ചെറുപ്പക്കാർ ചോദിക്കുന്നു . . .
സ്വയംഭോഗം എത്ര ഗൗരവമുള്ളതാണ്?
“ദൈവത്തിന്റെ ദൃഷ്ടിയിൽ സ്വയംഭോഗം തെറ്റാണോ എന്ന് ഞാൻ സംശയിക്കുന്നു. ഞാൻ എന്നെങ്കിലും വിവാഹം കഴിക്കുന്നെങ്കിൽ അത് എന്റെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തെ ബാധിക്കുമോ?”—15 വയസ്സുള്ള മെലിസ്സ.
ഈ ചോദ്യങ്ങൾ അനേക ചെറുപ്പക്കാരെ ബാധിച്ചിട്ടുണ്ട്. കാരണമെന്താണ്? ലൈംഗിക പ്രേരണയുളവാക്കുന്ന ഏകാഗ്രമായ സ്വാനുപ്രചോദനം അല്ലെങ്കിൽ സ്വയംഭോഗം വിപുല വ്യാപകമാണ്. 21 വയസ്സാകുന്നതോടെ 97 ശതമാനം പുരുഷൻമാരും 90 ശതമാനത്തിലധികം സ്ത്രീകളും സ്വയംഭോഗത്തിലേർപ്പെടുന്നതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ, ഈ പ്രവർത്തനം പല അസ്വസ്ഥതകൾക്കും കാരണമാണെന്നും പറയപ്പെടുന്നു—അരിമ്പാറയും ചെങ്കണ്ണും മുതൽ ചുഴലിദീനവും ഭ്രാന്തും വരെ.
എന്നാൽ സ്വയംഭോഗം ഏതെങ്കിലും ശാരീരിക രോഗത്തിനിടയാക്കുന്നതായി ഏതെങ്കിലും ആധുനിക വൈദ്യശാസ്ത്ര പഠനങ്ങൾ ഇതുവരെ തെളിയിച്ചിട്ടില്ല. ഗവേഷകരായിരിക്കുന്ന വില്യം മാസ്റ്റേഴ്സും വിർജീനിയ ജോൺസനും കൂട്ടിച്ചേർക്കുന്നു: “എത്ര കൂടെക്കൂടെ സ്വയംഭോഗത്തിലേർപ്പെട്ടിരുന്നാലും അത് മാനസിക രോഗത്തിലേക്ക് നയിക്കുന്നു എന്നതിനു യാതൊരു വൈദ്യശാസ്ത്ര തെളിവുമില്ല.”
എന്നിരുന്നാലും ഈ ശീലത്തിന്റെ ഗൗരവം സംബന്ധിച്ച് പല ക്രിസ്തീയ യുവാക്കളും ചിന്തയുള്ളവരാണ്. “ഞാൻ സ്വയംഭോഗം ചെയ്തുകഴിഞ്ഞപ്പോൾ ഞാൻ യഹോവയെ നിരാശപ്പെടുത്തുന്നതായി എനിക്കു തോന്നി. എനിക്കുതന്നെ ചിലപ്പോൾ വലിയ നിരാശ തോന്നിയിട്ടുണ്ട്” എന്ന് ഒരു യുവാവ് എഴുതി. മറ്റൊരു യുവാവ് ഇപ്രകാരം ചോദിച്ചു: “സ്വയംഭോഗം ക്ഷമകിട്ടാത്ത ഒരു പാപമാണോ?
ബൈബിൾ എന്തു പറയുന്നു?
വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധവും (പരസംഗവും) സ്വവർഗ്ഗ സംഭോഗവും വ്യഭിചാരവും മൃഗങ്ങളുമായുള്ള സംഭോഗവും പോലുള്ള ലൈംഗിക കുറ്റങ്ങൾ ബൈബിളിൽ ഗുരുതരമായ പാപങ്ങൾ എന്ന നിലയിൽ സ്പഷ്ടമായി കുറ്റം വിധിച്ചിട്ടുണ്ടെങ്കിലും സ്വയംഭോഗത്തെക്കുറിച്ചു പറഞ്ഞിട്ടില്ല. (ഉല്പത്തി 39:7-9; ലേവ്യപുസ്തകം 18:20, 22, 23; 1 കൊരിന്ത്യർ 6:9, 10) ബൈബിൾ കാലങ്ങളിൽ ഗ്രീക്ക് ഭാഷ സംസാരിക്കുന്നിടങ്ങളിൽ സ്വയംഭോഗം സർവ്വസാധാരണമായിരുന്നു. അത്തരം കാര്യങ്ങൾ വർണ്ണിക്കുന്നതിനുവേണ്ടി നിരവധി ഗ്രീക്കുവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. രസാവഹമായി, ഈ വാക്കുകളിൽ ഒന്നുപോലും ബൈബിളിൽ ഉപയോഗിച്ചിട്ടില്ല.a
ബൈബിളിൽ സ്വയംഭോഗത്തെ നേരിട്ട് കുറ്റം വിധിച്ചിട്ടില്ലാത്തതിനാൽ ഇത് നിരുപദ്രവകരമാണെന്ന് ഇതിനർത്ഥമുണ്ടൊ? ഒരിക്കലുമില്ല! ദൈവികവീക്ഷണം വിശിഷ്യ പരിഗണിക്കാത്തവർക്കുപോലും സ്വയംഭോഗത്തിലേർപ്പെടുന്നത് മനോവിഷമമുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ലൈംഗിക പ്രവർത്തനങ്ങളോടുള്ള ബന്ധത്തിൽ 625 കൗമാരപ്രായക്കാരുടെയിടയിൽ നടത്തിയ ഒരു സർവ്വേയിൽ ഡോക്ടർ ആരോൻ ഹാസ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “സ്വയംഭോഗത്തിലേർപ്പെട്ട ചെറുപ്പക്കാരിൽ ഭൂരിഭാഗത്തിനും കുറ്റബോധവും ലജ്ജയും വൃത്തികേടും ഭോഷത്വവും ക്ലേശവും വിഷമവും തോന്നിയതായി റിപ്പോർട്ടു ചെയ്യപ്പെട്ടു.” നിശ്ചയമായും സ്വയംഭോഗം വൃത്തികെട്ട ഒരു ശീലമാണ്. എന്നാൽ ബൈബിളനുസരിച്ച് “അശുദ്ധി” എന്ന പദം വളരെ ഗൗരവം അർഹിക്കുന്ന ഒരു പദമായിരിക്കുന്നതിനാൽ പരസംഗമൊ മറ്റു തരത്തിലുള്ള വലിയ ദുർമ്മാർഗ്ഗമൊ പോലുള്ള ഗുരുതരമായ പാപങ്ങളിൽ സ്വയംഭോഗം ഉൾപ്പെടുത്തേണ്ടതില്ല.—എഫേസ്യർ 4:19.
എന്നിരുന്നാലും വലിയ ലൈംഗിക ദുർമ്മാർഗ്ഗത്തിനെതിരെയുള്ള ബൈബിൾ വിലക്കുകൾ ആദരിക്കുന്നത് അത്ര നിസ്സാരമല്ലെന്ന് ദൈവത്തിനറിയാം. അതുകൊണ്ട് ലൈംഗികദുർമാർഗ്ഗം ഒഴിവാക്കേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് ദൈവം ബുദ്ധിയുപദേശിക്കുന്നു. അവൻ ‘നിങ്ങളുടെ പ്രയോജനത്തിനായി നിങ്ങളെ ഉപദേശിക്കുന്നു.’ (യെശയ്യാവ് 48:17) ഈ വൃത്തികെട്ട ശീലത്തെ പ്രതിരോധിക്കുന്നതുവഴി “നിങ്ങൾക്കുതന്നെ പ്രയോജനം ലഭിക്കുന്നു”വെന്ന് അവന്റെ വചനത്തിലെ തത്വങ്ങൾ സൂചിപ്പിക്കുന്നു. കാരണം ഇതു ഒന്നാമതായി . . .
“ലൈംഗിക തൃഷ്ണ” ഉണർത്തുന്നു
“അതുകൊണ്ട് ലൈംഗിക തൃഷ്ണ . . . സംബന്ധിച്ച് നിങ്ങളുടെ ശരീരാവയവങ്ങളെ മരിപ്പിക്കുക” എന്ന് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (കൊലോസ്യർ 3:5) ഈ “ലൈംഗിക തൃഷ്ണ” യൗവനാരംഭത്തിൽ മിക്ക ചെറുപ്പക്കാർക്കും തോന്നുന്ന നവ ലൈംഗിക വികാരമല്ല, അതിനെക്കുറിച്ച് മറ്റൊന്നും തോന്നേണ്ടതില്ല. എന്നാൽ ഈ വികാരങ്ങൾ വർദ്ധിച്ച് ഒരുവന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ആ വ്യക്തിയിൽ “ലൈംഗിക തൃഷ്ണ”യുണ്ട്. റോമർ 1:26, 27-ൽ പൗലോസ് വർണ്ണിച്ചിരിക്കുന്നതുപോലുള്ള വലിയ ലൈംഗിക ദുർമ്മാർഗ്ഗത്തിലേക്ക് അത്തരം ലൈംഗിക തൃഷ്ണ നയിച്ചിട്ടുണ്ട്.b
എന്നാൽ സ്വയംഭോഗം ഇത്തരം മോഹങ്ങളെ “മരിപ്പിക്കു”ന്നില്ലേ? ഒരു യുവാവ് സമ്മതിച്ചു പറഞ്ഞപ്രകാരം, വസ്തുത തിരിച്ചാണ്: “നിങ്ങൾ ഹസ്തമൈഥുനം ചെയ്യുമ്പോൾ നിങ്ങൾ മാനസികമായി തെറ്റായ ആഗ്രഹങ്ങളിൽ സ്ഥിതിചെയ്യുകയും ആ ആഗ്രഹങ്ങളോടുള്ള വിശപ്പ് വർദ്ധിക്കുകയും ചെയ്യുന്നു.” ലൈംഗിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും മറ്റാരെയെങ്കിലും അധാർമ്മികമായി സങ്കല്പിക്കാറുണ്ട്. (മത്തായി 5:27, 28) നിങ്ങൾ അതിനു പറ്റിയ സാഹചര്യത്തിലാണെങ്കിൽ വളരെയെളുപ്പത്തിൽ നിങ്ങൾ ദുർവൃത്തിയിൽ ഏർപ്പെട്ടേക്കാം. പരസംഗത്തിലേർപ്പെട്ടശേഷം ഒരു യുവാവ് ഇപ്രകാരം വിലപിച്ചുപറഞ്ഞു: “ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാതെ സ്വയംഭോഗത്തിലേർപ്പെട്ടാൽ എന്റെ നിരാശ ഇല്ലതാക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കൽ വിചാരിച്ചു. എന്നാൽ ബന്ധപ്പെടാനുള്ള ശക്തിമത്തായ ഒരാഗ്രഹം എന്നിൽ വികസിച്ചുവന്നു.” സ്വയംഭോഗത്തിലേർപ്പെടുന്ന ചെറുപ്പക്കാരിൽ നടത്തിയ ഒരു ദേശവ്യാപക പഠനം അവരിൽ മിക്കവരും പരസംഗത്തിലേർപ്പെടുന്നതായും വെളിപ്പെടുത്തി. അവരുടെ സംഖ്യ സ്വയംഭോഗത്തിലേർപ്പെടാത്തവരേക്കാൾ 50 ശതമാനം കൂടുതലാണ്! അതുകൊണ്ട് ഈ ശീലം അവരുടെ “ലൈംഗിക തൃഷ്ണ”യെ ശമിപ്പിച്ചില്ല!
ധാർമ്മികമായി അപകടംപിടിച്ച ഒരു സാഹചര്യത്തിൽ നിങ്ങൾക്കു നിങ്ങളെത്തന്നെ നിയന്ത്രിക്കാൻ കഴിയുമെന്ന് തോന്നിയാൽ പോലും സ്വയംഭോഗത്തിലൂടെ ലൈംഗിക പ്രേരണ വർദ്ധിപ്പിച്ചുകൊണ്ട് എന്തിന് നിങ്ങളെത്തന്നെ പരീക്ഷിക്കണം? പരസംഗത്തിലേർപ്പെടാനുള്ള സാഹചര്യം ഉണ്ടായാൽ അതൊഴിവാക്കാൻ നിങ്ങൾക്ക് യഥാർത്ഥത്തിൽ കഴിയുമോ?
മാനസിക, വൈകാരിക അശുദ്ധി
സ്വയംഭോഗം മാനസികമായി അശുദ്ധമാക്കുന്ന ചില വിചാരങ്ങൾ മനസ്സിലേക്ക് പടിപടിയായി കടത്തിയേക്കാം. (2 കൊരിന്ത്യർ 11:3 താരതമ്യപ്പെടുത്തുക.) ഈ ശീലം ഒരുവനെ തന്റെ ശരീരത്തെ ലൈംഗിക ഉല്ലാസത്തിനുവേണ്ടി മാത്രം ഉപയോഗിക്കാൻ പഠിപ്പിക്കുന്നു. സ്വയംഭോഗത്തിലേർപ്പെടുന്ന സമയത്ത് ഒരു വ്യക്തി തന്റെ സ്വന്തം ശാരീരിക വികാരങ്ങളിൽ മുഴുകിയിരിക്കയാണ്—പൂർണ്ണമായി തന്നിൽത്തന്നെ കേന്ദ്രീകരിച്ചിരിക്കയാണ്. അപ്പോൾ ലൈംഗികത സ്നേഹത്തിൽനിന്നു വേർപെടുകയും പിരിമുറുക്കത്തിനയവു വരുത്തുന്ന ഒരു അനിച്ഛാവർത്തനമായി തരംതാഴ്ത്തപ്പെടുകയുംചെയ്യുന്നു. എന്നാൽ ലൈംഗികബന്ധങ്ങളാൽ ലൈംഗികാഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനാണ് ദൈവം ഉദ്ദേശിച്ചത്. അത് സ്ത്രീയും പുരുഷനും തമ്മിലുള്ള യഥാർത്ഥസ്നേഹത്തിന്റെ ഒരു പ്രകടനമാണ്.—സദൃശവാക്യങ്ങൾ 5:15-19.
ഈ വീക്ഷണം നഷ്ടപ്പെടുത്തുന്നെങ്കിൽ അത് വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരുമായുള്ള ഉചിതമായ സ്നേഹബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരക്കാരെ സംവേദകത്വമുള്ള മനുഷ്യരെന്നു കാണുന്നതിനു പകരം ലൈംഗിക ലക്ഷ്യക്കാരായി വീക്ഷിച്ചേക്കാം. ഒരാൾ മറ്റൊരാളെ തന്റെ ലൈംഗിക തൃപ്തിക്കുള്ള ഒരുപകരണമെന്ന നിലയിൽ ചൂഷണം ചെയ്തേക്കാം. സ്വയംഭോഗത്തിലൂടെ പഠിപ്പിച്ചിരിക്കുന്ന അത്തരം തെറ്റായ മനോഭാവങ്ങൾ ഒരുവന്റെ “ആത്മാവിനെ” അല്ലെങ്കിൽ പ്രമുഖമായ മാനസിക ചായ്വിനെ അശുദ്ധമാക്കിയേക്കാം. ഈ കാരണത്താൽ ദൈവവചനം ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “പ്രിയരേ, നമുക്ക് ജഡത്തിന്റെയും ആത്മാവിന്റെയും സകല മാലിന്യവും നീക്കി നമ്മെത്തന്നെ ശുദ്ധീകരിക്കാം.” (2 കൊരിന്ത്യർ 7:1) വിവാഹത്തിനുശേഷം മിക്ക ദമ്പതികളും സ്വയംഭോഗം കൈവരുത്തിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയേക്കാമെന്നതു സത്യം തന്നെ. എന്നാൽ ഈ പ്രശ്നങ്ങൾ എത്ര വിഷമംപിടിച്ചവയാണെന്നും എത്രമാത്രം നിലനിൽക്കുന്നവയാണെന്നും അനേകം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതു പലപ്പോഴും വിവാഹഇണകളുടെ യോജിപ്പിനെ ബാധിക്കാറുണ്ട്.
എന്നാൽ ഈ ദുഷിച്ച ശീലത്തെ മറികടക്കാൻ ശ്രമിച്ചിട്ട് പലപ്പോഴും വിജയം ലഭിക്കയും അതേസമയംതന്നെ ആ പ്രശ്നം വിട്ടുമാറാതിരിക്കയും ചെയ്യുന്നെങ്കിലെന്ത്?
കുറ്റബോധത്തെക്കുറിച്ചുള്ള ഒരു സന്തുലിതവീക്ഷണം
നാം ഒരു പാപം ചെയ്താൽ അത് പാപംതന്നെയാണെങ്കിലും ദൈവം നമ്മുടെ തെറ്റുകളെ വ്യത്യസ്ത അനുപാതത്തിൽ വീക്ഷിക്കുന്നുവെന്നും അവൻ വളരെ കരുണാലുവാണെന്നും ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. “എന്തുകൊണ്ടെന്നാൽ, യഹോവേ, നീ നല്ലവനും ക്ഷമിക്കുന്നവനുമാകുന്നു. നിന്നെ വിളിച്ചപേക്ഷിക്കുന്നവരോടുള്ള നിന്റെ സ്നേഹദയ വലുതാണ്.” (സങ്കീർത്തനം 86:5) ഒരു ക്രിസ്ത്യാനി സ്വയംഭോഗത്തിനു വഴങ്ങുമ്പോൾ അവന്റെ ഹൃദയം പലപ്പോഴും തന്നെ കുറ്റപ്പെടുത്തും. എന്നിരുന്നാലും “ദൈവം നമ്മുടെ ഹൃദയങ്ങളെക്കാൾ മഹാനാണെന്നും അവനു സകലതും അറിയാമെന്നും” ബൈബിൾ പറയുന്നു. (1 യോഹന്നാൻ 3:20) ദൈവം നമ്മുടെ പാപങ്ങൾ മാത്രമല്ല കാണുന്നത്. അവന്റെ അറിവിന്റെ മാഹാത്മ്യം അവനെ നമ്മുടെ ആത്മാർത്ഥമായ ക്ഷമാപണങ്ങൾ സഹാനുഭൂതിയോടെ കേൾക്കുന്നതിനും പ്രാപ്തനാക്കുന്നു. ഒരു യുവതി എഴുതിയ പ്രകാരം “ഒരളവുവരെ എനിക്കു കുറ്റബോധം തോന്നി. എന്നാൽ ഞാൻ പരാജയപ്പെടുന്ന അവസരങ്ങളിൽ യഹോവ വളരെ സ്നേഹാലുവാണെന്നും അവന് എന്റെ ഹൃദയം വായിക്കുന്നതിനും എന്റെ ശ്രമങ്ങളും ആന്തരങ്ങളും അറിയുന്നതിനും കഴിയുമെന്നുമുള്ള അറിവ് മനോവ്യസനത്തിൽ ആണ്ടുപോകുന്നതിൽനിന്ന് എന്നെ സംരക്ഷിക്കുന്നു.” സ്വയംഭോഗത്തിനെതിരെ പോരാടുന്നെങ്കിൽ പരസംഗം എന്ന ഗുരുതരമായ പാപത്തിലകപ്പെടാനുള്ള സാദ്ധ്യത കുറവാണ്.
ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെ 1954 ഫെബ്രുവരി 15-ലെ [ഇംഗ്ളീഷ്] ലക്കത്തിൽ ഇപ്രകാരം വിവരിക്കുകയുണ്ടായി: “നാം വിചാരിച്ചിരുന്നതിനെക്കാൾ കൂടുതലായി നമ്മുടെ പഴയ ജീവിതരീതിയെ അഗാധമായി ബാധിച്ച ചില ദുഷിച്ച ശീലങ്ങൾ നിമിത്തം നമുക്ക് പലപ്രാവശ്യം വീഴ്ച സംഭവിക്കുന്നതായി നാം നമ്മെത്തന്നെ കണ്ടെത്തിയേക്കാം. അപ്പോൾ നാം വളരെ നിരാശപ്പെടുന്നതിനും നാം വിലകെട്ടവരാണെന്ന് തോന്നുന്നതിനുമുള്ള സാദ്ധ്യതയുണ്ട് . . . നിരുത്സാഹപ്പെടരുത്. നിങ്ങൾ ക്ഷമ കിട്ടാത്ത വലിയൊരു പാപം ചെയ്തെന്ന് ഒരിക്കലും സങ്കല്പിക്കരുത്. നിങ്ങൾ ആ വിധത്തിൽ ചിന്തിക്കാൻ സാത്താൻ ഇഷ്ടപ്പെടും. നിങ്ങൾക്കു വിഷമവും അസ്വസ്ഥതയും തോന്നുന്നതുതന്നെ നിങ്ങൾ ബഹുദൂരം പോയിട്ടില്ല എന്നതിന്റെ തെളിവാണ്. എളിമയോടും ആത്മാർത്ഥതയോടും കൂടെ ദൈവത്തിലേക്ക് തിരിയാൻ ഒരിക്കലും മടിക്കരുത്. അവന്റെ സഹായവും ക്ഷമയും ശുദ്ധീകരണവും തേടുക. വിഷമത്തിലായിരിക്കുന്ന ഒരു കുട്ടി തന്റെ പിതാവിന്റെയടുക്കലേക്കു പോകുന്നതുപോലെ അവന്റെയടുക്കലേക്ക് പോവുക. ഒരേ ബലഹീനതയ്ക്കുവേണ്ടി എത്ര കൂടെക്കൂടെ അവനെ സമീപിച്ചാലും അവൻ തന്റെ അനർഹദയ നിമിത്തം ഉദാരമായി സഹായമരുളും. നിങ്ങൾ ആത്മാർത്ഥമായി യാചിക്കുന്നെങ്കിൽ അവൻ നിങ്ങൾക്ക് ഒരു ശുദ്ധമായ മനസ്സാക്ഷിയുണ്ടായിരിക്കാനിടയാക്കും.” (g87 9/8)
[അടിക്കുറിപ്പുകൾ]
a ഓനാൻ തന്റെ ‘ശുക്ലം നിലത്ത് വീഴ്ത്തിക്കളഞ്ഞതിനാൽ’ ദൈവം അവൻ മരിക്കാൻ ഇടയാക്കി. എന്നാൽ അവിടെ സ്വയംഭോഗം ഉൾപ്പെട്ടിരുന്നില്ല. മറിച്ച് അവൻ സംഭോഗത്തിൽ വിഘ്നം വരുത്തി. കൂടാതെ മരിച്ചുപോയ തന്റെ സഹോദരന്റെ വംശം നിലനിർത്തുന്നതിനുള്ള തന്റെ ദേവരധർമ്മം നിർവ്വഹിക്കുന്നതിൽ ഓനാൻ സ്വാർത്ഥത നിമിത്തം പരാജയപ്പെട്ടതുകൊണ്ടാണ് അവൻ മരിക്കാനിടയായത്. (ഉല്പത്തി 38:1-10) ലേവ്യപുസ്തകം 15:16-18-ൽ വിവരിച്ചിരിക്കുന്ന “സ്ഖലനം” സ്വയംഭോഗത്തെ പരാമർശിക്കുന്നില്ല, മറിച്ച് അത് വൈവാഹിക ലൈംഗിക ബന്ധത്തെയും നിശാസ്ഖലനത്തെയും പരാമർശിക്കുന്നു.
b “അമിതമായ ലൈംഗിക വിശപ്പു”നിമിത്തം യുവ യോസേഫിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ച പൊത്തീഫറിന്റെ ഭാര്യയെ വർണ്ണിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ് “ലൈംഗികതൃഷ്ണ”യ്ക്കുള്ള മൂല ഗ്രീക്കുപദം (പാത്തോസ്) ഉപയോഗിച്ചിട്ടുണ്ട്. “ജ്വലിക്കുന്ന മോഹവും ലൈംഗികതൃഷ്ണയും [പാത്തോസ്] നിമിത്തം” അമ്നോൻ തന്റെ സഹോദരിയെ ബലാൽസംഗംചെയ്തു. പൊത്തീഫറിന്റെ ഭാര്യയുടെ തൃഷ്ണയും അമ്നോന്റെ ആഗ്രഹവും നിയന്ത്രണാതീതമായിരുന്നു.—ഉല്പത്തി 39:7-12; 2 ശമുവേൽ 13:10-14.
[21-ാം പേജിലെ ചിത്രം]
സ്വയംഭോഗം വലിയ കുറ്റബോധത്തിനിടയാക്കിയേക്കാമെങ്കിലും ദൈവത്തിന്റെ ക്ഷമയ്ക്കുവേണ്ടിയുള്ള ആത്മാർത്ഥമായ പ്രാർത്ഥനയും ആ ശീലത്തെ ചെറുക്കാനുള്ള കഠിനശ്രമവും ഒരുവന് നല്ലൊരു മനസ്സാക്ഷി നൽകിയേക്കാം.