മതത്തിന്റെ ഭാവി അതിന്റെകഴിഞ്ഞകാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 7: ക്രി. മു. ഏതാണ്ട് 1500നു ശേഷം ഹൈന്ദവ മതമേ നിങ്ങളുടെ പേരല്ലോ സഹിഷ്ണുത
“ഏതൊരു മനുഷ്യനും തന്റെ സ്വന്തം മതം പിന്തുടരേണം.”
പത്തൊമ്പതാം നൂററാണ്ടിലെ ഹിന്ദുപരിഷ്കർത്താവായ രാമകൃഷ്ണൻ
സഹിഷ്ണുത പ്രായേണ ഒരു സൽഗുണമായി ഗണിക്കപ്പെടുന്നു. എന്തുതന്നെയായിരുന്നാലും, ഹൈന്ദവമതം എന്ന് അറിയപ്പെടുന്ന വൻ ലോകമതത്തെ ഇത് നന്നായി വർണ്ണിക്കുന്നു. ആയിരത്തിതൊള്ളായിരത്തി എൺപത്തിയഞ്ചിൽ ലോകജനസംഖ്യയുടെ റിപ്പോർട്ടു ചെയ്യപ്പെട്ട 13.5 ശതമാനം വരുന്ന ഏകദേശം 65,00,00,000 പേർ ‘തങ്ങൾ ഹൈന്ദവരാണ്’ എന്ന് അവകാശപ്പെട്ടു. ഹൈന്ദവമതം, “അനേകം വ്യത്യസ്ഥ കൈവഴികളുള്ള സമ്മിശ്ര ദേശീയ മതമായി” വിവക്തിക്കപ്പെടുന്നു. അത് ഇൻഡ്യയിലെ “എല്ലാ മതങ്ങളുടെയും ആദിമ നാമധേയമായി” കേവലം കരുതപ്പെടുന്നു. “ഹൈന്ദവമതത്തിന് ഒരു നിർദ്ദിഷ്ട നിർവചനം നൽകാനുള്ള ഏതു ശ്രമവും ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ അതൃപ്തികരമായിട്ടാണ് തെളിഞ്ഞിട്ടുള്ളത്; അധികവും അതങ്ങനെ ഭവിച്ചിരിക്കുന്നതിനു കാരണം ഹിന്ദുക്കൾതന്നെ ഉൾപ്പെടുന്ന ഹൈന്ദവമതത്തിന്റെ അതിശ്രേഷ്ഠരായ ഇൻഡ്യൻ പണ്ഡിതൻമാർ ആകെത്തുകയുടെ വ്യത്യസ്ഥ വശങ്ങളെയാണ് ഊന്നിപ്പറഞ്ഞിരിക്കുന്നത് എന്നതാണ്,” എന്ന് ദ ന്യൂ എൻസൈക്ലോപ്പിഡിയാ ബ്രിട്ടാനിക്കാ സമ്മതിച്ചു പറയുമ്പോൾ അത് കാര്യങ്ങൾ വ്യക്തമാക്കാൻ ഒട്ടും ഉപകരിക്കുന്നില്ല.
ഏതായാലും ഹിന്ദുമതം ഒരു പുരാതനമതമാണ്. ഇത് ഇപ്പോൾ പാകിസ്ഥാന്റെ ഭാഗത്തുള്ള സിന്ധുനദീതടത്തിലാണ് ആവിർഭവിച്ചത്. ആര്യൻമാർ എന്നറിയപ്പെടുന്ന ഒരു ഇൻഡോയൂറോപ്യൻ ജനത ഏതാണ്ട് ക്രി. മു. 1,500ൽ ഈ പ്രദേശത്ത് കുടിയേറി. അവരുടെ കൃതികളിൽ ചിലത് പാവന ജ്ഞാനമായി (വേദം) പരിഗണിച്ചതിനാൽ അവരുടെ മതം വേദാന്തമതമായി അറിയപ്പെടാൻ തുടങ്ങി. അവയിൽ ഇന്നത്തെ ഇറാൻകാരുടെ പൂർവ്വീകരുടെ മതത്തിൽ നിന്നും എടുക്കപ്പെട്ട ചില ഘടകങ്ങൾ അടങ്ങിയിരുന്നു. ബാബിലോന്യ സ്വാധീനത്തിന്റെ സാദ്ധ്യത പോലും നിലനിൽക്കുന്നുണ്ട്. എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജൻ ആൻഡ് എത്തിക്സ്, “ബാബിലോന്യരും ആദിമ ഹിന്ദുസംസ്ക്കാരവും തമ്മിലുള്ള നിരവധി സാധർമ്മ്യങ്ങളെക്കുറിച്ച്” സംസാരിക്കവെ ഇത് വിശദമാക്കുന്നു. ഈ വൈദേശിക ഘടകങ്ങളിൻമേൽ കെട്ടിപ്പടുക്കപ്പെട്ട ആ മൂലകുടിപാർപ്പുകാരുടെ മതം, മററുമതങ്ങളുടെ വർഷങ്ങളിലൂടെയുള്ള സ്വാധീനത്തിന് വിധേയമായപ്പോൾ വിശ്വാസങ്ങളും ആചാരങ്ങളും ഒന്നുകിൽ കൂട്ടിച്ചേർക്കുകയോ അല്ലെങ്കിൽ വിട്ടുകളയുകയോ ചെയ്തുകൊണ്ട് വളർന്നു. അങ്ങനെ അനേകം ഉറവിടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ എണ്ണമററ ഘടകങ്ങളുടെ ഒരു നിരന്തര സംഗമത്തിന്റെ ഫലമാണ് ഹൈന്ദവ മതം.
സിദ്ധാന്തങ്ങളും ആചാരങ്ങളും
ഹൈന്ദവ ജാതിവ്യവസ്ഥക്ക് അടിസ്ഥാനം ഇടാൻ ആര്യൻമാർ സഹായിച്ചു. നാലു മൂലജാതികൾ അനേകായിരം ഉപവിഭാഗങ്ങളെ പിന്നീട് ഉൾക്കൊള്ളാൻ ആകുംവിധം എണ്ണത്തിൽ പെരുകി. ഈ നാലു ജാതികൾ മാനുഷജാതിയുടെ മൂലപിതാവിനെ പരാമർശിക്കുന്ന “വ്യക്തി” എന്നോ ഒരു മനുഷ്യൻ എന്നോ അർത്ഥം വരുന്ന ഒരു സംസ്കൃത പദമായ “പുരുഷന്റെ” വ്യത്യസ്ഥ ശരീരഭാഗങ്ങളിൽ നിന്നും ഉത്ഭവിച്ചതായി സങ്കൽപ്പിക്കപ്പെടുന്നു.
ബ്രാഹ്മണർ അദ്ദേഹത്തിന്റെ വായിൽ നിന്നും ജനിച്ചതായും അതുകൊണ്ട് അവർ മതനേതാക്കളായും അദ്ദേഹത്തിന്റെ ഭുജങ്ങളിൽ നിന്നു ജനിച്ച ക്ഷത്രിയർ സൈനിക രാഷ്ട്രീയ നേതാക്കളും; അദ്ദേഹത്തിന്റെ തുടകളിൽ നിന്നു ജനിച്ച വൈശ്യർ കൃഷിക്കാരും കരകൗശല വിദഗ്ദ്ധരും വ്യാപാരികളും; അദ്ദേഹത്തിന്റെ പാദങ്ങളിൽ നിന്നു ജനിച്ച ശൂദ്രർ അടിമകളുമായും സങ്കൽപ്പിക്കപ്പെടുന്നു. “തൊട്ടുകൂടാത്തവർ, മതപരമായ അശുദ്ധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജീവിതരീതിയുള്ളവരോ കർത്തവ്യങ്ങൾ ചെയ്യുന്നവരോ ആയിരുന്നു. ഇൻഡ്യയും പാകിസ്ഥാനും ഹൈന്ദവജാതിവ്യവസ്ഥയുടെ രൂക്ഷമായ രൂപങ്ങൾ ഏകദേശം 40 വർഷങ്ങൾക്കുമുമ്പ് നിയമവിരുദ്ധമാക്കിയെങ്കിലും അതിന്റെ ഘടകങ്ങൾ തുടർന്നും നിലനിൽക്കുന്നു.
ഒരു കാലം വരെ മൃഗയാഗങ്ങൾ ആരാധനയുടെ ഒരു പ്രമുഖഭാഗമായിരുന്നു. അത് അവശ്യ ചടങ്ങുകൾ നിർവഹിക്കുന്നതിന് ഒരു പൗരോഹിത്യം ആവശ്യമാക്കിത്തീർത്തു. “ബ്രാഹ്മണ്യം എന്നറിയപ്പെടുന്ന ഒരു മതശാഖ ഉളവായിത്തീരത്തക്കവണ്ണം ബ്രാഹ്മണർ അത്ര പ്രബലരായിത്തീർന്നു. “പുരോഹിതൻമാർക്ക് കേവലം ചില ആചാരക്രിയകളുടെ മാററിമറിക്കലിലൂടെ ശത്രുക്കളെ നിഗ്രഹിക്കാൻ കഴിയുമായിരുന്നു എന്നതിനാൽ പുരോഹിതൻമാരെ ദേവൻമാരെക്കാളേറെ ഭയപ്പെടുകയും ബഹുമാനിക്കയും ചെയ്തുപോന്നിരുന്നു,” എന്ന് ററി. ഡബ്ള്യൂ. ഓർഗൻ പറയുന്നു. ബലിക്രിയകൾ കൂടുതൽ സങ്കീർണ്ണമായിത്തീർന്നപ്പോൾ തപശ്ചര്യക്ക് അഥവാ ജഢനിഗ്രഹത്തിന് ഊന്നൽ നൽകുന്ന ഒരു പ്രവണതക്ക് തുടക്കം കുറിക്കപ്പെട്ടു.
സംസാര ഒരു അടിസ്ഥാന വിശ്വാസമായിരുന്നു. അത് സാദ്ധ്യതയനുസരിച്ച് ക്രി. മു. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യപകുതിയിൽ ആവിർഭവിച്ച ഹൈന്ദവതിരുവെഴുത്തു സംഹിതയായ ഉപനിഷത്തുകളിൽ പ്രതിപാദിക്കപ്പെട്ടിരുന്നു. മരണാനന്തരം സ്വർഗ്ഗത്തിലെയോ നരകത്തിലെയോ ഒരു ജീവിത ഇടവേളക്കുശേഷം വ്യക്തികൾ കർമ്മപ്രമാണം അനുസരിച്ച് അവർ നേരത്തെ ആസ്വദിച്ചിരുന്ന ജീവിതത്തെക്കാൾ ഉയർന്നതൊ താഴ്ന്നതോ ആയ തലത്തിൽ മനുഷ്യരുടെയൊ മൃഗങ്ങളുടെയൊ രൂപത്തിൽ പുനർജൻമം പ്രാപിക്കുമെന്ന് അവ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യം, ജൻമത്തിന്റെയും പുനർജൻമത്തിന്റെയും അനന്തമായ ചക്രത്തിൽ നിന്ന് വിടുതൽ പ്രാപിച്ച് ബ്രഹ്മം എന്നു വിളിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ പരമസ്രോതസ്സിൽ ലയിച്ചുകൊണ്ട് മോക്ഷം പ്രാപിക്കുക എന്നതാണ്.
വേദാന്തമതം അനേകം ദേവൻമാർ ഉൾപ്പെടുന്നതായിരുന്നു. എന്നാൽ ഇൻഡ്യൻ തത്വശാസ്ത്ര സങ്കൽപ്പനങ്ങൾ എന്ന പുസ്തകം പറയുന്നതനുസരിച്ച് അതിന്റെ അനുയായികൾക്ക് ഇത് അതൃപ്തികരമായിതോന്നും. അതുകൊണ്ട് “അവർ ദേവമൂർത്തിയുടെ ഏകദൈവസങ്കൽപ്പത്തിലേക്ക് സാവകാശം മാറി. . . . ഒരു പ്രക്രിയ എല്ലാ ദേവൻമാരെയും ഒരുമിച്ചു ചേർക്കലായിരുന്നു. . . . ഒരു സങ്കൽപ്പ സൃഷ്ടിയായ ദേവനെ ഉളവാക്കുന്നതിനുവേണ്ടി” അതിനാൽ ബ്രഹ്മം ഗുണങ്ങളും യോഗ്യതകളും കൂടാതെയുള്ള ഒരു നിർവ്യക്തിക ദൈവമായിത്തീർന്നു. അതേസമയം വിവിധ ദേവമൂർത്തികളിലൂടെ മൂർത്തിഭാവം കൈക്കൊള്ളുന്ന ഒരുവൻ തന്നെ.
മോക്ഷം പ്രാപിക്കാനുള്ള അഭിലാഷം ചരിത്രകാരനായ വിൽഡ്യൂറൻറ് “ജീവിത വിരക്തി” എന്നു വിളിക്കുന്ന ഒന്നിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. “ഹൈന്ദവ ചിന്താധാരയിലെല്ലാം ഇരുൾ പരത്തി വേരോടിയിരിക്കുന്ന ഒന്നാണിത്.” ഈ മ്ലാനമായ പ്രതിലോമ മനോഭാവം മൈത്രി ഉപനിഷത്തിൽ നന്നായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അതിങ്ങനെ ചോദിക്കുന്നു: “മോഹം, ക്രോധം, കാമം, പ്രലോഭനം, ഭീതി, നൈരാശ്യം, അസൂയ, കാമ്യമായതിൽ നിന്നുള്ള വിയോഗം, അനഭികാമ്യമായവയോടുള്ള സംയോഗം, വിശപ്പ്, ദാഹം, വാർദ്ധക്യം, മരണം, രോഗം, ദു:ഖം മുതലായവ മഥിക്കുന്ന ഈ ശരീരത്തിൽ അഭിലാഷ നിവർത്തികൊണ്ട് എന്ത് നൻമയാണുള്ളത്?”
ഈ അസന്തുഷ്ടാവസ്ഥ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം പുരാണങ്ങളിൽ നൽകപ്പെട്ടിരുന്നു. പുരാണങ്ങൾ പൊതുയുഗത്തിന്റെ ആദിമശതകങ്ങളിൽ രചിക്കപ്പെട്ട പാഠങ്ങളുടെ ഒരു ശൃംഖലയാണ്. പുരാണകഥകൾ എന്നർത്ഥമുള്ള ഇവക്ക് വലിയ ജനപ്രചാരം സിദ്ധിക്കുകയും സാധാരണ മമനുഷ്യന്റെ തിരുവെഴുത്തുകൾ എന്നറിയപ്പെടാൻ ഇടയാക്കുകയും ചെയ്തു. ഗരുഡ പുരാണം ഇങ്ങനെ അവകാശപ്പെടുന്നു: “യഥാർത്ഥ സന്തുഷ്ടി എല്ലാ വികാരങ്ങളുടെയും നിഗ്രഹത്തിൽ കുടികൊള്ളുന്നു. . . . എവിടെ വികാരമുണ്ടോ അവിടെ ദു:ഖം ഉണ്ട്. . . . വികാരം പരിത്യജിക്കുക. അപ്പോൾ നിങ്ങൾ സന്തുഷ്ടരാകും.” നിർഭാഗ്യവശാൽ ഈ പരിഹാരം ഏത് അസന്തുഷ്ടിയെ ഇല്ലായ്മ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണോ അതേ അസന്തുഷ്ടിയുടെ അവസ്ഥപോലെ അസുഖകരമാണ്. ഇതിനുമുമ്പ് ഭഗവത്ഗീത, ഒരുപക്ഷേ ഇൻഡ്യയിൽ എക്കാലത്തും രചിക്കപ്പെട്ട ഏററവും പ്രധാനപ്പെട്ട പുസ്തകം എന്നു വിളിക്കപ്പെടുന്ന ഭഗവാന്റെ ഗീതം വിമുക്തി പ്രാപിക്കുന്നതിന് മൂന്നു മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. “കർത്തവ്യങ്ങളുടെ പാത” ആചാരപരവും സാമൂഹ്യവുമായ കടപ്പാടുകൾ നിർവഹിക്കുന്നതിന് ഊന്നൽ നൽകി. “ജ്ഞാനത്തിന്റെ പാത”യിൽ ധ്യാനവും യോഗാഭ്യാസവും ആചരിക്കുന്നത് ഉൾക്കൊള്ളുന്നു. “ഭക്തിയുടെ പാതയിൽ ഒരു വ്യക്തിഗതദൈവത്തോടുള്ള ഭക്തി അടങ്ങിയിരിക്കുന്നു. ഭഗവദ്ഗീതക്ക് ക്രൈസ്തവലോകത്തിന്റെ “പുതിയ നിയമ”ത്തോട് സമാനത കൽപ്പിക്കപ്പെട്ടിരിക്കുന്നു. മിക്ക ഇൻഡ്യാക്കാർക്കും അതിന്റെ ശ്ലോകങ്ങളിൽ ചിലത് ഹൃദിസ്ഥമാണ്. അവരിൽ മിക്കവരും മന:പ്പാഠമാക്കിയ ഭാഗങ്ങൾ ദിവസേന ചൊല്ലുകയും ചെയ്യുന്നു.
ഒരു ലക്ഷം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതും തൻമൂലം ലോകത്തിലെ ഏററവും ദീർഘമായ കാവ്യം എന്ന സ്ഥാനം അനായാസം കൈവരിച്ചിരിക്കുന്നതുമായ മഹാഭാരതം എന്ന ഹൈന്ദവ മഹാകാവ്യത്തിന്റെ ഒരു ഭാഗം മാത്രമാണ് യഥാർത്ഥത്തിൽ ഭഗവദ്ഗീത. ഭഗവദ്ഗീത മഹാഭാരതത്തിൽ ഉൾപ്പെടുത്തപ്പെട്ടതിനെ തുടർന്ന് (ഒരുപക്ഷേ പൊതുയുഗത്തിന്റെ മൂന്നാം നൂററാണ്ടിൽ) ഹൈന്ദവമതം ഒടുവിൽ വേദാന്തമതത്തിൽ നിന്നും ബഹ്മണ്യത്തിൽ നിന്നും വേറിട്ട് ഒരു വ്യതിരിക്തമതമായിത്തീർന്നു.
നിരന്തര പരിഷ്ക്കരണം
പ്രാരംഭം മുതൽക്കേ ഹൈന്ദവമതം നിരന്തര പരിഷ്ക്കരണത്താൽ ശ്രദ്ധേയമായിതീർന്നു. പരിഷ്കർത്താക്കളിൽ പ്രമുഖൻമാർ യഥാക്രമം ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും സ്ഥാപകരായ സിദ്ധാർത്ഥ ഗൗതമനും വർദ്ധമാന മഹാവീരനും ആയിരുന്നു.
മഹാവീരൻ തന്നെത്തന്നെ ജിനൻമാരുടെ (ജേതാക്കൾ) ഒരു വംശത്തിലെ ഇരുപത്തിനാലാമത്തവനായി കരുതി. ഇവരുടെ ജീവിതമായിരുന്നു ജൈനമതത്തിന്റെ അടിസ്ഥാനം. ലോകമെക്കാലവും സ്ഥിതിചെയ്തിട്ടുണ്ട് എന്ന സിദ്ധാന്തം മൂലം അത് ഒരു സ്രഷ്ടാവിനെ നിഷേധിക്കുന്നതു നിമിത്തം ഈ മതം ഹിന്ദുമതത്തിൽ നിന്നു വ്യത്യസ്ഥമായിരിക്കുന്നു. അത് അഹിംസയുടെ ഉപദേശത്തിനു പ്രത്യേക ഊന്നൽ കൊടുത്തിരിക്കുന്നു. ഇരുപതാം നൂററാണ്ടിലെ ഇൻഡ്യൻ നേതാവായ മോഹൻദാസ് ഗാന്ധി തന്റെ ഇൻഡ്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അനുവർത്തിച്ച അഹിംസാമാർഗ്ഗം ഈ മതോപദേശത്തിന്റെ ഒരു രാഷ്ട്രീയ രൂപത്തിലുള്ള ബാധകമാക്കലായിരുന്നു.
ജൈനമതം പറയുന്നതനുസരിച്ച് ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ നടത്ത മുതലായവയോടൊപ്പം യോഗാനുഷ്ഠാനവും ഒത്തുചേരുമ്പോൾ അത് വിമോചനത്തിലേക്കു നയിക്കുന്നു. അതേ സമയം തന്നെ സകലവും കേവലം ഒരു വീക്ഷണഗതിയുടെ കാര്യമാണ് എന്നു പഠിപ്പിച്ചുകൊണ്ട് ശരിയുടെയും തെററിന്റെയും തികവുള്ള പ്രമാണങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു. ഇത് ജൈനമതം എവിടെ നിന്നുത്ഭവിച്ചുവോ ആ ഹിന്ദുമതത്തിന്റെ സഹിഷ്ണുതാമനോഭാവമാണ് എടുത്തു കാണിക്കുന്നത്.
ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു ശേഷം പതിനഞ്ചാം നൂററാണ്ടിൽ മറെറാരു പരിഷ്കർത്താവ് എഴുന്നേററു. നാനാക് എന്നു പേരായ ഈ വ്യക്തി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു മതം ക്രോഡീകരിക്കാൻ ശ്രമിച്ചു. ഇതിന്റെ പരിണതഫലം സിക്ക് മതമാണ്, “സിക്ക്” എന്ന പദം “ശിഷ്യൻ” എന്നർത്ഥം വരുന്ന ഒരു സംസ്കൃത പദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. നാനാക്കായിരുന്നു പത്തു ഗുരുക്കൻമാരിൽ ഒന്നാമൻ. ഇവരിൽ പത്താമത്തവൻ 1699 ഖൽസ (വിശുദ്ധൻമാർ) എന്നു വിളിക്കപ്പെടുന്ന ഒരു സഹോദരസംഘം സ്ഥാപിച്ചു. ജാതിതിരിവുകളില്ലാതാക്കുന്നതിനും തങ്ങളുടെ വിശ്വാസത്തിന്റെ പോരാളികൾ ആണ് തങ്ങൾ എന്ന വസ്തുതക്ക് ഊന്നൽ നൽകുന്നതിനും അംഗങ്ങൾക്ക് സിംഗ് (സിംഹം) എന്ന പൊതു ഇരട്ടപ്പേര് നൽകപ്പെട്ടു. അവർ ‘ക’കാരത്തിൽ ആരംഭിക്കുന്ന അഞ്ചുകാര്യങ്ങൾ ആചരിക്കാൻ ബാദ്ധ്യസ്ഥരാക്കപ്പെട്ടു: അവരുടെ മുടിയും ദീക്ഷയും (കേശ്) കത്രിക്കാതിരിക്കുക; തലപ്പാവുകൊണ്ട് പൊതിഞ്ഞ അവരുടെ മുടി ഒരു ചീപ്പുകൊണ്ട് (കംഗ) ചീകിയൊതുക്കിവെക്കുക; നീണ്ട ട്രൗസറുകൾക്കുള്ളിൽ ചെറിയ കാൽചട്ടകൾ (കച്ചാകൾ) ധരിക്കുക; ഒരു വാൾകൊണ്ടു നടക്കുക (കൃപാൺ); ഒരു സ്ററീൽകൊണ്ടുള്ള കൈത്തള (കാര) ധരിക്കുക. ഗുരുക്കൻമാരുടെ പരമ്പര പത്താമത്തെ ആളിൽ അവസാനിച്ചു. സിക്ക് മതത്തിന്റെ വിശുദ്ധഗ്രൻഥമായ ഗുരുഗ്രൻഥ സാഹിബ് അതിന്റെ സ്ഥാനവും പിടിച്ചു. ആയിരത്തിഅറുനൂററിനാലിൽ ക്രോഡീകരിച്ച ആ ഗ്രൻഥം ഒരു നൂററാണ്ടിനു ശേഷം പരിഷ്ക്കരിക്കപ്പെട്ടു.a
പത്തൊമ്പതാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കൽക്കട്ടയിൽ നിന്നുള്ള പുരോഹിതനായ രാമകൃഷ്ണൻ പാശ്ചാത്യമതചിന്തയിൽ അത്യുത്തമം എന്നു തനിക്കു തോന്നിയ ചിലതുമായി ഹൈന്ദവമതത്തെ ഇണക്കിച്ചേർക്കാൻ ഉദ്യമിച്ചു. വെള്ളത്തിനു പോലും വിവിധഭാഷകളിൽ വിവിധപേരുകൾ ഉള്ളതുപോലെ “നിത്യ-ബൗദ്ധിക-ശ്രേയസ്വിയായ സച്ചിദാനന്ദനെ ചിലർ ദൈവമെന്നും ചിലർ അല്ലാഹു എന്നും ചിലർ യഹോവയെന്നും ചിലർ ഹരിയെന്നും മററുചിലർ ബ്രഹ്മാവ് എന്നും വിളിക്കുന്നു എന്നേയുള്ളു” എന്നദ്ദേഹം വാദിച്ചു. “ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് കയറാൻ ഒരുവന് ഒരു കോവണിയോ മുളയോ ചവിട്ടുപടിയോ ഒരു കയറോ ഉപകരിക്കുന്നതുപോലെ ദൈവത്തെ സമീപിക്കുന്നതിനുള്ള മാർഗ്ഗങ്ങളും വിധങ്ങളും വൈവിദ്ധ്യമാർന്നവയാണ്. . . . വ്യത്യസ്ഥമതശാസനങ്ങൾ സർവ്വശക്തനിലേക്കെത്തിച്ചേരുന്നതിനുള്ള വ്യത്യസ്ഥ പാതകൾ മാത്രമാണ്.”
ഇപ്രകാരമുള്ള ഒരു സഹിഷ്ണുതാമനോഭാവം ഹൈന്ദവാരാധനക്ക് വമ്പിച്ച സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നു. അത് ചില വിഭാഗങ്ങൾക്ക് തങ്ങളുടെ ആരാധന പ്രധാനമായി ബ്രഹ്മാവിലേക്ക് തിരിക്കുന്നതിനും (ബ്രാഹ്മണ്യം), മററു ചിലർക്ക് വിഷ്ണുവിലേക്ക് തിരിക്കുന്നതിനും (വൈഷ്ണവമതം) ഇനിയും മററുചിലർക്ക് ശിവനിലേക്കു തിരിക്കുന്നതിനും സൗകര്യം നൽകുന്നു. അത് നാടോടികളായ ഹിന്ദുവിശ്വാസികളെയും ശക്തിമതത്തെയും താന്ത്രികമതത്തെയും അതാതിന്റെ സ്വന്തം മാതൃകയിൽ ഹൈന്ദവമതം പ്രസംഗിക്കുവാൻ അനുവദിക്കുന്നു. ദൃഷ്ടാന്തമായി താന്ത്രികമതം നാടോടിആചാരങ്ങളും ഗോത്രാചാരങ്ങളും ഉൾക്കൊണ്ടതാണ്. ഇതിൽ ഹൈന്ദവ മതചരിത്രത്തിന്റെ ആദിമദശയിൽ കാണപ്പെട്ടിരുന്ന ദേവതകളുടെ ആരാധനക്ക് വലിയസ്ഥാനം നൽകപ്പെടുന്നു. ഇൻഡ്യക്കാർ തങ്ങളുടെ രാജ്യത്തെ “അമ്മയായ ഇൻഡ്യ” എന്നു വിളിക്കുന്നു. ഇത് “ഭാരതമാതാവ്” എന്ന ഒരു ദേവിയാൽ പ്രതിനിധീകരിക്കപ്പെടുന്നു.
സഹിഷ്ണുത—നല്ലതോ തീയതോ?
ഹൈന്ദവമതം പുതിയ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്നതിന് പ്രാപ്തമാണെന്ന് അത് നിരന്തരം തെളിയിച്ചിരിക്കുന്നു എന്ന് ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞനും താരതമ്യമതപഠനത്തിനെ ലക്ചൻററുമായ ജെഫ്റി പരിൻഡർ എഴുതുന്നു: “ഈ മതാശയങ്ങളുടെ ക്രോഡീകരണം അഥവാ മതങ്ങളുടെ മിശ്രണം ഇന്നത്തെ ഹൈന്ദവ സിദ്ധാന്തത്തിന്റെ സർവ്വസാധാരണമായ പ്രവർത്തന ശൈലിയായിരിക്കാം” എന്നദ്ദേഹം തുടർന്നു പറയുന്നു. അനേകം ആളുകളും സഹിഷ്ണുതയുടെ ഈ ഹൈന്ദവതത്വജ്ഞാനത്തോട് പരോക്തമായി യോജിക്കുന്നു. ഫലത്തിൽ ‘നിങ്ങൾക്കു ശരിയെന്നു തോന്നുന്ന വിധത്തിൽ ദൈവത്തെ സേവിക്കുക’ എന്നു പറയുന്നതുപോലെയാണത്.
“എല്ലാ വിശ്വാസങ്ങളെയും സമതുലനം ചെയ്യുന്നതിനാൽ നൻമയിൽ നിന്ന് തിൻമയെ വിവേചിക്കുന്നതിൽ ഉള്ള പരാജയത്തിന്റെ അപകടം ഉണ്ട്” എന്ന് പാരിൻഡർ ചൂണ്ടിക്കാണിക്കുന്നു. മതത്തിന് അതു നല്ലതായിരിക്കുന്നതുപോലെ തന്നെ ദോഷകരവുമായിത്തീരാൻ കഴിയുമെന്ന് ഏറിയ അളവിൽ വ്യക്തമായിക്കൊണ്ടിരിക്കയല്ലേ? ഒരുവൻ തന്റെ സ്വന്തം മതത്തിൽ ദുഷിച്ച മതഘടകങ്ങൾ പ്രവേശിപ്പിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
ഇന്ന്, അനേകം ജനങ്ങൾ തങ്ങളുടെ മതങ്ങളിൽ നിരാശിതരായിരിക്കുന്നു. രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ക്ഷത്രിയ ഭരണവംശത്തിൽപ്പെട്ട ഒരു ഹിന്ദുവിന്റെയും കാര്യം അങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഹൈന്ദവമതം പരാജയപ്പെട്ടു. അദ്ദേഹം ആത്മീയ പ്രകാശനം തേടി. “വിമോചനം വാഗ്ദത്തം ചെയ്ത ഒരു ജ്ഞാനപ്രകാശനം” എന്ന ഞങ്ങളുടെ അടുത്ത ലേഖനം കൂടുതൽ കാര്യങ്ങൾ വിവരിക്കും. (g89 4/8)
[അടിക്കുറിപ്പുകൾ]
a ആയിരത്തിതൊള്ളായിരത്തി എൺപത്തിയഞ്ചിലെ കണക്കനുസരിച്ച് ഏകദേശം മുപ്പത്തിമൂന്നുലക്ഷത്തിമുന്നൂറ് ജൈനൻമാർ അഞ്ചുഭിന്നരാജ്യങ്ങളിൽ ജീവിക്കുന്നതായും ഒരു കോടി അറുപതുലക്ഷം സിക്ക്കാർ പത്തൊമ്പത് രാജ്യങ്ങളിൽ ജീവിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു.
[21-ാം പേജിലെ ചതുരം]
നിങ്ങൾ അതിശയിച്ചിട്ടുണ്ടായിരിക്കാം
ഹിന്ദുക്കൾ സംസാരയെ എങ്ങനെ വിശദീകരിക്കുന്നു? ഭഗവദ്ഗീത പറയുന്നു: “പഴകിദ്രവിച്ച വസ്ത്രം ഒരു മനുഷ്യൻ ഉരിഞ്ഞുകളഞ്ഞ് പുതിയവയെ ധരിക്കുന്നതെങ്ങനെയോ അങ്ങനെതന്നെ ശരീരത്തിൽ വസിക്കുന്നവൻ ദ്രവിച്ച ശരീരം വിട്ട് പുതുതായ മററു ശരീരങ്ങളിൽ കടന്നു കൂടുന്നു.” ഗരുഡപുരാണം വിശദീകരിക്കുന്നത്, “ഒരു പൂർവ്വ ജീവിതത്തിൽ ഒരു ദേഹി ചെയ്യുന്ന കർമ്മമാണ് അടുത്ത ജീവരൂപത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. . . ഒരു മനുഷ്യന് ജീവിതത്തിൽ ലഭിക്കുന്നത് അവന് കിട്ടാൻ വിധിച്ച കാര്യങ്ങളാണ്, ഒരു ദേവനു പോലും അത് മാററിമറിക്കാൻ സാദ്ധ്യമല്ല എന്നാണ്.” ഒരു ദൃഷ്ടാന്തം എന്ന നിലയിൽ മർക്കണ്ഠേയ പുരാണം ഒരു വ്യക്തി പറഞ്ഞ പിൻവരുന്ന പ്രസ്താവന ഉദ്ധരിക്കുന്നു: “ഞാനൊരു ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനുമായും വീണ്ടും ഒരു മൃഗവും കൃമിയും മാനും പക്ഷിയും ആയും ജനിച്ചു.”
ഹിന്ദുക്കൾ പശുക്കളെ പവിത്രമായി കരുതുന്നുവോ? ഋഗ്വേദവും അവെസ്തയും ഒരുപോലെ പശുക്കളെ കൊല്ലാൻ പാടില്ലാത്ത ജീവികളായി പരാമർശിക്കുന്നു. പക്ഷേ ഇത് ഒരു പുനർജൻമവിശ്വാസത്തെക്കാളേറെ അഹിംസാ നയത്തിൽ അധിഷ്ഠിതമായി തോന്നുന്നു. എന്തായിരുന്നാലും മർക്കണ്ഠേയപുരാണം ഈ നിയമം പാലിക്കുന്നതിലുള്ള പരാജയത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കുന്നത് “ഒരു പശുവിനെ കൊല്ലുന്നവൻ തുടർച്ചയായ മൂന്നു ജൻമത്തിലൂടെ നരകത്തിൽ പോകും” എന്നു പറഞ്ഞുകൊണ്ടാണ്.
ഹിന്ദുക്കൾ ഗംഗാനദിയെ എങ്ങനെ വീക്ഷിക്കുന്നു? “ഈ നദിയിലെ ജലത്തിൽ സ്നാനപ്പെട്ട് ശുദ്ധീകരിക്കപ്പെടുന്നവരും കേശവനോടുള്ള (വിഷ്ണു) ഭക്തിയിൽ മനസ്സ് അർപ്പിച്ചവരുമായ പുണ്യാത്മാക്കൾ ആത്യന്തിക വിമോചനം നേടുന്നു. ഈ പുണ്യനദിയെക്കുറിച്ചു കേൾക്കുകയോ, അതിനായി ആഗ്രഹിക്കുകയോ, അതിനെ ദർശിക്കുകയോ, സ്പർശിക്കുകയോ അതിൽ സ്നാനം ചെയ്കയോ, അതിനായി സ്തുതിഗീതം പാടുകയോ ചെയ്യുമ്പോൾ അത് അനുദിനം സർവ്വജീവികളേയും ശുദ്ധീകരിക്കുന്നു. ഒരു നൂറ് യോജനകൾ (900 മൈലുകൾ) അകലെ താമസിക്കുന്നവർ പോലും ‘ഗംഗാ ഗംഗാ’ എന്ന് ഭക്തി പാരവശ്യത്തോടെ ഉച്ചരിക്കുമ്പോൾ അവരുടെ മൂന്ന് മുൻ ജൻമത്തിലെയും പാപങ്ങളിൽ നിന്ന് അവർ മോചിക്കപ്പെടുന്നു.”—വിഷ്ണുപുരാണം.
ഹരേ കൃഷ്ണാ ഭക്തർ ആരാണ്? അവർ കൃഷ്ണഭക്തൻമാരുടെ അന്തർദ്ദേശീയ സമിതിയുടെ അംഗങ്ങളാണ്. ഹൈന്ദവമതഭക്തി പ്രസ്ഥാനത്തിന്റെ ഒരു മിഷനറി രൂപമാണിത്. അതിന്റെ സ്ഥാപകനായ പരേതനായ എ. സി. ഭക്തിവേദാന്തസ്വാമി പ്രഭു പാദർ തന്റെ സന്ദേശം 1965ൽ ഐക്യനാടുകളിൽ കൊണ്ടു വന്നു. അത് ഹൈന്ദവസന്യാസത്തിന്റെ ചില ഘടകങ്ങൾ നിലനിർത്തുകയും ദേവനായ കൃഷ്ണനിൽ ആരാധന കേന്ദ്രീകരിക്കുകയും ഹരേകൃഷ്ണ മന്ത്രം ചെല്ലുന്നതിന് ഊന്നൽ കൊടുക്കുകയും ചെയ്യുന്നു. ഈശ്വരനാമം കേവലം ചൊല്ലുന്നത് മോക്ഷത്തിന് പര്യാപ്തമാണെന്ന് ഭക്തിവേദാന്ത വിശ്വസിച്ചിരുന്നു.