അന്ത്യനാളുകൾ തെളിവെന്ത്?
“യാതൊരു മണിയും അടിച്ചില്ല, നഷ്ടം എന്തുതന്നെയായിരുന്നാലും ആരും കരഞ്ഞില്ല, എന്തുകൊണ്ടെന്നാൽ മിക്കവാറും എല്ലാവരും മരണം പ്രതീക്ഷിച്ചു. . . . ‘ഇത് ലോകാവസാനമാണ്’ എന്ന് ആളുകൾ പറയുകയും വിശ്വസിക്കുകയുംചെയ്തു.”—14-ാം നൂററാണ്ടിലെ പ്ലേഗിനാലുള്ള മരണത്തിന്റെ ഫലങ്ങളെസംബന്ധിച്ച് ഒരു ഇററാലിയൻ പുരാവൃത്തകൃത്ത് എഴുതുന്നു.
മുൻതലമുറകളിലെ ആത്മാർത്ഥതയുള്ള ആളുകൾ തങ്ങൾ അന്ത്യനാളുകളിലാണ് ജീവിക്കുന്നതെന്ന് തെററായി വിശ്വസിച്ചിട്ടുണ്ട്. മേലുദ്ധരിച്ച കേസിൽ ബ്യൂബോണിക്ക് പ്ലേഗായിരുന്നു ലോകാവസാനത്തിന്റെ അടയാളമായി വീക്ഷിക്കപ്പെട്ടത്. അത് യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ കൊന്നൊടുക്കിയെന്ന് ചില കണക്കുകൂട്ടലുകൾ പറയുന്നു. എന്നാൽ അവസാനം വന്നില്ല. ദൈവത്തിന്റെ ഇടപെടലിനുള്ള സമയം അപ്പോഴും വന്നിരുന്നില്ല.
അതുകൊണ്ട് ഇപ്പോഴത്തെ ലോകവ്യവസ്ഥിതിയുടെ ആസന്നമായ അന്ത്യത്തെയും ഭൂമിമേലുള്ള ദൈവരാജ്യഭരണത്തിന്റെ വ്യാപനത്തെയും അറിയിച്ചുകൊണ്ടിരിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ ചെയ്യുന്നത് ശരിയാണെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടായിരിക്കാൻ എങ്ങനെ കഴിയും? അവരുടെ അവകാശവാദങ്ങളെ പരിശോധിക്കുന്നതിനാലും അവയെ ബൈബിൾപ്രവചനങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനാലും മാത്രമേ അതു സാധിക്കൂ. ആ സ്ഥിതിക്ക്, അന്ത്യനാളുകളെ അടയാളപ്പെടുത്തുന്ന സംഭവങ്ങൾ വിവരിക്കുന്ന പ്രത്യേകപ്രവചനങ്ങൾ ഏതൊക്കെയാണ്?
യുദ്ധവും ക്ഷാമവും ബാധയും
ഈ പ്രവചനങ്ങളുടെ മുഖ്യവശങ്ങളിൽ ചിലത് വെളിപ്പാട് 6:1-8-ൽ കാണുന്ന അപ്പോക്കലിപ്സിലെ കുതിരക്കാരുടെ പ്രസിദ്ധമായ ദർശനത്തിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവ താഴെ പറയുന്നവയാണ്:
“ഒരു തീനിറമുള്ള കുതിര; അതിൻമേൽ ഇരിക്കുന്നവന് അവർ അന്യോന്യം സംഹരിക്കേണ്ടതിന് ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അനുവാദംകൊടുക്കപ്പെട്ടു.” ഈ കുതിരക്കാരൻ ഏതാനും ചില രാഷ്ട്രങ്ങളിൽനിന്നു മാത്രമല്ല, ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയുമെന്ന് ദയവായി കുറിക്കൊള്ളുക. അതുകൊണ്ട് അത് ലോകവ്യാപകയുദ്ധത്തിന്റെയും സംഹാരത്തിന്റെയും ഒരു സമയത്തെ പ്രതീകപ്പെടുത്തുന്നു. നാം അത് 20-ാം നൂററാണ്ടിൽ കണ്ടിരിക്കുന്നുവോ?
“ഒരു കറുത്ത കുതിര; അതിൻമേൽ ഇരിക്കുന്നവന് കയ്യിൽ ഒരു ത്രാസ്സ് ഉണ്ടായിരുന്നു.” ഇത് ഉചിതമായി വിശപ്പിനെയും ഭക്ഷ്യദൗർലഭ്യത്തെയും ക്ഷാമത്തെയും പ്രതീകപ്പെടുത്തുന്നു. ഈ അവസ്ഥകൾ നമ്മുടെ തലമുറയിൽ നിലവിലുണ്ടോ?
“ഒരു മഞ്ഞ കുതിര; അതിൻമേൽ ഇരിക്കുന്നവന് മരണം എന്ന പേർ ഉണ്ടായിരുന്നു. ഹേഡീസ് അവനെ അടുത്തു പിന്തുടരുകയായിരുന്നു. ഒരു നീണ്ട വാൾകൊണ്ടും ഭക്ഷ്യദൗർലഭ്യംകൊണ്ടും മാരകമായ പകർച്ചവ്യാധികൊണ്ടും ഭൂമിയിലെ മൃഗങ്ങളെ കൊണ്ടും കൊല്ലുന്നതിന് ഭൂമിയുടെ കാൽഭാഗത്തിൻമേൽ അവക്ക് അധികാരം കൊടുക്കപ്പെട്ടു.” ഇവിടെ യുദ്ധത്താലായാലും ക്ഷാമത്താലായാലും പകർച്ചവ്യാധിയാലായാലും കാട്ടുമൃഗത്താലായാലും അകാലമരണം അതിന്റെ ഇരകളെ അകാല ശവക്കുഴിയിൽ (ഹേഡീസ്) കൂട്ടിയിടുന്നു. നമ്മുടെ കാലത്ത് കോടിക്കണക്കിനാളുകൾ അത്തരമൊരു ശവക്കുഴിയിലേക്ക് പോയിട്ടില്ലേ?
ഈ ദർശനങ്ങളോട് ഒക്കുന്നതാണ് യേശു മുൻകൂട്ടിപ്പറഞ്ഞ അവസ്ഥകൾ. അവയിൽ ചിലത് ഇവയാണ്: “ജനത ജനതക്കെതിരെയും രാജ്യം രാജ്യത്തിനെതിരെയും യുദ്ധംചെയ്യും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടായിരിക്കും . . . അനേകം കള്ളപ്രവാചകൻമാർ എഴുന്നേൽക്കും; അവർ അനേകരെ വഞ്ചിക്കും, അധർമ്മത്തിന്റെ വർദ്ധനവ് ഉണ്ടാകുന്നതോടെ മിക്ക മനുഷ്യരിലെയും സ്നേഹം തണുത്തുപോകും.” (ദി യരുശലേം ബൈബിൾ) അവൻ ഒരു ലോകവ്യാപക സാക്ഷീകരണവേലയെക്കുറിച്ചും അഥവാ അവസാനംവരുന്നതിനു മുമ്പത്തെ “രാജ്യത്തിന്റെ സുവാർത്തയുടെ” പ്രസംഗത്തെക്കുറിച്ചും മുൻകൂട്ടിപ്പറഞ്ഞു.
അതിനു പുറമേ, ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ആളുകളുടെ പ്രതികരണത്തെ വർണ്ണിച്ചുകൊണ്ട് പറഞ്ഞു, അന്ത്യനാളുകളിൽ “ആളുകൾ പണത്തെയും തങ്ങളേത്തന്നെയുമല്ലാതെ ഒന്നിനെയും സ്നേഹിക്കുകയില്ല. . . മാതാപിതാക്കളോട് ആദരവില്ല, നന്ദിയില്ല.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവർ ദൈവത്തിന്റെ സ്ഥാനത്ത് ഉല്ലാസത്തെ വെക്കുന്ന മനുഷ്യർ, മതത്തിന്റെ ബാഹ്യരൂപം കാത്തുസൂക്ഷിക്കുന്നവരെങ്കിലും അതിന്റെ യാഥാർത്ഥ്യത്തിന്റെ നിരന്തരനിഷേധമായിരിക്കുന്ന മനുഷ്യർ, ആയിരിക്കും.”—ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.a
യേശുവിന്റെ പ്രവചനം ഈ സംഭവങ്ങളെല്ലാം ഒരേ തലമുറയിൽ ഒന്നിച്ചുവരുമ്പോൾ മനുഷ്യചരിത്രത്തിൽ ഒരു പാരമ്യത്തെ സൂചിപ്പിക്കുന്നുവെന്നിരിക്കെ, അവ എണ്ണത്തിലോ വലിപ്പത്തിലോ ഏതു മുൻതലമുറയിലേതിലും കൂടിയതായിരിക്കേണ്ടതാവശ്യമായിരിക്കുന്നില്ലെന്ന് നമുക്ക് ഓർമ്മിക്കാം, എന്നാൽ അത് അങ്ങനെയായിരിക്കാം.
നിങ്ങൾ 20-ാം നൂററാണ്ടിൽ, വിശേഷിച്ച് 1914 മുതൽ, ഈ സംഭവങ്ങളും അവസ്ഥകളും കണ്ടിരിക്കുന്നുവോ? നിങ്ങൾ 1989-ൽപോലും അവ കാണുന്നുണ്ടോ? ഒരു ഓർമ്മിപ്പിക്കൽ എന്ന നിലയിൽ, മനുഷ്യവർഗ്ഗത്തെ ബാധിച്ചിരിക്കുന്നതും ബാധിച്ചുകൊണ്ടിരിക്കുന്നതുമായ മുന്തിയ സംഭവങ്ങളിൽ ചിലത് നമുക്ക് പുനരവലോകനം ചെയ്തിട്ട് അവ തന്റെ രാജ്യംമുഖേനയുള്ള ദൈവത്തിന്റെ ഇടപെടലിനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നുവോയെന്ന ചോദ്യത്തിന് ഉത്തരം പറയാം.—ലൂക്കോസ് 21:29-33. (g88 4/1)
[അടിക്കുറിപ്പുകൾ]
a ഈ പ്രവചനങ്ങൾ ചുവടെ ചേർക്കുന്ന ബൈബിൾ വാക്യങ്ങളിൽ വിശദമായി കാണാൻ കഴിയും: മത്തായി 24; ലൂക്കോസ് 21; മർക്കോസ് 13; 2 തിമൊഥെയോസ് 3:1-5.
[4-ാം പേജിലെ ചിത്രം]
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഈ മാതൃകാ സ്മാരകത്തിന്റെ അടിയിലെ ആലേഖനം ഇങ്ങനെ വായിക്കപ്പെടുന്നു: “ബറോ ഓഫ് ഈവ്ഷാമിൽ [ഇംഗ്ലണ്ട്] തങ്ങളുടെ രാജ്യത്തിനുവേണ്ടി മഹായുദ്ധത്തിൽ ജീവനർപ്പിച്ച മഹത്വമുള്ള മൃതരുടെ നിലനിൽക്കുന്ന ഓർമ്മക്ക്.”