ഒരിക്കൽ സ്വർണ്ണത്തേക്കാൾ വിലയേറിയത്
ഒരു സുഗന്ധദ്രവ്യമെന്ന നിലയിൽ അത് ഗ്രീസിലെ നാടകശാലകളിൽ വിതറിയിരുന്നു. വിജയാഘോഷത്തോടെ റോമിലേക്കുള്ള നീറോയുടെ പ്രവേശനവേളയിൽ തെരുവുകളിൽ അവ വിതറപ്പെട്ടിരുന്നു. ശലോമോൻ അതിന് വിലകൽപ്പിച്ചിരുന്നു. (ഉത്തമഗീതം 4:14) കുറേ കാലത്തേക്ക് അത് സ്വർണ്ണത്തേക്കാൾ വിലയേറിയതായിരുന്നു. ഇന്നും അത് ലോകത്തിലെ ഏററവും ചെലവേറിയ സുഗന്ധദ്രവ്യമാണ്. അതാണ് കുങ്കുമം.
ഈ അസാധാരണ ശോണസ്വർണ്ണവർണ്ണമുള്ള സുഗന്ധദ്രവ്യം കുങ്കുമപ്പൂവിന്റെ വർത്തികാഗ്രത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നു. വസന്തകാലത്ത് ഇത് അനേകം പൂന്തോട്ടങ്ങളെ അലങ്കരിക്കുന്ന ഇരിഡേസി കുലത്തോടു ബന്ധപ്പെട്ടതാണ്. ഇത് വരണ്ട ചുണ്ണാമ്പുകല്ലു പ്രദേശത്ത് തഴച്ചുവളരുന്നതിനാൽ സ്പെയിനിന്റെ ലാ മാഞ്ചാ പ്രദേശം അതിന്റെ കൃഷിക്ക് അനുയോജ്യമാണ്.
മെഡിറററേനിയൻ പ്രദേശത്ത് ജനിച്ച കുങ്കുമം പുരാതനകാലംമുതൽ ഏഷ്യാമൈനറിൽ കൃഷി ചെയ്തിരുന്നു, നൂററാണ്ടുകൾക്കുശേഷം മൂറുകൾ അത് സ്പെയിനിലേക്ക് കൊണ്ടുവരികയും അതിന്റെ കൃഷി പുരോഗമിപ്പിക്കുകയും ചെയ്തു. അവർ അത് ആഹാരസാധനങ്ങൾക്കു രുചിവരുത്തുന്നതിൽ വിലപ്പെട്ടതായി കരുതിയിരുന്നു, പല്ലുവേദന, ആർത്തവസംബന്ധമായ വേദന, പ്ലേഗ് മുതലായ രോഗങ്ങൾക്കുള്ള ഔഷധമായിപ്പോലും ഉപയോഗിച്ചിരുന്നു. ഇന്ന് കുങ്കുമം ഇപ്പോഴും സ്പാനിഷ് പെല്ലാ, ഫ്രഞ്ച് ബോയ്ലലാബെയ്സ്സ് മുതലായ സുപ്രസിദ്ധങ്ങളായ പാചകവിധികൾക്ക് സ്വാദും നിറവും വർദ്ധിപ്പിച്ചുകൊണ്ട് അടുക്കളയിൽ മാനിക്കപ്പെടുന്നു.
സത്വരമായ കഠിനാദ്ധ്വാനവും കൊയ്തും
ലാ മാഞ്ചയുടെ വരണ്ട സമതലങ്ങളിൽ നൂററാണ്ടുകളായി വലിയ മാററം വന്നിട്ടില്ല. ലാ മാഞ്ചയുടെ ചെമ്മണ്ണിൽ കുങ്കുമത്തിന്റെ കിഴങ്ങുകൾ നടുന്ന വേനലിന്റെ ആരംഭത്തിൽ അവ കൃഷിചെയ്തുതുടങ്ങുന്നു. ശരത്കാലത്ത് കൊയ്ത്താകുന്നു, അത് മൂന്നാഴ്ചത്തേക്ക് നീണ്ടു നിൽക്കുന്നു. ആധുനിക യന്ത്രവത്കൃതരീതികൾ ഒന്നും ഇതുവരെ ഉപയോഗപ്പെടുത്താത്തതിനാൽ എല്ലാ വേലകളും കൈകൊണ്ട് നിർവഹിക്കപ്പെടുന്നു.
ആദ്യം ആയിരക്കണക്കിന് പൂക്കൾ ഓരോന്നോരോന്നായി പറിച്ചെടുക്കുന്ന പുറംപൊട്ടുന്ന കഠിനാദ്ധ്വാനം വരുന്നു. ഇത് ശരത്കാലത്തിന്റെ പ്രാരംഭത്തിലെ മരപ്പിക്കുന്ന തണുപ്പ് തുടങ്ങുന്ന ഒക്ടോബർ അവസാനത്തോടെ ചെയ്യുന്നു. അപ്പോൾ ശതക്കണക്കിന് ഗ്രാമീണർ കുങ്കുമം കൃഷി ചെയ്തിരിക്കുന്ന തങ്ങളുടെ സ്ഥലങ്ങളിലേക്ക് പോകുന്നു. അവർ പുതുതായി വിരിഞ്ഞ പൂക്കളിലേക്ക് കുനിഞ്ഞ് അത്ഭുതകരമായ വേഗതയിൽ അവരുടെ നിപുണതയാർന്ന കൈകൾകൊണ്ട് മൃദുലമായ കുങ്കുമപൂക്കൾ പറിച്ചെടുക്കുന്നു.
പെട്ടെന്ന് തങ്ങളുടെ കൂടകൾ പ്രഭാതവിളവെടുപ്പിനാൽ നിറഞ്ഞുകവിയുന്നു, വീട്ടിലേക്കു കൊണ്ടുപോകാൻ തയ്യാർ. അവിടെ പുതുതായി പറിച്ചെടുത്ത പൂക്കൾ കാററുകൊള്ളുന്നതിന് തട്ടങ്ങളിൽ നിരത്തുന്നു. ഇപ്പോൾ അതിലും കൂടുതൽ അദ്ധ്വാനമുള്ള വേല, കുങ്കുമപ്പൂവിന്റെ വർത്തികാഗ്രത്തെ—പുഷ്പത്തിന്റെ സ്ത്രൈണഭാഗത്തെ—അതിന്റെ മററു ഭാഗങ്ങളിൽനിന്ന് വേർതിരിക്കുന്ന വേല തുടങ്ങുന്നു.
വർത്തികാഗ്രത്തെ വേർതിരിക്കൽ
ലാ മാഞ്ചായിലെ ആചാരം അനുസരിച്ച് മുഴുകുടുംബങ്ങളും വിളവിന്റെ സംസ്ക്കരണത്തിന് ഒത്തൊരുമിച്ച് വേലചെയ്യുന്നു. മൂന്നാഴ്ചത്തേക്ക് അവർ മിക്കവാറും ദിവസം 19 മണിക്കൂർ വീതം കഠിനാദ്ധ്വാനം ചെയ്യുന്നു.
പൂക്കൾ കീറുകയും വർത്തികാഗ്രങ്ങൾ ശ്രദ്ധാപൂർവ്വം പറിച്ചെടുക്കുകയും ചെയ്യുന്നു. നനഞ്ഞ, കടുംചുവപ്പുള്ള വർത്തികാഗ്രങ്ങൾ തട്ടങ്ങളിൽ ശേഖരിക്കപ്പെടുന്നു—ഓരോ പൂവിലും മൂന്നു വർത്തികാഗ്രങ്ങളുണ്ട്. നമുക്ക് ഇവിടെ കുങ്കുമത്തിന്റെ വിലയുടെ രഹസ്യം മനസ്സിലാക്കാം. ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ അനുസരിച്ച് കേവലം ഒരു പൗണ്ട് കുങ്കുമപ്പൊടി ലഭിക്കുന്നതിന് ഏകദേശം 75,000 പൂക്കൾ വേണ്ടിവന്നേക്കാം!
ഈ ഘട്ടത്തിൽ വേഗതയും സാമർത്ഥ്യവും അത്യാവശ്യമാണ്, എന്തുകൊണ്ടെന്നാൽ കുങ്കുമപൂക്കൾ പറിച്ചെടുത്താൽ അന്നുതന്നെ വർത്തികാഗ്രങ്ങൾ പറിച്ചെടുക്കേണ്ടതുണ്ട്. വർത്തികാഗ്രങ്ങളെ വേർപെടുത്തുക അസാദ്ധ്യമാക്കിത്തീർത്തുകൊണ്ട് പൂക്കൾ വളരെ വേഗത്തിൽ വാടുകയും വേഗത്തിൽ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. വർത്തികാഗ്രം കൃത്യമായും ശരിയായ പോയിൻറിൽ പറിച്ചെടുക്കണം, അല്ലെങ്കിൽ അത് മാഞ്ചാ സെലെകററാ എന്ന എല്ലാററിലും വച്ച് അതിവിശിഷ്ടമായ കുങ്കുമത്തിന്റെ യോഗ്യതയിലെത്തിച്ചേരുകയില്ല.
വർത്തികാഗ്രങ്ങൾ മൊരിക്കൽ
അവസാനമായി ഈ ദുഷ്കരമായ വേല ചെയ്തശേഷം വർത്തികാഗ്രങ്ങൾ ഉണക്കുന്നതിനുവേണ്ടി ശ്രദ്ധാപൂർവ്വം തട്ടങ്ങളിലൊ നേർത്ത തുണികൊണ്ടുള്ള അരിപ്പകളിലൊ നിരത്തുന്നു. ഈ സമയത്ത് കരികൊണ്ട് തീകൂട്ടുകയും ഈ തട്ടങ്ങൾ അല്ലെങ്കിൽ അരിപ്പകൾ അവയിലെ വിലയേറിയ വസ്തുക്കളോടുകൂടെ തീയുടെമേൽ വെക്കുകയും ചെയ്യുന്നു. ലോലമായ വർത്തികാഗ്രങ്ങൾ പുകഞ്ഞുപോകാതിരിക്കാൻ സാദ്ധ്യമായ എല്ലാ മുൻകരുതലും സ്വീകരിക്കുന്നു. അവ മൊരിയണം എന്നാൽ പുകഞ്ഞുപോകരുത്.
ഒരു ലഘുവായ തീക്ക് മുകളിൽ കേവലം 15 മിനിററുകൾ വെക്കുമ്പോൾ കുങ്കുമത്തിന്റെ 80 ശതമാനത്തോളം ഭാരം കുറയുന്നു. ഏകദേശം രണ്ടര ഏക്കർ സ്ഥലത്തെ വിളവ്—ഒരു നൂറു പൗണ്ടോളം തൂക്കം വരുന്ന വർത്തികാഗ്രങ്ങൾ—തുച്ഛമായ 20 പൗണ്ട് ഉണങ്ങിയ കുങ്കുമമായിത്തീരുന്നു.
ഉണക്കൽപ്രകിയ കഴിഞ്ഞാലുടൻ, ഇപ്പോൾ ഒരു കടുംചുവപ്പുനിറമുള്ള നാരുകളുടെ സമ്മിശ്രമായ കുങ്കുമം ശേഖരിച്ചുവെക്കുന്നതിന് തയ്യാറായിരിക്കുന്നു. ഇരുണ്ട പ്ലാസ്ററിക്ക് ബാഗുകളിൽ മുദ്രചെയ്ത് പ്രകാശത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ട് ലാ മാഞ്ചായുടെ “ചുവന്ന സ്വർണ്ണം” ഒരു കുങ്കുമവ്യാപാരിക്ക് വിൽക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നു.
ഒരു മനോഹരമായ പുഷപത്തിൽനിന്ന് രമ്യമായ സുഗന്ധദ്രവ്യം
കുങ്കുമം ഫ്രാൻസിലും ഇററലിയിലും ഗ്രീസിലും ഇറാനിലും ഇൻഡ്യയിലും കൃഷിചെയ്യുന്നുണ്ടെങ്കിലും കുങ്കുമത്തിന്റെ ലോകവിപണിയുടെ 70 ശതമാനം സ്പെയിനാണ് പ്രദാനം ചെയ്യുന്നത്. ഇതിന്റെ ഏകദേശം കവർപ്പുരസം ലോകവ്യാപകമായി, കോഴിയിറച്ചി, ചോറ്, സമുദ്രഭക്ഷ്യം മുതലായവയുടെ രുചി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു, അതേസമയം സ്കാൻഡിനേവിയാക്കാർ കുങ്കുമത്താൽ രുചിവരുത്തിയ റൊട്ടിയുടെ സ്വാദ് ആസ്വദിക്കുന്നു. ജപ്പാനിൽ ചെലവേറിയ വസ്തുക്കൾക്ക് നിറംകൊടുക്കുന്നതിനുള്ള ഒരു ചായമായി ഇപ്പോഴും ഇത് ഉപയോഗിക്കുന്നു.
കുങ്കുമം കൃഷിചെയ്യുന്നതിന്റെ പ്രതിഫലം സാമ്പത്തികം മാത്രമല്ല. ശരാശരി 5,000-ത്തോളം ചതുരശ്ര അടി വയലിലെ മുഴു കുങ്കുമപൂക്കളും ഒത്തൊരുമിച്ച് പൂക്കുന്ന ദിനങ്ങളുണ്ട്. അത്തരം ദിനത്തെ ഡയാ ഡേൽ മാന്റോ—ആവരണ ദിനം എന്ന് വിളിക്കപ്പെടുന്നു. അന്ന് മുഴുവയലും കോമളമായി മാന്തളിർവർണ്ണത്തിലുള്ള ഒരു പുറംകുപ്പായംകൊണ്ട് മൂടപ്പെട്ടതുപോലെ കാണപ്പെടുന്നു. ആ വിധത്തിലുള്ള ഒരു ദിനത്തിൽ ലാ മാഞ്ചായുടെ പൊടിനിറഞ്ഞ വയലുകളുടെ മനോഹാരിത പ്രവാചകന്റെ വാക്കുകൾ ഓർമ്മയിലേക്ക് വരുത്തുന്നു: “മരുസമതലം സന്തോഷിക്കുകയും കുങ്കുമംപോലെ പൂക്കുകയും ചെയ്യുന്നു.”—യെശയ്യാവ് 35:1. (g89 10/8)