ചെറുപ്പക്കാർ ചോദിക്കുന്നു. . .
ഞാൻ ഇത്ര വിലകെട്ടവനായി എനിക്കു തോന്നുന്നതെന്തുകൊണ്ട്?
“മമ്മി ഡാഡിയെ ഉപേക്ഷിച്ചപ്പോൾ എനിക്ക് എട്ടു വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു,” ഒരു പെൺകുട്ടി ഓർമ്മിക്കുന്നു. നമുക്ക് അവളെ ആൻ എന്നു വിളിക്കാം. ഞാൻ ഡാഡിയെ കെട്ടിപ്പിടിക്കുകയും ശക്തിക്കുവണ്ടി അദ്ദേഹത്തിലേക്കു നോക്കുകയും ചെയ്തിരുന്നതായി എനിക്ക് ഓർമ്മിക്കാൻ കഴിയും. പിന്നീട് എനിക്ക് 15 വയസ്സായപ്പോൾ ഡാഡി എന്റെ രണ്ടാനമ്മയെ ഉപേക്ഷിച്ചു. അത് തകർത്തുകളയുന്നതായിരുന്നു. എന്റെ പക്ഷത്ത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഞാൻ സംശയിച്ചു. ഒരുപക്ഷെ കാരണം ഞാനായിരുന്നോ? ഞാൻ വിലകെട്ടവളാണെന്ന് ചിന്തിക്കാൻ തുടങ്ങി.”
അത്തരം വിചാരങ്ങൾ അനേകം ചെറുപ്പക്കാരെ ബാധിക്കുന്നു. അവയെ ത്വരിപ്പിക്കുന്നത് എപ്പോഴും മാതാപിതാക്കളുടെ വിവാഹമോചനം പോലെ വലുതായ ഹൃദയാഘാതം ആയിരിക്കയില്ല. വിലയില്ലായ്മയുടെ വിചാരങ്ങൾക്ക് തുടക്കംകുറിക്കാൻ സ്കൂൾ പരീക്ഷയിൽ മാർക്കു കുറഞ്ഞുപോകുന്നതുപോലെ താരതമ്യേന നിസ്സാരമായ ചിലതു മതിയായിരിക്കും. അത്തരം വിചാരങ്ങൾ വികാസംപ്രാപിക്കുന്നതെന്തുകൊണ്ടാണ്? അവയെ അകററിക്കളയുന്നതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ?
നീതിരഹിതമായ താരതമ്യങ്ങൾ
അനേകം ചെറുപ്പക്കാർ വിലയില്ലാത്തവരെന്ന് ചിന്തിക്കുന്നതിനുള്ള ഒരു വലിയ കാരണം നാം ജീവിക്കുന്ന ലോകത്തിന്റെ സ്വധീനമാണ്. പല സമുദായങ്ങളിലും ചെറുപ്പക്കാർ ചെയ്യുന്ന എല്ലാക്കാര്യത്തിലും—സ്കൂൾപ്രവർത്തനങ്ങളിലും കളികളിലും വിനോദവൃത്തികളിലും—ഏററവും മികച്ചുനിൽക്കാൻ നിർബന്ധിക്കപ്പെടുന്നു. വിജയം മിക്കപ്പോഴും ഏററവും മെച്ചമായി ആരു കൈകാര്യം ചെയ്തുവെന്നും കാഴ്ചക്ക് ഏററവും നന്നായിരിക്കുന്നതാരെന്നും ഏററവുമധികം സമ്പാദിച്ചിരിക്കുന്നതാരെന്നും ഉള്ളതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു വിദ്യാഭ്യാസപ്രവർത്തകൻ ഇപ്രകാരം പറഞ്ഞു: “ഒരു നല്ല മട്രിക്കുലേഷൻ (അവസാന വർഷ സ്കൂൾ ഗ്രേഡ്) ലഭിക്കാത്തതിനോടും വിശിഷ്ടമായി കണക്കാക്കുന്ന ഒരു ജോലി ലഭിക്കാത്തതിനോടും ബന്ധപ്പെട്ട ഒരു ഭയാനകമായ ദുഷ്കീർത്തിയുണ്ട്.” സമാനമായി മനഃശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് എൽക്കിൻഡ് ഇപ്രകാരം പ്രസ്താവിച്ചു: “കൗമാരപ്രായക്കാരെ അവരുടെ മാന്യതയോ വ്യക്തിത്വമോ നിമിത്തം വിലമതിക്കുന്നില്ല, പകരം അവരുടെ മത്സരത്തിലെ മേൻമക്കൊ അവർക്കു ലഭിച്ച ഗ്രേഡിനൊ ആണ് മൂല്യം കൽപ്പിക്കുന്നത്.” ഈ മത്സരാത്മാവ് അനേകം ചെറുപ്പക്കാരുടെയും സ്വന്തമായ വിലയെ കെടുത്തിക്കളയുന്നു.
നമ്മുടെ “കൈക്കു ചെയ്യാൻ കാണുന്നതൊക്കെയും” പരമാവധി ചെയ്യാൻ ബൈബിൾ നമ്മെ പ്രേരിപ്പിക്കുന്നു, എന്നാൽ “മറെറാരാളോടുള്ള താരതമ്യത്തിലാകരുത്.” (സഭാപ്രസംഗി 9:10; ഗലാത്യർ 6:4) എന്തുകൊണ്ടാകരുത്? ഒരു സംഗതി, നാം എല്ലാവരും വ്യത്യസ്ത കഴിവുകളുള്ളവരാണ്, എല്ലാത്തിലും ഏററം മികച്ചുനിൽക്കാൻ കഴിയുകയുമില്ല. (മത്തായി 25:14, 15) തീർച്ചയായും അപൂർണ്ണത നിമിത്തം നാമെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറെറാരു വിധത്തിൽ പ്രാതികൂല്യമനുഭവിക്കുന്നവരാണ്. (റോമർ 3:23) അതുകൊണ്ട് ജീവിതവിജയത്തിന് പരാജയങ്ങളെയും നിരാശകളെയും അഭിമുഖീകരിക്കാൻ പഠിക്കുന്നതും ആവശ്യമാണ്.
കൂടാതെ മററുള്ളവരെ കവച്ചുവെക്കാനുള്ള ആഗ്രഹം, സഹകരണമനോഭാവം, പരിഗണന, പ്രസന്നത, സമാധാനം, ക്ഷമ എന്നിങ്ങനെയുള്ള ആത്മാഭിമാനത്തിന്റെ നിലനിൽക്കുന്ന വികാരങ്ങൾ കൈവരുത്തുന്ന ഗുണങ്ങൾക്കെതിരെ തന്നെ പ്രവർത്തിക്കുന്നു. ബൈബിൾ ഇപ്രകാരം ജ്ഞാനപൂർവം ബുദ്ധിയുപദേശിക്കുന്നു: “നാം അന്യോന്യം മത്സരം ഇളക്കിവിട്ടുകൊണ്ടും അന്യോന്യം അസൂയപ്പെട്ടുകൊണ്ടും വൃഥാഭിമാനികളായിത്തീരരുത്.”—ഗലാത്യർ 5:22, 23, 26.
അതുകൊണ്ട് സ്കൂളിലൊ ക്രിസ്തീയ പ്രവർത്തനങ്ങളിലൊ നിങ്ങൾ പരമാവധി ചെയ്യുന്നിടത്തോളം കാലം നിങ്ങളുടെ നേട്ടങ്ങളിൽ തൃപ്തരായിരിക്കുക. നിങ്ങൾ ചില വശങ്ങളിൽ ഗുരുതരമായി കുറവുള്ളവരാണെങ്കിൽ ഏതു വിധേനയും സഹായത്തിനായി അപേക്ഷിക്കുക. അത് നിങ്ങൾ യഥാർത്ഥമൂല്യമുള്ള മറെറാരു ഗുണമായ എളിമ വികസിപ്പിക്കുന്നു എന്നതിന്റെ ഒരു ലക്ഷണമായിരിക്കും. (സദൃശവാക്യം 18:12) നിങ്ങളുടെ പുരോഗതി സാവകാശമാണെങ്കിൽ നിരുത്സാഹിതരാകരുത്. നിങ്ങൾ നിങ്ങളുടെ വിജയത്തെ നിങ്ങളുടെ കഴിഞ്ഞകാല ഫലങ്ങൾക്കനുസരണമായി അളക്കുക—മററാരുടെയെങ്കിലുമനുസരിച്ചല്ല.
കേവലം വിഷാദമുള്ളവരായിരിക്കുന്നതിനേക്കാൾ അധികമോ?
മോചനമില്ലാതെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വിഷാദത്തിന്റെ ഒരു ചീത്ത സംഗതിയാൽ പ്രയാസമനുഭവിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുക—പ്രത്യക്ഷമായ കാരണമില്ലാതെ. “നിങ്ങൾ നിശബ്ദമായി സഹിക്കാതിരിക്കുന്നത് നിർണ്ണായകമാണ്” എന്ന് ററൻ മാസിക പറയുന്നു. നിങ്ങളുടെ മാതാപിതാക്കളിലൊരാളെപ്പോലെ യഥാർത്ഥത്തിൽ കരുതലുള്ള ആരുടെയെങ്കിലും മുമ്പാകെ നിങ്ങളുടെ വികാരങ്ങൾ പകരുക. ബൈബിൾ പറയുന്നപ്രകാരം: “ഇരുവർ ഒരുവനേക്കാൾ മെച്ചമാണ്, . . . കാരണം അവരിൽ ഒരാൾ വീണാൽ മറെറയാൾക്ക് തന്റെ സഹകാരിയെ ഉയർത്താൻ കഴിയും. എന്നാൽ വീണയാൾ തന്നെ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്തപ്പോഴാണ് വീഴുന്നതെങ്കിൽ എങ്ങനെയായിരിക്കും?” (സഭാപ്രസംഗി 4:9, 10) അനേകസംഗതികളിലും, ഒരു അനുകമ്പയുള്ള കേൾവിക്കാരന് നിങ്ങളുടെ ചിന്തയെ നേരെയാക്കാൻ സഹായിക്കാൻ കഴിയും.a
പ്രാരംഭത്തിൽ പരാമർശിക്കപ്പെട്ട ആനിനെക്കുറിച്ച് ചിന്തിക്കുക. അവളുടെ കൂട്ടുകാർ വിലയില്ലായ്മ സംബന്ധിച്ച അവളുടെ വിചാരം തെററായ ന്യായവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരുന്നുവെന്നും യഥാർത്ഥമല്ലായിരുന്നുവെന്നും തിരിച്ചറിയുന്നതിന് അവളെ സഹായിച്ചു. ഒരു വെറും കൊച്ചുകുട്ടിയായിരുന്ന അവൾക്ക് എങ്ങനെ അവളുടെ മാതാപിതാക്കളുടെ വൈവാഹികപരാജയത്തിന് ഉത്തരവാദിയായിരിക്കാൻ കഴിയുമായിരുന്നു? ഇത് തിരിച്ചറിഞ്ഞപ്പോൾ വിലയില്ലായ്മയുടെ വിചാരം ശമിക്കാൻ തുടങ്ങി.
നിങ്ങളുടെ ചിന്തകളെ പുനഃക്രമീകരിക്കുന്നതിനുള്ള പ്രയത്നങ്ങളുണ്ടായിരുന്നിട്ടും അത്തരം വിചാരങ്ങൾ നിലനിൽക്കുന്നെങ്കിൽ എന്ത്? ററൻ തുടരുന്നു, “നിങ്ങളുടെ മ്ലാനതയുടെ മൂലമായി ഏതെങ്കിലും ശാരീരിക രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന നടത്താൻ ഒരു ഡോക്ടറെ സന്ദർശിക്കുക എന്നതും ഒരു മഹത്തായ ആശയമാണ്.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വിലയില്ലായ്മയുടെ തങ്ങിനിൽക്കുന്ന വികാരം ചികിൽസ ആവശ്യമുള്ള ഒരു ക്രമക്കേടിലേക്ക് വിരൽചൂണ്ടിയേക്കാം: വലിയ വിഷാദരോഗം.
വലിയ വിഷാദരോഗത്തിന്റെ പല സംഗതിയിലും തലച്ചോറിലെ രസതന്ത്രപരമായ വികലപ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായി പ്രകടമാണ്. ദൃഷ്ടാന്തത്തിന് ചിലപ്പോൾ തലച്ചോറിന്റെ പ്രധാന ന്യൂറോൺസ് അഥവാ മസ്തിഷ്കകോശങ്ങൾ സന്ദേശങ്ങൾ ഉചിതമായി സ്വീകരിക്കുകയൊ അയക്കുകയൊ ചെയ്യുന്നതിൽ പരാജയപ്പെടുന്നു. അനുഗ്രഹവശാൽ ന്യൂറോൺപ്രവർത്തനത്തെ പ്രത്യക്ഷത്തിൽ ക്രമവൽക്കരിക്കുകയും വിഷാദരോഗികളെ വിജയകരമായി നേരിടുന്നതിന് സഹായിക്കുകയും ചെയ്യുന്ന ചികിത്സകൾ ലഭ്യമാണ്. കേവലം വിഷാദം നിങ്ങളെ അലട്ടുന്നതിനേക്കാൾ ഉപരിയായി ഉണ്ടെന്ന് സംശയിക്കാൻ കാരണമുള്ളപ്പോൾ ഒരു ഡോക്ടറെ സന്ദർശിക്കുന്നത് ഉചിതമാണ്.
നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ ശല്യപ്പെടുത്തുമ്പോൾ
വിലയില്ലായ്മയുടെ വികാരങ്ങൾക്കിടയാക്കാൻ കഴിയുന്ന മറെറാരു ഘടകം ഒരുവന്റെ മനസ്സാക്ഷിയുടെ പ്രവർത്തനമാണ്. (റോമർ 2:14, 15) ഉചിതമായി ഇതിനോട് പ്രതികരിച്ചാൽ നിങ്ങളുടെ മനസ്സാക്ഷിക്ക് നിങ്ങളെ ഒരു വിനാശകമായ പാതയിൽനിന്ന് തിരിച്ചുവിടാൻ കഴിയും. അതിനെ അവഗണിച്ചാൽ അത് ദണ്ഡനത്തിന്റെ ഒരു ഉറവിടമായിത്തീരാനും കഴിയും.
ഒരിക്കൽ ദാവീദ്രാജാവിന്റെ മനസ്സാക്ഷി അവൻ ഇപ്രകാരം എഴുതാൻതക്കവണ്ണം അവനെ ആഴമായി അലട്ടി: “എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ എനിക്ക് സമാധാനം ഇല്ല. എന്റെ സ്വന്തം തെററുകൾ എന്റെ തലക്കുമീതെ കടന്നുപോയിരിക്കുന്നു; ഒരു വലിയ ചുമടുപോലെ അവ എനിക്കു വലിയ ഭാരമാകുന്നു. . . . ദിവസംമുഴുവൻ ഞാൻ ദുഃഖത്തിൽ നടന്നിരിക്കുന്നു. . . . ഞാൻ മരവിച്ചുപോകയും അങ്ങേയററം തകർന്നവനായിത്തീരുകയും ചെയ്തിരിക്കുന്നു.” (സങ്കീർത്തനം 38:3-8) ദാവീദ് മറെറാരു മമനുഷ്യന്റെ ഭാര്യയെ എടുത്തശേഷം ഈ വാക്കുകൾ എഴുതിയിരിക്കാനാണ് ഏററവുമധികം സാധ്യതയുള്ളത്. ദൈവത്തിന്റെ പ്രവാചകനായിരുന്ന നാഥാന്റെ വിചാരണാസമയത്ത് അവൻ തന്റെ ഗുരുതരമായ പാപംസംബന്ധിച്ച് പരസ്യമായി ഏററുപറഞ്ഞപ്പോൾമാത്രമേ അവന് ആശ്വാസം ലഭിച്ചുള്ളു. എന്തു ഫലത്തോടെ? “അവസാനം ഞാൻ എന്റെ പാപം നിന്നോട് ഏററുപറഞ്ഞു, ഞാൻ എന്റെ കുററം മൂടിവെച്ചില്ല . . . നീ തന്നേ എന്റെ പാപങ്ങളുടെ തെററിനെ ക്ഷമിച്ചു.”—സങ്കീർത്തനം 32:5; യാക്കോബ് 5:16 താരതമ്യപ്പെടുത്തുക.
പല ചെറുപ്പക്കാരും പാപം ചെയ്തതുമൂലം സമാനമായി കുററബോധത്താൽ ഭാരപ്പെടുന്നുണ്ട്—ചിലർ നിസ്സാരമായതും ചിലർ ഗുരുതരമായതും. എന്നാൽ അവർക്കും ദാവീദിനെപ്പോലെ തങ്ങളുടെ പാപങ്ങൾ തുറന്ന് ഏററുപറഞ്ഞുകൊണ്ടും സത്യക്രിസ്ത്യാനികളിൽനിന്ന് സഹായം തേടിക്കൊണ്ടും ആശ്വാസം നേടാൻ കഴിയും. താൻ ജനിക്കുന്നതിനുമുമ്പ് തന്റെ പിതാവ് തന്റെ അമ്മയെ ഉപേക്ഷിച്ചുപോയ സ്തേഫാനസ്സിനെ പരിഗണിക്കുക. “അദ്ദേഹത്തിന് എന്നെ വേണ്ടാതെവരികയും എന്റെ പിതൃത്വം തിരസ്കരിക്കയും ചെയ്തത് എന്നെ കഠിനമായി വ്രണപ്പെടുത്തി. ഞാൻ വളർന്നപ്പോൾ, അത് എന്നെ വിലയില്ലാത്തവനെന്നു ചിന്തിക്കാൻ ഇടയാക്കി.” സ്തേഫാനസ് സ്വവർഗ്ഗരതിയുടെ ഗുരുതരമായ പാപത്തിൽ വീണു. (ഉൽപ്പത്തി 13:13; 1 കൊരിന്ത്യർ 6:9) സ്തേഫാനസ് ഇപ്രകാരം പറയുന്നു: “എനിക്കു നേരത്തെയുണ്ടായിരുന്ന എല്ലാ വിഷമാവസ്ഥകൾക്കും പുറമേ ഇപ്പോൾ ആത്മാഭിമാനത്തിന്റെയും നല്ല മനസ്സാക്ഷിയുടെയും നഷ്ടവും പട്ടികയോടു കൂട്ടപ്പെട്ടു. ഞാൻ കൂടുതൽ വിലയില്ലാത്തവനായി എനിക്കു തോന്നി.”
മനസ്സാക്ഷി തകർന്ന സ്തേഫാനസ് യഥാർത്ഥ ക്രിസ്ത്യാനികളുടെ സഹായം തേടി. ഏററം പ്രധാനമായി അവൻ തന്റെ പാപങ്ങൾ ദൈവത്തോട് ഏററുപറയുകയും ദൈവത്തിന്റെ സഹായത്തോടെ തന്റെ ബലഹീനതകളെ തരണം ചെയ്യാൻ അവന് സാധ്യമായിത്തീരുകയും ചെയ്തു. “യേശുവിന്റെ മറുവിലയാഗം സ്വീകരിക്കയും അതിന്റെ മൂല്യത്തിൽ വിശ്വാസം അർപ്പിക്കയും ചെയ്യുന്നതിനാൽ യഹോവക്ക് കുറെ വിലയുള്ളവനായിത്തീരാൻ എനിക്കു കഴിയുമെന്ന് ഞാൻ മനസ്സിലാക്കി,” എന്ന് അവൻ പറയുന്നു. (സദൃശവാക്യങ്ങൾ 28:13; 1 യോഹന്നാൻ 1:9–2:2) കഴിഞ്ഞ നാലു വർഷങ്ങളായി യുവാവായ സ്തേഫാനസ് ദൈവത്തിന്റെ കരുണാപൂർവകമായ കരുതലുകളെ സംബന്ധിച്ച് ഗ്രഹിക്കാൻ മററുള്ളവരെ സഹായിച്ചുകൊണ്ട് ഒരു മുഴുസമയശുശ്രൂഷകനായി സേവിച്ചുകൊണ്ടിരിക്കുന്നു.
ആത്മാഭിമാനത്തിന്റെ ഒരു ബോധമുണ്ടായിരിക്കുക
നിസ്സംശയമായി, ഒരു ക്രിസ്തീയ ശുശ്രൂഷകനെന്ന നിലയിലുള്ള സ്തേഫാനസിന്റെ സംതൃപ്തികരമായ ജീവിതം അയാളുടെ പുതുതായി കണ്ടെത്തിയ ആത്മാഭിമാനത്തിന്റെ വികാരത്തെ നിലനിർത്താൻ അയാളെ സഹായിച്ചു. ഡോ. എഡ്നാ ഇർവിൻ അവരുടെ പുസ്തകമായ ഗ്രോയിംഗ് പെയിൻസ്—എ സ്ററഡി ഓഫ് ററൻ എയ്ജ് ഡിസ്ട്രസിൽ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “താൻ പിൻപററാൻ ആഗ്രഹിക്കുന്ന ജോലി എന്തെന്നറിയാവുന്ന കൗമാരപ്രായക്കാരന് താൻ ലക്ഷ്യംവെക്കുന്ന ഒരു ലാക്ക് ഉണ്ട് . . . അത് നേടുന്നപക്ഷം, അത് കൗമാരപ്രായക്കാരന്റെ സുരക്ഷിതത്വത്തിനും ആത്മാഭിമാനത്തിനും അത്യധികം സംഭാവനചെയ്യുന്നു.” സ്തേഫാനസിനെപ്പോലുള്ള ആയിരക്കണക്കിന് യുവാക്കൾ ബൈബിളിന്റെ ദൂത് മററുള്ളവരുമായി പങ്കുവെക്കുന്ന വേല അത്തരത്തിൽ തന്നെ ‘നേടാവുന്ന ഒരു ജീവിതവൃത്തി’യാണെന്ന്, “സുരക്ഷിതത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും” ഒരു തോന്നൽ കൊണ്ട് തങ്ങളെ കൃതാർത്ഥരാക്കുന്ന ഒന്നാണെന്ന്, കണ്ടെത്തിയിരിക്കുന്നു.
എന്നാൽ അത്തരത്തിലുള്ള ഒരു ജീവിതവൃത്തി ചില യുവാക്കൾക്ക് വർഷങ്ങൾ അകലെയായിരിക്കാം. അതുകൊണ്ട് ഇതിനിടയിൽ വിലയില്ലായ്മയുടെ വികാരങ്ങൾ നിങ്ങളെ ക്ഷീണിതനാക്കാൻ അനുവദിക്കരുത്. ഓർമ്മിക്കുക: നിങ്ങൾതന്നേ സ്വയമായി നേരിടേണ്ടതില്ല. മററുള്ളവരെ, പ്രത്യേകിച്ച് നിങ്ങളുടെ മാതാപിതാക്കളെ വിശ്വസിക്കുക. “വിഷാദമനുഭവിക്കുന്ന ദേഹികളെ സമാശ്വസിപ്പിച്ചുകൊണ്ട് സംസാരിക്കുക” എന്ന് പ്രോൽസാഹിപ്പിക്കപ്പെട്ട സഹക്രിസ്ത്യാനികളുടെ പിൻതുണയും നിങ്ങൾക്കുണ്ടാകും. (1 തെസ്സലോനിക്യർ 5:14) എല്ലാററിലും ഉപരി യഹോവയാം ദൈവം നിങ്ങളെ സ്നേഹിക്കയും പോഷിപ്പിക്കയും ചെയ്യുന്നു എന്നറിയുന്നതിലുള്ള ആശ്വാസവുമുണ്ട്. എന്തിന്, ദൈവം ‘നിങ്ങളുടെ തലയിലെ മുടികൾ പോലും എണ്ണിയിരിക്കുന്നു!’ എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 12:7) ദൈവം തന്നെ സ്നേഹിക്കുന്നവർക്കു കൽപ്പിക്കുന്ന വലിയ വിലയെ സംബന്ധിച്ചറിയുന്നതിനാൽ നിങ്ങൾ ഒരിക്കലും വിലയില്ലാത്തവനായി വിചാരിക്കേണ്ടതില്ല. (g88 8/8)
[അടിക്കുറിപ്പ്]
a 1987 ഒക്ടോബർ 22 എവേക്ക്! പേജ് 12, 13-ൽ “താഴ്ന്ന ആത്മാഭിമാനത്തിനെതിരെ പോരാടുന്നു,” “വികലമായ ചിന്താരീതികൾ” എന്നീ ശീർഷകങ്ങൾ കാണുക.
[22-ാം പേജിലെ ചിത്രം]
നിങ്ങൾ ഈ ലോകത്തിന്റെ മത്സരാത്മാവിനെ വിലയില്ലായ്മയുടെ വിചാരങ്ങൾക്കു സംഭാവന ചെയ്യാൻ അനുവദിക്കുമോ?