ഭാഗം 2
ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണം
അന്വേഷണം ആരംഭിക്കുന്നു
“ആദ്യം ആരാണു തീ കണ്ടുപിടിച്ചതെന്നോ ചക്രം ഉണ്ടാക്കിയതെന്നോ അമ്പും വില്ലും വികസിപ്പിച്ചെടുത്തതെന്നോ സൂര്യന്റെ ഉദയാസ്തമയങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചതെന്നോ ആർക്കും അറിയില്ല” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. എന്നാൽ അവ കണ്ടുപിടിക്കുകയും ഉണ്ടാക്കുകയും വികസിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു, ലോകം അന്നുമുതൽ ഒരിക്കലും പഴയതുപോലെയായിരുന്നില്ല.
ഈ നേട്ടങ്ങൾ, ഇന്നേക്ക് ആറായിരം വർഷം നീണ്ടുപോയിരിക്കുന്ന സത്യം തേടിയുള്ള ഒരു യാത്രയിലെ ആദ്യ ചുവടുവയ്പ്പുകൾ മാത്രമായിരുന്നു. മനുഷ്യർ എല്ലായ്പോഴും തങ്ങൾക്കു ചുററുമുള്ള ലോകത്തിലെ സചേതനവും അചേതനവുമായ വസ്തുക്കളെപ്പററി അറിയാൻ ജിജ്ഞാസുക്കളായിരുന്നിട്ടുണ്ട്. തങ്ങൾക്കു പ്രയോജനം ചെയ്യാൻ അതിനെ പ്രായോഗികമായ ഒരു വിധത്തിൽ ഉപയോഗിച്ചുകൊണ്ട്, തങ്ങൾ പഠിക്കുന്നതു പ്രയോഗിച്ചുനോക്കുന്നതിൽ അവർ താത്പര്യമുള്ളവർ ആയിരുന്നിട്ടുണ്ട്. ജ്ഞാനത്തിനു വേണ്ടിയുള്ള സഹജമായ തൃഷ്ണയും അതു പ്രയോഗിച്ചു നോക്കാനുള്ള ആഗ്രഹവും ആണ് ശാസ്ത്രീയ സത്യത്തിനായുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണത്തിലെ പ്രേരകശക്തികളായിരുന്നിട്ടുള്ളത്.
തീർച്ചയായും ശാസ്ത്രീയ അറിവു പ്രായോഗികമായ ഉപയോഗത്തിലാക്കാനുള്ള ആദ്യശ്രമങ്ങൾ, ഇന്നറിയപ്പെടുന്നതുപോലെ സാങ്കേതികവിദ്യ എന്നു വിളിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ നടത്തിയ വ്യക്തികൾ ശാസ്ത്രജ്ഞർ എന്നും വിളിക്കപ്പെട്ടില്ല. യഥാർഥത്തിൽ, മനുഷ്യവർഗാസ്തിത്വത്തിന്റെ ഏറിയ ഭാഗത്തും ശാസ്ത്രം അതിന്റെ ആധുനിക അർഥത്തിൽ നിലവിലിരുന്നതുപോലുമില്ല. വളരെ വൈകി, 14-ാം നൂററാണ്ടിൽ “ശാസ്ത്രം” എന്നതിന്റെ ഇംഗ്ലീഷ് പദം ആംഗലേയ കവിയായ ചോസർ ഉപയോഗിച്ചപ്പോൾ, അദ്ദേഹം തികച്ചും എല്ലാ തരത്തിലുമുള്ള അറിവിനെയാണ് അർഥമാക്കിയത്. ഇത് ഈ പദത്തിന്റെ മൂലാർഥത്തോടു പൊരുത്തത്തിലാണ്, അത് “അറിയുക” എന്നർഥമുള്ള ലാററിൻ പദത്തിൽ നിന്നാണ് ആവിർഭവിച്ചത്.
ആദ്യത്തെ ജന്തുശാസ്ത്രജ്ഞൻ വഴി നയിക്കുന്നു
ആദ്യം എന്തുതന്നെ വിളിക്കപ്പെട്ടിരുന്നാലും, മനുഷ്യർ ഏദെൻ തോട്ടത്തിൽവച്ചു തങ്ങൾക്കു ചുററുമുള്ള ലോകത്തെക്കുറിച്ചു പഠിക്കാൻ തുടങ്ങിയ ഉടൻതന്നെ ശാസ്ത്രം ആദ്യമായി രൂപമെടുത്തു. ഹവ്വായുടെ സൃഷ്ടിയ്ക്കു മുമ്പുതന്നെ മൃഗങ്ങൾക്കു പേരിടാൻ ആദാം നിയുക്തനായി. അവയ്ക്ക് ഉചിതമായ പേരുകൾ നൽകുകയെന്നത്, അദ്ദേഹം ശ്രദ്ധാപൂർവം അവയുടെ സ്വഭാവവിശേഷതകളും ശീലങ്ങളും പഠിക്കുന്നത് ആവശ്യമാക്കിത്തീർത്തു. ഇതിനെ നാമിന്നു ജന്തുശാസ്ത്രം എന്നു വിളിക്കുന്നു.—ഉല്പത്തി 2:19.
ആദാമിന്റെയും ഹവ്വായുടെയും അദ്യത്തെ കുട്ടിയായ കയീൻ “ഒരു പട്ടണം പണിയുന്നതിൽ ഏർപ്പെട്ടു,” അതുകൊണ്ട് അവശ്യ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള വേണ്ടത്ര ശാസ്ത്രീയ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനായ തൂബാൽകയീൻ “ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ” എന്നു വിളിക്കപ്പെട്ടു. അപ്പോഴേക്കും ശാസ്ത്രീയ അറിവും സങ്കേതികവിദ്യയും വ്യക്തമായും വികസിച്ചിരുന്നു.—ഉല്പത്തി 4:17-22.
ഈജിപ്ററ് ഒരു ലോകശക്തി—ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ആദ്യത്തേത്—ആയിത്തീർന്ന സമയമായപ്പോഴേക്ക്, ഭീമാകാരമായ പിരമിഡുകൾ നിർമിക്കാൻ ഈജിപ്ററുകാർ പ്രാപ്തരായിത്തീർന്ന ഘട്ടത്തോളം ശാസ്ത്രീയവിജ്ഞാനം പുരോഗമിച്ചു. “നിർമാണവിദ്യയിലെ വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ച വളരെയധികം പരീക്ഷണങ്ങൾക്കുശേഷം മാത്രമാണു” പിരമിഡുകളുടെ രൂപസംവിധാനം “വിജയകരമായി നടപ്പായത്” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഗണിതശാസ്ത്രത്തിന്റെ കാര്യമായ ജ്ഞാനം ഈ പ്രശ്നങ്ങളുടെ നിർദ്ധാരണത്തിന് ആവശ്യമായിരുന്നു. കൂടാതെ ബന്ധപ്പെട്ട ശാസ്ത്രീയ വൈദഗ്ദ്ധ്യങ്ങളും അന്നു നിലവിലുണ്ടായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു.
തീർച്ചയായും ശാസ്ത്രീയജിജ്ഞാസ ഈജിപ്ററുകാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ബാബിലോന്യർ കലണ്ടർ വികസിപ്പിച്ചെടുത്തതു കൂടാതെ എണ്ണാനും അളക്കാനും ഉള്ള സമ്പ്രദായങ്ങളും ആവിഷ്കരിച്ചു. വിദൂരപൂർവദേശത്തു ചൈനീസ് സംസ്കാരം വിലപ്പെട്ട ശാസ്ത്രീയ സംഭാവനകൾ നൽകി. അമേരിക്കൻ വൻകരകളിലെ ഇൻകാകളുടെയും മായൻമാരുടെയും പൂർവപിതാക്കൻമാർ, മികവുററ ഒരു നാഗരികത വികസിപ്പിച്ചിരുന്നു. അതു പിൽക്കാലത്തു യൂറോപ്യൻ പര്യവേക്ഷകരെ അമ്പരപ്പിക്കുകയുണ്ടായി. കാരണം “പിന്നോക്കക്കാരായ തദ്ദേശീയരി”ൽനിന്ന് അത്തരം നേട്ടങ്ങൾ അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
എന്നിരുന്നാലും, ശാസ്ത്രീയസത്യം എന്ന നിലയ്ക്ക് ഈ പ്രാചീന മനുഷ്യർ ആദ്യം കരുതിപ്പോന്ന സകലവും ശാസ്ത്രീയമായി ശരിയെന്നു തെളിഞ്ഞില്ല. ശാസ്ത്രീയ ഗവേഷണത്തിനായി ബാബിലോന്യർ രൂപം നൽകിയ ഉപയോഗപ്രദമായ വിദ്യകളോടൊപ്പം, “അവർ ജ്യോതിഷംa എന്ന അബദ്ധശാസ്ത്രം [Pseudoscience] കൂടെ വികസിപ്പിച്ചു” എന്നു ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ നമ്മോടു പറയുന്നു.
എവിടെയും ബാബിലോൻ
ബൈബിൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ബാബിലോൻ വ്യാജാരാധനയുടെ പര്യായമാണ്. അവിടെ പ്രചാരത്തിലിരുന്ന ജ്യോതിഷത്തിൽ, വെവ്വേറെ ദൈവങ്ങൾ ആകാശത്തിന്റെ ഓരോ ഭാഗത്തെയും ഭരിക്കുന്നുവെന്നു വിശ്വസിച്ചിരുന്നു. ഒരു ദൈവം മാത്രമേയുള്ളു എന്നു പഠിപ്പിക്കുന്ന ബൈബിൾ, ജ്യോതിഷം എന്ന് അറിയപ്പെടുന്ന അബദ്ധശാസ്ത്രത്തെ തള്ളിക്കളയുമ്പോൾ അതു ശാസ്ത്രീയമായി ശരിയാണ്.—ആവർത്തനം 18:10-12; 1 കൊരിന്ത്യർ 8:6; 12:6; എഫെസ്യർ 4:6.
മതം ആദിമമമനുഷ്യന്റെ ജീവിതത്തിലെ ഒരു അവിഭാജ്യഘടകമായിരുന്നു. അതുകൊണ്ട് ശാസ്ത്രീയവിജ്ഞാനം മതപരമായ വിശ്വാസങ്ങളെയും ആശയങ്ങളെയും കൂടാതെയല്ല വികസിച്ചത് എന്നു മനസ്സിലാക്കാവുന്നതാണ്. വൈദ്യശാസ്ത്രരംഗത്ത് ഇതു വിശേഷിച്ചും കാണാൻ കഴിയും.
ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “അനുഭവത്തിലും ന്യായബോധത്തിലും അടിസ്ഥാനപ്പെട്ടിരുന്ന ചികിത്സാരീതിയോടു മന്ത്രവാദവും മതവും ബന്ധപ്പെട്ടിരുന്നതായും, ഫറവോന്റെ കൊട്ടാരത്തിലെ മുഖ്യമാന്ത്രികൻ രാജ്യത്തെ പ്രധാന വൈദ്യനായി കൂടെകൂടെ സേവനമനുഷ്ഠിച്ചുവെന്നും, പഴയ രാജഭരണകാലത്തെ ഈജിപ്ഷ്യൻ സമൂഹത്തെയും ചികിത്സാരീതിയെയും ചിത്രീകരിക്കുന്ന പുരാതന രേഖകൾ പ്രകടമാക്കുന്നു.”
മൂന്നാമത്തെ ഈജിപ്ഷ്യൻ രാജവംശത്തിന്റെ കാലത്ത്, ഇംഹോട്ടെപ്പ് എന്നു പേരുള്ള ഒരു പ്രമുഖ വാസ്തുശിൽപി നല്ല പ്രാപ്തികളുള്ള ഒരു വൈദ്യൻ എന്ന നിലയിൽ പ്രാമുഖ്യത നേടി. അദ്ദേഹത്തിന്റെ മരണത്തിനുശേഷം കഷ്ടിച്ച് ഒരു നൂററാണ്ടു കഴിഞ്ഞ്, അദ്ദേഹം വൈദ്യകലയുടെ ഈജിപ്ഷ്യൻ കുലദൈവമായി ആരാധിക്കപ്പെട്ടു. പൊ.യു.മു. [പൊതുയുഗത്തിനു മുമ്പ്] ആറാം നൂററാണ്ടിന്റെ അവസാനത്തോടെ, ഒരു ദേവപ്രമുഖന്റെ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ “മിക്കപ്പോഴും ദുരിതബാധിതരെക്കൊണ്ടു നിറഞ്ഞു. അവർ അവിടെ പ്രാർഥിക്കുകയും തങ്ങളുടെ സ്വപ്നങ്ങളിൽ ദൈവം പ്രതിവിധികൾ വെളിപ്പെടുത്തിത്തരും എന്ന ബോധ്യത്തോടെ അവിടെ കിടന്നുറങ്ങുകയും ചെയ്തിരുന്നു,” എന്നു ബ്രിട്ടാനിക്ക പറയുന്നു.
ഈജിപ്ററിലും ബാബിലോനിലും ഉണ്ടായിരുന്ന ചികിത്സകൻമാർ മതപരമായ ആശയങ്ങളാൽ വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്നു. “പനിയും അണുബാധയും വേദനയും നൊമ്പരവും ഉളവാകുന്നതു ശരീരത്തെ ആക്രമിക്കുന്ന ദുഷ്ടാത്മാക്കൾ അഥവാ ഭൂതങ്ങൾ ആണെന്നായിരുന്നു അക്കാലത്തും തുടർന്നുവന്ന തലമുറകളോളവും നിലവിലിരുന്ന രോഗസിദ്ധാന്തം” എന്ന് ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് പറയുന്നു. അക്കാരണത്താൽ ചികിത്സയിൽ മതപരമായ വഴിപാടുകൾ മന്ത്രം അഥവാ ആഭിചാരം എന്നിവയും ഉൾപ്പെട്ടിരുന്നു.
കാലക്രമത്തിൽ, പൊ.യു.മു. നാലും അഞ്ചും നൂററാണ്ടുകളിൽ ഹിപ്പോക്രാററസ് എന്നു പേരുള്ള ഒരു ഗ്രീക്കു ചികിത്സകൻ ഈ വീക്ഷണത്തെ വെല്ലുവിളിച്ചു. വൈദ്യ ചികിത്സയിലെ പെരുമാററ ചട്ടങ്ങളുടെ ആധാരപ്രമാണം അടങ്ങിയിട്ടുള്ളതെന്ന് പരക്കെ വീക്ഷിക്കപ്പെടുന്ന ഹിപ്പോക്രാററസിന്റെ പ്രതിജ്ഞ നിമിത്തം അദ്ദേഹം വിശേഷാൽ പ്രസിദ്ധനാണ്. “മമനുഷ്യന്റെ രോഗത്തെ സംബന്ധിച്ച വിശദീകരണം കണ്ടുപിടിക്കുന്നതിൽ പുരോഹിതൻമാരോടു മത്സരിച്ച ആദ്യ വ്യക്തികളിൽ” ഹിപ്പോക്രാററസും ഉണ്ടായിരുന്നു എന്ന് കണ്ടുപിടിത്തത്തിന്റെ നിമിഷങ്ങൾ—ശാസ്ത്രത്തിന്റെ ഉത്ഭവങ്ങൾ [Moments of Discovery—The Origins of Science] എന്ന പുസ്തകം കുറിക്കൊള്ളുന്നു. ശാസ്ത്രീയരീതിയിൽ ചികിത്സിക്കാൻ അദ്ദേഹം രോഗത്തിന്റെ സ്വാഭാവിക കാരണങ്ങൾ അന്വേഷിച്ചു. ന്യായബോധവും അനുഭവവും മതപരമായ അന്ധവിശ്വാസത്തിന്റെയും ഊഹാപോഹത്തിന്റെയും സ്ഥാനം കൈയടക്കാൻ തുടങ്ങി.
ചികിത്സയെ മതവിശ്വാസ സിദ്ധാന്തങ്ങളിൽനിന്നു വേർതിരിച്ചെടുക്കുകയെന്നതിൽ ഹിപ്പോക്രാററസ് സ്വാഗതാർഹമായ ഒരു ചുവടുവയ്പാണു നടത്തിയത്. എന്നുവരികിലും, ഇന്നുപോലും ചികിത്സയുടെ മതപരമായ പശ്ചാത്തലത്തെക്കുറിച്ചു നാം ഓർമിപ്പിക്കപ്പെടുന്നു. അതിന്റെ പ്രതീകമായ, ചികിത്സയുടെ ഗ്രീക്കുദേവനായ അസ്ക്ലീപയസിന്റെ പാമ്പു ചുററിയ വടിയുടെ ഉത്ഭവം തന്നെ വിശുദ്ധ പാമ്പുകളെ സൂക്ഷിച്ചിരുന്ന പുരാതന സൗഖ്യമാക്കൽ ക്ഷേത്രങ്ങളിൽ നിന്നാണ്. എൻസൈക്ലോപീഡിയ ഓഫ് റിലിജെൻ പറയുന്നതനുസരിച്ച്, “ജീവനെ പുതുക്കാനും ആരോഗ്യത്തിൽ പുനർജൻമം നൽകാനും ഉള്ള പ്രാപ്തി”യുടെ പ്രതീകമായിരുന്നു ആ പാമ്പുകൾ.
ഹിപ്പോക്രാററസ് വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നു പിന്നീട് അറിയപ്പെടാനിടയായി. എന്നാൽ ഇതു ചിലപ്പോഴൊക്കെ ശാസ്ത്രീയമായി തെററു വരുത്തുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞില്ല. അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ ചില ആശയങ്ങൾ “ഇന്നു നമുക്കു തികച്ചും ഭ്രാന്തമായി തോന്നുന്നു” എന്ന് ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് എന്ന പുസ്തകം പറയുന്നു. എന്നാൽ, “ഇപ്പോൾ ഏററവും ഉറപ്പായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന വൈദ്യശാസ്ത്ര സിദ്ധാന്തങ്ങളിൽ ചിലത് ഒരു ഭാവി തലമുറയിലെ മനുഷ്യർക്കു മിക്കവാറും കേവലം ഭ്രാന്തമായി തോന്നും” എന്നു പറഞ്ഞുകൊണ്ടു വൈദ്യശാസ്ത്രപരമായ അഹങ്കാരത്തിനെതിരെ ഈ പുസ്തകം മുന്നറിയിപ്പു നൽകുന്നു.
പടിപടിയായി മുന്നേറുന്നു
അതുകൊണ്ട് നൂററാണ്ടുകൾക്കൊണ്ടു തെററായ സിദ്ധാന്തങ്ങളിൽനിന്നു വസ്തുതകളെ വകതിരിച്ചെടുത്തുകൊണ്ടുള്ള ശാസ്ത്രീയ സത്യത്തിന്റെ കണ്ടുപിടിത്തം ക്രമാനുഗതമായ ഒരു പ്രക്രിയ ആയിരുന്നിട്ടുണ്ട്. എന്നാൽ ഇതു സാധ്യമായിരിക്കുന്നതിന് ഒരു തലമുറയുടെ കണ്ടുപിടിത്തങ്ങളെ കൃത്യമായി അടുത്ത തലമുറയ്ക്കു കൈമാറേണ്ടതുണ്ടായിരുന്നു. മനുഷ്യർ സംസാരിക്കാനുള്ള പ്രാപ്തിയോടെ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ഇതു ചെയ്യുന്നതിനുള്ള ഒരു വിധം സ്പഷ്ടമായും വാമൊഴിയിലൂടെയുള്ള വിനിയമം ആയിരുന്നു.—ഉല്പത്തി 2:23 താരതമ്യപ്പെടുത്തുക.
എന്നിരുന്നാലും, നിരീക്ഷണഫലങ്ങൾ കൈമാറുന്ന ഈ രീതി, ശാസ്ത്രീയവും സങ്കേതികവുമായ പുരോഗതി ആവശ്യപ്പെടുന്ന കൃത്യത പ്രദാനം ചെയ്യാൻ കഴിയുന്നത്ര ആശ്രയയോഗ്യമായിരുന്നില്ല. ലിഖിതരൂപത്തിൽ വിവരങ്ങൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യം വ്യക്തമായും ഉണ്ടായിരുന്നു.
മനുഷ്യർ എഴുതാൻ തുടങ്ങിയത് എപ്പോഴെന്ന് അറിവില്ല. എന്നാൽ ഒരിക്കൽ അവർ അത് തുടങ്ങിയപ്പോൾ, വിവരങ്ങൾ കൈമാറാവുന്ന അത്ഭുതകരമായ ഒരു പ്രക്രിയ അവർക്കു കൈവന്നു. മററുള്ളവർക്ക് ഈ വിവരങ്ങളുടെമീതെ കൂടുതൽ കാര്യങ്ങൾ കെട്ടിപ്പടുക്കാൻ കഴിയുമായിരുന്നു. ഏതാണ്ട് പൊ.യു.മു. 105-നോടടുത്തു ചൈനയിൽ കടലാസ് കണ്ടുപിടിക്കുന്നതിനുമുമ്പു കളിമൺഫലകങ്ങളിലും പാപ്പിറസിലും മൃഗചർമത്തിലും എഴുതിയിരുന്നു.
എണ്ണാനും അളക്കാനും ഉള്ള സമ്പ്രദായങ്ങളില്ലാതെ അടിസ്ഥാന ശാസ്ത്രീയപുരോഗതി സാധിക്കുമായിരുന്നില്ല. അവയുടെ വികസനത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ട ആവശ്യമില്ല. ഗണിതശാസ്ത്രത്തിന്റെ പ്രയോജനങ്ങളെ “വ്യാപ്തിയിൽ സാർവത്രികം” എന്നു വിളിച്ചുകൊണ്ട് “അതിന്റെ വിശകലനങ്ങൾ സർവപ്രധാനമായ അനവധി ശാസ്ത്രീയ നേട്ടങ്ങളിലേക്കു നയിച്ചിട്ടുണ്ട്” എന്ന് ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് നമ്മെ ഓർമിപ്പിക്കുന്നു. ഗണിതശാസ്ത്രം “രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും എഞ്ചിനിയർക്കും മററുള്ളവർക്കും ഒരു അമൂല്യ ഉപകരണമായി” ഉതകുകയും ചെയ്യുന്നു.
നൂററാണ്ടുകളിലുടനീളം മററു ഘടകങ്ങളും ശാസ്ത്രീയ സത്യത്തിനുവേണ്ടിയുള്ള അന്വേഷണത്തിന് ആക്കം വർധിപ്പിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, യാത്ര. ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് ഇപ്രകാരം വിശദീകരിക്കുന്നു: “വിദേശനാടുകളിലേക്കു യാത്ര ചെയ്യുന്ന മനുഷ്യൻ പുതിയ ദൃശ്യങ്ങൾ, ശബ്ദങ്ങൾ, ഗന്ധങ്ങൾ, രുചികൾ എന്നിവയാൽ തന്റെ ജിജ്ഞാസ വർധിക്കുന്നതായി കണ്ടെത്തുന്നു. അപരിചിതമായ ഒരു ദേശത്തു കാര്യങ്ങൾ ഇത്ര വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട് എന്നു ചോദിക്കാൻ അയാൾ പ്രലോഭിപ്പിക്കപ്പെടും; തന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിൽ അയാൾ ജ്ഞാനം ആർജിക്കും. പ്രാചീന ഗ്രീക്കുകാർ അങ്ങനെയുള്ളവർ ആയിരുന്നു.”
അതേ, സദാ സാമീപ്യരായ ഗ്രീക്കുകാർ
മതത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ വാണിജ്യത്തെക്കുറിച്ചോ ഉള്ള ചരിത്രം വായിക്കുക, കൂടെക്കൂടെ ഗ്രീക്കുകാരെക്കുറിച്ചുള്ള പരാമർശങ്ങൾ നിങ്ങൾ കണ്ടെത്തും. അവരുടെ പ്രസിദ്ധ തത്ത്വചിന്തകൻമാരെക്കുറിച്ച് ആരാണു കേൾക്കാത്തത്? എന്തിന്, അതിന്റെ ഇംഗ്ലീഷ് പദംതന്നെ “ജ്ഞാനത്തോടുള്ള സ്നേഹം” എന്നർഥമുള്ള ഫിലോസോഫിയ എന്ന ഗ്രീക്കു പദത്തിൽനിന്നാണു വരുന്നത്. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഒന്നാം നൂററാണ്ടിൽ അവരുടെ രാജ്യം സന്ദർശിച്ചപ്പോൾ, ഗ്രീക്കുകാരുടെ ജ്ഞാനത്തോടുള്ള സ്നേഹവും വിജ്ഞാനതൃഷ്ണയും പ്രസിദ്ധമായിരുന്നു. അദ്ദേഹം എപ്പിക്കൂര്യരും സ്റേറായിക്യരുമായ തത്ത്വജ്ഞാനികളെ പരാമർശിച്ചു, അവർ, “പുതിയത് എന്തെങ്കിലും പറയാനോ കേൾക്കാനോ അല്ലാതെ മറെറാന്നിന്നും സമയം” ഇല്ലാതിരുന്ന ആഥൻസുകാരെപ്പോലെയും വിദേശികളെപ്പോലെയും ആയിരുന്നു.—പ്രവൃത്തികൾ 17:18-21, ഓശാന ബൈബിൾ.
അതുകൊണ്ട്, പുരാതനകാലത്തെ ജനതകളിൽ ഗ്രീക്കുകാരാണു ശാസ്ത്രത്തിന് ഏററവും വലിയ പൈതൃകം നൽകിയത് എന്നുള്ളത് ആശ്ചര്യമല്ല. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക കൂടുതലായി ഇപ്രകാരം പറയുന്നു: “പ്രപഞ്ചത്തിന്റെ ആവിർഭാവം സംബന്ധിച്ച കെട്ടുകഥകൾ നീക്കം ചെയ്തു പകരം അതു സംബന്ധിച്ച ഒരു സിദ്ധാന്തം പ്രദാനം ചെയ്യാനുള്ള ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ ഉദ്യമം ഒടുവിൽ പ്രായോഗികമായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലേക്കു നയിച്ചു.”
വാസ്തവത്തിൽ, ഗ്രീക്ക് തത്ത്വജ്ഞാനികളിൽ ചിലർ ശാസ്ത്രീയ സത്യത്തിനുവേണ്ടിയുള്ള അന്വേഷണത്തിന് ഈടുററ സംഭാവനകൾ നൽകി. തങ്ങളുടെ പൂർവഗാമികളുടെ അബദ്ധജഡിലങ്ങളായ ആശയങ്ങളും സിദ്ധാന്തങ്ങളും നീക്കം ചെയ്യാൻ അവർ കഠിനമായി ശ്രമിച്ചു, അതേസമയം ശരിയാണെന്നു തങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൻമേൽ കൂടുതൽ പടുത്തുയർത്തിക്കൊണ്ടുതന്നെ. (ദൃഷ്ടാന്തങ്ങൾക്ക്, ചതുരം കാണുക.) അതുകൊണ്ട്, ഇന്നലത്തെ ഗ്രീക്ക് തത്ത്വചിന്തകൻമാർ ഇന്നത്തെ ശാസ്ത്രജ്ഞരെപ്പോലെ ചിന്തിക്കുന്ന ഏതെങ്കിലും പുരാതന ജനതയോട് ഏററവും അടുത്തുവന്നു. താരതമ്യേന അടുത്തകാലംവരെ, ആകസ്മികമായി ശാസ്ത്രത്തിന്റെ വ്യത്യസ്ത ശാഖകളെ വർണിക്കാൻ “സ്വാഭാവിക തത്ത്വചിന്ത” എന്ന പദപ്രയോഗം ഉപയോഗിച്ചിരുന്നു.
തത്ത്വശാസ്ത്രത്തെ സ്നേഹിക്കുന്ന ഗ്രീസ് കാലക്രമേണ രാഷ്ട്രീയമായി പുതുതായി സ്ഥാപിക്കപ്പെട്ട റോമൻ സാമ്രാജ്യത്തിന്റെ പ്രഭാവത്തിൻമുമ്പിൽ മങ്ങിപ്പോയി. ശാസ്ത്രീയ പുരോഗതിയുടെമേൽ ഇതിന് എന്തെങ്കിലും ഫലമുണ്ടായിരുന്നോ? അതോ ക്രിസ്ത്യാനിത്വത്തിന്റെ ആഗമനം എന്തെങ്കിലും വ്യത്യാസം ഉളവാക്കുമോ? ഞങ്ങളുടെ അടുത്ത ലക്കത്തിലെ മൂന്നാം ഭാഗം ഉത്തരം നൽകും. (g93 4/22)
[അടിക്കുറിപ്പുകൾ]
a ജ്യോതിർഗോളങ്ങൾ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുകയോ ഭാവി മുൻകൂട്ടിപ്പറയുകയോ ചെയ്യുന്നു എന്നുള്ള വിശ്വാസത്തിൽ അവയുടെ ചലനങ്ങളെപ്പററി നടത്തുന്ന പഠനമാണു ജ്യോതിഷം. ഇതിനെ, ആത്മവിദ്യാപരമായ ഗൂഢാർഥങ്ങൾ ഒന്നും ആരോപിക്കാതെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ബഹിരാകാശത്തെ മററു സ്വാഭാവിക വസ്തുക്കളെയും പററി നടത്തുന്ന ശാസ്ത്രീയ പഠനമായ ജ്യോതിശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്.
[19-ാം പേജിലെ ചതുരം]
ക്രിസ്തുവിനു മുമ്പത്തെ ഗ്രീക്ക് “ശാസ്ത്രജ്ഞർ”
മിലേത്തൂസിലെ തെയ്ൽസ് (ആറാം നൂററാണ്ട്), വിശേഷിച്ചു ഗണിതശാസ്ത്രത്തിലെ തന്റെ ഗവേഷണത്തിനും സകലദ്രവ്യത്തിന്റെയും സത്ത ജലം ആണ് എന്ന തന്റെ വിശ്വാസത്തിനും പ്രസിദ്ധനാണ്, പ്രപഞ്ചത്തിന്റെ രൂപഘടനയെ സൂക്ഷ്മ അപഗ്രഥനത്തിനു വിധേയമാക്കുന്ന ഒരു സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. “ശാസ്ത്രീയചിന്തയുടെ വികസനത്തിൽ നിർണായകം” എന്നു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ആ സമീപനരീതിയെക്കുറിച്ചു പറയുന്നു.
സോക്രട്ടീസനെ (അഞ്ചാം നൂററാണ്ട്) “യഥാർഥ ശാസ്ത്രീയ സമീപന രീതിയുടെ കാതലിനോട് അടുത്തുവരുന്ന ഒരു അന്വേഷണരീതിയുടെ—തർക്കശാസ്ത്രത്തിന്റെ—ഉപജ്ഞാതാവ്” എന്ന് ദ ബുക്ക് ഓഫ് പോപ്പുലർ സയൻസ് വിളിക്കുന്നു.
അബ്ഡേറായിലെ ഡിമോക്രററസ് (അഞ്ച്-നാല് നൂററാണ്ട്) പ്രപഞ്ച അണുസിദ്ധാന്തത്തിനും അതുപോലെതന്നെ ദ്രവ്യത്തിന്റെ അക്ഷയത, ഊർജസംരക്ഷണം എന്നിവ സംബന്ധിച്ച സിദ്ധാന്തങ്ങൾക്കും അടിസ്ഥാനം ഇടാൻ സഹായിച്ചു.
പ്ലേറേറാ (അഞ്ച്-നാല് നൂററാണ്ട്) തത്ത്വശാസ്ത്രപരവും ശാസ്ത്രീയവുമായ ഗവേഷണത്തിന്റെ വ്യവസ്ഥാനുസരണമായ അനുധാവനത്തിനുവേണ്ടി ഏഥെൻസിൽ ഒരു അക്കാദമി സ്ഥാപിച്ചു.
അരിസ്റേറാട്ടിൽ (നാലാം നൂററാണ്ട്) ജ്ഞാനിയായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു. അനേകം മണ്ഡലങ്ങളിൽ ഗവേഷണം നടത്തിയ ലൈസിയം എന്ന ഒരു ശാസ്ത്രീയ സ്ഥാപനത്തിന് അദ്ദേഹം രൂപം കൊടുത്തു. ആയിരത്തഞ്ഞൂറ് വർഷത്തിനുമേൽ അദ്ദേഹത്തിന്റെ ആശയങ്ങൾ ശാസ്ത്രീയ ചിന്തയുടെമേൽ അധീശത്വം പുലർത്തി, അദ്ദേഹം പരമോന്നത ശാസ്ത്രീയ പ്രാമാണികൻ എന്ന നിലയിൽ കരുതപ്പെട്ടിരുന്നു.
യൂക്ലിഡ് (നാലാം നൂററാണ്ട്), പ്രാചീനകാലത്തെ ഏററവും പ്രമുഖ ഗണിതശാസ്ത്രജ്ഞനായ ഇദ്ദേഹം “ക്ഷേത്രഗണിതം” (ജ്യാമിതി) [geometry] സംബന്ധിച്ച അറിവ് സമാഹരിച്ചതിനാണ് ഏററവും അധികം അറിയപ്പെടുന്നത്. അതിന്റെ ഇംഗ്ലീഷ് പദം “സ്ഥലത്തിന്റെ അളവ്” എന്നർഥമുള്ള ഒരു ഗ്രീക്കു പദത്തിൽനിന്നാണു വരുന്നത്.
നിഖ്യയിലെ ഹിപ്പാർക്കസ് (രണ്ടാം നൂററണ്ട്) ഒരു പ്രമുഖ ജ്യോതിശാസ്ത്രജ്ഞനും ത്രികോണമിതിയുടെ [trigonometry] സ്ഥാപകനുമായിരുന്നു. അദ്ദേഹം പ്രകാശതീവ്രത അനുസരിച്ചു നക്ഷത്രങ്ങളെ വിവിധ പ്രകാശമാനങ്ങളിലായി [magnitude] തരംതിരിച്ചു, ഈ രീതി അടിസ്ഥാനപരമായി ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഹിപ്പാർക്കസിന്റെ കണ്ടുപിടിത്തങ്ങളെ വിപുലീകരിക്കുകയും ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നു പഠിപ്പിക്കുകയും ചെയ്ത രണ്ടാം നൂററാണ്ടിലെ ഒരു പ്രമുഖ ഭൂമിശാസ്ത്രജ്ഞനും ബഹിരാകാശഗവേഷകനുമായ ടോളമിയുടെ മുൻഗാമി ആയിരുന്നു അദ്ദേഹം.
[20-ാം പേജിലെ ചിത്രം]
അസ്ക്ലീപയസിന്റെ പാമ്പു ചുററിയ വടി, മതപരമായ സ്വാധീനം കൂടാതെ ശാസ്ത്രം പുരോഗമിച്ചിട്ടില്ല എന്നതിന്റെ ഒരു അനുസ്മരണവസ്തു