ഒരു മുന്നറിയിപ്പ് അനുസരിക്കുന്നതു നിങ്ങളുടെ ജീവനെ രക്ഷിച്ചേക്കാം
ഒരു മുന്നറിയിപ്പ് “സാവധാനം പോകുക” എന്നോ “സൂക്തിക്കുക” എന്നോ “വഴങ്ങുക” എന്നോ ഉള്ള ഒരു ട്രാഫിക് നിർദ്ദേശം ആയിരുന്നേക്കാം. അല്ലെങ്കിൽ അത് മിന്നിമറിയുന്ന ഒരു മഞ്ഞ ലൈറ്റായിരിക്കാം. ഒരു മുന്നറിയിപ്പ് ഒരു മരുന്നുകുപ്പിമേലോ വിഷക്കുപ്പിമേലോ കണ്ടേക്കാം. അങ്ങനെയുള്ള മുന്നറിയിപ്പ് അനുസരിക്കുന്നത് വലിയ അസൗകര്യമല്ല, അതു നിങ്ങളുടെ ജീവനെ രക്ഷിച്ചേക്കാം.
എന്നിരുന്നാലും, ചില കേസുകളിൽ അത് ആസൂത്രണങ്ങളുടെ തകർച്ചയെയോ ഭൗതികസ്വത്തുക്കളുടെ നഷ്ടത്തെയോ അർത്ഥമാക്കിയേക്കാം. കൊടുങ്കാറ്റോ ചുഴലിക്കാറ്റോ സംബന്ധിച്ച മുന്നറിയിപ്പുകൾ കടൽത്തീരത്തേക്കു മടങ്ങാനോ തുറമുഖത്തുതന്നെ കഴിഞ്ഞുകൊണ്ട് പണിക്കുപോകാതിരിക്കാനോ മീൻപിടുത്തക്കാരോട് ആവശ്യപ്പെട്ടേക്കാം. മുന്നറിയിപ്പുകൾ ആസൂത്രണങ്ങളുടെ ഒരു തകർച്ചയെ മാത്രമല്ല, പിന്നെയോ വീടും സ്വത്തുക്കളും ഉപേക്ഷിക്കേണ്ടിവരുന്നതിനെയോ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ അസൗകര്യങ്ങൾ സഹിക്കേണ്ടിവരുന്നതിനെയോ അർത്ഥമാക്കിയേക്കാം. ചിലപ്പോൾ അങ്ങനെയുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു, തത്ഫലമായി ജീവനഷ്ടം ഭവിക്കുന്നു.
ദൃഷ്ടാന്തമായി, 1902-മാണ്ടിലെ വസന്തത്തിൽ മാർട്ടിനിക്ക് എന്ന മനോജ്ഞമായ കരീബിയൻ ദ്വീപിൽ എല്ലാം ശുഭമായിരുന്നു. അങ്ങനെയിരിക്കെ, ദ്വീപിലെ മുഖ്യനഗരമായ സെൻറ് പിയരേയിൽനിന്ന് അഞ്ചു മൈൽ (8കി.മീ.) അകലെയുള്ള ഒരു അഗ്നിപർവ്വതമായ മൗണ്ട് പെലീ സജീവമായതോടെ അപകടമുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒടുവിൽ പുകയും ചാരവും പാറക്കഷണങ്ങളും രൂക്ഷമായ ആവിയോടെ പുറത്തുചാടാൻ തുടങ്ങിയപ്പോൾ പട്ടണവാസികൾ ഭയപ്പെടാൻ തുടങ്ങി. അവസ്ഥകൾ വഷളായിക്കൊണ്ടിരുന്നു. യഥാർത്ഥ അപകടം സ്പഷ്ടമായിരിക്കേണ്ടതായിരുന്നു.
ശ്രദ്ധിക്കപ്പെടാത്ത മുന്നറിയിപ്പുകൾ
കരിമ്പിന്റെ വിളവെടുപ്പ് അടുത്തുവരികയായിരുന്നതുകൊണ്ട് സെൻറ് പിയെരായിലെ വ്യാപാരികൾ അപകടമില്ലെന്ന് കർഷകർക്ക് ഉറപ്പുകൊടുത്തു. അടുത്തുവന്ന തെരഞ്ഞെടുപ്പിലുള്ള താൽപ്പര്യത്താൽ രാജ്യതന്ത്രജ്ഞൻമാർ ഇതേ രീതിയിൽ തന്നെ സംസാരിച്ചു; കാരണം ആളുകൾ ഓടിപ്പോകാൻ അവരാഗ്രഹിച്ചില്ല. എല്ലാം ശുഭമാണെന്ന് തങ്ങളുടെ ഇടവകാംഗങ്ങളോടു പറഞ്ഞുകൊണ്ട് മതനേതാക്കൻമാർ സഹകരിച്ചു. അങ്ങനെയിരിക്കെ, ഭയങ്കരമായ ഒരു ഗർജ്ജനത്തോടെ മെയ് 8-ാം തീയതി മൗണ്ട് പെലീ പൊട്ടിത്തെറിച്ചു. അത്യധികമായ ചൂടുണ്ടായിരുന്ന കരിമേഘങ്ങൾ സെൻറ് പിയെരായുടെ നേരേ പാഞ്ഞു, ഏതാണ്ട് 30,000 പേർ മരണമടഞ്ഞു.
യു. എസ്. ഏ യിലെ വാഷിംഗ്ടൺ സംസ്ഥാനത്തുള്ള മൗണ്ട് സെൻറ് ഹെലൻസ് അനേകം തലമുറകളിലായി സമാധാനത്തിന്റെയും പ്രശാന്തതയുടെയും ഒരു ചിത്രമായിരുന്നു. ഈ പ്രദേശം വിവിധയിനത്തിലുള്ള ഒട്ടേറെ കാട്ടുമൃഗങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. വിനോദസഞ്ചാരത്തിനും മീൻപിടുത്തത്തിനും പറ്റിയ സ്ഥലവുമായിരുന്നു. എന്നാൽ പിന്നീട് 1980 മാർച്ചിൽ നിരവധി ഭൂകമ്പങ്ങളുടെയും ചെറിയ ആവി പ്രവാഹങ്ങളുടെയും രൂപത്തിൽ അപകടസിഗ്നലുകൾ ഉണ്ടായി. മെയ് ആദ്യഘട്ടത്തിൽ പർവ്വതം കുറേക്കൂടെ ശക്തമായി പ്രവർത്തിച്ചു തുടങ്ങി. തദ്ദേശ സംസ്ഥാന ഉദ്യോഗസ്ഥൻമാർ അഗ്നിപർവ്വതപ്രദേശത്തു വസിച്ചിരുന്നവർക്ക് അപകടമുന്നറിയിപ്പു കൊടുത്തു തുടങ്ങി.
എന്നിട്ടും ഒട്ടേറെ ആളുകൾ അവിടെത്തന്നെ കഴിഞ്ഞു. അതേസമയം മറ്റു ചിലർ അപകടമേഖലയിലേക്ക് കടക്കുന്നതിനെതിരായ മുന്നറിയിപ്പു പരസ്യങ്ങളെ അവഗണിച്ചു. പെട്ടെന്ന്, മെയ് 18-ാം തീയതി ഒരു ഭയങ്കരസ്ഫോടനം നടന്നു. അത് ഏതാണ്ട് 1,300 അടിയോളം (400 മീറ്റർ) പർവ്വതശിഖരത്തെ തെറിപ്പിക്കയും ചെടികളുടെമേലും മൃഗങ്ങളുടെ മേലും, കൊടുക്കപ്പെട്ട മുന്നറിയിപ്പ് അവഗണിച്ചിരുന്ന 60 മനുഷ്യരുടെമേലും നാശം വർഷിക്കുകയും ചെയ്തു.
ഇതിൽനിന്നു വ്യത്യസ്തമായി 1986 നവംബറിൽ ജപ്പാനിലെ ഇസു-ഒഷിമാ ദ്വീപിലുള്ള മൗണ്ട് മിഹറാ പെട്ടെന്നു പൊട്ടിയൊഴുകുകയും മുഴുദ്വീപിനെയും ദ്വീപുവാസികളും വിനോദസഞ്ചാരികളുമടങ്ങുന്ന പതിനായിരത്തോളം വരുന്ന ജനസംഖ്യയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. “ഇപ്പോൾ ഒഴിഞ്ഞുപോകുക” എന്ന പ്രഖ്യാപനമുണ്ടായപ്പോൾ അവർ മുന്നറിയിപ്പനുസരിച്ചു. ജപ്പാനിലെ ഉണരുക! ലേഖകൻ എഴുതിയ അടുത്ത ലേഖനങ്ങൾ കഥ വിവരിക്കുന്നു. (g87 7/8)