വൈകല്യം വരുത്തുന്ന ഒരിനം പയറ്
ഇൻഡ്യയിലെ ഉണരുക! ലേഖകൻ
ഏതാനും ആഴ്ചകൾക്കു മുമ്പ് തന്നെ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർത്തിയ പെട്ടെന്നുണ്ടായ വേദനകൾ ആ യുവ ഇൻഡ്യൻകർഷകൻ മിക്കവാറും മറന്നിരുന്നു. പല ആഴ്ചകളിൽ അയാളുടെ കാൽവണ്ണയിലെ മാംസപേശികൾ മുറുകി ഉറെച്ചുപോയിരുന്നു. അയാൾ 10 മുതൽ 15 വരെ മിനിററുകൾ നീണ്ടുനിന്ന കോച്ചലുകൾ അനുഭവിച്ചു. എന്നാൽ ഈ ദിവസം രാവിലെ അയാൾ ഉണർന്ന് എഴുന്നേററു നിൽക്കുമ്പോൾ പെട്ടെന്ന് നിലത്തു വീഴുന്നു. മണിക്കൂറുകൾക്കുള്ളിൽ അയാളുടെ കാലുകൾ സ്തംഭിച്ചുതുടങ്ങുകയും അയാളുടെ ചുവടുകൾ വേച്ചുവേച്ച് കുഴഞ്ഞുപോകുകയുംചെയ്യുന്നു.
താൻ ലാഥിറിസം എന്ന സ്തംഭിപ്പിക്കുന്ന തളർവാതരോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ അനുഭവിക്കുകയാണെന്ന് ചെറുപ്പക്കാരൻ തിരിച്ചറിയുന്നില്ല. ഇവിടെ കേസരിപ്പരിപ്പ് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം പയറ് ദിവസേന ഉപയോഗിക്കുന്നതാണ് ഇതിനു കാരണമെന്ന് അയാൾ ഒരിക്കലും സംശയിക്കുകയില്ല. (തീർച്ചയായും മററു തരം പയറുകൾ പോഷകമുള്ളതും ആരോഗ്യപ്രദവുമാണ്.)
പയറിൽ ഒരു വിഷം ഇൻഡ്യയിൽ ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന ഈ രോഗത്തിന് ഈ പേരുണ്ടായത് ലാഥിറസ സറൈറവസ എന്നറിയപ്പെടുന്ന ഒരു കടുപ്പമുള്ള അമരപ്പയറിൽനിന്നാണ്. ഇൻഡ്യാക്കാർക്ക് അത് പൊതുവേ കേസരിപ്പരിപ്പ എന്നാണറിയപ്പെടുന്നത്. എന്നാൽ അതിന് മററു പല പ്രാദേശികപേരുകളുണ്ട്. സാധാരണയായി അതു പൊടിച്ച് പുളിപ്പില്ലാത്ത പരന്ന അപ്പമുണ്ടാക്കുന്നു. മിക്കപ്പോഴും അതു വേവിച്ച് കുഴമ്പാക്കി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ രണ്ടുവിധത്തിലുമുള്ള പാചകം നാഡീവ്യവസ്ഥയെ ബാധിക്കുന്നതും ചികിൽസിച്ചുഭേദമാക്കാൻകഴിയാത്ത ലാഥിറിസം എന്ന വികലപ്പെടുത്തുന്ന രോഗം വരുത്തിക്കൂട്ടുന്നതുമായ ഒരു രൂക്ഷമായ വിഷത്തെ നീക്കംചെയ്യുന്നില്ല.
സാധാരണയായി വിശപ്പുകൂടുതലുള്ള യുവാക്കൻമാർ ഈ രോഗത്തിന് വിശേഷാൽ വിധേയരാണ്. മറിച്ച്, പെൺ ഹോർമോണുകൾ കുറെ സംരക്ഷണംകൊടുക്കുന്നതായി തോന്നുന്നതിനാൽ അധികം സ്ത്രീകൾക്ക് ഇതു ബാധിക്കുന്നില്ല. ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളിൽ വേദനയും മാംസപേശികളുടെ കോച്ചലും ഉൾപ്പെടുന്നു. ഈ ഘട്ടത്തിൽ ഭക്ഷണക്രമത്തിനു മാററം വരുത്തുകയാണെങ്കിൽ രോഗത്തെ തടയാൻ കഴിയും. അതല്ലെങ്കിൽ, കൂടുതൽ വഷളായി രോഗി നടക്കുമ്പോൾ അയാളുടെ ഉപ്പൂററികൾ നിലത്തു ശരിയായി ഉറയ്ക്കാതായേക്കാം. അയാൾ മുട്ടുകൾ മടക്കി തള്ളവിരലുകൾ കൊള്ളിച്ച് കണങ്കാലുകൾ അകററിയായിരിക്കാം നടക്കുന്നത്. അങ്ങേയററത്തെ മൂർച്ഛയിൽ രോഗം നടക്കാനുള്ള സകല ശ്രമത്തിനും തടസ്സം സൃഷ്ടിക്കും. രോഗി നിരങ്ങുകയോ കൈകളിൽ ഭാരം കൊടുത്ത് വലിയുകയോ ചെയ്യേണ്ടിവരും.
രോഗം ഈ അവസ്ഥയിലാകുമ്പോൾ അതിന്റെ ഫലം വിനാശകമാണ്. ഒരുകാലത്ത് ഫലപ്രദനായ ഒരു ശമ്പളക്കാരനായി കുടുംബത്തെ പോററിക്കൊണ്ടിരുന്നയാൾ തന്റെ ആയുസ്സിന്റെ ശേഷിച്ച കാലത്ത് ഒരു സാമൂഹ്യഭാരമായിത്തീർന്നേക്കാം. ഈ രോഗത്തിന്റെ കാരണവും നിവാരണമാർഗ്ഗവും ഏതാണ്ട് 200 വർഷമായി അറിയപ്പെടുമ്പോൾ അത് അതിന്റെ ഇരകളെ വികലരാക്കുന്നതിൽ തുടരുന്നതെന്തുകൊണ്ട്?
ഇത്ര വിപുലവ്യാപകമായിരിക്കുന്നതെന്തുകൊണ്ട? ലാഥിറിസം ഒരു സാമൂഹ്യ സാമ്പത്തികരോഗമാണ്. ഇൻഡ്യയിലെ നാഷനൽ ഇൻസ്ററിററ്യൂട്ട് ഓഫ് നുട്രീഷ്യൻ പറയുന്ന പ്രകാരം തളർവാത രോഗികളുടെ 75 ശതമാനം ഭൂരഹിതരായ കൂലിപ്പണിക്കാരാണ്. മിക്കപ്പോഴും അവർ ഭൂ ഉടമയിൽനിന്ന് കടംവാങ്ങിയിട്ടുള്ളവരായിരിക്കും. അങ്ങനെയുള്ള ജോലിക്കാർക്ക് പണമായിട്ടു കൂലികൊടുക്കാതെ ലാഥിറസപരിപ്പ് ഉൾപ്പെടെ ഭക്ഷ്യധാന്യമായിട്ടാണ് കൂലി കൊടുത്തിട്ടുള്ളത്. ഈ പയറ് എളുപ്പം വളരുന്നതുകൊണ്ട് ഭൂവുടമകൾ അതുപയോഗിക്കുന്നു. അതിന്റെ തണ്ടും ഇലയും കന്നുകാലികൾക്കു തീററിയാണ്. ക്ഷാമകാലത്ത് കൂലിക്കാർക്ക് ലാഥിറസ പയറുമാത്രമാണ് കിട്ടുന്നത്.
ചിലർ അതിന്റെ മധുരസ്വാദ് ആസ്വാദ്യമാണെന്നു കണ്ടെത്തുകയും അതു ക്രമമായി ഭക്ഷിക്കുന്നത് പതിവാക്കുകയും ചെയ്യുന്നു. മററു ചിലർ ഈ പയറ് വിൽക്കാനോ കൈമാററംചെയ്യാനോ കഴികയില്ലെന്നു കണ്ടെത്തുകയും നിലനില്പ്പിനുവേണ്ടി അതു ഭക്ഷിക്കുകയുംചെയ്യുന്നു. മററു ഭക്ഷ്യവസ്തുക്കൾ കിട്ടാൻ കഴിയാത്തവർ തളർത്തിക്കളയുന്ന ഈ പയറ് വലിയ അളവിൽ ഭക്ഷിക്കുന്നു. ദൈനംദിന ആഹാരത്തിന്റെ മൂന്നിൽ രണ്ടോ അധികമോ ലാഥിറസ ആയിരിക്കുമ്പോൾ ഈ രോഗം പിടിപെടാൻ സാദ്ധ്യതയുണ്ട്.
പല സംസ്ഥാനങ്ങളും കേസരിപ്പരിപ്പിന്റെ വില്പനയും ശമ്പളമായിട്ടുള്ള ഉപയോഗവും നിരോധിച്ചിട്ടുണ്ടെങ്കിലും അത് ഇൻഡ്യൻ ഭക്ഷണക്രമത്തിൽനിന്ന് പെട്ടെന്ന് അപ്രത്യക്ഷപ്പെടാൻ ഇടയില്ല. ഇൻഡ്യൻ വിളഭൂമിയിൽ ഏതാണ്ട് 2.5 ദശലക്ഷം ഏക്കറിൽ ഇപ്പോഴും ലാഥിറസ കൃഷിചെയ്യുന്നുണ്ട്. അത് മററു ധാന്യങ്ങളുമായി കൂട്ടിക്കലർത്തുന്നതിൽനിന്നും ഗ്രാമപ്രദേശങ്ങളിലെ സംശയഹീനരായ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിൽനിന്നും ഇപ്പോൾ അത്യാഗ്രഹികളായ വ്യാപാരികളെ യാതൊന്നും തടയുന്നില്ല.
ഒരു പരിഹാരമുണ്ടോ? ഈ പ്രശ്നത്തോടു പോരാടുന്നതിന് ലാഥിറിസത്തെസംബന്ധിച്ച ഊർജ്ജിതമായ വിദ്യാഭ്യാസവും ഭൂഉടമകൾക്ക് മററു വിളകൾ കൃഷിചെയ്യാൻ പ്രോൽസാഹനവും ആവശ്യമാണെന്ന് അധികാരികൾ വിശ്വസിക്കുന്നു. ദൃഷ്ടാന്തത്തിന്, പുതുതായി തിളപ്പിച്ച വെള്ളത്തിൽ ഏതാണ്ട് രണ്ടു മണിക്കൂർ സമയം ഈ പയർ കുതിർത്തശേഷം പിന്നീട് ആ വെള്ളംനീക്കി ശുദ്ധജലത്തിൽ കഴുകിയാൽ 80 മുതൽ 90 വരെ ശതമാനം വിഷം നീക്കാംചെയ്യാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് പയർ വെയിലത്ത് ഉണക്കി ഉപയോഗിക്കാവുന്നതാണ്.
അങ്ങനെയുള്ള അറിവും ഭരണപരമായ നടപടികളും സഹായകമാണ്. എന്നാൽ മമനുഷ്യന്റെ അത്യാഗ്രഹം നീക്കംചെയ്യപ്പെടാൻ കഴിയുന്നതുവരെയും, എല്ലായിടത്തുമുള്ളവർ സ്വന്തം പ്രയോജനമല്ല, മററുള്ളവരുടേത് അന്വേഷിക്കാൻ പഠിക്കുന്നതുവരെയും, ഇൻഡ്യയിൽ ലാഥിറിസം നിലനിൽക്കാൻ സകല സാദ്ധ്യതയുമുണ്ട്. അതിനുവേണ്ടി നാം ഇപ്പോഴത്തെ നീതികെട്ട വ്യവസ്ഥിതിക്കുമപ്പുറം, വാഗ്ദത്തംചെയ്യപ്പെട്ടിരിക്കുന്ന നീതിയുള്ള ദൈവനിർമ്മിത പുതിയലോകത്തിലേക്കു നോക്കേണ്ടിയിരിക്കുന്നു.—2 പത്രോസ് 3:13. (g89 10/22)