ബൈബിളിന്റെ വീക്ഷണം
വിമോചന ദൈവശാസ്ത്രം എന്തുകൊണ്ട് ഉത്തരമല്ല
വിമോചന ദൈവശാസ്ത്രം പ്രായേണ നവീനമായ ഒരു ആശയമാണ്. ഇത് തങ്ങളുടെ ആട്ടിൻകൂട്ടത്തിലെ അനേകരുടെയും ഞെരിക്കുന്ന ദാരിദ്ര്യത്തിൽ അസ്വസ്ഥരായിത്തീർന്ന തെക്കേ അമേരിക്കയിലെ റോമൻ കത്തോലിക്കാ പുരോഹിതൻമാരാൽ രണ്ട് ദശാബ്ദങ്ങൾക്കു മുമ്പ് ആവിഷ്ക്കരിക്കപ്പെട്ടതാണ്. നിരാശാജനകമാംവിധം ദാരിദ്ര്യത്തിലാണ്ടവരോട് വെറുതെ ആത്മീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അവരെ സഹായിക്കുന്നില്ലെന്ന് അവർക്കു തോന്നാനിടയായി. മറിച്ച് ആളുകൾ ആത്മീയമായി അഭിവൃദ്ധിപ്രാപിക്കേണ്ടതിന് തങ്ങൾ സമൂല സാമൂഹ്യപരിവർത്തനങ്ങൾ ഉന്നമിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് പുരോഹിതൻമാർക്ക് തോന്നി. ചിലർ വിപ്ലവത്തിന്റെ വക്താക്കൾ പോലുമായിത്തീർന്നു.
തീർച്ചയായും, ദരിദ്രരുടെ ജീവിതഭാഗധേയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് തെററല്ല. യേശുവിനു തന്നെ അവന്റെ നാളിലെ ആളുകളോട് വലിയ അനുകമ്പ തോന്നി. നാം വായിക്കുന്നു: “ജനകൂട്ടങ്ങളെ കണ്ടപ്പോൾ അവന് അവരോട് ദയ തോന്നി, എന്തെന്നാൽ അവർ തൊലിയുരിയപ്പെടുകയും ഇടയനില്ലാത്ത ആടുകളെപ്പോലെ ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.” (മത്തായി 9:36) സത്യത്തിൽ, യേശു തന്റെ വാക്കുകളോട് പ്രതിവർത്തിച്ചവർക്ക് വിമോചനം വാഗ്ദാനം ചെയ്തുകൊണ്ട് പറഞ്ഞു: “നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) അതുകൊണ്ട് വിമോചന ദൈവശാസ്ത്രം ഒരു ക്രിസ്തീയ ശുശ്രൂഷകന് ദരിദ്രരെ സഹായിക്കുന്നതിനുള്ള ബൈബിളിന്റെ മാർഗ്ഗമാണോ?
ഒരു തെറ്റായ സിദ്ധാന്തം
അല്ലെന്നതിന് അനേകം കാരണങ്ങളുണ്ട്. ഒരു സംഗതി, ഒരു ക്രിസ്തീയ ശുശ്രൂഷകന്റെ പ്രാഥമിക ഉത്തരവാദിത്വം അവന്റെ ആട്ടിൻകൂട്ടത്തിന്റെ ആത്മീയ സുസ്ഥിതി ആണ്. ഒരു ദരിദ്രവ്യക്തിയുടെ ജീവിത നിലവാരങ്ങൾ മെച്ചപ്പെട്ടാൽ, അയാൾ ആത്മീയമായി മെച്ചപ്പെടാൻ കൂടുതൽ ചായ്വുള്ളവനായിരിക്കുമെന്നുള്ളതിന് യാതൊരു തെളിവുമില്ല. യഥാർത്ഥത്തിൽ വടക്കെ അമേരിക്കയിലെയും യൂറോപ്പിലെയും ഏറെ സമ്പന്നമായ രാഷ്ട്രങ്ങൾക്ക് ഉയർന്ന ജീവിതനിലവാരം ഉണ്ടായിരുന്നിട്ടും അവ ഗുരുതരമായ ആത്മീയ പ്രശ്നങ്ങൾ അനുഭവിക്കുന്നു. സത്യസന്ധതയില്ലായ്മ, അധാർമ്മികത, കുട്ടികളുടെയും പ്രായമായവരുടെയും ദുർവിനിയോഗം, അത്യാഗ്രഹം ഇവ—ചുരുക്കം ചിലവ മാത്രം പരിഗണിച്ചാൽ—പ്രചുരമായിരിക്കുന്നു. ചില സ്ഥലങ്ങളിൽ ദൈവത്തിലുള്ള താൽപര്യം മരിച്ചിരിക്കുന്നു.—2 തിമൊഥെയോസ് 3:1-5.
ഇനിയും, യഥാർത്ഥ ക്രിസ്ത്യാനികളുടെ ഉദാത്ത മാതൃകയായ യേശു പാവങ്ങളെ സഹായിക്കാൻ അവലംബിച്ച മാർഗ്ഗം വിമോചന ദൈവശാസ്ത്രമായിരുന്നില്ല. (1 പത്രോസ് 2:21) യേശു ഭൂമിയിലായിരുന്നപ്പോൾ ഒരു സാമ്രാജ്യത്ത്വശക്തിയുടെ പ്രജകളും, വഞ്ചകരായ നികുതിപിരിവുകാരുടെ കയ്യാൽ കഷ്ടപ്പെട്ടിരുന്നവരുമായ ഒരു ജനതയുടെയിടയിൽ അവൻ ജീവിച്ചും അധീര വർഗ്ഗത്തിലെ ദുരാഗ്രഹികളായ ആളുകൾ, അവരിൽ ഏററം നിസ്സഹായരായിരുന്നവരെ ഇരകളാക്കിയിരുന്നു. (മത്തായി 22:21, ലൂക്കോസ് 3:12, 13; 20:46, 47) എന്നുവരികിലും യേശു അവരുടെ ഭാഗധേയം മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രീയ സൈദ്ധാന്തീകരണത്തിലോ, സാമൂഹ്യപ്രക്ഷോഭത്തിലോ ഉൾപ്പെട്ടില്ല. പ്രത്യുത, അവൻ “രാജ്യത്തിന്റെ സുവാർത്ത” പ്രസംഗിച്ചു.—മത്തായി 4:23.
ഒടുവിൽ, ദൈവത്തിന്റെ വിധത്തിൽ മാത്രം പരിഹരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രശ്നത്തിന് മതശുശ്രൂഷകർ ഒരു രാഷ്ട്രീയ പ്രശ്ന പരിഹാരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ സിദ്ധാന്തം ഒരു ദൈവശാസ്ത്രം എന്ന് വിളിക്കപ്പെടുന്നെങ്കിലും അത് ബൈബിളധിഷ്ഠിതമല്ല. യേശു തന്റെ അനുഗാമികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതുപോലെതന്നെ, അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16) രാഷ്ട്രീയ പ്രവർത്തനത്തിനു പ്രോത്സാഹിപ്പിക്കവേ “ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ” അസാദ്ധ്യമാണ്.—യാക്കോബ് 4:4.
ദരിദ്രരെ യഥാർത്ഥത്തിൽ സഹായിക്കുന്നതെന്ത്?
യഥാർത്ഥത്തിൽ, വളരെ ദരിദ്രരായവർക്കും പ്രസക്തമായ ഒരു ആത്മീയ സന്ദേശം വിമോചനദൈവശാസ്ത്രജ്ഞർക്ക് ഇല്ലെങ്കിൽ, അവർ തെററായ സന്ദേശമാണ് പ്രസംഗിക്കുന്നതെന്നു നാം പറയേണ്ടിയിരിക്കുന്നു. തന്റെ നാളിൽ ചെവികൊടുത്ത ദരിദ്രർക്ക് യേശു വലിയ സഹായമായിരുന്നു, യഹോവയുടെ സാക്ഷികളും “രാജ്യത്തിന്റെ സുവാർത്ത” പ്രസംഗിക്കുന്നതിൽ പങ്കുപററുമ്പോൾ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.—മത്തായി 24:14.
എന്താണ് ഈ സുവാർത്ത? ഇത് നമ്മുടെ നാളിൽ, ദൈവരാജ്യം സ്വർഗ്ഗത്തിൽ സ്ഥാപിതമായിരിക്കുന്നുവെന്നും അത് ഈ ഭൂമിയിൽനിന്ന് സർവ്വദുഷ്ടതയും അടിച്ചമർത്തലും വേഗം ഇല്ലായ്മ ചെയ്യുന്നുവെന്നുമുള്ള സത്യമാണ്. (വെളിപ്പാട് 11:15, 18) ഈ വിധത്തിൽ ദൈവരാജ്യം പട്ടിണിയുടെയും അടിച്ചമർത്തലിന്റെയും പ്രശ്നങ്ങൾ എന്നേക്കും പരിഹരിക്കും. ദൈവരാജ്യഭരണത്തിന്റെ ഫലങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “അവൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും. മരണം മേലാൽ ഉണ്ടായിരിക്കുകയില്ല. വിലാപമോ, മുറവിളിയോ, വേദനയോ മേലാൽ ഉണ്ടാവുകയില്ല. പൂർവ്വകാര്യങ്ങൾ കടന്നുപോയിരിക്കുന്നു.” (വെളിപ്പാട് 21:4) പരമാർത്ഥഹൃദയർക്ക് എന്തോരൽഭുതകരമായ ഭാവിപ്രതീക്ത!
എന്നാൽ ദൈവരാജ്യത്തെ സംബന്ധിച്ച ഈ സത്യം ഇപ്പോൾ ദരിദ്രരെ സഹായിക്കുന്നതെങ്ങനെയാണ്? ശരി, യേശു പറഞ്ഞത് ഓർമ്മിക്കുക: “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) ഒരു കുററബോധമുള്ള മനസാക്ഷി, ഭാവിയെ സംബന്ധിച്ച ഭയം, മതപരമായ അന്ധവിശ്വാസം ഇവയിൽ നിന്നെല്ലാമുള്ള സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് സത്യം ഒരുവനെ സഹായിക്കുന്നു.
കൂടാതെ, ഈ സത്യം പഠിക്കുന്ന വ്യക്തി രണ്ടു കരുത്തുററ സ്നേഹിതരെ നേടുന്നു. ഒന്ന് ദൈവരാജ്യത്തിന്റെ രാജാവായി ഇപ്പോൾ സേവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുയേശുവാണ്. മറെറാന്ന് “നിന്റെ ഭാരം യഹോവയിൻമേൽത്തന്നെ ഇട്ടുകൊൾക, അവൻ തന്നെ നിന്നെ പുലർത്തും” എന്ന് ആരെക്കുറിച്ചു ബൈബിൾ പറയുന്നുവോ ആ ഒരുവനായ യഹോവ. (സങ്കീർത്തനം 55:22) ഒരു ദരിദ്രവ്യക്തി രാഷ്ട്രീയമോ സാമ്പത്തികമോ ആയി ഞെരുക്കുന്ന ഒരു വ്യവസ്ഥിതിയുടെ കീഴിലാണ് ജീവിക്കുന്നതെങ്കിൽപോലും ക്രിസ്തീയസഭ മുഖാന്തരം ഈ രണ്ടു ദയാലുക്കളായ സ്നേഹിതർക്ക് അയാളെ സഹായിക്കാൻ കഴിയും.
കൂടാതെ ദൈവരാജ്യത്തെ സംബന്ധിച്ചുള്ള സത്യത്തോടു പ്രതികരിക്കുന്നത് തന്റെ വിഭവശേഷികൾ എന്തെല്ലാം തന്നെയായാലും അവ പരമാവധി പ്രയോജനപ്പെടുത്താൻ തക്കവണ്ണം ചീത്ത ശീലങ്ങൾ ഉരിഞ്ഞുകളയുന്നതിലേയ്ക്കും ഒരുവനെ നയിക്കുന്നു. ഇല്ല ഒരു പാവപ്പെട്ടയാൾ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്നതിനാൽ അവശ്യം ധനികനായിത്തീരുന്നില്ല. എന്നാൽ അയാൾ ഒന്നാമതു ദൈവത്തിന്റെ രാജ്യം അന്വേഷിക്കുകയും അവന്റെ നീതിയുള്ള നിലവാരങ്ങളനുസരിച്ച് ജീവിക്കുകയുമാണെങ്കിൽ, ഒരു വിധത്തിലല്ലെങ്കിൽ മറെറാരുവിധത്തിൽ ജീവിതത്തിലെ ഭൗതികാവശ്യങ്ങൾ കരുതപ്പെടുന്നു. അത് യേശു വാഗ്ദാനം ചെയ്തതുപോലെ തന്നെയാണ്. “മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, അതോടൊപ്പം ഈ മററു സംഗതികളും നിങ്ങൾക്കു കൂട്ടപ്പെടും.”—മത്തായി 6:33.
പുരാതനകാലത്തെ ദാവീദുരാജാവ് ദൈവം തനിക്കുള്ളവരെ കരുതുന്ന വിധം സംബന്ധിച്ച് ഹൃദയോദ്ദീപകമായ സാക്ഷ്യം നൽകി. അവൻ പറഞ്ഞു: “ഞാൻ ഒരു യുവാവായിരുന്നു, ഞാൻ വൃദ്ധനായിത്തീരുകയും ചെയ്തിരിക്കുന്നു, എന്നുവരികിലും നീതിമാൻ പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടതോ അവന്റെ സന്തതി അപ്പം തിരയുന്നതോ ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) ഇത് സത്യമാണെന്നു തെളിയിക്കുന്ന അസംഖ്യം ദൃഷ്ടാന്തങ്ങൾ ഇന്ന് യഹോവയുടെ സാക്ഷികളുടെയിടയിൽ ഉണ്ട്.
അതുകൊണ്ട്, മാനുഷസിദ്ധാന്തങ്ങളും ദൈവശാസ്ത്രങ്ങളും മുഖാന്തരം താൽക്കാലികാശ്വാസം അന്വേഷിക്കുന്നതിനു പകരം, ദരിദ്രരുൾപ്പെടെ ഏവരും, ദൈവത്തെ സേവിക്കുന്നതിൽ നിന്നും കൈവരുന്ന വളരെ യഥാർത്ഥമായ പ്രയോജനങ്ങൾ ആസ്വദിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. അങ്ങനെ ചെയ്യുന്നവർ “ദൈവികഭക്തി ഇപ്പോഴത്തെ ജീവന്റെയും വരാനിരിക്കുന്നതിന്റെയും വാഗ്ദാനമുള്ളതിനാൽ എല്ലാകാര്യങ്ങൾക്കും പ്രയോജനമുള്ളതാകുന്നു” എന്നു പറഞ്ഞ അപ്പോസ്തലനായ പൗലോസിനോടു യോജിക്കുന്നു.—1 തിമൊഥെയോസ് 4:8. (g88 9/8)
[23-ാം പേജിലെ ചിത്രം]
ദൈവരാജ്യഭരണമാണ് ലോക ദാരിദ്ര്യത്തിനുള്ള ഏക പരിഹാരം