ബൈബിളിന്റെ വീക്ഷണം
നിങ്ങളുടെ മതം ദൈവത്തിനു കൊള്ളാവുന്നതോ?
“ഇവിടെ ഓരോരുത്തനും അവനവന്റെ സ്വന്തം രീതിയിൽ രക്ഷിക്കപ്പെടാൻ കഴിയും,” എന്ന് പ്രഷ്യയിലെ മഹാനായ ഫ്രെഡറിക്ക് തന്റെ രാജ്യത്തെ മതസഹിഷ്ണുതയെക്കുറിച്ച് വീമ്പിളക്കി. ഇപ്പോൾ, രണ്ടു ശതാബ്ദങ്ങൾക്കുശേഷം, ജർമ്മൻകാർ, എല്ലാ മതങ്ങളും കേവലം ഒരേ ദൈവത്തിങ്കലേക്ക് വ്യത്യസ്ത മാർഗ്ഗങ്ങളിലുള്ള സമീപനമാണ് എന്ന് തെളിയിക്കാൻവേണ്ടി അദ്ദേഹത്തിന്റെ വാക്കുകൾ വിശുദ്ധഗ്രന്ഥം എന്നപോലെ ഉദ്ധരിക്കുന്നു.
‘എന്നിരുന്നാലും,’ ‘ഒരു ദൈവമേയുള്ളു, അല്ലേ?’ എന്ന് അവർ വാദിക്കുന്നു. അങ്ങനെയാണെങ്കിൽ, ഒരേ ദൈവത്തിങ്കലേക്കെന്നു സങ്കൽപ്പിക്കപ്പെടുന്ന ഈ വിവിധ മാർഗ്ഗങ്ങൾ അവനെസംബന്ധിച്ച് പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങൾ പഠിപ്പിക്കുന്നതെന്തുകൊണ്ട്? ഇത്, അവൻ “ക്രമരാഹിത്യത്തിന്റെയല്ല, പിന്നെയൊ സമാധാനത്തിന്റെ ദൈവമാണ്” എന്നതിനോട് എങ്ങനെ യോജിക്കുന്നു?—1 കൊരിന്ത്യർ 14:33.
അനേകം “ദൈവങ്ങളും” അനേകം “കർത്താക്കൻമാരും”?
ക്രിസ്തീയ അപ്പോസ്തലനായ പൗലോസ്, “ഒരു ദൈവം മാത്രമേയുള്ളു . . . എന്ന് നാം അറിയുന്നു” എന്ന് പറയുകതന്നെ ചെയ്തു എന്നത് സത്യം തന്നെ. എന്നാൽ അവന്റെ വിശദീകരണം ശ്രദ്ധിക്കുക: “എന്തുകൊണ്ടെന്നാൽ, അനേകം ‘ദൈവങ്ങളും’ അനേകം ‘കർത്താക്കൻമാരും’ ഉള്ളതുപോലെ തന്നെ ആകാശത്തിലൊ ഭൂമിയിലൊ ‘ദൈവങ്ങൾ’ എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരികിലും യഥാർത്ഥത്തിൽ നമുക്ക് പിതാവായ ഏകദൈവമേയുള്ളു.” (1 കൊരിന്ത്യർ 8:4-6) വ്യക്തമായും, ചില ആളുകൾ അസ്തിത്വത്തിലില്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നു എന്നതാണ് പൗലോസിന്റെ വാദം. എന്നാൽ ക്രിസ്ത്യാനികൾ ആരാധന അർഹിക്കുന്ന, “യഹോവയെന്നു നാമമുള്ളവനായ” ഒരു ദൈവം മാത്രമേയുള്ളു എന്ന് പരിഗണിക്കുന്നു.—സങ്കീർത്തനം 83:18.
“പിതാവായ ഏകദൈവം”
തന്റെ കുട്ടികളുടെ ക്ഷേമത്തിൽ തൽപ്പരനും അവരെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ആഗ്രഹമുള്ളവനുമായിരിക്കുന്ന ഒരു മാനുഷ പിതാവ് അവർക്ക് പിൻപററുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും തത്വങ്ങളും വെക്കുന്നു. അവൻ അവരുടെ വ്യക്തിപരമായ ആവശ്യങ്ങളും പരിമിതികളും സ്നേഹപൂർവം പരിഗണിക്കുമ്പോൾ തന്നെ, അവൻ എല്ലാവരും ഒരേ പ്രമാണങ്ങൾ അനുസരിക്കുന്നതിന് ആവശ്യപ്പെടും.
മനുഷ്യവർഗ്ഗത്തിന്റെ സ്വർഗ്ഗീയ പിതാവ് ഓരോ ആളെയും ഓരോ വ്യത്യസ്ത വ്യക്തിയായി വീക്ഷിക്കുമ്പോൾതന്നെ, തന്റെ എല്ലാ സൃഷ്ടികളും ഒരേ നിയമങ്ങൾ അനുസരിക്കുന്നതിനും ഒരേ തത്വങ്ങൾക്കു ചേർച്ചയായി ജീവിക്കുന്നതിനും ആവശ്യപ്പെടുന്നു. ഈ തത്വങ്ങൾ വ്യക്തിതോറും രാജ്യം തോറും വ്യത്യാസപ്പെടുന്നില്ല. ഏതായാലും ഒരു കത്തോലിക്കൻ ഒരു ഗർഭച്ഛിദ്രം നടത്തുന്നത് പാപമാണെങ്കിൽ, ഒരു സ്വതന്ത്ര പ്രൊട്ടസ്ററൻറ് അംഗത്തെ സംബന്ധിച്ച് അത് കുറഞ്ഞ തോതിലേ പാപമായിരിക്കുകയുള്ളോ? ഒരു അമേരിക്കൻ മൗലികവാദിക്ക് ലഹരിപാനീയങ്ങൾ കുടിക്കുന്നത് പാപമാണെങ്കിൽ ബിയറോ വീഞ്ഞോ ആഹാരത്തോടുകൂടെ കഴിക്കുന്ന യൂറോപ്യൻ കത്തോലിക്കനേസംബന്ധിച്ച് അത് അത്രതന്നെ പാപമല്ലേ?
ഫലങ്ങൾ സത്യമതത്തെ നിർണ്ണയിക്കുന്നു
ക്രി. മു. എട്ടാം നൂററാണ്ടിൽ വടക്കേ പത്തുഗോത്ര യിസ്രായേൽരാജ്യം അസ്സീറിയയ്ക്ക് കീഴടങ്ങിയ ശേഷം അസ്സീറിയൻ പ്രദേശത്തിന്റെ മററു ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ശമര്യയിലേക്കു മാററി പാർപ്പിക്കപ്പെട്ടു. ഈ പുതിയ നിവാസികൾ “തങ്ങളുടെ മുൻ മതങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ” തുടർന്നു. എന്നാൽ ഈ മതങ്ങൾ സത്യദൈവമായ യഹോവയെ സമീപിക്കുന്നതിനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളായിരുന്നോ? അല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ വാക്യം വ്യക്തമായി ഇങ്ങനെ പറയുന്നു: “യഹോവയെ ഭയപ്പെടുന്ന ആരുമില്ലായിരുന്നു, അവന്റെ ചട്ടങ്ങളും ന്യായത്തീർപ്പുകളുമനുസരിച്ചു പ്രവർത്തിക്കുന്ന ആരുമില്ലായിരുന്നു.”—2 രാജാക്കൻമാർ 17:34.
യുക്ത്യാനുസൃതം, ദൈവനിയമങ്ങളെ അവഗണിക്കുന്ന മതങ്ങൾക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴികയില്ല. ഇതിൽ യേശു പ്രസ്താവിച്ച തത്വം ഉൾപ്പെട്ടിരിക്കുന്നു: “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും.” ഒരു മതത്തിലെ അംഗങ്ങൾക്ക് സത്യമതത്തിന്റെ ഈ തിരിച്ചറിയൽ ഫലം ഇല്ലെങ്കിൽ അതിന് “സ്നേഹമായിരിക്കുന്ന ദൈവ”ത്തെ എങ്ങനെ പ്രതിനിധാനം ചെയ്യാൻകഴിയും?—യോഹന്നാൻ 13:35; 1 യോഹന്നാൻ 4:8.
ഏകസത്യദൈവത്തെ പ്രതിനിധാനംചെയ്യുന്ന ഒരു മതം അവനെപ്പോലെ സ്നേഹവും സന്തോഷവും സമാധാനവും ദീർഘക്ഷമയും ദയയും നൻമയും സൗമ്യതയും ആത്മനിയന്ത്രണവുമുള്ള ആളുകളെ ഉളവാക്കേണ്ടതാണ്. (ഗലാത്യർ 5:22, 23) അത് നടത്തയും ധാർമ്മികതയുംസംബന്ധിച്ച അവന്റെ പ്രമാണങ്ങളെ ദൃഢമായി ഉയർത്തിപ്പിടിക്കുന്ന ഉറച്ച വിശ്വാസമുള്ള ആളുകളെ ഉളവാക്കേണ്ടതാണ്. “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും,” എന്ന് ഒരു വൃക്ഷത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് യേശു പറഞ്ഞു. ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർക്കു മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളു.’ ഒരു മതം ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്ന ആളുകളെ ഉൽപ്പാദിപ്പിക്കുന്നുവെങ്കിൽ അതിനെ നല്ലത് എന്ന് ശുപാർശ ചെയ്യുന്നതെന്താണ്?—മത്തായി 7:16-23.
നിങ്ങളോടു തന്നേ ചോദിക്കുക: മിക്ക മതങ്ങളും കൊല്ലുന്നത് തെററാണെന്ന് പഠിപ്പിക്കുന്നു. എന്നാൽ യുദ്ധത്തിന്റെ സമയത്ത് അവയുടെ അംഗങ്ങൾ എന്തു ചെയ്യുന്നു? മിക്കതും വിവാഹം പവിത്രമായ ഒരു ഏർപ്പാടാണ് എന്ന് പഠിപ്പിക്കുന്നു. എന്നാൽ വിവാഹമോചനം സംബന്ധിച്ചും വിവാഹത്തിനു മുമ്പും വിവാഹത്തിനു വെളിയിലും ഉള്ള ലൈംഗികത സംബന്ധിച്ചും അവയിലെ അംഗങ്ങൾക്ക് എന്തു രേഖയാണുള്ളത്?
വാക്കുകൾ പ്രവൃത്തികൾക്ക് വിരുദ്ധം
ഒരു പൗരസ്ത്യ യൂറോപ്യൻ യൂണിവേഴ്സിററിയിലെ ഒരു ഫിസിക്സ് പ്രൊഫസർ 1982-ൽ, യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നപ്പോൾ ഇപ്രകാരം പറഞ്ഞു: “ആപേക്ഷിക സ്വാതന്ത്ര്യത്തിന്റെ പരിധികളെ സംബന്ധിച്ച് വ്യക്തമായി നിർവചിക്കാൻ പ്രാപ്തമായ ഒററ മതസ്ഥാപനം മാത്രമേ ഭൂമിയിലുള്ളു എന്ന് ഞാൻ കണ്ടെത്തി. യഹോവയുടെ സാക്ഷികളോടൊത്തുള്ള എന്റെ പഠനസമയത്ത് എനിക്ക് പ്രത്യേകാൽ ബോധ്യമായ സംഗതി ഈ സംഘടനക്ക് അതിന്റെ അംഗങ്ങൾ ഈ അതിർത്തിക്കുള്ളിൽ നിൽക്കുന്നതിന് ആവശ്യപ്പെടാനുള്ള കരുത്തുണ്ട് എന്ന വസ്തുതയാണ്.”
മററു മതങ്ങൾക്ക് അത്രത്തോളം പറയാൻ കഴിയുമോ? ദൃഷ്ടാന്തത്തിന്, പോപ്പ് ജോൺ പോൾ ll, 1986-ലെ അദ്ദേഹത്തിന്റെ ക്രിസ്തുമസ്സ് സന്ദേശത്തിൽ, “സ്നേഹത്തിനു മാത്രമേ നമ്മുടെ ഗ്രഹത്തിന്റെ മുഖത്തെ മാററാൻ കഴിയുകയുള്ളു” എന്ന് പറഞ്ഞുകൊണ്ട് വിദ്വേഷത്തിന് ഒരു അറുതി വരുത്താൻ ആവശ്യപ്പെട്ടു. എന്നാൽ കത്തോലിക്കാസഭ അതിന്റെ സ്വന്തം അണികളിൽ ഇത് നേടുന്നതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ട്? എല്ലാ മതങ്ങളും “സമാധാനത്തിന്റെ ദൈവത്തിങ്കലേക്കുള്ള” വ്യത്യസ്ത മാർഗ്ഗങ്ങൾ മാത്രമാണെങ്കിൽ അവയുടെ അംഗങ്ങളിൽ ഇത്ര കുറച്ചു സമാധാനം കണ്ടെത്തപ്പെടുന്നത് എന്തുകൊണ്ട്?—ഫിലിപ്യർ 4:9.
അവർ ഉത്തരം കണ്ടെത്തി
കുർട്ട് തന്റെ മതത്തിൽ നിരുത്സാഹിതനായിത്തീർന്നു, എന്തുകൊണ്ടെന്നാൽ അത് “മിക്കവാറും എല്ലാററിനും മാപ്പുകൊടുക്കുകയും ദൈവവചനത്തിന്റെ ഗൗരവപൂർവമായ പഠനത്തെ അവഗണിക്കുകയും ചെയ്തു.” തന്റെ പാസ്ററർ ബൈബിളിനെപ്പോലും വിശ്വസിക്കുന്നില്ലെന്ന് ഡയെററർ കണ്ടെത്തിയപ്പോൾ അയാൾ ഞെട്ടിപ്പോയി. ഗുണ്ടർ “ദൈവത്തെ സേവിക്കുന്നതിൽ കേവലം പ്രസംഗങ്ങൾ ശ്രദ്ധിക്കുകയും പാട്ടുകൾ പാടുകയും ചെയ്യുന്നതിലും അധികം ഉൾപ്പെട്ടിരിക്കണം” എന്ന് വിചാരിച്ചു. ഈ മൂന്നുപേരും ഇപ്പോൾ യഹോവയുടെ സാക്ഷികളാൽ നടത്തപ്പെടുന്ന വിപുലമായ ബൈബിൾ പരിശീലന പരിപാടിയിൽ സംബന്ധിച്ചുകൊണ്ട് സംതൃപ്തി കണ്ടെത്തുന്നു.
‘ഓരോരുത്തനും അവനവന്റെ സ്വന്തം മാർഗ്ഗത്തിൽ രക്ഷപ്പെടാൻ കഴിയും’ എന്നു വിശ്വസിക്കുന്നതിലേക്ക് നിങ്ങളെ വഴിതെററിക്കാൻ ലോകത്തിന്റെ ചിന്തയെ അനുവദിക്കരുത്. ബൈബിൾ അദ്ധ്യയനം ഏകസത്യദൈവമായ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ച് കൂടുതൽ പഠിക്കുന്നതിന് നിങ്ങളെ സഹായിക്കും. അത് യോഗ്യമായി അവനെ പ്രതിനിധാനംചെയ്യുന്ന ഏകസത്യമതത്തിലേക്കും നിങ്ങളെ നയിക്കും. (g88 3/8)