മനഃശാസ്ത്രപരമായ വേരുകൾ
“ഞാൻ സകല പരിശോധനയും നടത്തി, യാതൊന്നും കാണുന്നില്ല,” ദയാലുവായ ഡോക്ടർ എലിസബത്തിനോടു പറഞ്ഞു. “നിങ്ങൾക്കു ഗുരുതരമായ വിഷാദമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനു നല്ല കാരണവുമുണ്ട്.”
തന്റെ പ്രശ്നം ഒരു ശാരീരികരോഗമാണെന്ന് വിചാരിച്ച എലിസബത്ത് ഡോക്ടർ പറഞ്ഞത് ശരിയാണോയെന്നു സംശയിച്ചുതുടങ്ങി. അവളുടെ മെരുക്കമില്ലാത്തവനും മിക്കപ്പോഴും അനിയന്ത്രിതനുമായിരുന്ന ആറുവയസ്സുകാരൻ പുത്രനുമായി കഴിഞ്ഞ ചില വർഷങ്ങളിൽ നടത്തുന്ന അനുദിന പോരാട്ടത്തെക്കുറിച്ച് അവൾ വിചിന്തനംചെയ്തു. അവനു ശ്രദ്ധക്കുറവിനാലുള്ള ഒരു ക്രമക്കേടുണ്ടെന്നു പിന്നീടു നിർണ്ണയിക്കപ്പെട്ടു. “അറുതിയില്ലാതെ അഹോരാത്രം അനുഭവപ്പെട്ട സമ്മർദ്ദവും ഉൽക്കൺഠയും എന്റെ വികാരങ്ങളെ വല്ലാതെ ബാധിച്ചു. ഞാൻ ആശയറ്റ് ആത്മഹത്യ ചെയ്യണമെന്നു വിചാരിച്ച ഘട്ടത്തിലെത്തി”യെന്നു എലിസബത്ത് ഏറ്റുപറഞ്ഞു.
എലിസബത്തിനെപ്പോലെ അനേകം വിഷാദരോഗികൾ അസാധാരണമായ അളവിൽ സമ്മർദ്ദത്തെ നേരിട്ടിട്ടുണ്ട്. വിഷാദരോഗമുള്ള സ്ത്രീകൾക്ക് മോശമായ വീട്, അല്ലെങ്കിൽ തകർന്ന കുടുംബബന്ധം എന്നിങ്ങനെ വിഷാദമില്ലാത്ത സ്ത്രീകളുടെ മൂന്നിലധികം ഇരട്ടി “വൻ പ്രശ്നങ്ങൾ” ഉണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഗവേഷകരായ ജോർജ്ജ് ബ്രൗണും റ്റിറിൽ ഹാരിസും നടത്തിയ ഒരു സുപ്രധാന പഠനം കണ്ടെത്തി. ഈ പ്രയാസങ്ങൾ കുറഞ്ഞപക്ഷം രണ്ടു വർഷക്കാലം “ഗണ്യവും മിക്കപ്പോഴും കുറവാകാത്തതുമായ അരിഷ്ടതയ്ക്കിടയാക്കി”യിരുന്നു. ഒരു അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മരണം, കഠിനരോഗം അല്ലെങ്കിൽ അപകടം, ഞെട്ടിക്കുന്ന ദുർവാർത്തകൾ, അല്ലെങ്കിൽ ഒരു ജോലിനഷ്ടം, എന്നിങ്ങനെയുള്ള കഠിനജീവിതാനുഭവങ്ങളും വിഷാദരോഗികളായ സ്ത്രീകളുടെ ഇടയിൽ നാലിരട്ടി സാധാരണമായിരുന്നു.
എന്നിരുന്നാലും, പ്രാതികൂല്യങ്ങൾ മാത്രം വിഷാദം വരുത്തിക്കൂട്ടുന്നില്ലെന്ന് ബ്രൗണും ഹാരിസും കണ്ടെത്തി. അധികവും ആശ്രയിച്ചിരിക്കുന്നത് വ്യക്തിയുടെ മാനസിക പ്രതിബദ്ധതയേയും വൈകാരികാഘാതവിധേയത്വത്തേയുമായിരുന്നു.
“സകലവും ആശയറ്റതായി തോന്നി”
ഉദാഹരണത്തിന്, കഠിനാദ്ധ്വാനിയും മൂന്നു കൊച്ചുകുട്ടികളുടെ തള്ളയുമായിരുന്ന സാറാ ജോലിയോടു ബന്ധപ്പെട്ട ഒരു അപകടത്തിൽ തന്റെ നടു തകർത്തു. കശേരു പൊട്ടിയതുകൊണ്ട് തന്റെ ശാരീരികപ്രവർത്തനത്തിലധികവും കുറയ്ക്കണമെന്ന് അവളുടെ ഡോക്ടർ പറഞ്ഞു. “എന്റെ മുഴു ലോകവും അവസാനിച്ചുവെന്ന് ഞാൻ വിചാരിച്ചു. ഞാൻ എന്റെ കുട്ടികളോടൊത്ത് കളിച്ചിരുന്ന കായികമായി പ്രവർത്തനനിരതയായിരുന്ന ഒരു വ്യക്തിയായിരുന്നു. ഞാൻ ഈ നഷ്ടത്തെക്കുറിച്ചു ചിന്തിക്കുകയും കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടുകയില്ലെന്ന് വിചാരിക്കുകയും ചെയ്തു. പെട്ടെന്ന് എന്റെ ജീവിതസന്തോഷമെല്ലാം നഷ്ടപ്പെട്ടു. സകലവും ആശയറ്റതായി തോന്നി”യെന്ന് സാറാ സമ്മതിച്ചുപറഞ്ഞു.
അപകടത്തോടുള്ള അവളുടെ പ്രതികരണം അവളുടെ മുഴുജീവിതവും സംബന്ധിച്ച നിരാശാചിന്തകളിലേക്കു നയിച്ചു. ഇത് വിഷാദം ജനിപ്പിച്ചു. ബ്രൗണും ഹാരിസും സോഷ്യൽ ഒറിജിൻസ് ഓഫ് ഡിപ്രഷൻ എന്ന തങ്ങളുടെ പുസ്തകത്തിൽ പ്രസ്താവിക്കുന്ന പ്രകാരം “അത് [സാറായുടെ അപകടം പോലുള്ള പ്രകോപനപരമായ സംഭവം] പൊതുവേ ഒരുവന്റെ ജീവിതത്തിലെ ആശയില്ലായ്മയെക്കുറിച്ചുള്ള ചിന്തകളിലേക്കു നയിച്ചേക്കാം. നിരാശയുടെ അത്തരം സാമാന്യവൽക്കരണം വിഷാദരോഗ ക്രമക്കേടിന്റെ കാതലായിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
എന്നാൽ വലിയ വിഷാദരോഗത്തിലേക്കു വീണുപോകാനിടയാക്കിക്കൊണ്ട് തങ്ങളുടെ വേദനാകരമായ നഷ്ടത്തിനു പരിഹാരംകാണാൻ അനേകരെയും അപ്രാപ്തരാക്കുന്നതെന്താണ്? ദൃഷ്ടാന്തത്തിന്, സാറാ അത്തരം നിഷേധാത്മക ചിന്താപരമ്പരക്കു വിധേയയായതെന്തുകൊണ്ട്?
‘ഞാൻ വിലകെട്ടവൾ’
“എനിക്ക് ഒരിക്കലും ആത്മവിശ്വാസമില്ലായിരുന്നു, എന്റെ ആത്മാഭിമാനം വളരെ കുറവായിരുന്നു, ഞാൻ യാതൊരു ശ്രദ്ധക്കും അർഹതയില്ലാത്തവളാണെന്ന് എനിക്കു തോന്നി”യെന്ന് സാറാ വിശദീകരിച്ചു. സ്വന്തം വിലയില്ലായ്മയോടു ബന്ധപ്പെട്ട വേദനാകരമായ വികാരങ്ങളാണ് മിക്കപ്പോഴും നിർണ്ണായക ഘടകം. “ഹൃദയവേദന നിമിത്തം ഒരു ക്ലേശിതമായ ആത്മാവുണ്ട്” എന്ന് സദൃശവാക്യം പ്രസ്താവിക്കുന്നു. ഒരു വിഷാദാത്മാവ് ബാഹ്യസമ്മർദ്ദങ്ങളുടെ മാത്രമല്ല, ആന്തരികഭീതികളുടെയും ഫലമായിരിക്കാമെന്ന് ബൈബിൾ തിരിച്ചറിയുന്നുണ്ട്. കുറഞ്ഞ ആത്മാഭിമാനത്തിനു എന്തായിരിക്കാം കാരണം?
നമ്മുടെ വളർത്തലാണ് നമ്മുടെ ചിന്താമാതൃകകളിൽ ചിലതിനു രൂപംകൊടുക്കുന്നത്. “ഒരു കുട്ടിയായിരുന്നപ്പോൾ എന്റെ മാതാപിതാക്കൻമാർ എന്നെ ഒരിക്കലും പ്രശംസിച്ചിരുന്നില്ല. ഞാൻ വിവാഹിതയാകുന്നതുവരെ ഒരു അനുമോദനം കേട്ടതായി എനിക്ക് ഓർക്കാൻ കഴിയുന്നില്ല. തൽഫലമായി ഞാൻ മറ്റുള്ളവരിൽനിന്ന് അംഗീകാരം തേടി. ആളുകളുടെ അംഗീകാരമില്ലായ്മയെക്കുറിച്ചുള്ള ഭയങ്കര ഭയം എനിക്കുണ്ട്” എന്ന് സാറാ ഏറ്റുപറഞ്ഞു.
ഗുരുതരമായ വിഷാദത്തിനിരയാകുന്ന അനേകർക്കും പൊതുവായുള്ള ഒരു ഘടകമാണ് സാറായിക്ക് അനുഭവപ്പെട്ട അംഗീകാരത്തിന്റെ ആവശ്യം. അങ്ങനെയുള്ള ആളുകൾ തങ്ങളുടെ സ്വന്തം നേട്ടങ്ങളെക്കാളുപരി മറ്റുള്ളവരുടെ അംഗീകാരത്തിൻമേലും സ്നേഹത്തിൻമേലും തങ്ങളുടെ ആത്മാഭിമാനം കെട്ടുപണിചെയ്യാൻ ചായ്വു കാണിക്കുന്നുവെന്ന് ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റാർക്കെങ്കിലും ഇഷ്ടപ്പെടുകയോ പ്രാധാന്യമുള്ളവരായിരിക്കുകയോ ചെയ്യുന്ന അളവോളമായിരിക്കാം അവർ സ്വന്തം മൂല്യത്തെ വിലയിരുത്തുന്നത്. “അങ്ങനെയുള്ള പിന്തുണയുടെ നഷ്ടം ആത്മാഭിമാനത്തകർച്ചയിലേക്കു നയിക്കും, ഇത് വിഷാദരോഗത്തിന്റെ തുടക്കത്തിനു ഗണ്യമായി സംഭാവന ചെയ്യുന്നു.”
പൂർണ്ണതാവാദം
മറ്റുള്ളവരുടെ അംഗീകാരം തേടുന്നതുസംബന്ധിച്ച ഊതിവീർപ്പിച്ച താൽപര്യം മിക്കപ്പോഴും ഒരു അസാധാരണവിധത്തിൽ പ്രകടമാകുന്നു. സാറാ വിശദീകരിക്കുന്നു: “ഒരു കുട്ടിയെന്ന നിലയിൽ എനിക്കു കിട്ടാഞ്ഞ അംഗീകാരം ലഭിക്കുന്നതിന് എല്ലാം ശരിയായി ചെയ്യാൻ ഞാൻ കഠിനശ്രമംചെയ്തു. എന്റെ ലൗകിക ജോലിയിലും ഞാൻ എല്ലാം അങ്ങനെതന്നെ ചെയ്തു. എനിക്ക് ‘പൂർണ്ണതയുള്ള’ കുടുംബം വേണമായിരുന്നു. ഈ പ്രതിച്ഛായക്കൊപ്പം ഞാൻ ജീവിക്കേണ്ടിയിരുന്നു.” എന്നാൽ അവൾക്ക് അപകടമുണ്ടായപ്പോൾ എല്ലാം ആശയറ്റതായി തോന്നി. അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞാൻ കുടുംബത്തെ നയിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിച്ചു, എനിക്കു പ്രവർത്തിക്കാൻ കഴിയാതെവന്നാൽ അവർ പരാജയപ്പെടുമെന്നും അപ്പോൾ ആളുകൾ ‘അവൾ കഴിവില്ലാത്ത ഒരു അമ്മയും ഭാര്യയുമാണെന്നു’ പറയുമെന്നും ഭയപ്പെടുകയും ചെയ്തു.”
സാറായുടെ ചിന്ത വലിയ വിഷാദരോഗത്തിലേക്കു നയിച്ചു. അവളുടെ കേസ് അസാധാരണമല്ലെന്ന് വിഷാദരോഗികളുടെ വ്യക്തിത്വങ്ങളെസംബന്ധിച്ച ഗവേഷണം വെളിപ്പെടുത്തുന്നു. കഠിനവിഷാദമനുഭവിച്ച മാർഗറ്ററും ഇങ്ങനെ സമ്മതിച്ചു: “മറ്റുള്ളവർ എന്നേക്കുറിച്ചു വിചാരിച്ചതിനെക്കുറിച്ച് ഞാൻ വ്യാകുലപ്പെട്ടു. ഞാൻ ഒരു പൂർണ്ണതാവാദിയും മണിനോക്കി ക്രമീകൃതമായി വ്യാകുലപ്പെടുന്നവളുമായിരുന്നു.” അയാഥാർത്ഥമായി ഉയർന്ന ലാക്കുകൾ വെക്കുന്നത് അല്ലെങ്കിൽ അമിതമനഃസാക്ഷിബോധത്തോടെയെങ്കിലും പ്രതീക്ഷക്കൊത്തു ജീവിക്കുന്നതിൽ പരാജയപ്പെടുന്നത് അനേകം വിഷാദരോഗങ്ങളുടെയും മൂലകാരണമാണ്. സഭാപ്രസംഗി 7:16 മുന്നറിയിപ്പു നൽകുന്നു: “അതിനീതിമാനാകരുത്, നിന്നെത്തന്നെ അതിജ്ഞാനിയെന്നു പ്രകടമാക്കുകയുമരുത്. നീ നിനക്കുതന്നെ എന്തിനു ശൂന്യത വരുത്തുന്നു?” മിക്കവാറും പൂർണ്ണനെന്നു നിങ്ങളെത്തന്നെ കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നത് വൈകാരികവും ശാരീരികവുമായ വിനാശത്തിലേക്കു നയിച്ചേക്കാം. വൈഫല്യങ്ങൾക്കും വിനാശകരമായ സ്വയംകുറ്റപ്പെടുത്തലിലേക്കു നയിക്കാൻ കഴിയും.
“എനിക്ക് യാതൊന്നും ശരിയായി ചെയ്യാൻ കഴികയില്ല”
സ്വയം കുറ്റപ്പെടുത്തൽ ഒരു ക്രിയാത്മക പ്രതികരണമായിരിക്കാൻകഴിയും. ഉദാഹരണത്തിന്, ഒരു അപകടകരമായ പരിസരത്തുകൂടെ ഒറ്റക്ക് നടന്നതു നിമിത്തം ഒരാൾ കവർച്ചചെയ്യപ്പെട്ടേക്കാം. അയാൾ മാറ്റം വരുത്താനും അങ്ങനെ പിന്നീട് സമാനപ്രശ്നത്തെ ഒഴിവാക്കാനും തീരുമാനിച്ചുകൊണ്ട് ആ സാഹചര്യത്തിലെത്തിച്ചേർന്നതിനു സ്വയം കുറ്റപ്പെടുത്തിയേക്കാം. എന്നാൽ ‘ഞാൻ കുഴപ്പത്തിൽനിന്നു മാറിനിൽക്കാൻ കഴിയാത്ത ഒരു അശ്രദ്ധൻമാത്രമാണ്’ എന്നു പറഞ്ഞുകൊണ്ട് ഒരാൾ തുടർന്നും സ്വയം കുറ്റപ്പെടുത്തിയേക്കാം. ഇത്തരം സ്വയം കുറ്റപ്പെടുത്തൽ ഒരുവന്റെ സ്വഭാവത്തെത പഴിക്കുകയും ആത്മാഭിമാനത്തിനു തുരങ്കംവെക്കുകയും ചെയ്യുന്നു.
വിനാശകരമായ അത്തരം സ്വയംകുറ്റപ്പെടുത്തലിന്റെ ഒരു ദൃഷ്ടാന്തം 32 വയസ്സുകാരി മരിയായുടെ കാര്യത്തിൽ സംഭവിച്ചു. അവൾ ഒരു തെറ്റിദ്ധാരണനിമിത്തം തന്റെ മൂത്ത സഹോദരിയോട് ആറുമാസം നീരസം വെച്ചുപുലർത്തി. ഒരു വൈകുന്നേരം അവൾ ഫോണിലൂടെ തന്റെ സഹോദരിയെ അധിക്ഷേപിച്ചു. മേരിയാ ചെയ്തതു മനസ്സിലാക്കിക്കൊണ്ട് അവരുടെ അമ്മ അവളെ വിളിച്ചു ശക്തമായി ശകാരിച്ചു.
“ഞാൻ എന്റെ അമ്മയോടു കോപിച്ചു. എന്നാൽ ഞാൻ എന്നോടുതന്നെ കൂടുതൽ അസ്വസ്ഥയായി. കാരണം ഞാൻ എന്റെ സഹോദരിയെ എത്രമാത്രം ദ്രോഹിച്ചിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി”യെന്ന് മേരിയാ വിശദീകരിച്ചു. അൽപ്പംകഴിഞ്ഞ് അവൾ തന്റെ ഒൻപതുവയസ്സുള്ള പുത്രന്റെ നേരെ അട്ടഹസിച്ചു, അവന്റെ കുസൃതിനിമിത്തം. വളരെ അന്ധാളിച്ചുപോയ കുട്ടി പിന്നീട് തള്ളയോട് “മമ്മീ, മമ്മി എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നതുപോലെ തോന്നി!”യെന്നു പറഞ്ഞു.
മേരിയാ ആകെ തകർന്നുപോയി. അവൾ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഞാൻ ഒരു ഭയങ്കര ആളാണെന്ന് എനിക്കു തോന്നി. ‘എനിക്കു യാതൊന്നും ശരിയായി ചെയ്യാൻ കഴികയില്ലെന്ന് എനിക്കുതോന്നി!’ അതുമാത്രമേ എനിക്കു ചിന്തിക്കാൻ കഴിഞ്ഞുള്ളു. യഥാർത്ഥത്തിൽ കടുത്ത വിഷാദം അപ്പോൾ തുടങ്ങി.” അവളുടെ സ്വയംകുറ്റപ്പെടുത്തൽ വിനാശകമെന്നു തെളിഞ്ഞു.
വലിയ വിഷാദരോഗമുള്ള എല്ലാവർക്കും താണ ആത്മാഭിമാനമേയുള്ളുവെന്നാണോ അതിന്റെ അർത്ഥം? തീർച്ചയായുമല്ല. കാരണങ്ങൾ സങ്കീർണ്ണവും വിവിധവുമാണ്. ഫലം ബൈബിൾ പറയുന്ന ‘ഹൃദയ വേദന’യായിരിക്കുമ്പോൾപോലും അതു വരുത്തിക്കൂട്ടുന്ന അനേകം വികാരങ്ങളുണ്ട്, അവയിൽ പരിഹാരമില്ലാത്ത കോപം, നീരസം, യഥാർത്ഥമോ ഊതിവീർപ്പിച്ചതോ ആയ കുറ്റബോധം, മറ്റുള്ളവരുമായിട്ടുള്ള തീരാത്ത വഴക്കുകൾ എന്നിവ ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 15:13) ഇതിനെല്ലാം തകർന്ന ആത്മാവിലേക്ക് അല്ലെങ്കിൽ വിഷാദത്തിലേക്ക് നയിക്കാൻ കഴിയും.
തന്റെ വിഷാദത്തിലധികത്തിന്റെയും മൂലകാരണം തന്റെ ചിന്തയാണെന്ന് സാറാ മനസ്സിലാക്കിയപ്പോൾ ആദ്യം അവൾ തകർന്നുപോയി. “എന്നാൽ പിന്നീട് എനിക്ക് ഒരളവിൽ ആശ്വാസംതോന്നി, എന്തുകൊണ്ടെന്നാൽ എന്റെ ചിന്തയാണിതിനു കാരണമെങ്കിൽ എന്റെ ചിന്തക്ക് അതിനെ നേരെയാക്കാനും കഴിയും” എന്ന് സാറാ വിശ്വസിച്ചു. ഈ ചിന്ത തനിക്ക് ആവേശകരമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അവൾ വിശദീകരിച്ചു: “ചില കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ചിന്തക്കു മാറ്റം വരുത്തിയപ്പോൾ അതിനു ഇനിയങ്ങോട്ട് ഗുണകരമായി ബാധിക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
സാറാ ആവശ്യമായ മാറ്റങ്ങൾ വരുത്തി, അവളുടെ വിഷാദവും മാറി. മേരിയായും മാർഗരറ്റും എലിസബത്തും തങ്ങളുടെ പോരാട്ടത്തിൽ വിജയിച്ചു. അവർ എന്തു മാറ്റങ്ങൾ വരുത്തി? (g87 10/22)
[18-ാം പേജിലെ ആകർഷകവാക്യം]
‘എന്റെ ചിന്തയാണ് എന്റെ വിഷാദത്തിനു കാരണമെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ അത് എനിക്ക് കുറേ ആശ്വാസവും സുഖവും തന്നു, എന്തുകൊണ്ടെന്നാൽ അപ്പോൾ എനിക്കതു ശരിയാക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിച്ചു.’
[16, 17 പേജുകളിലെ ചതുരം]
കുട്ടിക്കാല വിഷാദം: “എനിക്കു ചാകണം”
അമേരിക്കൻ ദേശീയാരോഗ്യസ്ഥാപനത്തിലെ ഡോ. ഡോണാൾഡ് മക്ന്യൂവുമായുള്ള ഒരു കൂടിക്കാഴ്ച. അദ്ദേഹം 20 വർഷമായി ഈ വിഷയം ഗവേഷണം ചെയ്തിരിക്കുന്നു.
ഉണരുക! ഈ പ്രശ്നം എത്ര വ്യാപകമാണെന്ന് നിങ്ങൾ കരുതുന്നു?
മക്ന്യൂ: അടുത്തകാലത്ത് ന്യൂസിലാൻഡിൽ നടത്തിയ ആയിരം കുട്ടികളുടെ ഒരു പഠനം ഒൻപതു വയസ്സാകുന്നതോടെ കുട്ടികളുടെ 10 ശതമാനം ഒരു വിഷാദാനുഭവത്തിനു വിധേയരാകുന്നുവെന്ന് കണ്ടെത്തി. സ്കൂൾകുട്ടികളിൽ 10 മുതൽ 15 വരെ ശതമാനത്തിനു ഭാവസംബന്ധമായ ക്രമക്കേടുകളുണ്ടെന്നുള്ള ധാരണയാണ് ഞങ്ങൾക്കുള്ളത്. ഒരു ചുരുങ്ങിയ സംഖ്യ ഗുരുതരമായ വിഷാദമനുഭവിക്കുന്നു.
ഉണരുക!: കുട്ടികൾക്ക് ഗുരുതരമായ വിഷാദമുണ്ടോയെന്ന്എങ്ങനെ അറിയാം?
മക്ന്യൂ: മുഖ്യലക്ഷണങ്ങളിലൊന്ന് അവർക്കു യാതൊന്നിലും രസമില്ലെന്നുള്ളതാണ്. അവർ പുറത്തുപോയി കളിക്കാനോ കൂട്ടുകാരോടുകൂടെയായിരിക്കാനോ ആഗ്രഹിക്കുന്നില്ല. അവർക്കു കുടുംബത്തിൽ താത്പര്യമില്ല. നിങ്ങൾ ശ്രദ്ധാനഷ്ടം കാണുന്നു; അവർക്ക് റ്റെലിവിഷൻപരിപാടികളിൽ പോലും മനസ്സു പതിപ്പിക്കാൻ കഴിയുന്നില്ല, ഗൃഹപാഠത്തിൽ അത്രയുംകൂടെ കഴിയുന്നില്ല. നിങ്ങൾ വിലയില്ലായ്മയുടെ ഒരു തോന്നൽ കാണുന്നു, വ്യക്തിപരമായ ഒരു കുറ്റബോധം. തങ്ങൾ മിടുക്കരല്ല, അല്ലെങ്കിൽ ആർക്കും തങ്ങളെ ഇഷ്ടമില്ല എന്ന് അവർ പറഞ്ഞുനടക്കും. ഒന്നുകിൽ അവർക്കു ഉറങ്ങാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ കൂടുതലുറങ്ങുന്നു; അവർക്കു വിശപ്പു നഷ്ടപ്പെടുന്നു അല്ലെങ്കിൽ അവർ അമിതമായി തിന്നുന്നു. കൂടാതെ “എനിക്ക് ചാകണം” എന്നതുപോലെയുള്ള ആത്മഹത്യാപരമായ ആശയങ്ങൾ നിങ്ങൾ കേൾക്കുന്നു. ഈ ലക്ഷണങ്ങളുടെ ഒരു സമൂഹം നിങ്ങൾ കാണുന്നുവെങ്കിൽ, അത് ഒന്നോ രണ്ടോ ആഴ്ച നില്ക്കുകയുമാണെങ്കിൽ അപ്പോൾ നിങ്ങൾ ഗുരുതരമായ വിഷാദമുള്ള ഒരു കുട്ടിയെക്കുറിച്ചാണു സംസാരിക്കുന്നത്.
ഉണരുക!: കുട്ടിക്കാല വിഷാദത്തിന് വഴിമരുന്നിടുന്ന മുഖ്യകാര്യങ്ങളെന്തൊക്കെയാണ്?
മക്ന്യൂ: ഏതു കുട്ടിയുടെയും ജീവിതത്തിലെ പ്രത്യേക ഘടകങ്ങൾ പരിചിന്തിക്കുമ്പോൾ മുഖ്യസംഗതി ഒരു മരണനഷ്ടമാണ്. സാധാരണയായി ഇത് മാതാപിതാക്കളിലൊരാളുടെ നഷ്ടമായിരിക്കാമെങ്കിലും അതിൽ സുഹൃത്തുക്കളുടെയൊ അടുത്ത ബന്ധുക്കളുടെയോ ഒരു വൽസലമൃഗത്തിന്റെ പോലുമോ നഷ്ടം ഉൾപ്പെട്ടിരിക്കാം. നഷ്ടത്തിനടുത്തതായി ഞാൻ താഴ്ത്തിപ്പറയലിനെയും പരിത്യജനത്തെയും ഉൾപ്പെടുത്തും. മാതാപിതാക്കൾ കുറ്റംപറയുകയോ കൊച്ചാക്കുകയോ ചെയ്യുന്ന ഒട്ടേറെ കുട്ടികളെ നാം കാണുന്നുണ്ട്. ചിലപ്പോൾ ഒരു കുട്ടി ബലിയാടാക്കപ്പെടുന്നു. കുറ്റം അവന്റേതാണെങ്കിലും അല്ലെങ്കിലും കുടുംബത്തിലെ എല്ലാ കുഴപ്പങ്ങൾക്കും അവനെ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് താൻ വിലകെട്ടവനാണെന്ന് അവൻ വിചാരിക്കുന്നു. മറ്റൊരു ഘടകം മാതാപിതാക്കളിലൊരാളുടെ പ്രകൃതത്തിലുള്ള ഒരു ക്രമക്കേടാണ്.
ഉണരുക! വിഷാദമുള്ള ചില കുട്ടികൾ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗത്തിലും ദുഷ്പെരുമാറ്റത്തിൽപോലും ഏർപ്പെടുന്നുവെന്ന് താങ്കളുംകൂടെ കൂടി രചിച്ച ജോണി കരയാത്തതെന്തുകൊണ്ട്? എന്ന പുസ്തകത്തിൽ പറയുന്നു. എന്തുകൊണ്ടാണത്?
മക്ന്യൂ: അവർ തങ്ങളിൽനിന്നുപോലും വിഷാദത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാറുകൾ മോഷ്ടിക്കുക, മയക്കുമരുന്നുപയോഗിക്കുക അല്ലെങ്കിൽ മദ്യപിക്കുക എന്നിങ്ങനെ മറ്റു കാര്യങ്ങളിൽ ഏർപ്പെടുകയാണ് അതിനുള്ള അവരുടെ മാർഗ്ഗം. അവരുടെ വൈഷമ്യത്തെ മറയ്ക്കാനുള്ള അവരുടെ മാർഗ്ഗങ്ങളാണിവ. യഥാർത്ഥത്തിൽ തങ്ങളുടെ വിഷാദത്തെ മറയ്ക്കാൻ ശ്രമിക്കുന്നത് പ്രായമുള്ളവരിൽനിന്ന് കുട്ടികൾ വ്യത്യസ്തരായിരിക്കുന്ന ഏറ്റവും വ്യക്തമായ മാർഗ്ഗങ്ങളിലൊന്നാണ്.
ഉണരുക!: കുട്ടികളുടെ വെറും ദുഷ്പെരുമാറ്റമായിരിക്കാതെ വിഷാദരോഗമായിരിക്കുമ്പോൾ അതെങ്ങനെ അറിയാൻ കഴിയും?
മക്ന്യൂ: ഈ കുട്ടികളോടു സംസാരിക്കുന്നതിനാലും അവരെക്കൊണ്ട് തുറന്നു സംസാരിപ്പിക്കുന്നതിനാലും മിക്കപ്പോഴും നിങ്ങൾക്ക് വിഷാദരോഗം മനസ്സിലാക്കാൻ കഴിയും. ശരിയായി ചികിൽസിക്കുകയാണെങ്കിൽ അവരുടെ പെരുമാറ്റം മെച്ചപ്പെടുന്നു. പുറമേ മറ്റെന്തെങ്കിലുമാണ് കാണപ്പെട്ടിരുന്നതെങ്കിലും എല്ലായ്പ്പോഴും വിഷാദം അടിയിൽ സ്ഥിതിചെയ്തിരുന്നു.
ഉണരുക!: വിഷാദമുള്ള ഒരു കുട്ടിയെക്കൊണ്ട് നിങ്ങൾക്ക് എങ്ങനെ തുറന്നു സംസാരിപ്പിക്കാൻ കഴിയും?
മക്ന്യൂ: ഒന്നാമതായി ഒരു പ്രശാന്തസമയവും സ്ഥലവും തെരഞ്ഞെടുക്കുക. പിന്നീട് ‘നിന്നെ എന്തെങ്കിലും അലട്ടുന്നുണ്ടോ?’ ‘നിനക്കു പരിഭ്രമമുണ്ടോ?’ ‘നിനക്കു സങ്കടം തോന്നുന്നുണ്ടായിരുന്നോ?’ എന്നിങ്ങനെയുള്ള പ്രത്യേകചോദ്യങ്ങൾ ചോദിക്കുക. ഒരു മരണം നടന്നിരുന്നുവെങ്കിൽ സാഹചര്യങ്ങളെ ആശ്രയിച്ച് ‘എന്നേപ്പോലെ വല്യമ്മയുടെ മരണനഷ്ടം നിനക്കും അനുഭവപ്പെടുന്നുണ്ടോ?’ എന്നു ചോദിക്കാം. തന്റെ വിചാരങ്ങൾ തുറന്നു പറയാൻ കുട്ടിക്ക് ഒരു അവസരം കൊടുക്കുക.
ഉണരുക!: ഗുരുതരമായ വിഷാദമുള്ള കുട്ടികളോട് എന്തു ചെയ്യാൻ നിങ്ങൾ പറയും?
മക്ന്യൂ: അവരുടെ മാതാപിതാക്കളോട് അതിനെക്കുറിച്ചു പറയുക. സാധാരണയായി കുട്ടികൾക്കു മാത്രമേ തങ്ങൾക്കു വിഷാദമുണ്ടെന്ന് അറിയാവൂ എന്നതുകൊണ്ട് അതു കണ്ടുപിടിക്കുക ഗൗരവമുള്ള സംഗതിയാണ്. സാധാരണയായി മാതാപിതാക്കളും അദ്ധ്യാപകരും അതു കാണുന്നില്ല. തങ്ങളുടെ മാതാപിതാക്കളുടെ അടുക്കൽ പോയി “എനിക്ക് വിഷാദമുണ്ട്, എനിക്ക് സഹായമാവശ്യമാണ്” എന്നു പറഞ്ഞിട്ടുള്ള യുവാക്കളെ ഞാൻ കണ്ടിട്ടുണ്ട്, അവർക്ക് സഹായം കിട്ടിയിട്ടുമുണ്ട്.
ഉണരുക!: മാതാപിതാക്കൾക്ക് വിഷാദമുള്ള ഒരു കുട്ടിയെ എങ്ങനെ സഹായിക്കാൻ കഴിയും?
മക്ന്യൂ: വിഷാദം ദുർബ്ബലനാക്കുന്നതായി തോന്നുന്നുവെങ്കിൽ അപ്പോൾ അത് ന്യുമോണിയായുടെ കാര്യത്തിലെന്നപോലെ വീട്ടിൽ കൈകാര്യം ചെയ്യാവുന്നതല്ല. ദുർബ്ബലീകരിക്കുന്ന വിഷാദം ഒരു ഡോക്ടറെ കാണിക്കേണ്ടതാണ്, കാരണം ചികിൽസയുടെ ആവശ്യമുണ്ടായിരിക്കാം. അഞ്ചുവയസ്സുവരെയുള്ള കുട്ടികളിൽ പോലും പകുതിയിലേറെ കേസുകളിൽ ഞങ്ങൾ ചികിൽസ നടത്തുന്നു. കുട്ടിയുടെ ചിന്തയെ പുനഃക്രമീകരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ഈ വിധങ്ങളിൽ വിഷാദത്തെ ഗണ്യമായി ചികിൽസിക്കാവുന്നതാണ്.
ഉണരുക! അത് ദുർബ്ബലീകരിക്കുന്ന ഒരു രോഗമല്ലെങ്കിൽ മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും?
മക്ന്യൂ: നിങ്ങളെയും കുടുംബത്തെയും സത്യസന്ധമായി ഒന്നു പരിശോധിക്കുക. കൈകാര്യംചെയ്യുകയും സംസാരിക്കുകയും ചെയ്യേണ്ട ഗുരുതരമായ ഒരു നഷ്ടം ഉണ്ടായിട്ടുണ്ടോ? നഷ്ടങ്ങൾ സംഭവിക്കുമ്പോൾ ഒരു കുട്ടിയുടെ ദുഃഖത്തെ നിസ്സാരീകരിക്കരുത്. അവന്റെ സങ്കടം പരിഹരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവനു കൊടുക്കുക. വിഷാദമുള്ള കുട്ടിക്ക് പ്രത്യേക അളവിൽ ശ്രദ്ധയും പ്രശംസയും വൈകാരിക പിന്തുണയും കൊടുക്കുക. അവനുമായി ഒറ്റക്ക് കൂടുതൽ സമയം ചെലവഴിക്കുക. നിങ്ങളുടെ ഊഷ്മളമായ ഉൾപ്പെടലാണ് ഏറ്റം നല്ല ചികിൽസ.