നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ഓമനമൃഗത്തെ പരിപാലിക്കാൻ കഴിയുമോ?
ഡൻമാർക്കിലെ “ഉണരുക!” ലേഖകൻ
ഹൃദയാഘാതത്തിനുശേഷമുള്ള മാനുഷജീവന്റെ പ്രതീക്ഷയെ സംബന്ധിച്ച ഗവേഷണം ഓമനമൃഗങ്ങളുള്ളവർ അവയില്ലാത്തവരെക്കാൾ മെച്ചമായി വർത്തിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. വിമർശനവിമുക്തമായ മൃഗങ്ങളുടെ സാമീപ്യത്തിന് ഒരു സാന്ത്വനപ്പെടുത്തുന്ന ഫലമുണ്ടെന്നു തോന്നുന്നു. മൃഗങ്ങൾക്ക് ശാരീരികവും മാനസ്സികവുമായ വൈകല്യമുള്ളവർക്കും സാഡികൾ സംബന്ധിച്ച് അസ്വാസ്ഥ്യം ഉള്ള വ്യക്തികൾക്കും അനുകൂലമായ ഒരു സ്വാധീനമുണ്ടെന്നും തോന്നുന്നു.
ഒരു ഓമനമൃഗമുണ്ടായിരിക്കാൻ നിങ്ങൾ തീരുമാനിക്കുന്നതിനുമുമ്പ് പരിഗണന ആവശ്യമുള്ള ചോദ്യങ്ങൾ ഉണ്ട്—നിങ്ങളുടെ നൻമക്കും നിങ്ങളുടെ ചുററുമുള്ളവരുടെ നൻമക്കും മൃഗത്തിന്റെ നൻമക്കുംവേണ്ടി. വസ്തുനിഷ്ഠമായ ഉത്തരങ്ങൾ വ്യയഹേതുകമായ തെററ് ഒഴിവാക്കുന്നതിന് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ജീവിതരീതി ഒരു മൃഗത്തിന്റെ ഉചിതമായ പരിപാലനത്തിന് അനുവദിക്കുന്നുണ്ടോ? ദീർഘകാലയളവുകളിൽ നിങ്ങൾ വീട്ടിൽ ഇല്ലാതിരിക്കുന്നുവോ? ഒരു ഓമനമൃഗമുണ്ടായിരിക്കുകയെന്നാൽ അർത്ഥമെന്തെന്നു ഗ്രഹിക്കാൻ തക്കവണ്ണം നിങ്ങളുടെ കുട്ടികൾ പ്രായമുള്ളവരാണോ? നിങ്ങളുടെ മനസ്സിലുള്ള തരം മൃഗത്തിനുവേണ്ട സ്ഥലം നിങ്ങൾക്കുണ്ടോ, അതോ അതിനെ കൂടുതൽ സമയവും വീട്ടിൽ അടച്ചിടേണ്ടതായി വരുമോ? ഒരു ഓമനമൃഗത്തെ സമ്പാദിക്കുന്നതിനു മുൻപ് ഈ ചോദ്യങ്ങളെക്കുറിച്ച് പരിചിന്തിക്കുക.
പുരാതന യിസ്രായേലിൽ മൃഗങ്ങളെ അവർ പരിപാലിച്ച വിധം സംബന്ധിച്ച് ദൈവം മൃഗങ്ങളുടെ ഉടമസ്ഥരെ ഉത്തരവാദികളാക്കിയിരുന്നു.—പുറപ്പാട് 23:4, 5; ആവർത്തനം 22:10; 25:4; സദൃശവാക്യങ്ങൾ 12:10.
ജോണിക്ക് ഒരു ഓമനമൃഗം ഉണ്ടായിരിക്കണമോ?
‘കുട്ടികൾ മൃഗങ്ങളോട് ഇടപെടാൻ പഠിക്കുന്നത് നല്ലതാണ്’ എന്നത് പലപ്പോഴും പ്രകടമാക്കപ്പെടുന്ന ഒരു വികാരമാണ്. “പഠിക്കുക” എന്ന പദമാണ് മുഖ്യം—കുട്ടിക്ക് പഠിക്കാൻ തക്ക പ്രായമുണ്ടായിരിക്കണം.
വളരെ ചെറിയ കുട്ടികൾ തങ്ങളുടെ അമർത്തലും ഗാഢാശ്ലേഷവും ഒരു മൃഗത്തിന് വേദനാകരമാണെന്നും അത് സ്ഥായിയായ ഹാനിയിലേക്കു നയിക്കുമെന്നും തിരിച്ചറിയുന്നില്ല. അപ്രകാരം ഒരു ഗിനിപ്പന്നിയെ ആവശ്യപ്പെട്ട 3 വയസ്സുകാരന്റെ അമ്മയോട് ആ കുട്ടി അത്തരമൊരു നിസ്സഹായ മൃഗം ഉണ്ടായിരിക്കുന്നതിന് തീരെ ചെറുപ്പമാണെന്ന് ഒരു മൃഗവൈദ്യൻ പറഞ്ഞു. കുട്ടിക്ക് ഓമനമൃഗത്തെ കൊടുക്കുന്നതിന് മുമ്പ് കുറച്ച് വർഷങ്ങൾകൂടെ കാത്തിരിക്കാൻ മൃഗവൈദ്യൻ അമ്മയോട് പറഞ്ഞു.
ഒരു ഓമനമൃഗത്തോട് ഉചിതമായി ഇടപെടാൻ കുട്ടിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ എളുപ്പത്തിൽ കൊടുക്കാൻ കഴിയുമെന്ന് മാതാപിതാക്കൾ ചിന്തിച്ചേക്കാം. എന്നിരുന്നാലും ഇത് അവർ പ്രതീക്ഷിച്ചതിലും കൂടുതൽ സമയവും ക്ഷമയും ആവശ്യമാക്കിത്തീർക്കുകയും പലപ്പോഴും ആ പരീക്ഷണത്തിന്റെ വില ഓമനമൃഗത്താൽ കൊടുക്കപ്പെടുകയും ചെയ്യുന്നു.
മാതാപിതാക്കൾക്ക് അറിവുള്ളതുപോലെ കുട്ടികൾ എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ അവർ വാശിപിടിച്ചേക്കാം. അതുകൊണ്ട് അനേകം കേസുകളിൽ മാതാപിതാക്കൾ വിട്ടുകൊടുക്കുന്നു: “ശരി നിനക്ക് ഒരു ഓമനമൃഗം ഉണ്ടായിരിക്കാൻ കഴിയും, എന്നാൽ നീ തന്നെ അതിനെ പരിപാലിക്കണം.” എന്നിരുന്നാലും കുട്ടികൾ മറക്കാൻ ചായ്വുള്ളവരാണ്, വീട്ടിനുള്ളിലേക്ക് കടക്കുമ്പോൾ പലപ്പോഴും ചവിട്ടുമെത്തയിൽ പാദങ്ങൾ തുടക്കാൻ മറക്കുന്നതുപോലെ. മുതിർന്നവരുടെ ഉചിതമായ മേൽനോട്ടമില്ലാതെ ഒരു കൊച്ചുകുട്ടിയുടെ കൈകളിൽ ഒരു ജീവിയുടെ ക്ഷേമം വിട്ടുകൊടുക്കുന്നത് അപകടകരമായ ഉദ്യമമായിരിക്കും.
എന്തു സംഭവിക്കാൻ സാധിക്കുമെന്നത് ഒരു കുടുംബത്തിലെ കുട്ടികൾ മുയലുകളെ സൂക്ഷിക്കാൻ അനുവദിക്കപ്പെട്ടപ്പോൾ ചിത്രീകരിക്കപ്പെട്ടു. ഒരു ദിവസം അവരുടെ അപ്പൂപ്പൻ കൂടുകളുടെ സമീപത്തുകൂടെ കടന്നുപോയപ്പോൾ മുയലുകൾക്ക് ആഹാരം കൊടുത്തിരുന്നില്ലെന്നും കൂടുകൾ വളരെ നാളുകളായി ശുചീകരിച്ചിട്ടില്ലായിരുന്നെന്നും കണ്ടെത്തി. ഒരു മുയൽ ആഹാരം തേടി കൂടിനു പുറത്തുപോകാൻ കൂടു കാർന്നു തിന്നാൻ ശ്രമിച്ചതിനാൽ പല്ലുകൾ തേഞ്ഞുപോയിരുന്നു.
പഠിക്കേണ്ട പാഠം എന്താണ്? നിങ്ങളുടെ കുട്ടിക്ക് ഒരു ഓമനമൃഗത്തിന്റെ ചുമതല നൽകാൻ പരിഗണിക്കുന്നുവെങ്കിൽ, പൂച്ചക്കുട്ടിയോ പട്ടിക്കുട്ടിയോ എത്ര ആകർഷകമായിരുന്നാലും, നിങ്ങളുടെ കുട്ടിയുടെ കണ്ണുകൾ എത്ര അഭ്യർത്ഥിക്കുന്നവയായാലും മുതിർന്നയാൾ തന്നെ അന്തിമമായി മൃഗത്തിനുവേണ്ടി ഉത്തരവാദിയാണെന്ന് മനസ്സിൽ കരുതേണ്ടതുണ്ട്. കുട്ടിയുടെ ഉൽസാഹം പെട്ടെന്നു മാഞ്ഞേക്കാം.
പൂച്ചകളും പട്ടികളും—നിങ്ങളും
മറെറാരു അംഗത്തെ കുടുംബത്തിൽ സ്വീകരിക്കുന്നതിലുള്ള പരിണതഫലങ്ങളെ എല്ലാ മുതിർന്നവരും പരിഗണിക്കുന്നില്ല. ഒരു ഓമനമൃഗത്തിനു കൊണ്ടുവരാൻ കഴിയുന്ന അസൗകര്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും അവർ എല്ലായ്പ്പോഴും മുന്നിൽ കാണുന്നില്ല. ഇത് തങ്ങളുടെ ക്രിസ്തീയ ശ്രുശ്രൂഷയിൽ തിരക്കേറിയ ജീവിതം നയിക്കുകയും മീററിംഗുകൾക്കും ക്രിസ്തീയ കൺവെൻഷനുകൾക്കും ഹാജരാകാൻ പലപ്പോഴും ദൂരത്തായിരിക്കുകയും ചെയ്യുന്ന യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് പ്രത്യേകം സത്യമാണ്. അപ്പോൾ ഓമനമൃഗത്തെ പാലിക്കാൻ ആരെയെങ്കിലും കണ്ടെത്തേണ്ട പ്രശ്നം ഉദിക്കുന്നു. മൃഗങ്ങളോടുള്ള അമിതമായ വൈകാരിക അടുപ്പം നിമിത്തം ക്രിസ്തീയ പ്രവർത്തനങ്ങൾ മുടങ്ങുന്നത് തീർച്ചയായും ഉചിതമായിരിക്കയില്ല.—എബ്രായർ 10:24, 25.
ഇന്ന് അനേകം ഭാര്യാഭർത്താക്കൻമാർ ലൗകികതൊഴിലിനായി മുഴുവൻ ദിവസവും വെളിയിലായിരിക്കുമ്പോൾ നഗരങ്ങളിലെ ഭവനങ്ങളിലുള്ള ഏകാകികളായ പൂച്ചകളും പട്ടികളും ഒരു വളർന്നു വരുന്ന പ്രശ്നമാണ്. ദൃഷ്ടാന്തത്തിന്, ഒരു സ്ത്രീ തന്റെ പൂച്ച അസാധാരണമായി പെരുമാറിയതുകൊണ്ട് അതിനെ ഉറക്കുന്നതിനായി ഒരു മൃഗവൈദ്യന്റെ അടുക്കലേക്ക് കൊണ്ടുപോയി. പൂച്ച ദിവസത്തിൽ അനേകം മണിക്കൂറുകൾ ഭവനത്തിൽ അടക്കപ്പെട്ടിരുന്നു എന്നു മൃഗവൈദ്യൻ കണ്ടെത്തിയപ്പോൾ അതിന്റെ പെരുമാററത്തിന്റെ കാരണം അതായിരിക്കാമെന്ന് അദ്ദേഹം നിഗമനം ചെയ്തു. പൂച്ചകൾ ഒതുങ്ങിയ ജീവിതം നയിക്കാൻ ചായ്വുള്ളവയാണെങ്കിലും അവക്ക് അപ്പോഴും തങ്ങളുടെ മാനുഷ “കുടുംബ”ത്തോട് ബന്ധം പുലർത്തേണ്ട ആവശ്യമുണ്ട്. മററുചില മൃഗങ്ങൾ ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത വാഹനത്തിൽ പൂട്ടിയിടപ്പെട്ടതിന്റെ ഫലമായി പ്രയാസമനുഭവിച്ചിട്ടുണ്ട്.
പട്ടികളും ഉത്തരവാദിത്വം കൈവരുത്തുന്നു. അവക്ക് വ്യായാമമാവശ്യമാണ്. ഒരു പട്ടിയെ ദിവസത്തിൽ ഒരു പ്രാവശ്യം നടക്കാൻ കൊണ്ടു പോവുകയും പിന്നീട് ഒരു ഇരുണ്ട മുറിയിൽ ഒററക്ക് ഇടുകയും (അതു രാത്രി കഴിച്ചിരുന്നിടം) ചെയ്യുകയോ ഒരു നീളം കുറഞ്ഞ ബൽററിൽ പൂട്ടിയിടുകയോ ചെയ്യുന്നത് മതിയാകയില്ല. ഇംഗ്ലണ്ടിലെ ഒരു കുടുംബത്തിന് ആടുകളെ കാവൽ ചെയ്യുന്ന ഒരു ഊർജ്ജ്വസ്വലനായ പട്ടിയുണ്ടായിരുന്നു, എന്നാൽ ആടുകൾ ഇല്ലായിരുന്നു! ആ പട്ടി ഞരമ്പുരോഗിയായിത്തീരുകയും അതിനെ ഒരു കൃഷിക്കാരന് കൊടുക്കേണ്ടിവരികയും ചെയ്തു.
അതുകൊണ്ട് യഥാർത്ഥത്തിൽ ഒരു ഓമനമൃഗത്തെ ആഗ്രഹിക്കുന്ന ഏതൊരാളും ഒരു ആരോഗ്യമുള്ള ഓമനമൃഗത്തിനുവേണ്ടി ദൈനംദിനം വേണ്ടി വരുന്ന ത്യാഗങ്ങൾ അനുഭവിക്കാൻ തയ്യാറാണോ എന്നു പരിഗണിക്കണം. ശരിയായ സംരക്ഷണത്തിനും ശ്രദ്ധക്കും അയാൾക്ക് സൗകര്യങ്ങൾ ഉണ്ടോ? മൃഗങ്ങൾ തിന്നും എന്നും വലിയ മൃഗങ്ങൾ വളരെയധികം തിന്നും എന്നും ഓർമ്മിക്കുക! അതിന് നിങ്ങളുടെ പണസഞ്ചിക്ക് കാര്യമായ ക്ഷതം ഏൽപ്പിക്കാൻ കഴിയും—കണക്കിലെടുക്കേണ്ട മറെറാരു ഘടകം. മൃഗങ്ങൾക്കു രോഗം ബാധിക്കതന്നെ ചെയ്യുന്നു, ചികിൽസാചെലവ് നിങ്ങളെ അതിശയിപ്പിച്ചേക്കാം.
ശുചിത്വമാണ് മറെറാരു ഘടകം. അനേകം മൃഗങ്ങളുടെയും നാക്ക് അവയുടെ തോർത്ത് ആണ്, അവ അതിനെ അവയുടെ ശരീരത്തിന്റെ എല്ലാഭാഗത്തിനും വേണ്ടി ഉപയോഗിക്കുന്നു! മൃഗങ്ങൾ അവ അകത്താക്കുന്ന രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിന് സജ്ജീകൃതമാണെങ്കിലും കുട്ടികൾ അങ്ങനെയായിരിക്കണമെന്നില്ല. അതുകൊണ്ട് ഒരു മൃഗത്തെ ചുംബിക്കാൻ നിങ്ങളുടെ കുട്ടിയെ പ്രോൽസാഹിപ്പിക്കരുത്. ഒരു മൃഗത്തെ നിങ്ങളുടെ കുട്ടിയുടെ മുഖത്തും കൈകളിലും നക്കാൻ അനുവദിക്കുന്നതുപോലും സാദ്ധ്യതയനുസരിച്ച് കൃമികൾ ബാധിക്കുന്നത് ഉൾപ്പെടെ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കിയേക്കാം. ഇതു സംഭവിക്കുമ്പോൾ ഉടൻ തന്നെ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുന്നതിനാൽ രോഗാണുബാധ ഒഴിവാക്കിയേക്കാം. ഓമനമൃഗങ്ങൾക്ക് അവയുടെ സ്വന്തമായ തീററിപ്പാത്രങ്ങൾ ഉണ്ടായിരിക്കണം, മനുഷ്യർ ഉപയോഗിക്കുന്ന പാത്രങ്ങൾ നക്കാൻ അവയെ അനുവദിക്കുകയും ചെയ്യരുത്. മൃഗങ്ങൾക്ക് ഈച്ചകളെയും മററ് “അനഭിലഷണീയ വസ്തുക്കളെയും” വീട്ടിലേക്കു കൊണ്ടുവരാൻ കഴിയും. പട്ടികളുടെ ഉടമസ്ഥരായ ചിലർ ജ്ഞാനപൂർവം അവയെ തങ്ങളുടെ ഭവനത്തിനുള്ളിൽ കടക്കാൻ അനുവദിക്കയില്ല.
പക്ഷികളും മൽസ്യങ്ങളും—നിങ്ങളും
‘എന്നാൽ ഒരു പക്ഷിയെ സംബന്ധിച്ചെന്ത്?’ എന്നു നിങ്ങൾ ചോദിക്കുന്നു. ‘അതു വളരെ എളുപ്പമാണ്—നിങ്ങൾ അതിനെ ഒരു കൂട്ടിലടക്കുകയും വല്ലപ്പോഴും തീററികൊടുക്കുകയും ചെയ്യുന്നു.’ ബഡ്ഗറിഗാർ അല്ലെങ്കിൽ ഒരിനം തത്ത വളരെ ജനസമ്മതിയുള്ളതും ചില വാക്കുകളോ വാക്യാംശങ്ങളൊ പറയത്തക്കവണ്ണം അതിനെ പരിശീലിപ്പിച്ചെടുക്കാൻ കഴിയുന്നതുമാണ്. കാനറികളും അവയുടെ സന്തുഷ്ടമായ സംഗീതത്തോടെ ഒരു ഉല്ലാസമാണ്. എന്നാൽ പക്ഷികൾക്കും പരിഗണനീയമായ സംരക്ഷണമാവശ്യമാണ്.
ഒരു വിദഗ്ദ്ധൻ ഇപ്രകാരം എഴുതി: “ബഡ്ഗറിഗാർ ഒരു ജീവനുള്ള ജന്തുവാണ്. അതിൽതന്നെ സന്തോഷമുള്ള ഒന്നുമാണ്. . . . നിങ്ങൾ ഒരു പക്ഷിയെ സമ്പാദിക്കുന്ന മാത്രയിൽ നിങ്ങൾ അതിന്റെ ക്ഷേമത്തിന്റെ ഒരു ഉത്തരവാദിത്തം ഏറെറടുത്തിരിക്കയാണ്. പോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള അറിവിന്റെ കുറവ്, സ്ഥലപരിമിതി മുതലായവയും പക്ഷിയുടെ സ്വഭാവവും പ്രകൃതങ്ങളും സംബന്ധിച്ച ഗ്രാഹ്യത്തിന്റെ കുറവും വർഷങ്ങളായി എണ്ണമററ ബഡ്ഗറിഗാറുകളെ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നതിലേക്കും തെററായി കൈകാര്യം ചെയ്തതിനാൽ വളരെ നേരത്തെ ചാവുന്നതിലേക്കും നയിച്ചു. അതുകൊണ്ട് നിങ്ങൾ ഓമനമൃഗവിൽപ്പന കടയിലേക്ക് പോകുന്നതിനുമുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക.”
മൃഗങ്ങളുടെ ശുചിത്വത്തെക്കുറിച്ചു പറഞ്ഞത് പക്ഷികൾക്കും ബാധകമാണ്. അവയുടെ ചുണ്ടുകൾ കൊണ്ടാണ് അവ തുടച്ചു വൃത്തിയാക്കുന്നത്. തീർച്ചയായും ഒരു ബഡ്ഗറിഗാർ പഞ്ചസാരയിലും മററു ഭക്ഷ്യപദാർത്ഥങ്ങളിലും കൊത്തിക്കൊണ്ട് ഒരു മേശയിൽ ചുററി നടക്കുന്നത് ജ്ഞാനപൂർവ്വകമായിരിക്കയില്ല; ഒരു പക്ഷി നിങ്ങളുടെ വായിൽ നിന്നൊ തളികയിൽ നിന്നോ തിന്നുന്നത് വിവേകപൂർവ്വകമായിരിക്കയുമില്ല. കൂടാതെ ഭവനത്തിൽ അഴിച്ചുവിട്ടിരിക്കുന്ന ഒരു പക്ഷി ഏററവും ശല്യമായി തോന്നിയേക്കാവുന്ന ഭാഗങ്ങളിൽ കാഷ്ഠിക്കുന്നതിനും ഇടയുണ്ട്.
മൽസ്യങ്ങളെ സംബന്ധിച്ചെന്ത്? അനേകം കുടുംബങ്ങൾ ഉഷ്ണമേഖലയിലെയും അന്യദേശങ്ങളിലെയും മൽസ്യങ്ങളുടെ ഒരു ജലജീവിശാല തങ്ങളുടെ കിടപ്പുമുറിയിൽ ഉണ്ടായിരിക്കുന്നതിന് ഇഷ്ടപ്പെടുന്നു. അവർ വിശ്രമവേളകളിൽ അവയെ നിരീക്ഷിക്കുന്നു. എന്നാൽ അവ കുറഞ്ഞശല്യത്തിനിടയാക്കുകയേയുള്ളോ? നേരെ വിപരീതം, ജല-താപ നിയന്ത്രണത്തിലെയോ ജലത്തിൽ പ്രാണവായു കടത്തിവിടുന്നതിലെയോ പ്രകാശം, ശുചീകരണം അല്ലെങ്കിൽ തീററികൊടുക്കൽ എന്നിവയിലെയോ ഒരു ചെറിയ പിശക് മൂലം നിങ്ങൾ ഒരു ടാങ്കു നിറയെ ചത്ത മൽസ്യങ്ങളെ കണ്ടെത്തിയേക്കാം. ഉവ്വ്, മൽസ്യങ്ങൾക്കും സൂക്ഷ്മതയുള്ള പരിപാലനം ആവശ്യമാണ്.
സാമാന്യബോധവും സമനിലയും
നിങ്ങൾ ഒരു ഓമനമൃഗത്തെ വളർത്തുന്നതിനെക്കുറിച്ച് പരിഗണിക്കുകയോ അല്ലെങ്കിൽ ഇപ്പോൾതന്നെ ഒന്ന് ഉണ്ടായിരിക്കുകയോ ചെയ്യുന്നെങ്കിൽ പ്രത്യക്ഷത്തിൽ അതിന്റെ ആഹാരവും ആരോഗ്യവും സംബന്ധിച്ച് അടിസ്ഥാനപരമായ ഒരു അറിവ് അത്യാവശ്യമാണ്. ഏതാനും മിനിററുനേരത്തെ പ്രബോധനം മതിയാകയില്ല. മിക്ക പബ്ലിക് ലൈബ്രറികളിലും വളർത്തുമൃഗങ്ങളെയും ഓമനമൃഗങ്ങളെയും സംരക്ഷിക്കുന്നതു സംബന്ധിച്ച സാഹിത്യങ്ങൾ ഉണ്ട്, കൂടാതെ ഓമനമൃഗ വിൽപ്പന ശാലകളിൽ സാധാരണയായി മൃഗസംരക്ഷണം സംബന്ധിച്ച സഹായകമായ പ്രസിദ്ധീകരണങ്ങൾ ഉണ്ട്.
തീർച്ചയായും, നാം വളർത്തുമൃഗങ്ങൾ ഉണ്ടായിരിക്കുന്നതിനാഗ്രഹിക്കുന്നെങ്കിൽ, അവക്ക് എന്താവശ്യമുണ്ടെന്ന് അറിയുന്നതിനുള്ള കൂടുതലായ പ്രയത്നത്തിന് തക്ക മൂല്യമുണ്ട്. അപ്പോൾ സഹവാസം ചാരിതാർത്ഥ്യമരുളുന്നതായിരിക്കും—ഉടമസ്ഥനും ഓമനമൃഗത്തിനും. (g89 6/8)
[15-ാം പേജിലെ ചിത്രം]
ഒരു പൂച്ചക്കുട്ടി ഒരു ഉല്ലാസമാണ്, എന്നാൽ അതിനെ ചുംബിക്കുന്നത് അനാരോഗ്യകരമാണ്