നിങ്ങളുടെ തീററി സുരക്ഷിതമാക്കുക
ഭക്ഷ്യാനുബന്ധ രോഗങ്ങൾക്കിടയാക്കുന്ന ബാക്ടീരിയ ജീവിച്ചിരിക്കണമെങ്കിൽ ചില ആവശ്യകതകൾ ഉണ്ട്—ആഹാരം, ജലം, വായു, ചൂട്, സമയം എന്നിവതന്നെ. ഈ അവശ്യവശങ്ങളിൽ ഏതെങ്കിലും നീക്കുന്നെങ്കിൽ വളർച്ച തടയപ്പെടുന്നു. അതുകൊണ്ട് സുരക്ഷിതമായി ഭക്ഷിക്കുക എന്നാൽ, ആഹാരത്തിൽ ബാക്ടീരിയ വളരുന്നതിനോ അടുക്കളയിൽ അണുക്കൾ വ്യാപിക്കുന്നതിനോ അനുവദിക്കാത്ത അവസ്ഥകളിൽ ആഹാരം ഒരുക്കണമെന്ന് അർത്ഥമാക്കുന്നു. സുരക്ഷിതമായ ഭോജനത്തിന് പിൻവരുന്ന നിർദ്ദേശങ്ങൾ പരിചിന്തിക്കുകയും ആവശ്യമായിരിക്കുന്നിടത്ത് നിങ്ങളുടെ ഭവനങ്ങളിൽ അവ ജ്ഞാനപൂർവ്വം ബാധകമാക്കുകയും ചെയ്യുക.
നിങ്ങളുടെ കൈകൾ കഴുകുക, ആഹാരം കൈകാര്യം ചെയ്യുന്നതിന് മുമ്പ് സോപ്പിട്ട് കഴുകുന്നത് ഏററവും നല്ലത്. കയ്യിൽ മുറിവുകൾ ഉണ്ടെങ്കിൽ കഴുകിക്കെട്ടിയെന്ന് ഉറപ്പുവരുത്തുക. ആഹാരത്തിനു മീതെ തുമ്മുന്നതും ചുമക്കുന്നതും ഒഴിവാക്കുക, ആഹാരം കൈകാര്യം ചെയ്യുമ്പോൾ മുടിയിൽ സ്പർശിക്കുന്നതും മൂക്കു തുടക്കുന്നതും ഒഴിവാക്കുക. നിങ്ങൾ മൂത്രപ്പുരയിൽ പോവുകയോ മൃഗങ്ങളെ കൈകാര്യം ചെയ്യുകയോ, അങ്ങനെ മററു കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങളുടെ ആഹാരമൊരുക്കൽ തടസ്സപ്പെടുന്നെങ്കിൽ, വീണ്ടും ആഹാരസാധനങ്ങളെ സ്പർശിക്കുന്നതിനുമുമ്പ് കൈകൾ കഴുകിയെന്ന് ഉറപ്പുവരുത്തുക.
നിങ്ങൾ ഒരുക്കാൻ പോകുന്ന ആഹാരസാധനങ്ങൾ കഴുകുക. ചന്തയിൽനിന്നോ നിങ്ങളുടെ സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നോ കിട്ടുന്ന പഴങ്ങളോ പച്ചക്കറികളോ അവ വേവിക്കുമെങ്കിൽ പോലും കഴുകാതെ ഉപയോഗിക്കരുത്. കഴുകാൻ ഉപയോഗിക്കുന്ന വെള്ളം വൃത്തിയുള്ളതായിരിക്കണം. തൊലികളയാത്ത പച്ചക്കറികളോ പഴങ്ങളോ വേവിക്കാതെ തിന്നുന്നെങ്കിൽ ഈ ആഹാരസാധനങ്ങൾ ചുരണ്ടിക്കളയുക, (വെജിററബിൾ ബ്രഷ് അഭികാമ്യം) അഴുക്കും കീടനാശിനിയുടെ അവശിഷ്ടങ്ങളും നീക്കുന്നതിനു തന്നെ. മണലും മണ്ണും നീക്കം ചെയ്യുന്നതിന് ചീരപോലുള്ള ഇലക്കറികളും നന്നായി കഴുകിയെടുക്കണം.
കുടൽ സംബന്ധമായ വിരകളും നാടവിരകളും പോലെ പരജീവികൾ സർവ്വസാധാരണമായ ഉഷ്ണമേഖലാ പ്രദേശത്താണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ പച്ചയായോ അൽപ്പം മാത്രം വേവിച്ചോ പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുമ്പോൾ ഈ ജീവികളെ കൊല്ലുന്നതിന് രോഗാണുനാശിനി ചേർത്ത ശുദ്ധവെള്ളത്തിൽ അവ കഴുകിയെടുക്കണം. വിവിധ പേരുകളിൽ വിപണനം നടത്തപ്പെടുന്ന ഹൈപ്പോക്ലോറേററ് ഫലകരമായ ഒരു സാധാരണ രോഗാണുനാശിനിയാണ്. സാധാരണഗതിയിൽ അൽപ്പം ശുദ്ധവെള്ളത്തിൽ കലക്കി പഴങ്ങളും പച്ചക്കറികളും അതിൽ മുക്കിയിടുന്നു. ആഹാരസാധനം പിന്നീട് ഭക്ഷിക്കുന്നതിന് മുമ്പ് ശുദ്ധവെള്ളത്തിൽ കഴുകിയെടുക്കുന്നു.
ഉപദ്രവകാരികളായ സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് മാംസവും മൽസ്യവും കോഴിയിറച്ചിയും നന്നായി വേവിക്കുക. ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന മാംസവും കോഴിയിറച്ചിയും വേവിക്കുന്നതിനുമുമ്പ് ചൂട് അവയുടെ കേന്ദ്ര ഭാഗത്തേക്ക് കയറത്തക്കവണ്ണം പൂർണ്ണമായും മരവിപ്പ് നീക്കിയെടുക്കേണ്ടത് ആവശ്യമാണ്. പന്നികളെ ട്രിക്കീനാ വിരകൾ ബാധിച്ചേക്കാം, വേണ്ടതുപോലെ വേവിക്കാതെ പന്നിയിറച്ചി ഭക്ഷിക്കുന്ന മനുഷ്യർക്ക് ട്രിക്കിനോസിസ് രോഗം ബാധിച്ചേക്കാം. ചില രാജ്യങ്ങളിൽ വൻനഗരങ്ങളിലെ ചന്തകളിൽ വിൽക്കപ്പെടുന്ന സോസേജ് ഇറച്ചിയുടെ 10 ശതമാനത്തിൽ ട്രിക്കിനോസിസ് അണുബാധയുണ്ടെന്ന് പറയപ്പെടുന്നു. ഉയർന്ന ഊഷ്മാവിൽ വേവിക്കുന്നതു മുഖാന്തരം ട്രിക്കിനാ വിരകളെ കൊല്ലാൻ കഴിയും, എന്നാൽ പുകക്കലും ഉപ്പിടലും പോലുള്ള മററ് സംസ്ക്കരിക്കൽ രീതികൾ അവയെ നശിപ്പിക്കുന്നില്ല.
മീനും കക്കയും കരളിലെയോ ശ്വാസകോശത്തിലെയോ വിരകളെ വഹിക്കുന്നവയായിരിക്കാം, മൽസ്യം നന്നായി വേവിക്കാത്തപക്ഷം അവ മമനുഷ്യന്റെ ശരീരത്തിൽ പ്രവേശിക്കുന്നു. ഉപ്പിടുകയോ പിക്കിളിടുകയോ ചാരായത്തിൽ മുക്കിയിടുകയോ ചെയ്യുന്നത് അത്തരം പരജീവികളെ കൊല്ലുവാൻ പര്യാപ്തമല്ല. വേവിക്കാത്ത മൽസ്യവും കക്കായിറച്ചിയും ചില സംസ്ക്കാരങ്ങളിൽ ഭക്ഷിക്കപ്പെടുന്നെങ്കിലും ജലമലിനീകരണം കൂടുതലായിരിക്കുന്നിടത്ത് ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
വെള്ളം സംശയകരമായ ഒരു ഉറവിൽ നിന്നായിരിക്കുമ്പോൾ, അത് കുടിക്കുന്നതിനു മുമ്പ് തിളപ്പിക്കണം, ജലമലിനീകരണം കൂടുതലുള്ളിടത്ത് 15 മിനിട്ടെങ്കിലും തിളപ്പിക്കണം. ചില പ്രദേശങ്ങളിൽ കുടിവെള്ളം ക്ലോറിൻ കലർത്തി ശുദ്ധി ചെയ്തേക്കാം, എന്നാൽ ബാക്ടീരിയയും പരജീവികളും സാധാരണമായിരിക്കുന്നിടത്ത് അതിൽ ആശ്രയിക്കാൻ കഴിയില്ല. തിളപ്പിക്കുന്നതാണ് ഉത്തമം.
പല രാജ്യങ്ങളിലും മലിനജലം കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറുകടി, അമീബിക് ഡിസൻട്രി, എന്നിവയും മററു രോഗങ്ങളും പരത്തുന്നു. ചില സ്ഥലങ്ങളിൽ കോർപ്പറേഷൻ ജലവിതരണം പോലും സുരക്ഷിതമാണെന്ന് കരുതാൻ കഴിയുകയില്ല. ഒരിക്കൽ വെള്ളം തിളപ്പിച്ചശേഷം വൃത്തിയുള്ള പാത്രങ്ങളിൽ മൂടി സൂക്ഷിക്കുക.
ചില സ്ഥലങ്ങളിൽ വെള്ളം അരിച്ചെടുക്കുന്നതിനും ശുപാർശ ചെയ്യപ്പെടുന്നു. ഒരു ഉപകരണമെന്ന നിലയിൽ ഫിൽറററുകൾ ലഭ്യമാണ്, അല്ലെങ്കിൽ മിനുസപ്പെടുത്താത്ത പോർസലേൻ വഴിയോ മററു വസ്തുക്കളിലൂടെയോ വെള്ളം അരിച്ചെടുക്കുന്നതിനും വെള്ളം ഒഴിക്കാനും രണ്ട് വ്യത്യസ്ത പാത്രങ്ങളും ലഭ്യമാണ്. അരിച്ചെടുക്കൽ രീതി ഖരവസ്തുക്കളും മററ് മാലിന്യങ്ങളും നീക്കം ചെയ്യുന്നു, എന്നാൽ അത് സാധാരണയായി ഉപദ്രവകാരികളായ ബാക്ടീരിയകളെ നീക്കം ചെയ്യുന്നില്ല. എന്നിരുന്നാലും, ചില പുതിയ ഫിൽറററുകൾ, അവ ചെലവേറിയതാണെങ്കിലും ഉപദ്രവകാരികളായ ബാക്ടീരിയകളെയും നീക്കുന്നു. കൂടാതെ, അവ നിരന്തരം മാററുന്നില്ലെങ്കിൽ അവതന്നെ മാലിന്യം പരത്തിയേക്കാം. ആധുനിക അരിപ്പകൾ ശൂന്യാകാശസഞ്ചാരികളെ അവരുടെ സ്വന്തം മൂത്രം പോലും കുടിക്കാൻ പ്രാപ്തരാക്കുന്നു.
നിങ്ങളുടെ പാൽ പാസ്റററൈസ് ചെയ്തതല്ലെങ്കിൽ അത് തിളപ്പിച്ച് രോഗാണു വിമുക്തമാക്കുന്നത് ജ്ഞാനപൂർവകമാണ്. ഇന്ത്യൻ പോഷകാഹാര വിദഗ്ദ്ധയായ ഡോ. സൂസി ഈപ്പൻ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “മൃഗത്താൽത്തന്നെയും വിൽപ്പനക്കാരനാലും അയാൾ അത് കൈകാര്യം ചെയ്യുന്ന വിധത്താലും പാല് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളാലും അത് മലിനമായിത്തീരുന്നതിന്റെ അപകടം സ്ഥിതിചെയ്യുന്നു.”
പാല് 160 ഡിഗ്രി ഫാരൻഹീററിനു മുകളിൽ ചൂടാക്കുകയും ആ ഊഷ്മാവിൽ 15 സെക്കൻഡെങ്കിലും വെച്ചിരിക്കുകയും ചെയ്യണം. തുടർന്ന് 50 ഡിഗ്രി ഫാരൻഹീററിനു താഴേക്ക് അത് പെട്ടെന്ന് തണുപ്പിക്കുക. ഉൾപ്പെട്ടിരിക്കുന്ന മറെറാരു രീതി പാല് കുറഞ്ഞ ഊഷ്മാവിൽ കൂടുതൽ സമയം ചൂടാക്കിക്കൊണ്ടിരിക്കുക എന്നതാണ്: 30 മിനിററു സമയം 145നും 151 ഡിഗ്രി ഫാരൻഹീററിനും ഇടക്ക്.
ആഹാരസാധനങ്ങൾ ഈച്ച പിടിക്കാതെ സൂക്ഷിക്കുക. ഈച്ചകൾ ടൈഫോയ്ഡ്, കോളറ, വയറുകടി, വിഷജ്വരം, ഡിഫ്തീരിയ എന്നിവയുടെ അണുക്കൾ വഹിച്ചുകൊണ്ടു വന്നേക്കാം. അവ പോളിയോ വൈറസ്സുകളും കുടൽ വിരകളുടെയും പരജീവികളുടെയും മുട്ടകളും സംക്രമണം നടത്തിയേക്കാം. വീടിന്റെ പരിസരത്ത് ഈച്ചകളെ നേരിടുന്നതിനുള്ള ഏററവും നല്ല രീതി അവ മുട്ടയിട്ട് വളരുന്നതിനെ തടയുകയെന്നതാണ്. നിങ്ങൾക്ക് സ്വന്തം ചുററുപാടുകൾ പരിശോധിച്ച് ഉച്ഛിഷ്ടങ്ങൾ നീക്കം ചെയ്ത് വൃത്തി വരുത്തേണ്ടതുണ്ടോയെന്ന് കാണാൻ കഴിയും. ചപ്പുചവറുകൾ ഇടുന്നതിനുള്ള പാത്രം വേണ്ടതുപോലെ മൂടിവെക്കുകയും രോഗാണു വിമുക്തമാക്കുകയും ചെയ്യണം. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനു ചുററും ചപ്പുചവറുകൾ ഇടാൻ ആരെയും അനുവദിക്കരുത്. വിസർജ്ജന വസ്തുക്കൾ മൂടിക്കളയുകയോ നശിപ്പിച്ചുകളയുകയോ ചെയ്യണം, ഈച്ചകൾ അവിടെ മുട്ടയിട്ട് വളരാതിരിക്കുന്നതിനു തന്നെ.
പാചകം ചെയ്തശേഷം ഉടനെ ആഹാരം കഴിക്കുക, വിശേഷിച്ചും ചൂടുള്ള കാലാവസ്ഥയിൽ. ദ്രോഹികളായ ബാക്ടീരിയകൾ പെട്ടെന്ന് വർദ്ധിക്കും. നിങ്ങൾ ഭക്ഷണം നേരത്തെ പാചകം ചെയ്ത്, പിന്നീട് കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, പാചക ശേഷം ഭക്ഷണം തണുപ്പിക്കുകയും വിളമ്പുന്നതിനുമുമ്പ് അത് വീണ്ടും നന്നായി ചൂടാക്കുകയും ചെയ്യുക.
പാചകം ചെയ്ത ആഹാരം വേണ്ടത്ര ചൂടിൽ (140° ഫാരൻ ഹീററിനു മുകളിൽ) അല്ലെങ്കിൽ തണുപ്പിൽ (50° ഫാരൻഹീററിൽ താഴെ) സൂക്ഷിക്കുക. ബാക്ടീരിയ വർദ്ധിച്ച് പെരുകുന്ന അപകടമേഖല അതിനിടക്കാണ്. ബാക്കി വരുന്നവ തണുപ്പിക്കാൻ കഴിയില്ലെങ്കിൽ അവ സൂക്ഷിച്ചു വെക്കരുതെന്നാണ് അതിന്റെ അർത്ഥം. നിങ്ങൾക്ക് ശീതീകരണ സംവിധാനമില്ലെങ്കിൽ ഒരു നേരത്തെ ആഹാരത്തിനുള്ളതു മാത്രം പാചകം ചെയ്യുക. ചില രാജ്യങ്ങളിൽ സുഗന്ധ ദ്രവ്യങ്ങളിലും പച്ചകൊത്തമല്ലിപോലുള്ള സസ്യങ്ങളിലും മിക്കപ്പോഴും ബാക്ടീരിയാ ബാധയുണ്ട്. അതുകൊണ്ട് പൂർണ്ണ അളവിൽ ചൂടു ലഭിക്കുന്നതിന് പാചകം തുടങ്ങുമ്പോൾ തന്നെ ഇവ ആഹാരത്തിൽ ചേർക്കണം.
നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കുക. ഇതിൽ നിങ്ങളുടെ അടുക്കള സാധനങ്ങളും നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങൾതന്നെയും ഉൾപ്പെടുന്നു. നിങ്ങൾ തറയിലിരുന്ന് ഭക്ഷണം ഒരുക്കുകയും വേവിക്കുകയും ചെയ്യുന്നെങ്കിൽ വെളിയിൽ ഉപയോഗിക്കുന്ന ചെരുപ്പുകൾ അടുക്കളയിൽ പ്രവേശിക്കുന്നതിനുമുമ്പ് നീക്കം ചെയ്യുന്നത് ഒരു ശീലമാക്കുക. മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്ജ്യ വസ്തുക്കളുമായുള്ള സമ്പർക്കത്താൽ ചെരുപ്പുകൾ രോഗാണുക്കളെ വഹിച്ചേക്കാം, അത് നിങ്ങൾ വളരെ കഷ്ടപ്പെട്ട് തയ്യാറാക്കുന്ന ആഹാരം മലീമസമാക്കുകയും ചെയ്തേക്കാം. ഭക്ഷണമൊരുക്കുന്ന സ്ഥലത്തുനിന്ന് വളർത്തു മൃഗങ്ങളെയും മററും അകററി നിർത്തുക.
ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പാത്രങ്ങൾ കഴുകുക. നിങ്ങൾ വളരെയധികം പാത്രങ്ങൾ കഴുകുന്നെങ്കിൽ വെള്ളം അഴുക്കാകുന്നതനുസരിച്ച് അത് മാററി പകരം നല്ല ചൂടുവെള്ളവും സോപ്പും ഉപയോഗിക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ കൊണ്ട് പാത്രങ്ങൾ തുടച്ചുവെക്കുക, അല്ലെങ്കിൽ പൊടിയും പ്രാണികളും ബാധിക്കാത്ത സ്ഥലത്ത് തുറന്നുവെച്ച് ഉണക്കുക.
ചില രാജ്യങ്ങളിൽ പാത്രങ്ങൾ ചാരം തേച്ച് ഉരച്ചു കഴുകുകയും വെയിലത്ത് വച്ച് ഉണക്കുകയും ചെയ്യുന്നു. സോപ്പ് ഉപയോഗിക്കുന്നത് ലാഭകരമല്ലാത്ത സ്ഥലങ്ങളിൽ ഇത് തൃപ്തികരമായ ഫലങ്ങൾ ഉളവാക്കുന്നു. ക്ഷാരമയമുള്ള ചാരം സൂക്ഷ്മജീവികളെ കൊല്ലുന്നു, ചൂടും സൂര്യനിൽനിന്നുള്ള അൾട്രാവയലററ് രശ്മികളും പാത്രങ്ങളെ ആരോഗ്യരക്ഷാകരമാക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഭവനത്തിനു വെളിയിൽ
റെസ്റേറാറൻറുകളിലോ വലിയ സമ്മേളനങ്ങളിലോ കൗണ്ടറിൽ നിന്ന് നാം സ്വയം ആഹാരസാധനങ്ങൾ തെരഞ്ഞെടുക്കുന്നിടങ്ങളിൽ, നല്ല ചൂടുള്ളതോ അല്ലെങ്കിൽ നന്നായി തണുത്തതോ ആയ ആഹാരസാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. ആഹാരം അന്തരീക്ഷ ഊഷ്മാവിൽ വളരെനേരമായി ഇരിക്കുന്നുവെന്ന് കണ്ടാൽ അത് ഒഴിവാക്കുന്നത് ഉത്തമമായിരിക്കാം.
വെള്ളം തിളപ്പിക്കുന്നതിന് പണച്ചെലവുള്ളതുകൊണ്ട് വികസ്വര രാജ്യങ്ങളിൽ പല റെസ്റേറാറൻറുകളും തങ്ങളുടെ പതിവുകാർക്ക് നൽകുന്ന വെള്ളം തിളപ്പിക്കുന്നില്ല, അതുകൊണ്ട് അത് കുടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. വീണ്ടും വെള്ളമോ ഐസോ ചേർക്കേണ്ട പാനീയങ്ങളും പഴച്ചാറുകളും ഒഴിവാക്കുക. കുപ്പിയിൽ അടച്ചു വരുന്ന പാനീയങ്ങളും ചൂടുള്ള പാനീയങ്ങളും ആണ് പൊതുവെ സുരക്ഷിതം.
വിരകളും മററ് കുടൽ സംബന്ധമായ പരജീവികളും പ്രദേശത്ത് ഒരു പ്രശ്നമാണെങ്കിൽ വേവിക്കാത്ത എല്ലാ സാലഡുകളും ഒഴിവാക്കുക. എത്ര പ്രലോഭിപ്പിക്കുന്നവയാണെങ്കിലും തൊലിപൊളിച്ചുകളയുന്നില്ലാത്ത എല്ലാ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഒഴിവാക്കുക. അത്തരം ആഹാരം വേണ്ടതുപോലെ കഴുകാതിരിക്കാനും അണുമുക്തമാക്കാതിരിക്കാനും സാദ്ധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ ഭക്ഷിക്കാനുള്ള എളുപ്പത്തിന് പഴങ്ങളും പച്ചക്കറികളും മുറിച്ചുവെച്ച് വിൽപ്പന നടത്തുന്നു. ഇവ ഭക്ഷിക്കുന്നത് സുരക്ഷിതമല്ലായിരിക്കാം.
പല പൗരസ്ത്യരാജ്യങ്ങളിലും തെരുവിലെ കച്ചവടക്കാർ ഒരു സാധാരണ ദൃശ്യമാണ്, വായിൽ വെള്ളമൂറുന്ന വിവിധയിനങ്ങൾ വിൽക്കുന്നവർ തന്നെ. അത്തരം ഒരു സ്ഥലത്തുനിന്ന് ഭക്ഷിക്കുന്നതിനുമുമ്പ് ആരോഗ്യരക്ഷാകരമായ അവസ്ഥകൾ നോക്കുക. അത് വൃത്തിഹീനമോ? ആഹാരം വേവിച്ച് തുറന്നുവെച്ചിരിക്കുന്നുവോ? അവശിഷ്ടങ്ങൾ നശിപ്പിക്കാൻ ഒരു സ്ഥലമുണ്ടോ, അതോ അവ ചിതറിയിട്ടിരിക്കുകയാണോ? ആഹാരം ഉണ്ടാക്കുന്നയാൾ മുടിചീകാതെ വൃത്തികെട്ട വസ്ത്രം ധരിച്ചവനോ? അടുത്ത് മൃഗങ്ങളും വളരെയധികം ഈച്ചകളും ഉണ്ടോ? ഈ ചോദ്യങ്ങളിൽ ഏതിന്റെയെങ്കിലും ഉത്തരം ഉവ്വ് എന്നാണെങ്കിൽ, അപ്പോൾ അവിടെ നിന്ന് ഭക്ഷിച്ചാൽ നിങ്ങൾ പ്രശ്നങ്ങൾ വിളിച്ചു വരുത്തുകയാണ്.
മിക്കവാറും എല്ലാവരും നന്നായി തയ്യാറാക്കിയ രുചികരമായ ആഹാരം ഭക്ഷിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും തെരഞ്ഞെടുക്കുമ്പോഴും നല്ല ന്യായബോധവും ശ്രദ്ധയും പ്രയോഗിക്കുക. തുടർന്ന് സുരക്ഷിതമായ തീററി ആസ്വദിക്കുക! (g89 6/22)
[22-ാം പേജിലെ ചിത്രം]
ആഹാരം കൈകാര്യം ചെയ്യുന്നതിനുമുമ്പ്, സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകൾ കഴുകുക
[23-ാം പേജിലെ ചിത്രം]
ഉപദ്രവകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതിന് മാംസവും മൽസ്യവും കോഴിയിറച്ചിയും നന്നായി വേവിക്കുക
[23-ാം പേജിലെ ചിത്രം]
സംശയകരമായ ഒരു ഉറവിൽ നിന്നുള്ള വെള്ളം തിളപ്പിക്കണം
[24-ാം പേജിലെ ചിത്രം]
പാല് പാസ്റററൈസ് ചെയ്തതല്ലെങ്കിൽ ചൂടാക്കി രോഗാണു വിമുക്തമാക്കുക
[24-ാം പേജിലെ ചിത്രം]
ആഹാര സാധനങ്ങൾ ഈച്ചപിടിക്കാതെ സൂക്ഷിക്കുക
[24-ാം പേജിലെ ചിത്രം]
നിങ്ങളുടെ ആഹാരം മലിനമാകാതെ സൂക്ഷിക്കുക
[25-ാം പേജിലെ ചിത്രം]
പാത്രങ്ങളും പാചകോപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക
[25-ാം പേജിലെ ചിത്രം]
തെരുവു കച്ചവടക്കാർ വിൽക്കുന്ന ആഹാരത്തിന്റെ സുരക്ഷിതത്വം സംശയിക്കാൻ പലപ്പോഴും മതിയായ കാരണമുണ്ട്