ഏതു മൂല്യങ്ങൾ നിങ്ങളുടെ ജീവിതത്തെ നയിക്കുന്നു?
ആ ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പ് നിങ്ങൾ ഈ ഒന്ന് പരിചിന്തിക്കേണ്ടതുണ്ടായിരിക്കാം: നിങ്ങൾ ജീവിതത്തിൽനിന്ന് എന്തു കിട്ടാനാഗ്രഹിക്കുന്നു? ധനമോ കീർത്തിയോ ഉത്തേജനമോ ആവേശജനകമായ വീര്യകൃത്യമോ ലൈംഗികതൃപ്തിയോ? അല്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യം സത്യസന്ധത, ദാനധർമ്മം, സഹതാപം, പൊതുജനസേവനം, ആത്മീയത എന്നിവ സംബന്ധിച്ച കീർത്തിയോ? അത് എന്തായിരുന്നാലും ഈ ബൈബിൾപരമായ ചട്ടം സത്യമാണ്: ‘നിങ്ങൾ എന്തുതന്നെ വിതച്ചാലും അതാണ് നിങ്ങൾ കൊയ്യുന്നത്.’—ഗലാത്യർ 6:7.
നിങ്ങൾ യഥാർത്ഥമൂല്യങ്ങളെ ചവററുകൊട്ടയിൽ എറിഞ്ഞാൽ നിങ്ങൾ പരിണതഫലങ്ങളനുഭവിക്കാൻ സന്നദ്ധനായിരിക്കണം. അവയിൽ ചിലത് സുപ്പീരിയർ കോർട്ട് ജഡ്ജായ പോൾ ആർ. ഹൂട്ട് ചൂണ്ടിക്കാണിക്കുന്നു. നിയമത്തോടും സാമൂഹ്യക്രമത്തോടും ശിക്ഷണത്തോടുമുള്ള ഒരു അകൽച എടുത്തുകാട്ടിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കാര്യങ്ങൾ മേലാൽ വ്യക്തമല്ല. എല്ലാം അവ്യക്തമാണ്. നമുക്ക് നല്ല ശീലങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. നമുക്ക് മര്യാദ നഷ്ടപ്പെട്ടിരിക്കുന്നു. നമുക്ക് യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു. തെററും ശരിയും തമ്മിലുള്ള വ്യത്യാസത്തെ അധികംപേർ അംഗീകരിക്കുന്നില്ല. ഇപ്പോഴത്തെ പാപം പിടികൂടപ്പെടുന്നതാണ്, ലംഘനമല്ല.”
അറിവു വളരുകയും ശക്തി വർദ്ധിക്കുകയും ചെയ്യുമ്പോൾ അവയുടെ ഉപയോഗത്തെ ധാർമ്മികത ഭരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. (സദൃശവാക്യങ്ങൾ 24:5) നിർഭാഗ്യവശാൽ അറിവിന്റെയും ശക്തിയുടെയും വർദ്ധനവിനോടുകൂടെ ധാർമ്മികതയുടെ ഒരു തകർച്ചയുമുണ്ട്. ചരിത്രകാരനായ ആർനോൾഡ് റേറായിൻബി ഇതു സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “നാം സാങ്കേതികശാസ്ത്രമണ്ഡലത്തിൽ വളരെ വിജയിച്ചിരിക്കുന്നുവെന്നും, അതേസമയം നമ്മുടെ ധാർമ്മികപരാജയങ്ങൾ സംബന്ധിച്ച രേഖ മിക്കവാറും അളവററതാണെന്നും ചിന്തിക്കുന്നത് പരിതാപകരമാണ്. . . . ധാർമ്മികതയുടെ വിടവ് തുടർന്നു വിപുലപ്പെടുന്നുവെങ്കിൽ സ്വകാര്യപൗരൻമാർ പോക്കററിൽ ആററം ബോംബുമായി നടക്കുന്ന ഒരു സമയത്തെയാണ് ഞാൻ മുൻകൂട്ടിക്കാണുന്നത്.”
ഇപ്പോഴത്തെ പ്രവണത യഥാർത്ഥമൂല്യങ്ങളുടെ വില കുറക്കാനും പാപത്തെ ചവററുകുട്ടയിൽ തള്ളാനുമാണ്. മനോഭാവം സദൃശവാക്യങ്ങൾ 30:20ലെ വ്യഭിചാരിണിയുടേതുതന്നെയാണ്: “ഒരു വ്യഭിചാരിണിയുടെ രീതി ഇതാണ്: അവൾ തിന്നിട്ട് വായും തുടച്ചിട്ട്: ‘ഞാൻ തെററു ചെയ്തിട്ടില്ല’ എന്ന് പറഞ്ഞിരിക്കുന്നു.” എന്നാൽ പാപം ഇപ്പോഴും ദൃഢാരോഗ്യത്തോടെ നമ്മോടുകൂടെയുണ്ട്, തുറന്നരീതി, സ്വാതന്ത്ര്യം, ആപേക്ഷികത, മൂല്യവിശദീകരണം, വിധിക്കാതിരിക്കൽ എന്നിങ്ങനെയുള്ള അപരനാമധേയങ്ങളിൽ പ്രവർത്തിക്കുന്നുവെന്നുമാത്രം—എല്ലാം “പുതിയ ധാർമ്മികത” എന്നതിൽ സംഗ്രഹിച്ചിരിക്കുന്നു.
തെററിനെ ശരിയെന്നു തോന്നിക്കൽ
യെശയ്യാവിന്റെ കാലശേഷം യാതൊന്നിനും യഥാർത്ഥ മാററമുണ്ടായിട്ടില്ല. അവന്റെ വാക്കുകൾ ഇപ്പോഴും കുറിക്കുകൊള്ളുന്നു: “നൻമ ചീത്തയാണെന്നും ചീത്ത നൻമയാണെന്നും പറയുന്നവർക്ക്, വെളിച്ചത്തിനു പകരം ഇരുട്ടും ഇരുട്ടിനു പകരം വെളിച്ചവും വെക്കുന്നവർക്ക്, മധുരത്തിനു പകരം കയ്പും കയ്പിനു പകരം മധുരവും വെക്കുന്നവർക്ക്, അയ്യോ കാഷ്ടം!” (യെശയ്യാവ് 5:20) തെററുകളെ ശരിയെന്നു തോന്നിപ്പിക്കുന്നതിന് അവർ പനി സാധാരണ നിലയിലാക്കാൻ തെർമ്മോമീറററിലെ അടയാളങ്ങൾ മാററുന്നു.
ഏതു മൂല്യങ്ങളാണ് സൽഫലങ്ങൾ ഉളവാക്കുന്നത്? നിങ്ങളെ സന്തുഷ്ടനാക്കുന്നതും വിശ്വസ്തസുഹൃത്തുക്കളെ ഉളവാക്കുന്നതും ആന്തരികസമാധാനവും സംതൃപ്തിയും കൈവരുത്തുന്നതും ഏവയാണ്? നിങ്ങൾ സത്യസന്ധതയും സത്യതയും മററുള്ളവരോടുള്ള താൽപര്യവും സംബന്ധിച്ച് ഒരു കീർത്തി ആഗ്രഹിക്കുന്നുവോ? ഇഷ്ടപ്പെടാനും ബഹുമാനിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നുവോ? നിങ്ങൾ അസംഖ്യം സ്വത്തുക്കൾ ഉണ്ടായിരിക്കുന്നതിനും വലിയ സമ്പത്തിന്റെ ശക്തി ആസ്വദിക്കുന്നതിനും കൂടുതൽ മൂല്യം കല്പിക്കുന്നുവോ? ജഡികമോഹസംതൃപ്തി സർവപ്രധാനമാണോ? നിങ്ങൾ സ്വ കൃതകൃത്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജീവൽപ്രധാനമാണോ?
അവിഹിത ലൈംഗികത വിപുലവ്യാപകമാണ്, അംഗീകാരത്തിന്റെ തലോടൽ മാദ്ധ്യമങ്ങളിൽനിന്നും പൊതുസമുദായത്തിൽനിന്നും അതിനു ലഭിക്കുന്നുണ്ട്. എന്നാൽ കുടുംബത്തിനും വിവാഹബന്ധത്തിനും കുട്ടികൾക്കും എത്ര ഹാനികരം! ഈ ലൈംഗിക അനുവദനീയതയിൽനിന്ന് വളർന്നുവന്നതാണ് ഇന്നു വളരെ പ്രാബല്യത്തിലുള്ള അസ്വാഭാവിക സ്വവർഗ്ഗവികടത്തരങ്ങളുടെ അങ്ങേയററത്തെ നടപടികൾ. ക്രൈസ്തവലോകത്തിലെ ചില മുഖ്യധാരാ മതങ്ങൾ അതിപ്പോൾ പൊറുക്കുകയും അനുവദിക്കുകയുംപോലും ചെയ്യുന്നു. അങ്ങനെയുള്ള നടപടികളോടു ബന്ധപ്പെട്ട് ദൈവവചനം ഇങ്ങനെ ചോദിക്കുകയും ഉത്തരം നൽകുകയുംചെയ്യുന്നു: “അവർക്ക് തങ്ങളുടെ അറക്കത്തക്ക നടത്തയിൽ ലജ്ജയുണ്ടോ? ഇല്ല, അവർക്ക് അശേഷം ലജ്ജയില്ല; എങ്ങനെയാണ് ലജ്ജിക്കേണ്ടതെന്നുപോലും അവർക്കറിയില്ല.”—യിരെമ്യാവ് 6:15, ന്യൂ ഇൻറർനാഷനൽ വേർഷൻ.
യേശു ആത്മീയാവശ്യത്തെ ഊന്നിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ച് ബോധമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.” (മത്തായി 5:3) എന്നാൽ അനേകർ ഈ ആവശ്യത്തെ വിലയില്ലാത്തതായി തള്ളിക്കളയുകയും അതിനു നിവൃത്തികാണാൻ യാതൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നു; എന്നിരുന്നാലും അതില്ലാത്ത ജീവിതം ഉപരിപ്ലവമായി അവസാനിക്കുന്നു. അനേകം ലോക നേട്ടങ്ങളുടെ കാര്യത്തിലും അങ്ങനെയുള്ള ജീവിതം ഇപ്പോഴും ഉപരിപ്ലവവും യഥാർത്ഥ സന്തോഷവും ആത്മസംതൃപ്തിയും ഇല്ലാത്തതുമാകുന്നു. സങ്കടകരമെന്നു പറയട്ടെ, ആ ആവശ്യത്തെകുറിച്ചു ബോധമുള്ളവരും ക്രൈസ്തവലോകത്തിലെ പള്ളികളിൽ അതിന്റെ തൃപ്തിക്കായി അന്വേഷിക്കുന്നവരുമായവർ ശൂന്യരായി പുറത്തുവരുന്നു, എന്തുകൊണ്ടെന്നാൽ കൈസ്ത്രവലോകത്തിൽ പ്രവാചകനായ ആമോസ് മുൻകൂട്ടിപ്പറഞ്ഞതുപോലെ, “അപ്പത്തിനായിട്ടുള്ള വിശപ്പല്ല, വെള്ളത്തിനുള്ള ദാഹവുമല്ല, പിന്നെയോ ദൈവവചനം കേൾക്കുന്നതിനുള്ള ഒരു ക്ഷാമം” ഉണ്ട്.—ആമോസ് 8:11.
മാത്രവുമല്ല, സഭകളിലെ അനേകർ ആരോഗ്യാവഹമായ ആത്മീയപഠിപ്പിക്കലിനുള്ള ഒരു അവസ്ഥയിലായിരിക്കുന്നില്ല, പിന്നെയോ അവർ ‘തങ്ങളുടെ സ്വന്തമോഹങ്ങൾക്കനുസൃതമായി, തങ്ങളുടെ കർണ്ണങ്ങൾക്ക് രസംകിട്ടാൻ തങ്ങൾക്കായി ഉപദേഷ്ടാക്കൻമാരെ പെരുക്കുന്നു; അവർ സത്യത്തിൽനിന്ന് തങ്ങളുടെ ചെവികൾ തിരിച്ചുകളയുന്നു, അതേസമയം അവർ കള്ളക്കഥകളിലേക്ക് തിരിക്കപ്പെടുന്നു.’ (2 തിമൊഥെയോസ് 4:3, 4) വൈദികരും അയ്മേനികളും യെശയ്യായുടെ നാളിലുണ്ടായിരുന്നവരെപ്പോലെ വിചാരിക്കുകയും ആത്മീയാവശ്യം കാണുന്നവരോട് ഇങ്ങനെ പറയുകയുംചെയ്യുന്നു: “‘നിങ്ങൾ കാണരുത്’, ദർശനങ്ങളുള്ളവരോട് ‘നിങ്ങൾ ഞങ്ങൾക്കുവേണ്ടി യാതൊരു നേരായ കാര്യവും ദർശിക്കരുത്; വഞ്ചനാപരമായ കാര്യങ്ങൾ ദർശിക്കുക. വഴിവിട്ടുമാറുക; പാത വിട്ടുമാറുക. ഞങ്ങൾ നിമിത്തം ഇസ്രായേലിന്റെ പരിശുദ്ധൻ വിരമിക്കാനിടയാക്കുക.’”—യെശയ്യാവ് 30:10, 11.
ദൈവികമൂല്യങ്ങൾ നിങ്ങളിൽ ആഴ്ന്നിറങ്ങേണ്ടതുണ്ട്. നിങ്ങളുടെ തീരുമാനം ദൈവത്താൽ ശുപാർശചെയ്യപ്പെടുന്ന യഥാർത്ഥമൂല്യങ്ങളെ പ്രതിഫലിപ്പിക്കാനാണെങ്കിൽ നിങ്ങൾ പിന്തുടരേണ്ട ഫോർമുലാ ദൈവവചനത്തിൽ വിവരിച്ചിട്ടുണ്ട്: “പഴയ വ്യക്തിത്വത്തെ അതിന്റെ ആചാരങ്ങളോടെ ഉരിഞ്ഞുകളയുകയും പുതിയ വ്യക്തിത്വം ധരിക്കുകയുംചെയ്യുക, അത് അതിനെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം സൂക്ഷ്മപരിജ്ഞാനത്താൽ പുതുതാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.”—കൊലോസ്യർ 3:9, 10.
എന്നിരുന്നാലും ബൈബിൾ ദൈവവചനമാണെന്നുള്ള വിശ്വാസം നിങ്ങൾക്കില്ലായിരിക്കാം. ഒരു അഗ്നിനരകത്തിലെ അമർത്യദേഹികളുടെ നിത്യദണ്ഡനം പോലെയുള്ള ഉപദേശങ്ങളാലോ ബൈബിളിനെ വെറും കെട്ടുകഥയായി തള്ളിക്കളയുന്ന അമിതകൃത്തിപ്പിനാലോ ബൈബിളിനെ പ്രതിനിധാനംചെയ്യുന്നതായി തെററായി അവകാശപ്പെടുന്ന പ്രസംഗകരുടെ ഭക്തിപൂർവകമായ കപടഭാവത്തിൽ പണംപിടുങ്ങുന്ന ദുർന്നടത്തയാലോ നിങ്ങൾ അകററപ്പെട്ടിരിക്കാം.
“പാപം കൊടുക്കുന്ന ശമ്പളം മരണമാകുന്നു”വെന്നും അഗ്നിദണ്ഡനമല്ലെന്നും, ബൈബിൾ കെട്ടുകഥയല്ല പിന്നെയോ കൃത്യമായ ചരിത്രമാണെന്ന് ആധുനികപുരാവസ്തുശാസ്ത്രം തെളിയിക്കുന്നുവെന്നും, ക്രൈസ്തവലോകത്തിലെ വൈദികരിൽ അനേകരും ബൈബിൾകാലങ്ങളിലെ കള്ളവൈദികരെപ്പോലെയാണ് ആ നാളുകളിലെ വിശ്വസ്ത പ്രവാചകൻമാരെയും അപ്പോസ്തലൻമാരെയും പോലെയല്ലെന്നും വ്യക്തിപരമായ പരിശോധന പ്രകടമാക്കും.—റോമർ 6:23; മത്തായി 5-7, 23 അദ്ധ്യായങ്ങൾ.
ബൈബിളാണ് യഥാർത്ഥ മൂല്യങ്ങളുടെ ഉറവ്. നിങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അവയെ അനുവദിക്കുന്നത് ദൈവാംഗീകാരം കൈവരുത്തുകയും നീതിയുള്ള ഒരു പുതിയ ലോകത്തിലെ നിത്യജീവനിലേക്കു നയിക്കുകയുംചെയ്യും. അവിടെ “അവൻ [മനുഷ്യവർഗ്ഗത്തിന്റെ] കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. പൂർവകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:4; യോഹന്നാൻ 17:3.
അതുകൊണ്ടു ദൈവവചനത്തിൽ പ്രകീർത്തിക്കപ്പെട്ടിരിക്കുന്ന യഥാർത്ഥ മൂല്യങ്ങൾ നിങ്ങളുടെ ജീവിതത്തെ ഭരിക്കട്ടെ, അങ്ങനെ നിങ്ങൾക്കുതന്നെ പ്രയോജനംചെയ്യുക: “ഞാൻ നിനക്കുതന്നെ പ്രയോജനംചെയ്യാൻ നിന്നെ പഠിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവയാകുന്നു, നീ പോകേണ്ട വഴിയിൽ നീ നടക്കാൻ ഇടയാക്കുന്നവൻതന്നെ. നീ എന്റെ കല്പനകൾക്ക് യഥാർത്ഥമായി ശ്രദ്ധകൊടുത്തിരുന്നെങ്കിൽ! അപ്പോൾ നിന്റെ സമാധാനം ഒരു നദിപോലെതന്നെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾ പോലെയും ആയിത്തീരും.”—യെശയ്യാവ് 48:17, 18. (g89 3⁄22)
[9-ാം പേജിലെ ചിത്രം]
സമാധാനം ഒരു നദിപോലെ