അതിജീവനത്തിനുള്ള താക്കോലുകൾ
ഒരു കൊലയാളി നിങ്ങളുടെ പരിസരത്തു ചുററിക്കറങ്ങുന്നുണ്ടെന്ന ഒരു വാർത്താ റിപ്പോർട്ട് കേട്ടാൽ നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാൻ നിങ്ങൾ നടപടികൾ എടുക്കുകയില്ലേ? അയാൾ അത്ര എളുപ്പം വീട്ടിലേക്ക് കയറിവരാത്തവിധം നിങ്ങൾ കതകുകൾ എല്ലാം അടച്ച് കുററിയിടും. കൂടാതെ സംശയം തോന്നുന്ന അപരിചിതരെ സംബന്ധിച്ച് നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കയും അവരുടെ രംഗപ്രവേശം ഉടനടി പൊലീസിൽ അറിയിക്കുകയും ചെയ്യും.
സ്തനാർബുദം എന്ന ഒരു കൊലയാളി രോഗത്തെ സംബന്ധിച്ച് സ്ത്രീകൾ ഇതിനെക്കാൾ കുറഞ്ഞ എന്തെങ്കിലും ചെയ്താൽ മതിയോ? തങ്ങളേത്തന്നെ സംരക്ഷിക്കാനും അതിജീവനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കാനും അവർക്ക് എന്തു നടപടികൾ എടുക്കാൻ കഴിയും?
പ്രതിരോധവും ആഹാരക്രമവും
ഐക്യനാടുകളിൽ 3 കാൻസറുകളിൽ 1 വീതം ആഹാരഘടകങ്ങൾ നിമിത്തം ഉണ്ടാകുന്നതാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഒരു നല്ല ആഹാരക്രമം ആയിരിക്കാം ഏററവും പ്രധാന സംരക്ഷണം. അറിയപ്പെടുന്ന ഒരു ആഹാരത്തിനും കാൻസർ ഭേദമാക്കാൻ കഴിയുകയില്ല, എന്നാൽ പ്രതിരോധ നടപടികൾ എന്ന നിലയിൽ ചില പ്രത്യേക ആഹാരങ്ങൾ കഴിക്കുന്നതും മററു ചിലതിന്റെ അളവ് കുറയ്ക്കുന്നതും നല്ലതാണ്. “ശരിയായ ആഹാരക്രമം പിൻപററുന്നത് സ്തനാർബുദം പിടിപെടുന്നതിനുള്ള സാധ്യത അമ്പതു ശതമാനംവരെ കുറയ്ക്കുന്നു” എന്ന് ന്യൂയോർക്കിലെ വൽഹലയിലുള്ള അമേരിക്കൻ ആരോഗ്യ സ്ഥാപനത്തിലെ ഡോ. ലേണാർഡ് കൊഎൻ പ്രസ്താവിച്ചു.
ഉമികളയാത്ത ധാന്യങ്ങൾകൊണ്ട് ഉണ്ടാക്കിയ അപ്പം, ധാന്യങ്ങൾ എന്നിങ്ങനെ നാരുകൾ സമൃദ്ധമായ ആഹാര പദാർഥങ്ങൾ പ്രൊലാക്ടിൻ, ഈസ്ട്രജൻ എന്നിവയുടെ അളവു കുറയ്ക്കാൻ സഹായിക്കുന്നു. സാധ്യതയനുസരിച്ച് ഈ നാരുകൾ മേൽപ്പറഞ്ഞ ഹോർമോണുകളെ ബന്ധിച്ച് അവയെ ശരീരത്തിൽനിന്ന് പുറന്തള്ളുന്നു. പോഷണവും കാൻസറും [ഇംഗ്ലീഷ്] എന്ന ജേർണൽ പറയുന്നതനുസരിച്ച്, “ഈ ഫലങ്ങൾക്ക് അർബുദവ്യാപനത്തിന്റെ വർധനദശയെ നിയന്ത്രിക്കാൻ കഴിയും.”
അതിസാന്ദ്രമായ കൊഴുപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് അപകടസാധ്യത കുറച്ചേക്കാം. പാടനീക്കാത്ത പാലിനു പകരം പാടനീക്കിയ പാൽ, നെയ്യില്ലാത്ത ഇറച്ചി, തൊലികളഞ്ഞ കോഴിയിറച്ചി എന്നിവ ഉപയോഗിക്കുകയും വെണ്ണയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്താൽ അതിസാന്ദ്രമായ കൊഴുപ്പിന്റെ ഉപയോഗം സുരക്ഷിതമായ അളവിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതിരോധം [ഇംഗ്ലീഷ്] എന്ന മാഗസിൻ അഭിപ്രായപ്പെട്ടു.
കാരററ്, ചുരയ്ക്കാ, മധുരക്കിഴങ്ങ് എന്നിങ്ങനെ ജീവകം എ സമൃദ്ധമായുള്ള പച്ചക്കറികളും പശളച്ചീര, കൊളാർഡ് എന്നിങ്ങനെ ഇരുണ്ടനിറമുള്ള പച്ചിലകളും കടുകിലകളും സഹായകരമാണ്. കാൻസറിന് ഇടയാക്കുന്ന അവസ്ഥാഭേദങ്ങൾ ജീവകം എ തടയുന്നതായി കരുതപ്പെടുന്നു. തലപ്പത്ത് പച്ച പൂക്കളുള്ള മുട്ടക്കൂസ്, ബ്രുസ്സൽസ് സ്പ്രൗട്ട്സ്, കോളിഫവ്ളർ, കാബേജ്, പച്ചനിറത്തിലുള്ള ഉള്ളികൾ എന്നിവയിൽ ചില പ്രത്യേക രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. അവ സംരക്ഷണാത്മകമായ എൻസൈമുകളുടെ പ്രവർത്തനത്തെ വർധിപ്പിക്കുന്നു.
അസാധാരണമായ കോശങ്ങളെ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രതിരോധ വ്യവസ്ഥയെ ആഹാരത്തിലൂടെ ശക്തിപ്പെടുത്താൻ കഴിയും എന്ന് സ്തനാർബുദം—എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടത് [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ ഡോ. പോൾ റോഡ്രിഗ്സ് പറയുന്നു. അദ്ദേഹം, കൊഴുപ്പു നീക്കംചെയ്ത ഇറച്ചി, പച്ചിലക്കറികൾ, കക്കായിറച്ചി, ജീവകം സി സമൃദ്ധമായ പഴങ്ങൾ പച്ചക്കറികൾ എന്നിവ ശുപാർശ ചെയ്യുന്നു. ജീവകം സി സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും സ്തനാർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു എന്ന് ജേർണൽ ഓഫ് ദ നാഷണൽ കാൻസർ ഇൻസ്ററിററ്യൂട്ട് റിപ്പോർട്ടുചെയ്യുന്നു. സോയാബീൻസിലും പുളിപ്പിക്കാത്ത സോയാബീൻ ഉത്പന്നങ്ങളിലും ജിനിസ്ററിൻ അടങ്ങിയിരിക്കുന്നു. ട്യൂമർ വളർച്ച തടയുന്നതെന്നു ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടെത്തപ്പെട്ട ഒരു പദാർഥമാണ് ഇത്. എന്നാൽ മനുഷ്യരിലുള്ള ഇതിന്റെ ഫലപ്രദത്വം ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല.
നേരത്തെതന്നെ കണ്ടുപിടിക്കൽ
“നേരത്തെതന്നെ കണ്ടുപിടിക്കുന്നതാണ് സ്തനാർബുദത്തിന്റെ ഗതി മാററാനുള്ള ഏററവും പ്രധാന പടി” എന്ന് റേഡിയോളജിക് ക്ലിനിക്ക്സ് ഓഫ് നോർത്ത് അമേരിക്ക എന്ന പ്രസിദ്ധീകരണം പറയുന്നു. സ്തനത്തിന്റെ ക്രമമായ സ്വയ-പരിശോധന, ഡോക്ടറാലുള്ള വാർഷിക പരിശോധന, എക്സ്-റേ സ്തന പരിശോധന എന്നിവയാണ് ഈ കാര്യത്തിലെ സുപ്രധാനമായ മൂന്നു പ്രതിരോധ നടപടികൾ.
സ്തനങ്ങളുടെ സ്വയ-പരിശോധന ഓരോ മാസവും ക്രമമായി നടത്തേണ്ടതാണ്. തടിപ്പോ മുഴയോ പോലെ സംശയാസ്പദമായ എന്തെങ്കിലും സ്തനങ്ങളുടെ ആകൃതിയിൽ നിന്നോ സ്പർശനത്തിൽ നിന്നോ മനസ്സിലാക്കാൻ ഒരു സ്ത്രീ ജാഗരൂകയായിരിക്കണം. കണ്ടുപിടിത്തം എത്ര ചെറുതാണെങ്കിലും അവൾ സത്വരം ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്. ഒരു മുഴ എത്ര വേഗത്തിൽ പരിശോധിച്ചു നിർണയിക്കപ്പെടുന്നുവോ അത്രയധികം നിയന്ത്രണം അവൾക്ക് തന്റെ ഭാവിയുടെമേൽ ഉണ്ട്. 15 മില്ലിമീറററിനെക്കാൾ അല്പം വലുതോ അതിലും ചെറുതോ ആയ വ്യാപിക്കാത്ത ഒരു സ്തനാർബുദം ശസ്ത്രക്രിയ ചെയ്തു മാററുന്നെങ്കിൽ 12 വർഷത്തെ ആയുസ്സിനുള്ള സാധ്യത 94 ശതമാനമാണ് എന്ന് സ്വീഡനിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകടമാക്കുന്നു.
ഡോ. പെട്രീഷാ കെലി ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കഴിഞ്ഞ 12 1⁄2 വർഷത്തിനുള്ളിൽ സ്തനാർബുദത്തിന്റെ വീണ്ടുമുള്ള ലക്ഷണങ്ങൾ ഒന്നും നിങ്ങൾ കണ്ടില്ലെങ്കിൽ, അതു വീണ്ടുംവരാനുള്ള സാധ്യത തീരെ കുറവാണ്. . . . ഒരു സെൻറിമീറററിൽ കുറഞ്ഞ വലിപ്പമുള്ള സ്തനാർബുദങ്ങൾ വെറും വിരലുകൾ ഉപയോഗിച്ചു കണ്ടുപിടിക്കാൻ സ്ത്രീകളെ പഠിപ്പിക്കാവുന്നതാണ്.”
ഈ മേഖലയിലെ ഒരു സ്പെഷ്യലിസ്ററിനെക്കൊണ്ടോ ഒരു ഫിസിഷ്യനെക്കൊണ്ടോ ഒരു ശരീര പരിശോധന വർഷംതോറും ക്രമമായി നടത്താൻ ശുപാർശചെയ്യപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ. മുഴ കണ്ടുപിടിക്കുന്ന പക്ഷം, ഒരു സ്തന വിദഗ്ധനെയോ ശസ്ത്രക്രിയാ വിദഗ്ധനെയോ കണ്ട് ഉറപ്പുവരുത്തുന്നത് ഉചിതമായിരിക്കും.
ക്രമമായുള്ള എക്സ്-റേ സ്തന പരിശോധന സ്തനാർബുദത്തിനെതിരെയുള്ള ഒരു നല്ല ആയുധം ആണെന്ന് ഐക്യനാടുകളിലെ ദേശീയ കാൻസർ ഇൻസ്ററിററ്യൂട്ട് പ്രസ്താവിക്കുന്നു. ഈ രൂപത്തിലുള്ള എക്സ്-റേയ്ക്ക് ഒരു മുഴ നമുക്ക് അനുഭവപ്പെടുന്നതിന് ഒരുപക്ഷേ രണ്ടു വർഷം മുമ്പുതന്നെ കണ്ടുപിടിക്കാൻ കഴിയും. ഈ നടപടി 40 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകൾക്കായി ശുപാർശചെയ്യുന്നു. എന്നിരുന്നാലും, ഡോ. ദാനിയേൽ കോപൻസ് നമുക്ക് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “അത് കുററമററതാണ് എന്ന് ഒരിക്കലും പറയാൻ വയ്യ.” അതിന് എല്ലാ സ്തനാർബുദങ്ങളും കണ്ടുപിടിക്കാനാവില്ല.
ഒരു സ്ത്രീയോ അവളുടെ ഡോക്ടറോ ഒരു അസാധാരണത്വം കണ്ടുപിടിക്കുകയും എന്നാൽ എക്സ്-റേ സ്തനപരിശോധന ഒരു സൂചനയും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ, ശാരീരികമായ കണ്ടുപിടിത്തങ്ങളെ അവഗണിച്ച് എക്സ്-റേയെ വിശ്വസിക്കാനായിരിക്കാം പ്രവണത എന്ന് ന്യൂയോർക്ക് സ്റേറററിലെ ഒരു സ്തനരോഗ ക്ലിനിക്കിലെ ഡോക്ടറായ വെൻഡി ലോഗൻ-യങ് ഉണരുക!യോടു പറയുന്നു. “നാം ഇന്നു കാണുന്ന ഏററവും വലിയ പാളിച്ച ഇതാണ്” എന്ന് അവർ പറയുന്നു. കാൻസർ കണ്ടുപിടിക്കാൻ എക്സ്-റേ സ്തനപരിശോധനയെ പൂർണമായി ആശ്രയിക്കാതെ സാധാരണ സ്തനപരിശോധനയെ കൂടുതൽ ആശ്രയിക്കാൻ അവർ സ്ത്രീകളെ ബുദ്ധ്യുപദേശിക്കുന്നു.
എക്സ്-റേ സ്തനപരിശോധനയ്ക്ക് ട്യൂമറുകൾ കണ്ടുപിടിക്കാൻ കഴിയും. എന്നാൽ അവ ദ്രോഹരഹിതമാണോ (കാൻസർപരമല്ലാത്തത്) മാരകമാണോ (കാൻസർപരം) എന്ന് അതിന് യഥാർഥത്തിൽ നിർണയിക്കാൻ കഴിയുന്നില്ല. അതു കണ്ടുപിടിക്കാൻ ബയോപ്സി എടുത്തേ പററൂ. എക്സ്-റേ സ്തനപരിശോധന നടത്തിയ ഐറിന്റെ കാര്യം പരിചിന്തിക്കുക. എക്സ്-റേ ഫിലിമിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ അവളുടെ മുഴ ദ്രോഹരഹിതമായ ഒരു സ്തനരോഗമാണെന്ന് നിർണയപ്പെടുത്തി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്കു കാൻസർ ഇല്ലെന്ന് എനിക്ക് പൂർണ ഉറപ്പാണ്.” എക്സ്-റേ പരിശോധന നടത്തിയ നേഴ്സിന് ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് ആകെ വിഷമമായി. എന്നാൽ ഐറിൻ പറഞ്ഞു: “ഡോക്ടർക്ക് ഉറപ്പാണെങ്കിൽ പിന്നെ എനിക്ക് എന്റെ അമിത ഭയം കൊണ്ടായിരിക്കും അങ്ങനെ തോന്നിയത്.” എന്നാൽ പെട്ടെന്ന് മുഴ വലുതായതുകൊണ്ട് ഐറിൻ മറെറാരു ഡോക്ടറെ കണ്ടു. ഒരു ബയോപ്സി എടുത്തു. അവൾക്ക് ദ്രുതഗതിയിൽ വളരുന്ന ഒരു കാൻസറായ പഴുക്കുന്ന കാർസിനോമ ഉണ്ടെന്ന് ബയോപ്സി കാണിച്ചു. ഒരു ട്യൂമർ ദ്രോഹരഹിതമാണോ മാരകമാണോ എന്നു നിർണയിക്കുന്നതിന് ബയോപ്സി എടുക്കേണ്ടതുണ്ട്. ഒരു മുഴയുടെ ബാഹ്യ ലക്ഷണങ്ങൾ സംശയാസ്പദമായിരിക്കയോ അത് വളർന്നുകൊണ്ടിരിക്കയോ ചെയ്യുകയാണെങ്കിൽ ബയോപ്സി എടുക്കേണ്ട ആവശ്യമുണ്ട്.
ചികിത്സ
ശസ്ത്രക്രിയ, റേഡിയേഷൻ, രാസൗഷധ ചികിത്സ എന്നിവയാണ് സ്തനാർബുദത്തിന്റെ ഇപ്പോൾ നിലവിലുള്ള പരമ്പരാഗത ചികിത്സകൾ. ട്യൂമറിന്റെ ഇനം, വലിപ്പം, വ്യാപിക്കാനുള്ള അതിന്റെ പ്രവണത, ലസികാഗ്രന്ഥികളിലേക്കുള്ള അതിന്റെ വ്യാപനം, ആർത്തവവിരാമത്തിന്റെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് ഏതു ചികിത്സാമാർഗമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ നിങ്ങളെയും നിങ്ങളുടെ ഡോക്ടറെയും സഹായിക്കാൻ കഴിയും.
ശസ്ത്രക്രിയ. സ്തനത്തെ അതിനടിയിലുള്ള കുറേ പേശികളോടും ലസികാഗ്രന്ഥികളോടും കൂടെ നീക്കം ചെയ്യുന്ന രീതിയായ സമൂല സ്തനച്ഛേദനം പതിററാണ്ടുകളായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. എന്നാൽ ട്യൂമറും ലസികാഗ്രന്ഥികളും മാത്രം നീക്കം ചെയ്ത് റേഡിയേഷൻ നടത്തുന്ന രീതിയായ സ്തന-സംരക്ഷണ ചികിത്സ അടുത്തകാലത്തായി ഉപയോഗിച്ചുവരുന്നു. ഇതു മൂലമുള്ള അതിജീവന നിരക്ക് സമൂല സ്തനച്ഛേദനം മൂലമുള്ളതിനു തുല്യമായിരുന്നു. ഒരു ചെറിയ ട്യൂമർ നീക്കം ചെയ്യാൻ തീരുമാനമെടുക്കുമ്പോൾ ഇതു ചില സ്ത്രീകൾക്ക് ഏറെ മനസ്സമാധാനം നൽകിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ രൂപവൈകൃതം കുറച്ചല്ലേ ഭവിക്കൂ. എന്നാൽ ഒരേ സ്തനത്തിൽ തന്നെ പല സ്ഥാനങ്ങളിൽ കാൻസർ ഉള്ളവരോ മൂന്നു സെൻറിമീറററിലധികം വലിപ്പമുള്ള മുഴകൾ ഉള്ളവരോ ആയ ചെറുപ്പക്കാരികൾക്ക് സ്തന-സംരക്ഷണ ചികിത്സ നടത്തുന്നതുവഴി രോഗം വീണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് ബ്രിട്ടീഷ് ജേർണൽ ഓഫ് സർജറി പറയുന്നു.
വീണ്ടും രോഗം ഉണ്ടാകാതെ അതിജീവിക്കുന്നതു സംബന്ധിച്ച ഒരു സുപ്രധാന ഘടകത്തെപ്പററി ക്ലീവ്ലൻഡ് ക്ലിനിക്ക് ജേർണൽ ഓഫ് മെഡിസിൻ ഇപ്രകാരം സൂചിപ്പിക്കുകയുണ്ടായി: “പരിഷ്ക്കരിച്ച രീതിയിലുള്ള സമൂല സ്തനച്ഛേദനത്തിനു ശേഷം . . . രക്തപ്പകർച്ചയ്ക്ക് അതിജീവന നിരക്കിൻമേലും രോഗത്തിന്റെ പുനരാഗമന നിരക്കിൻമേലും ഒരു പ്രതികൂല ഫലമുണ്ട്.” രക്തപ്പകർച്ച സ്വീകരിക്കാഞ്ഞവരുടെ അഞ്ചു വർഷത്തെ അതിജീവന നിരക്ക് 93 ശതമാനം ആയിരുന്നപ്പോൾ രക്തപ്പകർച്ച സ്വീകരിച്ചവരുടെ അഞ്ചു വർഷത്തെ അതിജീവന നിരക്ക് 53 ശതമാനം മാത്രമായിരുന്നു എന്ന് റിപ്പോർട്ടു പ്രകടിപ്പിക്കുകയുണ്ടായി.
അതിജീവനത്തിനുള്ള മറെറാരു സഹായം ദ ലാൻസെററിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു. അതിൽ ഡോ. ആർ. എ. ബാഡ്വെ ഇപ്രകാരം പ്രസ്താവിച്ചു: “മാസമുറയുടെ ഘട്ടമനുസരിച്ച് ശസ്ത്രക്രിയയുടെ സമയം ക്രമീകരിക്കുന്നതിന് ആർത്തവവിരാമം സംഭവിക്കാത്ത സ്തനാർബുദരോഗികളെ ദീർഘനാളത്തേക്ക് വലിയ അളവിൽ സ്വാധീനിക്കാൻ കഴിയും.” ഈസ്ട്രജൻ ഉത്തേജന ഘട്ടത്തിൽ ട്യൂമർ നീക്കംചെയ്യപ്പെട്ട സ്ത്രീകൾക്ക് മാസമുറയുടെ മററു ഘട്ടങ്ങളിൽ ശസ്ത്രക്രിയ ചെയ്യപ്പെട്ട സ്ത്രീകളെക്കാൾ മോശമായ ഫലമാണുണ്ടായത്. അതായത് രണ്ടാമതു പറഞ്ഞ വിഭാഗത്തിന്റെ പത്തു വർഷത്തെ അതിജീവന നിരക്ക് 84 ശതമാനം ആയിരുന്നപ്പോൾ ആദ്യം പറഞ്ഞ വിഭാഗത്തിന്റെ അതിജീവന നിരക്ക് 54 ശതമാനം ആയിരുന്നു. ആർത്തവവിരാമം സംഭവിക്കാത്ത സ്തനാർബുദ രോഗികൾക്ക് ശസ്ത്രക്രിയയ്ക്കുള്ള ഏററവും അനുകൂലമായ സമയം അവസാനത്തെ ആർത്തവത്തിനു കുറഞ്ഞത് 12 ദിവസമെങ്കിലും ശേഷമുള്ള സമയമാണ് എന്നു പറയപ്പെട്ടിരിക്കുന്നു.
റേഡിയേഷൻ ചികിത്സ. റേഡിയേഷൻ ചികിത്സ കാൻസർ കോശങ്ങളെ കൊല്ലുന്നു. സ്തന-സംരക്ഷണ ചികിത്സ നടത്തുമ്പോൾ സ്തനത്തെ സംരക്ഷിക്കാനുള്ള ശസ്ത്രക്രിയാ വിദഗ്ധന്റെ ശ്രമത്തിനിടയിൽ ചെറിയ കാൻസർ ബീജങ്ങൾ അദ്ദേഹത്തിന്റെ കത്തിയിൽ പിടികൂടാതെ രക്ഷപെട്ടെന്നു വരാം. റേഡിയേഷൻ ചികിത്സക്ക് ഈ തങ്ങിനിൽക്കുന്ന കോശങ്ങളെ നശിപ്പിക്കാൻ കഴിയും. എന്നാൽ റേഡിയേഷൻ, രണ്ടാമതു മറേറ സ്തനത്തിൽ കാൻസർ വരുന്നതിനുള്ള ഒരു ചെറിയ അപകടസാധ്യത വരുത്തിവയ്ക്കുന്നു. മറേറ സ്തനത്തിൽ റേഡിയേഷൻ കഴിവതും ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ. ബെനഡിക്ക് ഫ്രാസ്സ് ശുപാർശചെയ്യുന്നു. അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നു: “കാൻസർ ആദ്യം ബാധിച്ച സ്തനത്തിനു റേഡിയേഷൻ ചികിത്സ നടത്തുമ്പോൾ മറേറ സ്തനത്തിൽ പതിക്കുന്ന റേഡിയേഷന്റെ അളവ് നിസ്സാരമായ ചില മാർഗങ്ങളിലൂടെ ഗണ്യമായി കുറയ്ക്കാവുന്നതാണ്.” രണ്ടര സെൻറിമീററർ കനം വരുന്ന ഈയപ്പാളി മറേറ സ്തനത്തിൽ വെക്കാൻ അദ്ദേഹം നിർദേശിക്കുന്നു.
രാസൗഷധ ചികിത്സ. ശസ്ത്രക്രിയയിലൂടെ സ്തനാർബുദം പിഴുതുമാററാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടും പുതുതായി രോഗനിർണയം നടത്തപ്പെടുന്ന സ്തനാർബുദരോഗികളിൽ 25 മുതൽ 30 വരെ ശതമാനത്തിന് ഒളിഞ്ഞിരിക്കുന്ന സ്ഥാനാന്തരാർബുദം ഉണ്ടായിരിക്കും. അവ പ്രാരംഭദശയിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ പററാത്തവിധം തീരെ ചെറുതായിരിക്കും. ശരീരത്തിന്റെ മററു ഭാഗങ്ങളെ ആക്രമിക്കുന്ന ഈ കോശങ്ങളെ നശിപ്പിക്കാൻ കെമോതെറാപ്പി എന്നു പറയുന്ന രാസൗഷധ ചികിത്സ ഉപയോഗിക്കുന്നു.
ഔഷധങ്ങളോട് പ്രത്യേകം പ്രത്യേകം സംവേദകത്വമുള്ള പലയിനം കോശങ്ങൾ കൊണ്ടു നിർമിതമായിരിക്കുന്നതിനാൽ അർബുദ ട്യൂമറുകളിൽ നടത്തുന്ന കെമോതെറാപ്പിയുടെ ഫലപ്രാപ്തി പരിമിതമാണ്. ചികിത്സയെ അതിജീവിക്കുന്ന ആ കോശങ്ങൾ ഔഷധത്തെ ചെറുത്തുനിൽക്കുന്ന ട്യൂമറുകളുടെ ഒരു പുതിയ തലമുറയ്ക്കു ജൻമമേകിയേക്കാം. എന്നുവരികിലും, ഒരു സ്ത്രീക്ക് കൂടുതലായ ഒരു പതിററാണ്ടുകൂടെ ജീവിക്കുന്നതിനുള്ള അവസരം കെമോതെറാപ്പി 5 മുതൽ 10 വരെ ശതമാനം വർധിപ്പിച്ചു എന്ന് ദ ലാൻസെററിന്റെ 1992 ജനുവരി ലക്കം തെളിയിച്ചു. എന്നാൽ ഇത് അവളുടെ പ്രായത്തെ ആശ്രയിച്ചിരിക്കും.
മനംപിരട്ടൽ, ഛർദി, മുടികൊഴിച്ചിൽ, രക്തസ്രാവം, ഹൃദയത്തിനുണ്ടാകുന്ന തകരാറുകൾ, രോഗപ്രതിരോധശക്തി ക്ഷയിക്കൽ, വന്ധ്യത, രക്താർബുദം എന്നിവയാണ് കെമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ. സയൻറിഫിക് അമേരിക്കനിൽ ജോൺ കേൺസ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “മൂർധന്യാവസ്ഥയിലെത്തിയതും അതിവേഗം വളരുന്നതുമായ കാൻസർ ഉള്ള ഒരു രോഗിയെ സംബന്ധിച്ചടത്തോളം ഇവ താരതമ്യേന നിസ്സാര വിപത്തുകളായിരിക്കാം. എന്നാൽ കേവലം ഒരു സെൻറിമീററർ വലിപ്പമുള്ള ചെറുതും പ്രത്യേക സ്ഥാനത്തു മാത്രം സ്ഥിതിചെയ്യുന്നതുമായ സ്തനാർബുദം ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം അവ ഗൗരവമായി പരിഗണിക്കേണ്ട കാര്യങ്ങളാണ്. ശസ്ത്രക്രിയയ്ക്കു ശേഷം അവൾക്ക് കൂടുതലായ ഒരു ചികിത്സയും ലഭിച്ചില്ലെങ്കിൽ പോലും കാൻസർ മൂലം അഞ്ചുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത ഏതാണ്ട് 10 ശതമാനം മാത്രമാണ്.”
ഹോർമോൺ ചികിത്സ. ഈസ്ട്രജൻ വിരുദ്ധ ചികിത്സ, വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള ഈസ്ട്രജന്റെ കാര്യക്ഷമത നശിപ്പിക്കുന്നു. ഇത് സാധിക്കുന്നത് അണ്ഡാശയങ്ങൾ ശസ്ത്രക്രിയവഴി നീക്കംചെയ്തോ ററാമോക്സിഫെൻ പോലെയുള്ള മരുന്നുകൾ ഉപയോഗിച്ചോ ആർത്തവവിരാമം സംഭവിക്കാത്ത സ്ത്രീകളിൽ ഈസ്ട്രജന്റെ അളവു കുറച്ചുകൊണ്ടാണ്. ഈ രണ്ടു രീതികളിൽ ഏതെങ്കിലും ഒന്നുപയോഗിച്ച് ചികിത്സിക്കപ്പെട്ട ഓരോ 100 സ്ത്രീകളിലും 8 മുതൽ 12 വരെ പേർക്ക് പത്തു വർഷത്തെ അതിജീവന നിരക്ക് ഉള്ളതായി ദ ലാൻസെററ് റിപ്പോർട്ടു ചെയ്യുന്നു.
ചികിത്സാനന്തര സംരക്ഷണം സ്തനാർബുദം ഉള്ള ഏതൊരു സ്ത്രീയെയും സംബന്ധിച്ച് ഒരു ആജീവനാന്ത യത്നം ആണ്. സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ ഒരു ചികിത്സാ ക്രമം പരാജയപ്പെട്ട് രോഗം പൂർവസ്ഥിതിയിലായാൽ മററു ചികിത്സാരീതികൾ ആവശ്യമായ പ്രതിവിധിയായേക്കാം.
മറെറാരു കാൻസർ ചികിത്സ കക്കെക്സിയ (cachexia) എന്ന ഒരു രോഗലക്ഷണത്തെ ചുററിപ്പററിയുള്ളതാണ്. അത് വ്യത്യസ്തമായ ഒരു സമീപനം അവലംബിക്കുന്നു. മൊത്തം കാൻസർ മരണങ്ങളുടെ മൂന്നിൽ രണ്ട് കക്കെക്സിയ മൂലം ഉള്ളതാണെന്ന് കാൻസർ ഗവേഷണം [ഇംഗ്ലീഷ്] എന്ന ജേർണൽ വിശദീകരിക്കുന്നു. പേശികളും മററു കലകളും നഷ്ടപ്പെടുന്നതിനു പറയുന്ന ഒരു പദമാണ് കക്കെക്സിയ. ഐക്യനാടുകളിലെ സിറാക്യുസ് കാൻസർ ഗവേഷണ കേന്ദ്രത്തിലെ ഡോ. ജോസഫ് ഗോൾഡ് ഉണരുക!യോട് ഇപ്രകാരം പറയുന്നു: “കക്കെക്ക്സിയയ്ക്കുള്ള ജൈവരാസപരമായ പാതകൾ തുറന്നുകിടപ്പില്ലെങ്കിൽ ഒരു ട്യൂമർ വളർച്ചയ്ക്ക് ശരീരത്തിലൂടെ വ്യാപിക്കാൻ സാധിക്കയില്ല എന്നു ഞങ്ങൾക്കു തോന്നുന്നു.” ഈ പാതകളിൽ ചിലവ അടച്ചുകളയാമെന്ന് ഹൈഡ്രാസിൻ സൾഫേററ് എന്ന വിഷരഹിതമായ മരുന്ന് ഉപയോഗിച്ചുള്ള ഒരു ക്ലിനിക്കൽ പഠനം പ്രകടമാക്കി. ഈ മരുന്ന് ഉപയോഗിച്ചു പഠനം നടത്തപ്പെട്ട അന്തിമ ഘട്ട സ്തനാർബുദരോഗികളിൽ 50 ശതമാനം പേർ സ്ഥിരത പ്രാപിച്ചു.
ശസ്ത്രക്രിയയും വിഷമുള്ള മരുന്നുകളും കൂടാതെയുള്ള സ്തനാർബുദ ചികിത്സയായി ചില സ്ത്രീകൾ പൂരക മരുന്നുകളിൽ (complementary medicine) ആശ്രയിക്കുന്നു. ഈ ചികിത്സകൾ വ്യത്യസ്ത തരത്തിലുണ്ട്. ഹോക്സി തെറാപ്പി പോലെയുള്ള ചില ചികിത്സകൾ പഥ്യാഹാരവും ഔഷധികളും ഉപയോഗിച്ചുള്ളവയാണ്. എന്നാൽ ഈ ചികിത്സകളുടെ ഫലപ്രാപ്തി നിർണയിക്കുന്നതിനുള്ള പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ ഫലങ്ങൾ ഒന്നുമില്ല.
ഈ ലേഖനം അതിജീവനത്തിനുള്ള താക്കോലുകൾ അവതരിപ്പിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളതാണ്. അതേസമയം, യാതൊരു ചികിത്സാരീതിയെയും പ്രമാണീകരിക്കുക എന്നത് ഉണരുക!യുടെ നയം അല്ല. ഈ രോഗത്തിന്റെ ചികിത്സയിലെ വ്യത്യസ്ത രീതികളിലേക്ക് അവധാനപൂർവം നോക്കാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 14:15.
സമ്മർദവും സ്തനാർബുദവും
അത്യധികമോ നീണ്ടുനിൽക്കുന്നതോ ആയ സമ്മർദം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലെ ട്യൂമർ വിരുദ്ധ പ്രതിരോധമാർഗങ്ങളെ ദുർബലമാക്കാനിടയുണ്ട് എന്ന് ആക്ടാ ന്യൂറോളജിക്ക എന്ന ജേർണലിൽ ഡോ. എച്ച്. ബാൽട്രഷ് വിശദീകരിക്കുന്നു. തളർച്ച ബാധിച്ചവരോ വലിയ ദുഃഖം അനുഭവിക്കുന്നവരോ വൈകാരിക പിന്തുണയില്ലാത്തവരോ ആയ സ്ത്രീകളുടെ പ്രതിരോധ വ്യവസ്ഥ 50 ശതമാനത്തോളം അപകടത്തിലാണ്.
അങ്ങനെ, മനസ്സും കാൻസറിന്റെ ലക്ഷണവും [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണത്തിൽ എഴുതവേ ബാസിൽ സ്റേറാൾ ഇത് ഊന്നിപ്പറയുകയുണ്ടായി: “തങ്ങളുടെ രോഗചികിത്സാ സമയത്തും ശേഷവും കാൻസർ രോഗികൾ അനുഭവിക്കുന്ന, ഒഴിവാക്കാൻ പററാത്ത ശാരീരികവും മാനസികവുമായ ആഘാതം കുറയ്ക്കുന്നതിനു സർവ ശ്രമവും ചെയ്യേണ്ടതുണ്ട്.” എന്നാൽ ഏതു തരത്തിലുള്ള പിന്തുണയാണ് ആവശ്യമായിരിക്കുന്നത്?
[7-ാം പേജിലെ ആകർഷകവാക്യം]
അറിയപ്പെടുന്ന ഒരു ആഹാരത്തിനും കാൻസർ ഭേദമാക്കാൻ കഴിയില്ലെന്നിരിക്കെ, പ്രതിരോധ നടപടികൾ എന്ന നിലയിൽ ചില പ്രത്യേക തരം ആഹാരം കഴിക്കുന്നതും മററു ചിലതിന്റെ അളവു കുറയ്ക്കുന്നതും നല്ലതാണ്. ‘ശരിയായ ആഹാരക്രമം പിൻപററുന്നതിന്, നിങ്ങളുടെ കാൻസർ സാധ്യതയെ 50 ശതമാനംവരെ കുറയ്ക്കാൻ കഴിയും’ എന്ന് ഡോ. ലേണാർഡ് കൊഎൻ പ്രസ്താവിച്ചു
[8-ാം പേജിലെ ആകർഷകവാക്യം]
“സ്തനാർബുദത്തിന്റെ മുന്നേററം തടയുന്നതിനുള്ള ഏററവും സുപ്രധാന നടപടി അതു നേരത്തെതന്നെ കണ്ടുപിടിക്കുന്നതാണ്” എന്ന് “റേഡിയോളജിക് ക്ലിനിക്ക്സ് ഓഫ് നോർത്ത് അമേരിക്ക” എന്ന പ്രസിദ്ധീകരണം പറയുന്നു. ഇതിനുള്ള സുപ്രധാനമായ മൂന്നു പ്രതിരോധ നടപടികൾ: സ്തനത്തിന്റെ ക്രമമായ സ്വയ-പരിശോധന, ഒരു ഡോക്ടറാലുള്ള വാർഷിക പരിശോധന, എക്സ്-റേ സ്തന പരിശോധന എന്നിവയാണ്
[10-ാം പേജിലെ ആകർഷകവാക്യം]
തളർച്ച ബാധിച്ചവരോ വലിയ ദുഃഖം അനുഭവിക്കുന്നവരോ വൈകാരിക പിന്തുണയില്ലാത്തവരോ ആയ സ്ത്രീകളുടെ പ്രതിരോധ വ്യവസ്ഥ അപകടത്തിലായേക്കാം
[9-ാം പേജിലെ ചതുരം]
സ്വയ-പരിശോധന—മാസംതോറും
സ്തന സ്വയ-പരിശോധന ആർത്തവഘട്ടത്തിനു നാലുമുതൽ ഏഴുവരെ ദിവസങ്ങൾക്കുശേഷം നടത്തേണ്ടതാണ്. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളും എല്ലാ മാസവും ഒരേ ദിവസം പരിശോധന നടത്തേണ്ടതാണ്.
എല്ലാ മാസത്തിലെയും ഒരേ ദിവസം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
● സ്തനത്തിൽ ഏത് വലിപ്പത്തിലും (ചെറുതോ വലുതോ) ഉള്ള മുഴയോ തടിപ്പോ.
● സ്തനചർമത്തിൽ ഞൊറി, ചുളി, അല്ലെങ്കിൽ നിറംമാററം.
● മുലഞെട്ട് അകത്തേക്കു വലിഞ്ഞോ വളഞ്ഞോ ഇരിക്കൽ.
● അതു ചൊറിഞ്ഞുപൊട്ടുകയോ അതിന്റെ ചർമം വരയുകയോ അതിൽനിന്നു ദ്രാവകം സ്രവിക്കുകയോ ചെയ്യൽ.
● കക്ഷത്തിൽ വലിപ്പമുള്ള ഗ്രന്ഥികൾ.
● സ്തനത്തിലെ മറുകുകളിലോ മുറിവുകളിലോ ഉള്ള മാററങ്ങൾ.
● സ്തനങ്ങൾ തമ്മിൽ സാധാരണയിൽ കവിഞ്ഞ വലിപ്പച്ചെറുപ്പം.
സ്വയ-പരിശോധന
എഴുന്നേററു നിന്ന് ഇടതുകൈ ഉയർത്തുക. വലതുകൈ ഉപയോഗിച്ച് സ്തനത്തിന്റെ പുറത്തെ അററത്തു തുടങ്ങി സ്തനത്തിനു ചുററിലും മുലഞെട്ടിലേക്കും കൈവിരലുകളുടെ പരന്നഭാഗം കൊണ്ട് ചെറിയ വൃത്തങ്ങളിലായി അമക്കുക. കക്ഷത്തിനും സ്തനത്തിനും ഇടയ്ക്കുള്ള ഭാഗവും ശ്രദ്ധിക്കുക.
മലർന്നു കിടന്ന് ഇടത്തെ തോളിനടിയിൽ ഒരു തലയിണ വച്ചുകൊണ്ട് ഇടത്തെ കൈത്തലം തലയ്ക്കു മീതെയോ പിറകിലോ ആയി വെക്കുക. മേൽപ്പറഞ്ഞ അതേ രീതിയിൽ വൃത്തങ്ങളിലായി കൈവിരലുകൾ ചലിപ്പിക്കുക. ഈ പ്രക്രിയ വലതുവശത്തേതിനും ആവർത്തിക്കുക.
എന്തെങ്കിലും സ്രവം വരുന്നുണ്ടോ എന്നു പരിശോധിക്കാൻ മുലഞെട്ട് സാവധാനം പിഴിയുക. വലത്തെ സ്തനത്തിലും ഇത് ആവർത്തിക്കുക.