സ്തനാർബുദത്തെക്കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്
സ്തനാർബുദങ്ങളുടെ എണ്ണം ഭൂഖണ്ഡങ്ങളിലെല്ലാം വർധിച്ചുവരുകയാണ്. 2000-ാമാണ്ട് ആകുന്നതോടെ ലോകമെമ്പാടുമായി പത്തു ലക്ഷത്തോളം പുതിയ സ്തനാർബുദ കേസുകൾ വർഷംതോറും പരിശോധിച്ചു നിർണയിക്കപ്പെടും എന്ന് ചില കണക്കുകൾ കാണിക്കുന്നു.
ഈ രോഗം പിടിപെടുന്നതിൽനിന്ന് ഏതെങ്കിലും സ്ത്രീ സുരക്ഷിതയാണോ? അതിനെ തടയാൻ എന്തെങ്കിലും ചെയ്യാനാവുമോ? ഈ ശത്രുവിനോട് പൊരുതുന്നവർക്ക് എന്ത് ആശ്വാസവും പിന്തുണയും ആണ് ആവശ്യമായിരിക്കുന്നത്?
ചർമാർബുദങ്ങളിൽ ഭൂരിപക്ഷത്തിന്റെയും കാരണം സൂര്യനിൽ നിന്നുള്ള അൾട്രാവയലററ് കിരണങ്ങൾ ആണ്. ഭൂരിപക്ഷം ശ്വാസകോശാർബുദങ്ങളുടെയും കാരണം പുകവലിയും. എന്നാൽ സ്തനാർബുദത്തിന് നിദാനമെന്നു സമർഥിക്കപ്പെട്ട പ്രത്യേക കാരണമൊന്നുമില്ല.
എന്നിരുന്നാലും, പാരമ്പര്യഗുണം, പരിസ്ഥിതി, ഹോർമോൺ എന്നീ ഘടകങ്ങൾ സ്തനാർബുദത്തിൽ ഒരു പങ്കു വഹിക്കുന്നു എന്ന് അടുത്തകാലത്തെ ഗവേഷണം കണ്ടെത്തി. ഈ ഘടകങ്ങൾക്കു വിധേയരാകുന്ന സ്ത്രീകൾക്ക് വർധിച്ച അപകട സാധ്യതയുണ്ട്.
കുടുംബ ചരിത്രം
ഒരു സ്ത്രീക്ക് അമ്മ, സഹോദരി, അമ്മവഴിയുള്ള ആൻറി, വല്യമ്മ എന്നിങ്ങനെ സ്തനാർബുദമുള്ള ഒരു കുടുംബാംഗം ഉണ്ടെങ്കിൽ അവൾക്ക് അതു പിടിപെടുന്നതിനുള്ള വർധിച്ച സാധ്യതയുണ്ട്. അവരിൽ പലർക്ക് ഈ രോഗമുണ്ടായിരുന്നെങ്കിൽ അപകടസാധ്യത ഏറെയാണ്.
പാരമ്പര്യഘടകങ്ങൾ ഉൾപ്പെട്ടിരിക്കാം, എന്നാൽ അവ സകലവിധ സ്തനാർബുദങ്ങളുടെയും 5 മുതൽ 10 വരെ ശതമാനത്തിനു മാത്രമേ ഉത്തരവാദി ആയിരിക്കുന്നുള്ളൂ എന്ന് ഐക്യനാടുകളിലെ ഒരു ജനിതക ശാസ്ത്രജ്ഞയായ ഡോ. പെട്രീഷാ കെലി ഉണരുക!യോടു പറയുന്നു. “മററു വിധങ്ങളിലുള്ള മിക്ക സ്തനാർബുദങ്ങൾക്കും കാരണം ചുററുപാടുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന അത്ര ശക്തമല്ലാത്ത പാരമ്പര്യഘടകങ്ങളാണ് എന്നു ഞങ്ങൾ വിചാരിക്കുന്നു,” അവർ വിശദീകരിക്കുന്നു. ഒരേ ജീനുകൾ ഉള്ള കുടുംബാംഗങ്ങൾ ഒരേ ചുററുപാട് പങ്കുവയ്ക്കാനുള്ള പ്രവണത കാണിക്കുന്നു.
പരിസ്ഥിതി ഘടകങ്ങൾ
“പൊതുവേ കണക്കാക്കപ്പെടുന്നതുപോലെതന്നെ” ഈ രോഗത്തിനു കാരണമായ “പരിസ്ഥിതി ഘടകങ്ങൾ ഉണ്ടെന്നതു വ്യക്തമാണ്” എന്ന് ശാസ്ത്രം എന്ന ജേർണലിൽ അഭിപ്രായം പറയവേ ഒരു വിദുഷിയായ ഡെവ്റ ഡേവിസ് പ്രസ്താവിച്ചു. റേഡിയോ കിരണങ്ങളോട് ഏററവും സംവേദകത്വമുള്ള ശരീരഭാഗങ്ങളിലൊന്നാണ് സ്ത്രീകളുടെ സ്തനം. അതുകൊണ്ട് അത്യധികമായ റേഡിയേഷന് (ionizing radiation) വിധേയരാകുന്ന സ്ത്രീകൾക്ക് സ്തനാർബുദത്തിനുള്ള വർധിച്ച സാധ്യതയുണ്ട്. അതുപോലെതന്നെ, വിഷലിപ്തമായ രാസവസ്തുക്കൾ സ്ഥിരം കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്കും വർധിച്ച അപകടസാധ്യതയുണ്ട്.
മറെറാരു പരിസ്ഥിതി ഘടകം ആഹാരക്രമം ആണ്. ഒരുപക്ഷേ സ്തനാർബുദം ജീവകങ്ങളുടെ കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു രോഗമായിരിക്കാം എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ജീവകം ഡിയുടെ അഭാവമാണ് ഇതിനു കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ ജീവകം കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഈ കാൽസ്യം അനിയന്ത്രിതമായ കോശവളർച്ചയെ തടയുകയും ചെയ്യുന്നു.
മററു പഠനങ്ങൾ ആഹാരത്തിലെ കൊഴുപ്പിനെ ബന്ധിപ്പിക്കുന്നത് സ്തനാർബുദം വരുത്തുന്ന ഒന്നായിട്ടല്ല, പിന്നെയോ അർബുദവളർച്ചയുടെ ഗതിവേഗം കൂട്ടുന്ന ഒന്നായിട്ടാണ്. കൊഴുപ്പും മൃഗ പ്രോട്ടീനും ഉയർന്നതോതിൽ ഉപയോഗിക്കുന്ന ഐക്യനാടുകൾ പോലെയുള്ള രാജ്യങ്ങളിൽ സ്തനാർബുദം മൂലമുള്ള മരണനിരക്ക് ഏററവും ഉയർന്നതായിരുന്നു എന്ന് എഫ്ഡിഎ കൺസ്യൂമർ എന്ന മാഗസിൻ പ്രസ്താവിച്ചു. അത് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ചരിത്രപരമായി ജപ്പാനിലെ സ്ത്രീകൾക്ക് സ്തനാർബുദത്തിനുള്ള സാധ്യത കുറവാണ്. എന്നാൽ ഭക്ഷണശീലങ്ങളുടെ ‘പാശ്ചാത്യവത്കരണ’ത്തിന് അതായത്, കൊഴുപ്പിന്റെ കുറഞ്ഞ ഉപയോഗത്തിൽനിന്നും കൂടുതലായ ഉപയോഗത്തിലേക്കുള്ള മാററത്തിന് അനുരൂപമായി ആ സാധ്യത നാടകീയമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.”
കൊഴുപ്പു നിറഞ്ഞ ഭക്ഷണത്തിലൂടെ അകത്താക്കുന്ന കലോറികളുടെ വലിയ അളവ് യഥാർഥ അപകടസാധ്യതയെ അർഥമാക്കുന്നു എന്ന് അടുത്തകാലത്തെ ഒരു പഠനം അഭിപ്രായപ്പെട്ടു. സയൻസ് ന്യൂസ് ഇപ്രകാരം പ്രസ്താവിച്ചു: “അമിതമായ ഓരോ കലോറിയും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. കൊഴുപ്പിൽനിന്നുള്ള അമിതമായ ഓരോ കലോറിയും മററ് ഉറവിടങ്ങളിൽനിന്നുള്ള കലോറികളെക്കാൾ 67 ശതമാനം കൂടുതൽ അപകടസാധ്യത വഹിക്കുന്നു.” അമിതമായ കലോറികൾ അമിതമായി തൂക്കംവെക്കാൻ ഇടയാക്കുന്നു. വളരെ അമിതമായ തൂക്കമുള്ളവർക്ക്, വിശേഷിച്ച് ആർത്തവവിരാമം സംഭവിച്ചവർക്ക് സ്തനാർബുദത്തിന് ഏതാണ്ട് മൂന്നിരട്ടി ഉയർന്ന സാധ്യതയുള്ളതായി കരുതപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പ് ഒരു സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു. ഇതിന് സ്തനത്തിലെ കലകളെ പ്രതികൂലമായി ബാധിക്കാൻ കഴിയും. ഇത് കാൻസറിലേക്ക് നയിക്കുന്നു.
വ്യക്തികളുടെ ചരിത്രവും ഹോർമോണുകളും
ഒരു സ്ത്രീയുടെ സ്തനത്തിൽ ഹോർമോണുകൾ സമൃദ്ധമായുള്ള ഒരു മേഖലയുണ്ട്. അത് അവളുടെ ജീവിതത്തിലുടനീളം സ്തനത്തിൽ മാററങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ഒരു ട്യൂമർ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. പോൾ ക്രി ആസ്ട്രേലിയൻ ഡോ വീക്ക്ലിയിൽ ഇപ്രകാരം എഴുതുന്നു: “എന്നിരുന്നാലും, ചില സ്ത്രീകളിൽ സ്തനത്തിലെ കലകൾ ദീർഘകാലത്തെ ഹോർമോൺ ഉത്തേജനത്തിനു വിധേയമാകുന്നത് . . . തുടർച്ചയായ കോശമാററങ്ങൾ ഉളവാക്കുന്നു. അത് കാലക്രമേണ മാരകമായ [അർബുദപരമായ] മാററത്തിൽ കലാശിക്കുന്നു.” അതിനാൽ നേരത്തെതന്നെ അതായത്, 12-ാമത്തെ വയസ്സിൽ ആദ്യാർത്തവം ഉണ്ടായിട്ടുള്ളവരോ താമസിച്ച് അതായത്, 50-കളുടെ മധ്യത്തിൽ ആർത്തവവിരാമം സംഭവിച്ചിട്ടുള്ളവരോ ആയ സ്ത്രീകൾക്ക് ഒരു ഉയർന്ന അപകടസാധ്യതയുണ്ട്.
ഇആർടി (ഈസ്ട്രജൻ പകര ചികിത്സ) വഴി ലഭിക്കുന്ന കൂടുതലായ ഈസ്ട്രജനുകളും സ്തനാർബുദവും തമ്മിലുള്ള ബന്ധം വലിയ വിവാദവിഷയമായിരുന്നിട്ടുണ്ട്. ഇആർടി കൂടുതലായ അപകടമൊന്നും സൃഷ്ടിക്കുന്നില്ല എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് ദീർഘനാൾ സ്വീകരിക്കുന്നവർക്ക് ഒരു വമ്പിച്ച അപകടസാധ്യത വരുത്തിവയ്ക്കുന്നു എന്ന് മററു ചില പഠനങ്ങൾ കാണിക്കുന്നു. “ഗർഭനിരോധനകാരിയല്ലാത്ത ഈസ്ട്രജന്റെ” ദീർഘനാളത്തെ “ഉപയോഗം സ്തനാർബുദ സാധ്യത 30-50% വർധിപ്പിക്കാൻ” സാധ്യതയുണ്ടെന്ന് 1992-ലെ ബ്രിട്ടീഷ് മെഡിക്കൽ ബുള്ളററിൻ, പുനരവലോകനം ചെയ്ത പഠനങ്ങളുടെ വെളിച്ചത്തിൽ പ്രസ്താവിക്കുകയുണ്ടായി.
ഗർഭനിരോധന ഗുളികകൾ സ്തനാർബുദം ഉണ്ടാക്കുന്നില്ല എന്ന് ഗർഭനിരോധന ഗുളികകളും സ്തനാർബുദവും തമ്മിലുള്ള ബന്ധം സംബന്ധിച്ച റിപ്പോർട്ടുകൾ അഭിപ്രായപ്പെടുന്നു. എന്നാലിതാ, ഏറെ അപകടസാധ്യതയിലായിരിക്കുന്ന സ്ത്രീകളുടെ ഒരു ഉപവിഭാഗം. ചെറുപ്പക്കാരികൾ, കുട്ടികൾ ഉണ്ടായിട്ടില്ലാത്തവർ, ദീർഘനാളായി ജനന നിയന്ത്രണ ഗുളികകൾ ഉപയോഗിച്ചുവരുന്നവർ എന്നിങ്ങനെയുള്ള സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകാൻ 20 ശതമാനം സാധ്യത ഏറെയുണ്ട്.
എന്നിരുന്നാലും, സ്തനാർബുദമുള്ള ഓരോ 4 സ്ത്രീകളിലും 3 പേർക്ക് തങ്ങളുടെ രോഗത്തിന് കാരണമായ ഏതെങ്കിലും ഒരു പ്രത്യേക കാര്യം ചൂണ്ടിക്കാട്ടാൻ കഴിയുന്നില്ല. അതുകൊണ്ട് ചോദ്യമിതാണ്, ഏതെങ്കിലും ഒരു സ്ത്രീക്ക് താൻ സ്തനാർബുദത്തിൽനിന്നു സുരക്ഷിതയാണെന്നു കണക്കാക്കാൻ കഴിയുമോ? “ഒരു വിദഗ്ധ ഡോക്ടറുടെ വീക്ഷണത്തിൽ, എല്ലാ സ്ത്രീകളെയും സ്തനാർബുദം പിടിപെടാൻ കാര്യമായ സാധ്യതയുള്ളവരെന്നു കണക്കാക്കി ചികിത്സിക്കേണ്ടതാണ്” എന്ന് എഫ്ഡിഎ കൺസ്യൂമർ റിപ്പോർട്ടു ചെയ്യുന്നു.
ഇപ്രകാരം, സ്ത്രീകൾ, പ്രത്യേകിച്ച് പ്രായം ചെന്നവർ ഈ രോഗത്തിന് പെട്ടെന്ന് ഇരകളായിത്തീരുന്നു. സ്തനാർബുദത്തിന് വ്യത്യസ്ത കാരണങ്ങൾ ഉണ്ട്, എന്നാൽ ‘അവയിൽ ചിലത്, പ്രായം ചെല്ലുന്നതും കോശങ്ങളുടെ തെററായ രീതിയിലുള്ള വിഭജനവും ആണെന്ന് ഞാൻ സംശയിക്കുന്നു’ എന്ന് ഡോ. കെല്ലി അഭിപ്രായപ്പെടുന്നു.
വശംവദമായിരിക്കുന്നത എന്തുകൊണ്ട്
സ്ത്രീകളുടെ സ്തനം കാൻസറിന് വശംവദമായിരിക്കുന്നതെന്തുകൊണ്ട് എന്ന് അതിന്റെ ഘടനയുടെ പരിശോധന വിശദമാക്കുന്നു. അതിനുള്ളിൽ, ക്ഷീരോത്പാദന അറകളിൽനിന്ന് മുലഞെട്ടിലേക്ക് പാൽ വഹിക്കുന്ന നാളങ്ങൾ, ചെറിയ കൈവഴികൾ ഉണ്ട്. നാളങ്ങളെ ആവരണം ചെയ്ത് കോശങ്ങൾ ഉണ്ട്. അവ മാസമുറയനുസരിച്ചു വിഭജിക്കുകയും മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതു ഗർഭധാരണത്തിനും ക്ഷീരോത്പാദനത്തിനും കുഞ്ഞിനെ മുലയൂട്ടുന്നതിനും അവളെ സജ്ജയാക്കുന്നു. ഈ നാളങ്ങളിലാണു മിക്ക സ്തനാർബുദങ്ങളും വികാസം പ്രാപിക്കുന്നത്.
പ്രതിവിധികൾ: സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിലെ പുതിയ പുരോഗതികൾ [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ ഗവേഷകനായ റോസ് കൂഷ്നർ ഇപ്രകാരം വിശദീകരിക്കുന്നു: “ഏതൊരു ക്രമവും ഒരു തരത്തിൽ അല്ലെങ്കിൽ മറെറാരു തരത്തിൽ ഉള്ള തടസ്സങ്ങളാൽ സ്ഥിരമായി അലോസരപ്പെട്ടുകൊണ്ടിരിക്കുന്നെങ്കിൽ—അത് തികച്ചും സ്വാഭാവികമാണെങ്കിൽ കൂടി . . .—അതിന് കുഴപ്പങ്ങൾ ഭവിക്കാൻ ഏറെ സാധ്യതയുണ്ട്.” അവർ കൂടുതലായി ഇപ്രകാരം പ്രസ്താവിക്കുന്നു: “അമിത ആയാസത്തിനു വിധേയമായ സ്തനകോശം ‘ആ ജോലി നിർത്തൂ. ഈ ജോലി തുടങ്ങൂ’ എന്ന് ആജ്ഞാപിക്കുന്ന കുറെ ഹോർമോൺ സ്രവങ്ങളാൽ എപ്പോഴും സാന്ദ്രമായിരിക്കും. അനേകം പുത്രികാ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിൽ അതിശയമില്ല.”
അസാധാരണമായ ഒരു കോശം വിഭജിച്ച് അതിന്റെ വളർച്ചയുടെ നിയന്ത്രണം വിട്ടു പെരുകാൻ തുടങ്ങുമ്പോഴാണ് സ്തനാർബുദം ആരംഭിക്കുന്നത്. അത്തരം കോശങ്ങൾ പുനരുത്പാദനം നിർത്തുന്നില്ല. ക്രമേണ അവ ചുററുമുള്ള ആരോഗ്യമുള്ള കലകളെ മൂടിക്കളയുന്നു. അങ്ങനെ അത് ആരോഗ്യമുള്ള ഒരു അവയവത്തെ രോഗമുള്ളതാക്കി മാററുന്നു.
സ്ഥാനാന്തരാർബുദം
കാൻസർ സ്തനത്തിനുള്ളിൽ ഒതുങ്ങിയിരിക്കുമ്പോൾ ഈ മാരകാവസ്ഥ നീക്കം ചെയ്യാൻ കഴിയും. സ്തനാർബുദം ശരീരത്തിലെ ദൂരസ്ഥലങ്ങളിൽ വ്യാപിക്കുകയാണെങ്കിൽ അത് സ്ഥാനാന്തര സ്തനാർബുദം എന്നറിയപ്പെടുന്നു. ഇതാണ് സാധ്യതയനുസരിച്ച് സ്തനാർബുദ രോഗികളുടെ മരണത്തിനുള്ള ഏററവും വലിയ കാരണം. കാൻസർ കോശങ്ങൾ സ്തനത്തിനുള്ളിൽ പെരുകുകയും മുഴ വലുതാകുകയും ചെയ്യുമ്പോൾ അവ സാവധാനം യാതൊരു ലക്ഷണവും കാട്ടാതെ ആദ്യസ്ഥാനം വിട്ട് രക്തക്കുഴലുകളുടെ ഭിത്തിയിലും ലസികാഗ്രന്ഥികളിലും (lymph nodes) നുഴഞ്ഞു കടക്കുന്നു.
ഈ സമയത്ത് മുഴയിലുള്ള കോശങ്ങൾക്ക് ശരീരത്തിന്റെ ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയും. ഇവ രക്തത്തിലും ലിംഫ് എന്ന ദ്രാവകത്തിലും ചംക്രമണം നടത്തുന്ന സ്വാഭാവിക കൊലയാളി കോശങ്ങൾ ഉൾപ്പെടെയുള്ള ശരീരത്തിന്റെ രോഗപ്രതിരോധ ഘടകങ്ങളെ ഒഴിഞ്ഞുമാറുന്നെങ്കിൽ മാരകമായ ഈ കോശങ്ങൾക്ക് കരൾ, ശ്വാസകോശങ്ങൾ, മസ്തിഷ്കം തുടങ്ങിയ ജീവൽപ്രധാന അവയവങ്ങളിൽ കയറിപ്പററാൻ കഴിയും. അവിടെ അവ പെരുകുകയും ഈ അവയവങ്ങളെ അർബുദബാധയുള്ളവയാക്കി തീർത്തുകൊണ്ട് വീണ്ടും വ്യാപിക്കുകയും ചെയ്യുന്നു. സ്ഥാനാന്തരാർബുദം തുടങ്ങിപ്പോയാൽ സ്ത്രീയുടെ ജീവൻ അപകടത്തിലാണ്.
അതുകൊണ്ട്, സ്തനാർബുദം വ്യാപിക്കുന്നതിനു മുമ്പ്, വളർച്ചയുടെ പ്രാരംഭദശയിൽ, കണ്ടുപിടിക്കുക എന്നതാണ് അതിജീവനത്തിനുള്ള താക്കോൽ. രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് ഓരോ സ്ത്രീക്കും എന്തു ചെയ്യാൻ കഴിയും? അതിരിക്കട്ടെ, സ്തനാർബുദത്തെ തടയാൻ എന്തെങ്കിലും മാർഗമുണ്ടോ?
[4-ാം പേജിലെ ആകർഷകവാക്യം]
സ്തനാർബുദമുള്ള 4 സ്ത്രീകളിൽ 3 പേർക്ക് തങ്ങളുടെ രോഗത്തിന് സംഭാവന ചെയ്ത ഏതെങ്കിലും ഒരു പ്രത്യേക സംഗതി ചൂണ്ടിക്കാട്ടാൻ കഴിയുന്നില്ല