യഥാർത്ഥ ദുഷപ്രവൃത്തിക്കാർ ആരാണ?
നുണകൾ സാത്താന്റെ മുഖമുദ്രയാണെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. യേശുവിന്റെ നാളിൽ യഹൂദവൈദികർ അവനെക്കുറിച്ചു നുണകൾ പ്രചരിപ്പിച്ചു. കാലത്തിനു മാററമുണ്ടായിട്ടില്ല.—യോഹന്നാൻ 8:44.
യഹോവയുടെ സാക്ഷികളുടെ ശത്രുക്കൾ അവരുടെ പ്രസംഗവേലയെ എതിർക്കാൻ ശ്രമിക്കുന്നതിന് നിരന്തരം നുണകളും അപവാദതന്ത്രങ്ങളും ഉപയോഗിക്കുന്നു. സോഷ്യലിസ്ററ് രാജ്യങ്ങളിൽ സാക്ഷികൾ ഐക്യനാടുകളിലെ സി.ഐ.എയുടെ ദുഷ്ട ഏജൻറൻമാരാണെന്നുള്ളതാണ് നുണ! നിക്കരാഗ്വൻവിമതനായ ഒരു കത്തോലിക്കൻ ലണ്ടനിൽനിന്ന് ന്യൂയോർക്കിലേക്കു വിമാനയാത്ര ചെയ്യുമ്പോൾ അയാളുടെ അടുത്തിരുന്ന ഒരു ഉണരുക! ലേഖകന്റെ നേരെ ആ അടിസ്ഥാനരഹിതമായ ആരോപണം പരുഷമായി ഉന്നയിച്ചു. എന്നിരുന്നാലും സാക്ഷികൾ രാഷ്ട്രീയത്തിൽ തികച്ചും നിഷ്പക്ഷരാണെന്ന് അഭിജ്ഞരായ എല്ലാവർക്കുമറിയാം.—യോഹന്നാൻ 17:16; 18:36.
മറിച്ച്, കത്തോലിക്കാ രാജ്യങ്ങളിൽ, സാക്ഷികളെ അപകീർത്തിപ്പെടുത്താൻ മററു നുണകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കാലത്ത് അവർ ദുഷ്ട കമ്മ്യൂണിസ്ററ് ഏജൻറൻമാരാണെന്ന് കുററപ്പെടുത്തപ്പെട്ടിട്ടുണ്ട്. അടുത്തകാലത്ത് വെനസ്വേല, കാരക്കാസിനു സമീപം ചില സാക്ഷികൾക്കെതിരെ വിചിത്രമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടു. ഒരു സാത്താന്യ ചടങ്ങിൽ ഒരു സാക്ഷി മൂന്നു സാക്ഷികളാൽ ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്ന് അൾട്ടിമാസ് നോട്ടീഷ്യാസ് എന്ന പത്രത്തിൽ വ്യാജമായി റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നു! സ്ഥലത്തെ ഒരു പുരോഹിതൻ ‘ഈ യഹോവയുടെ സാക്ഷികൾ എങ്ങനെയുള്ള ആളുകളാണെന്ന് ഇതു പ്രകടമാക്കുന്നു’വെന്ന് ഇടവകക്കാരോടു പറഞ്ഞുകൊണ്ട് എരിയുന്ന അപവാദത്തീയിൽ എണ്ണയൊഴിച്ചു. സംഗതിയുടെ വാസ്തവമെന്തായിരുന്നു?
പ്രസ്തുത സ്ത്രീ ഒരു മസ്തിഷ്ക്കരക്തസ്രവംനിമിത്തമായിരുന്നു മരിച്ചത്. എതിരാളികൾ ബലാൽസംഗകഥ കെട്ടിച്ചമച്ചതായിരുന്നു. പിന്നീട് അതേ പത്രത്തിൽ ഒരു അഭിമുഖസംഭാഷണവും പൂർണ്ണമായ ഒരു ആരോപണപിൻവലിക്കലും പ്രസിദ്ധീകരിക്കപ്പെട്ടു.
എന്നാൽ ഈ നുണയെ മുതലെടുത്തിരുന്ന പുരോഹിതന് എന്തു പററി? പിൻവലിക്കൽ പ്രസിദ്ധപ്പെടുത്തിയ അതേ ദിവസംതന്നെ അയാളെ ടെലിവിഷനിൽ ചോദ്യംചെയ്തു. വിഷയമോ? സ്പെയിനിലേക്ക് 46 പൗണ്ട് കോക്കേയ്ൻ കള്ളക്കടത്തു നടത്താൻ ശ്രമിക്കവേ അയാൾ പിടിക്കപ്പെട്ടു. അത് അയാളുടെ ആദ്യത്തെ കുററമല്ലായിരുന്നു. ഒരു കള്ളക്കടത്തുകാരനായിരുന്ന ഒരു മുൻ പുരോഹിതനുമായുള്ള തന്റെ സമ്പർക്കങ്ങളിലൂടെ ആദ്യമായി 1984-ൽ മയക്കുമരുന്നുകള്ളക്കടത്തിൽ ഉൾപ്പെട്ടതായി അയാൾ ഏററുപറഞ്ഞു. “മയക്കുമരുന്നുപണം കൊണ്ട് [യു.എസ്.എ. ഫ്ളോറിഡായിലെ] മിയാമിയിൽ താൻ വാങ്ങിച്ചിരുന്ന ഒരു വീട്ടിലേക്ക് രക്ഷപെടാൻ അനുവദിക്കപ്പെട്ട” മറെറ പുരോഹിതനെപ്പോലെ ഇയാൾ വിട്ടയക്കപ്പെടുമെന്നും രാജ്യത്തുനിന്നു സ്ഥലംവിടുമെന്നും പോലീസ് ഭയപ്പെടുന്നതായി ഓറെറൻറിക്കോ എന്ന മാസികയിലെ റിപ്പോർട്ടു പ്രസ്താവിച്ചു.
ഈ കുററപ്പുള്ളിയായ പുരോഹിതനെക്കുറിച്ച് കാരക്കാസിലെ ആർച്ച് ബിഷപ്പായ കാർഡിനൽ ലെബ്രന് എന്താണ് പറയാനുണ്ടായിരുന്നത്? “ഫാദർ ലൂയിസ് ജിൽ ഒരു ദുഷ്പ്രവൃത്തിക്കാരനല്ലെന്നു പറയേണ്ടത് എന്റെ കടമയാണ്.” എന്നിരുന്നാലും ഒരു ദുഷ്പ്രവൃത്തിക്കാരനെക്കുറിച്ചുള്ള നിയമത്തിന്റെ നിർവചനം ആർച്ച്ബിഷപ്പിന്റേതിൽനിന്ന് വ്യത്യസ്തമാണ്. പുരോഹിതൻ 20 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. ഒരു ദുഷ്പ്രവൃത്തിക്കാരനെക്കുറിച്ചു ബൈബിളിനും വ്യക്തമായ ഒരു നിർവചനമുണ്ട്: “തെററുചെയ്യുന്ന ആളുകൾ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് നിങ്ങൾക്ക് തികച്ചും നന്നായി അറിയാം: അധാർമ്മികജീവിതം നയിക്കുന്ന ആളുകൾ, . . . കള്ളൻമാർ, അന്യായപ്പലിശക്കാർ, . . . പണാപഹരണക്കാർ എന്നിവർ ഒരിക്കലും ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല.” “നിങ്ങളിലാരും ഒരു കൊലപാതകിയോ ഒരു കള്ളനോ ഒരു കുററപ്പുള്ളിയോ ആയിരിക്കുന്നതിനാൽ കഷ്ടപ്പെടാൻ ഒരിക്കലും അർഹനാകരുത്.”—1 കൊരിന്ത്യർ 6:9, 10; 1 പത്രോസ് 4:15; ദി ജറൂസലം ബൈബിൾ (കാത്തലിക്ക്).
ഒരു പുരോഹിതൻ ഒരു കുററകൃത്യം ചെയ്യുമ്പോൾ അയാൾ സാധാരണയായി മറെറാരു ഇടവകയിലേക്കു സ്ഥലംമാററപ്പെടുന്നു. ഐക്യനാടുകളിൽ കുട്ടികളെ ദ്രോഹിച്ച പുരോഹിതൻമാരുടെ അടുത്ത കാലത്തെ കേസുകളിൽ അങ്ങനെയാണ് സംഭവിച്ചത്. അനുതാപമില്ലാത്ത, മാററംവരുത്താത്ത, ദുർമ്മാർഗ്ഗികളെ സംബന്ധിച്ച ബൈബിളിന്റെ പ്രമാണം സഭയിൽനിന്നുള്ള പുറത്താക്കലാണ്, നിഷ്ക്കാസനമാണ്. അങ്ങനെമാത്രമേ, ക്രിസ്തീയസഭക്ക് മനഃപൂർവദുഷ്പ്രവൃത്തിക്കാരിൽനിന്ന് വിമുക്തമായിരിക്കാൻ കഴിയൂ.—1 കൊരിന്ത്യർ 5:11, 12. (g89 7/8)