ജീവിച്ചിരിക്കാൻ അത്ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു
ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ നിങ്ങളെ സഹായിക്കുന്ന അത്ഭുതകരമായ, വിസ്മയകരമായ, സ്വയംപ്രവർത്തകസംവിധാനങ്ങൾ നിങ്ങളുടെ ശരീരത്തിലുണ്ട്. നമുക്ക് ഏതാനും ചിലത് ചുരുക്കമായി പരിശോധിക്കാം.
ഒരു ദൃഷ്ടാന്തം നിങ്ങളുടെ കരളിന്റേതാണ്. ഒന്നാമതായി, നിങ്ങൾ ആഹാരം വിഴുങ്ങുമ്പോൾ ശ്വാസകോശങ്ങളിലേക്കുള്ള അതിന്റെ പ്രവേശനത്തെ തടയുന്ന ഒരു ചെറിയ കുരുക്കുവാതിൽ ആയ ഉൾനാക്ക് ഉണ്ട്. ചുമ കരൾസംരക്ഷണാർത്ഥമുള്ള രണ്ടാമത്തെ അണിയാണ്. മൂന്നാമത്, നിങ്ങളുടെ ശ്വാസകോശങ്ങളിലേക്കുള്ള മാർഗ്ഗത്തെ പൊതിയുന്ന ഒട്ടലുള്ള ഗോവണി ഉണ്ട്, അതിനാൽ ചെറിയ ആക്രമണകാരികൾ ശ്ലേഷ്മത്താൽ കുരുക്കിലാക്കപ്പെടുകയും ചെറിയ മുള്ളൻരോമങ്ങളുടെ മുകളിലേക്കുള്ള ഗതിയാൽ നീക്കംചെയ്യപ്പെടുകയുംചെയ്യുന്നു
കരളിന്റെ സംരക്ഷണത്തിനുള്ള അവസാനത്തെ അണി മാലിന്യനിർമ്മാർജ്ജന വെള്ള രക്തകോശങ്ങളാണ്. ഈ ശുചീകരണ വസ്തുക്കൾ ഹാനികരങ്ങളായ സൂക്ഷ്മകണങ്ങളെ ആവരണംചെയ്യുന്നു. അങ്ങനെയുള്ള സംവിധാനങ്ങളുടെ സഹായത്താൽ നമ്മുടെ ശ്വാസകോശങ്ങൾ സുരക്ഷിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങൾ ഇതു വായിച്ചുകൊണ്ടിരിക്കുമ്പോൾ, നിങ്ങളുടെ പ്രാചീരം സങ്കോചിക്കുകയും അയയുകയും ചെയ്യുന്നു. ഓരോ സങ്കോചവും നിങ്ങളുടെ ശ്വാസകോശങ്ങളിലേക്ക് വായു വലിച്ചെടുക്കുന്നു, മാംസപേശികൾ അയയുമ്പോൾ വായു പുറന്തള്ളപ്പെടുന്നു. നിങ്ങളുടെ തലച്ചോറിലെ ഒരു വിശ്വസ്ത ആജ്ഞാകേന്ദ്രത്തിൽനിന്ന് മിനിററിൽ ഏതാണ്ട് 15 പ്രാവശ്യം ഇതു ചെയ്യുന്നതിനുള്ള ആജ്ഞ പ്രാചീരത്തിനു ലഭിക്കുന്നു.
രസാവഹമായി, 3,500 വർഷം മുമ്പ് എഴുതപ്പെട്ട ബൈബിളിലെ ആദ്യപുസ്തകം മനുഷ്യരെയും മൃഗങ്ങളെയും വർണ്ണിക്കുന്നതിന് നേഫെഷ് എന്ന എബ്രായപദം ഉപയോഗിക്കുന്നു. ഈ പദത്തിന്റെ അക്ഷരീയ അർത്ഥം “ഒരു ശ്വസിക്കുന്ന ജീവി” എന്നാണ്.a ശ്വാസോച്ഛ്വാസം ജീവനെ നിലനിർത്തുന്നുവെന്നും “നാസാരന്ധ്രങ്ങളിൽ പ്രവർത്തനനിരതമായിരിക്കുന്ന . . . ജീവശക്തിയുടെ ശ്വാസം” കിട്ടുന്നില്ലെങ്കിൽ മനുഷ്യനും മൃഗങ്ങളും പെട്ടെന്ന് മരിക്കുമെന്നും വൈദ്യശാസ്ത്രപരമായി ശരിയായ ഒരു രീതിയിൽ ബൈബിൾ പ്രകടമാക്കുന്നു.—ഉൽപ്പത്തി 1:20, 21, 24, 30; 2:7; 7:22.
മററു പുരാതന എഴുത്തുകളിൽ ശ്വസിക്കലിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അടിസ്ഥാനമില്ലാത്ത അഭ്യൂഹങ്ങൾ അടങ്ങിയിരിക്കുന്നു. ദൃഷ്ടാന്തമായി, ഗ്രീക്ക് തത്വചിന്തകർക്കും റോമൻ തത്വചിന്തകർക്കും ശ്വസിക്കൽ ഹൃദയത്തിനുള്ളിൽ ഒരു തീ കത്തിച്ചുനിർത്തിയിരുന്നുവെന്നും ഈ ആന്തരിക ജ്വാല ശരീരത്തിന് ആവശ്യമായ ഊഷ്മാവ് പ്രദാനംചെയ്തിരുന്നുവെന്നുമുള്ള ഒരു അസാധാരണ സിദ്ധാന്തമുണ്ടായിരുന്നു.
ഈ സിദ്ധാന്തം 16-ാം നൂററാണ്ടുവരെ ജനസമ്മതിയുള്ളതായി തുടർന്നു, 20-ാം നൂററാണ്ടിൽ മാത്രമാണ് ശ്വസിക്കലിന്റെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമായത്. വായുവിൽനിന്നുള്ള ഓക്സിജൻ രക്തത്താൽ വലിച്ചെടുക്കപ്പെടുകയും ശരീരത്തിലെ സഹസ്രകോടിക്കണക്കിനുള്ള കോശങ്ങളിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. ക്രമത്തിൽ, ജീവനുള്ള ഓരോ കോശവും ഊർജ്ജം ഉല്പ്പാദിപ്പിക്കുന്നതിന് ഓക്സിജൻ ഉപയോഗിക്കുന്നു. നാം ഭൂമിയിൽ എവിടെ പോയാലും ഈ മർമ്മപ്രധാനമായ ഉദ്ദേശ്യത്തിനുതകുന്നതിന് വിലയേറിയ ഓക്സിജൻ ലഭ്യമാണ്. ഒരു പുരാതന ഉപദേഷ്ടാവ് ഒരു കൂട്ടം ഗ്രീക്ക് തത്വചിന്തകരോട് ഇങ്ങനെ പറഞ്ഞു: “ലോകവും അതിലുള്ള സകലവും ഉണ്ടാക്കിയ ദൈവം . . . എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നു.”—പ്രവൃത്തികൾ 17:24, 25.
ശാസോച്ഛ്വാസം ശരീരത്തെ ശുദ്ധമായി സൂക്ഷിക്കുന്നതിലും ഒരു മർമ്മപ്രധാനമായ പങ്കു വഹിക്കുന്നു. രക്തം ശ്വാസകോശങ്ങളിലൂടെ കടന്നുപോകുമ്പോൾ അത് പുതിയ ഓക്സിജൻ വലിച്ചെടുക്കുന്നതിനുമുമ്പ് കാർബൺഡയോക്സൈഡ് പുറത്തുവിടുന്നു. നാം പ്രവർത്തനനിരതരായിരിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ കാർബൺഡയോക്സൈഡിന്റെ അളവു വർദ്ധിക്കുന്നു. ഈ വിസർജ്ജനവസ്തുവിൽ നാം ശ്വാസംമുട്ടിപ്പോകാതിരിക്കാൻ ഒരു അത്ഭുതകരമായ സംവിധാനം സഹായിക്കുന്നു. രക്തം തലച്ചോറിലൂടെ പ്രവഹിക്കുമ്പോൾ കാർബൺഡയോക്സൈഡിന്റെ ഏത് വർദ്ധനവും പെട്ടെന്ന് കണ്ടുപിടിക്കപ്പെടുന്നു. ശാസോച്ഛ്വാസത്തിന്റെ നിരക്കും ആഴവും വർദ്ധിപ്പിച്ചുകൊണ്ട് ആജ്ഞാകേന്ദ്രം പ്രതിവർത്തിക്കുന്നു.
ശ്വാസോച്ഛ്വാസ ക്രമവൽക്കരണം സ്വയം നടക്കുന്നു. എന്നിരുന്നാലും, ഒരു ഗിയർസെലക്ടർകൊണ്ടുള്ള ഒരു ഓട്ടൊമാററിക്ക് ട്രാൻസ്മിഷൻ ഉള്ള ഒരു മോട്ടോർ വാഹനംപോലെ ശ്വാസോച്ഛ്വാസത്തെ കായികമായും പ്രവർത്തിപ്പിക്കാൻ കഴിയും. ഈ സംവിധാനം നാം വെള്ളത്തിനടിയിലായിരിക്കുമ്പോൾ ശ്വാസം പിടിക്കുന്നതിനോ പുകനിറഞ്ഞ ഒരു മുറിയിൽനിന്ന് പെട്ടെന്ന് പുറത്തുകടക്കുന്നതിനോ നമ്മെ പ്രാപ്തരാക്കുന്നതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാൻ കഴിയും. എന്നാൽ നമുക്ക് അനിശ്ചിതമായി ശ്വാസംപിടിക്കാൻ കഴികയില്ല, എന്തുകൊണ്ടെന്നാൽ സ്വയംപ്രവർത്തകസംവിധാനം നമുക്ക് ബോധക്ഷയം ഭവിക്കുമ്പോൾ കായികപ്രവർത്തനത്തെ മാററിവെക്കുന്നു. അങ്ങനെ നാം ഉറങ്ങുമ്പോൾപോലും ശരീരത്തിന് ജീവൻ നിലനിർത്തുന്ന ഓക്സിജൻ കിട്ടുന്നു.
നിങ്ങളുടെ ആന്തരിക ജീവനദി
ശരീരത്തിലെ കോശങ്ങളുടെ എണ്ണം മാനുഷഗ്രാഹ്യത്തിനതീതമാണ്. ഒരു സാമാന്യ കണക്ക് 75 ട്രില്യനാണ്—നമ്മുടെ ഭൂമിയിലെ ജനസംഖ്യയുടെ 15,000 ഇരട്ടിയെക്കാൾ ഉയർന്ന ഒരു തുക. ഈ കോശങ്ങളിലോരോന്നിലും ഓക്സിജൻ എത്തുന്നതിന് ഏത് ആധുനിക നഗരത്തിലേതിലും സങ്കീർണ്ണവും കാര്യക്ഷമവുമായ ഒരു ട്രാൻസ്പോർട്ടിംഗ് സിസ്ററം ആവശ്യമാണ്.
ശരീരത്തിന്റെ ട്രാൻസ്പോർട്ടിംഗ് സിസ്ററത്തിൽ ഹൃദയത്തിലൂടെ ഒഴുകുന്ന രക്തവും രക്തധമനികളും സിരകളും ചെറിയ രക്തക്കുഴലുകളുടെ ഒരു വ്യൂഹവും ഉൾപ്പെടുന്നു. “അത് ഏതാണ്ട് 1,00,000 മൈൽ വരുന്ന . . . കുഴലുകളുടെ ഒരു അടവുള്ള പദ്ധതിയാണ്” എന്ന് മനുഷ്യശരീരം എന്ന പുസ്തകം പറയുന്നു. ആ കണക്കനുസരിച്ച് നിങ്ങളുടെ രക്തക്കുഴലുകൾ ഒന്നോടൊന്നു മുട്ടിച്ചുവെച്ചാൽ അത് നാലു പ്രാവശ്യം ഭൂമിയെ ചുററ.
ഈ വിസ്തൃതമായ വ്യൂഹം നിങ്ങളുടെ കുടലുകളുടെ ഭിത്തികളിൽനിന്ന് വലിച്ചെടുക്കുന്ന ചെറിയ ആഹാരകണികകളെയും എത്തിച്ചുകൊടുക്കുന്നു. അങ്ങനെ മുഴുശരീരത്തിനും, അപ്രധാനഭാഗങ്ങളെന്നു തോന്നുന്നവയ്ക്കു പോലും, ആഹാരവും ഓക്സിജനും പ്രദാനംചെയ്യപ്പെടുന്നു. നിങ്ങളുടെ ത്വക്കിൽനിന്ന് ഏതാണ്ട് അമ്പതുലക്ഷം മുടികൾ വളരുന്നു; എന്നിരുന്നാലും ചെറിയ രക്തക്കുഴലുകളുടെ ഒരു വ്യൂഹം ഓരോ മുടിയുടെയും ചുവട്ടിലേക്ക് നയിക്കപ്പെടുന്നു. ഓരോ ചെറിയ മുടിക്കും കൊടുക്കപ്പെടുന്ന ശ്രദ്ധ അതിശയനീയമാണ്. യേശു തന്റെ ശിഷ്യൻമാർക്ക് ഇങ്ങനെ ഉറപ്പുകൊടുത്തു: “ഭയപ്പെടരുത്, നിങ്ങളുടെ തലയിലെ മുടികൾതന്നെ എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.”—മത്തായി 10:28, 30.
രക്തത്തിലെ ഘടകങ്ങൾ കണക്കാക്കപ്പെട്ടപ്രകാരം ഓരോ മിനിററിലും മുന്നൂറുകോടി പുതിയ കോശങ്ങൾ ഉണ്ടാക്കാൻ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുന്നു. ചുവട്ടിൽ കോശങ്ങൾ പെരുകുന്നതിന്റെ ഫലമായിട്ടാണ് മുടി വളരുന്നത്. നിങ്ങളുടെ ശരീരത്തിൽനിന്ന് പഴയ തൊലിയുടെ ശകലങ്ങൾ പൊഴിഞ്ഞുപോകുമ്പോൾ അവക്കുപകരം പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുന്നു. ഓരോ സെക്കണ്ടിലും നിങ്ങളുടെ അസ്ഥിയുടെ മജ്ജയിൽ ദശലക്ഷക്കണക്കിന് ചുവന്ന രക്തകോശങ്ങൾ നിർമ്മിക്കപ്പെടുന്നു!
സ്വാഭാവികമായി, ഈ പ്രവർത്തനമെല്ലാം ധാരാളം പാഴ്വസ്തുക്കൾ ഉല്പ്പാദിപ്പിക്കുന്നു. വീണ്ടും കാർബൺഡയോക്സൈഡും ചെറിയ വിസർജ്ജ്യകണികകളും നിർമ്മാർജ്ജനംചെയ്യുന്നതിനാൽ രക്തധാര നിങ്ങളുടെ രക്ഷക്കെത്തുന്നു. മൃതമായ കോശങ്ങൾ പോലെയുള്ള വലിയ വിസർജ്ജ്യകണികകൾ വെള്ള രക്ഷ കോശങ്ങൾ ഭക്ഷിക്കുന്നു, അവ രക്തത്തിൽനിന്നുള്ള കലകളിൽ പ്രവേശിക്കുന്നു. ഈ ശുചീകരണ ഏജൻറൻമാരുടെ വലിയ സംഖ്യകൾ അവയുടെ ജോലി ചെയ്യുന്നതിന് ഒരു രോഗസംക്രമണസ്ഥാനത്ത് ഒന്നിച്ചുകൂടുന്നു. വൈദ്യശാസ്ത്രം ഈ വസ്തുതകൾ കണ്ടുപിടിച്ചതിനു മുമ്പ് ബൈബിൾ അത് ലളിതമായി ഇങ്ങനെ പറഞ്ഞു: “മാംസത്തിന്റെ ദേഹി [അഥവാ ജീവൻ] അതിന്റെ രക്തത്തിലാണ്.”—ലേവ്യപുസ്തകം 17:11, 14.
അടിയന്തിരാവസ്ഥ—രക്ത നഷ്ടത്തെ നേരിടൽ
നിങ്ങൾക്ക് എന്നെങ്കിലും ഗുരുതരമായ രക്തമൊഴുക്കിന് ഇടയാക്കിയ ഒരു മുറിവ് ഏററിട്ടുണ്ടോ? നിങ്ങൾക്ക് വളരെയധികം രക്തം നഷ്ടപ്പെട്ടിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നു. എന്നാൽ ശാസ്ത്രത്തിന് പൂർണ്ണമായി വിശദീകരിക്കാൻ കഴിയാത്ത അത്ഭുതകരങ്ങളായ അടിയന്തിരസംവിധാനങ്ങൾ അത്തരമൊരു പരിണതഫലത്തെ ഒഴിവാക്കാൻ സഹായിക്കുന്നു.
ഒരു രക്തക്കുഴൽ മുറിയുമ്പോൾ അത് സങ്കോചിക്കുകയും അങ്ങനെ രക്തപ്രവാഹത്തെ കുറയ്ക്കുകയുംചെയ്യുന്നു. പെട്ടെന്ന് രണ്ടാമതൊരു സംവിധാനം പിന്തുടരുന്നു. രക്തത്തിലെ പ്ലേററലററുകൾ മുറിവിന്റെ സ്ഥാനത്ത് ചുററും പററിപ്പിടിക്കുകയും പൊതിയുകയും ചെയ്യുന്നു. അനന്തരം മുറിവിൽ ഫ്രൈബിൻനാരുകൾ രൂപംകൊള്ളുകയുംചെയ്യുന്നു. ഇവ അവസാനത്തെ രക്തത്തുള്ളിയെ തടഞ്ഞുകൊണ്ട് പ്ലേററലററുകളെ ബന്ധിക്കുകയും കട്ടിയാക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, മേൽപ്പറഞ്ഞ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ എന്തു സംഭവിക്കുന്നു? കൂടുതലായ രക്തസ്രവം മററു സംവിധാനങ്ങൾക്കു തിരികൊളുത്തുന്നു. ധമനികളിലെ ചെറിയ ഗ്രാഹികൾ പെട്ടെന്ന് രക്തസമ്മർദ്ദത്തിന്റെ ഏതു കുറയലിനെയും അറിയിക്കുന്നു. തലച്ചോറിലേക്ക് സന്ദേശങ്ങൾ അയക്കപ്പെടുന്നു, രക്തക്കുഴലുകൾ സങ്കോചിക്കാനിടയാക്കിക്കൊണ്ട് അത് പ്രതിവർത്തിക്കുന്നു. അതേസമയം ഹൃദയം തീവ്രമായി സ്പന്ദിക്കാൻ തലച്ചോർ ആജ്ഞകൊടുക്കുന്നു. രക്തസ്രവം തുടരുകയാണെങ്കിൽ തലച്ചോർതന്നെ ഫലങ്ങളാൽ കഷ്ടപ്പെടുകയും ഈ നാഡീ പ്രതിവർത്തങ്ങളെ ശക്തീകരിക്കുന്നതിനാൽ പ്രതിവർത്തിക്കുകയുംചെയ്യുന്നു. ഹൃദയമിടിപ്പ് സാധാരണയുള്ള മിനിററിലെ 72ൽ നിന്ന് 200 വരെ വർദ്ധിക്കുകയും ചെയ്തേക്കാം. അങ്ങനെയുള്ള സംവിധാനങ്ങൾ എത്ര ഫലകരമാണ്?
സങ്കോചിച്ച രക്തക്കുഴലുകൾ ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലേക്കുമുള്ള രക്തമൊഴുക്കിനെ കുറയ്ക്കുന്നു. ഇതും വർദ്ധിച്ച ഹൃദയനിരക്കും രക്തസമ്മർദ്ദം നിലനിർത്തുന്നു. “എന്നിരുന്നാലും, മനോഹരമായ ഒരു സംവിധാനത്താൽ തലച്ചോറിലെ ധമനികൾ പൊതുവിലുള്ള സങ്കോചത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു” എന്ന് ഡോ. എ. റെൻഡൽ ഷോർട്ട് അത്ഭുതകരമായി നിർമ്മിതം എന്ന തന്റെ പുസ്തകത്തിൽ പ്രസ്താവിക്കുന്നു. ഹൃദ്മാംസപേശികൾക്കു രക്തം കൊടുക്കുന്ന ധമനികളെ സംബന്ധിച്ചും ഇതു സത്യമാണ്. അങ്ങനെ, ഈ ജീവത്തായ അവയവങ്ങളിലൂടെ രക്തം അവശ്യം സാധാരണഗതിയിൽ ഒഴുകുന്നു. പ്രൊഫസ്സർ ആർതർ ഗ്വൈററന്റെ വൈദ്യക ശരീരശാസ്ത്ര പാഠപ്പുസ്തകമനുസരിച്ച് മേൽപ്രസ്താവിച്ച പ്രതിവർത്തങ്ങൾ “മരണത്തിനിടയാക്കാതെ സംഭവിക്കാവുന്ന രക്തനഷ്ടത്തിന്റെ അളവിനെ അവ ഇല്ലാത്തപ്പോൾ സാദ്ധ്യമായിരിക്കുന്നതിന്റെ ഏതാണ്ട് രണ്ടിരട്ടിയായി വിപുലപ്പെടുത്തുന്നു.”
അതേസമയം, മററു സംവിധാനങ്ങൾ രക്തവ്യാപ്തം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. ദി ബോഡി ഇൻ ക്വെസ്ററൻ എന്ന തന്റെ പുസ്തകത്തിൽ ഡോ. മില്ലർ വിശദീകരിക്കുന്നതുപോലെ: “അതിപ്രധാന മുൻഗണന ദ്രാവകവ്യാപ്തം പുനഃസ്ഥിതീകരിക്കുന്നതിനാണ്. നഷ്ടം വേണ്ടത്ര സാവധാനത്തിലാണെങ്കിൽ, രക്തത്തെ നേർപ്പിച്ചുകൊണ്ട് ശരീരത്തിന് അതിനുവേണ്ടിത്തന്നെ ഇതു ചെയ്യാൻ കഴിയും. കലകളിൽനിന്ന് ദ്രാവകങ്ങൾ പിൻവലിക്കപ്പെടുന്നു; മൂത്രത്തിന്റെ വിസർജ്ജനത്തിന് സ്വതവേതന്നെ ഒരു കുറവുണ്ടാകുന്നു, വായിലൂടെ കൂടുതൽ വെള്ളവും അകത്താക്കുന്നു.”
രക്തസ്രവം ഉണ്ടാകുകയാണെങ്കിൽ രക്തപ്പകർച്ച നടത്തുന്നതിനെ ഡോ. മില്ലർ അനുകൂലിക്കുന്നുവെങ്കിലും അദ്ദേഹം ഇങ്ങനെ സമ്മതിക്കുന്നു: “ജീവന്റെ ഉടനടിയുള്ള ഭീഷണി രക്തക്കുറവല്ല, പിന്നെയോ മതിയായ ദ്രാവകവ്യാപ്തം ഇല്ലാത്തതാണ്. . . . പ്രാരംഭഘട്ടത്തിൽ പ്ലാസ്മായിക്കു പകരമുള്ളത് കൊടുക്കുന്നത് സ്വീകാര്യമായ ഒരു മുട്ടുശാന്തിയാണ്, കാരണം അത് രക്തവ്യാപ്തത്തെ പുനഃസ്ഥാപിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികപ്രവണതയെ അനുകരിക്കുന്നു, അതിനെ നേർപ്പിക്കുന്നതിന്റെ ചെലവിൽ.” പ്രൊഫസ്സർ ഗ്വൈററൻ പ്രസ്താവിക്കുന്നു: “പ്ലാസ്മാ [നിണനീർ] ചെയ്യുന്ന അതേ [പരിസഞ്ചരണ] പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പ്ലാസ്മായുടെ വിവിധ പകരദ്രാവകങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.”
ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്ന ചുവന്ന കോശങ്ങളുടെ കുറവിനെ പരിഹരിക്കാൻ ശരീരത്തിന് ഒരു സംവിധാനമുണ്ട്. ജീവനുള്ള ശരീരം എന്ന പരമ്പരയിൽനിന്നുള്ള ഒരു റെറലിവിഷൻ ഡോക്കുമെൻററിയായ “അപകടം” വിശദീകരിച്ചതുപോലെ “സാധാരണഗതിയിൽ നമ്മുടെ അസ്ഥിമജ്ജ അതിന്റെ മൊത്തമുള്ള പ്രാപ്തിയുടെ 20 ശതമാനം ചുവന്ന കോശങ്ങൾ ഉല്പ്പാദിപ്പിക്കുന്നു. ചുവന്ന രക്തകോശങ്ങൾക്ക് പെട്ടെന്നുള്ള ഒരു ആവശ്യമുണ്ടാകുകയാണെങ്കിൽ നമുക്ക് ഉൽപ്പാദന നിരക്ക് ഏതാണ്ട് അഞ്ചുമടങ്ങ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണതിന്റെ അർത്ഥം.”
ഒരു അപകടം സംഭവിക്കുകയാണെങ്കിൽ, നമുക്ക് ഈ അന്തർനിർമ്മിതസംവിധാനങ്ങൾ ഉള്ളതിൽ നാം എത്ര നന്ദിയുള്ളവരായിരിക്കണം. മററു സംവിധാനങ്ങൾ മാരകങ്ങളായ രോഗാണുക്കളുടെ ഭീഷണിയിൽനിന്ന് നമ്മെ രക്ഷിക്കുന്നു.
നിങ്ങളുടെ പ്രതിരക്ഷാവ്യവസ്ഥ
ചിലപ്പോൾ അപകടകരങ്ങളായ ബാക്ററീറിയാകളോ വൈറസുകളോ ശരീരത്തിൽ പ്രവേശിക്കുകയും നമ്മുടെ ഉള്ളിൽ പെരുകാനിടയാകുകയുംചെയ്യുന്നു. നമുക്ക് പ്രത്യാക്രമണകാരികളുടെ ഒരു വലിയ സമൂഹം—വെള്ള രക്തകോശങ്ങൾ—ഉള്ളതിൽ നന്ദിയുള്ളവരായിരിക്കാൻ കഴിയും, അവ അന്യ ആക്രമണകാരികളെ ആക്രമിച്ചുനശിപ്പിക്കുന്നു. എന്നിരുന്നാലും, സയൻസിന് ഇതുവരെയും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടാത്ത ഒരു അത്ഭുതകരമായ സംവിധാനത്താൽ സാധാരണഗതിയിൽ വെള്ള രക്തകോശങ്ങൾ ആരോഗ്യമുള്ള ശരീരകോശങ്ങളെ ഉപദ്രവിക്കുന്നില്ല.
നിങ്ങൾ റെറലിവിഷന്റെ സഹായത്തോടെ ഈ വിദഗ്ദ്ധ പോരാളികൾ പ്രവർത്തനത്തിലിരിക്കുന്നത്, ഒരു വെളുത്ത കോശം പാഴ്വസ്തുവിനെ ആവരണംചെയ്യുന്നതു നിരീക്ഷിക്കുന്നത് വിസ്മയജനകമാണ്, എന്നാൽ ഒന്ന് വൈറസ് ബാധിച്ച ഒരു സഹശരീരാംഗത്തെ പരിശോധിക്കുന്നതും പിന്നീട് ഒരു സഹപ്രവർത്തകന്റെ സഹായത്തോടെ ആക്രമണകാരിയെ കൊല്ലുന്നതും നിരീക്ഷിക്കുന്നത് അതിലും ഭയാദരവുണർത്തുന്നതാണ്. അങ്ങനെ രോഗബാധ തടയപ്പെടുന്നു.
ഒരു മാരകമായ വൈറസോ വേറെ അന്യ ആക്രമണകാരിയോ ആദ്യമായിട്ടാണ് ആക്രമിച്ചിരിക്കുന്നതെങ്കിൽ അതിനെ നശിപ്പിക്കുന്നതിന് നിങ്ങളുടെ പ്രതിരക്ഷാവ്യവസ്ഥക്ക് ഏതാനും ദിവസങ്ങൾ മതി. ആദ്യമായി ശരിയായ ലസികാണു (ഒരു പ്രത്യേകതരം വെള്ള രക്തകോശം) കണ്ടുപിടിക്കപ്പെടണം. ശരീരത്തിന് ദശലക്ഷക്കണക്കിന് ലസികാണുക്കളിൽനിന്ന് തെരഞ്ഞെടുക്കാൻ കഴിയും; ഓരോന്നും ഒരു പ്രത്യേക വൈറസിനു തുല്യമാകുന്ന ഒരു ആയുധം നിർമ്മിക്കാൻ പ്രാപ്തമാണ്.
ശരിയായ ലസികാണു കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞാൽ അത് ധാരാളമായി ഉൽപ്പാദനം നടത്തുന്നു. ചുരുക്കം ചില ദിവസങ്ങൾകൊണ്ട് രക്തധാര ഈ പോരാളികളെക്കൊണ്ടു നിറയുന്നു. അവ ശത്രുവിനെ പൂട്ടി അതിനെ നശിപ്പിക്കുകയോ ശത്രുവിനെ നിഷ്ക്രിയമാക്കി നാശത്തിനുവേണ്ടി വേർതിരിക്കുന്ന പ്രതിവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയോ ചെയ്യുന്നു. “പ്രതിവസ്തു ഒരു താക്കോൽ ഒരു താഴിൽ കടക്കുന്നതുപോലെ വൈറസ് പ്രതലത്തിലെ തൻമാത്രകളിൽ പററിപ്പിടിക്കുന്നു”വെന്ന് ശരീരയന്ത്രം എന്ന പുസ്തകം പറയുന്നു.
നിങ്ങളുടെ പ്രതിരക്ഷാവ്യവസ്ഥക്ക് മറെറാരു ശ്രദ്ധേയമായ പ്രാപ്തിയുണ്ട്. ഒരിക്കൽ ശരിയായ ആയുധം കണ്ടുപിടിച്ചുകഴിഞ്ഞാൽ അത് ഓർത്തിരിക്കുന്നു. അതിന്റെ അർത്ഥം അതേതരം രോഗാണുക്കളാലുള്ള ഭാവി ആക്രമണമുണ്ടായാൽ പെട്ടെന്ന് പ്രതിവസ്തുക്കൾ നിർമ്മിക്കാൻ കഴിയുമെന്നാണ്. “അഞ്ചാം പനിയോ മുണ്ടിനീരോ ചിക്കനോ പോലെയുള്ള ഒരു കുട്ടിക്കാല രോഗത്തിൽനിന്ന് വിമോചിതനായ ഒരാൾ സാധാരണയായി ഈ രോഗത്തിന്റെ രണ്ടാമത്തെ ആക്രമണത്തിന് വശംവദനല്ല” എന്ന് സൂക്ഷ്മജീവിശാസ്ത്രത്തിന്റെ മൂലപാഠങ്ങൾ എന്ന സയൻസ് പാഠപ്പുസ്തകം വിശദീകരിക്കുന്നു.
ഈ സ്മരണാ സംവിധാനത്തോടൊത്തു പ്രവർത്തിച്ചുകൊണ്ട് വൈദ്യശാസ്ത്രം വളരെയധികം നൻമ ചെയ്തിട്ടുണ്ട്. വാക്സിനേഷൻ പ്രതിരക്ഷാവ്യവസ്ഥ ഒരു വ്യക്തിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത രോഗങ്ങൾക്കെതിരായുള്ള പ്രതിവസ്തുക്കൾ ഉൽപ്പാദിപ്പിക്കാനിടയാക്കുന്നു. തൻമൂലം കുട്ടികൾ ചില രോഗങ്ങളിൽനിന്നുള്ള പ്രതിരക്ഷ നേടുന്നു. എന്നാൽ ചില രോഗങ്ങൾ അവയെ നിയന്ത്രിക്കാനുള്ള മമനുഷ്യന്റെ ശ്രമങ്ങൾക്ക് വെല്ലുവിളിയുയർത്തുന്നു.
“പ്രതിവസ്തുക്കളെക്കുറിച്ചുള്ള കൂടിയ ഗ്രാഹ്യം കാൻസറും ഹേഫിവറും പോലുള്ള ചില രോഗങ്ങളുടെ മെച്ചമായ നിയന്ത്രണത്തിലേക്കു നയിച്ചേക്കാം” എന്ന് സൂക്ഷ്മജീവിശാസ്ത്രത്തിന്റെ മൂലപാഠങ്ങൾ എന്ന പുസ്തകം പ്രസ്താവിക്കുന്നു. അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “സകലരുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്താനും ആയുസ്സിനെ ദീർഘിപ്പിക്കാനും പ്രതിരക്ഷാപ്രവർത്തനത്തിന്റെ ഊർജ്ജിതത്തെ വാർദ്ധക്യത്തിലേക്ക് എങ്ങനെ വ്യാപിപ്പിക്കാമെന്നുള്ളതു സംബന്ധിച്ച് ഭാവിഗവേഷണം വർദ്ധിച്ച ഉൾക്കാഴ്ച ഉളവാക്കേണ്ടതാണ്.” എന്നിരുന്നാലും ഈ പാഠപ്പുസ്തകം പ്രസിദ്ധപ്പെടുത്തിയ വർഷമായ 1981-ൽ ആർജ്ജിത പ്രതിരക്ഷാ ശോഷണ രോഗം (എയ്ഡ്സ്) തിരിച്ചറിയപ്പെട്ടു. പേർ സൂചിപ്പിക്കുന്നതുപോലെ, എയ്ഡ്സ് വൈറസ് ശരീരത്തിന്റെ പ്രതിരക്ഷാവ്യവസ്ഥയുടെ ഒരു ഭാഗത്തെ ആക്രമിക്കുകയും രോഗിയെ ചില രോഗങ്ങൾക്കെതിരെ സംരക്ഷണമില്ലാതെ വിടുകയും ചെയ്യുന്നു.
നിങ്ങൾ ഒരു വൈപരീത്യം കാണുന്നുവോ? തീർച്ചയായും മനുഷ്യശരീരം ജീവനോടെ നിലനിൽക്കാനാണ് നിർമ്മിക്കപ്പെട്ടത്. അത് അത്ഭുതകരമായ ഒരു വിധത്തിൽ പ്രതിരോധിക്കുകയും കേടുപോക്കുകയും സ്വയം പുതുക്കുകയുംചെയ്യുന്നു. എന്നിരുന്നാലും ഒരു കുറവുണ്ട്. എയ്ഡ്സ് പോലുള്ള ചില രോഗങ്ങൾക്ക് ബൈബിൾ തത്വങ്ങൾ അനുസരിക്കുന്നതിനാൽ നിവാരണം കാണാൻ കഴിയും. (പ്രവൃത്തികൾ 15:28, 29; 2 കൊരിന്ത്യർ 7:1) എന്നാൽ ശ്രദ്ധാപൂർവകമായ മുൻകരുതലുകൾ സ്വീകരിക്കുന്ന ആളുകൾക്കുപോലും കാൻസർപോലുള്ള മററു രോഗങ്ങൾ പിടിപെടുന്നുണ്ട്. ഇതെന്തുകൊണ്ടാണ്? മനുഷ്യൻ മരിക്കാനാണോ, അതോ ജീവിക്കാനാണോ സൃഷ്ടിക്കപ്പെട്ടത്? ഉണരുക!യുടെ ഡിസംബർ ലക്കത്തിൽ ഈ ചോദ്യത്തിന് ഉത്തരം നൽകപ്പെടും. (g88 8/8)
[അടിക്കുറിപ്പുകൾ]
a ബൈബിൾ ഭാഷാന്തരങ്ങളിൽ നെഫെഷ് എന്ന എബ്രായപദം വിവിധവിധങ്ങളിൽ വിവർത്തനംചെയ്യപ്പെടുന്നു, ചിലപ്പോൾ “ദേഹി” എന്നും ചിലപ്പോൾ “ജീവി” എന്നും ചിലപ്പോൾ “ജീവൻ” എന്നും അല്ലെങ്കിൽ മറെറാരു പദവും. പുതിയലോകഭാഷാന്തരം പരസ്പരയോജിപ്പോടെ “ദേഹി” എന്ന് അതു വിവർത്തനം ചെയ്യുന്നു.
[16-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഉൾനാക്ക് നിങ്ങളുടെ ശ്വാസകോശങ്ങളെ സംരക്ഷിക്കുന്ന അനേകം സംവിധാനങ്ങളിലൊന്നാണ്
ഉൾനാക്ക് തുറന്നത്
ഉൾനാക്ക് അടഞ്ഞത്
ശ്വാസനാളി
ഇസോഫാഗസ് (അന്നനാളം)
[17-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
രക്തക്കുഴലുകളുടെ ഒരു വ്യൂഹം ഓരോ ശരീരരോമത്തിന്റെയും ചുവട്ടിലേക്ക് നയിക്ക പ്പെടുന്നു
രോമപുടകം—
—രക്തക്കുഴൽ
[18-ാം പേജിലെ ചിത്രം]
കണക്കാക്കപ്പെട്ട പ്രകാരം മിനിററിൽ മുന്നൂറുകോടി കോശങ്ങൾ നിർമ്മിച്ചുകൊണ്ട് ശരീരം അതിനെത്തന്നെ പുതുക്കുന്നു
ഒരു കോശത്തിന്റെ പരിച്ഛേദം
[19-ാം പേജിലെ ചിത്രം]
രോഗത്തോടു പോരാടുന്ന ഒരു പ്രതിരക്ഷാവ്യവസ്ഥസഹിതമാണ് നാം ജനിച്ചിരിക്കുന്നത്