ലോകത്തെ വീക്ഷിക്കൽ
സമൃദ്ധിയിൻമദ്ധ്യേ വിശപ്പ്
കാർഷിക രംഗത്തെ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതി നിമിത്തം ലോകത്തിന് ആവശ്യമുള്ളതിലുമധികം ഭക്ഷ്യവിഭവങ്ങൾ ഇന്ന് വിളയിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ലോകത്തിൽ വിശന്നുവലയുന്ന ജനങ്ങളുടെ സംഖ്യ 1985 ആയപ്പോഴേക്ക് 51.2 കോടി ആയിത്തീർന്നു. “ലോകം മിത വിലക്ക് ലഭിക്കുന്ന മിച്ച ഭക്ഷണത്തിന്റെ പ്രളയത്തിൽ മുങ്ങിയിരിക്കുന്ന സമയത്താണ് ഈ വിശപ്പിന്റെ വർദ്ധനവുണ്ടായിരിക്കുന്നത്,” എന്ന് ദ ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഐക്യരാഷ്ട്രങ്ങളുടെ ലോക ഭക്ത്യ സമിതി പറയുന്നപ്രകാരം, ഒരു നിർണ്ണയം അനുസരിച്ച് പട്ടിണിയുമായി ബന്ധപ്പെട്ട രോഗം പിടിപെട്ട് പ്രതിദിനം 40,000 കുട്ടികൾ വീതം മരിക്കുന്നു. ഈ വികലപോഷണം അനുഭവിക്കുന്നവരിൽ മൂന്നിൽ രണ്ടു ഭാഗവും ഏഷ്യൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. ഇവയിൽ ചില രാജ്യങ്ങൾ അവരുടെ സ്വന്ത ജനങ്ങളിൽ ഏറിയ പങ്കിനും താങ്ങാനാകാത്ത വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നു. “ഇന്ന് ഭക്ത്യ ക്ഷാമങ്ങളെക്കാൾ രാഷ്ട്രീയ സ്ഥിതിഗതികളും നയപരമായ തീരുമാനങ്ങളും ആണ് പട്ടിണിയ്ക്ക് കാരണം ആയിരിക്കുന്നത്,” എന്ന് ടൈംസ് പറയുന്നു.
അബദ്ധയുദ്ധഭീതി
ന്യൂക്ലിയർ പ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കപ്പെടുന്ന അത്യന്താധുനിക സാങ്കേതികവിദ്യ, അബദ്ധത്തിലുള്ള ന്യൂക്ലിയർ യുദ്ധത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നതിനു പകരം കൂട്ടുകയാണ് ചെയ്യുന്നത് എന്ന് അമേരിക്കയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞൻമാർ ഈയിടെ മുന്നറിയിപ്പ് നൽകി. ലണ്ടനിൽ നിന്നുള്ള സണ്ടേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നപ്രകാരം കാലിഫോർണിയയിൽ വച്ചു നടന്ന ഒരു സംയുക്ത യോഗത്തിൽ ശാസ്ത്രജ്ഞൻമാർ ഇങ്ങനെ നിഗമനം ചെയ്തു: “പ്രതിരോധ സംവിധാനങ്ങളെ ഭരിക്കുന്ന സാങ്കേതികവിദ്യയിൽ മാറ്റം വന്നില്ലെങ്കിൽ അബദ്ധവശാൽ പൊട്ടിപ്പുറപ്പെടാവുന്ന ന്യൂക്ലിയർ യുദ്ധത്തിനുള്ള സുപ്രധാന സാദ്ധ്യതയുണ്ട്.” ഗുരുതരമായ സാദ്ധ്യതയുണ്ട്. ലോകത്തിലെ 50,000 ന്യൂക്ലിയർ യുദ്ധായുധങ്ങളെ തൊടുത്തുവിടാൻ ഇടയാക്കാമായിരുന്ന എല്ലാ പിഴവുകളും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, എപ്പോഴും സ്ഥിതി ഇങ്ങനെ ആയിരിക്കണമെന്നില്ല, എന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു. “നാം ഇതേ വഴിക്കു മുന്നോട്ടു പോയാൽ, നമ്മെത്തന്നെ നാം നിർമ്മൂലമാക്കാൻ പോവുകയുണ്,” എന്ന് സ്റ്റാൻഫോൻഡ് യൂണിവേഴ്സിറ്റിയിലെ ഡോ. മാർട്ടിൻ ഹെൽമാൻ മുൻകൂട്ടിപ്പറയുന്നു.
ഹനിക്കുന്ന പല്ലടവ് വസ്തുക്കൾ
“സാധാരണ ധാരണയ്ക്കു വിപരീതമായി, പോടടയ്ക്കാനുപയോഗിക്കുന്ന ‘വെള്ളി’ക്കൂട്ടിൽ വാസ്തവത്തിൽ ഏതാണ്ട് 50 ശതമാനം രസം (മെർക്കുറി)—ഒരു അറിയപ്പെടുന്ന വിഷം—ചേർന്നിട്ടുണ്ട്,” എന്ന് യുവർ ഹെൽത്ത് പ്രസ്താവിക്കുന്നു. ഈ പദാർത്ഥത്തിന്റെ നേരിയ ശകലങ്ങൾ ശരീരത്തിലേക്ക് നുഴഞ്ഞുകയറി തുടർച്ചയായ അവശത, കടുത്ത വിഷാദം, ഉൽക്കണ്ഠ, വിരൽകോച്ചൽ എന്നിവയ്ക്കു കാരണമായിത്തീരാം എന്ന് കോളറാഡോയിലെ ഒരു ദന്തരോഗ ഗവേഷകനായ ഡോ. ഹാൽ ഹഗ്ഗിൻസ് അവകാശപ്പെടുന്നു. അപസ്മാര രോഗികളുടെ പല്ലടയ്ക്കാനുപയോഗിച്ച മെർക്കുറിയുടെ അടവ് വസ്തുക്കൾ നീക്കം ചെയ്തപ്പോൾ അവർക്ക് രോഗസൗഖ്യം ലഭിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഐക്യനാടുകളിലെ ദന്തഡോക്ടർമാരിൽ ഏകദേശം 10,000 തൊട്ട് 1,30,000 പേർ വരെ രസം (മെർക്കുറി) ഉപയോഗിക്കുന്നത് നിർത്തി എന്നും പകരം ഇപ്പോൾ ലഭ്യമായ മറ്റു വസ്തുക്കൾ ആണ് ഉപയോഗിക്കുന്നതെന്നും ഡോ. ഹഗ്ഗിൻസ് നിർണ്ണയം ചെയ്യുന്നു.
കൂടുതലായൊരു പ്രയോജനം
മുലയൂട്ടുന്നതുകൊണ്ടുള്ള പ്രയോജനങ്ങളുടെ പട്ടികയിൽ ഗവേഷകൻമാർ ഒരു പുതിയ കാര്യം കൂടെ കൂട്ടിച്ചേർക്കുന്നു—നേരെയുള്ള പല്ലുകൾ. ജോൺ ഹോപ്കിൻസ് സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് കുപ്പിപ്പാൽ ഊട്ടുമ്പോൾ കുട്ടിയുടെ വായ്ക്കുള്ളിൽ നടക്കുന്ന വളർച്ചയുടെ രീതിയും മുലയൂട്ടുമ്പോഴുള്ള വളർച്ചാരീതിയും തമ്മിൽ വ്യത്യാസമുണ്ട്. ഇതിന്റെ കാരണം ശിശുക്കൾ അവരുടെ നാക്കും ചുണ്ടും ഭിന്നവിധങ്ങളിൽ ഉപയോഗിക്കുന്നു എന്നുള്ളതാണ്. കുട്ടികൾ കുപ്പിപ്പാൽ കുടിക്കുമ്പോൾ, നിപ്പിളിൽ നിന്നുള്ള പാലൊഴുക്ക് തടയാൻ നാവ് മുന്നോട്ട് തള്ളിക്കൊണ്ടിരിക്കും. മുലയൂട്ടുമ്പോൾ ഈ മുന്നോട്ടുള്ള തള്ളലിന്റെ ആവശ്യമില്ല, കുട്ടികൾ അവരുടെ വായിലെ പേശികൾ ഏറെ ശക്തിയായി ഉപയോഗിക്കേണ്ടിയും വരുന്നു. പല്ലുകളുടെ വിന്യാസത്തിന്റെ കാര്യത്തിൽ, ഒരു വർഷത്തിലേറെക്കാലം മുല കുടിച്ചിട്ടുള്ള കുട്ടികൾക്ക് പ്രശ്നങ്ങൾ ഏറ്റവും വിരളമായേ ഉണ്ടാകാറുള്ളൂ.
അഞ്ചുലക്ഷംകോടി ആയി ഉയരുന്നു
യൂഗോസ്ലാവിയയിലെ സാഗ്രേബ് എന്ന സ്ഥലത്ത് 1987 ജൂലൈ മദ്ധ്യത്തിൽ ജനിച്ച മാറ്റേജ് ഗാസ്പർ എന്ന ആൺകുഞ്ഞിനെ അഞ്ഞൂറുകോടിയാമത്തെ മനുഷ്യജീവിയായി നാമകരണം ചെയ്തു. എങ്കിലും യഥാർത്ഥത്തിൽ അഞ്ഞൂറുകോടിയാമത്തെ വ്യക്തി ആരാണെന്നോ അയാൾ എവിടെ ജനിച്ചുവെന്നോ ഒരുത്തർക്കും തിട്ടമില്ല എന്നു തീർച്ചയാണ്. പ്രത്യേക ജനനസ്ഥലം എന്ന നിലയിൽ സാഗ്രേബ് തന്നെ തെരഞ്ഞെടുക്കാൻ കാരണം, ജനസംഖ്യാവിദഗ്ദ്ധർ നിശ്ചയിച്ച ആ പ്രത്യേക സമയത്ത് ഐക്യരാഷ്ട്ര സെക്രട്ടറി-ജനറൽ ജാവ്യർ പെരെസ് ഡി ക്വേയർ ആ നഗരിയിലുണ്ടായിരുന്നു എന്നതാണ്. “ആ സന്ദർഭത്തിന് പ്രാധാന്യം കുറിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ, ഈ വർഷം ഉണ്ടാകാനിരിക്കുന്ന 12 കോടി ജനനങ്ങളിൽ 90 ശതമാനവും, ഭക്ഷണം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ തികച്ചും അപര്യാപ്തമായ രാജ്യങ്ങളിലായിരിക്കും നടക്കുക എന്ന വസ്തുതയിലേക്ക് പെരെസ് ഡി ക്വെയർ ശ്രദ്ധ ക്ഷണിച്ചു” എന്ന് ടൈം മാസിക പറയുന്നു. ഭൂമിയുടെ ജനസംഖ്യ 1974-ൽ നാനൂറു കോടി എത്തിയിരുന്നു.
ജാപ്പനീസ് “ഭീഷണി”
“അമേരിക്കൻ നിർമ്മിത വിമാനങ്ങൾ വാങ്ങുന്നതിന് പകരം തങ്ങളുടെ സ്വന്തം ജെറ്റ് ഫൈറ്ററുകൾ നിർമ്മിക്കാൻ ജപ്പാന്റെ പ്രതിരോധ ഏജൻസി നടാടെ പദ്ധതിയിടുന്നു,” എന്ന് ന്യൂസ്ഡേ എന്ന ന്യൂ യോർക്ക് വർത്തമാനപ്പത്രം പറയുന്നു. “ആലോചനയിലിരിക്കുന്ന ഈ ജാപ്പനീസ് വിമാനത്തെ തെക്കുകിഴക്കൻ ഏഷ്യയിലെ വിമാന വിപണിയിൽ ഐക്യനാടുകൾ പുലർത്തിപ്പോരുന്ന ആധിപത്യത്തിന് ഭീഷണിയായി [പ്രതിരോധ] വിശകലന വിദഗ്ദ്ധർ കാണുന്നു.” ജപ്പാന്റെ കമ്പനികൾ അമേരിക്കൻ കമ്പനികളുമായി ചേർന്ന് ഹെലികോപ്റ്ററുകളും പരിശീലന വിമാനങ്ങളും നിർമ്മിക്കാറുണ്ടായിരുന്നുവെങ്കിലും ഒരു സ്വദേശ-നിർമ്മിത യുദ്ധവിമാനം രണ്ടാം ലോകമഹായുദ്ധാനന്തര ലോകത്ത് അവരെ സംബന്ധിച്ചിടത്തോളം നടാടെയാണ്. ജേർണൽ ഓഫ് ഡിഫെൻസ് ആൻറ് ഡിപ്ലോമസി എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ ഡേവിഡ് സ്മിത്ത് ഇങ്ങനെ പറയുന്നു: “കാറുകളുടെ കാര്യത്തിൽ ജപ്പാൻകാർ ചെയ്തതെന്താണെന്ന് അറിയാമെന്നിരിക്കെ, യു. എസ്. വിമാനവ്യവസായികൾ ഒട്ടുമേ ആഗ്രഹിക്കാത്ത കാര്യമാണ് ജപ്പാൻകാർ വിമാനം ഉണ്ടാക്കുക എന്നത്.”
നേത്ര രക്ഷ
കുറ്റമറ്റ സംരക്ഷണത്തിനുള്ള ഉപാധി എന്ന നിലയിൽ വിരലടയാളത്തിനുണ്ടായിരുന്ന സ്ഥാനം മിഴിയടയാളം കൈയ്യടക്കിയിരിക്കുന്നു. “പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് കൈയ്യുറ ഉപയോഗിച്ചുകൊണ്ട് ആർക്കുവേണമെങ്കിലും വിരലടയാളം പകർത്താൻ കഴിയും എന്ന് പുതിയ സംവിധാനം വിപണിയിലിറക്കുന്ന കമ്പനിയെ പ്രതിനിധീകരിക്കുന്ന ചക് ഫാർഗോ എന്ന ദേഹം പറഞ്ഞു. ഒരാളുടെ കണ്ണിലെ രക്തധമനികളുടെ വിന്യാസം സ്കാൻ ചെയ്യുകയും ഒരു കംപ്യൂട്ടർ ഫയലിൽ സൂക്ഷിച്ചിരിക്കുന്ന വിന്യാസമാതൃകയുമായി താരതമ്യം ചെയ്യുകയും ചെയ്യുന്ന ഒരു സൂക്ഷ്മ വിശകലനോപകരണം (microprocessor) ഉപയോഗിച്ചാണ് തിരിച്ചറിയൽ നടത്തുന്നത് എന്ന് ലണ്ടനിലെ ദ റ്റൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിരലടയാളത്തിന്റെ കാര്യത്തിലെന്നപോലെ ഓരോ നയനവിന്യാസവും (eye pattern) അനന്യമാണ്. നയനവിന്യാസങ്ങളുടെ സൗകര്യം അവയെ പകർത്താനോ, മാറ്റാനോ, മുൻനിർണ്ണയം ചെയ്യാനോ കഴിയുകയില്ല എന്നതാണ്.
മറ്റൊരു വിവാഹമോചനഹേതു
“വിവാഹ പരാജയങ്ങൾക്ക് എല്ലായ്പ്പോഴും കാരണം, പൊരുത്തക്കേടോ മറ്റു സ്വയജനിത പ്രശ്നങ്ങളോ ആയിരിക്കണമെന്നില്ല,” എന്ന് ദ ജർമ്മൻ ട്രിബ്യൂൺ പറയുന്നു. “ഒരു ഇണ അവന്റെയോ അവളുടെയോ മാതാപിതാക്കളിൽ നിന്ന് വേണ്ടത്ര അകലം കാത്തുകൊള്ളാതിരിക്കുന്നത് നിമിത്തവും വിവാഹത്തകർച്ച സംഭവിക്കാം. ഇണകളിൽ ഒരാൾ വേണ്ടത്ര അളവിൽ ഒരു ഭർത്താവോ ഭാര്യയോ ആയിരിക്കുന്നതിനേക്കാളധികം അപ്പനമ്മമാരുടെ കുട്ടി ആയിരിക്കുമ്പോൾ” സമനില ഉലയാനിടയാകുന്നതുകൊണ്ടാണ് പ്രയാസങ്ങൾ ഉടലെടുക്കുന്നത് എന്ന് ഗോട്ടിൻജെൻ സർവ്വകലാശാല നടത്തിയ നാലുവർഷം നീണ്ട ഗവേഷണത്തിന്റെ ഫലങ്ങളെ ആധാരമാക്കി എഴുതിയ ലേഖനം ചൂണ്ടിക്കാണിക്കുന്നു. സ്വതവെ പുലർത്തിപ്പോരുന്ന, ആഴത്തിൽ വേരോടുന്ന മാതാപിതാക്കളിലുള്ള മാനസിക ആശ്രയത്വമാണ് വിവാഹമോചനപ്രശ്നം പൊന്തിവരാനിടയാക്കുന്നത്. “തങ്ങളുടെ ഇണയുമായുള്ളതിനേക്കാൾ അധികം മാതാപിതാക്കളുമായി വിവാഹിതരായിരിക്കുന്നവർ” പ്രായേണ, ഇണയെപ്പറ്റിയുള്ള മാതാപിതാക്കളുടെ വിമർശനം സ്വീകരിക്കുകയും ചെയ്യും.
വിമാനത്താവളത്തിലെ പക്ഷിപട്രോൾ
ന്യൂ യോർക്കിലെ കെന്നഡി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഒരു അപകട ഭീഷണിയെപ്പറ്റി ഒരുപക്ഷേ അറിവില്ലായിരിക്കാം: പക്ഷികൾ. വിമാനത്തിലിടിച്ചോ ജെറ്റ് വിമാനത്തിന്റെ യന്ത്രത്തിനകത്ത് കുരുങ്ങിയോ, പക്ഷികൾ 2.5 കോടി ഡോളർ തൊട്ട് 4 കോടി ഡോളർ വരെയുള്ള നാശനഷ്ടങ്ങൾ വിമാനങ്ങൾക്ക് ഓരോ വർഷവും വരുത്തിക്കൂട്ടുന്നു. പക്ഷികളെ കൂട്ടമായി ആകർഷിക്കുന്ന ജമയ്ക്കാ ബേയിലെ വന്യമൃഗസങ്കേതവും എഡ്ജ്മേർ ചവറ്റുപറമ്പും തൊട്ടടുത്തു കിടക്കുന്നതുകൊണ്ട് കെന്നഡി വിമാനത്താവളത്തിന് മറ്റു വിമാനത്താവളങ്ങളേക്കാൾ കൂടുതൽ പ്രശ്നങ്ങളുണ്ട്. കടൽക്കാക്കയാണ് കെന്നഡി വിമാനത്താവളത്തിലെ ഏറ്റവും വലിയ പ്രശ്നം. പക്ഷി-വിമാന സംഘട്ടനങ്ങളിൽ ഏകദേശം 90 ശതമാനത്തിനും ഉത്തരവാദി കടൽക്കാക്കയാണ്. അസഹ്യപ്പെടുത്തുന്ന ശബ്ദലേഖനങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് റൺവേകളിൽ നിന്ന് പക്ഷികളെ വിരട്ടി ഓടിക്കാൻ ഒരു എട്ടംഗ പട്രോൾ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവസാന കൈ എന്ന നിലക്ക് മാത്രമെ പക്ഷികളെ കൊല്ലാറുള്ളൂ.
റോക്ക് ആസക്തി
റഷ്യയിലെ ബഷ്കിറിയാ സർവ്വകലാശാലയിലെ ഡോ. ജി. എ. അമിനേവ് അവകാശപ്പെടുന്നതനുസരിച്ച് തീവ്രത കൂടിയ റോക്ക് സംഗീതത്തിന് “രൂക്ഷമായ മയക്കുമരുന്നിന്റെ ഫലം” ഉണ്ട്. റോക്ക് ഭ്രമക്കാർക്ക് സ്ഥിരമായി തീവ്രമായ റോക്ക് സംഗീതം കേൾക്കാനായില്ലെങ്കിൽ മയക്കുമരുന്നു ആസക്തർക്കുണ്ടാവുന്ന തരം പിൻവാങ്ങലിൻ അസ്വാസ്ഥ്യങ്ങൾ (withdrawal symptoms) അവർക്കുണ്ടാവുന്നു. “നിങ്ങൾ അവരെ അത്തരം സംഗീതത്തിൽ നിന്ന് ഒരാഴ്ചത്തേക്ക് അകറ്റി നിർത്തിയാൽ അവർക്ക് അസ്വസ്ഥത തുടങ്ങുകയും ഈർച്ച വർദ്ധിക്കുകയും അവരുടെ കൈകൾ വിറക്കാൻ തുടങ്ങുകയും നാഡിയിടിപ്പ് അസ്ഥിരമാകുകയും ചെയ്യും.” പരീക്ഷണവിധേയരായവരിൽ ചിലർക്ക് സംഗീതമില്ലാതെ മൂന്നു ദിവസം പിന്നിട്ടപ്പോഴേക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. തീവ്ര റോക്ക് സംഗീതഭ്രമക്കാർക്ക് ജോലികളിൽ റോക്ക് സംഗീതം കേൾക്കാറില്ലാത്തവർക്കുള്ളതിന്റെ 50 ശതമാനം ഉത്പാദനക്ഷമതയേ ഉണ്ടായിരുന്നുള്ളൂ എന്നും ഡോ. അമിനേവ് കണ്ടെത്തി. (g87 10/22)