ആദിമക്രിസ്ത്യാനിത്വം ഒരു യാദൃച്ഛിക സംഗതിയായിരുന്നില്ല
ഒന്നാം നൂററാണ്ടിൽ ധാരാളം ദൈവങ്ങളുണ്ടായിരുന്നു, ഓരോ അഭിരുചിക്കും ഒത്ത ദൈവങ്ങൾ ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തിലെ പൗരൻമാർ സഹായത്തിനും സംരക്ഷണത്തിനുംവേണ്ടി ദൈവങ്ങളെയും ദേവികളെയും ആശ്രയിച്ചിരുന്നു.
കൂബാ നവജാതശിശുവിനെ പരിപാലിച്ചു, ഓസിപ്പഗോ പിച്ചവെക്കുന്നവന്റെ അസ്ഥികളെ ബലപ്പെടുത്തി. അഡിയോണാ അവന്റെ ആദ്യ ചുവടുകളെ നയിച്ചു, ഫാബുലിനസ് അവനെ സംസാരിക്കാൻ പഠിപ്പിച്ചു. യുദ്ധത്തിൽ അവൻ മാഴ്സിനാൽ സംരക്ഷിക്കപ്പടും. അവൻ രോഗബാധിതനായിത്തീരുനോൾ ഈസ്കിലാപ്പിയസ് അവനെ ശുശ്രൂഷിക്കും. അവൻ മരിക്കുമ്പോൾ അവനെ അധോലോക ദൈവമായ ഓർക്കസ് കാക്കും.
ഓരോ പ്രമുഖ നഗരത്തിനും ഗോത്രത്തിനും അതിന്റെ പരിത്രാണകദൈവത്തെക്കുറിച്ച് അഭിമാനിക്കാൻ കഴിയുമായിരുന്നു. ഒരു ദൈവാവതാരമായിത്തന്നെ പരിഗണിക്കപ്പെട്ടിരുന്ന റോമൻ ചക്രവർത്തിക്ക് ദിവസേന ധൂപം അർപ്പിക്കപ്പെട്ടിരുന്നു. പൗരസ്ത്യദൈവങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു, മിത്രാസിന്റെയും ഐസിസിന്റെയും ഓസിറിസിന്റെയും ബഹുമാനാർത്ഥം ക്ഷേത്രങ്ങൾ കെട്ടിപ്പടുത്തിരുന്നു. അദൃശ്യനായ സർവശക്തനാം ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെട്ട യഹൂദൻമാർ പോലും ആശയററ വിധം നിരവധി മതവിഭാഗങ്ങളായി പിരിഞ്ഞിരുന്നു.
ചരിത്രത്തിലെ ആ ഘട്ടത്തിൽ, ആ മതവ്യാമിശ്രതക്കു മദ്ധ്യേതന്നെ, യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടു. അവൻ പുതിയ ഒന്ന്, വർഗ്ഗീയവും ദേശീയവുമായ വ്യത്യാസങ്ങൾക്കതീതമായ ഒരു പുതിയ സാർവത്രികമതം, പഠിപ്പിച്ചു; സർവശക്തനാം ദൈവത്തെക്കുറിച്ചുള്ള സത്യത്തിൽ, അന്ധവിശ്വാസത്തിന്റെയും വ്യാജത്തിന്റെയും അടിമത്വത്തിൽനിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുന്ന സത്യത്തിൽ, അധിഷ്ഠിതമായ ഒരു മതമായിരുന്നു അത്. (യോഹന്നാൻ 8:32) അവൻ പീലാത്തോസിനോടു വിശദീകരിച്ചതുപോലെ, “ഇതിനായി ഞാൻ ജനിച്ചു, ഇതിനായി ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നു, ഞാൻ സത്യത്തിന് സാക്ഷ്യംവഹിക്കേണ്ടതിനുതന്നെ.” (യോഹന്നാൻ 18:37) അവൻ ഈ വമ്പിച്ച വേല നിർവഹിച്ചതെങ്ങനെയായിരുന്നു?
“ആത്മാവിൽ ദരിദ്രരായവ”രോട് പ്രസംഗിക്കൽ
വലിയ തോതിൽ അടിസ്ഥാനപരമായി രണ്ടു തരം മതപരിവർത്തനം നടക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് ബഹുജനത്തെ സുവിശേഷീകരിക്കുകയും അനന്തരം സാധാരണക്കാരിൽനിന്ന് മേലോട്ട് നീങ്ങുകയുംചെയ്യുക. മറെറാന്ന് കുലീനരെ, കുലീനരുടെ തലപ്പത്തുള്ള വ്യക്തികളെപ്പോലും ലാക്കുവെക്കുക, അനന്തരം അധികാരത്താലോ ബലപ്രയോഗത്താലോ താഴേക്കിടയിലുള്ളവരിലേക്കു നീങ്ങുക. കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും ഓർത്തഡോക്സ് സഭക്കാരും വളരെ അനുകൂലിക്കുന്ന രണ്ടാമത്തെ രീതി യേശുവും അവന്റെ അനുഗാമികളും ആലോചിട്ടുള്ളതുപോലുമായിരുന്നില്ല.
തന്റെ പരസ്യശുശ്രൂഷയുടെ ആരംഭത്തിൽതന്നെ താൻ “ആത്മാവിൽ ദരിദ്രരായ”വരിലേക്ക്, അഥവാ അക്ഷരീയമായി “ആത്മാവിനുവേണ്ടി യാചിക്കുന്നവരി”ലേക്ക് തന്റെ ശ്രദ്ധതിരിക്കാൻ പോകുകയാണെന്ന് യേശു വിശദീകരിച്ചു. ഇവരായിരുന്നു നീതിക്കുവേണ്ടി വിശക്കുന്നവർ, തങ്ങളുടെ “ആത്മീയാവശ്യം സംബന്ധിച്ചു ബോധമുള്ളവർ.”—മത്തായി 5:3, കിംഗ് ജയിംസ് വേർഷൻ; ന്യൂവേൾഡ് ട്രാൻസേഷ്ളൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
അങ്ങനെ, യേശുവിന്റെ അപ്പോസ്തലൻമാർ ഒരു പ്രസംഗപ്രസ്ഥാനം കഴിഞ്ഞു മടങ്ങിവന്നപ്പോൾ ക്രിസ്തു ഇങ്ങനെ പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, നീ ഈ കാര്യങ്ങൾ ജ്ഞാനികളും ബുദ്ധിമാൻമാരുമായവരിൽനിന്നു മറച്ച് അവയെ ശിശുക്കൾക്കു വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഞാൻ പരസ്യമായി നിന്നെ സ്തുതിക്കുന്നു.” (മത്തായി 11:25) അവന്റെ പ്രസംഗവേലയുടെ സിംഹഭാഗവും പരീശൻമാരുടെയും യഹൂദ കുലീനൻമാരുടെയും ശക്തികേന്ദ്രമായിരുന്ന യഹൂദ്യയിലല്ല, പിന്നെയോ എളിയ മീൻപിടുത്തക്കാരുടെയും കർഷകരുടെയും നാടായിരുന്ന ഗലീലയിലാണ് നടത്തപ്പെട്ടത്.
യേശുതന്നെ നസറേത്തിൽനിന്നാണ് വന്നത്, അത് പ്രാധാന്യമുള്ള ഒരുത്തരെയും ഒരിക്കലും ഉളവാക്കിയിട്ടില്ലാത്ത ഒരു അറിയപ്പെടാത്ത ഗ്രാമമായിരുന്നു. “നസറേത്തിൽനിന്ന് എന്തെങ്കിലും നൻമ വരാൻ കഴിയുമോ?” എന്ന് നഥനയേൽ പറഞ്ഞു. (യോഹന്നാൻ 1:46) എന്നാൽ അവന് ഒരു തുറന്ന മനസ്സുണ്ടായിരുന്നതുകൊണ്ട് അവൻ കേട്ടതും കണ്ടതും ഈ പ്രാദേശിക മുൻവിധിയെ തരണംചെയ്യാൻ അവനെ പ്രാപ്തനാക്കി. മറിച്ച്, “ഭരണാധികാരികളിലോ പരീശൻമാരിലോ ആരുംതന്നെ അവനിൽ വിശ്വാസമർപ്പിച്ചിട്ടില്ല, ഉണ്ടോ? എന്ന് ഗർവിഷ്ഠരായ പരീശൻമാർ വീമ്പിളക്കി.—യോഹന്നാൻ 7:48.
ക്രിസ്തീയവിശ്വാസം യാദൃച്ഛികതക്ക് വിടപ്പെട്ടിരിക്കുന്നില്ല
ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും മനസ്സിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയെന്നതായിരുന്നു യേശുവിന്റെ ലക്ഷ്യം. അർഹതയുള്ള വ്യക്തികളെ അന്വേഷിച്ചു കണ്ടുപിടിക്കാനും അവരാഗ്രഹിക്കുന്നുവെങ്കിൽ അവർ ആത്മാർത്ഥതയുള്ള വിശ്വാസികളായിത്തീരുന്നതുവരെ ദീർഘമായി അവരുടെ വീടുകളിൽ കഴിയാനും അവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചു. ക്രിസ്തുവിന്റെ ഉപദേശം ശ്രദ്ധിച്ച ഒരു ശമര്യഗ്രാമത്തിലെ ചിലർ പറഞ്ഞു: “ഞങ്ങൾതന്നെ കേട്ടിരിക്കുന്നു, തീർച്ചയായും ഈ മനുഷ്യൻ ലോകത്തിന്റെ രക്ഷിതാവാകുന്നുവെന്ന് ഞങ്ങൾക്കറിയാം.”—യോഹന്നാൻ 4:42.
ക്രിസ്ത്യാനിത്വത്തിന്റെ ഓരോ പുതുവിശ്വാസിയും താൻ കേട്ട കാര്യങ്ങൾ ശ്രദ്ധിക്കുകയും വിചിന്തനംചെയ്യുകയും ചെയ്തശേഷം യുക്തിപൂർവകമായ ഒരു തീരുമാനം ചെയ്യേണ്ടതുണ്ടായിരുന്നു. എതിർപ്പിനെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നതുകൊണ്ട് അയാൾക്ക് ഒരു ഉറച്ച ബോദ്ധ്യം ആവശ്യമായിരുന്നു. ആദിമശിഷ്യൻമാരെല്ലാം സിനഗോഗിൽനിന്ന് ബഹിഷ്ക്കരിക്കപ്പെട്ടിരുന്നു. അതിന്റെ അർത്ഥം പ്രാദേശിക സമുദായത്താൽ ഭ്രഷ്ടാക്കപ്പെടുമെന്നായിരുന്നു.
കൂടാതെ, ഓരോ ശിഷ്യനും പുതുതായി കണ്ടെത്തിയ തന്റെ വിശ്വാസത്തിനുവേണ്ടി വാദിക്കാനും അതു മററുള്ളവർക്കു പങ്കുവെക്കാനും കടപ്പാടു തോന്നിയിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ രണ്ടാം നൂററാണ്ടിലെ ഒരു നിരൂപകനായിരുന്ന സെൽസസ് “തൊഴിലാളികളും ഷൂ നിർമ്മാതാക്കളും കൃഷിക്കാരും ഏററവും അജ്ഞരും പ്രാകൃതരുമായ മനുഷ്യരും സുവിശേഷത്തിന്റെ തീക്ഷ്ണതയുള്ള പ്രസംഗകരായിരിക്കുന്നതിനെ” പരിഹാസവിഷയമാക്കി.—യോഹന്നാൻ 9:24-34 താരതമ്യപ്പെടുത്തുക.
മതപരിവർത്തനത്തിന്റെ ഈ രീതിയും ഒപ്പം പുതുവിശ്വാസികളുടെ മതപരിവർത്തന തീക്ഷ്ണതയും ക്രിസ്ത്യാനിത്വത്തിന്റെ സത്വര വ്യാപനത്തിൽ കലാശിച്ചു. പെട്ടെന്നുതന്നെ അത് ഒരു പ്രാദേശിക മതമല്ല, പിന്നെയോ ഒരു സാർവദേശീയ മതമായിത്തീർന്നു. യേശു തന്റെ അനുഗാമികളോട് “ഭൂമിയുടെ അതിവിദൂര ഭാഗത്തോളം” പ്രസംഗിക്കാൻ പ്രത്യേകം പറഞ്ഞിരുന്നു.—പ്രവൃത്തികൾ 1:8.
ദൈവോദ്ദേശ്യപ്രകാരം ആദ്യ ശിഷ്യൻമാർ യഹൂദൻമാരായിരുന്നു, പ്രാരംഭ മതപരിവർത്തനങ്ങൾ യഹൂദൻമാരുടെ ഇടയിലുമായിരുന്നു. യരൂശലേം കേന്ദ്രമായിത്തീർന്നു, അവിടെയാണ് ഇളംസഭയെ നയിക്കാൻ അപ്പോസ്തലൻമാർ കൂടിവന്നത്. ഇതു നിമിത്തം ക്രിസ്ത്യാനികൾ മിക്കപ്പോഴും ഒന്നാം നൂററാണ്ടിലെ ആളുകളാൽ യഹൂദൻമാരായി താറടിക്കപ്പെട്ടിരുന്നു, യഹൂദൻമാർ ക്രിസ്ത്യനികളുടെ ഏററവും വീറുള്ള പീഡകരായിരുന്നിട്ടും. ഒരു റോമൻ ചരിത്രകാരൻ ദ്രോഹകരമായ ഒരു അന്ധവിശ്വാസമെന്ന നിലയിൽ ക്രിസ്ത്യാനിത്വത്തെ എഴുതിത്തള്ളിയിരുന്നു.
ആദ്യത്തെ യഹൂദേതരനെ സ്നാപനപ്പെടുത്തുന്നതിനു മുമ്പ് പത്രോസ് ഇങ്ങനെ പ്രഖ്യാപിച്ചു: “ദൈവം പക്ഷപാതിത്വമുള്ളവനല്ല, എന്നാൽ ഏതു ജനതയിലും ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവൻ അവനു സ്വീകാര്യനാണെന്ന് തീർച്ചയായും ഞാൻ ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) അങ്ങനെ, അചഞ്ചലമായ വിശ്വാസത്താൽ ജ്വലിപ്പിക്കപ്പെട്ട ക്രിസ്ത്യാനിയുടെ തീക്ഷ്ണത റോമൻസാമ്രാജ്യത്തിലാസകലം ക്രിസ്തുവിന്റെ സന്ദേശമെത്തിച്ചു. ഈ ക്രിസ്ത്യാനികളെ പീഡനത്തിന് നിർമ്മാർജ്ജനംചെയ്യാൻ കഴിഞ്ഞില്ല. തങ്ങൾ തെരഞ്ഞെടുത്ത ഈ മതത്തെ നിരസിക്കുകയില്ലാഞ്ഞതുകൊണ്ട് അനേകർ മരിച്ചു. അവരുടെ ഉൽസാഹവും അർപ്പണബോധവും 20-ാം നൂററാണ്ടിലെ വിരക്തിയിൽനിന്ന് തീർത്തും വ്യത്യസ്തമാണ്.
വിശ്വാസത്തിന്റെ കാര്യത്തിൽ താരതമ്യേന ചുരുക്കം ചിലരേ ബോധപൂർവകമായ ഒരു തീരുമാനമെടുത്തിട്ടുള്ളുവെന്നതായിരിക്കാമോ ഈ ആത്മാവില്ലാത്തതിന്റെ കാരണം? മതം ഇപ്പോഴും നിങ്ങൾക്കു പ്രധാനമാണെങ്കിൽ അടുത്ത ലേഖനം ഗൗരവമായി പരിചിന്തിക്കരുതോ? (g88 8/8)
[6-ാം പേജിലെ ചിത്രങ്ങൾ]
പുരാതന റോമാ യുദ്ധദേവനായ മാഴ്സ്, മുഖ്യറോമൻ ദൈവമായ ജൂപ്പിററർ, ഔഷധദേവനായ ഈസ്കുലാപ്യസ് എന്നിങ്ങനെ അനേകം ദൈവങ്ങളെ ആരാധിച്ചു
മാഴ്സ്
[കടപ്പാട്]
Drawing based on Mansell Collection
ജൂപ്പിററർ
[കടപ്പാട്]
Drawing based on a display, British Museum
ഈസ്കുലാപ്യസ്
[കടപ്പാട്]
Drawing based on a display, National Archaeological Museum, Athens