മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 12: ക്രി.വ. 100-476 സുവിശേഷ വെളിച്ചം കെടുത്തിക്കളയുന്നു
“തങ്ങളേത്തന്നെ ശുദ്ധീകരിക്കുന്നതിനു പകരം സത്യത്തിൽ മായം ചേർക്കുന്നത് കൂടുതൽ സൗകര്യപ്രദമാണെന്ന് മനുഷ്യർ കണ്ടുപിടിച്ചിരിക്കുന്നു.”—ചാൾസ് കേലബ് കോൾട്ടൺ, 19-ാം നൂററാണ്ടിലെ ഇംഗ്ലീഷ് വൈദികൻ
റോമാ ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനെ വകവരുത്തിയ ക്രി. വ. 33ൽ തുടങ്ങി ബൈബിൾ ചരിത്രത്തിലെ ആ ആറാം ലോകശക്തി ക്രിസ്ത്യാനികളുമായി നിരന്തരം ശണ്ഠയിലായിരുന്നു. അത് അവരെ തുറുങ്കിലിടുകയും ചിലരെ സിംഹക്കുഴിയിലെറിയുകയും ചെയ്തു. എന്നാൽ നീറോയുടെ ഉദ്യാനങ്ങളിൽ മനുഷ്യദീപങ്ങളായി ഉതകാൻ രക്തസാക്ഷിമരണത്തിന്റെ ഭീഷണിയുണ്ടായപ്പോൾപോലും ഒന്നാം നൂററാണ്ടിലെ റോമാക്രിസ്ത്യാനികൾ തങ്ങളുടെ ആത്മീയവെളിച്ചം പ്രകാശിപ്പിക്കുന്നതിൽ തുടർന്നു. (മത്തായി 5:14) എന്നിരുന്നാലും, കാലക്രമത്തിൽ സാഹചര്യത്തിനു മാററമുണ്ടായി.
“മൂന്നാം നൂററാണ്ടിന്റെ പ്രാരംഭഭാഗത്ത് സഭ മാന്യമായിത്തീരാൻ തുടങ്ങിയിരുന്നു”വെന്ന് ക്രിസ്തു മുതൽ കോൺസററൻറയൻ വരെ എന്ന പുസ്തകം പറയുന്നു. എന്നാൽ മാന്യതക്ക് അതിന്റെ വില ഒടുക്കേണ്ടിവന്നു, “നിലവാരങ്ങളുടെ ഒരു താഴ്ത്തൽ.” അതനുസരിച്ച്, “ക്രിസ്തീയജീവിതം മേലാൽ ക്രിസ്തീയവിശ്വാസത്തിന്റെ ഒരു വ്യവസ്ഥയാണെന്നു കാണപ്പെട്ടില്ല.”
സുവിശേഷവെളിച്ചം മങ്ങിയ ഒരു സ്ഫുരണമായി അധഃപതിച്ചിരുന്നു. “നാലാം നൂററാണ്ടായപ്പോഴേക്ക് ക്രിസ്ത്യാനിയും റോമാക്കാരനുമായിരിക്കുക സാദ്ധ്യമാണെന്നുമാത്രമല്ല, പിന്നെയോ റോമായുടെ നീണ്ട ചരിത്രം യഥാർത്ഥത്തിൽ ക്രിസ്തീയ ഇതിഹാസത്തിന്റെ തുടക്കമായിരുന്നുവെന്നും ക്രിസ്തീയ എഴുത്തുകാർ അവകാശപ്പെട്ടിരുന്നു”വെന്ന് ഇംപീരിയൽ റോം എന്ന പുസ്തകം പറയുന്നു. “റോമാ ദിവ്യനിയമിതമായിരുന്നുവെന്നതായിരുന്നു സൂചന.”
റോമാചക്രവർത്തിയായിരുന്നമഹാനായ കോൺസ്ററൻറയ്ൻ ഈ വീക്ഷണം പുലർത്തിയിരുന്നു. ക്രി.വ. 313-ൽ കോൺസ്ററൻറയ്ൻ ക്രിസ്ത്യാനിത്വത്തെ നിയമസാധുതയുള്ള ഒരു മതമാക്കിത്തീർത്തു. സഭയെയും സംസ്ഥാനത്തെയും സംയോജിപ്പിച്ചുകൊണ്ടും മതനേതാക്കൻമാരെ സംസ്ഥാനത്തിന്റെ സേവനത്തിൽ നിയമിച്ചുകൊണ്ടും മതകാര്യങ്ങളിൽ സംസ്ഥാനനിയന്ത്രണം അനുവദിച്ചുകൊണ്ടും കോൺസ്ററൻറയ്ൻ യഥാർത്ഥത്തിൽ ദ്രോഹമാണ് ചെയ്തത്.
രണ്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിൽത്തന്നെ അന്ത്യോക്യയിലെ ബിഷപ്പായിരുന്ന ഇഗ്നേഷ്യസ് സഭാഭരണത്തിന് ഒരു പുതിയ രീതി അവതരിപ്പിച്ചിരുന്നു. മൂപ്പൻമാരുടെ ഒരു സംഘത്തിനു പകരം ഏകാധിപത്യപരമായ അദ്ധ്യക്ഷഭരണരീതിപ്രകാരം ഓരോ സഭയിലും ഒരൊററ സഭാധിപൻ ചുമതല വഹിക്കാൻ ക്രമീകരണംചെയ്തു. ഏകദേശം ഒരു നൂററാണ്ടിനുശേഷം കാർത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയൻ ഈ പൗരോഹിത്യവൈദികവ്യവസ്ഥിതിയെ ഒരു ഏകാധിപത്യ സപ്ത-തല പുരോഹിതാധിപത്യമാക്കി മാററി. പരമോന്നതപദവി ബിഷപ്പ് വഹിച്ചു. അദ്ദേഹത്തിന്റെ കീഴിൽ പുരോഹിതൻമാരും ഡീക്കൻമാരും സബ്ഡീക്കൻമാരും മററു സ്ഥാനങ്ങളും ഉണ്ടായിരുന്നു. പാശ്ചാത്യസഭ തുടർന്ന് ഒരു എട്ടാം സ്ഥാനം കൂട്ടിച്ചേർത്തു. അതേ സമയം പൗരസ്ത്യസഭ ഒരു പഞ്ച-തല പുരോഹിതാധിപത്യം സ്വീകരിച്ചു.
സംസ്ഥാനത്തിന്റെ അംഗീകാരത്തോടുകൂടിയ സഭാനേതൃത്വത്തിന്റെ ഈ രൂപം എങ്ങോട്ടു നയിച്ചു? ഇംപീരിയൽ റോം എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ക്രിസ്ത്യാനികളുടെ പീഡനത്തിന്റെ അവസാനത്തെ വലിയ അലയടിക്കുശേഷം വെറും 80 വർഷം കഴിഞ്ഞ് സഭതന്നെ പാഷണ്ഡികളെ വധിക്കാൻ തുടങ്ങി, അതിന്റെ പുരോഹിതൻമാർ മിക്കവാറും ചക്രവർത്തിമാരുടേതിനോടു തുല്യമായ അധികാരം പ്രയോഗിച്ചുകൊണ്ടിരുന്നു.” തീർച്ചയായും തന്റെ ശിഷ്യൻമാർ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണമെന്നും അവർ ബലത്താലല്ല, തങ്ങളുടെ വിശ്വാസത്താൽ ലോകത്തെ ജയിച്ചടക്കണമെന്നും ക്രിസ്തു പറഞ്ഞപ്പോൾ അവൻ ഉദ്ദേശിച്ചത് ഇതല്ലായിരുന്നു.—യോഹന്നാൻ 16:33; 17:14; 1 യോഹന്നാൻ 5:4 താരതമ്യപ്പെടുത്തുക.
“പുണ്യവാളൻമാരും” ഗ്രീക്ക ദൈവങ്ങളും
കോൺസ്ററൻറയ്നിന്റെ കാലത്തിനു ദീർഘനാൾ മുമ്പുതന്നെ, പുറജാതീയമായ ആശയങ്ങൾ ക്രിസ്തീയമതത്തിൽ മായംചേർത്തിരുന്നു. ഒരു കാലത്ത് റോമാമതത്തെ ശക്തമായി സ്വാധീനിച്ചിരുന്ന ഗ്രീക്ക് പുരാണദൈവങ്ങൾ അപ്പോൾത്തന്നെ ക്രിസ്തീയമതത്തെ സ്വാധീനിച്ചിരുന്നു. “റോമാ ഒരു സാമ്രാജ്യത്വശക്തിയായപ്പോഴേക്ക് ജൂപ്പിററർ ഗ്രീക്ക്സ്യൂസായി പരിഗണിക്കപ്പെട്ടിരുന്നു . . . പിന്നീട് ജൂപ്പിററർ അത്യുത്തമനും അതിമഹാനുമായ ഓപ്ററിമസ് മാക്സിമസ് ആയി ആരാധിക്കപ്പെട്ടു, ഇത് ക്രിസ്ത്യാനിത്വത്തിലേക്കു മാററപ്പെട്ട ഒരു സ്ഥാനപ്പേരെന്ന നിലയിൽ അനേകം സ്മാരകലിഖിതങ്ങളിൽ കാണപ്പെടുന്നു”വെന്ന് റോമൻ മിതോളജി എന്ന പുസ്തകം പറയുന്നു. “ക്രിസ്ത്യാനിത്വത്തിൻ കീഴിൽ, ഗ്രീക്ക് വീരപുരുഷൻമാരും, ദൈവങ്ങൾ പോലും, പുണ്യവാളൻമാരെന്ന നിലയിൽ അതിജീവിച്ചു”വെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു.
ഇതിന്റെ അർത്ഥം “അനേകം ദൈവഗണങ്ങൾ അന്യോന്യം കൂടിക്കലർന്നുവെന്നും പ്രാദേശികവ്യത്യാസങ്ങൾക്ക് മങ്ങലേററുകൊണ്ടിരുന്നുവെന്നുമാണ്” എന്ന് ഗ്രന്ഥകാരനായ എം. എ. സ്മിത്ത് വിശദീകരിക്കുന്നു. “വിവിധ ദൈവങ്ങൾ യഥാർത്ഥത്തിൽ ഒരു മഹാശക്തിയുടെ വ്യത്യസ്തപേരുകൾ മാത്രമാണെന്ന് വിചാരിക്കാൻ ആളുകളുടെയിടയിൽ ഒരു പ്രവണതയുണ്ടായിരുന്നു. . . .ഈജിപ്ഷ്യൻ ഐസിസിനെയും എഫേസ്യരുടെ അർത്തേമിസിനെയും സിറിയൻ അസ്താർത്തെയെയും തുല്യരായി കരുതാമായിരുന്നു. ഏക മഹാശക്തിയുടെ നാമങ്ങളെന്ന നിലയിൽ ഗ്രീക്ക് സ്യൂസിനോടും റോമൻ ജൂപ്പിറററിനോടും ഈജിപ്ഷ്യൻ അമ്മോൻ-റേയോടും യഹൂദ യാഹ്വേയോടുപോലും അപേക്ഷിക്കാമായിരുന്നു.”
ക്രിസ്ത്യാനിത്വം റോമിൽ റോമാചിന്തയോടും ഗ്രീക്കു ചിന്തയോടും ഉരുക്കിച്ചേർക്കപ്പെട്ടപ്പോൾ അത് മററു സ്ഥലങ്ങളിലും മാററത്തിനു വിധേയമാകുകയായിരുന്നു. ദൈവശാസ്ത്രപ്രവർത്തനത്തിന്റെ കേന്ദ്രങ്ങൾതന്നെയായിരുന്ന അലക്സാണ്ട്രിയായിലും അന്ത്യോക്യായിലും കാർത്തേജിലും എഡേസായിലും വ്യതിരിക്ത മതചിന്താസമിതികൾ വളർന്നുകൊണ്ടിരുന്നു. ദൃഷ്ടാന്തത്തിന്, കാൻറർബറിയിലെ മുൻ ആംഗ്ലിക്കൻ കാനൻ പുരോഹിതനായിരുന്ന ഹെർബട്ട് വാഡംസ് പറയുന്നപ്രകാരം, അലക്സാണ്ട്രിയൻ ചിന്താമാതൃക “പ്ലേറേറായുടെ ആശയങ്ങളാൽ വിശേഷാൽ സ്വാധീനിക്കപ്പെട്ടു,” മിക്ക “പഴയ നിയമ”പ്രസ്താവനകൾക്കും പ്രതീകാത്മകമായ അർത്ഥങ്ങൾ കല്പിച്ചുകൊണ്ടുതന്നെ. അന്ത്യോക്യാ ചിന്താമാതൃക ബൈബിൾസംബന്ധമായി കൂടുതൽ അക്ഷരീയമായ, കൂടുതൽ വിമർശനാത്മകമായ, മനോഭാവം സ്വീകരിച്ചു.
ദൂരവും ആശയവിനിമയക്കുറവും ഭാഷാപരമായ തെററിദ്ധാരണകളും വ്യത്യാസങ്ങളെ തീവ്രമാക്കാൻ ഉതകി. എന്നിരുന്നാലും ഈ സാഹചര്യത്തിന് മുഖ്യമായി ഉത്തരവാദിത്വം വഹിച്ചത് വ്യക്തിപരമായ പ്രയോജനത്തിനുവേണ്ടി സത്യത്തിൽ മായംചേർക്കാനും അങ്ങനെ സുവിശേഷവെളിച്ചം കെടുത്തിക്കളയാനും സന്നദ്ധരായിരുന്ന മതനേതാക്കളുടെ സ്വതന്ത്രമനോഭാവവും സ്വാർത്ഥാഭിലാഷവുമായിരുന്നു.
“‘അറിവ്’ എന്ന് വ്യാജമായി വിളിക്കപ്പെടുന്ന”
ഒന്നാം നൂററാണ്ടോളം മുമ്പ്, ക്രിസ്ത്യാനിത്വം വ്യാജമതോപദേശങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. അത് “‘അറിവ്’എന്നു വ്യാജമായി വിളിക്കപ്പെടുന്നതിന്റെ വൈരുദ്ധ്യങ്ങളിൽനിന്ന്” അകന്നുമാറാൻ പൗലോസ് തിമൊഥെയോസിനു മുന്നറിയിപ്പുനല്കാൻ ഇടയാക്കി. (1 തിമൊഥെയോസ് 6:20, 21) നോസ്ററിക്ക് തത്വവാദമെന്നു വിളിക്കപ്പെട്ടിരുന്ന ഒരു പ്രസ്ഥാനത്തെയായിരുന്നിരിക്കാം ഇത് പരാമർശിച്ചത്. അത് രണ്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ പ്രാമുഖ്യം പ്രാപിച്ചതും തെളിവനുസരിച്ച് ഒരു സൈമൺ മാഗസ് ഒന്നാം നൂററാണ്ടിൽ തുടങ്ങിയതുമായിരുന്നു. ഇത് പ്രവൃത്തികൾ 8:9-ൽ പറഞ്ഞിരിക്കുന്ന ശിമോനായിരിക്കാമെന്ന് ചില പ്രാമാണികർ അവകാശപ്പെടുന്നു.
നോസ്ററിക്ക് തത്വവാദത്തിന് ആ പേർകിട്ടിയത് “അറിവ്” എന്നർത്ഥമുള്ള നോസിസ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ്. രക്ഷ സാധാരണ ക്രിസ്ത്യാനികൾക്ക് അജ്ഞാതമായ അഗാധകാര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക നിഗൂഢപരിജ്ഞാനത്തിൽ അധിഷ്ഠിതമാണെന്ന് നോസ്ററിക്ക് സമൂഹങ്ങൾ വാദിച്ചു. ഈ അറിവ് “യേശു വെളിപ്പെടുത്തിയ ആന്തരിക സത്യം” പഠിപ്പിക്കാൻ തങ്ങളെ പ്രാപ്തരാക്കുന്നുവെന്ന് അവർ വിചാരിച്ചതായി മതവിജ്ഞാനകോശം പറയുന്നു.
നോസ്ററിക്ക്ചിന്തയുടെ ഉത്ഭവം പല പ്രകാരത്തിലായിരുന്നു. ബൈബിൾസംഖ്യകൾക്ക് നിഗൂഢാർത്ഥങ്ങൾ ആരോപിക്കുന്ന നടപടി നോസ്ററിക്കുകൾ സ്വീകരിച്ചത് ബാബിലോനിൽനിന്നായിരുന്നു, അവ നിഗൂഢസത്യങ്ങൾ വെളിപ്പെടുത്തിയതായി സങ്കൽപ്പിക്കപ്പെട്ടിരുന്നു. ആത്മാവു നല്ലതായിരിക്കെ, സകല വസ്തുവും സ്വതേ തിൻമയാണെന്നും നോസ്ററിക്കുകൾ പഠിപ്പിച്ചു. “ഇത് അപ്പോൾത്തന്നെ പേർഷ്യൻ ദ്വൈതവാദത്തിലും വിദൂരപൗരസ്ത്യദേശത്തു ചൈനയിലെ ‘യിൻ’-ലും ‘യാംഗി’ലും കാണപ്പെട്ടിരുന്ന ന്യായവാദത്തിന്റെ അതേ പരമ്പരയാണ്” എന്ന് ജർമ്മൻ ഗ്രന്ഥകാരനായ കാൾഫ്രിക്ക് പറയുന്നു. നോസ്ററിക്ക് എഴുത്തുകൾ അവതരിപ്പിച്ച “ക്രിസ്ത്യാനിത്വം” സുനിശ്ചിതമായി അക്രൈസ്തവ ഉറവുകളിൽ അധിഷ്ഠിതമാണ്. അതുകൊണ്ട് അത് “യേശു വെളിപ്പെടുത്തിയ ആന്തരികസത്യ”മായിരിക്കാൻ എങ്ങനെ കഴിയും?
പണ്ഡിതനായ ആർ. ഈ. ഓ. വൈററ് നോസ്ററിസിസത്തെ “തത്വശാസ്ത്രപരമായ അഭ്യൂഹത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അർദ്ധമാന്ത്രിക കർമ്മങ്ങളുടെയും ചിലപ്പോൾ മതഭ്രാന്തോടുകൂടിയതും അശ്ലീലം പോലുമായ ആരാധനാരീതിയുടെയും” സംയോജനം എന്നു വിളിക്കുന്നു. “നോസ്ററിക്കുകളുടെ യേശു ചിലപ്പോൾ പൂർവാപരയോജിപ്പില്ലാത്തവനും ചിലപ്പോൾ അഗ്രാഹ്യനും ചിലപ്പോൾ അല്പം അസ്വാഭാവികത കൂടിയവനുമാണ്” എന്ന് ആരിസോണാ യൂണിവേഴ്സിററിയിലെ ആൻഡ്രൂ എം. ഗ്രീലേ പറയുന്നു.
ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം വളച്ചൊടിക്കുന്നു
ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം വളച്ചൊടിച്ചത് നോസ്ററിക്കുകൾ മാത്രമായിരുന്നില്ല. അഞ്ചാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ കോൺസ്ററാൻറിനോപ്പിൾ പാത്രിയർക്കീസ് ആയിരുന്ന നെസ്തോറിയസ് പ്രത്യക്ഷത്തിൽ ക്രിസ്തു യഥാർത്ഥത്തിൽ ഒന്നായ രണ്ടു ആളുകളാണെന്ന് പഠിപ്പിച്ചു, മനുഷ്യനായ യേശുവും ദൈവത്തിന്റെ ദിവ്യപുത്രനും. ക്രിസ്തുവിനെ പ്രസവിച്ചപ്പോൾ മറിയ മനുഷ്യനെയാണ് പ്രസവിച്ചത്, ദിവ്യപുത്രനെ അല്ലായിരുന്നു. ഈ വീക്ഷണം മോണോഫൈസിററിസത്തോട് (“ഏകസ്വഭാവം”) യോജിച്ചില്ല, അത് ദൈവവും പുത്രനുമായുള്ള ഐക്യം അവിഭാജ്യമാണെന്നും രണ്ടു സ്വഭാവമുണ്ടെങ്കിലും യേശു യഥാർത്ഥത്തിൽ പൂർണ്ണദൈവവും അതേസമയം പൂർണ്ണമനുഷ്യനുമായി ഒന്നു മാത്രമാണെന്നും വാദിച്ചു. അതിൻപ്രകാരം മറിയ തീർച്ചയായും കേവലം മനുഷ്യനായ യേശുവിനെയല്ല, ദൈവത്തെയാണ് പ്രസവിച്ചിരിക്കുന്നത്.
ഈ രണ്ടു സിദ്ധാന്തങ്ങളും മുൻനൂററാണ്ടിലെ ഒരു തർക്കത്തിൽനിന്ന് വളർന്നുവന്നതായിരുന്നു. ഒരു അലക്സാണ്ട്രിയൻ പുരോഹിതനായിരുന്ന അറിയൂസ് ക്രിസ്തു പിതാവിനെക്കാൾ താണവനാണെന്നു വാദിച്ചു. അതുകൊണ്ട് ദൈവത്തോടുള്ള ക്രിസ്തുവിന്റെ ബന്ധത്തെ വർണ്ണിക്കുമ്പോൾ ഹോമൗസിയോസ (ഏക സാരാംശം) എന്ന പദം ഉപയോഗിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ക്രി.വ. 325ലെ നിഖ്യാ കൗൺസിൽ തീർച്ചയായും യേശു ‘പിതാവിന്റെ അതേ സാരാംശമുള്ളവൻ’ ആണെന്ന് വിധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വീക്ഷണത്തെ തള്ളിക്കളഞ്ഞു. ക്രിസ്തു അവതരിച്ച ദൈവമാണെന്ന് ക്രി.വ. 451ൽ കൽക്കേദോനിലെ കൗൺസിൽ പ്രസ്താവിച്ചു. ഒരു ത്രിയേക ദൈവത്തെ സംബന്ധിച്ച ബാബിലോന്യ-ഈജിപ്ഷൻ-ഗ്രീക്ക് ധാരണ താനും തന്റെ പിതാവും യാതൊരു വിധത്തിലും തുല്യൻമാരല്ലാത്ത രണ്ടു വ്യക്തികളാണെന്നുള്ള ക്രിസ്തുവിന്റെ ഉപദേശത്തെ ഇപ്പോൾ പുറന്തള്ളിയിരുന്നു.—മർക്കോസ് 13:32; യോഹന്നാൻ 14:28.
യഥാർത്ഥത്തിൽ വടക്കൻ ആഫ്രിക്കാസഭയിലെ ഒരു അംഗമായിരുന്ന തെർത്തുല്യനായിരുന്നു (ക്രി.വ. ഏകദേശം 160-230) “ട്രിനിററാസ” എന്ന പദം അവതരിപ്പിച്ചത്, അത് അറിയൂസ് ജനിക്കുന്നതിനു കുറേക്കാലം മുമ്പ് ക്രിസ്തീയ ഉപയോഗത്തിൽ വന്നിരുന്നു. ഗ്രീക്കിനു പകരം ലാററിനിൽ ധാരാളം എഴുതിയ ആദ്യ ദൈവശാസ്ത്രജ്ഞനായിരുന്ന തെർത്തുല്യൻ പാശ്ചാത്യദൈവശാസ്ത്രത്തിന് അടിസ്ഥാനമിടാൻ സഹായിച്ചു. ഏതാണ്ടു രണ്ടു നൂററാണ്ടുകൾക്കു ശേഷമുള്ള മറെറാരു വടക്കൻ ആഫ്രിക്കൻ ദൈവശാസ്ത്രജ്ഞനായിരുന്ന “സെയിൻറ്” അഗസ്ററിനും അങ്ങനെ ചെയ്തു. “[അഗസ്ററിൻ] ക്രിസ്തീയ പുരാകാലത്തെ ഏററവും വലിയ ചിന്തകനായിരുന്നതായി പൊതുവേ അംഗീകരിക്കപ്പെടുന്നു”വെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. എന്നാൽ അതിലെ അടുത്ത വാക്കുകൾ ആത്മാർത്ഥതയുള്ള ഏതു കത്തോലിക്കനും അല്ലെങ്കിൽ പ്രോട്ടസ്ററൻറുകാരനും ഉത്ക്കണ്ഠക്കു കാരണമാണ്: “പുതിയ നിയമത്തിലെ മതം ഗ്രീക്ക് തത്വശാസ്ത്രത്തിലെ പ്ലേറേറാണിക പാരമ്പര്യവുമായി ഉരുക്കിച്ചേർത്തത് അദ്ദേഹത്തിന്റെ ബുദ്ധിയാകുന്ന മൂശയിലായിരുന്നു; ഈ ഉരുക്കിച്ചേർക്കലിന്റെ ഉല്പന്നത്തെ മദ്ധ്യകാല കത്തോലിക്കാ മതത്തിലെയും നവോത്ഥാന പ്രോട്ടസ്ററൻറ് മതത്തിലെയും ക്രൈസ്തവസമൂഹങ്ങളിലേക്ക് എത്തിച്ചതും ഈ മുഖാന്തരത്താലായിരുന്നു.”
കത്തോലിക്കാമതം പ്രതിസന്ധിയിൽ
നാലാം നൂററാണ്ടിന്റെ അവസാനമായപ്പോഴേക്ക് തിയോഡോസ്യസ് I-ാമൻ ചക്രവർത്തി കത്തോലിക്കാമതത്തെ സംസ്ഥാനമതമാക്കിക്കൊണ്ടു കോൺസ്ററൻറയ്ൻ തുടക്കമിട്ടതിനെ പൂർത്തീകരിച്ചു. അതിനുശേഷം താമസിയാതെ, കോൺസ്ററൻറയ്ൻ ഭയപ്പെട്ടിരുന്നതുപോലെ, റോമൻ സാമ്രാജ്യം പിളർന്നു. സാമ്രാജ്യത്തെ ദീർഘനാൾ ഞെരുക്കിക്കൊണ്ടിരുന്ന ഒരു ജർമ്മൻ ജനസമൂഹമായിരുന്ന വിസിഗോത്തുകൾ ക്രി.വ. 410-ൽ റോമാ പിടിച്ചടക്കി. ക്രി.വ. 476-ൽ ജർമ്മൻ സൈന്യാധിപനായിരുന്ന ഓഡോസെർ പടിഞ്ഞാറൻ ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കുകയും തന്നേത്തന്നെ രാജാവായി പ്രഖ്യാപിക്കുകയും അങ്ങനെ പശ്ചിമ റോമൻസാമ്രാജ്യത്തെ അവസാനിപ്പിക്കുകയും ചെയ്തു.
ഈ പുതിയ സാഹചര്യങ്ങളിൽ കത്തോലിക്കാമതം എങ്ങനെ വർത്തിക്കും? ക്രി.വ. 500ൽ അത് ലോകജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനത്തെ അംഗങ്ങളായി അവകാശപ്പെട്ടിരുന്നു. കണക്കാക്കപ്പെട്ടപ്രകാരം ഈ 43 ദശലക്ഷം പേരിൽ ഭൂരിപക്ഷവും തങ്ങളേത്തന്നെ ശുദ്ധീകരിക്കുന്നതിനുപകരം സത്യത്തിൽ മായം ചേർക്കുന്നത് കൂടുതൽ സൗകര്യപ്രദമാണെന്നു കണ്ടെത്തിയ മതനേതാക്കൻമാരാൽ ബലിയാടുകളാക്കപ്പെട്ടിരുന്നു. സത്യക്രിസ്ത്യാനിത്വത്തിന്റെ സുവിശേഷവെളിച്ചം കെടുത്തപ്പെട്ടിരുന്നു. എന്നാൽ “അന്ധകാരത്തിൽനിന്ന് ‘വിശുദ്ധമായ’ ഒന്ന്” പെട്ടെന്നുതന്നെ ജനിക്കുമായിരുന്നു, അത് ഞങ്ങളുടെ അടുത്ത ലക്കം ചർച്ചചെയ്യും. (g89 6⁄22)
[29-ാം പേജിലെ ചതുരം]
നോസററിക്ക വിശ്വാസത്തിന്റെ മാതൃകകൾ
മാർഷ്യൻ (രണ്ടാം നൂററാണ്ട്) യേശുവിനെക്കാൾ താണ ഒരു അപൂർണ്ണ പഴയനിയമദൈവവും യേശുവിന്റെ പിതാവായ “പുതിയനിയമ”ത്തിലെ സ്നേഹത്തിന്റെ അജ്ഞാതദൈവവും തമ്മിൽ വ്യത്യാസം കല്പിച്ചു. “ഒരു അജ്ഞാതദൈവ”ത്തെക്കുറിച്ചുള്ള ആശയം നോസ്ററിക്ക്തത്വവാദത്തിന്റെ അടിസ്ഥാന പ്രതിപാദ്യമാണ്” എന്ന് മതവിജ്ഞാനകോശം വിശദീകരിക്കുന്നു. ഈ അജ്ഞാതദൈവം “മാനുഷബുദ്ധിശക്തിക്ക് അപ്രാപ്യനായ പരമോന്നത ബുദ്ധിശക്തി”യായി തിരിച്ചറിയിക്കപ്പെടുന്നു. മറിച്ച്, ഭൗതികലോകത്തിന്റെ സ്രഷ്ടാവ് താണവനും പൂർണ്ണബുദ്ധിമാനല്ലാത്തവനുമാണ്, ഡമിയൂർജ് എന്ന് അറിയപ്പെടുകയും ചെയ്യുന്നു.
മൊണ്ടാനസ (രണ്ടാം നൂററാണ്ട്) ക്രിസ്തുവിന്റെ ആസന്നമായ തിരിച്ചുവരവിനെയും ഇന്നു ടർക്കിയായിരിക്കുന്നിടത്തെ പുതിയ യരൂശലേമിന്റെ സ്ഥാപനത്തെയും കുറിച്ച് പ്രസംഗിച്ചു. ഉപദേശത്തെക്കാൾ നടത്തയിൽ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ക്രിസ്ത്യാനിത്വത്തിന്റെ ആദിമമൂല്യങ്ങളെ പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവെന്ന് പ്രകടമാണ്, എന്നാൽ അങ്ങേയററത്തെ രീതികൾ നിമിത്തം ഈ പ്രസ്ഥാനം ഒടുവിൽ അത് കുററംവിധിച്ച നിഷ്ഠയില്ലായ്മക്ക് ഇരയായി.
വാലൻറിനസ (രണ്ടാം നൂററാണ്ട്) ഒരു ഗ്രീക്ക് കവിയും എക്കാലത്തെയും അത്യന്തം പ്രമുഖനായ നോസ്ററിക്ക് തത്വവാദിയുമായിരുന്നു. അദ്ദേഹം യേശുവിന്റെ സ്വർഗ്ഗീയശരീരം മറിയയിൽകൂടെ കടന്നുപോയെങ്കിലും അത് യഥാർത്ഥത്തിൽ അവളിൽ ജനിച്ചില്ല എന്നു വാദിക്കുന്നു. കാരണം നോസ്ററിക്ക് തത്വവാദികൾ സകല വസ്തുവിനെയും തിൻമയായി വീക്ഷിക്കുന്നു. അങ്ങനെ, യേശുവിന് ഒരു ഭൗതികശരീരമുണ്ടായിരിക്കാവുന്നതല്ല, അതല്ലെങ്കിൽ അതും തിൻമയായിരിക്കുമായിരുന്നു. ഡോസിററിസ്ററുകൾ എന്നറിയപ്പെട്ടിരുന്ന നോസ്ററിക്ക്തത്വവാദികൾ യേശുവിന്റെ മനുഷ്യത്വത്തെ സംബന്ധിച്ച സകലവും കേവലം തോന്നലും ഭ്രമവുമായിരുന്നുവെന്ന് പഠിപ്പിച്ചു. അതിൽ അവന്റെ മരണവും പുനരുത്ഥാനവും ഉൾപ്പെട്ടിരുന്നു.
മാനസ (മൂന്നാം നൂററാണ്ട്) ആൾബേബിലുവു എന്ന് പരിഹസിച്ചുവിളിക്കപ്പെട്ടു, “ബാബിലോന്യൻ” എന്നതിന്റെ അറബിപദമാണത്, കാരണം അദ്ദേഹം “ബാബിലോനിലേക്കു വന്ന ദൈവത്തിന്റെ സന്ദേശവാഹകൻ” എന്നു തന്നെത്തന്നെ വിളിച്ചു. അദ്ദേഹം ക്രിസ്ത്യാനിത്വത്തിന്റെയും ബുദ്ധമതത്തിന്റെയും സൊരോഷ്ട്ര്യമതത്തിന്റെയും തത്വങ്ങൾ ചേർത്ത് ഒരു സാർവലൗകികമതം രൂപവൽക്കരിക്കാൻ കഠിനശ്രമം ചെയ്തു.
[28-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനിത്വത്തെ പുറജാതിയാരാധനയോട് ഉരുക്കിച്ചേർത്തുകൊണ്ട് സുവിശേഷവെളിച്ചത്തെ കെടുത്തിക്കളയാൻ കോൺസ്ററൻറയ്ൻ സഹായിച്ചു