നിങ്ങൾ ചെറിയ പ്രാണികളിൽ സന്തോഷിക്കുന്നുവോ?
അനേകരും ഇല്ല. ഞാൻ ഈ ചെറിയ പ്രാണികളെ കൂടുതൽ അടുത്ത് നിരീക്ഷിക്കാൻ തുടങ്ങുന്നതിനു മുമ്പ് ഞാനും ആ അനേകരിൽ ഒരുവനായിരുന്നു. ദയവായി അവയിൽ മൂന്നെണ്ണത്തെ സംബന്ധിച്ച് ഞാൻ പഠിച്ച ചില കാര്യങ്ങൾ പരിചിന്തിക്കുക.
ജാപ്പനീസ് ചെള്ള്
മെയ് മാസത്തിൽ ജാപ്പനീസ് ചെള്ള് ഓക്ക്കുടുംബത്തിലേതുപോലുള്ള ഒരു അനുയോജ്യമായ ഇളം പത്രം തിരഞ്ഞെടുക്കുന്നു. ആദ്യം, ആ ഇലയുടെ കടഭാഗത്തിനടുത്ത് അതിന്റെ ഞരമ്പുകളിലൂടെ കീറലുണ്ടാക്കുന്നു. ദ്രാവക വിതരണം നിലക്കുന്നതിനാൽ ഇല വാടുന്നു. ഇപ്പോൾ ഇല ചുരുട്ടേണ്ട ആവശ്യമുണ്ട്.
നിങ്ങൾ എപ്പോഴെങ്കിലും ആകർഷകമായി ഇല മടക്കി ഭക്ഷണം പൊതിയാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ഭംഗിയായി ചെയ്യാൻ എത്ര പ്രയാസമാണെന്ന് നിങ്ങൾക്കറിയാം. എന്നിരുന്നാലും, അഞ്ചിലൊന്നിഞ്ചിൽ കുറഞ്ഞ നീളമുള്ള ഈ ചെറു പ്രാണി, അതുചെയ്യുന്നതിന് വൈദഗ്ദ്ധ്യം നേടിയിരിക്കുന്നു. അവളുടെ ആറുകാലുകളും താടിയെല്ലുകളും ഉപയോഗിച്ചുകൊണ്ട് അവൾ ആ ഇല നെടുനീളത്തിൽ മടക്കുന്നു, പിന്നീട് അഗ്രത്തിൽ തുടങ്ങി അത് ചുരുട്ടാൻ തുടങ്ങുന്നു. ചുരുട്ടൽ പൂർത്തിയാക്കുന്നതിന് മുമ്പ്, കുറേമുകളിലായി അവൾ ഇലയുടെ മടക്കിൽ ഒരു മുട്ട ഇടുന്നതിന് നിൽക്കുന്നു. സമർത്ഥമായി അവൾ ഇലയുടെ അഗ്രങ്ങൾ ചുരുട്ടിയ കുഴലിന്റെ മദ്ധ്യത്തിലേക്ക് വലിച്ചുവെക്കുന്നു, അങ്ങനെ ഇലയുടെ ചുരുൾ അഴിഞ്ഞുപോകാതിരിക്കുന്നു.
മുട്ട വിരിയുമ്പോൾ, കുഞ്ഞ് സംരക്ഷിക്കപ്പെടുകയും ധാരാളം പുതിയ ആഹാരത്താൽ ചുററപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഒരു മുറിച്ച കാബേജിന്റെയോ ഉവർച്ചീരയുടെയോ ഉൾഭാഗം പുറംഭാഗത്തെക്കാൾ നിലനിൽക്കുന്നതുപോലെ ദൃഢമായി പാക്ക് ചെയ്ത ഇലയുടെ ഉൾഭാഗം പച്ചയായിരിക്കും. അതിന്റെ അനുഗൃഹീതയായ മാതാവിന്റെ ഒരുക്കലുകളുടെ സഹായത്താൽ കുഞ്ഞ് മൂന്നൊ നാലൊ ആഴ്ചകൾ കഴിഞ്ഞ് ബാഹ്യലോകത്ത് അരങ്ങേററം നടത്തുന്നതുവരെ പോഷിപ്പിക്കപ്പെടും.
ഒരു മനോഹരമായ ചിത്രശലഭം
ഇപ്പോൾ ജപ്പാന്റെ ദേശീയ ചിത്രശലഭമായ ദി ഗ്രേററ് പർപ്പിളിന്റെ മുട്ടകൾ ശ്രദ്ധിക്കുക! അവപോലും ലളിതമോഹനമാണ്! ജൂലൈ അവസാനം മുതൽ ആഗസ്ററ് മദ്ധ്യം വരെ അവയെ ഇലകളിലും കമ്പുകളിലും കാണാൻ കഴിയും. 20 മുതൽ 200 വരെയുള്ള കൂട്ടങ്ങളായി ഇടപ്പെടുന്ന ഓരോ മുട്ടയും കേവലം 0.06 ഇഞ്ച് വ്യാസമുള്ളവയാണ്. ആറു മുതൽ എട്ടു വരെ ദിവസങ്ങൾകൊണ്ട് മുട്ടകൾ വിരിയുന്നു. ലാർവ മുട്ടയുടെ മുകൾഭാഗം ചവക്കുകയും വെളിയിൽ കയറിവരികയും അതിന്റെ തന്നെ മുട്ടത്തോട് തിന്നുകയും ചെയ്യുന്നു. തികച്ചും ഭംഗിയുള്ള ഒരു ചെറിയ പ്രാണി!
അടുത്ത മൂന്നു നാലു മാസങ്ങളിൽ ലാർവ തിന്നുകയും ഉറങ്ങുകയും ആവർത്തിച്ച് അതിന്റെ തൊലി ഉരിയുകയും ചെയ്യുന്നു. നവമ്പറിൽ ഒരു മരച്ചുവട്ടിൽ വീണുകിടക്കുന്ന ഇലകൾക്കിടയിൽ ഒളിക്കുകയും ഒരു ഗാഢനിദ്രയിൽ മുഴുകുകയും ചെയ്യുന്നു. അത് മെയ് മാസം ആരംഭത്തോടെ ഉണരുകയും അതിന്റെ തവിട്ടുനിറമുള്ള ശീതകാല ത്വക്ക് ഉരിയുകയും ഈ പ്രാവശ്യം വർദ്ധിച്ച അളവിൽ തീററി തുടരുകയും ചെയ്യുന്നു. പെട്ടെന്ന് അത് ഒരു ശലഭപ്പുഴു, അഥവാ പ്യൂപ്പ ആയിത്തീരുന്നു. അതിന്റെ വിശിഷ്ടമായ തന്ത്രം സംരക്ഷണം സാധ്യമാക്കിത്തീർക്കുന്നു, അതുകൊണ്ട് ഇരപിടിയൻമാർ കേവലം മറെറാരില കാററത്ത് ആടുന്നതുപോലെ അതിനെ കാണുന്നു.
ഈ സമയമാകുമ്പോഴേക്ക് ഈ പ്രാണി പത്തുമാസത്തിലധികം ജീവിച്ചിരിക്കും. ജൂൺ അവസാനത്തോടെ പ്യൂപ്പയുടെ ത്വക്ക് പൊട്ടി തുറക്കുകയും ഒരു മനോഹരചിത്രശലഭം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതിന്റെ ചിറകിന് 4.3 ഇഞ്ചോളം നീളമുണ്ട്. അതിന് ഏകദേശം 40 ദിവസത്തെ ജീവിതവും കൂടിയെ അവശേഷിച്ചിട്ടുള്ളു എന്നുള്ളതിനാൽ അത് അതിന്റെ ജീവിതാവസാനത്തിൽ അതിന്റെ സൗന്ദര്യത്തിന്റെ പാരമ്യത്തിലെത്തുന്നു.
പരിശ്രമശാലിയായ ഒരു തേനീച്ച
ഇലവെട്ടി വംശത്തിൽ പെട്ട തേനീച്ചകൾ കൂടുകൾ നിർമ്മിക്കുന്നതിന് ശരിയായ സ്ഥാനം കണ്ടുപിടിക്കുന്നതിനുതന്നെ ഗണനീയമായ സമയം എടുക്കും. അത് ഒരു കല്ലിന്റെ കോണൊ മുളപോലുള്ള ഒരു മരക്കഷണത്തിലെ ദ്വാരമൊ നിലത്തെ ഒരു മാളമൊ ആയിരുന്നേക്കാം.
സ്ഥാനം തിരഞ്ഞെടുത്തശേഷം, ഒരു തേനീച്ച അനുയോജ്യമായ ഇലകൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നു, അതിൽ നിന്ന് അവൾ വൃത്താകൃതിയിൽ വൃത്തിയുള്ള കഷണങ്ങൾ മുറിച്ചെടുക്കുന്നു. അവൾ ഓരോന്നും പകുതിക്കൽവെച്ച് മടക്കുകയും തിരഞ്ഞെടുത്ത സ്ഥാനത്തേക്ക് കൊണ്ടുപോകയും ചെയ്യുന്നു. ആവശ്യത്തിന് ഇലകൾ ശേഖരിക്കുന്നതിൽ മിക്കപ്പോഴും 20 മുതൽ 30 വരെ പ്രാവശ്യത്തെ യാത്ര ഉൾപ്പെടുന്നു.
അടുത്ത രണ്ടു ദിവസങ്ങളിൽ അവൾ പൂക്കളിലെ തേനും പൂമ്പൊടിയും ശേഖരിച്ച് എത്തിക്കുന്നു. അവളുടെ കുഞ്ഞിന് പ്രായപൂർത്തിയാകുന്നതുവരെ ആവശ്യമുള്ള ആഹാരം ശേഖരിച്ചു കഴിയുമ്പോൾ അവൾ മുട്ട ഇടുന്നു. ഈ ബോധമുള്ള തള്ളത്തേനീച്ച അവളുടെ മുട്ട സുരക്ഷിതമായി അകത്ത് മൂടിവെക്കുന്നതുവരെ തൃപ്തയാകാതെ, അവൾ ഇപ്പോൾ ഇലകളിൽ നിന്ന് പൂർണ്ണമായും വൃത്താകാരമായ കഷണങ്ങൾ മുറിച്ചെടുക്കാൻ പോകുന്നു. അതിൽ ഏതാനും എണ്ണംകൊണ്ട് അവൾ തന്റെ വിലയേറിയ മുട്ട അടച്ചുവെക്കുന്നു. ലാർവാ വിരിയുമ്പോൾ അത് അതിന്റെ കഠിനാദ്ധ്വാനിയായ മാതാവ് പ്രദാനം ചെയ്ത തേനും (കാർബോ ഹൈഡ്രേററ്) പൂമ്പൊടിയും (പ്രൊട്ടീൻ) ചേർന്ന സന്തുലിതമായ ആഹാരക്രമം ആസ്വദിക്കും.
ഏതാനും പ്രാണികളെക്കുറിച്ചു വിചിന്തനംചെയ്തശേഷം, കേവലം ഒരു ചെറിയ അറിവിനുപോലും അത്തരം ചെറുപ്രാണികളുടെ മഹാനായ രൂപസംവിധായകനും ജീവദാതാവിനും എതിരെയുള്ള അനേകം മുൻവിധികളെ നീക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. നിങ്ങൾക്കും ചെറിയ പ്രാണികളിൽ സന്തോഷിക്കുന്നതിന് സമയമെടുക്കാൻകഴിയും. അവ എവിടെയുമുണ്ട്. (g88 2/22)