ചെറുപ്പക്കാർ ചോദിക്കുന്നു. . .
സ്വയംഭോഗത്തിന്റെ ശീലത്തിനെതിരെ എനിക്ക് എങ്ങനെ പോരാടാൻ കഴിയും?
“ഞാൻ മുഷ്ടി യുദ്ധം നടത്തുന്നത് അന്തരീക്ഷത്തെ അടിക്കുന്നതുപോലെയല്ല” എന്ന് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് എഴുതി. (1 കൊരിന്ത്യർ 9:26) തന്റെ ആഗ്രഹങ്ങൾ നിയന്ത്രിക്കാനുള്ള പോരാട്ടത്തെ അദ്ദേഹം ഒരു ബോക്സിംഗ് മത്സരത്തോട് ഉപമിച്ചു. ഒരു ബോക്സിംഗുകാരന്റെ ഇടികൾ അന്തരീക്ഷത്തിൽ മാത്രം കൊള്ളുന്നുവെങ്കിൽ അയാൾ പെട്ടെന്നുതന്നെ ആ ഏററുമുട്ടലിൽ പരാജയമടയും. അതുകൊണ്ട് സ്വയംഭോഗത്തിന്റെ ശീലത്തിനെതിരെ വിജയകരമായി പോരാടുന്നതിന് തന്റെ ശ്രമങ്ങളെ അല്ലെങ്കിൽ “ഇടികളെ” ഉചിതമായി എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു വ്യക്തി അറിഞ്ഞിരിക്കണം.a
“നിങ്ങളുടെ മനസ്സുകളെ പ്രവർത്തനത്തിന് സജ്ജമാക്കുക”
സ്വയംഭോഗത്തിനെതിരെയുള്ള പോരാട്ടം നടക്കുന്നത് നമ്മുടെ മനസ്സിലാണ്. അതുകൊണ്ട് ബൈബിൾ ഇപ്രകാരം ശുപാർശ ചെയ്യുന്നു: “പ്രവർത്തനത്തിനായി നിങ്ങളുടെ മനസ്സുകളെ സജ്ജമാക്കുക; ആത്മനിയന്ത്രണമുള്ളവരായിരിക്കുക.” (1 പത്രോസ് 1:13, ന്യൂ ഇൻറർനാഷനൽ ഭാഷാന്തരം) ഉദാഹരണത്തിന് ലൈംഗികമായി ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും നാം ശ്രദ്ധിക്കാനിടയായേക്കാം. അത്തരം കാര്യങ്ങൾ മനസ്സിൽ വച്ചുതാലോലിക്കുന്നതിനും വികാരം വികാസം പ്രാപിക്കാനനുവദിക്കുന്നതിനുമാണ് മനസ്സിന്റെ ചായ്വ്. (മത്തായി 5:28) അതു സംഭവിക്കുമ്പോൾ നമ്മുടെ ശരീരം ലൈംഗിക പ്രവർത്തനത്തിന് താൽപര്യം കാട്ടുന്നു. ആ തെററായ ചിന്തയിൽ മനസ്സ് എത്രയധികം സമയം തങ്ങിനിൽക്കുന്നുവോ അത്രയധികം ഈ ശാരീരിക പ്രക്രിയ ഉത്തേജനത്തിന്റെ ഉന്നത ശ്രേണികളിലെത്തുന്നു. ക്രമത്തിൽ ഈ ഉത്തേജനം ഹസ്തമൈഥുനത്തിലേക്ക് നയിച്ചേക്കാം. എന്നാൽ മനസ്സ് ഒരു നല്ല ശ്രമം ചെയ്ത് ആ അധാർമ്മിക ചിന്തയെ പുറന്തള്ളേണ്ടതുണ്ട്. അത് അങ്ങനെ ചെയ്യുന്നുവെങ്കിൽ ഉത്തേജനം സാവകാശം കെട്ടടങ്ങുകയും ശാരീരിക പിരിമുറുക്കം മൂലമുള്ള അസ്വസ്ഥത പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
എന്നാൽ മോശമായ ചിന്തകളെ തള്ളിക്കളയുന്നത് പ്രയാസകരമാണ്, വിശേഷിച്ചും ഒരു വ്യക്തി രാത്രിയിൽ ഒററയ്ക്കായിരിക്കുമ്പോൾ. താൻ എന്തു നടപടികൾ സ്വീകരിക്കുന്നുവെന്ന് ഒരു 17 വയസ്സുകാരൻ ഇപ്രകാരം വിശദീകരിക്കുന്നു: “ആദ്യം തന്നെ ഉത്തേജനത്തിനിടയാക്കിയ ചിന്തകളിൽനിന്ന് എന്റെ മനസ്സുമാററുന്നതിന് ഞാൻ ‘വിഷയം മാററാൻ’ ശ്രമിക്കുന്നു. ഈ ഉത്തേജനം ക്രമേണ മാറും എന്ന് തിരിച്ചറിയുന്നതും അത് കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു.” “വിഷയം മാററുന്നതിന്” വെറും മാനസികമായ ശ്രമത്തേക്കാൾ അധികം ആവശ്യമായിരുന്നേക്കാം. ഒരു യുവതി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഉടൻ കിടക്കയിൽനിന്ന് എഴുന്നേററ് ഏതെങ്കിലും ജോലിയിൽ തിരക്കോടെ ഏർപ്പെടുന്നതാണ് ഏററം നല്ല സംഗതി, അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് മററ കാര്യങ്ങളിലേക്ക് തിരിയാൻ തക്കവണ്ണം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുക.” അതെ, ‘ഘനമായത് ഒക്കെയും നീതിയായതൊക്കെയും നിർമ്മലമായതൊക്കെയും രമ്യമായതൊക്കെയും സൽക്കീർത്തിയായതൊക്കെയും സൽഗുണമോ പുകഴ്ച്ചയോ അതൊക്കെയും ചിന്തിച്ചുകൊണ്ടിരിക്കാൻ നിങ്ങളെത്തന്നെ നിർബന്ധിക്കുക.’—ഫിലിപ്യർ 4:8.
നിങ്ങൾക്ക് ഉറക്കം വരാൻ പ്രയാസമുള്ളപ്പോൾ ഇപ്രകാരമെഴുതിയ വിശ്വസ്തനായ ദാവീദുരാജാവിനെ അനുകരിക്കുക: “എന്റെ കിടക്കയിൽ ഞാൻ നിന്നെ [ദൈവത്തെ] ഓർക്കുമ്പോൾ രാത്രിയാമങ്ങളിൽ ഞാൻ നിന്നെപ്പററി ധ്യാനിക്കുന്നു.” (സങ്കീർത്തനം 63:6) ദൈവത്തെയും അവന്റെ ഗുണങ്ങളെയും പററി ധ്യാനിക്കാൻ നമ്മുടെ മനസ്സുകളെ നിർബന്ധിക്കുന്നത് മിക്കപ്പോഴും പ്രശ്നം പരിഹരിക്കും. “യഹോവയെ സ്നേഹിക്കുന്നവരേ, തിൻമയെ വെറുക്കുവിൻ” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 97:10) നൈമിഷികമായ ജഡിക ഉല്ലാസം കൈവരുത്തുന്ന ഒരു നടപടിയെ വെറുക്കുക എളുപ്പമല്ല, എന്നാൽ ഈ അശുദ്ധ ശീലത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്ന് ചിന്തിക്കുന്നതിൽ തുടരുക. എന്നിരുന്നാലും നിങ്ങൾ . . .
കരുതൽ നടപടികൾ കൈക്കൊള്ളണം
“അനർത്ഥം കണ്ട് തന്നെത്തന്നെ മറച്ചുകൊള്ളുന്നവൻ വിവേകമുള്ളവനാണ്, അനുഭവപരിചയമില്ലാത്തവൻ നേരെ ചെന്ന് ശിക്ഷ സഹിക്കേണ്ടിവരുന്നു,” എന്ന് നിശ്വസ്ത ജ്ഞാനിയായ മനുഷ്യൻ എഴുതി. (സദൃശവാക്യങ്ങൾ 22:3) മൂല എബ്രായ പദമനുസരിച്ച് “വിവേകമുള്ളവൻ” എന്നതിനാൽ ഇവിടെ അർത്ഥമാക്കുന്നത് “വേഗത, മനസ്സിന്റെ ഒരുക്കം, ഗ്രാഹ്യം” ഇവയെയാണ്. അത്തരമൊരു വ്യക്തി മുന്നമേ ചിന്തിക്കുകയും ഒരു സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നതെന്താണെന്ന് അറിയുകയും ചെയ്യുന്നു. അതുകൊണ്ട് ചിലതരം പ്രവർത്തനങ്ങൾ, ചിലയിനം വസ്ത്രങ്ങൾ, അല്ലെങ്കിൽ ഭക്ഷണം എന്നിവ നിങ്ങൾ ലൈംഗികമായി ഉത്തേജിതരാകാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ തീർച്ചയായും ഒഴിവാക്കുക.b വികാരം ഉണർത്തുന്ന വിഷയങ്ങളോടുകൂടിയ സാഹിത്യം, ടെലിവിഷൻ പരിപാടികൾ, സിനിമകൾ, എന്നിവ ഒരു പകർച്ചവ്യാധി എന്നപോലെ ഒഴിവാക്കുക. അത്തരം കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കരുത്. “വിലകെട്ട കാര്യങ്ങൾ കാണാതവണ്ണം എന്റെ കണ്ണുകൾ കടന്നുപോകാൻ ഇടയാക്കണമേ” എന്ന് സങ്കീർത്തനക്കാരൻ പ്രാർത്ഥിച്ചു. (സങ്കീർത്തനം 119:37) അത്തരം ഇന്ദ്രിയസുഖദായകമായ ദൃശ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ശേഖരിച്ചുവയ്ക്കപ്പെടുകയും മിക്കപ്പോഴും നിങ്ങൾ ഒററയ്ക്കായിരിക്കുമ്പോൾ അതു മുൻപന്തിയിലേക്ക് വരികയും ചെയ്യും.
നിങ്ങൾ വൈകാരികമായി മുറിവേററ നിലയിലോ നിരുത്സാഹിതാവസ്ഥയിലോ ഒരു പക്ഷേ മ്ലാനതയിലോ ആയിരിക്കുമ്പോൾ ഭാവി പ്രശ്നങ്ങളിൽനിന്ന് നിങ്ങളെത്തന്നെ മറയ്ക്കുന്നതിന് നടപടി സ്വീകരിക്കുന്നത് വിശേഷാൽ ആവശ്യമാണ്. “കഷ്ടകാലത്ത് നീ നിരുത്സാഹിതനായിരിക്കുന്നുവോ? നിനക്ക് വേണ്ടത്ര ബലമുണ്ടായിരിക്കയില്ല,” എന്ന് സദൃശ്യവാക്യങ്ങൾ 24:10 മുന്നറിയിപ്പ് നൽകുന്നു. അത്തരം സമയങ്ങളിൽ ചെറുത്തുനിൽക്കാനുള്ള നിങ്ങളുടെ പ്രാപ്തി താണിരിക്കും അല്ലെങ്കിൽ “കുറഞ്ഞിരിക്കും” എന്നറിഞ്ഞുകൊണ്ട് ദീർഘസമയത്തേക്ക് ഒററയ്ക്കായിരിക്കുന്നത് ഒഴിവാക്കാൻ നിങ്ങളുടെ കാര്യാദികളെ ക്രമീകരിക്കാൻ കഴിവതും ശ്രമിക്കുക. വെല്ലുവിളികൾ നിറഞ്ഞ കാര്യങ്ങളിൽ നിങ്ങളുടെ മനസ്സു മുഴുകാൻ തക്കവണ്ണം, അധാർമ്മിക ചിന്തകളിലേക്ക് അത് വഴുതി വീഴാൻ അവസരം നൽകാതെ കെട്ടുപണിചെയ്യുന്ന പ്രവർത്തനങ്ങളുടെ ഒരു നല്ല പട്ടികയുണ്ടായിരിക്കാൻ പ്ലാൻ ചെയ്യുക. എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ മനസ്സു നിറയ്ക്കുന്നു എന്നതു സംബന്ധിച്ചും വിശേഷാൽ ശ്രദ്ധാലുക്കളായിരിക്കുക. മാസത്തിലെ ചില പ്രത്യേക സമയങ്ങളിൽ ആഗ്രഹങ്ങൾ ശക്തിപ്പെടുന്ന ഒരു സ്ത്രീയും അതുപോലെ ആ കൂടുതലായ പ്രശ്നത്തെ നേരിടുന്നതിന് പ്രായോഗിക ജ്ഞാനം പ്രകടമാക്കണം.
മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ അനുസരിക്കുന്നത് സഹായകമാണെങ്കിലും ഈ ദുശ്ശീലത്തിനെതിരെ വിജയകരമായി പോരാടിയിട്ടുള്ള മിക്കവരും യഥാർത്ഥ പരിഹാരം ഒരു ശക്തമായ ആത്മീയ പോരാട്ടത്തിൽ വേരൂന്നിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഒരു ആത്മീയ പോരാട്ടം
തന്റെ 11-ാമത്തെ വയസ്സുമുതൽ ഈ ദുശ്ശീലത്തെ ചെറുക്കാൻ ശ്രമിച്ചിരുന്ന ഒരു 27 വയസ്സുകാരൻ അവസാനം അതിൽ വിജയിച്ചു. എങ്ങനെ? ഒന്നാമത് അയാൾ ശ്രദ്ധാപൂർവം അശ്ലീല സാഹിത്യം ഒഴിവാക്കി. “തുടർന്ന് എന്റെ എല്ലാ ആത്മീയ ആയുധങ്ങളുമുപയോഗിച്ച് പോരാട്ടം നടത്തുന്നതിന്റെ ഒരു സംഗതിയായിരുന്നു അത്,” അയാൾ വിശദീകരിച്ചു. ഒരിക്കലും വീഴ്ച വരുത്താതെ എല്ലാ ദിവസവും ഞാൻ ബൈബിളിന്റെ രണ്ട് അദ്ധ്യായങ്ങളെങ്കിലും വായിച്ചു.” അയാൾ അത് മുടക്കം വരുത്താതെ മൂന്നു വർഷം തുടർന്നിരിക്കുന്നു.
ഈ ദുശ്ശീലത്തെ കീഴടക്കുന്നതിൽ പ്രയാസമുണ്ടായിരുന്ന മററു ക്രിസ്ത്യാനികൾ വ്യക്തിപരമായി ദൈവവചനം പഠിക്കുന്നതിൽ വന്ന വീഴ്ചയാണ് അതിന് കാരണമാക്കിയത് എന്ന് സമ്മതിച്ചുപറഞ്ഞിരിക്കുന്നു. വിവാഹത്തിനുശേഷംപോലും ഹസ്തമൈഥുനത്തിന്റെ പ്രശ്നമുണ്ടായിരുന്ന ഒരു ക്രിസ്ത്യാനി പറയുന്നു: “ഒരു കാലഘട്ടത്തിൽ ഹസ്തമൈഥുനത്തിൽ ഏർപ്പെടുന്നതിന് സാധാരണയിൽ കവിഞ്ഞ് ശക്തമായ ആഗ്രഹമുണ്ടായിരുന്നു. ജോലിസ്ഥലത്തും മററു നിരവധി കാര്യങ്ങളിൽനിന്നും സമ്മർദ്ദം അനുഭവപ്പെട്ടിരുന്നതിനാൽ എന്റെ വ്യക്തിപരമായ പഠനത്തിന് കുറവു സംഭവിച്ചു. കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യം ഞാൻ തിരിച്ചറിഞ്ഞു. അതു സഹായകമായിരുന്നു, വീണ്ടും വീണുപോകാതെ ആ ആഗ്രഹത്തെ കീഴടക്കാൻ കഴിഞ്ഞതിൽ എനിക്ക് നന്ദിയുണ്ട്.”
മററുള്ളവരെ ബൈബിൾ പഠിപ്പിക്കുന്ന ജോലിപോലെ “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കു”ന്നത് സഹായകമാണ്. (1 കൊരിന്ത്യർ 15:58) ഹസ്തമൈഥുനത്തെ കീഴ്പ്പെടുത്തിയ ഒരു സ്ത്രീ പറഞ്ഞത് ഇപ്രകാരമാണ്: “ഈ ശീലം ഒഴിവാക്കാൻ എന്നെ സഹായിക്കുന്ന ഒരു സംഗതി ഒരു മുഴുസമയ സുവിശേഷക എന്ന നിലയിൽ ദൈവവുമായി ഒരു അംഗീകൃത ബന്ധം സമ്പാദിക്കുന്നതിന് മററുള്ളവരെ സഹായിക്കാൻ എന്റെ മനസ്സും ഊർജ്ജവുമെല്ലാം തിരിച്ചുവിട്ടിരിക്കുന്നു എന്നതാണ്.”
അവസാനമായി, രാത്രികാലങ്ങളിൽ ആത്മനിയന്ത്രണം പാലിക്കാൻ സഹായിക്കുന്നതിന് ഒരു ക്രിസ്ത്യാനി ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “കിടക്കാൻ പോകുന്നതിനു മുൻപ് ആത്മീയ കാര്യങ്ങളോട് ബന്ധപ്പെട്ട എന്തെങ്കിലും വായിക്കുക. ദിവസത്തിന്റെ അവസാനത്തെ ചിന്ത ആത്മീയമായിരിക്കുന്നത് വളരെ പ്രധാനമാണ്. ആ സമയത്തെ പ്രാർത്ഥനയും വളരെ സഹായകമാണ്.”
പ്രാർത്ഥനയുടെ സുപ്രധാനമായ പങ്ക്
അതെ, ഈ ദുശ്ശീലത്തിനെതിരെ വിജയകരമായി പോരാടുന്നതിന് “സാധാരണയിൽ കവിഞ്ഞ ശക്തി” ആവശ്യമാണ്. (2 കൊരിന്ത്യർ 4:7) ഹൃദയംഗമമായ പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് ദൈവത്തോട് ഈ ശക്തിക്കുവേണ്ടി യാചിക്കാൻ കഴിയും. “അവന്റെ (ദൈവത്തിന്റെ) മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക,” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 62:8) “സംസാരസ്വാതന്ത്ര്യത്തോടെ” തന്നെ സമീപിക്കുന്നവർക്ക് “തക്ക സമയത്ത്” താൻ സഹായം നൽകുന്നതായി അവർ കണ്ടെത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. (എബ്രായർ 4:16) ഈ ശീലത്താൽ ശല്യം അനുഭവപ്പെട്ടുകൊണ്ടിരുന്ന ഒരു ക്രിസ്തീയ യുവതി ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “പ്രാർത്ഥന ഉടനടി ലഭ്യമാകുന്ന ശക്തിയുടെ ഒരു ഉറവാണ്. ആഗ്രഹം ഉണരുമ്പോൾ പ്രാർത്ഥിക്കുന്നത് തീർച്ചയായും സഹായിക്കുന്നു.” കൂടാതെ ഉണരുമ്പോഴും ദിവസം മുഴുവനും നിങ്ങളുടെ ആഗ്രഹം യഹോവയുടെ മുമ്പാകെ പ്രകടമാക്കുകയും ശക്തി നൽകുന്ന അവന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.—ലൂക്കോസ് 11:13.
ആത്മാർത്ഥമായ പ്രാർത്ഥന നിങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കും, കൂടാതെ ദൈവം ഒരു യാഥാർത്ഥ്യവും വ്യക്തിപരമായി ഒരു സഹായിയുമായിത്തീരുകയും ചെയ്യും. ദൈവവുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധത്തെപ്പററി ധ്യാനിക്കുന്നതും “സംസാര സ്വാതന്ത്ര്യം” നിലനിർത്താൻ ആഗ്രഹിക്കുന്നതും പ്രധാനമാണ്. എന്നിരുന്നാലും ചിലപ്പോൾ ലജ്ജകൊണ്ടോ ലൈംഗിക ഉത്തേജനം വളരെ രസമായതിനാൽ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടോ ഒരു വ്യക്തി പ്രാർത്ഥിക്കുന്നതിൽനിന്ന് പിൻമാറി നിന്നേക്കാം. അത്തരം വികാരങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് അപ്പോഴാണ്. ബൈബിൾ പറയുന്നു: “പ്രാർത്ഥനയിൽ ഉററിരിക്കുക.” ദൈവത്തോട് യാചിക്കുന്നതിനാൽ—ആ നിമിഷം സഹായത്തിനുവേണ്ടി അപേക്ഷിക്കുന്നതിനാൽ— തെററായ പ്രേരണ ശമിക്കുമെന്ന് ഒരു വ്യക്തി കണ്ടെത്തുന്നു.—റോമർ 12:12.
മററള്ളവരിൽനിന്നുള്ള സഹായം
നിങ്ങളുടെ വ്യക്തിപരമായ ശ്രമം വിജയിക്കുന്നില്ലെങ്കിലും നിങ്ങൾ വിജയിക്കാനാഗ്രഹിക്കുന്നുവെങ്കിൽ സഹായിക്കാൻ കഴിയുന്ന മാതാപിതാക്കളിലൊരാളോടോ ആത്മീയ യോഗ്യതയുള്ള മറെറാരാളോടൊ സംസാരിക്കുക. ഹസ്തമൈഥുനത്തിനെതിരെയുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുകൊണ്ടിരുന്ന ഒരു യുവാവ് നിരാശിതനായിത്തീർന്നു. “ഞാൻ ഒരു ദിവസം വൈകിട്ട് സ്വകാര്യമായി എന്റെ പിതാവിനോട് സംസാരിച്ചു,” അയാൾ വെളിപ്പെടുത്തി. “എനിക്കു പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു. സംസാരിച്ചപ്പോൾ ഞാൻ കരഞ്ഞുകൊണ്ടിരുന്നു, എനിക്ക് അത്രയേറെ ലജ്ജ തോന്നി. എന്നാൽ അദ്ദേഹം എന്നോടു പറഞ്ഞത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മുഖത്ത് എനിക്ക് ആത്മവിശ്വാസം പകർന്ന ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ‘എനിക്ക് നിന്നെപ്പററി വളരെ അഭിമാനം തോന്നുന്നു.’ അങ്ങനെ ചെന്ന് സംസാരിക്കാൻ ഞാൻ എത്രമാത്രം പ്രയാസപ്പെട്ടിരിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിലുമധികം എന്റെ ഉത്സാഹവും നിശ്ചയദാർഢ്യവും ഉണർത്താൻ മറെറാരു വാക്കുകൾക്കും കഴിയുമായിരുന്നില്ല.
ആ യുവാവ് ഇപ്രകാരം തുടരുന്നു: “ഞാൻ ‘അങ്ങേയററം മോശമായ’ നിലയിലായിട്ടില്ല എന്ന് കാണിക്കാൻ പിതാവ് എന്നെ ചില തിരുവെഴുത്തുകൾ കാണിച്ചു, എന്റെ തെററായ ഗതിയുടെ ഗൗരവം എനിക്കു മനസ്സിലായി എന്ന് ഉറപ്പുവരുത്താൻ തുടർന്ന് മററു ചില തിരുവെഴുത്തുകളും കാണിച്ചു. ഒരു നിശ്ചിത സമയം വരെ “സെയ്ളിററ് വൃത്തിയായി സൂക്ഷിക്കണ”മെന്നും അപ്പോൾ വീണ്ടും സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ വീണ്ടും തെററിലകപ്പെട്ടാലും അതെന്നെ നിരാശനാക്കരുതെന്നും തുടർന്ന് അതിലും ദീർഘമായ ഒരു സമയത്തേയ്ക്ക് വീഴാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.” പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞശേഷം ആ ചെറുപ്പക്കാരൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “എന്റെ പ്രശ്നത്തെപ്പററി അറിയാവുന്ന, എന്നെ സഹായിക്കുന്ന ഒരാളുണ്ടായിരുന്നത് വളരെയേറെ പ്രയോജനം ചെയ്തു.”
ക്രിസ്തീയ സഭയിലെ ഒരു മൂപ്പന്റെ സഹായം തേടുന്നത് അനേകരെ സംബന്ധിച്ചടത്തോളം സഹായകമായിരുന്നിട്ടുണ്ട്. അത്തരം വ്യക്തിപരമായ പ്രശ്നങ്ങൾ ഒരു പുരുഷനോട് ചർച്ച ചെയ്യുന്നത് പ്രയാസമാണെന്ന് വിചാരിച്ചിട്ടുള്ള സ്ത്രീകൾ പക്വതയുള്ള ക്രിസ്തീയ സ്ത്രീകളോടു സംസാരിക്കുന്നത് സഹായകമെന്ന് കണ്ടെത്തിയിട്ടുണ്ട്. (തീത്തോസ് 2:3, 4) ഈ വ്യക്തികൾക്കുള്ള സഹായകമായ അറിവ് ഹസ്തമൈഥുനത്തിനെതിരെ വിജയകരമായി പോരാടാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ബലപ്പെടുത്തും. ബൈബിളിലെ ഈ സദൃശവാക്യം എത്ര സത്യമാണ്: “ജ്ഞാനിയായ ഒരു പുരുഷൻ [അല്ലെങ്കിൽ സ്ത്രീ] ബലം നൽകുന്നു. സമർത്ഥമായ മാർഗ്ഗനിർദ്ദേശത്തോടെ നീ യുദ്ധം നടത്തും, ആലോചനക്കാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.”!—സദൃശവാക്യങ്ങൾ 24:5, 6.
പുനഃപതനത്തെ നേരിടൽ
ഈ ദുശ്ശീലത്തെ നേരിടാൻ കഠിനമായി പ്രയത്നിച്ചശേഷം ഒരു യുവാവ് വീണ്ടും ആ തെററിൽ അകപ്പെട്ടു. അയാൾ ഇപ്രകാരം ഏററുപറഞ്ഞു: “അത് എന്നെ ഞെരുക്കുന്ന ഒരു ഭാരം പോലെയായിരുന്നു. ഞാൻ ഒന്നിനും കൊള്ളാത്തവനാണെന്ന് എനിക്കു തോന്നി. ഞാൻ ഇങ്ങനെ ന്യായവാദം ചെയ്തു: ‘ഞാൻ അങ്ങേയററം പോയിരിക്കുന്നു. എനിക്ക് ഏതായാലും യഹോവയുടെ അനുഗ്രഹമില്ല, അതുകൊണ്ട് ഞാൻ എന്തിന് എന്നോടുതന്നെ ഇത്ര കർക്കശനാവണം?’” എന്നിരുന്നാലും അത്തരമൊരു പുനഃപതനം ഒരുവൻ പോരാട്ടത്തിൽ പാടെ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അർത്ഥമാക്കുന്നില്ല. അഞ്ചുകൊല്ലക്കാലം ഈ ദുശ്ശീലത്തിനെതിരെ പോരാടിയ ഒരു 19 വയസ്സുകാരി ഇപ്രകാരം വിശദീകരിച്ചു: “ആദ്യമൊക്കെ ഏതാണ്ട് എല്ലാരാത്രിയിലും അതു സംഭവിച്ചു, എന്നാൽ പിന്നീട് ഞാൻ യഹോവയിൽ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി, അവന്റെ ആത്മാവിന്റെ സഹായത്താൽ ഇപ്പോൾ ഒരു വർഷം ഞാൻ ഒരു പക്ഷേ ഒരു ആറു പ്രാവശ്യം പരാജയപ്പെടുന്നു. അതിനുശേഷം എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു. എന്നാൽ ഓരോ പരാജയത്തിനുശേഷവും അടുത്ത പ്രലോഭനമുണ്ടാകുമ്പോൾ ഞാൻ കൂടുതൽ ശക്തയാണ്.” അതുകൊണ്ട് സാവകാശം അവൾ അവളുടെ പോരാട്ടത്തിൽ വിജയിക്കുകയാണ്.
ഒരു പുനഃപതനം സംഭവിക്കുമ്പോൾ എന്താണ് അതിലേക്ക് നയിച്ചതെന്ന് അപഗ്രഥിക്കുക. ഒരു വീഴ്ച സംഭവിച്ചപ്പോൾ ഒരു യുവതി ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ഞാൻ ക്ഷമയ്ക്കുവേണ്ടി യാചിക്കുകയും ഞാൻ എന്താണ് വായിച്ചുകൊണ്ട് അല്ലെങ്കിൽ ചിന്തിച്ചുകൊണ്ടിരുന്നത് എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഏതാണ്ട് എല്ലായ്പ്പോഴുംതന്നെ ഞാൻ വീണതിന്റെ കാരണം എനിക്ക് കണ്ടുപിടിക്കാൻ കഴിയുന്നു. അതുവഴി എനിക്ക് അപ്രകാരം ചെയ്യുന്നത് നിറുത്താനും തിരുത്താനും കഴിയുന്നു.” പുനഃപതനത്തിന്റെ കാലദൈർഘ്യം കണക്കിലെടുക്കുന്നതിനാൽ ഒരു വ്യക്തിക്ക് തന്റെ പുരോഗതിയെ നയിക്കാൻ കഴിയും.
ഒരു നല്ല പോരാട്ടത്തിന്റെ പ്രതിഫലങ്ങൾ
അവസാനം ഹസ്തമൈഥുനത്തിനെതിരെ പോരാടി വിജയിച്ചപ്പോൾ ഒരു യുവാവ് ഇപ്രകാരം പറഞ്ഞു: “അത് എന്നിൽനിന്ന് ഒരു വലിയ ഭാരം എടുത്തുമാററിയതുപോലെയായിരുന്നു.” മറെറാരു ക്രിസ്തീയ യുവാവ് ഇപ്രകാരം റിപ്പോർട്ടുചെയ്തു: “ആ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിനുശേഷം എനിക്ക് യഹോവയുടെ മുമ്പാകെ ഒരു നല്ല മനസ്സാക്ഷി ഉണ്ടായിരിക്കാൻ കഴിയുന്നു, മറെറാന്നിനുംവേണ്ടി അതു വച്ചുമാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല!”
അതെ, ഒരു നല്ല മനസ്സാക്ഷി, സ്വന്തം വ്യക്തിത്വത്തിന്റെ വിലയെപ്പററിയുള്ള മെച്ചപ്പെട്ട ബോധം, നിങ്ങളുടെ സമയത്തിന്റെയും ഊർജ്ജത്തിന്റെയും കൂടുതൽ മെച്ചപ്പെട്ട ഉപയോഗം, ലൈംഗിക അധാർമ്മികതയിൽ ഉൾപ്പെടുന്നതിനുള്ള കുറഞ്ഞ സാദ്ധ്യത, ദൈവവുമായുള്ള കൂടുതൽ അടുത്ത ബന്ധം, ഇവയെല്ലാം ഹസ്തമൈഥുനത്തിനെതിരെ ഒരു നല്ല പോരാട്ടം നടത്തുന്നതിന്റെ പ്രതിഫലങ്ങളാണ്. സ്വയംഭോഗത്തിന് “അടിമയായി” എന്ന് കരുതിയിരുന്ന ഒരു യുവതി ഇപ്രകാരം പറഞ്ഞു: “എന്നോടുതന്നെയുള്ള വളരെ നാളത്തെ പോരാട്ടത്തിനുശേഷം എന്നെത്തന്നെ ‘നിയന്ത്രിക്കാൻ’ കഴിയുന്നതിനാൽ ഞാൻ വളരെ സന്തോഷം അനുഭവിക്കുന്നു. യഹോവ വെറുക്കുന്നതിനെ വെറുക്കുന്നതിന്റെ പ്രാധാന്യം ഇപ്പോഴെനിക്കറിയാം. ഏററം വലിയ സഹായം അവനുമായുള്ള എന്റെ ബന്ധത്തെപ്പററി ധ്യാനിക്കുന്നതായിരുന്നു. എനിക്കുണ്ടായിരുന്നതിലേക്കും ഏററം വലിയ ബന്ധത്തെ നശിപ്പിക്കാൻ ഹസ്തമൈഥുനത്തെ അനുവദിക്കുന്നത് എത്ര വലിയ വിഡ്ഢിത്തമായിരിക്കുമെന്ന് ഞാൻ കണ്ടു. എന്നെ വിശ്വസിക്കു, ഈ ശീലത്തിനെതിരെയുള്ള പോരാട്ടത്തിൽ നാം ചെയ്യുന്ന ഏതു ശ്രമവും അതിനു തക്ക വിലയുള്ളതാണ്.” ഈ വിധത്തിലും ഒരുവൻ 1 കൊരിന്ത്യർ 9:25-27-ലെ അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കണം, അതു ഭാഗികമായി ഇങ്ങനെ പറയുന്നു: “മററുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.” (g88 3/8)
[അടിക്കുറിപ്പുകൾ]
a ഉണരുക! 1988 ഒക്ടോബർ 8-ലെയും ഡിസംബർ 8-ലെയും ലക്കങ്ങൾ ഈ ശീലം മാററുന്നത് പ്രയാസകരമായിരിക്കുന്നതെന്തുകൊണ്ടെന്നും ക്രിസ്ത്യാനികൾ അതിനെ ചെറുക്കേണ്ടതെന്തുകൊണ്ടെന്നും വ്യക്തമാക്കിയിരുന്നു.
b ലൈംഗിക തൃഷ്ണ ഒഴിവാക്കാവുന്നതെങ്ങനെയെന്നു ചർച്ച ചെയ്യുകയിൽ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക (1946) ഇപ്രകാരം പറയുന്നു: “മാംസവും വളരെയേറെ മസാലക്കൂട്ടും ഉള്ള ആഹാരവും വിശേഷിച്ച് ലഹരിപാനീയങ്ങളും ഒഴിവാക്കുന്നത് പ്രധാനമാണ്.” ലഹരിപാനീയങ്ങൾക്ക് ഒരുവന്റെ ധാർമ്മിക പ്രതിരോധം കുറയ്ക്കാനും ആത്മനിയന്ത്രണം പാലിക്കുന്നത് കൂടുതൽ പ്രയാസകരമാക്കാനും കഴിയും.
[23-ാം പേജിലെ ചതുരം]
ഹസ്തമൈഥുനത്തിന്റെ ശീലത്തിനെതിരെ വിജയകരമായി പോരാടുന്നതിന് ആവശ്യമായിരിക്കുന്നത് (1) കാമ ചിന്തകൾ ഒഴിവാക്കുക, (2) നല്ല പഠനശീലങ്ങളിലൂടെ ആത്മീയ പോരാട്ടം നടത്തുക, (3) തക്ക സമയത്ത് സഹായത്തിനുവേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുക, (4) ചിലരുടെ സംഗതിയിൽ പ്രശ്നത്തെപ്പററി പക്വതയുള്ള ഒരു ക്രിസ്ത്യാനിയോട് സംസാരിക്കുക