ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് എങ്ങനെ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കാൻ’ കഴിയും?
‘നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധത്തെ മുറിപ്പെടുത്തത്തക്ക വിധം ചെയ്യുന്ന ഒരു സംഗതി പറയുക.’ ഈ ചോദ്യം 160 ചെറുപ്പക്കാരോട് ചോദിക്കപ്പെട്ടു. ആൺകുട്ടികളുടെ ഏതാണ്ട് 43 ശതമാനം ഇത് “[മാതാപിതാക്കളോട്] ആദരവോടെ പെരുമാറുന്നതിലെ പരാജയം” ആണെന്ന് സൂചിപ്പിച്ചു. പെൺകുട്ടികളിൽ 42 ശതമാനം, അവർ ‘തങ്ങളുടെ പിതാവിനെ അവഗണിച്ചു’ എന്നും 63 ശതമാനം അവർ തങ്ങളുടെ അമ്മയോട് ‘തറുതല’ പറഞ്ഞെന്നും അല്ലെങ്കിൽ മററു രീതികളിൽ അനുസരണമില്ലാഞ്ഞവരും മോശമായി സംസാരിക്കുന്നവരുമായിരുന്നുവെന്നും പറഞ്ഞു. എന്നിരുന്നാലും ഈ ചെറുപ്പക്കാരിൽ അനേകരും തങ്ങളുടെ മാതാപിതാക്കളെ ‘സന്തോഷിപ്പി’ക്കുന്നതിനും അവരുമായി സഹകരിക്കുന്നതിനും തങ്ങൾക്കൊരു കടമയുള്ളതായി വിചാരിക്കുന്നുവെന്ന് സമ്മതിച്ചുപറഞ്ഞു. പക്ഷേ സദുദ്ദേശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ പലപ്പോഴും പരാജയപ്പെട്ടു.
നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ബൈബിൾ കൽപ്പന പിൻപററാൻ നിങ്ങൾ യഥാർത്ഥമായി ആഗ്രഹിച്ചേക്കാമെങ്കിലും നിങ്ങൾ അങ്ങനെ ചെയ്യാത്ത സമയങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്ക് കെണികളൊഴിവാക്കാൻ എങ്ങനെ കഴിയും?—എഫേസ്യർ 6:2.
ശരിയായ മനോഭാവം
നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളെ വീക്ഷിക്കാവുന്ന രണ്ടു വിധങ്ങളുണ്ട്. “അപ്പനെ നിന്ദിക്കുകയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണി”നെപ്പററി സദൃശവാക്യങ്ങൾ 30:17 പറയുന്നു. നേരെ മറിച്ച് സദൃശവാക്യങ്ങൾ 17:6 പറയുന്നു: “പുത്രൻമാരുടെ സൗന്ദര്യം അവരുടെ പിതാക്കൻമാരാണ്.” അതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ മാതാവിനെയോ പിതാവിനെയോ നിന്ദിക്കാനും പരിഹസിക്കാനുമുള്ള ഒരാളായിട്ടോ അല്ലെങ്കിൽ നിങ്ങളുടെ അഭിമാനമോ മഹത്വമോ ആയ ഒരാളായോ വീക്ഷിക്കാൻ കഴിയും. നിങ്ങൾ ആ വ്യക്തിക്ക് ആദരവ് കൊടുക്കുമോ ഇല്ലയോ എന്നത് നിങ്ങൾ സ്വീകരിക്കുന്ന വീക്ഷണത്തെ ആശ്രയിച്ചിരിക്കും.
“ഒരുവന്റെ മാതാപിതാക്കൾ ആദരണീയരല്ലാത്തപ്പോഴെങ്ങനെയാണ് ഒരുവന് ആദരവ് തോന്നുക?” ലൂയീസ് എന്ന ചെറുപ്പക്കാരൻ എഴുതി. അവരുടെ നല്ല ഗുണങ്ങൾ അന്വേഷിക്കുക, അവ വിലമതിക്കുക, അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അതിനുള്ള ഉത്തരം. കുടുംബാംഗങ്ങളോട് വിലമതിപ്പ് കാണിക്കുന്നതാണ് കെട്ടുറപ്പുള്ള ഒരു കുടുംബത്തിന്റെ പ്രമുഖ ഗുണങ്ങളിലൊന്ന് എന്ന് ഗവേഷകരായ നിക്ക് സ്ററിന്നെററും ജോൺ ഡിഫ്രെയിനും കണ്ടെത്തി. “വിലമതിപ്പ് പ്രകടിപ്പിക്കുന്നതിൽ നമുക്ക് പ്രശ്നങ്ങളുള്ളതിന്റെ ഒരു കാരണം ഖനനം ചെയ്യാൻ നാം പഠിച്ചിട്ടില്ല എന്നതാണ്” എന്ന് ബലിഷ്ഠകുടുംബങ്ങളുടെ രഹസ്യം (ഇംഗ്ലീഷ്) എന്ന അവരുടെ പുസ്തകത്തിൽ അവർ വിശദീകരിച്ചു. “സൗത്ത് ആഫ്രിക്കയിൽ വജ്രം ഖനനം ചെയ്യുന്നവർ തങ്ങളുടെ ആയുഷ്ക്കാലമത്രയും ഏതാനും ചില ചെറിയ വജ്രങ്ങൾക്കുവേണ്ടി ആയിരക്കണക്കിന് ടൺ കല്ലും ചെളിയും അരിക്കുന്നു. നമ്മൾ ഒട്ടുമിക്കപ്പോഴും അത്നിന് നേരെ വിപരീതംചെയ്യാൻ പ്രവണത കാട്ടുന്നു. നാം വജ്രങ്ങൾക്കിടയിൽ ചേറിനുവേണ്ടി തെരയുന്നു. നമ്മുടെ കെട്ടുറപ്പുള്ള കുടുംബങ്ങൾ വജ്രം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരാണ്.”
ഓരോ വ്യക്തിക്കും നല്ല ഗുണങ്ങളും നേട്ടങ്ങളുമുണ്ട്. നിങ്ങൾ നല്ലതിനുവേണ്ടി നോക്കുന്നുവെങ്കിൽ നിങ്ങൾ നല്ലതു കണ്ടെത്തും. ‘വജ്രങ്ങൾ കണ്ടെത്തുന്നതിനാൽ’ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനുള്ള കാരണങ്ങൾ നിങ്ങൾക്കു കാണാൻ കഴിയും.
എന്നിരുന്നാലും, നിങ്ങളുടെ മാതാപിതാക്കൻമാരെക്കുറിച്ചുള്ള ഉചിതമായ വീക്ഷണം നിങ്ങളെക്കുറിച്ചുതന്നെയുള്ള ഒരു ഉചിതമായ വീക്ഷണത്തോടെ തുടക്കമിടുന്നു. നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ നല്ല വിചാരമില്ലെങ്കിൽ മറെറാരാളെക്കുറിച്ചു നല്ലതു തോന്നുക പ്രയാസമായിരിക്കും. അപ്പോസ്തലനായ പൗലോസ് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “തന്റെ യഥാർത്ഥ മൂല്യത്തിലുപരി തന്നേക്കുറിച്ചുതന്നെ വിലയിരുത്താതെ തന്നെക്കുറിച്ചുതന്നെ സുബോധപൂർവം വിലയിരുത്താൻ നിങ്ങളിലോരോരുത്തരോടും ഞാൻ പറയും.”—റോമർ 12:3, ചാൾസ് ബി. വില്യംസ്.
നിങ്ങൾ അഹങ്കാരികളായിത്തീരാതിരിക്കണമെങ്കിലും നിങ്ങളുടെ “യഥാർത്ഥ മൂല്യ”ത്തെ അവഗണിക്കുന്ന അങ്ങേയററത്തെ നടപടി ഒഴിവാക്കുക. നിങ്ങളുടെ നടത്ത ബൈബിളിൽ ഉറച്ച അടിസ്ഥാനമുള്ളതായിരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ തീരുമാനത്തിൽ ഉറപ്പുണ്ടായിരിക്കാൻ കഴിയും. കാരണം, “യഹോവയുടെ ഓർമ്മിപ്പിക്കൽ വിശ്വാസയോഗ്യമാകുന്നു, പരിചയഹീനനെ ജ്ഞാനിയാക്കുന്നതുതന്നെ.” (സങ്കീർത്തനം 19:7) അങ്ങനെയുള്ള ഉറപ്പ് നിങ്ങൾ അനാദരപൂർവം പ്രവർത്തിക്കാനിടയാക്കുന്നതിൽനിന്ന് മററുള്ളവരെ തടയും.
ആദരപൂർവകമായ സംസാരം
നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൻമാരോട് എന്തു പറയുന്നുവെന്നതിനാലും എങ്ങനെ പറയുന്നുവെന്നതിനാലും അവരോടു ബഹുമാനം കാണിക്കപ്പെടുന്നു. എല്ലാം ശുഭമായിപോകുമ്പോൾ ഇത് സാധാരണയായി പ്രശ്നമല്ല. എന്നാൽ ചില സമയങ്ങളിൽ നിങ്ങളുടെ മാതാപിതാക്കൻമാർ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്തേക്കാം. കൂടാതെ, കൗമാരപ്രായവർഷങ്ങളിൽ അന്ധാളിപ്പിക്കുന്ന അനേകം വികാരങ്ങൾ നിങ്ങൾ നിങ്ങളോടുതന്നെ കുപിതനാകാനിടയാക്കിയേക്കാം. നൈരാശ്യങ്ങൾ, നഷ്ടത്തിന്റെയോ വിശ്വാസവഞ്ചനയുടെയോ തോന്നൽ, ഭയം എന്നിവക്ക് ഒരു വലിയ വൈകാരികഭാരമായിത്തീരാൻ കഴിയും. അങ്ങനെയുള്ള ഭാരിച്ച വ്യസനങ്ങൾ നിമിത്തം നിങ്ങൾ ഇയ്യോബിനെപ്പോലെ പ്രതികരിച്ചേക്കാം, അവൻ ഇങ്ങനെ പറഞ്ഞു: “അതുകൊണ്ടാണ് എന്റെ സ്വന്തം വാക്കുകൾ അനിയന്ത്രിതമായ സംസാരമായിരിക്കുന്നത്.”—ഇയ്യോബ് 6:1-3.
എന്നിരുന്നാലും, “അനിയന്ത്രിതമായ സംസാരം” അനാദരപൂർവകമായിരിക്കാൻ കഴിയും. “ചിലപ്പോൾ ഞാൻ മമ്മിയുമായി ഒരു പ്രശ്നം ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ മമ്മിക്ക് എന്റെ ആശയം മനസ്സിലാകാതെവരുമ്പോൾ എനിക്കു ഭ്രാന്തുപിടിക്കുകയും മമ്മിയെ ദ്രോഹിക്കാൻ മാത്രം വിദ്വേഷത്തിൽനിന്ന് എന്തെങ്കിലും പറയുകയും ചെയ്യും. മമ്മിയെ ദ്രോഹിക്കാനുള്ള എന്റെ വഴി അതായിരുന്നു” എന്ന് 22കാരനായ റോജർ സമ്മതിച്ചുപറഞ്ഞു. എന്നാൽ ഞാൻ മാറിക്കളഞ്ഞാൽ എനിക്ക് വളരെ പ്രയാസംതോന്നുമായിരുന്നു, മമ്മിക്കും ഇഷ്ടപ്പെടുന്നില്ലെന്ന് എനിക്കറിയാമായിരുന്നു.”
തന്റെ ചിന്താശൂന്യമായ വാക്കുകൾ ‘കുത്തി വേദനിപ്പിച്ചതായി’ റോജർ മനസ്സിലാക്കി, എന്നാൽ അത് പ്രശ്നം പരിഹരിച്ചിരുന്നില്ല. “ജ്ഞാനികളുടെ നാവ് ഒരു രോഗശാന്തിയാണ്” എന്ന് ബൈബിൾ പറയുന്നുവെന്ന് അവനറിയാമായിരുന്നു. (സദൃശവാക്യങ്ങൾ 12:18; 15:1) “പ്രയാസമായിരുന്നെങ്കിലും ഞാൻ തിരികെ പോയി ക്ഷമ ചോദിക്കുമായിരുന്നു”വെന്ന് റോജർ വിശദീകരിച്ചു. “യഹോവയുടെ ദൃഷ്ടിയിൽ ചെയ്യേണ്ട ഏററം നല്ല സംഗതി ഇതായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. അപ്പോൾ എനിക്ക് കൂടുതൽ ശാന്തമായി പ്രശ്നം ചർച്ചചെയ്യാൻ കഴിയുമായിരുന്നു, ഞങ്ങൾക്ക് അതു പരിഹരിക്കാനും കഴിഞ്ഞിരുന്നു.” അതെ, ഉചിതമായ ഒരു ക്ഷമായാചനം നിങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാനാഗ്രഹിക്കുന്നുവെന്ന് പ്രകടമാക്കുന്നു.
സാധാരണയായി ചീത്ത സംസാരത്തെ കോപം ആളിക്കത്തിക്കുന്നതുകൊണ്ട് നിങ്ങൾ വിനാശകശക്തിയുള്ള ഈ വികാരത്തെ ഉചിതമായി കൈകാര്യം ചെയ്യാൻ പഠിക്കുന്നത് മർമ്മപ്രധാനമാണ്. “ഒരു ഭോഷൻ തന്റെ കോപത്തെ പൂർണ്ണമായി പ്രകടിപ്പിക്കുന്നു, എന്നാൽ ഒരു ജ്ഞാനിയായ മനുഷ്യൻ തന്നേത്തന്നെ നിയന്ത്രിച്ചുനിർത്തുന്നു” എന്ന് സദൃശവാക്യങ്ങൾ 29:11 പറയുന്നു. (ന്യൂ ഇൻറർനാഷനൽ വേർഷൻ) അങ്ങനെ, നിങ്ങൾ കുപിതനാണെങ്കിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രണാധീനമാകുന്നതുവരെ കാത്തിരിക്കുകയും അനന്തരം ശാന്തമായി സംസാരിക്കാൻ ശ്രമിക്കയും ചെയ്യുക. എന്നാൽ ആദരപൂർവകമായ സംസാരം ‘പത്തുവരെ എണ്ണുന്നതിനേക്കാൾ’ ഉപരി അർത്ഥമാക്കുന്നു.
ഉൾക്കാഴ്ചയുടെ ആവശ്യം
“ഒരു മമനുഷ്യന്റെ ഉൾക്കാഴ്ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു, ലംഘനം അവഗണിക്കുന്നത് അവന്റെ ഭാഗത്ത് ഭൂഷണമാകുന്നു” എന്ന് സദൃശവാക്യങ്ങൾ 19:11 പറയുന്നു. “ഉൾക്കാഴ്ച” എന്നതിന്റെ മൂല എബ്രായ പദം എന്തിന്റെയെങ്കിലും “കാരണത്തെക്കുറിച്ചുള്ള അറിവിലേക്ക്” ശ്രദ്ധയാകർഷിക്കുന്നു. അതുകൊണ്ട് ഉൾക്കാഴ്ച പെട്ടെന്നുണ്ടായ ഏററുമുട്ടലിനതീതമായി നോക്കാൻ ഇടയാക്കും.
ഉദാഹരണത്തിന്, മാതാപിതാക്കളിലൊരാൾ നിങ്ങളെ എവിടെയെങ്കിലും വിടുന്നതിന് വിസമ്മതിക്കുന്നുവെങ്കിൽ ‘എന്റെ മാതാപിതാക്കൻമാർ എന്റെ അത്യുത്തമതാൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണോ? ഞാൻ പോകുന്നില്ലെങ്കിൽ യഥാർത്ഥത്തിൽ അത് എന്തു മാററമായിരിക്കുമുളവാക്കുന്നത്? യഥാർത്ഥത്തിൽ എന്റെ ഗർവ്വൊ അഹന്തയൊ ആണോ മുഖ്യമായി ഉപദ്രവിക്കുന്നത്?’ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക. സാഹചര്യം നിരാശാജനകമായിരിക്കാമെങ്കിലും അതോടെ ലോകം അവസാനിക്കുകയാണോ? ഇതിനെക്കുറിച്ചു വിചിന്തനം ചെയ്തശേഷം നിങ്ങളുടെ സംസാരത്തെ നിയന്ത്രിക്കാനും തിരിച്ചടിച്ചുകൊണ്ട് മോശമായ ഒരു സാഹചര്യത്തെ കൂടുതൽ വഷളാക്കാതാതിരിക്കാനും നിങ്ങൾ നല്ല കാരണങ്ങൾ കണ്ടേക്കാം.—സദൃശവാക്യങ്ങൾ 10:19; 16:23.
ഉൾക്കാഴ്ച ഗ്രാഹ്യം വളർത്തുന്നു, എന്തെന്നാൽ അത് മറെറാരാളുടെ സാഹചര്യങ്ങളെയൊ പശ്ചാത്തലത്തെയൊ കുറിച്ചുള്ള അറിവ് നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. (സദൃശവാക്യങ്ങൾ 21:11) ദൃഷ്ടാന്തത്തിന് ഒരു പെൺകുട്ടി ഇങ്ങനെ വിശദീകരിച്ചു: ‘എന്റെ കുടുംബത്തോടുകൂടെ കഴിയുന്നത് എന്നെ പ്രകോപിതയാക്കുക പതിവായിരുന്നു. എന്നാൽ എന്റെ ഡാഡിന്റെ അമ്മക്ക് തീരെ സുഖമില്ലാതെയായപ്പോൾ ഞങ്ങൾ വല്യമ്മയോടൊത്ത് വളരെ സമയം ചെലവഴിക്കേണ്ടി വന്നു. വല്യമ്മ എന്റെ പിതാവിനോട് ഒരു കുട്ടിയോടെന്നപോലെയാണ് സംസാരിച്ചത്. പിതാവ് എന്റെ പ്രായത്തിലായിരുന്നതായി ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അങ്ങനെ ഡാഡിന്റെ ജീവിതം പ്രയാസമായിരുന്നിരിക്കണമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങി. എന്റെ സ്വാർത്ഥത കുറഞ്ഞതായി തോന്നി. ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ അദ്ദേഹം എന്നോടാവശ്യപ്പെടുമ്പോൾ ഞാൻ അത്രതന്നെ കോപിക്കുന്നില്ല.’
കൂടാതെ ഉൾക്കാഴ്ച ‘ലംഘനങ്ങളെ അവഗണിക്കുന്നതിന്റെ’ ഭൂഷണം കാണാൻ നിങ്ങളെ സഹായിക്കുന്നു. അതെ, നിങ്ങൾക്ക് പരാതിക്ക് ന്യായമായ ഒരു കാരണമുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നെങ്കിൽ പോലും മററുള്ളവരുമായി പൊറുക്കാനും അവരോട് സൗജന്യമായി ക്ഷമിക്കാനും സന്നദ്ധനായിരിക്കുക. (കൊലോസ്യർ 3:13) നിങ്ങൾ ദ്രോഹിക്കപ്പെടുമ്പോൾ പ്രതികാരത്തെക്കുറിച്ചു ചിന്തിക്കുക സ്വാഭാവികമാണ്. എന്നാൽ യഥാർത്ഥത്തിൽ ക്ഷമിക്കുന്നതിനാൽ നിങ്ങൾ സാധാരണയായി അനാദരപൂർവകമായ സംസാരത്തിലൊ പ്രവർത്തനങ്ങളിലൊ കലാശിക്കുന്ന ഒരു വിഷമവൃത്തത്തിന് വിരാമമിടുന്നു.
നിങ്ങളുടെ മാതാപിതാക്കൻമാർ നിങ്ങൾക്കു ശിക്ഷണം നൽകുമ്പോഴാണ് വിശേഷാൽ നിങ്ങൾക്ക് ഉൾക്കാഴ്ച ആവശ്യമായിരിക്കുന്നത്. ഈ ഗുണം തിരുത്തൽ സ്വീകരിക്കുന്നതിനും അത് നിങ്ങളുടെ ഗുണത്തിനാണെന്നു തിരിച്ചറിയുന്നതിനും നിങ്ങളെ സഹായിക്കും. (സങ്കീർത്തനം 2:10 താരതമ്യപ്പെടുത്തുക.) തുറന്നുപറഞ്ഞാൽ ഒരു മൂഢൻമാത്രമാണ് “അവന്റെ പിതാവിന്റെ ശിക്ഷണത്തെ അനാദരിക്കുന്നത്.” (സദൃശവാക്യങ്ങൾ 15:5) അതുകൊണ്ട് ശിക്ഷണം നൽകപ്പെടുമ്പോൾ മൽസരിക്കുകയൊ മുഖം കോട്ടുകയൊ ചെയ്യാതെ അത് ബാധകമാക്കാൻ ശ്രമിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൻമാരെ ബഹുമാനിക്കുന്നുവെന്ന് പ്രകടമാക്കുക.
ഉൾക്കാഴ്ച നിങ്ങളുടെ മാതാപിതാക്കളുടെ പ്രകൃതങ്ങളോട് സംവേദനമുണ്ടായിരിക്കുന്നതിനും അവരെ സഹായിക്കാൻ ശ്രമിക്കുന്നതിനും കൂടെ സഹായിക്കും. ജോഷ് എന്നു പേരുള്ള ഒരു യുവാവ് താനും തന്റെ സഹോദരനും തങ്ങളുടെ അമ്മയുടെ പ്രകൃതത്തെ പരിഗണിച്ചതെങ്ങനെയെന്നു വിശദീകരിച്ചു. “ഒരിക്കൽ എന്റെ അമ്മ ജോലി കഴിഞ്ഞ് ക്ഷീണിതയായും വഴക്കടിച്ചുംകൊണ്ട് വീട്ടിൽ വന്നു,” ജോഷ് വിശദീകരിച്ചു. “ഞങ്ങൾക്കിതു പരിചിതമായിരുന്നു. അതുകൊണ്ട് ഞങ്ങൾ—എന്റെ സഹോദരനും ഞാനും—അമ്മ തിരിച്ചെത്തുന്നതിനു മുമ്പ് വീട് വൃത്തിയാക്കിയിട്ടു. അമ്മക്കു സന്തോഷമായി.” നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് സമാനമായി ബഹുമാനം പ്രകടമാക്കുന്നുവോ?
ബഹുമാനം പ്രകടമാക്കുന്നത് നിങ്ങളുടെ മാതാപിതാക്കളുടെ സ്വകാര്യതയെ ആദരിക്കുന്നതിനെയും അർത്ഥമാക്കുന്നു. നിങ്ങളുടെ മാതാപിതാക്കൻമാർ തനിച്ച് ഇരിക്കേണ്ട സമയങ്ങൾ ഉണ്ട്. നിങ്ങൾ കേൾക്കേണ്ടതില്ലാത്ത പ്രധാനപ്പെട്ട കാര്യങ്ങൾ അവർക്കു ചർച്ച ചെയ്യേണ്ടതുണ്ടായിരിക്കാം. അതിനുള്ള അവകാശം അവർക്കു കൊടുക്കുക. നിങ്ങളുടെ മാതാപിതാക്കൾ ഗൗരവാവഹമായ ഒരു ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നെങ്കിൽ നിങ്ങളുടെ മുറിയിലേക്കു പോവുകയൊ ഒരു സുഹൃത്തിനെ സന്ദർശിക്കുകയൊ ചെയ്യരുതോ? ഇത് നിങ്ങൾ ഉൾക്കാഴ്ചയുള്ള ഒരാളാണെന്ന് പ്രകടമാക്കും.
അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ ആരായുക. അങ്ങനെയുള്ള ബഹുമാനം സാധാരണയായി അവരുമായുള്ള നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തും. മെച്ചപ്പെടുത്തുന്നില്ലെങ്കിൽപോലും, നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നു എന്നറിയുന്നതിലുള്ള സംതൃപ്തി നിങ്ങൾക്കുണ്ടായിരിക്കും. അങ്ങനെയുള്ള ബഹുമാനം പ്രകടമാക്കുന്നതിനാൽ “നിങ്ങൾക്കു ശുഭമായിരിക്കയും നിങ്ങൾ ഭൂമിയിൽ ദീർഘകാലം നിലനിൽക്കുകയും” ചെയ്തേക്കാം.—എഫേസ്യർ 6:3. (g88 4/22)
[19-ാം പേജിലെ ചിത്രം]
നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും നിങ്ങളുടെ മാതാപിതാക്കൻമാർ പറയുമ്പോൾ അനാദരപൂർവകമായ സംസാരം ഒഴിവാക്കാൻ ശ്രമിക്കുക