പുരാതന ബൈബിൾ കയ്യെഴുത്തുപ്രതി ശൂന്യാകാശയുഗ സാങ്കേതികവിദ്യയെ നേരിടുന്നു
ചന്ദ്രന്റെയും ചൊവ്വായുടെയും വ്യക്തമായ ഉപരിതല ചിത്രങ്ങൾ എടുക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, കമ്പ്യൂട്ടറിൽ തെളിച്ചെടുക്കൽ, ഒരു പുരാതന ബൈബിൾ കയ്യെഴുത്തുപ്രതിയിലെ മങ്ങിയ എഴുത്തുകൾ ജീവനുള്ളതാക്കുന്നതിന് ഉപയോഗിക്കപ്പെട്ടു.
പ്രസ്തുത കയ്യെഴുത്തുപ്രതി സീനായ്പർവതത്തിന്റെ താഴ്വരയിലുള്ള സെൻറ് കാതെറിൻ ആശ്രമത്തിൽ 1892-ൽ കണ്ടെത്തിയതായിരുന്നു. അത് യേശുവിന്റെ നാളിൽ പൊതുവെ സംസാരിക്കപ്പെട്ടിരുന്ന, അരാമ്യഭാഷയുടെ ഒരു പ്രാദേശികരൂപമായ സുറിയാനിയിലുള്ള നാലു സുവിശേഷങ്ങളുടെ ഒരു ഭാഷാന്തരത്തിന്റെ രണ്ടാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലെയൊ മൂന്നാം നൂററാണ്ടിന്റെ പൂർവാർദ്ധത്തിലെയൊ ഒരു പ്രതിയാണ്. ചില പണ്ഡിതൻമാർ ഈ ഭാഷാന്തരം ഒന്നാം നൂററാണ്ടിന്റെ അവസാനത്തോളം മുമ്പ് തയ്യാറാക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.
വളരെക്കാലത്തേക്ക് അതു വായിക്കുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അത് മായ്ക്കുകയും മുകളിൽ പകരം എഴുതിച്ചേർക്കുകയും ചെയ്ത ഒരു കയ്യെഴുത്തുപ്രതിയായിരുന്നു എന്നതാണ് പ്രശ്നം. ആ ചർമ്മലിഖിതം പിൽക്കാല പകർപ്പെഴുത്തുകാർ മായിച്ചു കളയുകയും ഒരു പുതിയ രേഖ അതിൽ എഴുതിച്ചേർക്കയും ചെയ്തു. എന്നിരുന്നാലും, കാലാന്തരത്തിൽ, മഷിയുടെ അവശിഷ്ടങ്ങളിലെ രാസവസ്തുക്കൾ മൂലത്തിൽ ഉണ്ടായിരുന്നതിന്റെ ഒരു മങ്ങിയ പാട് അവശേഷിപ്പിച്ചിരുന്നു.
ശൂന്യാകാശയുഗ വീണ്ടെടുക്കൽ
ഇവിടെയാണ് കമ്പ്യൂട്ടർ മെച്ചപ്പെടുത്തലിന്റെ സാങ്കേതികവിജ്ഞാനം വരുന്നത്. ആദ്യമായി കയ്യെഴുത്തുപ്രതിയുടെ ഓരോ പേജിന്റെയും ഫോട്ടോ എടുത്തു. അതിനുശേഷം ആ പ്രതിരൂപങ്ങളെ ഡിജിറൈറസ് ചെയ്തു. ഒരു കമ്പ്യൂട്ടർ ഒരു സമയത്ത് ആ പ്രതിരൂപത്തിന്റെ ഒരു ചെറിയ അംശം അപ്രഗഥിക്കയും അതിന്റെ സാന്ദ്രതക്ക് അനുയുക്തമായ ഒരു സംഖ്യ നിയോഗിക്കയും ചെയ്തു. ദൃഷ്ടാന്തത്തിന്, ഒരു വെള്ള പാടിന്—പൂജ്യം സാന്ദ്രത—പൂജ്യം എന്ന സംഖ്യ നിയോഗിച്ചു, ക്രമപ്രവൃദ്ധമായി കൂടുതൽ ഇരുണ്ട പാടുകൾക്ക് കൂടുതൽ ഉയർന്ന സംഖ്യകൾ നിയോഗിച്ചു. ഇതു ചെയ്തതിനാൽ, പ്രതിരൂപത്തിന്റെ ഏതു ഭാഗത്തിനും കേവലം ഒരു പുതിയ സംഖ്യ നിയോഗിച്ചുകൊണ്ട് ആ ഭാഗത്തെ കൂടുതൽ ഇരുണ്ടതൊ തെളിഞ്ഞതൊ ആയി കാണപ്പെടാനിടയാക്കാൻ കഴിയും. അപ്രകാരം മുകളിലെ എഴുത്ത് മങ്ങിക്കുന്നതിനും അടിയിലെ എഴുത്ത് തെളിക്കുന്നതിനും സാദ്ധ്യമായിത്തീർന്നു. അത്തരം ഒരു തെരഞ്ഞെടുക്കൽ പ്രക്രിയയിലൂടെ, നൂററാണ്ടുകളായി ഒളിഞ്ഞുകിടന്നിരുന്നത് അന്തിമമായി വെളിച്ചത്തായി.
എന്താണ് കാണാനുള്ളത്?
ഈ വിപുലമായ പദ്ധതിയാൽ ഗവേഷകർ എന്തു നേടാനാണ് ആശിക്കുന്നത്? തീർച്ചയായും, സുവിശേഷങ്ങളുടെ ഇത്ര പഴക്കമുള്ള ഏതു കയ്യെഴുത്തുപ്രതിയും എപ്പോഴും ബൈബിൾ പണ്ഡിതൻമാർക്ക് അതീവ താൽപ്പര്യമുള്ളതാണ്. ഒരുപക്ഷേ അത് നമുക്കിന്നുള്ള ബൈബിൾ പാഠത്തിൻമേൽ കുറേ പുതിയ വെളിച്ചം വീശിയേക്കാം.
താൽപ്പര്യമുള്ള ഒരു ഭാഗം മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനമാണ്. അത് മർക്കോസ് 16:8 കൊണ്ട് അവസാനിക്കയാണോ, അതൊ അനേക പുരാതന കയ്യെഴുത്തുപ്രതികളിലും കാണപ്പെടുന്നതുപോലെ കൂടുതൽ വാക്യങ്ങൾ ഉണ്ടോ? മർക്കോസ് 16:8 ഒരു പേജിന്റെ ഒടുവിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ നഷ്ടപ്പെട്ട ഒരു പേജിൽ കൂടുതൽ വാക്യങ്ങളുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. കമ്പ്യൂട്ടറിൽ തെളിച്ചെടുത്ത പേജ്, മർക്കോസ് 16:8-നെ ഇടത്തെ കോളത്തിന്റെ മദ്ധ്യത്തിലായി കാണിക്കുന്നു. അതിനുശേഷം ചെറിയ വൃത്തങ്ങളുടെ ഒരു നിരയും തുടർന്ന് ഒരു ചെറിയ ശൂന്യസ്ഥലവും ഉണ്ട്, അതിന്റെ താഴെയായി ലൂക്കോസിന്റെ സുവിശേഷം ആരംഭിക്കുകയും ചെയ്യുന്നു. ഇത് ഈ പുസ്തകം അവസാനിക്കുന്നതെവിടെയാണെന്ന് വ്യക്തമായി കാണിക്കുന്നു. യാതൊരു പേജും വാക്യങ്ങളും നഷ്ടപ്പെട്ടിട്ടില്ല.
പാഠത്തിൽ തിരുവെഴുത്തുപരമായ പഠനത്തിന് സംഭാവന ചെയ്തേക്കാവുന്ന ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മൊത്തത്തിൽ അത്ഭുതങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്, ഒരു നഷ്ടമായിരുന്നില്ല. അത് കേവലം ഇന്നു നമുക്കുള്ള ബൈബിൾ പാഠം മുഖ്യമായി മൂല എഴുത്തുകാർ എഴുതിയിരുന്നതുപോലെതന്നെയുള്ളതാണെന്ന് പ്രകടമാക്കുന്നു. ശൂന്യാകാശ സാങ്കേതികവിദ്യ, യഹോവയാം ദൈവം വിശുദ്ധതിരുവെഴുത്തുകളുടെ മഹാനായ നിശ്വാസകൻ മാത്രമല്ല പിന്നെയൊ അത് കാത്തുസൂക്ഷിക്കുന്നവൻകൂടിയാണെന്ന് കാണിക്കുന്നതിന് ഏകദേശം 19 നൂററാണ്ടുകാലത്തെ വിടവ് അടച്ചു. (g88 5/8)