കിടന്നു മൂത്രവിസർജ്ജനം നടത്തൽ—അതിനെ കീഴടക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക
നിങ്ങളെയൊ നിങ്ങളുടെ പ്രിയപ്പെട്ടവരെയൊ ഈ കുഴപ്പം ബാധിക്കുന്നെങ്കിൽ, നിങ്ങൾ ഒററക്കല്ലെന്നും അതിന് ചികിത്സയുണ്ടെന്നും അറിയുന്നതിനാൽ നിങ്ങൾ ആശ്വസിപ്പിക്കപ്പെടും
“അത് എന്റെ യൗവനത്തെ നശിപ്പിച്ചു!” ‘അഴുക്കായ കിടക്കയുടെയും പൈജാമയുടെയും അവസാനിക്കാത്ത കഴുകൽ!’ ഒരു “ദുഷ്കീർത്തിയും” ഒരു “ക്ലേശവും!”
ഇവ കിടന്നുമുള്ളലിന്റെ ശല്യപ്പെടുത്തുന്ന പ്രശ്നത്തിന്റെ ഇരകളായ മാതാപിതാക്കളുടെയും കുട്ടികളുടെയും ഹൃദയഭേദകമായ രോദനമാണ്. ഇത് ഉൾപ്പെട്ടിരിക്കുന്നവർക്ക് പരസ്യമായി ചർച്ച ചെയ്യാൻ എളുപ്പമല്ലാത്ത ഒരു സംഭ്രമിപ്പിക്കുന്ന പീഡയാണ്.
എന്നിരുന്നാലും കിടന്നുമുള്ളൽ വിപുലവ്യാപകമാണ്. ഒരു കണക്കനുസരിച്ച് ഐക്യനാടുകളിൽ മാത്രം ഇത് അഞ്ചുലക്ഷം കുട്ടികളെ ബാധിക്കുന്നു, അതുകൊണ്ട് ഇത് അധികം ശ്രദ്ധയും ഗവേഷണവും അർഹിക്കുന്ന ഒരു വിഷയമാണ്. ഇതിന്റെ കാരണമെന്താണ്?
കിടന്നുമുള്ളലിന് “നോക്ടേണൽ ഇന്യൂറസിസ്” എന്നാണ് വൈദ്യശാസ്ത്രം നാമകരണം ചെയ്തിരിക്കുന്നത്. സാധാരണയായി രാത്രിയിൽ മൂത്രനിയന്ത്രണം പ്രതീക്ഷിക്കുന്ന ഒരു പ്രായത്തിൽ അറിയാതെ രാത്രിയിൽ മൂത്രം പോകുന്നതിനെയാണ് ഇത് അർത്ഥമാക്കുന്നത്. മിക്ക കുട്ടികളിലും ഏതു പ്രായത്തിലാണ് ഈ നിയന്ത്രണം വികാസം പ്രാപിക്കുന്നത്? സാംസ്കാരികമായ ചില വ്യത്യാസങ്ങളുണ്ട്, എന്നാൽ 3-ാമത്തെ വയസ്സിൽ 5-ൽ 1 കുട്ടിയും 5-ാമത്തെ വയസ്സിൽ 10-ൽ 1 കുട്ടിയും എന്നാൽ 14-ാമത്തെ വയസ്സിൽ 35-ൽ 1 കുട്ടി മാത്രവും ആഴ്ചയിൽ ഒന്നിലധികം പ്രാവശ്യം കിടന്നു മുള്ളുന്നു.
ഈ കണക്കുകൾ കിടന്നു മുള്ളലിന്റെ പ്രശ്നം ഒരു കാലഘട്ടംകൊണ്ട് പരിഹരിക്കപ്പെടുന്നുവെന്ന് വിശദമാക്കുന്നു. വാസ്തവത്തിൽ, ഒരു ഗവേഷകൻ ഒരു പഠനത്തിലെ 75 ശതമാനം പേർ അഞ്ചുവർഷത്തെ ഒരു കാലഘട്ടംകൊണ്ട് സുഖപ്പെട്ടതായി കണ്ടെത്തി. ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ കൂടെക്കൂടെ ബാധിക്കപ്പെടുന്നു. ഈ ക്രമരാഹിത്യം കുടുംബത്തിൽ മാതാപിതാക്കളിലൊരാൾക്കൊ ഒരു സഹോദരനൊ ഒരു സഹോദരിക്കൊ ബാധിച്ചുകൊണ്ട് പ്രശ്നം നിലനിൽക്കുന്നുവെന്നും തോന്നുന്നു.
സാദ്ധ്യതയുള്ള കാരണങ്ങൾ
അപൂർവമെങ്കിലും, ചിലപ്പോൾ, മൂത്രത്തിലെ പഴുപ്പ്, പ്രമേഹം, ആഹാര അലർജികൾ അല്ലെങ്കിൽ മൂത്രാശയത്തിന്റെയൊ വൃക്കകളുടെയൊ നാഡീവ്യവസ്ഥയുടെയൊ വൈകല്യം, എന്നിവ പോലുള്ള ഒരു രോഗം അറിയാതെയുള്ള മൂത്രവിസർജ്ജനത്തിന് കാരണമാക്കിയേക്കാം. പകൽ സമയത്തും നിയന്ത്രണത്തിന്റെ അഭാവമുണ്ടെങ്കിൽ സാധ്യതയനുസരിച്ച് ഒരു രോഗമായിരിക്കാം കാരണം. അഞ്ചും ആറും വയസ്സിനു മേൽ പ്രായത്തിലും കിടന്ന് മൂത്രവിസർജ്ജനം നടത്തുന്ന പ്രശ്നം നിലനിൽക്കുമ്പോൾ, പകൽസമയത്തും അറിയാതെ മൂത്രവിസർജ്ജനം നടക്കുകയും ഒരു കാലഘട്ടത്തെ ഇടവേളക്കുശേഷം കിടന്നു മൂത്രവിസർജ്ജനം ആവർത്തിക്കുകയും ചെയ്യുന്നെങ്കിൽ ഒരു രോഗമുണ്ടോ എന്നറിയാൻ ഒരു വൈദ്യപരിശോധന ആവശ്യമായിരിക്കാം.
അറിയാതെ മൂത്രവിസർജ്ജനം നടത്തുന്നത് നാഡീസംബന്ധമായ തകരാറിന്റെ ബാഹ്യ പ്രകടനമാണെന്ന് ചിലർ കഴിഞ്ഞകാലത്ത് വീക്ഷിച്ചിരുന്നു വെങ്കിലും, ഇപ്പോൾ വൈദ്യശാസ്ത്ര വിദഗ്ദ്ധർ ഇത് കരുതിക്കൂട്ടിയല്ലെന്നും ഒരു മനഃശാസ്ത്രപരമായ തകരാറിന്റെ ലക്ഷണമല്ലെന്നുമുള്ളതിൽ യോജിക്കുന്നു. മൂത്രാശയത്തിന്റെ വലിപ്പക്കുറവ്, മൂത്രാശയ നിയന്ത്രണത്തിന്റെ സാവധാനമായ പക്വതപ്രാപിക്കൽ, കുടുംബപരമായ ചായ്വ്, ഉറക്കരീതികളുടെ ക്രമരാഹിത്യം മുതലായ പല സിദ്ധാന്തങ്ങളും നിർദ്ദേശിക്കപ്പെടുന്നുണ്ടെങ്കിലും, കിടന്നു മൂത്രവിസർജ്ജനം നടത്തുന്നതിന്റെ കാരണം മററു പ്രകാരത്തിൽ അജ്ഞാതമാണ്. ഒരു പ്രത്യേക കുട്ടിയിൽ ഇവയിൽ ഒന്നിലധികം അവസ്ഥകൾ നിലവിലുണ്ടായിരിക്കാം.
ഒരു കുട്ടിക്ക് ആറൊ അതിലധികമൊ മാസത്തേക്ക് രാത്രിയിൽ മൂത്രനിയന്ത്രണം ഉണ്ടായിരിക്കുകയും പിന്നീട് കിടന്ന് മൂത്രവിസർജ്ജനം പുനരാരംഭിക്കയും ചെയ്താൽ, ഒരു ശാരീരിക രോഗമൊ ഒരു വൈകാരിക തകരാറൊ കാരണമായിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്. ഒരു പുതിയ ശിശുവിന്റെയൊ ഒരു പുതിയ രണ്ടാനച്ഛന്റെയൊ രണ്ടാനമ്മയുടെയൊ ആഗമനമൊ ഒരു പുതിയ വീട്ടിലേക്കുള്ള മാററമൊ അല്ലെങ്കിൽ മററ് കുടുംബ ശിഥിലീകരണമൊ വീണ്ടും കിടന്നുള്ള മൂത്രവിസർജ്ജനത്തിന് കാരണമായേക്കാം. എന്നിരുന്നാലും ഒട്ടുമിക്കപ്പോഴും കിടന്നള്ള മൂത്രവിസർജ്ജനം മൂലം കുററബോധം, അപര്യാപ്തത, സ്വാഭിമാനത്തിന്റെ നഷ്ടം, ഉത്ക്കണ്ഠ മുതലായ വൈകാരിക പ്രയാസങ്ങൾ ഉളവാകുന്നു.
ഇതു കൈകാര്യം ചെയ്യുന്ന വിധം
“നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏററവും മോശമായ സംഗതി അവരെ ഭീഷണിപ്പെടുത്തുകയാണ്. നിങ്ങൾ ഭീഷണിപ്പെടുത്തിയാൽ കൂടുതൽ വഷളാകും; അത് മെച്ചപ്പെടുകയില്ല,” എന്ന് 19 വയസ്സുവരെ കിടന്നു മൂത്ര വിസർജ്ജനം ചെയ്തിരുന്ന ലോറെയ്ൻ പറയുന്നു. “കുട്ടിയോട് കോപിക്കുന്നതിൽ കാര്യമില്ല,” എന്ന് ബാധിക്കപ്പെട്ട ജൂലിയൻ എന്ന എട്ടു വയസ്സുകാരന്റെ മാതാവ് വിശദീകരിച്ചു.
ശിക്ത, അപമാനിക്കൽ, തരംതാഴ്ത്തൽ എന്നിവ ഫലപ്രദമല്ലാത്ത ചികിത്സാരീതികളാണ്, എന്തുകൊണ്ടെന്നാൽ കുട്ടിക്ക് കിടന്നുള്ള മൂത്രമൊഴിക്കലിനെ നിയന്ത്രിക്കാൻ സാധ്യമല്ല. ഈ പ്രതിപ്രവർത്തനങ്ങൾ കുററവും ക്ലേശവും വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഉതകുകയുള്ളു, എന്നാൽ പ്രശ്നം സംബന്ധിച്ച് പ്രയോജനകരമായ ഫലമൊന്നും ഉണ്ടായിരിക്കുന്നില്ല. പകരം മാതാപിതാക്കൾ കുട്ടിയുടെമേലുള്ള വൈകാരികാഘാതത്തെ കുറക്കാൻ ശ്രമിക്കണം. “ക്ലേശം കുറക്കുന്നതിന് ശ്രമിക്കുകയും ഗ്രാഹ്യം ഉണ്ടായിരിക്കയും ചെയ്യുക,” എന്ന് ലോറെയ്ൻ മുന്നറിയിപ്പു നൽകുന്നു. “യാതൊരു ദുഷ്കീർത്തിയും അതിനോട് കൂട്ടാതിരിക്കാൻ ശ്രമിക്കുക—കുട്ടിക്ക് മുമ്പേതന്നെ കുററബോധം തോന്നുന്നുണ്ട്.”
അനേകം ചികിത്സാ രീതികൾ നിലവിലുണ്ട്, എന്നാൽ ഒന്നും ഒരു നിശ്ചിത കുട്ടിയിൽ മുൻകൂട്ടിപ്പറയാവുന്നവിധം മൂല്യവത്തല്ല. അതുകൊണ്ട് കുടുംബം അനുക്രമമായി വിവിധ മാർഗ്ഗങ്ങൾ ശ്രമിച്ചുനോക്കുന്നതിനെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉൾപ്പെട്ടിരിക്കുന്ന കുട്ടിയുടെ പ്രായവും ഉപയോഗിക്കേണ്ട ചികിത്സാ രീതി തീരുമാനിക്കുന്ന ഘടകമായിരുന്നേക്കാം. അറിയാതെ മൂത്രവിസർജ്ജനം നടത്തൽ തനിയെ നിലയ്ക്കാൻ ചായ്വുള്ളതാകയാൽ ചില മാതാപിതാക്കൾ കാത്തിരിക്കുന്നതിന് ഇഷ്ടപ്പെടുന്നു. കുട്ടിയിൽ ശാരീരികമായ ഏതെങ്കിലും പ്രശ്നമോ വൈകാരിക കുഴപ്പമോ ഇല്ലാത്തപ്പോൾ കാത്തിരിക്കുന്നതായിരിക്കാം ഏററവും നല്ല സംഗതി. കുട്ടി പരിശോധനയുടെയും ചികിത്സയുടെയും നടപടിക്രമങ്ങളാൽ ശല്യപ്പെടുത്തപ്പെട്ടേക്കാം.
എന്നാൽ കിടന്നുമുള്ളൽ ബന്ധപ്പെട്ട എല്ലാവർക്കും കൂടുതൽ ജോലിയും വൈകാരിക സമ്മർദ്ദവും ക്ലേശവും ഉളവാക്കുകതന്നെ ചെയ്യുന്നു. സ്നേഹിതരെയും ബന്ധുക്കളെയും രാത്രി വൈകി സന്ദർശിക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നേക്കാം. ലോറെയ്ൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “നിങ്ങൾക്ക് അതുമുഖേന പലതരത്തിലുള്ള സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടായിരിക്കും.”
അതുകൊണ്ട് അനിശ്ചിതമായി ചികിത്സ നീട്ടിവെക്കുന്നത് ബുദ്ധിമോശമാണ്. ലോറെയ്ൻ ഇപ്രകാരം ഉപദേശിക്കുന്നു: “അതു നീണ്ടുപോകാൻ അനുവദിക്കരുത്. അതിനിടയിൽ, നിങ്ങൾക്ക് അതിനാൽ ആഘാതമേൽക്കാൻ ഇടയായേക്കാം. നിങ്ങൾ ഒരു സ്വഭാവം രൂപീകരിക്കുന്നു.” “അത് ഒരു ശീലമായിത്തീരുന്നു,” എന്ന് ജൂലിയന്റെ മാതാവ് പറയുന്നു.
സഹായകമായിരിക്കാൻ കഴിയുന്നത്
ഒരു ചികിത്സാകോഴ്സ് തുടങ്ങുന്നതിനുമുമ്പ്, ആ ചികിത്സ പ്രാരംഭപ്രശ്നത്തെക്കാൾ ഉപരിയായ ഉപദ്രവത്തിനിടയാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിൽ ശ്രദ്ധിക്കണം. കുട്ടിക്ക് ആറുമുതൽ എട്ടുവരെ വയസ്സാകുന്നതിനു മുൻപ് ചികിത്സ തുടങ്ങരുത് എന്ന് ചില പ്രാമാണികൻമാർ വിചാരിക്കുന്നു. സാധാരണയായി ഈ പ്രായത്തിനുമുമ്പ് കുട്ടിക്ക് കിടന്നുമുള്ളൽ ശല്യമായിരിക്കുന്നില്ല. കൂടാതെ പ്രായം കൂടിയ കുട്ടികൾ ചികിത്സക്ക് മെച്ചപ്പെട്ട പ്രതികരണം നടത്തുന്നു.
ഒരു പ്ലാസ്ററിക്ക് ഷീററ് കവറൊ കിടക്ക സംരക്ഷിക്കുന്നതിന് മൂത്രം ആഗിരണം ചെയ്യുന്ന കുഷനൊ ഉപയോഗിക്കുന്നതും കുട്ടിയെക്കൊണ്ട് ശുചിയാക്കിക്കുന്നതും ഇതിനെ അഭിമുഖീകരിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ചില കൗശലങ്ങളാണ്. പൈജാമകൾക്കു പുറമെ നല്ല കട്ടിയുള്ള അടിവസ്ത്രം ധരിക്കുന്നത് മൂത്രം ബഡ്ഷീററുകളിൽ അധികമായി ഒലിച്ചിറങ്ങുന്നതിനെ തടയും. പ്രായക്കൂടുതലുള്ള കുട്ടികൾ ഒരു അലാറം വെക്കുന്നതായാൽ അവർക്ക് കിടന്നു മൂത്രവിസർജ്ജനം നടത്തുന്നതിനു മുമ്പ് എഴുന്നേററ് മൂത്രപ്പുരയിൽ പോകാൻകഴിയും. ബുദ്ധിയുപദേശവും സമാശ്വസിപ്പിക്കലും മാത്രം അഭിവൃദ്ധിയിൽ കലാശിച്ചേക്കാം. പ്രശ്നം ഗ്രഹിക്കുന്നതിന് കുട്ടിയെ സഹായിക്കുകയും അവനെ ചികിത്സാപ്രക്രിയയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് വിജയസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
അത്താഴത്തിനുശേഷമുള്ള പാനീയങ്ങളുടെ (വിശേഷിച്ച് കോളാകൾ ഉൾപ്പെടെ കോഫിൻ അടങ്ങിയ പാനീയങ്ങൾ) നിയന്ത്രണം, കിടക്കാൻ പോകുമ്പോൾ കുട്ടി ടോയ്ലററ് ഉപയോഗിച്ചുവെന്ന് ഉറപ്പുവരുത്തൽ, രാത്രിയിൽ മൂത്രവിസർജ്ജനത്തിന് എഴുന്നേൽപ്പിക്കൽ, രാത്രിയിൽ കിടന്ന് മൂത്രമൊഴിക്കാത്തപ്പോൾ പ്രശംസിക്കൽ മുതലായ ലളിതമായ കാര്യങ്ങൾ കിടന്നുമുള്ളലിനെ കുറക്കുകയൊ ഇല്ലായ്മ ചെയ്യുകയൊ ചെയ്തേക്കാം. കുട്ടി കിടന്ന് മൂത്രമൊഴിക്കാത്ത രാത്രികളുടെ ഒരു രേഖ സൂക്ഷിക്കുന്നതുതന്നെ ഒരു പ്രോത്സാഹനമായിരിക്കാൻ കഴിയും, അഭിവൃദ്ധിയിൽ കലാശിക്കുകയും ചെയ്തേക്കാം. കൂടാതെ, പകൽ ക്രമമായി കൂടുതൽ അളവ് മൂത്രം വിസർജ്ജിക്കാതെ പിടിച്ചുവെക്കുന്നതിന് കുട്ടിയെ പരിശീലിപ്പിക്കുന്നതും സഹായകമായിരുന്നിട്ടുണ്ട്.
കൂടുതൽ ശ്രദ്ധാപൂർവകമായ ഒരു സമീപനം ഒരു യൂറിൻ അലാം സിസ്ററത്തിന്റെ ഉപയോഗമാണ്. ഒരു മൂത്ര സംവേദന പാഡിൽ ഏതാനും തുള്ളി മൂത്രം കുട്ടിയുടെ കീഴെ രാത്രിയിൽ വെക്കുന്നത് കുട്ടിയെ ഉണർത്താൻ അലാം പ്രവർത്തിക്കാൻ ഇടയാക്കും. ഈ ഉപായത്താൽ അറിയാതെ മൂത്രവിസർജ്ജനം നടത്തുന്നതൊഴിവാക്കുന്നതിൽ 60 മുതൽ 90 വരെ ശതമാനം വിജയം റിപ്പോർട്ടുചെയ്യപ്പെടുന്നു, ചികിത്സിക്കപ്പെട്ടവരിൽ 10മുതൽ 45വരെ ശതമാനം പേർക്ക് വീണ്ടും പ്രശ്നമുണ്ടായതായി റിപ്പോർട്ടു ചെയ്യപ്പെട്ടെങ്കിലും. വീണ്ടും ചികിത്സിക്കുന്നത് സുഖമാകുന്നതിൽ കലാശിച്ചേക്കാം.
“വരണ്ട ശയ്യാപരിശീലനം” എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഉപായങ്ങളുടെയെല്ലാം ഒരു മിശ്രിതം, ചികിത്സിക്കപ്പെട്ട മിക്കവാറും എല്ലാ കുട്ടികളിലും കിടന്നുമുള്ളൽ നിലക്കുന്നതിന് സഹായകമായി ഭവിച്ചിട്ടുണ്ട്. ഖേദകരമായി, ഒരിക്കൽ ചികിത്സ നിർത്തിക്കഴിഞ്ഞ് 20 മുതൽ 30 വരെ ശതമാനം കുട്ടികൾക്ക് വീണ്ടും പ്രശ്നമുണ്ടാകുന്നു, എന്നാൽ ഈ കുട്ടികളെ ആവർത്തിച്ച് ചികിത്സിക്കുന്നത് സ്ഥിരമായ വിജയത്തിൽ കലാശിച്ചേക്കാം.
ഇമിപ്രാമൈൻ എന്ന ഒരു മരുന്ന് കിടന്നുമുള്ളൽ കുറക്കുന്നതായി കണ്ടിട്ടുണ്ട്, എന്നാൽ പാർശ്വഫലങ്ങൾ സാധാരണമാണ്, പുനർരോഗവർദ്ധനയുടെ നിരക്കും ഉയർന്നതാണ്. ഇമിപ്രാമൈൻമൂലം യാദൃച്ഛികമായി ഓവർഡോസും മരണവും സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് ഈ സമീപനം സ്വീകരിക്കുന്നതിൽ മുൻകരുതൽ ഉപദേശിക്കപ്പെട്ടിരിക്കുന്നു. ഈ മരുന്ന് ഉപയോഗിക്കുമ്പോൾ തുടർച്ചയായ വൈദ്യ മേൽനോട്ടം ശുപാർശചെയ്യപ്പെട്ടിരിക്കുന്നു.
ചിലർ മററു രൂപത്തിലുള്ള ചികിത്സകൾ ഉപയോഗിച്ചിട്ടുണ്ട്. “ഞാൻ, നട്ടെല്ലിൽ തിരുമ്മൽ നടത്തി ഞരമ്പുരോഗ ചികിത്സ നടത്തുന്ന ആളെ സമീപിക്കാൻ നിർദ്ദേശിക്കുന്നു. എന്റെ മകനിൽ കേവലം രണ്ടര മാസത്തിനുള്ളിൽ പുരോഗതി കാണാൻ എനിക്കു കഴിഞ്ഞു,” എന്ന് ജൂലിയന്റെ അമ്മ അവകാശപ്പെടുന്നു. അറിയാതെ മൂത്രം പോകുന്നതിന് അക്യുപംക്ചർ ചികിത്സ നടത്തുന്നതുസംബന്ധിച്ച പഠനം 40 ശതമാനം വിജയം നിരീക്ഷിച്ചു. സസ്യശാസ്ത്രപഠിതാക്കൾ കിടന്നുമുള്ളൽ പ്രശമിപ്പിക്കുന്നതായി അഭിപ്രായപ്പെട്ട വിവിധ സസ്യങ്ങളും ഔഷധികളും പട്ടികപ്പെടുത്തുന്നു. ചില പ്രദേശങ്ങളിൽ, ഈ പ്രശ്നം പ്രത്യേകവൽക്കരിക്കുന്ന ക്ലിനിക്കുകൾ ഉണ്ട്.
മിക്കസംഗതിയിലും ഈ പ്രശ്നം കേവലം അപ്രത്യക്ഷമാകുന്നു, അല്ലെങ്കിൽ ചികിത്സക്കുശേഷം പരിഹൃതമാകുന്നു. ലോറെയ്ൻ നിരീക്ഷിക്കുന്നതുപോലെ: “മററു ചിലർക്കും ഇതേ കാര്യം തന്നെ അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടുപിടിക്കുന്ന ആളുകൾക്ക് അത്യധികമായ ആശ്വാസംതോന്നുന്നു.” ഈ ഉറപ്പിനോടൊപ്പം ലഭ്യമായ ചില ചികിത്സകളുമായിരിക്കാം കിടന്നു മൂത്രവിസർജ്ജനം നടത്തുന്നതിനെ തരണംചെയ്യുന്നതിന് നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നതിനുള്ള താക്കോൽ.—ഒരു ഡോക്ടർ സംഭാവന ചെയ്തത്. (g88 2/22)