സമുദ്രങ്ങൾ വിലയേറിയ ധനാഗമ മാർഗ്ഗമോ അതോ ആഗോള അഴുക്കുചാലോ?
ഇരുണ്ട, നീലിമയാർന്ന അഗാധസമുദ്രമേ, ഉരുണ്ടുമറിയുക! പതിനായിരം നീർച്ചാലുകൾ നിന്നിലേക്കൊഴുകുന്നതു വ്യർത്ഥം; മനുഷ്യനോ ഭൂമിയെ പാഴാക്കുന്നു—അവന്റെ നിയന്ത്രണം തീരംകൊണ്ട് അവസാനിക്കുന്നു.
ലോർഡ് ബൈറൻ വിരചിച്ച ചൈൽഡ്ഹാരോൾഡ്സ് പിൽഗ്രിമേജിൽനിന്ന്.
ആ വാക്കുകൾ കേവലം കാവ്യാത്മകമല്ല, പിന്നെയോ സത്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു; എന്നാൽ മേലാൽ അങ്ങനെയല്ല. സമുദ്രത്തിന്റെ വിസ്തൃതിയെയും അതിനെ കളങ്കപ്പെടുത്താനുള്ള നിസ്സാരമമനുഷ്യന്റെ ശ്രമത്തോടുള്ള അതിന്റെ ചെറുത്തുനിൽപ്പിനെയും നന്നായി വർണ്ണിക്കുന്ന കവിയുടെ ആ വാക്കുകൾ മനുഷ്യൻ ഒരിക്കലും പറക്കുകയില്ലെന്നുള്ള ആശയംപോലെ തെററും പൊള്ളയുമായി ധ്വനിക്കുന്നു. സമുദ്രതീരംകൊണ്ട് മമനുഷ്യന്റെ നിയന്ത്രണം മേലാൽ അവസാനിക്കുന്നില്ല. അവൻ സമുദ്രത്തിൻമേൽ അവന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു, വികൃതമായ ഒരു മുദ്രതന്നെ.
നിങ്ങൾ എന്നെങ്കിലും കടപ്പുറത്തു പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് ആ അനുഭവത്തിന്റെ പ്രിയങ്കരങ്ങളായ ഓർമ്മകളുണ്ടായിരിക്കാം: വെള്ളത്തിൻമേൽ സൂര്യപ്രകാശത്തിന്റെ വെട്ടിത്തിളക്കം; സമുദ്രതീരത്ത് ശാന്തമായും താളാത്മകമായും അടിച്ചുതകരുന്ന തിരമാലകൾ; നവോൻമേഷപ്രദമായ നീന്തലും തിരമാലകളിലെ ചാടിക്കളിയും. അതിനെക്കുറിച്ചുള്ള ചിന്തതന്നെ നിങ്ങളെ അടുത്ത പ്രാവശ്യത്തിലേക്കു നോക്കിപ്പാർത്തിരിക്കാനിടയാക്കുന്നു, ഇല്ലേ? എന്നാൽ അടുത്ത പ്രാവശ്യം ഇനിയുണ്ടാകാതിരുന്നേക്കാം. എന്നാൽ നാം അതിനെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടുന്നില്ലായിരിക്കാം; സമുദ്രം നമ്മുടെ ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുന്നതിലധികം ചെയ്യുന്നു.
ഉദാഹരണത്തിന്, ഒന്നു ദീർഘശ്വാസം വലിക്കുക. ദി ന്യൂ എൻസൈക്ലോപ്പീഡിയാ പറയുന്നതനുസരിച്ച് നിങ്ങൾ ആ ശ്വാസത്തിന്റെ അധികപങ്കിനും കടപ്പെട്ടിരിക്കുന്നത് സമുദ്രത്തോടാണ്. എങ്ങനെ? ഈ ഗ്രഹത്തിലെ വെള്ളങ്ങളാണ്, വിശേഷാൽ അതിലെ പായലാണ് നാം ശ്വസിക്കുന്ന ഓക്സിജന്റെ 90 ശതമാനവും പ്രദാനംചെയ്യുന്നത്. സമുദ്രങ്ങളിലെ സൂക്ഷ്മ സസ്യ പ്ലാങ്ററൻ ഈ ഗ്രഹത്തിലെ ഓക്സിജന്റെ മൂന്നിലൊന്നോളം പ്രദാനംചെയ്യുന്നുവെന്ന് മററു ചിലർ കണക്കുകൂട്ടുന്നു. സമുദ്രങ്ങൾ ഗോളത്തിലെ ഊഷ്മാവിനെ സമീകരിക്കുകയും അവിശ്വസനീയമാം വിധം വിവിധങ്ങളായ ഒട്ടേറെ ജീവികളെ പോററുകയും ആഗോളകാലാവസ്ഥയിലും മഴയുടെ പരിവൃത്തികളിലും ഒരു നിർണ്ണായകപങ്കു വഹിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, സമുദ്രങ്ങൾ ഈ ഗോളത്തിലെ ജീവന്റെ താക്കോലാണ്.
ഒരു ആഗോള അഴുക്കുചാൽ
എന്നാൽ മനുഷ്യന് അവ അതിലും കവിഞ്ഞതാണ്. അവ ഒരു ചവററുകുപ്പകൂടെയാണ്. മാലിന്യങ്ങളും ഫാക്റററികളിൽനിന്നുള്ള രാസാവശിഷ്ടങ്ങളും കൃഷിയിടങ്ങളിലെ കീടബാധിതമായ ഒഴുക്കുകളുമെല്ലാം ബാർജുകളും നദിയും പൈപ്പുകളുംവഴി സമുദ്രത്തിൽ ചെന്നെത്തുന്നു. മനുഷ്യൻ ദീർഘകാലം സമുദ്രത്തെ ഒരു ബൃഹത്തായ അഴുക്കുചാലായി കരുതിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അഴുക്കുചാൽ അവന് തിരിച്ചടിയായിത്തുടങ്ങിയിരിക്കുന്നു. ലോകത്തിലെങ്ങുമുള്ള ജനപ്രീതികരങ്ങളായ സുഖവാസകടൽപ്പുറങ്ങൾ, സമീപവർഷങ്ങളിൽ ചപ്പുചവറുകൾ അറപ്പുളവാക്കുംവിധം തീരത്തടിഞ്ഞുകൂടിയതോടെ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്.
മയക്കുമരുന്നുകളുടെ സാമഗ്രികളും മുഷിഞ്ഞ ബാൻഡേജുകൾ, ഹൈപ്പോഡേർമിക്ക് നീഡിൽസ്, എയ്ഡ്സ് വൈറസിനാൽ ദുഷിച്ച രക്തക്കുപ്പികൾ എന്നിവ പോലെയുള്ള മെഡിക്കൽ നഷ്ടശിഷ്ടങ്ങളും ഐക്യനാടുകളുടെ കിഴക്കൻതീരങ്ങളിൽ അടിഞ്ഞുകൂടിയത് വാർത്തകളായി. പച്ചയായ മാലിന്യങ്ങളുടെ ശേഖരങ്ങൾ, പരീക്ഷണശാലകളിലെ ചത്ത എലികൾ, ഒരു മനുഷ്യാമാശയപാളികൾ എന്നിവ മാത്രമല്ല അതിലും അരോചകങ്ങളായവയെല്ലാം ബീഭൽസരൂപത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ചിലത് തീർത്തും സാധാരണമായിരിക്കുകയാണ്.
ഈ പ്രതിസന്ധി വടക്കൻ യൂറോപ്പിലെ നോർത്ത്സീയെയും ബാൾട്ടിക്ക് സമുദ്രത്തെയും ദക്ഷിണയൂറോപ്പിലെ അഡ്രിയാററിക്ക്സമുദ്രത്തെയും മദ്ധ്യധരണിക്കടലിനെയും കരിങ്കടലിന്റെയും ശാന്തസമുദ്രത്തിന്റെയും സോവ്യററ്തീരങ്ങളെപ്പോലും ബാധിച്ചിട്ടുണ്ട്. ബീച്ചുകൾ അടച്ചിടപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ നീന്തുന്നവർക്ക് ഒട്ടേറെ രോഗങ്ങൾ പിടിപെടുകയുണ്ടായി. ചില മെഡിറററേനിയൻ ബീച്ചുകളിൽ കുളിക്കുന്നവർ പരുക്കൾ മുതൽ അർബുദംവരെ 30ഓളം രോഗങ്ങളെ ഗണ്യമാക്കാതെയാണ് അങ്ങനെ ചെയ്യുന്നതെന്ന് ലോകപ്രസിദ്ധ സമുദ്രപര്യവേക്ഷകനായ ജാക്യൂസ് കൗസ്ററ്യൂ അടുത്തകാലത്ത് എഴുതുകയുണ്ടായി. യാതൊരുത്തരും വെള്ളത്തിൽ ഒരു കാൽവിരൽപോലും മുക്കാൻ ഒരുമ്പെടുകയില്ലാത്ത ഒരു സമയം വരുമെന്ന് അദ്ദേഹം പ്രവചിക്കുകയുണ്ടായി.
എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ചപ്പുചവറുകൾ ബീച്ചുകളെ അടപ്പിക്കുകയും നീന്തുന്നവർക്ക് അസൗകര്യംസൃഷ്ടിക്കുകയും ചെയ്യുന്നതിലധികം ചെയ്യുന്നു. അതിന്റെ കെടുതി ആഴമേറിയ വെള്ളങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.
യു. എസ്. എ. ന്യൂയോർക്കിൽനിന്ന് നൂററിഇരുപത്തിമൂന്ന് മൈൽ മാറി ന്യൂയോർക്ക് പല വർഷങ്ങൾക്കുമുമ്പ് അതിന്റെ ചപ്പുചവറുകൾ ഇടാൻതുടങ്ങി. അടുത്തകാലത്ത് ഏതാണ്ട് 80 മൈൽ അകലെ സമുദ്രത്തിനടിയിലെ മലയിടുക്കുകളിൽനിന്ന് മീൻപിടുത്തക്കാർ അംഗവൈകൃതങ്ങളോടും അഴുകുന്ന മീൻചിറകുകളോടുംകൂടിയ മത്സ്യങ്ങളെയും “കരിവുരോഗം”—തോടിൽ പന്തങ്ങൾകൊണ്ടുണ്ടായതുപോലെയുള്ള ദ്വാരങ്ങൾ—ബാധിച്ച ഞണ്ടുകളെയും ചെമ്മീനുകളെയും കൊണ്ടുവരാൻ തുടങ്ങി. ചപ്പുചവറുകൂമ്പാരവും രോഗംപിടിച്ച മത്സ്യങ്ങളും തമ്മിൽ ബന്ധമൊന്നുമില്ലെന്ന് ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ പറയുന്നു. എന്നാൽ മീൻപിടുത്തക്കാർ അതിനെ ആ വിധത്തിലല്ല കാണുന്നത്. “ന്യൂയോർക്ക് നഗരവാസികൾക്ക് അവർ തിന്നുന്ന മത്സ്യങ്ങളിൽ അവരുടെ ചപ്പുചവറുകൾ തിരികെ കിട്ടാൻ പോകുകയാണെന്ന്” ഒരു ഡോക്ക്സൂപ്രണ്ട് റൈറം മാസികയോടു പറയുകയുണ്ടായി.
സമുദ്രമലിനീകരണം സത്വരം ഒരു ആഗോളവ്യാധിയായിത്തീരുകയാണെന്ന് വിദഗ്ദ്ധൻമാർ വിചാരിക്കുന്നു; അത് വ്യാവസായികരാഷ്ട്രങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നുമില്ല. അല്പവികസിത രാഷ്ട്രങ്ങളും രണ്ടു കാരണങ്ങളാൽ ആക്രമിക്കപ്പെടുകയാണ്. ഒന്നാമത്, ലോകത്തിലെ സമുദ്രങ്ങൾ യഥാർത്ഥത്തിൽ അതിരുകളെ അവഗണിക്കുന്ന പ്രവാഹങ്ങളോടുകൂടിയ ഒരു വലിയ സമുദ്രമാണ്. രണ്ടാമത്, വ്യാവസായിക രാഷ്ട്രങ്ങൾ തങ്ങളുടെ അവശിഷ്ടങ്ങൾ മറിക്കാനുള്ള സ്ഥലമായി ദരിദ്രരാഷ്ട്രങ്ങളെ മുതലെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽതന്നെ ഐക്യനാടുകളും യൂറോപ്പും പൂർവയൂറോപ്യൻരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും അപകടകരങ്ങളായ ഏതാണ്ട് മുപ്പതുലക്ഷം ടൺ അവശിഷ്ടങ്ങൾ കയററിയയച്ചിട്ടുണ്ട്. കൂടാതെ, ചില വിദേശ കോണ്ട്രാക്ററർമാർ അവശിഷ്ടങ്ങൾ മറവുചെയ്യാനുള്ള പദ്ധതികൾ ഉൾപ്പെടുത്താതെ ഏഷ്യയിലും ആഫ്രിക്കയിലും ഫാക്റററികൾ നിർമ്മിക്കുന്നു.
പ്ലാസററിക്ക ബാധ
പ്ലാസ്ററിക്ക് മമനുഷ്യന്റെ അഴിഞ്ഞാടുന്ന ഒരു മസ്തിഷ്ക്കസന്തതിയാണ്. അതില്ലെങ്കിൽ സാങ്കേതികവിദ്യക്ക് നിലനില്പ്പില്ലെന്ന് ചിലപ്പോൾ തോന്നും. പ്ലാസ്ററിക്ക് അനുപേക്ഷണീയമാണെന്നു തോന്നാം; അത് ഫലത്തിൽ നീക്കംചെയ്യാവുന്നതുമല്ല. മനുഷ്യന് അതിന്റെ ഉപയോഗം കഴിയുമ്പോൾ അവൻ അതു നീക്കംചെയ്യാൻ പ്രയാസപ്പെടുന്നു. ആറുകെട്ടു ബിയർപാത്രങ്ങൾ ഒന്നിച്ച് ഉൾക്കൊള്ളുന്ന പ്ലാസ്ററിക്ക് 450 മുതൽ 1,000 വരെ വർഷം നിലനിന്നേക്കാം.
നിങ്ങൾ സങ്കൽപ്പിച്ചിരിക്കാവുന്നതുപോലെ, ഈ സാധനം നീക്കംചെയ്യുന്നതിനുള്ള ഒരു സാധാരണ വിധം സമുദ്രത്തിൽ തട്ടുകയാണ്. യഥാർത്ഥത്തിൽ, ഓരോ വർഷവും ഏതാണ്ട് 26,000 ടൺ പാക്കിംഗ്സാധനങ്ങളും 1,50,000 ടൺ മത്സ്യബന്ധനസാമഗ്രികളും സമുദ്രത്തിൽ നഷ്ടപ്പെടുകയോ തള്ളപ്പെടുകയോ ചെയ്യുന്നു. യു.എസ ന്യൂസ ആൻഡ വേൾഡ റിപ്പോർട്ട പറയുന്നതനുസരിച്ച് “കച്ചവടക്കപ്പലുകളും നേവി കപ്പലുകളും ഓരോ ദിവസവും ഭാരംകുറക്കാൻ 6,90,000 പ്ലാസ്ററിക്ക് പാത്രങ്ങൾ കടലിൽ തള്ളുന്നു.” പസഫിക്ക്സമുദ്രത്തിന്റെ നടുക്കുപോലും ഓരോ ചതുരശ്രമൈലിലും ഏതാണ്ട് 1,30,000 പ്ലാസ്ററിക്ക് ശകലങ്ങൾ ഉണ്ടെന്ന് ഒരു വിദഗ്ദ്ധൻ കണക്കുകൂട്ടുകയുണ്ടായി.
ഈ പ്ലാസ്ററിക്ക് ബാധയെ ആഗിരണംചെയ്യാൻ സമുദ്രങ്ങൾക്ക് കഴികയില്ല. അത് സാധാരണയായി ഏതെങ്കിലും ബീച്ചിൽ സമുദ്രം അതിനെ ഛർദ്ദിക്കുന്നതുവരെ ഒരു കേടുംകൂടാതെ പൊങ്ങിക്കിടന്നൊഴുകുന്നു, അത് അവിടെ ഭൂമിയുടെ രമണീയതയെ നശിപ്പിക്കുന്നതിൽ തുടരുന്നു. എന്നാൽ അത് ഈ പ്രക്രിയയിൽ വളരെ ഗുരുതരമായ ചിലതും ചെയ്യുന്നു.
വളരെ ഉയർന്ന ഒരു വില
മററു പ്രദൂഷകങ്ങളുടെ കാര്യത്തിലെന്നപോലെ, പ്ലാസ്ററിക്കുകളുടെ പ്രശ്നം അവ വരുത്തുന്ന ജീവനഷ്ടമാണ്. ഭീമാകായ കടലാമകൾ പൊങ്ങിക്കിടക്കുന്ന ചവറുസഞ്ചികളെ പൊങ്ങിയും താണും ചരിക്കുന്ന തെളിഞ്ഞ ജെല്ലിഫിഷ് ആണെന്ന് തെററിദ്ധരിക്കുന്നു—അത് അവയുടെ ഒരു ഇഷ്ടഭോജനമാണ്. കടലാമകൾക്ക് സഞ്ചികൾനിമിത്തം ശ്വാസംമുട്ടുന്നു, അല്ലെങ്കിൽ അവ മുഴുവനോടെ വിഴുങ്ങുന്നു. എങ്ങനെയായാലും പ്ലാസ്ററിക്ക് അവയെ കൊല്ലുന്നു.
തിമിംഗലങ്ങൾ മുതൽ ഡോൾഫിനും കടൽനായ്ക്കളും വരെയുള്ള എല്ലാത്തരം സമുദ്രജീവികളും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ചരടുകളിലും വലകളിലും കുടുങ്ങുന്നു. കടൽനായ്ക്കൾ കളിഭാവത്തിൽ അവയുടെ മൂക്കുകൾ ഉപേക്ഷിക്കപ്പെട്ട പ്ലാസ്ററിക്ക് വളയങ്ങളിലൂടെ കടത്തുന്നു, അവയെ വീണ്ടും ഊരാനോ വാപൊളിക്കാനോ പോലും കഴിയാതെ അവ സാവധാനത്തിൽ പട്ടിണികിടന്നു ചാകുന്നു. കടൽപക്ഷികൾ മത്സ്യബന്ധന ചരടുകളിൽ കുടുങ്ങുകയും വീണ്ടും കുരുക്കഴിക്കാൻ ഭ്രാന്തമായി ശ്രമിക്കവേ ചത്തുപോകുകയും ചെയ്യുന്നു. ഇവ ഒററപ്പെട്ട കേസുകളല്ല. ചപ്പുചവറുകൾ വർഷംതോറും ഏതാണ്ട് പത്തുലക്ഷം കടൽപക്ഷികളെയും ഒരു ലക്ഷം സമുദ്രസസ്തനികളെയും ശ്വാസംമുട്ടിക്കുന്നു.
രാസമലിനീകരണവും മരണസംഖ്യയോട് അതിന്റെ പങ്കു കൂട്ടിയിരിക്കുന്നു. കഴിഞ്ഞ വേനൽക്കാലത്ത്, മരിച്ച കടൽനായ്ക്കൾ നോർത്ത്സീയുടെ തീരങ്ങളിൽ അടിഞ്ഞുകൂടാൻ തുടങ്ങി. മാസങ്ങൾക്കകം നോർത്ത്സീയിലെ 18,000 തുറമുഖ കടൽനായ്ക്കളിൽ ഏതാണ്ട് 12,000 എണ്ണം തുടച്ചുനീക്കപ്പെട്ടു. അവയെ കൊന്നതെന്താണ്? ഒരു വൈറസ്. എന്നാൽ അതുസംബന്ധിച്ച് അതിൽ കൂടുതലുണ്ട്. നോർത്ത്സീയിലേക്കും ബാൾട്ടിക്കിലേക്കും ക്രമമായി ഒഴുക്കിവിടുന്ന ശതകോടിക്കണക്കിന് ടൺ വിസർജ്ജ്യങ്ങളും ഒരു പങ്കുവഹിക്കുകയും കടൽനായ്ക്കളുടെ പ്രതിരക്ഷാവ്യവസ്ഥകളെ ദുർബലീകരിക്കുകയും രോഗംപരക്കാൻ സഹായിക്കുകയും ചെയ്തു.
മലിനീകരണം വിശേഷാൽ ബാൾട്ടിക്ക് സമുദ്രത്തിലും നോർത്ത്സീയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഈ നാളുകളിൽ മലിനീകരിക്കപ്പെടാത്ത ഒരു സമുദ്രഭാഗം കണ്ടെത്താൻ ഒരു മൃഗത്തിനു പ്രയാസമായിരിക്കും. ആർക്ടിക്കിന്റെയും അൻറാർട്ടിക്കിന്റെയും വിദൂരഭാഗങ്ങളിലെ പെൻഗ്വിനുകളും നർവാൾസും ധ്രുവക്കരടികളും മത്സ്യങ്ങളും കടൽനായ്ക്കളുമെല്ലാം അവയുടെ ഉടലിലെ കലകളിൽ മമനുഷ്യന്റെ രാസവസ്തുക്കളും കീടനാശിനികളും വഹിക്കുന്നുണ്ട്. കാനഡായിലെ സെൻറ്ലോറൻസ് ഉൾക്കടലിലെ ബലൂഗാ തിമിംഗല ശവങ്ങൾ അപകടകരങ്ങളായ പാഴ്വസ്തുവായി കരുതപ്പെടുന്നു, അവ വിഷജന്യങ്ങളാൽ അത്ര പൂരിതമാണ്. ഐക്യനാടുകളുടെ അററ്ലാൻറിക്ക്തീരത്ത് വെറും ഒന്നിൽപരം വർഷംകൊണ്ട് അവിടത്തെ ഡോൾഫിനുകളുടെ 40 ശതമാനം ചത്തൊടുങ്ങുകയും പൊള്ളലുകളും മുറിവുകളും തൊലികൊഴിച്ചിലും സഹിതം കരയ്ക്കടിയുകയും ചെയ്തു.
ഒരു ദുർബലസംവിധാനത്തെ ദ്രോഹിക്കുന്നു
സമുദ്രമലിനീകരണത്തിന് മറെറാരു ശിക്ഷകൂടെയുണ്ട്. അത് ഭീതിജനകമായ ഫലങ്ങളോടെ സങ്കീർണ്ണമായ പരിസ്ഥിതിവ്യവസ്ഥക്ക് പ്രഹരമേൽപ്പിക്കുന്നു. ഉദാഹരണത്തിന്, സമുദ്രങ്ങൾ മലിനീകരണത്തിനെതിരായ പ്രതിരോധവ്യവസ്ഥകൾ സഹിതമാണ് സംവിധാനംചെയ്യപ്പെട്ടിരിക്കുന്നത്. അഴിമുഖങ്ങളും നദീമുഖങ്ങളിലെ ചതുപ്പുനിലങ്ങളും വെള്ളം സമുദ്രത്തിൽ ഒഴുകിച്ചേരുന്നതിനു മുമ്പ് ഹാനികരങ്ങളായ വസ്തുക്കളെ നീക്കംചെയ്യുന്ന ഫലപ്രദങ്ങളായ പൂരകങ്ങളാണ്. സമുദ്രത്തിനുതന്നെ സ്വയംപുതുക്കലിനും ശുദ്ധീകരണത്തിനുമുള്ള വമ്പിച്ച പ്രാപ്തിയുണ്ട്. എന്നാൽ മനുഷ്യൻ ചതുപ്പുനിലങ്ങൾ നിരത്തുകയും അഴിമുഖങ്ങളെ അമിതമായി ഞെരുക്കുകയും സമുദ്രങ്ങൾക്ക് ആഗിരണംചെയ്യാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ അവശിഷ്ടങ്ങൾ അവയിൽ തള്ളുകയും ചെയ്യുന്നു.
അഴുക്കുകളും മലിനജലവും അനിയന്ത്രിതമായി സമുദ്രത്തിൽ ഒഴുകിച്ചേരുമ്പോൾ അവ പായലിനെ അമിതമായി പോഷിപ്പിക്കുന്നു. അവ പിന്നീട് ചുവന്നും തവിട്ടുനിറത്തിലും വ്യാപിച്ചുകിടക്കുന്ന റൈറഡുകളായി പുഷ്പിക്കുന്നു, അവ വെള്ളത്തിലെ ഓക്സിജനെ ശുഷ്കിപ്പിക്കുകയും ചുററുപാടും മൈലുകളോളമുള്ള സമുദ്രജീവികളെ കൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ള റൈറഡുകൾ ലോകത്തിലെല്ലാം വർദ്ധിച്ചുവരുകയാണ്.
മുമ്പു കേട്ടിട്ടില്ലാത്ത വിധങ്ങളിൽപോലും മനുഷ്യൻ മലിനീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, താപീയ മലിനീകരണമുണ്ട്. തദ്ദേശീയ ജലോഷ്മാവിനെ അല്പമായിപോലും ഉയർത്തുന്ന ചൂടുള്ള അവശിഷ്ടങ്ങളുടെ ഒഴുകിയെത്തൽ പരിസ്ഥിതിവ്യവസ്ഥയെ തകിടംമറിക്കുന്ന ജീവികളുടെ വളർച്ചക്കു പ്രോൽസാഹിപ്പിച്ചേക്കാം.
ശബ്ദ മലിനീകരണവുമുണ്ട്. ന്യൂയോർക്ക റൈറംസ പറയുന്നതനുസരിച്ച് ഭൂചലന പഠനങ്ങൾക്കുവേണ്ടിയുള്ള സ്ഫോടനങ്ങളാലും എണ്ണക്കുവേണ്ടിയുള്ള കുഴിക്കലിനാലും പടുകൂററൻ കപ്പലുകളാലും സമുദ്രാന്തർലോകത്തിലെ പ്രശാന്തതയെയും അവൻ തകർക്കുകയാണ്. ശബ്ദം മത്സ്യങ്ങളുടെയും തിമിംഗലങ്ങളുടെയും കടൽനായ്ക്കളുടെയും സൂക്ഷ്മശ്രവണേന്ദ്രിയങ്ങൾക്കു തകരാറുവരുത്തുന്നു—ഒരുപക്ഷേ അവയുടെ ആശയവിനിമയ പ്രാപ്തിയെത്തന്നെ തകിടം മറിക്കുന്നു. ഒരു കാലത്ത് തിമിംഗലങ്ങൾക്ക് സമുദ്രങ്ങളിൽ ആയിരക്കണക്കിനു മൈലുകൾക്കപ്പുറത്തുനിന്ന്—അലാസ്കായുടെയും അൻററാർട്ടിക്കായുടെയും ഇടയ്ക്കത്തെ ദൂരത്തോളംതന്നെ—പരസ്പരം പുറപ്പെടുവിക്കുന്ന ആവൃത്തി കുറഞ്ഞ ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞിരിക്കാമെന്ന് കാൾ സഗാന്റെ കോസമോസ എന്ന പുസ്തകം അവകാശപ്പെടുന്നു. മാനുഷശബ്ദത്തിന്റെ പ്രതിബന്ധം ആ അകലത്തെ ചുരുക്കംചില നൂറുകൾ മാത്രമായ മൈലായി കുറച്ചിരിക്കുന്നുവെന്ന് സഗാൻ കണക്കുകൂട്ടുന്നു. “നാം തിമംഗലങ്ങളെ അവയിൽനിന്നുതന്നെ ഛേദിച്ചുകളഞ്ഞിരിക്കുന്നു”വെന്ന് അദ്ദേഹം വ്യസനത്തോടെ പറയുന്നു.
പ്രദൂഷണ പ്രതിസന്ധികൾ എത്ര കെട്ടുപിണഞ്ഞതായിത്തീർന്നിരിക്കുന്നുവെന്നും സമുദ്രങ്ങൾ ദൃഷ്ടാന്തീകരിക്കുന്നു. ഉദാഹരണത്തിന്, ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോൺപടലത്തിന് മനുഷ്യൻ വരുത്തിയിരിക്കുന്ന കെടുതിനിമിത്തം കൂടുതൽ അൾട്രാവയലററ് പ്രകാശം സമുദ്രങ്ങളിലെത്തുകയും ഉപരിതലത്തോടടുത്ത് പൊങ്ങിക്കിടക്കുന്ന പ്ലാംങ്ക്ടനെ കൊല്ലുകയും ചെയ്യുന്നു. പ്ലാങ്ക്ടൻ കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യുന്നതിനാൽ അതിന്റെ നാശം ഗ്രീൻഹൗസ് പ്രഭാവം എന്നു വിളിക്കപ്പെടുന്ന ചൂടേറിവരുന്ന ആഗോള പ്രവണതക്ക് കളമൊരുക്കുന്നു. ഒരുപക്ഷേ മാരകമായ പായൽ പുഷ്പിക്കലിനെ ഉത്തേജിപ്പിച്ചുകൊണ്ട് മമനുഷ്യന്റെ നൈട്രജനെ ലോകത്തിലെ വെള്ളങ്ങളിലേക്ക് തള്ളവേ അമ്ലമഴപോലും ചിത്രത്തിലേക്കു വരുന്നു. എത്ര കുരുക്കും അപകടവും നിറഞ്ഞ വലയാണ് മനുഷ്യൻ നെയ്തെടുത്തിരിക്കുന്നത്!
എന്നാൽ ചിത്രം തികച്ചും നിരാശാജനകമാണോ? നമ്മുടെ സമുദ്രങ്ങൾക്ക് എന്തു സംഭവിക്കും? അവ രാസവസ്തുക്കളും ചപ്പുചവറും നിറഞ്ഞ നിർജ്ജീവമായ അഴുക്കുകുഴികളായി അധഃപതിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണോ? (g89 7/22)
[5-ാം പേജിലെ ചതുരം]
ഒരു ആഗോള ബാധ
◼ മലിനീകരണം നിമിത്തം 1987ൽ യു.എസ്. ഷെൽഫിഷ് തടങ്ങളുടെ 33 ശതമാനം അടച്ചിടേണ്ടിവന്നു.
◼ സ്വച്ഛമായ കടൽപ്പുറങ്ങൾക്കു പണ്ടേ പ്രസിദ്ധമായിരുന്ന നോർത്ത്സീയിലെ ഒരു ജർമ്മൻ സുഖവാസദ്വീപായ സിൽററ് കഴിഞ്ഞ വേനൽക്കാലത്ത് പായൽപുഷ്പിക്കലിനാലും മലിനീകരണത്താലും ആക്രമിക്കപ്പെട്ടു. നാററമുള്ള പതയുടെ മൂന്നടി ഘനമുള്ള ഒരു അടുക്ക് ബീച്ചുകളെ മൂടി.
◼ ഹാവായിയിൽനിന്ന് ആയിരം മൈൽ അകലെ ജനവാസമില്ലാത്ത ഒരു ദ്വീപായ ലായ്സാൻ സന്ദർശിക്കാൻ പ്രകൃതിനിരീക്ഷകർ ഒരു കാലത്ത് നോക്കിപ്പാർത്തിരുന്നു. ഇപ്പോൾ ബീച്ചുകൾ പ്ലാസ്ററിക്ക് അവശിഷ്ടങ്ങളും ചപ്പുചവറുകളും നിറഞ്ഞിരിക്കുന്നതായി അവർ കണ്ടെത്തുന്നു
◼ ലോകവ്യാപകമായി, മനുഷ്യൻ ഓരോ വർഷവും ഏതാണ്ട് അറുപതുലക്ഷം ടൺ എണ്ണ സമുദ്രത്തിൽ മറിക്കുന്നു—അതിലധികവും ഉദ്ദേശ്യപൂർവകംതന്നെയാണ്.
◼ ഗ്രീൻപീസ് എന്ന പരിസ്ഥിതിഗ്രൂപ്പ് പറയുന്നതനുസരിച്ച് എല്ലാ സമുദ്രങ്ങളിലുംകൂടെ ഉള്ളിടത്തോളം റേഡിയോ ആക്ററീവ് അവശിഷ്ടങ്ങൾ ഐറിഷ്സമുദ്രത്തിലുണ്ട്. തീരപ്രദേശത്തെ ല്യൂക്കേമിയാ നിരക്കിലെ 50 ശതമാനം വർദ്ധനവിന് പ്രദൂഷണം സംഭാവനചെയ്തിരിക്കാം.
◼ ഇൻഡ്യൻ മഹാസമുദ്രത്തിന്റെ തീരത്തെ എല്ലാ രാജ്യങ്ങളിലും ററാങ്കർകപ്പലുകളിൽനിന്ന് തള്ളിയ താറിന്റെ ഉരുളകളുടെ ബാധയുണ്ട്
◼ മത്സ്യബന്ധന വ്യവസായത്തിൽനിന്ന് നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വലകൾ ഓരോ വർഷവും ഏതാണ്ട് 30,000 വടക്കൻ രോമാവൃതകടൽനായ്ക്കളെ കുരുക്കുകയും കൊല്ലുകയും ചെയ്യുന്നു. ഏഷ്യൻ മത്സ്യബന്ധന കപ്പലുകൾക്കുതന്നെ ഓരോ രാത്രിയിലും കണക്കാക്കപ്പെട്ട പ്രകാരം പത്തുമൈൽ നീളംവരുന്ന വല നഷ്ടപ്പെടുന്നു.
◼ ഇററലിയിലെ ബീച്ചുകളുടെ 86 ശതമാനം ശുദ്ധമാണെന്ന് അവിടത്തെ ഗവൺമെൻറ് പറയുന്നുവെങ്കിലും പരിസ്ഥിതിശാസ്ത്രജ്ഞൻമാർ 34 ശതമാനമെന്നാണ് പറയുന്നത്. മെഡിറററേനിയൻ സമുദ്രതീരത്തെ ഏതാണ്ട് 70 ശതമാനം നഗരങ്ങൾ അസംസ്കൃത ചപ്പുചവറുകൾ നേരിട്ടു സമുദ്രത്തിലേക്കു മറിക്കുകയാണു ചെയ്യുന്നത്.
◼ ദക്ഷിണപശ്ചിമേഷ്യയിലെ 20,000 ദ്വീപുകൾ തീരത്തുനിന്നു മാറിയുള്ള ററിൻ ഖനനത്തിൽനിന്നും സ്ഫോടനത്തിൽനിന്നും കരയിൽനിന്നും കപ്പലുകളിൽനിന്നുമുള്ള അവശിഷ്ടനിർമ്മാർജ്ജനത്തിൽ നിന്നുമുള്ള മലിനീകരണ കെടുതി അനുഭവിച്ചിട്ടുണ്ട്. വിലയിതാണ്: അപകടത്തിലായ ജന്തുവർഗ്ഗങ്ങൾ, കേടുബാധിച്ച പവിഴപ്പുററുകൾ, ഗ്രീസും താർ ഉരുളുകളും നിമിത്തം നാശോൻമുഖമായ ബീച്ചുകൾ.
◼ ബ്രസീലിലെ വേജാമാസികയിൽ ബ്രസീലിലെ സമുദ്രതീരത്തിന്റെയും തീരപ്രദേശജലത്തിന്റെയും മലിനീകരണത്തെപ്പററി “സഹായത്തിനുള്ള ഒരു നിലവിളി” എന്ന ശീർഷകത്തിൽ ഒരു ലേഖനം ഉണ്ടായിരുന്നു. കുററപ്പുള്ളി: അനുചിതമായ മാലിന്യനിർമ്മാർജ്ജനവും ആവശ്യമായ മുൻകരുതൽകൂടാതെയുള്ള വ്യവസായവൽക്കരണവുംതന്നെ.
[7-ാം പേജിലെ ചിത്രം]
എണ്ണതൂകൽ ആയിരക്കണക്കിനു ജീവികളെ കൊല്ലുന്നു