ആന്തരിക സൗന്ദര്യം
ജിയോഡ്. ഒരു അപരിചിത പദം. ഇത് “ഭൂമിപോലെ” എന്നർത്ഥമുള്ള ജിയോഡെസ് എന്ന ഗ്രീക്കു പദത്തിൽ നിന്നു വന്നിട്ടുള്ളതാണ്. ഇത് ഏതാണ്ട് ഗോളാകൃതിയുള്ള അകം പൊള്ളയായ, ഒരിഞ്ചുമുതൽ ഒരടിയിലധികം വരെ വ്യാസം വരുന്ന ഒരു കല്ലാണ്. ഇവിടെ കാണിച്ചിരിക്കുന്ന ഗോളാകൃതിയേക്കാൾ കൂടുതൽ നീളത്തിലുള്ള ഇത് ബ്രസീലിൽ നിന്നുള്ളതാണ്. ഇതിന്റെ ബാഹ്യരൂപം കല്ലുകളുടേതുപോലെയൊക്കെയാണ്.
എന്നാൽ അതു പൊട്ടിച്ചു തുറക്കുക! അകത്തേക്കു നോക്കൂ! വെട്ടിത്തിളങ്ങുന്ന ധൂമ്രവർണ്ണ പളുങ്കുകളുടെ തിങ്ങിനിറഞ്ഞ കൂമ്പാരങ്ങളുടെ ഭംഗി കണ്ട് ആസ്വദിക്കുക. വെള്ളവും മററു പദാർത്ഥങ്ങളും ഊറി ഉറക്കുന്ന പാറകളുടെ ഉള്ളിലെ പൊള്ള ഭാഗത്തിനു ചുററുമായി രൂപം പ്രാപിച്ച ജിയോഡ്. അത് വികാസം പ്രാപിക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ വിള്ളലുകൾ ഉളവാകുകയും ധാതുസങ്കുചിത ജലം അതിൽ അരിച്ചിറങ്ങി, അടിയുന്ന ധാതുക്കൾ ആന്തരിക ഭിത്തികളുടെ ഉള്ളിലേക്കു പളുങ്കുകൾപോലെ വളരുകയും ചെയ്യുന്നു. കാലക്രമത്തിൽ നമുക്കൊരു പളുങ്കുപൂരിത ജിയോഡ് ഉളവാകുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ഒന്ന് അമത്തിസ്ററ് എന്നു വിളിക്കപ്പെടുന്ന പരൽ രൂപത്തിലായ ക്വാർട്ട്സിന്റെ ഒരു കടുംചുവപ്പുള്ള ഇനം ഉൽപ്പാദിപ്പിച്ചു. അതിന് വലിയ ബാഹ്യ ഭംഗി ഇല്ലായിരിക്കാം, എങ്കിലും അതിന്റെ ആന്തരിക സൗന്ദര്യം കണ്ണഞ്ചിക്കുന്നതാണ്!
നിങ്ങൾക്ക് ജിയോഡുകളെപ്പോലുള്ള ആളുകളെ അറിയില്ലെ? ശാന്തരും, ഒരുപക്ഷേ ലജ്ജാലുക്കളും, ചിലപ്പോൾ പുറമേ സാധാരണക്കാരുമായിട്ടുള്ളവർ? എന്നാൽ നിങ്ങൾ അടുത്തു പഴകാൻ സമയമെടുക്കുമ്പോൾ ജ്വലിക്കുന്ന ആന്തരിക ഭംഗി അവർ നിങ്ങളെ തുറന്നുകാട്ടും. ഒരു ഊഷ്മളമായ, ആർദ്രമായ ആത്മാവ് വെളിപ്പെടുന്നു, ഒരു മനോഹര വ്യക്തിത്വം ചുരുളഴിയുന്നു. നിങ്ങൾ നിനച്ചിരിക്കാത്ത ആഴങ്ങൾ നിങ്ങൾ കണ്ടെത്തുന്നു.
അപ്പോസ്തലനായ പത്രോസ് പറഞ്ഞതിനെ നിങ്ങൾ വിലമതിക്കാൻ തുടങ്ങുന്നു: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും സ്വർണ്ണാഭരണങ്ങൾ അണിയുന്നതും പുറംവസ്ത്രം ധരിക്കുന്നതുമായുള്ള പുറമേയുള്ളതല്ല, പിന്നെയോ, സൗമ്യതയുടെയും ശാന്തതയുടെയും ആത്മാവാകുന്ന ദുഷിപ്പില്ലാത്ത വസ്ത്രമണിഞ്ഞ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നെ ആയിരിക്കേണം. ദൈവദൃഷ്ടിയിൽ അത് വളരെ വിലയേറിയതാകുന്നു.”—1 പത്രോസ് 3:3, 4.
കൂടാതെ നിങ്ങൾ ദൈവം സംഗതികൾ കാണുന്നതുപോലെ കാണുന്നതിനു പരിശീലിക്കാൻ ശ്രമിക്കുന്നു: “സാധാരണക്കാരനായ മനുഷ്യൻ കണ്ണുകൾക്കു വെളിപ്പെടുന്നതു കാണുന്നു; എന്നാൽ യഹോവയെ സംബന്ധിച്ചോ, ഹൃദയം എങ്ങനെയായിരിക്കുന്നു എന്നു കാണുന്നു.”—1 ശമുവേൽ 16:7. (g89 1/22)