മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 6: പൊ. യു. മു. 1513 മുതൽ ഏററവും വില്പനയുള്ള മതഗ്രന്ഥങ്ങൾ
“ഞങ്ങളുടെ മതം ഒരു പുസ്തകത്തിലാണ്.” സാമുവെൽ ജോൺസൺ, 18-ാം നൂററാണ്ടിലെ ഇംഗ്ലീഷ് ഉപന്യാസകർത്താവും കവിയും
എല്ലാ പ്രധാന മതങ്ങൾക്കും അവയുടേതായ പുസ്തകമോ പുസ്തകങ്ങളോ ഉണ്ട്. അവ “രൂപത്തിലും വലിപ്പത്തിലും പഴക്കത്തിലും വിശുദ്ധിയുടെ അളവിലും അതിയായി വ്യത്യാസപ്പെട്ടിരുന്നേക്കാമെങ്കിലും അവയിലെ വചനങ്ങൾ ഭക്തൻമാരാൽ വിശുദ്ധമായി കരുതപ്പെടുന്നുവെന്നതാണ് അവയുടെ പൊതുസ്വഭാവവിശേഷം” എന്ന ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. നിരവധി വിശുദ്ധഗ്രന്ഥങ്ങളുടെ അസ്തിത്വം അതിൽതന്നെ മനുഷ്യവർഗ്ഗത്തിന് അടിസ്ഥാനപരമായി മതപരമായ ഒരു ഘടനയാണുള്ളതെന്ന് തെളിയിക്കുന്നു.
ബൈബിളും (ക്രിസ്ത്യാനിത്വത്തിന്റെ) ഖുറാനും (ഇസ്ലാമിന്റെ) തൽമൂദും (യഹൂദമതത്തിന്റെ) വേദങ്ങളും (ഹിന്ദുമതത്തിന്റെ) ത്രിപിടകങ്ങളും (ബുദ്ധമതത്തിന്റെ) പ്രധാന മതങ്ങളുടെ ഔദ്യോഗിക വിശുദ്ധ എഴുത്തുകളാണ്.a
മററു ചില പുസ്തകങ്ങൾ സംഘടിതമതങ്ങളാൽ അവയുടെ ഔദ്യോഗിക വിശുദ്ധഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെടുന്നില്ലെങ്കിലും അവ മതപരമായ സ്വഭാവത്തിലുള്ളവയാണ്. ഇത് കൊജിക്കിയെയും നിഹോംജിയെയും കുറിച്ച് സത്യമാണ്. അവ നൂററാണ്ടുകളായി ജാപ്പനീസ് ജീവിതത്തിൻമേലും ഷിന്റോ മേലും വമ്പിച്ച ആഘാതമുള്ള പുസ്തകങ്ങളാണ്. 13 കൊൺഫൂഷ്യൻ മഹദ്ഗ്രന്ഥങ്ങൾ ചൈനീസ് ജീവിതത്തെ സമാനമായി സ്വാധീനിച്ചിട്ടുണ്ട്. ഒടുവിൽ പറഞ്ഞത് ഒരു ചൈനീസ്സന്യാസിയായിരുന്ന കൊൺഫൂഷ്യസിന്റെ ഉപദേശങ്ങളിൽ അധിഷ്ഠിതമാണ്. ബാബിലോൻ മെദോപേർഷ്യക്കു കീഴടങ്ങിയ ക്രി.മു. 539-ൽ അദ്ദേഹം ഒരു യുവാവുപോലുമായിരുന്നില്ല. കൊൺഫൂഷ്യസ്മതത്തിന്റെ അടിസ്ഥാനപാഠപ്പുസ്തകമായ അനാലെക്ററ്സിന്റെ (ലൂൺ യൂ) 496 അദ്ധ്യായങ്ങളിൽ കൊൺഫൂഷ്യസിന്റെതന്നെ വാക്കുകൾ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു.
കൂറേക്കൂടെ അടുത്ത കാലത്തെ മത എഴുത്തുകളും പവിത്രത നേടിയിട്ടുണ്ട്. ചിലത് സ്വീകൃതമായ വിശുദ്ധഎഴുത്തുകളുടെ അവശ്യ അനുബന്ധങ്ങളായി പരിഗണിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന് ചർച്ച് ഓഫ് ജീസസ് ക്രൈസ്ററ് ഓഫ് ലാററർഡേ സെയിൻറ്സിന്റെ അംഗങ്ങൾ മോർമൻ എന്നു പേരുള്ള ഒരു പ്രവാചകൻ സ്വർണ്ണത്തകിടുകളിൻമേൽ എഴുതിയതാണ് മോർമന്റെ പുസ്തകം എന്ന് വിശ്വസിക്കുന്നു; അത് പിന്നീട് അദ്ദേഹത്തിന്റെ പുത്രനായിരുന്ന മൊറോണി കുഴിച്ചിട്ടെന്നും ഏതാണ്ട് 1,400 വർഷങ്ങൾക്കുശേഷം 19-ാം നൂററാണ്ടിന്റെ ആദ്യപകുതിയിൽ ഒരു ദൂതൻ അതു കണ്ടുപിടിച്ച് ജോസഫ് സ്മിത്തിനു കൊടുത്തുവെന്നും അദ്ദേഹം അതു വിവർത്തനം ചെയ്തെന്നും അവർ വിശ്വസിക്കുന്നു.
മേരി ബേക്കർ എഡ്ഡി എഴുതി ആദ്യം ശാസ്ത്രവും ആരോഗ്യവും എന്ന പേരിൽ 1875-ൽ പ്രസിദ്ധപ്പെടുത്തിയ സയിൻസ ആൻഡ ഹെൽത്ത വിത്ത കീ ററു സക്രിപചേഴസ എന്ന പുസ്തകം സമാനമായി വീക്ഷിക്കപ്പെടുന്നു. വർഷങ്ങളിൽ അവർ തന്റെ പുസ്തകം മററു ഭാഷകളിലേക്കു വിവർത്തനംചെയ്യുന്നതിനെ എതിർക്കുകയും ഒടുവിൽ വഴങ്ങിക്കൊണ്ട് ഇങ്ങനെ വ്യവസ്ഥചെയ്യുകയുംചെയ്തു: “ഈ പുതിയ പതിപ്പ് ഇംഗ്ലീഷിലും ജർമ്മനിലുമുള്ള പേജുകൾ മാറിമാറി വെച്ചുകൊണ്ട് അച്ചടിക്കപ്പെടണം, ഒരു വശത്ത് ദിവ്യനിശ്വസ്തമായ ഇംഗ്ലീഷ ഭാഷ്യം ഉണ്ടായിരിക്കണം, അതായിരിക്കണം പ്രമാണം, മറേറ വശത്ത് വിവർത്തനമായ ജർമ്മൻപാഠമുണ്ടായിരിക്കണം.”—ഇററാലിക്സ് ഞങ്ങളുടേത്.
മതപരമല്ലാത്ത പുസ്തകങ്ങൾപോലും വിശുദ്ധ എഴുത്തുകളുടെ പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. ഈ വർഗ്ഗത്തിൽപെടുന്നവയാണ് ചാൾസ് ഡാർവിൻ, കാൾമാക്സ്, മാവോ സെ തൂങ്ങ് എന്നിവരുടെ 19-ാം നൂററാണ്ടിലെയും 20-ാം നൂററാണ്ടിലെയും എഴുത്തുകൾ. പരിണാമവും കമ്യൂണിസവും സംബന്ധിച്ച അവരുടെ ആശയങ്ങൾ ദശലക്ഷക്കണക്കിനാളുകളാൽ മതഭക്തിയോടെ പിന്താങ്ങപ്പെടുന്നു.
ഒരു കാനോൻ സ്ഥാപിക്കൽ
മിക്ക വേദലിഖിതങ്ങളും ആദ്യം, ചിലപ്പോൾ നൂററാണ്ടുകളിൽ, വാമൊഴിയായി കൈമാറപ്പെട്ടുപോന്നു. എന്നാൽ പൊതുവേ ഏതെങ്കിലും ഒരു ഘട്ടത്തിൽ വാമൊഴിയായോ വരമൊഴിയായോ കുന്നുകൂടിയ വിവരങ്ങളുടെ ഏതു ഭാഗങ്ങൾ ഒരു പ്രത്യേകമതത്തിന്റെ ഔദ്യോഗിക കാനോനായി ഉതകണമെന്ന് നിശ്ചയിക്കേണ്ടതാവശ്യമാണെന്ന് പരിഗണിക്കപ്പെട്ടു. “കാനോൻ” എന്ന പദം വിശുദ്ധലിഖിതമായി അംഗീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഒരു ശേഖരം അഥവാ അധികൃത പട്ടിക എന്നു നിർവചിക്കപ്പെടുന്നു.
ഒരു ഐകരൂപ്യമുള്ള കാനോൻ സ്ഥാപിക്കുന്നത് എളുപ്പമല്ലായിരുന്നു, ചിലപ്പോൾ സാദ്ധ്യംപോലുമായിരുന്നില്ല. ദൃഷ്ടാന്തത്തിന്, പല കാനോനുകൾ ഉള്ളതുകൊണ്ട് ലോകത്തിലെ മതലിഖിതങ്ങളുടെ ഇടയിൽ ബുദ്ധമതസാഹിത്യത്തെ അനുപമമെന്ന് ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ വിളിക്കുന്നു. അതിങ്ങനെ പറയുന്നു: “വേദലിഖിതങ്ങളുടെ ശേഖരങ്ങൾ ഗണ്യമായ വിധങ്ങളിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു, ഓരോ പാരമ്പര്യത്തിലും കാണാൻ കഴിയുന്ന പാഠങ്ങൾ അധികമില്ല.” ഈ കുഴപ്പം വിഭാഗീയസമൂഹങ്ങളുടെയും ബുദ്ധമതചിന്തയുടെ “പതിനെട്ടു സിദ്ധാന്തങ്ങൾ” എന്നു ചരിത്രം വിളിക്കുന്നവയുടെയും രൂപവൽക്കരണത്തിൽ കലാശിച്ചു.
മറിച്ച് ഹിന്ദുമതം ഒരു അംഗീകൃത കാനോനും അർദ്ധപവിത്ര പദവി അനുവദിക്കപ്പെട്ടിട്ടുള്ള മററു പുസ്തകങ്ങളും തമ്മിൽ ഒരു വ്യത്യാസം കല്പിക്കുന്നു. “കേട്ടു പഠിക്കൽ” എന്നർത്ഥമുള്ള ശ്രുതി എന്നു വിളിക്കപ്പെടുന്ന ഹൈന്ദവ പവിത്രലിഖിതങ്ങളുടെ വിഭാഗം മുഖ്യ വെളിപ്പാടിനെ പരാമർശിക്കുന്നു, അതിൽ വേദങ്ങളും ഉപനിഷത്തുക്കളും ഉൾപ്പെടുന്നു. “ഓർമ്മ” എന്നർത്ഥമുള്ള സ്മൃതി ശ്രുതിയെ വിശദീകരിച്ചും വിപുലീകരിച്ചുംകൊണ്ട് അതിനു പൂരകമായിരിക്കുന്നു. അതുകൊണ്ട് സ്മൃതി അപ്രധാനമോ അർദ്ധകാനോനികമോ എന്നു പരിഗണിക്കപ്പെടുന്നു, എന്നിരുന്നാലും, യഥാർത്ഥത്തിൽ ഹിന്ദുക്കൾക്ക് തങ്ങളുടെ മതത്തെക്കുറിച്ച് അറിയാവുന്നതിലധികവും നേടിയിരിക്കുന്നത് അതിൽ നിന്നാണ്.
ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവർക്കും ബൈബിളിന് ഒരു കാനോൻ സ്ഥാപിക്കുന്നതിൽ പ്രയാസങ്ങളുണ്ടായിട്ടുണ്ട്. റോമൻകത്തോലിക്കാ സഭയും മിക്ക കിഴക്കൻ, പൗരസ്ത്യ ഓർത്തഡോക്സ് സഭകളും കൂടുതലായ 13 ലിഖിതങ്ങളെ അല്ലെങ്കിൽ അവയിൽ ചിലതിനെ “രണ്ടാമത്തെ (അല്ലെങ്കിൽ പിൽക്കാലത്തെ) കാനോൻ” എന്നർത്ഥമുള്ള ആവർത്തനകാനോനികമെന്നു വീക്ഷിക്കുന്നു. പ്രോട്ടസ്ററൻറുകാർ അവയെ അപ്പോക്രിഫാ എന്നു വിളിക്കുന്നു, ആദ്യം അതിന്റെ അർത്ഥം “സൂക്ഷ്മമായി മറക്കപ്പെട്ടത്” എന്നായിരുന്നു, എന്തുകൊണ്ടെന്നാൽ അവ പരസ്യമായി വായിക്കപ്പെട്ടിരുന്നില്ല. എന്നാൽ അവയുടെ വിശ്വാസ്യത സംശയകരമാണെന്നാണ് ഇന്ന് അതിന്റെ സൂചന. പ്രിൻസ്ററൺ തിയൊളോജിക്കൽ സെമിനാരിയിലെ ജയിംസ് എച്ച്. ചാൾസ്വേർത്ത് ഇങ്ങനെ പറയുന്നു: “തിരുവെഴുത്തുകളുടെ കാനോൻ ആദ്യം യഹൂദൻമാരാലും പിന്നീട് ക്രിസ്തീയ പ്രാമാണികൻമാരാലും പൂർത്തിയാക്കപ്പെട്ടപ്പോൾ ആ എഴുത്തുകൾ ഉൾപ്പെടുത്തപ്പെട്ടിരുന്നില്ല, പെട്ടെന്ന് അവയുടെ സ്വാധീനവും പ്രാധാന്യവും നഷ്ടപ്പെട്ടുതുടങ്ങി.” ട്രെൻറിലെ കൗൺസിൽ അവയെ ബൈബിൾകാനോന്റെ ഭാഗമായി പ്രഖ്യാപിച്ചത് 1546നു മുമ്പായിരുന്നില്ല.
“വാററ ഷ്രിഫററ, ബ്ലിഫററ
“എഴുതപ്പെട്ടതു നിലനിൽക്കും” എന്നർത്ഥമുള്ള ഈ പ്രാസനിബദ്ധമായ ജർമ്മൻപഴമൊഴി വാമൊഴിയായി വിവരങ്ങൾ പ്രേഷണംചെയ്യുന്നതിന്റെ ന്യൂനതകളിലേക്കു വിരൽചൂണ്ടുന്നു. പ്രധാന വിശദാംശങ്ങൾ വിസ്മരിക്കപ്പെട്ടേക്കാം; അല്പമായ വ്യത്യാസങ്ങൾ ആദിയിൽ ഉദ്ദേശിക്കപ്പെടാത്ത അർത്ഥവ്യത്യാസങ്ങൾ കൂട്ടിച്ചേർത്തേക്കാം. അങ്ങനെ, പവിത്രഗ്രന്ഥങ്ങളിൽവെച്ച് ആദ്യമായി എഴുതപ്പെട്ടതിൽ ഒന്ന് ബൈബിളായിരുന്നുവെന്നത് പ്രധാനമാണ്. യഥാർത്ഥത്തിൽ, മോശ അതിന്റെ ആദ്യഭാഗം ക്രി. മു. 1513-ൽ പൂർത്തിയാക്കി.
ഇതിൽനിന്നു വ്യത്യസ്തമായി, ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ പറയുന്നതനുസരിച്ച് ക്രി.മു. എട്ടാം നൂററാണ്ടുമുതൽ നാലാം നൂററാണ്ടുവരെയുള്ള വേദങ്ങളുടെ ഒരു വിപുലീകരണമായി സംസ്കൃതത്തിൽ സമാഹരിക്കപ്പെട്ട ഉപനിഷത്തുക്കൾ “ആദ്യം ക്രി.വ.1656ൽ ലിഖിതരൂപത്തിലാക്കപ്പെട്ടു.” എന്നാൽ ഇത് ഉദാസീനതയുടെ ഒരു സംഗതിയായിരുന്നില്ല. അത് ഉദ്ദേശ്യപൂർവകമായിരുന്നു. ചരിത്രകാരനായ വിൽഡൂറൻറ് വിശദീകരിക്കുന്നു: “വേദങ്ങളും ഇതിഹാസങ്ങളും അവ ഉരുവിട്ടവരുടെ തലമുറകളോടുകൂടെ വളർന്നുവന്ന ഗീതങ്ങളായിരുന്നു; അവ കാഴ്ചക്കല്ല പിന്നെയോ ശബ്ദത്തിനായിരുന്നു ഉദ്ദേശിക്കപ്പെട്ടിരുന്നത്.”
വേദലിഖിതത്തിന്റെ വാമൊഴിയായ ഉരുവിടൽമാത്രമാണ് അതിന് ഏററവുമധികം അർത്ഥവും പ്രാധാന്യവും കൊടുക്കുന്നത് എന്ന് ഇപ്പോഴും ചില ഹിന്ദുക്കളും ബുദ്ധമതക്കാരും അവകാശപ്പെടുന്നു. അവർ മന്ത്രങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു, അവ സങ്കല്പപ്രകാരം രക്ഷക്കുള്ള അന്തർല്ലീനശക്തികളോടുകൂടിയ വാക്കുകളോ ഫോർമുലാകളോ ആണ്. “ശരിയായ രീതിയിൽ മന്ത്രങ്ങൾ ഉച്ചരിക്കുന്നതിനാൽ മററു വിധത്തിൽ ലഭ്യമല്ലാത്ത മാന്ത്രികവും ആത്മീയവുമായ ശക്തികൾ ആരാധകന് നൽകുന്നതിന് ഒരുവന് ദൈവങ്ങളെ പ്രേരിപ്പിക്കാനോ നിർബന്ധിക്കാൻപോലുമോ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു എന്ന് ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പറയുന്നു.”
ആരുടെ വചനം, എത്ര പേർക്ക?
എല്ലാ വിശുദ്ധലിഖിതങ്ങളും ദിവ്യഗ്രന്ഥകർതൃത്വം അവകാശപ്പെടുകയോ വിപുലമായി വിതരണംചെയ്ത് എല്ലാ ജനങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ദൃഷ്ടാന്തത്തിന്, (“അടുത്ത് ഇരിക്കുന്ന”) എന്നർത്ഥമുള്ള ഹൈന്ദവ ഉപനിഷത്തുക്കൾ അങ്ങനെ വിളിക്കപ്പെട്ടത് മതഗുരുക്കൾ തങ്ങളുടെ ഏററംനല്ല ഇഷ്ടശിഷ്യർക്ക്, “അടുത്ത് ഇരിക്കുന്നവർക്ക്” രഹസ്യോപദേശങ്ങൾ പറഞ്ഞുകൊടുക്കുക പതിവായിരുന്നതുകൊണ്ടായിരുന്നു. “അങ്ങനെ ഉപനിഷത്ത എന്ന പദം നിഗൂഢരഹസ്യം സൂക്ഷിക്കലിനെ അർത്ഥമാക്കുന്നു”വെന്ന് ദി എൻസൈക്ലോപ്പീഡിയ ഓഫ റിലിജിയൻ വിശദീകരിക്കുന്നു, ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “യഥാർത്ഥത്തിൽ അങ്ങനെയുള്ള പാഠങ്ങൾ സാമാന്യജനങ്ങൾക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നില്ല . . . [പിന്നെയോ] തെരഞ്ഞെടുക്കപ്പെട്ട കാതുകൾ കേൾക്കേണ്ടവയായിരുന്നുവെന്ന് ഉപനിഷത്തുക്കൾ വ്യക്തമായി പ്രസ്താവിക്കുന്നു.”
അതുപോലെ, അറബിയിലുള്ള ഖുറാൻ അറബികൾക്കുവേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു പുസ്തകമാണെന്ന് മുഹമ്മദ് കരുതിയിരുന്നു. സംസാരിക്കുന്നതായി പ്രതിനിധാനംചെയ്യപ്പെട്ടത് മിക്കവാറും പൂർണ്ണമായി ദൈവംതന്നെ, സകല ജനങ്ങളുടെയും സ്രഷ്ടാവുതന്നെ, ആണെന്നുള്ള വസ്തുതയുണ്ടായിരുന്നിട്ടും ഇങ്ങനെയായിരുന്നു. ഖുറാൻ മററു ഭാഷകളിലേക്ക് വിവർത്തനംചെയ്യുന്നത് അനുചിതമെന്ന് പരിഗണിക്കപ്പെടുന്നു; അതുകൊണ്ട് അറബിപാഠംമാത്രമേ കർമ്മോദ്ദേശ്യങ്ങൾക്കായി ഉരുവിടുകയോ ഉപയോഗിക്കുകയോ ചെയ്യാൻകഴികയുള്ളു. ഇത് രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പ് 1960കളിൽ റോമൻ കത്തോലിക്കാ ആരാധനാക്രമത്തിൽ ലാററിൻമാത്രമേ ഉപയോഗിക്കാവൂ എന്നു വാദിച്ച ചില കത്തോലിക്കരെ അനുസ്മരിപ്പിച്ചേക്കാം.
മറിച്ച്, ബൈബിളിലെ സന്ദേശം ഏതെങ്കിലും സമൂഹത്തിന് പരിമിതപ്പെടുത്തേണ്ടതല്ലെന്ന് അത് വ്യക്തമാക്കുന്നു. ഇത് ബൈബിൾ “മനുഷ്യരുടെ വചനമല്ല, പിന്നെയോ . . . ദൈവവചനമാണ്” എന്ന അതിന്റെ അവകാശവാദത്തിനനുസരണമായിട്ടാണ്. (1 തെസ്സലോനിക്യർ 2:13) അതിന്റെ വക്താക്കൾ അത് വിപുലമായി വിതരണംചെയ്യാൻ കഠിനശ്രമം ചെയ്യുകയും സ്രഷ്ടാവിന്റെ ജ്ഞാന മൊഴികളിൽനിന്ന് പ്രയോജനം നേടാൻ ഓരോ വ്യക്തിക്കും തുല്യ അവകാശം ഉണ്ടെന്ന് ന്യായവാദംചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് 1987ന്റെ അവസാനമായപ്പോഴേക്ക് അത് ഭാഗികമായിട്ടെങ്കിലും 1884 ഭാഷകളിലും ഉപഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. 1977-ൽ പുസ്തകങ്ങളുടെ പട്ടിക ബൈബിളിന്റെ പ്രചാരം 245.8 കോടി പ്രതികളാണെന്ന് കണക്കാക്കി. എന്നിരുന്നാലും, ഒരുപക്ഷേ കൂടുതൽ ശരി 300 കോടി ആയിരിക്കുമെന്നും അതു പറഞ്ഞു.
മതങ്ങൾ—അവയുടെ പുസ്തകങ്ങളാൽ വിധിക്കപ്പെടുന്നു
ഇംഗ്ലീഷ് തത്വചിന്തകനായ ആൽഫ്രെഡ് വൈററ്ഹെഡ് 1933-ൽ ഇങ്ങനെ എഴുതി: “യാതൊരു മതത്തെയും അതിന്റെ അനുയായികളിൽനിന്ന് വേർപെടുത്തി പരിഗണിക്കാൻ കഴിയില്ല.” അതനുസരിച്ച്, ഒരു മതം ഉളവാക്കുന്ന ജനങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ അതിനെ സത്യമോ വ്യാജമോ എന്ന്, നല്ലതോ ചീത്തയോ എന്ന്, വിധിക്കാൻ കഴിയും. തീർച്ചയായും, അത് പിന്തുടരുന്നതായി അവകാശപ്പെടുന്ന വിശുദ്ധലിഖിതത്തിന്—അവയുടെ ഉപദേശങ്ങൾ ബാധകമാക്കുന്ന അളവോളം—അതിന്റെ വിശ്വാസികളെ കരുപ്പിടിപ്പിക്കുന്നതു സംബന്ധിച്ച് വളരെയധികം ചെയ്യാനുണ്ട്.
വിശുദ്ധ തിരുവെഴുത്തുകൾ ഉചിതമായ മാർഗ്ഗദർശനം നൽകണം. ബൈബിൾ പ്രസ്താവിക്കുന്നതുപോലെ, അവ “പഠിപ്പിക്കലിന്, ശാസിക്കലിന്, കാര്യങ്ങൾ നേരെയാക്കുന്നതിന്, നീതിയിൽ ശിക്ഷണംകൊടുക്കുന്നതിന്,” ആളുകളെ “സകല സൽപ്രവൃത്തികൾക്കും പൂർണ്ണസജ്ജരായി തികച്ചും യോഗ്യരായി”ത്തീരുന്നതിന് സഹായിക്കാൻ “പ്രയോജനപ്രദ”മായിരിക്കണം.—2 തിമൊഥെയോസ് 3:16, 17.
മതപരമായി ഏററവുമധികം വിൽപ്പനയുള്ള പുസ്തകങ്ങൾ എങ്ങനെ ലക്ഷ്യത്തിലെത്തുന്നു? ദൃഷ്ടാന്തത്തിന്, ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും വിശുദ്ധലിഖിതങ്ങൾ അവയുടെ വായനക്കാരെ ജീവിതപ്രശ്നങ്ങളെ നേരിടാൻ എത്രത്തോളം സജ്ജരാക്കിയിരിക്കുന്നു? അതു കണ്ടുപിടിക്കുന്നതിന്, നമുക്ക് ഇൻഡ്യയിലെ കാര്യംതന്നെ എടുക്കാം. അതിനെക്കുറിച്ച്, ചരിത്രകാരനായ ഡൂറൻറ് ഇങ്ങനെ പറയുന്നു: “മററു യാതൊരു രാജ്യത്തും മതം ഇത്ര ശക്തം, അഥവാ പ്രധാനം, ആയിരിക്കുന്നില്ല.” ഞങ്ങളുടെ ജൂലൈ, ആഗസ്ററ് ലക്കങ്ങളിൽ ഈ ഹൃദയഹാരിയായ വിഷയം കൈകാര്യംചെയ്യുന്ന രണ്ടു ലേഖനങ്ങൾ പ്രത്യക്ഷപ്പെടും, ആദ്യത്തേതിന്റെ ശീർഷകം “ഹിന്ദുമതമേ, നിങ്ങളുടെ പേർ സഹിഷ്ണുതയെന്നാണ്” എന്നായിരിക്കും. (g89 3⁄22)
[അടിക്കുറിപ്പുകൾ]
a ഈ ലേഖനം പുസ്തകങ്ങളെക്കുറിച്ചു മാത്രം ചർച്ച ചെയ്യും; തുടർന്നുള്ള ലേഖനങ്ങൾ അവ ഉപയോഗിക്കുന്ന മതങ്ങളെ സംബന്ധിച്ച് കൂടുതൽ വിശദമായി ചർച്ചചെയ്യുന്നതാണ്.
[23-ാം പേജിലെ ചതുരം]
അവയുടെ പേരുകളുടെ അർത്ഥം
ബുദ്ധമതം: ത്രിപിടകങ്ങൾ, “മൂന്നു കുട്ടകൾ [ശേഖരങ്ങൾ] എന്നതിനുള്ള സംസ്കൃതത്തിൽനിന്ന്
ക്രിസ്ത്യാനിത്വം: ബൈബിൾ, “ചെറുപുസ്തകങ്ങൾ”എന്നതിനുള്ള ഗ്രീക്കിൽനിന്ന്
കൊൺഫൂഷ്യനിസം: ലൂൺ യൂ, “സംഭാഷണങ്ങൾ” എന്നതിനുള്ള ചൈനീസ്
ഹിന്ദുമതം: വേദം, “അറിവ്” എന്നതിനുള്ള സംസ്കൃതത്തിൽനിന്ന്
ഇസ്ലാം: ഖുറാൻ, “വായന, ഉരുവിടൽ” എന്നതിനുള്ള അറബിയിൽനിന്ന്
യഹൂദമതം: തൽമൂദ്, “അദ്ധ്യയനം, പഠനം” എന്നതിനുള്ള എബ്രായയിൽനിന്ന്
ഷിന്റോ: കൊജിക്കിയും നിഹോൻജിയും, “പുരാതനകാര്യങ്ങളുടെ രേഖകൾ” എന്നതിനും “ജപ്പാന്റെ ദിനവൃത്താന്തങ്ങൾ” എന്നതിനുമുള്ള ജാപ്പനീസ്
തായോമതം: താവോ-തെ ചിംഗ്, “ശക്തിമാർഗ്ഗത്തിന്റെ ഇതിഹാസം” എന്നതിനുള്ള ചൈനീസ്
സൊരോഷ്ട്ര്യാനിസം: അവെസ്ററാ, അത് എഴുതപ്പെട്ട മൃതമായ ഇറാനിയൻഭാഷയായ അവസ്ററാനിൽനിന്ന്
[24-ാം പേജിലെ ചതുരം]
അവയുടെ വലിപ്പം
ഏററവുമധികം വിൽപനയുള്ള ചില മതഗ്രന്ഥങ്ങൾ അങ്ങേയററം ദൈർഘ്യംകൂടിയവയാണ്. ഒരു മുഖ്യവ്യത്യസ്തത ഖുറാനാണ്. അതിന് ബൈബിളിന്റെ നാലിലൊന്നു വലിപ്പമേയുള്ളു. സംഹിതകൾ എന്നു വിളിക്കപ്പെടുന്ന ഹൈന്ദവവിശുദ്ധഗ്രന്ഥങ്ങളുടെ ഒരു ശേഖരത്തിൽ മാത്രം ഒരു ദശലക്ഷത്തിലധികം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിനോടുള്ള താരതമ്യത്തിൽ കിംഗ ജയിംസ വേർഷനിൽ 31,102 വാക്യങ്ങൾ മാത്രമാണുള്ളത്. കിംഗ ജയിംസിന് 7,73,746 വാക്കുകളുള്ളപ്പോൾ ബാബിലോന്യൻ തൽമൂദിന് ഏതാണ്ട് 25 ലക്ഷം വാക്കുകളാണുള്ളത്. ഇതിലും ബൃഹത്തായ ചൈനീസ് ബുദ്ധമതകാനോന് ഒരു ലക്ഷത്തോടടുത്ത് അച്ചടിച്ച താളുകളുണ്ടെന്ന് പറയപ്പെടുന്നു.
[22-ാം പേജിലെ ചതുരം]
ബൈബിളും ഖുറാനും മതപരമായി ഏററവുമധികം വിൽപനയുള്ള പുസ്തകങ്ങളിൽപെടുന്നു