല. ജനിതകവും ഒരു പങ്കു വഹിക്കുന്നുണ്ട്. തീർച്ചയായും, രോഗവും ഹോർമോൺ അസന്തുലിതാവസ്ഥയും അമിതമായ മെലിച്ചലിനു കാരണമായേക്കാം. അത്തരം കേസുകളിൽ ഒരു ഡോക്ടറുടെ ശ്രദ്ധ അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ വിഷാദം നിമിത്തമോ അനോർക്സിയ നെർവോസാ പോലെയുള്ള ഗുരുതരമായ ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടു നിമിത്തമോ ഭക്ഷണം കഴിക്കാതിരിക്കുന്ന യുവാക്കൾക്കും വൈദ്യസഹായം ആവശ്യമാണ്.
എന്തായാലും, നിങ്ങൾ വല്ലാതെ മെലിഞ്ഞാണിരിക്കുന്നത് എന്നു തോന്നുന്നെങ്കിൽ ഒരു ഡോക്ടറുടെ അഭിപ്രായം ആരായുക. നിങ്ങളുടെ ആകാരത്തെ അംഗീകരിച്ച് അതിനെ ഇഷ്ടപ്പെടാൻ പഠിക്കുക മാത്രമായിരിക്കാം ചിലപ്പോൾ ആവശ്യമായിരിക്കുന്നത്.
[18-ാം പേജിലെ ചിത്രം]
തങ്ങൾക്ക് അമിതതൂക്കമുണ്ടെന്ന് പലരും വിചാരിക്കുന്നത് ഫാഷൻ മാഗസിനുകളിലെ മോഡലുകളുടെ ശരീരഘടന അവർക്ക് ഇല്ലാത്തതുകൊണ്ടാണ്