“കണ്ടുപിടിത്തങ്ങളുടെ യുഗം”—എന്തു വിലകൊടുത്ത്?
സ്പെയിനിലെ ഉണരുക! ലേഖകൻ
“ഞാൻ കണ്ടെത്തിയിരിക്കുന്നതു നോക്കൂ!” മനോഹരമായ ഒരു ചിത്രശലഭത്തെ പിടിച്ചുകൊണ്ട് ആ കൊച്ചുപെൺകുട്ടി വിളിച്ചുപറയുന്നു. മുതിർന്നവരും തങ്ങളുടെ ഏററവും അടുത്ത കാലത്തെ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടുന്നു.
അത് ഒരു സാർവ്വദേശീയ പ്രദർശനത്തിൽ അഥവാ ലോകമേളയിൽ അല്ലാതെ മെച്ചമായി മറെറവിടെ ചെയ്യാൻ കഴിയും? ആയിരത്തിതൊള്ളായിരത്തി തൊണ്ണൂററിരണ്ട് ഏപ്രിൽ 20 മുതൽ ഒക്ടോബർ 12 വരെ, എക്സ്പോ ’92 എന്നു നാമകരണം ചെയ്ത, ഈ നൂററാണ്ടിലെ അവസാനത്തേതും ഏററവും വലുതുമായ ലോകമേളയ്ക്ക് ദക്ഷിണ സ്പെയിനിലെ സെവെൽ ആതിഥ്യം നല്കി.
എക്സ്പോ ’92-ന്റെ വിഷയം “കണ്ടുപിടിത്തങ്ങളുടെ യുഗം” എന്നായിരുന്നു, അതുകൊണ്ടു മനുഷ്യവർഗ്ഗത്തിന്റെ കഴിഞ്ഞ കാലത്തേയും ഇപ്പോഴത്തേയും കണ്ടുപിടിത്തങ്ങളിലെ തങ്ങളുടെ പങ്കിനെ ചിത്രീകരിക്കാൻ പങ്കെടുത്തവർ കഠിനശ്രമം ചെയ്തു. സന്ദർശകന് 111 രാജ്യങ്ങളിലെ പാചകരീതിയും നാടോടിവിജ്ഞാനീയവും ശില്പവിദ്യയും സാങ്കേതികവിദ്യയും കാണുന്നതിനുള്ള അനുപമമായ ഒരു അവസരം ലഭിച്ചു.
ഏതായാലും, സമീപവർഷങ്ങളിൽ കണ്ടുപിടിത്തത്തിന്റെ ഒരു ഇരുണ്ട വശം വെളിപ്പെട്ടിരിക്കുന്നു. അനേകം കണ്ടുപിടിത്തങ്ങളുടെയും അസുഖകരമായ ഒരു ഉപോത്പന്നം ഭൂമിയുടെ ഭംഗുരമായ പരിസ്ഥിതിയുടെ നശീകരണമായിരുന്നിട്ടുണ്ട്. ഒരു കൊച്ചുപെൺകുട്ടി ചിത്രശലഭത്തിന്റെ മൃദുവായ ചിറകുകൾ നശിപ്പിച്ചേക്കാമെന്നതുപോലെതന്നെ സാങ്കേതികവിദ്യയുടെ നിരുത്തരവാദപരമായ ഉപയോഗം നമ്മുടെ ഗ്രഹത്തിന് അപരിഹാര്യമായ തകരാറു വരുത്തിയേക്കാം.
അതുകൊണ്ട് എക്സ്പോ ’92 ഒഫിഷ്യൽ ഗൈഡ് വിശദീകരിച്ചതുപോലെ, “കണ്ടുപിടിക്കാനുള്ള മനുഷ്യവർഗ്ഗത്തിന്റെ പ്രാപ്തിക്കു ബഹുമതി” കൊടുക്കുക മാത്രമല്ല, പിന്നെയോ നമ്മുടെ ഭംഗുരമായ ഗ്രഹത്തെ സംരക്ഷിക്കുന്നതിനാവശ്യമായ സാർവ്വദേശീയ ഐക്യദാർഢ്യത്തെ ഉന്നമിപ്പിക്കുക എന്നുള്ളതുമായിരുന്നു ലക്ഷ്യം.
“ലോകം ഒരു ദ്വീപിൽ”
ആതിഥേയ നഗരമായ സെവിൽ കണ്ടുപിടിത്തത്തിന്റെ സുവർണ്ണയുഗത്തിൽ സമ്പന്നമായി. ക്രിസ്ററഫർ കൊളംബസ് തന്റെ രണ്ടാമത്തെ വലിയ സമുദ്രപര്യവേക്ഷണയാത്ര ആരംഭിച്ചത് സെവിലിൽനിന്നായിരുന്നു. പതിനാറാം നൂററാണ്ടിൽ അമേരിക്കകളിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും അധികഭാഗവും സ്പാനിഷ് കപ്പലുകൾ സെവിലിയിലേക്കു കൊണ്ടുപോയി. സ്വർണ്ണക്കട്ടികൾ—ആദിമ പര്യവേക്ഷകരുടെ മുഖ്യപ്രേരകഘടകം— നഗരത്തിന്റെ പ്രസിദ്ധമായ അടയാളങ്ങളിൽ ഒന്നായ റേറാറെ ഡെൽ ഓറായിൽ (സ്വർണ്ണഗോപുരം) ഇറക്കി.
ഏതായാലും, അടുത്തകാലത്തു പണം വരുന്നതിനുപകരം പുറത്തേക്ക് ഒഴുകുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ആൻഡലൂഷ്യൻ തലസ്ഥാനനഗരിയെ എക്സ്പോ ’92-വിനുവേണ്ടി ഒരുക്കിക്കൊണ്ട് ആയിരം കോടി ഡോളർ ചെലവഴിച്ചു. ആ പണമെല്ലാം എന്തു സൃഷ്ടിച്ചു?
സെവിലിന്റെ പ്രാന്തപ്രദേശങ്ങളിൽ ഗ്വാഡൽക്വിവിർ നദി സൃഷ്ടിച്ച എക്കൽദ്വീപായ ലാ കാർററൂഹ ഒരു പഴയ സന്യാസിമഠവും ക്ഷയിക്കാറായ ഒരു കളിമൺപാത്ര ഫാക്ടറിയും നിലകൊണ്ട സ്ഥലമായിരുന്നു. ഇരുവശവും വൃക്ഷനിരകൾ നിറഞ്ഞ വീഥികളും പൂന്തോപ്പുകളും വെള്ളച്ചാലുകളും ആവൃതനടപ്പാതകളും ശോഭയാർന്ന പ്രദർശനമണ്ഡപങ്ങളും കൊണ്ടു നിറഞ്ഞ ബൃഹത്തായ ഒരു തീം പാർക്ക് ആയി അതു മാററപ്പെട്ടു, അവയെല്ലാം മനോജ്ഞമായ പല പാലങ്ങൾമുഖാന്തരം നഗരത്തോടു ബന്ധിപ്പിച്ചിരുന്നു. സ്പെയിനിലെ രാജാവായ ജുവാൻ കാർലോസ് I ഈ പുതിയ ലാ കാർററൂഹയെ “ഒരു ദീപിലെ ലോകം, ലോകത്തിനായുള്ള ഒരു ദ്വീപ്” എന്നു വർണ്ണിച്ചു. എക്സ്പോ ’92 സന്ദർശിച്ചവർ ഏതുതരത്തിലുള്ള ഒരു ലോകമാണു കണ്ടെത്തിയത്?
എക്സ്പോ ’92 സങ്കേതിക വൈദഗ്ദ്ധ്യങ്ങക്കെന്നപോലെ സംസ്കാരത്തിനും പാചകരീതിയ്ക്കും വിനോദത്തിനും ഊന്നൽ കൊടുത്തതായി തോന്നി. എഴുത്തുകാരനായ സെസ്സാർ ആലൻസോ ഇപ്രകാരം പ്രസ്താവിച്ചു: “എക്സ്പോ ’92-ൽ പുരോഗതിയുടെ ശുഭാപ്തിവിശ്വാസപരമായ ഒരു ആദരവിൽനിന്നു ശാസ്ത്രത്തിന്റെയോ സാങ്കേതികവിദ്യയുടെയോ കേവല നേട്ടങ്ങൾ സംബന്ധിച്ച ജാഗരൂകമായ ഒരു അവിശ്വാസത്തിലേക്കു നാം പുരോഗമിച്ചിരിക്കുന്നു.” പങ്കെടുത്ത ചെറിയ രാജ്യങ്ങളുടെ റെക്കോഡു സംഖ്യ ഈ പ്രദർശനത്തിനു സാങ്കേതികവശത്തിനുപകരം ഒരു മാനുഷിക വശം നല്കി.
വൈവിധ്യമാർന്ന പ്രദർശനമണ്ഡപങ്ങൾ വിദൂരരാജ്യങ്ങൾ ഒരിക്കലും സന്ദർശിക്കാൻ അവസരം ലഭിക്കാത്തവർക്ക് അത്തരം രാജ്യങ്ങളുടെ മനോഹാരിതയുടെയും ജനങ്ങളുടെയും ചരിത്രത്തിന്റെയും ഒരു വീക്ഷണം നല്കി. ന്യൂസിലാൻഡിൽനിന്നും പാപ്പുവ ന്യൂ ഗിനിയയിൽനിന്നും ഉള്ള നാടകീയ ഗോത്ര നൃത്തങ്ങൾ സന്ദർശകരുടെ ശ്രദ്ധയ്ക്കുവേണ്ടി മനോജ്ഞമായ റഷ്യൻ നാടോടി നൃത്തവുമായും സ്പാനിഷ് സെവിയാനാസമായും ആകർഷകമായ ഇൻഡോനേഷ്യൻ താളലയവുമായും മത്സരിച്ചു. സംഗീതനാടകങ്ങളും കരിമരുന്നുപ്രകടനങ്ങളും തെരുവുവിനോദ സംഘങ്ങളും ഏറെ വർണ്ണപ്പകിട്ടാർന്ന ഒരു അന്തരീക്ഷം പ്രദാനം ചെയ്തു.
പണ്ടത്തെയും ഇന്നത്തെയും കണ്ടുപിടിത്തങ്ങൾ
കഴിഞ്ഞ അഞ്ചുനൂററാണ്ടുകൊണ്ടു ലോകം എത്ര മാറിയിരിക്കുന്നുവെന്നു സന്ദർശകനു കാണാൻ കഴിഞ്ഞു. ലാ കാർററൂഹയിലെ പുതുക്കിപ്പണിത സന്യാസിമഠത്തിലെ ഒരു പ്രദർശനം 1492-ൽ ജീവിതം എങ്ങനെയിരുന്നു എന്നു കാണിച്ചു—യൂറോപ്പിലെ മാത്രമല്ല അമേരിക്കകളിലെയും പൗരസ്ത്യദേശത്തിലെയും ഇസ്ലാമിക ലോകത്തിലെയും. അക്കാലത്ത് ആ നാലു മേഖലകൾ സമുദ്രങ്ങളാലും മരുഭൂമികളാലും സംശയത്താലും അന്യോന്യം ബന്ധമില്ലാതെ വമ്പിച്ച ദ്വീപുകൾ പോലെയായിരുന്നു.
എന്നാൽ എല്ലാററിനുപരി, എക്സ്പോ ’92 പരിസ്ഥിതിയുമായി സ്നേഹത്തിലായിരിക്കാൻ ലക്ഷ്യം വച്ചു. ഒരു അന്തർദ്ദേശീയ പ്രദർശനത്തിൽ ആദ്യമായി പരിസ്ഥിതി സംരക്ഷണത്തിന് അജൻഡായിൽ വലിയ പ്രാമുഖ്യത നൽകപ്പെട്ടു. ഒരു ത്രിമാന ഡോക്യുമെൻററി ചിത്രം ഓസോൺ പാളിയിലെ വിള്ളൽ പോലെയുള്ള അടുത്തകാലത്തെ കണ്ടുപിടിത്തങ്ങൾ നമ്മുടെ ഗ്രഹം നേരിടുന്ന മനുഷ്യനിർമ്മിത ഭീഷണികളെ പ്രതീപ്തമാക്കിയിരിക്കുന്നതെങ്ങനെയെന്നു വിശദീകരിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രദർശനമണ്ഡപം അധികൃതസംരക്ഷണവുമായി സാമ്പത്തിക വളർച്ചയെ സന്തുലിതമാക്കുന്നതിലെ പ്രശ്നം വിശകലനം ചെയ്തു. ആമസോൺ മഴക്കാടിന്റെ ചെറിയ തോതിലുള്ള ഒരു മാതൃക കാണിച്ച പ്രകൃതിയേക്കുറിച്ചുള്ള പ്രദർശനമണ്ഡപം ഈ അമൂല്യസമ്പത്തിന്റെ വിനാശസാധ്യതയ്ക്ക് ഊന്നൽ കൊടുത്തു.
യൂറോപ്പിലെ ഏററവും വലിയ പൂന്തോട്ടനിർമ്മാണ പദ്ധതികളിലൊന്നിൽ 30,000 വൃക്ഷങ്ങളും 3,00,000 കുററിച്ചെടികളും ലാ കാർററൂഹ ദ്വീപിൽ വച്ചുപിടിപ്പിച്ചു. പ്രദർശനസ്ഥലത്തെ മനോഹരമാക്കുകയും കണ്ടുപിടിത്തം പരിസ്ഥിതിയുടെ വിനാശത്തിലേക്കു നയിക്കരുതെന്നുമുള്ള സന്ദേശം അറിയിക്കുകയായിരുന്നു ലക്ഷ്യം. ചുവപ്പും മഞ്ഞയുമായ ജലലില്ലികൾ സങ്കീർണ്ണമായ വാർത്താവിനിമയ ഉപഗ്രഹത്തിന് അടുത്തുതന്നെയുണ്ടായിരുന്നു. അതേസമയം, ജെക്കാരന്ത വൃക്ഷങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒറററെയിൽപാതയ്ക്കുകീഴെ പുഷ്പമണിഞ്ഞു, വിശാലമായ പച്ചപ്പുൽത്തകിടികൾ സങ്കീർണ്ണമായ ഫൈബർ ഓപ്ററിക് വാർത്താവിനിമയ ശൃംഖലയെ മറച്ചു.
അനേകം പ്രദർശനമണ്ഡപങ്ങൾ പരമ്പരാഗത ശില്പവിദ്യയെ ഓർമ്മിപ്പിച്ചു, അവ രൂപത്തിലോ നിർമ്മാണവസ്തു സംബന്ധിച്ചോ ശ്രദ്ധേയമായിരുന്നു. ജപ്പാന്റെ പ്രദർശനമണ്ഡപം ലോകത്തിലെ മരംകൊണ്ടുള്ള ഏററവും വലിയ കെട്ടിടമാണെന്ന് അവകാശപ്പെട്ടു. എന്നാൽ സ്വിററ്സർലണ്ടുകാർ കടലാസുകൊണ്ടുള്ള മനോഹരമായ ഗോപുരം പണിതു. മൊറോക്കോ ഒരു അറേബ്യൻ കൊട്ടാരവും യുണൈററഡ് അറബ് എമിറേററ്സ് ഒരു കൊച്ചുമാളികയും നിർമ്മിച്ചു. ന്യൂസിലാൻഡിന്റെ പ്രദർശനമണ്ഡപത്തിന്റെ പൂമുഖം വെള്ളച്ചാട്ടവും ഒരു പർവ്വതശൃംഗവും യഥാർത്ഥമെന്നു തോന്നിക്കുന്ന പരുഷമായി കരയുന്ന കടൽപക്ഷികളുടെ ഒരു കോളനിയും സഹിതമുള്ള ഒരു കിഴക്കാംതൂക്കായ പാറയായിരുന്നു. ഇന്ത്യയുടെ മരംകൊണ്ടുള്ള പ്രദർശനമണ്ഡപത്തെ അസാധാരണ വലിപ്പത്തിലുള്ള ഒരു ആൺമയിലിന്റെ വാൽ മകുടം ചാർത്തിയിരുന്നു.
അത്യുഷ്ണമുള്ള സെവിലിയൻ വേനൽക്കാലത്തു തണുപ്പ് നിലനിർത്തുക എപ്പോഴും ഒരു പ്രശ്നമാണ്. സെവിലിയിൽ നൂററാണ്ടുകൾക്കുമുമ്പു അധിവസിച്ചിരുന്ന നീഗ്രോകളുടെ പണ്ടുമുതലേയുള്ള രീതികൾ ഉപയോഗിച്ചുകൊണ്ട് ഈ എക്സ്പോ സംഘാടകർ ഈ പ്രശ്നത്തെ സ്വാഭാവിക രീതിയിൽ പരിഹരിക്കാൻ ശ്രമിച്ചു. ചൂടു സഹിക്കാവുന്നതാക്കുന്നതിനു വൃക്ഷങ്ങളോടും കുററിച്ചെടികളോടും തണലുള്ള നടപ്പാതകളോടുമൊപ്പം അനേകം ജലധാരായന്ത്രങ്ങളും ജലത്തുള്ളികളുടെ കൃത്രിമ മേഘങ്ങളും കൂട്ടിച്ചേർത്തു.
“നമ്മുടെ കാലത്തെ ഏററവും വലിയ കണ്ടുപിടിത്തം”
കൊളമ്പസ് തന്റെ ആദ്യത്തെ സമുദ്രയാത്ര തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ലാ കാർററൂഹയിലുള്ള പഴയ സന്യാസിമഠത്തിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ സമുദ്രയാത്ര, ഈ പ്രദർശനം ആഘോഷിച്ച കണ്ടുപിടിത്തത്തിന്റെ യുഗം ആനയിച്ചു. എന്നാൽ അനേകം മണ്ഡലങ്ങളിലെ പുരോഗതിയുടെ അഞ്ചുനൂററാണ്ടുകൾ ഉണ്ടായിരുന്നിട്ടും മനുഷ്യവർഗ്ഗം വർദ്ധിച്ച ഉത്കണ്ഠയോടെ ഭാവിയിലേക്കു നോക്കുന്നു. “സമൂഹപരമായ അഭിവാഞ്ചകളും ശുഭാപ്തിവിശ്വാസവും അടിസ്ഥാനപരമായി രാഷ്ട്രങ്ങൾക്കിടയിലുള്ള സംഭാഷണത്തിലും പരസ്പര ധാരണയിലും ആശ്രയിച്ചിരിക്കുന്നു”വെന്ന് ജുവാൻ കാർലോസ് I രാജാവ് ചൂണ്ടിക്കാട്ടി.
അതുകൊണ്ട് “നമ്മുടെ . . . ഭൂഗ്രഹത്തിലെ എല്ലാ നിവാസികൾക്കും സമാധാനത്തിന്റെയും നല്ല അയൽബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരു സന്ദേശം വെച്ചുനീട്ടാൻ” എക്സ്പോ ’92 ശ്രമിച്ചു—ദീർഘകാലമായി ഛിദ്രിച്ചിരിക്കുന്ന ലോകത്തിന്റെ വീക്ഷണത്തിൽ എളുപ്പമുള്ള ഒരു ലക്ഷ്യമല്ല. ഒഫിഷ്യൽ ഗൈഡ് തിരിച്ചറിഞ്ഞതുപോലെ “ഈ തത്ത്വങ്ങളിൽ അടിസ്ഥാനപ്പെട്ട ഒരു പുതിയ ലോകക്രമമായിരിക്കും തീർച്ചയായും നമ്മുടെ കാലത്തെ ഏററവും വലിയ കണ്ടുപിടിത്തം.” (g92 12/22)
[25-ാം പേജിലെ ചിത്രം]
സെവിലിയിലുള്ള 13-ാം നൂററാണ്ടിലെ പ്രസിദ്ധമായ റേറാറെ ഡെൽ ഓറ (സ്വർണ്ണഗോപുരം)
[26-ാം പേജിലെ ചിത്രം]
വാർത്താവിനിമയ ഉപഗ്രഹപ്രദർശനത്തിനടുത്തായി ജലലില്ലികൾ
[27-ാം പേജിലെ ചിത്രം]
മൊറോക്കൻ പ്രദർശനമന്ദിരം ഒരു മൂറിഷ് കൊട്ടാരത്തിന്റെ മാതൃക അനുകരിക്കുന്നു