“ശാസ്ത്രം പ്രകൃതിയോടു പഠിക്കുന്നു”
മുകളിലെഴുതിയിരിക്കുന്നത് 1993 ആഗസ്ററ് 31-ലെ ദ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു തലക്കെട്ടായിരുന്നു. പുതിയ വസ്തുക്കൾ രൂപകൽപ്പന ചെയ്യുന്ന ധാരാളം ശാസ്ത്രജ്ഞർ ബയോമിമെററിക്സ് രംഗത്ത് ഉൾപ്പെടുന്നതായി ആ ലേഖനം പറഞ്ഞു. “കൃത്രിമമായി നിർമിക്കുന്ന വസ്തുക്കൾക്ക് മോഡലുകളായി വേണ്ട ജൈവവസ്തുക്കളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച പഠന”മാണ് ബയോമിമെററിക്സ് എന്ന് ടൈംസ് നിർവചിച്ചു.
താഴ്ന്നതരം സമുദ്രജീവികളും ചിലന്തികളും ചിലതരം വസ്തുക്കൾ ഉണ്ടാക്കുന്നുവെന്നും ആ വസ്തുക്കൾ ഇന്നത്തെ ശാസ്ത്രജ്ഞർക്ക് ഉണ്ടാക്കാൻ കഴിയുന്ന സമാനമായ വസ്തുക്കളെക്കാൾ മേൻമയേറിയതാണെന്നും ആ ലേഖനം സമ്മതിച്ചു. ഉദാഹരണത്തിന്, കടൽച്ചിപ്പി ഉണ്ടാക്കുന്ന ഒരുതരം ജീവി ചോക്കുപൊടിയിലെ ഘടകമായ കാൽസ്യം കാർബണേററ് വെള്ളത്തിൽനിന്നു സ്വാംശീകരിച്ച് വളരെ നേർത്ത പാളികൾ ഉണ്ടാക്കുന്നു. എന്നിട്ട് അവ പ്രോട്ടീനിന്റെയും പഞ്ചസാരകളുടെയും മിശ്രിതംകൊണ്ട് ഒട്ടിച്ചുചേർക്കുന്നു. പരീക്ഷണശാലയിൽ ഉണ്ടാക്കുന്ന സാധാരണ കാൽസ്യം കാർബണേററിനെക്കാൾ 30 ഇരട്ടി ബലവും കടുപ്പവുമുള്ളതാണ് ഈ ചിപ്പിയുടെ ഘടന എന്ന് ഡോ. മെമെററ് സറിക്കായ പറയുന്നു. “കടൽച്ചിപ്പിക്കുള്ളിലേതിനോളം നേർത്ത ദ്രവ്യപാളികൾ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ നമുക്കില്ല” എന്ന് അദ്ദേഹം സമ്മതിച്ചുപറയുന്നു.
സമാനമായി, ചിലന്തിവലയുടെ സിൽക്ക് ഇരുമ്പിനെക്കാൾ ബലിഷ്ഠവും നൈലോണിനെക്കാൾ ഈടുനിൽക്കുന്നതുമാണ്. വെടിയുണ്ട കയറാത്ത ഉടുപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർഥമായ കെവ്ളാറിനെക്കാൾ ബലവത്തായ നാരുകൾ ഉണ്ടാക്കാനുള്ള പ്രതീക്ഷയിൽ ശാസ്ത്രജ്ഞർ ഈ സിൽക്കിനെക്കുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ചിലന്തിയുടെ സങ്കീർണമായ നിർമാണ പ്രക്രിയകൾ മനുഷ്യന് പകർത്താൻ കഴിയുന്നതിനും അതീതമാണ്.
“അന്തരീക്ഷത്തിൽ, ചുററുപാടുമുള്ള ഊഷ്മാവിലും മർദത്തിലും, വെള്ളം ഒരു ലായകമായി ഉപയോഗപ്പെടുത്തി ചിലന്തികൾ സിൽക്ക് ഉണ്ടാക്കുന്നു. വലിയ ബലമുള്ള, നീണ്ടുനിൽക്കുന്നതും വെള്ളത്തെ ചെറുത്തുനിൽക്കുന്നതുമായ വലയായിത്തീരുന്നതിന് അത് ഈ ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോകുന്നു” എന്ന് സീയാററിലിലുള്ള വാഷിങ്ടൺ യൂണിവേഴ്സിററിയിലെ ഡോ. ക്രിസ്ററഫർ വിനി അഭിപ്രായപ്പെട്ടു. “എന്നാൽ കെവ്ളാർ പോലെ കടുപ്പമേറിയ നാര് കിട്ടുന്നതിന്, സാന്ദ്രത കൂടിയ സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ച് ഉന്നത മർദത്തിൽ അതുണ്ടാക്കേണ്ടതുണ്ട്.” അതുകൊണ്ട് ഈ ശാസ്ത്രജ്ഞൻ ഇപ്രകാരം സമ്മതിച്ചുപറയുന്നു: “നാം ഇനിയും ഒരുപാടു പഠിക്കേണ്ടതുണ്ട്.”
ഇതിനെക്കുറിച്ചു ചിന്തിക്കുക. താഴ്ന്നതരം സമുദ്രജീവികളും ചിലന്തികളും ഉത്പാദിപ്പിക്കുന്ന വസ്തു നിർമിക്കാൻ അത്യുത്തമമായ മാനുഷ സങ്കേതികവിദ്യക്കു കഴിയുന്നില്ലെങ്കിൽ, ഒരു ശ്രേഷ്ഠ ബുദ്ധിശക്തിയുടെ ഉത്പന്നമാണ് ഈ ജീവികളെന്നു വിശ്വസിക്കുന്നതു ന്യായമാണെന്നു തോന്നുന്നില്ലേ? ഇന്നത്തെ ശാസ്ത്രജ്ഞർ ആരുടെ പ്രവൃത്തിയെ അനുകരിക്കാൻ ശ്രമിക്കുന്നുവോ ആ മഹാ രൂപസംവിധായകന്റെ അതുല്യമായ വൈദഗ്ധ്യം ഭൂമിയെ അവിടുത്തെ ഉത്പന്നങ്ങളാൽ നിറയ്ക്കുന്നു, അവയുടെ ബഹുമതി നാം ജ്ഞാനപൂർവം ആ രൂപസംവിധായകനു നൽകും.—സങ്കീർത്തനം 104:24.