ആരാധനാലയം ചുട്ടെരിക്കപ്പെട്ടു
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിരണ്ട് ഒക്ടോബർ 4-ന്, കൊറിയൻ റിപ്പബ്ലിക്കിലെ വഞ്ചുവിലുള്ള രണ്ടാം നിലയിൽ സ്ഥിതിചെയ്തിരുന്ന ചെറിയ ഒരു രാജ്യഹാളിലേക്ക് ഒരു ഭ്രാന്തൻ മനുഷ്യൻ അതിക്രമിച്ചു കടന്നു. ഹാൾ 90-ലേറെപ്പേരെക്കൊണ്ടു നിറഞ്ഞിരുന്നു. “എന്റെ ഭാര്യയെ പുറത്തുകൊണ്ടുവരൂ!” എന്ന് അയാൾ പലതവണ ആക്രോശിച്ചു. ഇതു കേട്ടയുടനെ അയാളുടെ ഭാര്യ പിൻ വശത്തുള്ള രക്ഷാമാർഗത്തിലൂടെ പെട്ടെന്നു പുറത്തു പോയി.
പ്രധാന വാതിലിനു മുമ്പിലുള്ള ചവിട്ടുമെത്തമേൽ ആ മനുഷ്യൻ ഒരു പാത്രം പെട്രോൾ ഒഴിച്ചു. അവിടെയുണ്ടായിരുന്നവരുടെ അപേക്ഷകളെ വിഗണിച്ചുകൊണ്ട് അയാൾ ആ ചവിട്ടുമെത്തക്കു തീകൊളുത്തി. തീജ്വാലകളും കറുത്ത പുകയും മച്ചിലേക്കും സ്റേറജിലേക്കും പിന്നീടു മുഴുഹാളിലേക്കും ചീററിക്കൊണ്ടു പെട്രോൾ അക്ഷരീയമായി പൊട്ടിത്തെറിക്കിടയാക്കി. നിമിഷങ്ങൾക്കുള്ളിൽ സദസ്യരിൽ അധികപങ്കും അഗ്നിവലയത്തിലകപ്പെട്ടുകഴിഞ്ഞു. തീജ്വാലയും പുകയും എല്ലാ ജനാലയിൽനിന്നും പുറത്തേക്കു വമിച്ചു.
പലരും പിൻവാതിലിൽ കൂടിയും ജനാലവഴിയും വീതി കുറഞ്ഞ പാരപ്പററിലേക്കു രക്ഷപ്പെട്ടു. അവിടെനിന്ന് അവർ അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കു കയറി അവിടെനിന്നു നിലത്തേക്ക് ഇറങ്ങി. മററുചിലർ രണ്ടാംനിലയിൽനിന്നു ചാടുകപോലും ചെയ്തു. രക്ഷപെട്ടശേഷം കൊള്ളിവയ്പുകാരൻ നിലത്തേക്കു ചാടി പരിക്കേററ ഒരാളെ പകയോടെ തൊഴിക്കുകയും ചെയ്തു.
പ്രത്യേകപ്രസംഗം നടത്തുകയായിരുന്ന സഞ്ചാരമേൽവിചാരകൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “വേഗം കുട്ടികളെ രക്ഷിക്കൂ.” മററുള്ളവരെ സഹായിക്കാൻ അവർ ശ്രമിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും രക്ഷപെടാമായിരുന്നെന്ന് അതിജീവിച്ചവർ കരുതുന്നു. മരിച്ച 15 പേരിൽ അവർ പെടുന്നു; മൊത്തം 26 പേർക്കു പരിക്കേററു. ആശുപത്രിയിൽവെച്ചു മരിച്ച മറെറാരു മനുഷ്യൻ പ്രായമുള്ളവരെ പുറത്തുകടക്കാൻ സഹായിച്ചതുകൊണ്ടാണു തന്റെ ജീവനെ ഹോമിച്ചത്.
മരിച്ചവർ ഹാളിനു മുമ്പിലുള്ളവരായിരുന്നു. സഞ്ചാരമേൽവിചാരകനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ശക്തമായ പുക വന്നു മൂടുകയും അവർ ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. മരിച്ചവർ ഒൻപതു കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു; മൂന്നുപേർ 3-ഉം 4-ഉം 14-ഉം വയസ്സുള്ള കുട്ടികളായിരുന്നു. ഹാൾ ഇടുങ്ങിയതായിരുന്നു എന്നതും പ്രധാന വാതിലിലൂടെ രക്ഷപെടുന്നത് തീ തടഞ്ഞു എന്നതും പരിഗണിക്കുമ്പോൾ അധികംപേർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യാതിരുന്നതു മിക്കവാറും ഒരു അത്ഭുതമായിരുന്നു.
ഏഴ് അഗ്നിശമനലോറികളും 30 അഗ്നിശമനപ്രവർത്തകരും ഉടൻതന്നെ രംഗത്തെത്തി, എന്നാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് അപ്പോൾത്തന്നെ പലരുടേയും ജീവൻ അപഹരിച്ചു കഴിഞ്ഞിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തീ അണച്ചു. എന്നിരുന്നാലും തീയുടെ കാഠിന്യംകൊണ്ടു മരിച്ചവരെ തിരിച്ചറിയുന്നതു പ്രയാസകരമായിരുന്നു, അതിനു രണ്ടു മണിക്കൂറിലധികം സമയമെടുത്തു.
പിന്നീട്, തീവയ്പ്പുകാരനെ വഞ്ചു പൊലീസ് അറസ്ററു ചെയ്യുകയും കൊലപാതകത്തിനും തീവെപ്പിനും കേസ് ചാർജു ചെയ്യുകയും ചെയ്തു. പൊലീസ് കസ്ററഡിയിലിരിക്കെ ഒരു ആത്മഹത്യാശ്രമത്തിൽ അയാൾ പരാജയപ്പെട്ടു.
മൃഗീയമായ പെരുമാററത്തെ സഹിച്ചുനിന്നു
കൊള്ളിവയ്പുകാരന്റെ ഭാര്യ ബൈബിൾ പാഠങ്ങളിൽ താത്പര്യമുള്ളവളായിത്തീർന്നപ്പോൾ, അവരെ ഭീഷണിപ്പെടുത്തുന്നത് അയാൾ പതിവാക്കി. സഞ്ചാരമേൽവിചാരകൻ യഹോവയുടെ സാക്ഷികളുടെ വഞ്ചു സഭ സന്ദർശിക്കുന്നതിന് ഏതാണ്ട് രണ്ടാഴ്ച മുമ്പ്, സെപ്ററംബർ പകുതിയ്ക്കു തീവെപ്പുകാരൻ തന്റെ ഭാര്യയെ തല്ലി ബോധം കെടുത്തി. പിന്നീട് അവൾ ആരോഗ്യം വീണ്ടെടുത്തപ്പോൾ, ലാക്കർപോളിഷ് നേർപ്പിക്കുന്ന സ്പിരിററ് അവളുടെമേൽ ഒഴിച്ചു തീകൊളുത്തി. എന്നാൽ തീ കത്താൻ തുടങ്ങിയുടനെ അയാൾക്കു ബോധോദയമുണ്ടായി ഉടൻ തീ കെടുത്തി.
ദുരന്തം ഭവിച്ച ആ ഞായറാഴ്ച രാജ്യഹാളിൽ പോകരുതെന്ന് അയാൾ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. അയാളുടെ കോപം കത്തിജ്വലിച്ചെങ്കിലും അവർ ഭീഷണിയ്ക്കു വഴങ്ങിയില്ല. ആരാധനയുടെ ഈ കാര്യത്തിൽ തന്റെ ഭർത്താവ് ഉൾപ്പെടെ ഏതു മനുഷ്യനെക്കാളും താൻ ദൈവത്തെ അനുസരിക്കേണ്ടതാണെന്ന് അവർക്കു തോന്നി. (പ്രവൃത്തികൾ 5:29; എബ്രായർ 10:24, 25) അതുകൊണ്ട് അവർ മീററിംഗിനു ഹാജരായി.
രാജ്യഹാളിന്റെ തീവെപ്പിനുശേഷം, തന്റെ ഭർത്താവ് ഈ മ്ലേച്ഛമായ പ്രവൃത്തി ചെയ്യാൻ തുനിഞ്ഞതു താൻ ഒരു ഭ്രാന്തൻമതം ഉപേക്ഷിക്കാൻ വിസമ്മതിച്ചതുകൊണ്ടും അയാൾക്കായി നല്ല ഒരു ഭാര്യയായിരിക്കാൻ പരാജയപ്പെട്ടതുകൊണ്ടും ആണ് എന്നു പറയുന്ന ഒരു പ്രസ്താവനയിൽ ഒപ്പുവെക്കാൻ ഭർത്താവിന്റെ വക്കീൽ ഈ സ്ത്രീയുടെമേൽ സമ്മർദം ചെലുത്തി. പക്ഷേ, അവർ പ്രസ്താവനയിൽ ഒപ്പു വെച്ചില്ല. ഏതായാലും ഈ ഭയങ്കരമായ വിപത്തു സംഭവിച്ചതു താൻ ബൈബിൾ പഠിച്ചതുകൊണ്ടാണെന്നു സൂചിപ്പിച്ചുകൊണ്ടു സത്യത്തെ അനുരജ്ഞനപ്പെടുത്താൻ അവർ വിസമ്മതിച്ചു.
ഈ അത്യാഹിതത്തിനുശേഷമുള്ള വാരാന്തത്തിലെ യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ അഖിലാണ്ഡത്തിന്റെ പരമാധികാരിയായ യഹോവയാം ദൈവത്തെ സേവിക്കാനുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേൽക്കാനുള്ള തീരുമാനം ഈ സ്ത്രീ നടപ്പാക്കി.—സങ്കീർത്തനം 83:18.
അടുത്തുനിന്നും അകലെനിന്നും സഹായം
വഞ്ചുവിൽനിന്ന് ഏതാണ്ട് 100 കിലോമീററർ അകലെയുള്ള ആൻസംങിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിൽ ഈ അത്യാഹിതത്തെക്കുറിച്ചുള്ള വാർത്ത എത്തിയ ഉടനെ പരിക്കേററവർക്കും അവരുടെ കുടുംബങ്ങൾക്കും അതുപോലെതന്നെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും അവർ സഹായം അയച്ചു. പണം നൽകുക മാത്രമല്ല, മറെറന്തു സഹായം ആവശ്യമാണെന്നു നിശ്ചയിക്കാൻ ബ്രാഞ്ചിൽനിന്നു മൂപ്പൻമാരെ അയയ്ക്കുകയും ചെയ്തു.
വഞ്ചുവിലെ മറെറാരു രാജ്യഹാളിലേക്കു സഭ മാററാനുള്ള ക്രമീകരണങ്ങൾ ചെയ്തു, ആവശ്യമുള്ളവർക്കു മററു കരുതലുകളും ഒരുക്കപ്പെട്ടു. പെട്ടെന്നുതന്നെ കൊറിയൻ റിപ്പബ്ലിക്കിലെല്ലായിടത്തുമുള്ള സഹക്രിസ്ത്യാനികളിൽനിന്നു പിന്തുണ ലഭിക്കാൻ തുടങ്ങി. വാസ്തവത്തിൽ, അത്യാഹിതത്തിനുശേഷം ഉടനെതന്നെ മററു നഗരങ്ങളിൽനിന്ന് അനേകമാളുകൾ വന്നു സഹായം വാഗ്ദാനം ചെയ്തു. എഴുപത്തഞ്ചു സാക്ഷികളുള്ള ഒരു സഭയിൽനിന്നു ലഭിച്ച 1,200 ഡോളറിനു തുല്യമായ സംഭാവന ശ്രദ്ധേയമായിരുന്നു. എൺപത്തേഴു പേരുള്ള മറെറാരു സഭ 2,200 ഡോളറിനു തുല്യമായ സംഭാവന നൽകി.
അത്യാഹിതം സംഭവിച്ച സഭയിലെ ക്രിസ്തീയ മൂപ്പൻമാർ മററുള്ളവരെ സഹായിക്കാൻ തങ്ങൾക്കാവുന്നതെല്ലാം ചെയ്തു, എന്നാൽ ഏററവും വലിയ നഷ്ടം നേരിട്ടവരിൽ അവർ ഉൾപ്പെടുന്നു. മരിച്ചവരുടെ കൂട്ടത്തിൽ അധ്യക്ഷമേൽവിചാരകന്റെ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു, മറെറാരു മൂപ്പനു തന്റെ മകനെ നഷ്ടമായി, ഇനിയും വേറൊരു മൂപ്പന്റെ മുഖം പൊള്ളലേററു വളരെ വികൃതമായിരുന്നു. ഈ ക്രിസ്ത്യാനികൾക്കു നഷ്ടമായതു ഗണ്യമാക്കാതെ അവരും മുഴു സഭയും ശാന്തരും വിശ്വാസത്തിൽ ഉറപ്പുള്ളവരും ആയി നിലകൊണ്ടു.
അത്യാഹിതത്തിനുശേഷം കുറെ ദിവസങ്ങൾ കഴിഞ്ഞ്, ബ്രാഞ്ചോഫീസിൽനിന്നുള്ള ഒരു പ്രതിനിധി കൂട്ടശവസംസ്കാരം നിർവഹിച്ചു. തങ്ങളുടെ സ്നേഹിതരോടുള്ള സ്നേഹവും പരിഗണനയും പ്രകടമാക്കിക്കൊണ്ടു രാജ്യത്തുടനീളമുള്ള അനേകം സാക്ഷികൾ ഹാജരായി. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകളിൽനിന്നുപോലും സഹതാപം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകൾ ലഭിച്ചു.
പ്രാദേശിക പൊലീസ് വകുപ്പിലെ ഇൻറലിജൻസ് ഡിവഷന്റെ തലവൻ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയും സാക്ഷികളുടെ പെരുമാററത്തിൽ മതിപ്പു പ്രകടിപ്പിക്കുകയും ചെയ്തു. അവർ എത്ര ശാന്തരും സമാധാനമുള്ളവരും ആണെന്നും തീപിടുത്തത്തിൽ നഷ്ടം സംഭവിച്ചവരോട് എത്ര ദയയോടെ പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. ദ ബ്യൂറോ ഓഫ് സൊസൈററി ആൻഡ് ഇൻഡസ്ട്രിയുടെ തലവനും ശവസംസ്കാരച്ചടങ്ങിനുണ്ടായിരുന്നു. പിന്നീട്, രാജ്യത്തെല്ലായിടത്തുനിന്നും ലഭിച്ച സംഭാവനകളെക്കുറിച്ചു പറഞ്ഞപ്പോൾ വിശ്വാസം കൂടാതെ ഇതു ചെയ്യാൻ സാധ്യമല്ല എന്നദ്ദേഹം പറഞ്ഞു. വഞ്ചുവിലെ ഡെപ്യൂട്ടിമേയറും യഥാർഥ താത്പര്യം കാണിച്ചു. സാക്ഷികളുടെ ശാന്തതയും പരസ്പര സ്നേഹവും സംഘാടന പ്രാപ്തിയും വ്യക്തിപരമായി തന്നിൽ മതിപ്പുളവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
നാം “ഇടപെടാൻ പ്രയാസമുള്ള നിർണായക നാളുകളിൽ” ജീവിച്ചിരിക്കുന്നു എന്നതിന്റെ മറെറാരു തെളിവാണ് ഈ അത്യാഹിതം. (2 തിമൊഥെയോസ് 3:1, NW) ഇതുപോലുള്ള ഭയങ്കര കാര്യങ്ങൾ ഇനിയും സംഭവിക്കും എന്നു പ്രതീക്ഷിക്കേണ്ടതാണ്. എന്നാൽ വഞ്ചുവിലുള്ള യഹോവയുടെ സാക്ഷികൾ നിരുത്സാഹിതരല്ല. ഏകസത്യദൈവമായ യഹോവയുടെ ആരാധനയിൽ തുടരാനും അവിടുത്തെ ഇഷ്ടം ചെയ്യുന്നതിൽ നിലനിൽക്കാനും അവർ ദൃഢനിശ്ചയം ചെയ്തവരാണ്.—കൊറിയൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ റിപ്പോർട്ടു ചെയ്തത്. (g93 4⁄22)
[22-ാം പേജിലെ ചിത്രങ്ങൾ]
വലത്ത്: രാജ്യഹാളും, (താഴെ) പലരും മരിച്ചുകിടന്നിരുന്ന കത്തിപ്പോയ സ്റേറജും.
താഴെ: തീപിടുത്തത്തിൽ രണ്ടു കുട്ടികൾ നഷ്ടമായ സസനോകിനെ സഹസാക്ഷികൾ ആശ്വസിപ്പിക്കുന്നു, കൂടാതെ പരിക്കേററ രണ്ടു കുട്ടികളുടെ പിതാവും ഒരു ക്രിസ്തീയ മൂപ്പനുമായ ഷിം യോഷിനും