നിങ്ങളുടെ ജൻമസ്ഥലം നിങ്ങളുടെ മതം ഏതെന്നു നിശ്ചയിക്കണമോ?
നിങ്ങളുടെ സംസാരരീതിയും നിങ്ങളുടെ ഭക്ഷണരീതിയും നിങ്ങളുടെ വസ്ത്രധാരണരീതിയും ഉറക്കത്തിന്റെ രീതിയും—ഇതെല്ലാം മാത്രമല്ല ഇതിലധികവും നിങ്ങളുടെ ജൻമസ്ഥലത്തെ ആശ്രയിച്ചിരിക്കാം. നാം അതിനെക്കുറിച്ച് അറിയാതിരുന്നേക്കാമെങ്കിലും നമ്മുടെ വേരുകൾ നമ്മുടെ ആചാരങ്ങളെയും നമ്മുടെ ചിന്തയെയും നമ്മുടെ വിശ്വാസങ്ങളെയും കരുപ്പിടിപ്പിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലുടനീളം നമ്മെ ബാധിക്കുന്നു.
ഒരു സ്പെയിൻകാരിയായ മേരിയാ കത്തോലിക്കാ സ്പെയിനിൽ ജനിച്ചതുകൊണ്ട് ഒരു കത്തോലിക്കാവിശ്വാസിയാണ്. മാർട്ടിൻ ഉത്തരജർമ്മനിയിലെ ല്യൂബെക്കിൽ ജനിച്ചതുകൊണ്ട് ഒരു ലൂഥറൻ പ്രോട്ടസ്ററൻറുകാരനാണ്. അബ്ദുല്ലാം വെസ്ററ് ബേറൂട്ടിലാണ് ജനിച്ചത്, അതുകൊണ്ട് അയാൾ ഒരു മുസ്ലീമാണ്.
ഇന്ന്, അവർ മററു ദശലക്ഷങ്ങളോടൊപ്പം തങ്ങളുടെ യഥാക്രമ മതങ്ങളോടു പററിനിൽക്കുന്നു. ആളുകൾ മിക്കപ്പോഴും തങ്ങളുടെ മതത്തിന് ഭൂമിശാസ്ത്രത്തോടും ചരിത്രത്തിന്റെ സവിശേഷതകളോടും കടമ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അവരറിയാതെതന്നെ, അവരുടെ മതം നൂററാണ്ടുകൾക്കു മുമ്പ് ഒരു രാഷ്ട്രീയ ഭരണാധികാരിയാൽ നിർണ്ണയിക്കപ്പെട്ടിരിക്കാം.
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്ററിലുള്ള ഒരു ഗ്രാമത്തിൽ ജനിച്ച ലിസററിന്റെ കാര്യത്തിൽ സത്യമിതായിരുന്നു. അവൾ ഒരു ലൂഥറനായി സ്നാപനമേററു, എന്തുകൊണ്ടെന്നാൽ അവളുടെ ഗ്രാമത്തിന്റെ ആ ഭാഗത്ത് എല്ലാവരും തലമുറകളായി ഒരു പ്രോട്ടസ്ററൻറുകാരനായ ഡ്യൂക്ക് ഓഫ് വേർട്ടംബർഗ്ഗിന്റെ വിശ്വസ്തപ്രജകളാണ്. അവൾ റോഡിനു താഴെ അൽപ്പം ദൂരെ മാറി ജനിച്ചിരുന്നെങ്കിൽ അവൾ ഒരു കടുത്ത കത്തോലിക്കാവിശ്വാസിയായിരിക്കുമായിരുന്നു, എന്തുകൊണ്ടെന്നാൽ ഗ്രാമത്തിന്റെ ആ ഭാഗം ഒരു കത്തോലിക്കാ ഭരണാധികാരിയുടെ ഭരണപ്രദേശമായിരുന്നു.
ഈ കൃത്രിമ മതാതിർത്തികൾ 16-ാം നൂററാണ്ടുമുതലുള്ളതാണ്. മതപരമായ അക്രമാസക്ത പ്രക്ഷുബ്ധതയുടെ സുദീർഘ കാലഘട്ടത്തിനുശേഷം ഓരോ രാജകുമാരനും തന്റെ ഭരണപ്രദേശത്തെ മതം ഏതെന്ന് നിർണ്ണയിക്കണമെന്ന് യോജിപ്പിലെത്തി. ആളുകൾക്ക് യോജിക്കാൻ കഴിയാത്തതിനാൽ രാജാവ് തീരുമാനിക്കണമെന്നായിരുന്നു വാദഗതി.
തുടർച്ചയായി വന്ന ഭരണാധികാരികൾ മതം മാറിയപ്പോൾ ചില നിർഭാഗ്യവാൻമാരായ ഗ്രാമീണർ മതപരമായ ഒരു ഊഞ്ഞാലാട്ടത്തിൽ പെട്ടിരിക്കുന്നതായി കണ്ടെത്തി. മററു പട്ടണങ്ങൾ മതപരമായി സ്വേച്ഛാപൂർവം വിഭജിക്കപ്പെട്ടിരുന്നു, എന്തുകൊണ്ടെന്നാൽ പ്രാദേശിക അതിര് പട്ടണത്തിലൂടെയാണ് കടന്നുപോയത്
എല്ലാ ഭരണാധികാരികളും മതപരമായ കാരണങ്ങളാലല്ല പ്രോട്ടസ്ററൻറുകാരോടു ചേർന്നത്. ഇംഗ്ലണ്ടിലെ ഹെൻട്രി VIII-ാമൻ നേരത്തെ കത്തോലിക്കാമതത്തിന്റെ ഒരു പ്രമുഖ പിന്തുണക്കാരനായിരുന്നു, അയാൾക്ക് തന്റെ ആദ്യഭാര്യയിൽനിന്നുള്ള ഒരു വിവാഹമോചനം അനുവദിക്കാൻ പാപ്പാ വിസമ്മതിച്ചപ്പോൾ അയാൾ മുഷിഞ്ഞു. അയാളുടെ പരിഹാരം ലളിതമായിരുന്നു. അയാൾ റോമുമായി തെററിപ്പിരിയുകയും തന്നേത്തന്നെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനാക്കുകയും ചെയ്തു. അയാളുടെ പ്രജകൾ കർത്തവ്യബോധത്തോടെ തന്നോടു ചേരാൻ പ്രതീക്ഷിക്കപ്പെട്ടു. ഒടുവിൽ അവരിൽ മിക്കവരും അങ്ങനെ ചെയ്തു.
ചിലപ്പോഴൊക്കെ, മുഴു രാജ്യങ്ങളും വിദേശ ആക്രമണകാരികൾക്കു പിന്നാലെ അടുത്തുതന്നെ എത്തിയ മിഷനറിമാരാൽ “പരിവർത്തനംചെയ്യ”പ്പെട്ടു. മെക്സിക്കോയിൽ ആദ്യത്തെ ഫ്രാൻസിസ്ക്കൻ സന്യാസിമാർ സ്പാനീഷ് ജയിച്ചടക്കലിനുശേഷം ചുരുക്കം ചില വർഷങ്ങൾ കഴിഞ്ഞ് വന്നെത്തി. അവർ 30 വർഷംകൊണ്ട് അമ്പതുലക്ഷം നാട്ടുകാരെ സ്നാപനപ്പെടുത്തിയതായി അവകാശപ്പെട്ടു, അവർ ആദ്യം നാട്ടുഭാഷകൾ സംസാരിച്ചിരുന്നില്ലെങ്കിലും. ഈ ദേശീയ മതപരിവർത്തനം “ശക്തിയുടെയും ക്രൂരതയുടെയും മൌഢ്യത്തിന്റെയും അത്യാഗ്രഹത്തിന്റെയും ഒരു അസാധാരണ സങ്കലന”മെന്ന് ഒരു ചരിത്രകാരനാൽ വർണ്ണിക്കപ്പെട്ടു, “അതിന് വല്ലപ്പോഴുമുള്ള ഭാവനയുടെയും ദാന ധർമ്മത്തിന്റെയും ഒളിമിന്നലിനാൽ പരിഹാരം വരുത്തപ്പെട്ടിരുന്നു.” അന്നത്തെ യൂറോപ്യൻ ശക്തികൾ മതപരമായും രാഷ്ട്രീയമായും ലോകത്തെ വെട്ടിമുറിച്ചിരുന്നു.
നൂററാണ്ടുകൾക്കു മുമ്പ്, വടക്കേ ആഫ്രിക്കയിലെയും മദ്ധ്യപൂർവദേശത്തെയും ഏഷ്യയിലെ വലിയ പ്രദേശങ്ങളുടെയും മുസ്ലീം ജയിച്ചടക്കലുകൾ ഈ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷമാളുകളും മുസ്ലീങ്ങളാകുന്നതിലേക്കു നയിച്ചു.
ഇന്ന് മനുഷ്യവർഗ്ഗത്തിന്റെ മതപരമായ വിഭാഗങ്ങൾക്കുള്ള ചരിത്രപരമായ കാരണങ്ങൾ ഏറെയും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്; എന്നിരുന്നാലും, മിക്ക ആളുകളും തങ്ങളുടെ ജൻമസ്ഥലത്തെ മതത്തിൽ കഴിഞ്ഞുകൂടുന്നു. എന്നാൽ നമ്മുടെ “ഇഷ്ട” മതം യാദൃച്ഛികതക്ക് വിടേണമോ? മതം കേവലം കൈമാറുന്ന ഒന്നായിരിക്കണമോ? അതോ അത് കരുതിക്കൂട്ടിയുള്ള, യുക്തിപൂർവകമായ, തീരുമാനത്തിൽനിന്ന് സംജാതമാകണമോ? ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ ഒരു വീക്ഷണം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നമ്മെ സഹായിക്കും. (g88 8/8)
[4-ാം പേജിലെ ചിത്രം]
ഹെൻട്രി VIII-മൻ ദശലക്ഷങ്ങളുടെ മതം നിശ്ചയിച്ചു