നിങ്ങളുടെ ആഹാരം എത്ര സുരക്ഷിതമാണ്
ജീൻ തലേ ശനിയാഴ്ച അത്താഴത്തിനു വാങ്ങിയ ഒരു കഷണം ഇറച്ചി ഫ്രിഡ്ജിന് പിന്നിൽ കിടക്കുന്നതുകണ്ട് പരിഭ്രാന്തയായി. കുടുംബം അപ്രതീക്ഷിതമായി വെളിയിൽ പോയി ഭക്ഷണം കഴിച്ചപ്പോൾ ഇറച്ചി ഫ്രിഡ്ജിൽ എടുത്തു വെക്കാൻ അവൾ മറന്നുപോയി. ഇപ്പോൾ നാലു ദിവസം കഴിഞ്ഞിരുന്നു.
മനസ്സില്ലാ മനസ്സോടെ അവൾ പൊതി വലിച്ചെടുത്ത്, പൊതിയഴിച്ച്, ഒന്ന് മണത്തുനോക്കിക്കൊണ്ട് തന്റെ ഭയം സ്ഥിരീകരിച്ചു. എങ്കിലും അവൾ ഇങ്ങനെ വിചാരിച്ചു: ‘ഒരുപക്ഷേ നന്നായി വേവിച്ചാൽ ആ നാററം പോകുമായിരിക്കും.’ എന്നിരുന്നാലും അവൾ സംഗതി വിലയിരുത്തിയപ്പോൾ അവൾക്ക് വിഖ്യാതമായ ഒരു പദ്യം ഓർമ്മവന്നു: ‘ശങ്കവന്നാൽ, അത് എറിഞ്ഞുകളക.’ ആ ഇറച്ചി ദൂരെകളഞ്ഞുകൊണ്ട്, ജീൻ കേടുവന്ന ആഹാരം ഭക്ഷിക്കുന്നതിനാൽ വരാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അവളുടെ കുടുംബത്തെ രക്ഷിച്ചു.
എന്നാൽ ഭദ്രമല്ലാത്ത ആഹാരപ്രശ്നം കുറേക്കൂടെ ഗുരുതരമായ അവസ്ഥകൾ സൃഷ്ടിക്കുന്നു. വിഷലിപ്തമായ ആഹാര സാധനങ്ങളിൽ നിന്നുണ്ടാകുന്ന രോഗം വികസ്വരരാജ്യങ്ങളിൽ ദുരിതാനുഭവത്തിന്റെയും മരണത്തിന്റെയും ഒരു പ്രധാന കാരണം ആണ്. സമ്പന്നരാജ്യങ്ങളിൽ പോലും ദശലക്ഷങ്ങൾ ബാധിക്കപ്പെടുന്നു. ഉദാഹരണത്തിന് ബ്രിട്ടനിൽ ഭക്ഷ്യവിഷബാധയുടെ പതിനായിരം കേസുകൾ ഓരോ വർഷവും റിപ്പോർട്ടുചെയ്യുന്നു, സാദ്ധ്യതയനുസരിച്ച് അതിന്റെ ഒരു നൂറുമടങ്ങ് യഥാർത്ഥത്തിൽ സംഭവിക്കുന്നു. എന്നാൽ ആഹാരത്തെ ഭദ്രമല്ലാതാക്കുന്നത് എന്താണ്?
എന്തുകൊണ്ട് ഭദ്രമല്ല?
ഉപദ്രവകരമായ ബാക്ടീരിയാ വിഷബാധകൊണ്ട് ആഹാരം ഭദ്രമല്ലാതായിത്തീരാവുന്നതാണ്. വീട്ടിൽ പാചകം ചെയ്ത് പച്ചക്കറികൾ വേണ്ടതുപോലെ അടച്ചുവെക്കാതിരിക്കുകയോ സാലഡിൽ ചേർക്കുന്ന ചീര കഴുകാതിരിക്കുകയോ പാചകം ചെയ്ത ഇറച്ചി അന്തരീക്ഷ ഊഷ്മാവിൽ ദീർഘനേരം വെച്ചേക്കുകയോ ആഹാരമുണ്ടാക്കുന്നവർ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ചെയ്യുമ്പോൾ ഇതു സംഭവിച്ചേക്കാം. കീടനാശിനിയുടെ അവശിഷ്ടങ്ങളോ വിഷവസ്തുക്കളുമായുള്ള ആകസ്മിക സമ്പർക്കമോ നിമിത്തവും ആഹാരം മലിനമായേക്കാം.
ഭദ്രമല്ലാത്ത വളരെയധികം ആഹാരം ഓരോ ദിവസവും ഇറക്കുമതി ചെയ്യുകയും കയററി അയക്കുകയും ചെയ്യപ്പെടുന്നു. ഒരു മൂന്നു മാസത്തെ കാലഘട്ടത്തിനുള്ളിൽ ഐക്യനാടുകൾ ഇറക്കുമതി ചെയ്യുന്നതിന് അയോഗ്യമെന്നനിലയിൽ 65 ദശലക്ഷം ഡോളർ വിലയുള്ള ആഹാര സാധനങ്ങൾ തിരസ്ക്കരിച്ചു. എങ്കിലും പല രാജ്യങ്ങളും ഭദ്രമല്ലാത്ത ആഹാരം തിരസ്ക്കരിക്കാൻ കഴിയുന്ന സൗകര്യം അനുഭവിക്കുന്നില്ല. അത് പലപ്പോഴും വില്ക്കപ്പെടുന്നു, ഭക്ഷിക്കപ്പെടുകയും ചെയ്യുന്നു.
“ആഹാരത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ ദാരിദ്ര്യം ബാധിച്ച ഭവനങ്ങളിൽ മാത്രമല്ല, പിന്നെയോ ലോകം മുഴുവൻ കാണുന്നതാണ്” എന്ന് ലോകാരോഗ്യ മാസിക റിപ്പോർട്ടു ചെയ്യുന്നു. ആ മാസിക ഇതുകൂടെ പറയുന്നു: “മലീമസമായ ആഹാരം നിമിത്തം കുറഞ്ഞ സാമ്പത്തിക ഉൽപ്പാദനക്ഷമതയിലേക്കു നയിക്കുന്ന സുഖമില്ലായ്മയും രോഗവും ഇന്നത്തെ ലോകത്തിൽ അത്യന്തം വ്യാപകമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നായിത്തീരുന്നു.”
ഐക്യനാടുകളിൽ 20 ദശലക്ഷത്തോളം ആളുകൾ വർഷംതോറും മലീമസമായ ആഹാരം കഴിക്കുന്നതിന്റെ ഫലമായി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. യൂറോപ്പിൽ, ശ്വാസനാള രോഗബാധ കഴിഞ്ഞാൽ ആഹാരത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ ഏററവും പ്രമുഖ മരണകാരണമായി കണക്കാക്കപ്പെടുന്നു. “വ്യവസായവൽകൃത രാജ്യങ്ങളിൽ ആഹാരത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങളെ വർദ്ധിപ്പിക്കുന്നതായി അവയുടെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളും ആചാരമര്യാദകളും ഉണ്ട്,” എന്ന് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. അത്യന്തം സ്പഷ്ടമായ കാരണങ്ങളിൽ ഒന്ന് വലിയകഷണം ഇറച്ചിയോടുള്ള അമിത പ്രിയമാണ്, പലപ്പോഴും ഒട്ടും വേകാത്തതുതന്നെ.”
വെളിയിൽ നിന്ന് ഭക്ഷിക്കൽ
ഒരു റസ്റേറാറൻറിൽ നിന്ന് ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ചോ ഒരു ചായക്കടയിൽ നിന്ന് ലഘുഭക്ഷണം കഴിക്കുന്നതു സംബന്ധിച്ചോ ആരും തന്നെ രണ്ടാമതൊന്ന് ആലോചിക്കാറില്ല. ഹോട്ടൽ ഉടമസ്ഥർക്ക് യാതൊരു ദോഷവും വരുത്താതെതന്നെ ലക്ഷക്കണക്കിന് ഊണ് ഓരോ ദിവസവും വിതരണം ചെയ്യപ്പെടുന്നു. എങ്കിലും, വികസിത രാജ്യങ്ങളിൽ പോലും റസ്റേറാറൻറുകളിൽ നിന്ന് ഭക്ഷിക്കുന്നതിന്റെ ഫലമായി ആഹാരത്തിൽ നിന്നുണ്ടാകുന്ന ഗുരുതരമായ രോഗങ്ങൾ ആളുകളെ ബാധിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, വടക്കുകിഴക്കൻ യൂറോപ്പിലെ ഒരു റെസ്റേറാറൻറിൽ 150ലധികം ആളുകൾക്ക് ഒരു ക്രിസ്തുമസ്സ് സദ്യയെത്തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായി. വേവിച്ച വ്ളാങ്കോഴി ഇറച്ചി കഷണിച്ചെടുക്കാൻ ജീവനുള്ള പക്ഷികളെ നന്നാക്കാൻ ഉപയോഗിച്ച അതേ മുട്ടി ഉപയോഗിച്ചതുകൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചതെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. മുട്ടിയുടെ വിള്ളലുകളിൽ സാൽമോനെല്ല ബാക്ടീരിയ പിന്നീട് കണ്ടെത്തപ്പെട്ടു.
ഏഴു ദിവസത്തെ ഒരു ഉല്ലാസസമുദ്രയാത്രയിൽ 20 ശതമാനം യാത്രക്കാർക്കും അതിസാരം ഉണ്ടായി. കപ്പലിലെ അടുക്കള സാധന സാമഗ്രികൾകൊണ്ട് നിറഞ്ഞതായും വൃത്തിഹീനമായതായും കാണപ്പെട്ടു, സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടത്ര സ്ഥലസൗകര്യം ഇല്ലാതെതന്നെ. വേണ്ടത്ര ശീതീകരണമില്ലാതെ ആഹാരസാധനങ്ങൾ ദീർഘനേരം ഭക്ഷണമേശകളിൽ ഇരുന്നിരുന്നു, ബാക്കി വരുന്നത് അടുത്ത ദിവസം വിളമ്പിയിരുന്നു.
ഭദ്രമല്ലാത്ത ആഹാരം വികസിത രാജ്യങ്ങളിൽ ഒരു പ്രശ്നമാണെങ്കിലും വികസ്വരരാജ്യങ്ങളിൽ പരിണതഫലങ്ങൾ വിനാശകരമാണ്.
അനുദിന ജീവിതത്തിന്റെ ഒരു ഭാഗം
ലോകത്തിന്റെ പല ഭാഗങ്ങളിലും വികലപോഷണത്തിന്റെ ആധിക്യം വെറും ഭക്ഷണക്കുറവു നിമിത്തമല്ല “പിന്നെയോ മലിനമായ ഭദ്രമല്ലാത്ത ആഹാരം ഭക്ഷിക്കുന്നതു നിമിത്തമാണ്” എന്ന് ലോകാരോഗ്യ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഇത് അതിസാരത്തിന്റെയും മററ് സാംക്രമിക രോഗങ്ങളുടെയും ആവർത്തനങ്ങളിൽ കലാശിക്കുന്നു.
“വികസ്വര ലോകത്തിലെ (ചൈന ഒഴികെ) അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ 1980ൽ 750-1,000 ദശലക്ഷം വരെ കഠിനമായ അതിസാര കേസുകൾ ഉണ്ടായിരുന്നു” എന്ന് ലോകാരോഗ്യം റിപ്പോർട്ടു ചെയ്തു. അമ്പത് ലക്ഷത്തോടടുത്ത് കുട്ടികൾ മരിച്ചു പോയി, എല്ലാ വർഷത്തെയും ഓരോ ദിവസവും ഓരോ മിനിട്ടിലും പത്ത് അതിസാര മരണങ്ങൾ എന്ന നിരക്കിൽ.” എന്നാൽ അപകടത്തിൽ ആയിരിക്കുന്നത് കുട്ടികൾ മാത്രമല്ല. “ആരോഗ്യത്തിന്റെയും വളർച്ചയുടെയും കാര്യത്തിൽ ഭക്ഷ്യസുരക്ഷിതത്വത്തിന്റെ ധർമ്മം” സംബന്ധിച്ച 1984ലെ ഒരു റിപ്പോർട്ട് “സഞ്ചാരികളുടെ അതിസാരം ഏതാണ്ട് 20 മുതൽ 50 ശതമാനം വരെ സഞ്ചാരികളെ ബാധിച്ചുകൊണ്ട് ഇപ്പോൾ വ്യാപകമായ ഒരു പ്രതിഭാഷമാണ്,” എന്ന് കുറിക്കൊണ്ടു.
ശരിയായ ആരോഗ്യശാസ്ത്രം സംബന്ധിച്ച അജ്ഞതയാണ് മിക്ക ഭക്ഷ്യാനുബന്ധ രോഗങ്ങളുടെയും കാരണം എന്നതിന് സംശയമില്ല. തുടക്കത്തിൽ ആഹാരം സുരക്ഷിതമായിരിക്കാം, എന്നാൽ പിന്നീട് ഉപഭോക്താവിനാലോ ഒരു കടക്കാരനോ പാചകക്കാരനോപോലെ ഒരു മദ്ധ്യവർത്തിയാലോ മലീമസമായിത്തീരുന്നു.
അതുപോലെതന്നെ സാംസ്ക്കാരിക വിശ്വാസങ്ങൾ ആഹാരം മലീമസമാകുന്നതിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്, മെക്സിക്കൊയിലെ ചില സ്ഥലങ്ങളിൽ, തയ്ക്കുകയോ വസ്ത്രം ഇസ്തിരിയിടുകയോ പാചകം നടത്തുകയോ ചെയ്ത് “ചൂടുപിടിച്ചി”രിക്കുന്ന കൈകൾ ഉടൻ കഴുകരുതെന്ന് വിശ്വസിക്കുന്നു. നേരത്തെ വെള്ളമൊഴിച്ച് തണുപ്പിച്ചാൽ വാതമോ പേശീമുറുക്കമോ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. അങ്ങനെ “ചൂടായിരിക്കുന്ന” കൈകളോടുകൂടെ ഒരു സ്ത്രീ മൂത്രപ്പുരയിൽ പോകുന്നു, പിന്നീട് കൈകൾ കഴുകാതെ ആഹാരം ഒരുക്കുന്നതിലേക്ക് തിരിയുകയും ചെയ്യുന്നു. തൽഫലമായി ഉപദ്രവകാരികളായ ബാക്ടീരിയ വ്യാപിക്കുന്നു.
നേരെമറിച്ച്, പിൻപററുന്നെങ്കിൽ ഭക്ഷ്യാനുബന്ധരോഗത്തിന്റെ വ്യാപനം തടയാൻ സഹായിക്കുന്ന പാരമ്പര്യങ്ങൾ ചില സംസ്ക്കാരങ്ങളിൽ ഉണ്ട്. തറനിരപ്പിൽ പാചകം നടത്തപ്പെടുന്ന ഇന്ത്യയിലെ പല ഭവനങ്ങളിലും തെരുവുകളിൽ ഉപയോഗിക്കപ്പെടുന്ന ചെരുപ്പുകൾ വീട്ടിൽ, വിശേഷിച്ചും അടുക്കളയിൽ പ്രവേശിക്കുന്നതിനുമുമ്പ് നീക്കം ചെയ്യുന്നു. കൂടാതെ, ഭക്ഷിക്കുന്നതിനുമുമ്പ് പഴങ്ങളുടെ തൊലി നീക്കം ചെയ്യുന്നു. മൃഗത്തെ കൊന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാംസം ഭക്ഷിക്കുന്നു. പ്ലേററുകൾക്കു പകരം കഴുകിയെടുത്ത വാഴയിലകളിൽ ഊണ് വിളമ്പുന്നു.
പ്രശ്നം കൈകാര്യം ചെയ്യൽ
എല്ലാ മനുഷ്യർക്കും സുരക്ഷിതമായ ഭക്ഷണം വേണ്ടത്ര അളവിൽ നൽകുന്നതിനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനോട് മനുഷ്യൻ എത്ര അടുത്തെത്തിയിരിക്കുന്നു? പ്രശ്നം സംബന്ധിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഭക്ത്യസുരക്ഷിതത്വം സംബന്ധിച്ച ഒരു ഐക്യരാഷ്ട്ര റിപ്പോർട്ട് ഇപ്രകാരം പറഞ്ഞു: “കഴിഞ്ഞ 40 വർഷങ്ങളിൽ അന്താരാഷ്ട്ര സംഘടനകൾ ഒട്ടനവധി സാങ്കേതിക റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിന് പല കർമ്മപരിപാടികൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഭക്ഷ്യാനുബന്ധ രോഗം തുടർന്നും വർദ്ധിക്കുന്നു.”
പ്രശ്നത്തെ വിജയകരമായി നേരിടുന്നതിന് ആവശ്യം മൊത്തത്തിൽ പൊതുജനങ്ങളുടെയും വിശേഷാൽ അമ്മമാരുടെയും വിദ്യാഭ്യാസമാണ്. അപ്പോൾ വ്യക്തികൾക്ക് മലീമസമായ ആഹാരത്തിനെതിരെ മുൻകരുതലുകൾ എടുക്കാൻ കഴിയും, തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി സുരക്ഷിതമായ ഭക്ഷണശീലങ്ങൾ നിലനിർത്താനും കഴിയും. അടുത്ത ലേഖനം ചില നിർദ്ദേശങ്ങൾ നൽകുന്നു. (g89 6/22)
[21-ാം പേജിലെ ചിത്രം]
ഇന്ത്യയിലെ ഈ ഭവനത്തിൽ എന്നപോലെ, ഭക്ഷണം ഒരുക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുമ്പോൾ ആഹാരം സുരക്ഷിതമായിരിക്കും