നിങ്ങളുടെ കുട്ടിയെ ശരിയായി പരിശീലിപ്പിക്കുക—ശൈശവം മുതൽ അതു ചെയ്യുക!
“ശൈശവ കാലഘട്ടമാണ് ഏറ്റം ധന്യമെന്നുള്ളതിനു സംശയമില്ല. സാദ്ധ്യവും ചിന്തനീയവുമായ എല്ലാ വിധത്തിലും അത് വിദ്യാഭ്യാസത്തിന് ഉപയോഗിക്കപ്പെടണം. ഈ ജീവിതകാലഘട്ടത്തിന്റെ പാഴാക്കലിന് ഒരിക്കലും നഷ്ടപരിഹാരം ചെയ്യാൻ കഴികയില്ല. ആദ്യവർഷങ്ങളെ അവഗണിക്കുന്നതിനു പകരം അത്യധികമായ ശ്രദ്ധയോടെ അവയെ നട്ടുവളർത്തുകയെന്നതു നമ്മുടെ കർത്തവ്യമാണ്.”—ഡോ. അലക്സിസ് കാരെൽ.
മനസ്സിനെയും ഹൃദയത്തെയും പ്രോഗ്രാം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ട്. മനസ്സിന്റെ തിളക്കമാർന്ന നേട്ടങ്ങളാൽ മനുഷ്യർ അത്ഭുതപരതന്ത്രരായേക്കാം, എന്നാൽ ദൈവം ഹൃദയത്തെയാണ് നോക്കുന്നത്. തലയിൽ കയറ്റുന്ന അറിവ് ചീർപ്പിക്കാൻ പ്രവണത കാട്ടുന്നു, ഹൃദയത്തിലെ സ്നേഹമാണ് കെട്ടുപണിചെയ്യുന്നത്. സമർത്ഥമായ മനസ്സുകൾക്ക് സ്നേഹനിർഭരമായ ഹൃദയങ്ങൾ ആവശ്യമാണ്, “എന്തെന്നാൽ ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്ന് വായ് സംസാരിക്കുന്നു.” ഈ ആലങ്കാരിക ഹൃദയത്തിൽനിന്ന് സൽപ്രവൃത്തികളും ദുഷ്പ്രവൃത്തികളും വരുന്നു. (മത്തായി 12:34, 35; 15:19; 1 ശമുവേൽ 16:7; 1 കൊരിന്ത്യർ 8:1) തന്നിമിത്തം കുട്ടികളുടെ മനസ്സുകളെ ഉത്തേജിപ്പിക്കുന്നതു പ്രധാനമാണെങ്കിലും, അവരുടെ ഹൃദയങ്ങളിൽ സ്നേഹം പകരുന്നത് അതിലുമധികം പ്രധാനമാണ്.
ഇതിന് ജനനസമയത്ത് ഒരു അന്തർനിർമ്മിത സ്റ്റാർട്ടർ ഉണ്ട്. അത് സ്നേഹബന്ധസ്ഥാപനം എന്നു വിളിക്കപ്പെടുന്നു. അമ്മ അവളുടെ ശിശുവിനെ കൈകളിലെടുക്കുകയും താലോലിക്കുകയും ആട്ടുകയും കൊഞ്ചി സംസാരിക്കുകയും ചെയ്യുന്നു. ശിശു, തിരിച്ച്, അതിന്റെ അമ്മയെ ഉറ്റുനോക്കുന്നു. സ്നേഹബന്ധം സ്ഥാപിക്കപ്പെടുന്നു, മാതൃത്വവാസനകൾ ഉത്തേജിപ്പിക്കപ്പെടുന്നു, ശിശുവിനു സുരക്ഷിതത്വം തോന്നുന്നു. “ശിശുവിന്റെ ജനനശേഷമുള്ള ആദ്യത്തെ മിനിറ്റുകളിലും മണിക്കൂറുകളിലും ഒരു സൂക്ഷ്മഗ്രാഹക ഘട്ടമുണ്ട്” എന്നും “അത് മാതാപിതാ—ശിശുബന്ധത്തിന് ഏറ്റം അനുകൂലമാണെന്നും” ചില പ്രാമാണികർ വിശ്വസിക്കുന്നു.
ഒരു നല്ല തുടക്കം, എന്നാൽ ഒരു തുടക്കം മാത്രം. ശിശു നിസ്സഹായമാണ്, അതിന്റെ ശാരീരികവും വൈകാരികവുമായ സത്വരാവശ്യങ്ങൾക്ക് മുഖ്യമായി അതിന്റെ തള്ളയെ അതാശ്രയിക്കുന്നു. ആഹാരമില്ലെങ്കിൽ ശിശു പട്ടിണിയാകുന്നു; അത് വൈകാരികമായും പട്ടിണിയായേക്കാം. താലോലിക്കലും ആശ്ലേഷിക്കലും ആട്ടലും കളിയും സ്നേഹപ്രകടനവും—എല്ലാം തലച്ചോറിന്റെ വികാസത്തെ ഉത്തേജിപ്പിക്കുന്നു. ഈ ഉത്തേജനം തലച്ചോറിന്റെ ഒരു പോഷക വസ്തുവിനോട് ഉപമിക്കപ്പെട്ടിരിക്കുന്നു. അതില്ലെങ്കിൽ തലച്ചോറ് ദരിദ്രമായിത്തീരുകയും ജീവിതത്തിൽ മുരടിച്ചുപോകുകയും ചെയ്യുന്നു. ഈ അവഗണന നിമിത്തം അത് വഴക്കാളിയും അപരാധിയും അക്രമാസക്തനുമായിത്തീർന്നേക്കാം. മാതൃ ശുശ്രൂഷ കുട്ടിക്കും സമുദായത്തിനും ഒരു മുൻഗണനയാണ്—ഏത് ലൗകിക ജീവിതവൃത്തിയെക്കാളും പ്രധാനം!
പിതാവിന്റെ ധർമ്മം
പിതാവിനെ ഒഴിവാക്കേണ്ടതല്ല. അയാൾ ജനനസമയത്ത് ഹാജരുണ്ടെങ്കിൽ പിതൃ-ശിശു ബന്ധത്തിനു തുടക്കമിടും. ആഴ്ചകളും മാസങ്ങളും കടന്നുപോകുമ്പോൾ അയാളുടെ ധർമ്മത്തിന്റെ സ്വാധീനം സത്വരം വികസിതമാകുന്നു. ശിശുവികാസത്തിന്റെ മണ്ഡലത്തിലെ ഒരു വിദഗ്ദ്ധനായ ഡോ. റ്റി. ബറി ബ്രേസൽറ്റൻ ഇതു പ്രകടമാക്കുന്നുണ്ട്.
അദ്ദേഹം പറയുന്നു: “ഓരോ കുട്ടിക്കും ഒരു അമ്മയും അപ്പനും ആവശ്യമാണ്, ഓരോ പിതാവിനും ഒരു വ്യത്യാസമുളവാക്കാൻ കഴിയും. ഒരു ശിശുവിന് പ്രവർത്തനനിരതനും കാര്യങ്ങളിൽ ഉൾപ്പെടുന്നവനുമായ ഒരു പിതാവുണ്ടായിരിക്കുന്നത് കേവലം കൂടുതൽ മാതൃത്വ ശുശ്രൂഷ ലഭിക്കുന്നതിനു തുല്യമല്ല. അമ്മമാരും അപ്പൻമാരും കുട്ടികളെ കൈകാര്യം ചെയ്യുന്ന വിധങ്ങളിലെ വ്യത്യാസം അദ്ദേഹം എടുത്തു പറയുന്നു. “മാതാക്കൾ തങ്ങളുടെ ശിശുക്കളോട് സൗമ്യരും താണസ്വരത്തിൽ സംസാരിക്കുന്നവരുമാണ്. മറിച്ച് പിതാക്കൾ കൂടുതൽ കളിസ്വഭാവമുള്ളവരും തങ്ങളുടെ ശിശുക്കളെ മാതാക്കൾ ചെയ്യുന്നതിലധികം കിക്കിളിപ്പെടുത്തുന്നവരും താലോലിക്കുന്നവരുമായിരുന്നു.”
എന്നാൽ പിതാക്കൻമാർ കുട്ടികൾക്ക് വിനോദത്തിലുമധികം പ്രദാനം ചെയ്യുന്നു. “ഒരു പ്രവർത്തനനിരതനായ പിതാവുള്ളടത്ത് കുട്ടി സ്കൂളിൽ കൂടുതൽ വിജയപ്രദനായി, മെച്ചപ്പെട്ട ഫലിതബോധമുള്ളവനായി, വളരുകയും മറ്റു കുട്ടികളുമായി മെച്ചമായി ഇടപെടുകയും ചെയ്യുന്നു. അവന് കൂടുതൽ ആത്മവിശ്വാസമുണ്ട്, പഠിക്കാൻ കൂടുതൽ പ്രേരണയുമുണ്ട്. അവന് ആറോ ഏഴോ വയസ്സാകുമ്പോഴേക്ക് ബുദ്ധിയുടെ തോത് ഉയർന്നിരിക്കും” എന്ന് അദ്ദേഹം പറയുന്നു.
യഹോവയാം ദൈവം പിതാവും പുത്രനും തമ്മിൽ ഒരു അടുത്ത പഠിപ്പിക്കൽ ബന്ധം ഉണ്ടായിരിക്കാൻ ആജ്ഞാപിക്കുന്നു: “ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിലുണ്ടെന്ന് തെളിയണം; നീ അവയെ നിന്റെ മകന് ഉപദേശിച്ചുകൊടുക്കുകയും നീ നിന്റെ വീട്ടിലിരിക്കുമ്പോഴും നീ വഴിയിൽ നടക്കുമ്പോഴും നീ കിടക്കുമ്പോഴും നീ എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും ചെയ്യണം.” (ആവർത്തനം 6:6, 7) ഇവിടെ തലമുറവിടവിന് തുടക്കമിടുന്നില്ല!
ശൈശവം മുതൽ പരിശീലനം
ജനനം മുതൽ ആറുവയസ്സുവരെയുള്ള വർഷങ്ങളിലെ ശിശുക്കളുടെ വികാസത്തിൽ ഘട്ടങ്ങളോ ദശകളോ ഉണ്ട്: പേശീ സമന്വയം, സംസാര വൈദഗ്ദ്ധ്യം, വൈകാരികഗുണങ്ങൾ, ഓർമ്മയുടെ പ്രാപ്തികൾ, ചിന്താപ്രാപ്തികൾ, മനഃസാക്ഷി മുതലായവ. ശിശു മസ്തിഷ്ക്കം സത്വരം വളരുമ്പോൾ, ഈ ഘട്ടങ്ങൾ ക്രമത്തിന് വന്നെത്തുന്നു. അപ്പോഴാണ് ഈ വ്യത്യസ്ത പ്രാപ്തികൾ സംബന്ധിച്ച് പരിശീലനം കൊടുക്കുന്നതിനുള്ള അവസരോചിതമായ സമയം.
അപ്പോൾ ശിശു മസ്തിഷ്ക്കം ഈ പ്രാപ്തികളെ അഥവാ ഗുണങ്ങളെ വലിച്ചെടുക്കുന്നു, ഒരു സ്പഞ്ച് വെള്ളം വലിച്ചെടുത്തു കുതിരുന്നതുപോലെ സ്നേഹിക്കപ്പെടുമ്പോൾ അതു സ്നേഹിക്കാൻ പഠിക്കുന്നു. അതിനോടു സംസാരിക്കുകയും അതിനെ വായിച്ചുകേൾപ്പിക്കുകയും ചെയ്യുമ്പോൾ അതു സംസാരിക്കാനും വായിക്കാനും പഠിക്കുന്നു. സ്കീ പരിശീലിക്കുക, അത് ഒരു സ്കീ വിദഗ്ദ്ധനായിത്തീരുന്നു. നീതിയോടു പരിചയപ്പെടുത്തുക, അത് നീതിപ്രമാണങ്ങൾ ഉൾക്കൊള്ളുന്നു. ഈ അനുകൂല പഠനഘട്ടങ്ങൾ ശരിയായ ഉദ്ബോധനം കൂടാതെ കടന്നുപോകുന്നുവെങ്കിൽ, ഈ ഗുണങ്ങളും പ്രാപ്തികളും പിന്നീട് സമ്പാദിക്കുന്നത് ഏറെ പ്രയാസമായിത്തീരുന്നു.
ബൈബിൾ ഇതു തിരിച്ചറിയുന്നതുകൊണ്ട്, അതു മാതാപിതാക്കളെ ബുദ്ധിയുപദേശിക്കുന്നു: “ഒരു ബാലനെ അവനുവേണ്ടിയുള്ള വഴിയനുസരിച്ചു പരിശീലിപ്പിക്കുക; അവന് പ്രായമാകുമ്പോൾപോലും അവൻ അതിൽനിന്ന് മാറിപ്പോകുകയില്ല.” (സദൃശവാക്യങ്ങൾ 22:6) ദ കീൽ—ഡലിറ്റ്ഷ് കമൻറ്റി അത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “ഒരു കുട്ടിക്ക് അവന്റെ വഴിക്കനുരൂപമായി പ്രബോധനം കൊടുക്കുക.” “പരിശീലിപ്പിക്കുക” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന എബ്രായപദത്തിന് “ആരംഭിക്കുക” എന്നും അർത്ഥമുണ്ട്, ഇവിടെ ശിശുവിന്റെ ആദ്യപ്രബോധനം ആരംഭിക്കുന്നതിനെ സൂചിപ്പിക്കുന്നു. കുട്ടിയുടെ വഴിയനുസരിച്ച്, അവന്റെ വഴിക്കനുരൂപമായി, അവൻ കടന്നുപോകുന്ന വികാസഘട്ടങ്ങൾക്കനുസൃതമായി, അവന് പ്രബോധനം കൊടുക്കുക. അതാണ് അനായാസം അത് ഉൾക്കൊള്ളുന്നതിനുള്ള അവന്റെ ഉചിതമായ സമയം. ഈ സ്വഭാവരൂപവൽക്കരണ വർഷങ്ങളിൽ അവൻ പഠിക്കുന്നത് അവനിൽ സ്ഥിരമായി നിൽക്കാനിടയുണ്ട്.
മനുഷ്യ വികാസത്തിന്റെ മിക്ക പഠിതാക്കളുടെയും അഭിപ്രായവും ഇതാണ്: “ശിശു വികാസഗവേഷണത്തിൽ ആദ്യകാല വ്യക്തിത്വ മാതൃകകളെ അല്ലെങ്കിൽ ആദ്യകാല സാമൂഹ്യ മനോഭാവങ്ങളെ മാറ്റാനുള്ള ശക്തമായ പ്രാപ്തി ഞങ്ങൾ ഒരിടത്തും പ്രകടമാക്കിയിട്ടില്ല.” അതു സംഭവിക്കാവുന്നതാണെന്ന് അവർ സമ്മതിക്കുന്നു, എന്നാൽ “ഒട്ടു മിക്കപ്പോഴും തിരുത്തൽ നേടുകയില്ല.” എന്നിരുന്നാലും, മാറ്റം വരുത്താനുള്ള ദൈവസത്യത്തിന്റെ ശക്തി മുഖേന പല വ്യത്യാസങ്ങൾ സംഭവിക്കുന്നു.—എഫേസ്യർ 4:22, 24; കൊലോസ്യർ 3:9, 10.
തക്കസമയത്ത് കൊടുക്കുന്ന പരിശീലനത്തിന്റെ ഒരു നല്ല ദൃഷ്ടാന്തമാണ് ഭാഷ. ശിശുക്കൾ സംസാരത്തിനുവേണ്ടി ജനിതകമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്, എന്നാൽ അങ്ങനെയുള്ള അന്തർനിർമ്മിത മസ്തിഷ്ക്കപരിപഥീയം അത്യന്തം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, ശിശുവിനെ വികാസത്തിന്റെ ശരിയായ ഘട്ടത്തിൽ സംസാരശബ്ദങ്ങൾ കേൾക്കാൻ അനുവദിക്കണം. മുതിർന്നവർ ശിശുവിനോട് മിക്കപ്പോഴും സംസാരിക്കുന്നുവെങ്കിൽ 6 മുതൽ 12 വരെ മാസങ്ങൾക്കിടയിൽ സംസാര കേന്ദ്രങ്ങളിലെ വളർച്ച സ്ഫോടനം ചെയ്യുന്നു. വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് ശിശു ഗ്രഹിക്കുമ്പോൾ 12 മുതൽ 18 വരെ മാസങ്ങൾക്കിടയ്ക്ക് ഈ വളർച്ച ത്വരിത ഗതിയിലാകുന്നു.
അവനു സംസാരിക്കാൻ കഴിയുന്നതിനു മുമ്പ് അവൻ വാക്കുകൾ പഠിക്കുന്നു. ജീവിതത്തിന്റെ രണ്ടാം വർഷത്തിൽ ഈ സ്വീകാരക്ഷമമായ അഥവാ നിഷ്ക്രിയമായ പദസംഹിത ഏതാനും ചില വാക്കുകളിൽനിന്ന് പല ശതങ്ങളായി ഉയർന്നേക്കാം. തിമൊഥെയോസ് “ശൈശവം മുതൽ തിരുവെഴുത്തുകൾ അറിഞ്ഞിരിക്കുന്നു”വെന്ന് അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിനെ ഓർമ്മിപ്പിച്ചു. (2 തിമൊഥെയോസ് 3:15) “ശൈശവം” (infancy) എന്ന പദത്തിന്റെ അക്ഷരാർത്ഥം ഇംഗ്ലീഷിൽ “സംസാരിക്കാൻ തുടങ്ങാത്തവൻ” എന്നാണ്. തിമൊഥെയോസ് ഒരു ശിശു ആയിരുന്നപ്പോൾത്തന്നെ വിശുദ്ധ തിരുവെഴുത്തുകൾ അവനെ വായിച്ചുകേൾപ്പിച്ചിരിക്കാനിടയുണ്ട്, അങ്ങനെ അവന് സംസാരിക്കാൻ കഴിയുന്നതിനു മുൻപുതന്നെ അവന് അനേകം ബൈബിൾ പദങ്ങൾ അറിയാമായിരുന്നു.
ആശയം ഇതാണ്: കുട്ടിയുടെ വികാസത്തിൽ മിക്കവാറും ആഗിരണത്താൽ ചില കാര്യങ്ങൾ എളുപ്പം പഠിക്കാൻ കഴിയുന്ന പ്രത്യേക സമയങ്ങളുണ്ട്. എന്നിരുന്നാലും, ആ സമയങ്ങൾ ആവശ്യമായ ഉത്തേജനം കിട്ടാതെ കടന്നുപോകുകയാണെങ്കിൽ, പ്രാപ്തികൾ പൂർണ്ണമായി വികസിതമാകുകയില്ല. ദൃഷ്ടാന്തമായി, കുട്ടികൾ വർഷങ്ങളായിട്ടും യാതൊരു സംസാരവും കേൾക്കുന്നില്ലെങ്കിൽ, അവർ പിന്നീട് വളരെ സാവധാനത്തിലും വളരെ പ്രയാസപ്പെട്ടും മാത്രമേ അതു പഠിക്കുകയുള്ളു. സാധാരണയായി ഒരിക്കലും നന്നായി പഠിക്കുകയുമില്ല.
ശൈശവം മുതൽ നിങ്ങളുടെ കുട്ടിയെ വായിച്ചു കേൾപ്പിക്കുക
നിങ്ങൾ എപ്പോൾ തുടങ്ങുന്നു? ആരംഭം മുതൽ നിങ്ങളുടെ നവജാതശിശുവിനെ വായിച്ചുകേൾപ്പിക്കുക. ‘എന്നാൽ അവന് മനസ്സിലാകുകയില്ല!’ നിങ്ങൾ എപ്പോഴാണ് അവനോടു സംസാരിച്ചുതുടങ്ങുന്നത്? ‘എന്തിന്, തീർച്ചയായും ഉടൻതന്നെ.’ നിങ്ങൾ പറഞ്ഞത് അവനു മനസ്സിലായോ? ‘ഇല്ല, എന്നാൽ . . . ’ അപ്പോൾ അവനെ എന്തുകൊണ്ടു വായിച്ചു കേൾപ്പിച്ചുകൂടാ?
നിങ്ങളുടെ ശിശുവിനെ മടിയിൽ കിടത്തി കൈകൊണ്ടു ചുറ്റിപ്പിടിക്കുമ്പോൾ അവന് സുരക്ഷിതത്വം തോന്നുന്നു, സ്നേഹിക്കപ്പെടുന്നതായി തോന്നുന്നു. നിങ്ങൾ അവനെ വായിച്ചുകേൾപ്പിക്കുന്നത് ഒരു ഉല്ലാസകരമായ അനുഭവമാണ്. അത് ഒരു ധാരണ ഉളവാക്കുന്നു. അവൻ വായനയുമായി ഒരു സന്തോഷത്തിന്റെ അനുഭൂതിയെ ബന്ധപ്പെടുത്തുന്നു. ശിശുക്കൾ അനുകരണ സ്വഭാവമുള്ളവരാണ്, മാതാപിതാക്കൾ മാതൃകവെക്കുന്നവരാണ്. അവൻ നിങ്ങളെ പകർത്താനാഗ്രഹിക്കുന്നു. അവൻ വായിക്കാനാഗ്രഹിക്കുന്നു. അവൻ വായിക്കുന്നതായി കളിക്കുന്നു. പിന്നീട് അവൻ വായനയുടെ സന്തോഷമനുഭവിക്കുന്നു.
ഇതു നിമിത്തം മറ്റൊരു വലിയ പ്രയോജനം ലഭിക്കുന്നു—അവൻ സാധാരണയായി ഒരു റ്റെലിവിഷൻ ആസക്തനായിത്തീരുന്നില്ല. അവൻ ആയിരക്കണക്കിന് കുത്തും വെടിവെയ്പ്പും കൊലപാതകവും ബലാൽസംഗവും ദുർവൃത്തിയും വ്യഭിചാരവും കണ്ടുകൊണ്ട് ദൃഷ്ടി മാന്ദ്യമുള്ളവനായിത്തീരുന്നില്ല. അവന് റ്റെലിവിഷൻ ഓഫ് ചെയ്യാൻ കഴിയും, അവന് ഒരു പുസ്തകം തുറന്നു വായിക്കാൻ കഴിയും. നിരക്ഷരതയുടെയും റ്റി വി ആസക്തിയുടെയും ഈ കാലത്ത് ഒരു നേട്ടംതന്നെ.
ഒരു കുട്ടിയെ സ്നേഹിക്കാൻ സമയം വേണം
തീർച്ചയായും, കുട്ടികളെ വായിച്ചുകേൾപ്പിക്കാൻ സമയംവേണം. നിങ്ങളുടെ ശിശുവുമായി കളിക്കാൻ സമയം വേണം, കുട്ടി പര്യവേക്ഷണം നടത്തുകയും പ്രവൃത്തികൾക്കു തുടക്കമിടുകയും പുതുമ തേടുകയും ജിജ്ഞാസയെ തൃപ്തിപ്പെടുത്തുകയും സർഗ്ഗാത്മകത്വത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോൾ നിരീക്ഷിക്കുന്നതിനു സമയം വേണം. മാതാപിതാക്കളുടെ ധർമ്മം നിറവേറ്റുന്നതിന് സമയം വേണം. നിങ്ങളുടെ കുട്ടികൾ ശിശുക്കളായിരിക്കുമ്പോൾ തുടക്കമിടുന്നതാണ് മെച്ചം. അപ്പോഴാണ് മിക്കപ്പോഴും തലമുറവിടവുകൾ തുടങ്ങുന്നത്; അവ മിക്കപ്പോഴും യൗവനം വരെ കാത്തിരിക്കുന്നില്ല. അതിന് എങ്ങനെ സംഭവിക്കാൻ കഴിയുമെന്ന് ക്യാപ്റ്റൻ കംഗാരു എന്ന പേരിൽ കുട്ടികളോടു പ്രക്ഷേപണം നടത്തുന്ന റോബർട്ട് ജെ. കീഷൻ പറയുന്നു:
“ഒരു കൊച്ചുകുട്ടി വായിൽ തള്ളവിരലുമിട്ട് കൈയിൽ കളിപ്പാവയുമായി, മാതാവോ പിതാവോ വീട്ടിൽ വരാൻ അക്ഷമയായി കാത്തിരിക്കുന്നു. അവൾ മണ്ണുവാരി കളിച്ചപ്പോഴത്തെ ചില അനുഭവങ്ങൾ പറയാനാഗ്രഹിക്കുന്നു. അന്ന് അവൾക്ക് അനുഭവപ്പെട്ട ഹർഷം പങ്കുവെക്കാൻ അവർക്ക് ആകാംക്ഷയുണ്ട്. സമയം ആഗതമാവുന്നു, മാതാവോ പിതാവോ വീട്ടിലെത്തുന്നു. ജോലി സ്ഥലത്തെ സമ്മർദ്ദങ്ങളാൽ പരിക്ഷീണരായി അവർ ഒട്ടുമിക്കപ്പോഴും കുട്ടിയോട് ‘ഇപ്പോൾ വേണ്ട മോളെ. എനിക്ക് സമയമില്ല, റ്റെലിവിഷൻ കണ്ടുകൊൾക’ എന്നുപറയുന്നു. അനേകം അമേരിക്കൻ ഭവനങ്ങളിൽ പറഞ്ഞുകേൾക്കുന്ന വാക്കുകളാണ്, ‘ഞാൻ ജോലിത്തിരക്കിലാണ്, പോയി റ്റെലിവിഷൻ കാണുക’ എന്നിവ. ഇപ്പോൾ പറ്റില്ലെങ്കിൽ പിന്നെ എപ്പോഴാണ്? ‘പിന്നീട്.’ എന്നാൽ പിന്നീട് ഒരിക്കലും വന്നെത്തുന്നില്ല.
“വർഷങ്ങൾ കടന്നുപോകുന്നു, കുട്ടി വളരുന്നു. നാം അവർക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കൊടുക്കുന്നു. നാം അവർക്ക് നല്ല ഡിസൈൻ ഉള്ള വസ്ത്രങ്ങൾ കൊടുക്കുന്നു. ഒരു സ്റ്റീരിയോ കൊടുക്കുന്നു. എന്നാൽ അവൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത്, നമ്മുടെ സമയം, നാം അവൾക്ക് കൊടുക്കുന്നില്ല. അവൾക്ക് പതിനാലു വയസ്സായി. അവളുടെ കണ്ണുകൾ വികാരശൂന്യമാണ്, അവൾക്ക് ഏതോ ലക്ഷ്യമുണ്ട്. ‘മോളേ, എന്തുപറ്റി? എന്നോടു പറയൂ, എന്നോടു പറയൂ.’ താമസിച്ചുപോയി. വളരെ താമസിച്ചുപോയി. സ്നേഹം നമ്മെ കടന്നുപോയി. . . .
“‘ഇപ്പോൾ വേണ്ട. പിന്നീട്’ എന്ന് നാം ഒരു കുട്ടിയോടു പറയുമ്പോഴും; ‘പോയി റ്റെലിവിഷൻ കണ്ടോ’ എന്നു നാം പറയുമ്പോഴും; ‘ഇത്രയധികം ചോദ്യങ്ങൾ ചോദിക്കരുത്’ എന്നു നാം പറയുമ്പോഴും തന്നെ. നമ്മുടെ കുട്ടികൾ നമ്മിൽനിന്ന് ആവശ്യപ്പെടുന്ന ഏക സംഗതി, നമ്മുടെ സമയം, നാം അവർക്കു കൊടുക്കാത്തപ്പോഴും. അതെ, നാം ഒരു കുട്ടിയെ സ്നേഹിക്കാത്തപ്പോൾ. നാം കരുതലില്ലാത്തവരല്ല. നാം കേവലം ഒരു കുട്ടിയെ സ്നേഹിക്കാൻ കഴിയാത്തവണ്ണം അത്ര തിരക്കിലാണ്.”
നിങ്ങളുടെ കുട്ടിയെ സ്നേഹിക്കുന്നതിന് സമയമാവശ്യമാണെന്നുള്ളതു സത്യമാണ്. അതിന്റെ ശരീരത്തെ ആഹാരം കൊണ്ടു പോഷിപ്പിക്കുന്നതിനും അതിനെ വസ്ത്രം ധരിപ്പിക്കുന്നതിനുമുള്ള സമയം മാത്രമല്ല, പിന്നെയോ അതിന്റെ ഹൃദയത്തെ സ്നേഹംകൊണ്ടു നിറയ്ക്കുന്നതിനും. തൂക്കിയും അളന്നും റേഷൻ കണക്കിനും കൊടുക്കുന്ന സ്നേഹമല്ല, പിന്നെയോ കവിഞ്ഞൊഴുകുന്നതും “അപരിമേയവു”മായ സ്നേഹം, ആദ്യത്തെ മൂന്നു ജീവിതവർഷങ്ങൾ എന്ന പുസ്തകത്തിൽ ബർട്ടൻ എൽ. വൈറ്റ് എന്ന പുസ്തകത്തിന്റെ രചയിതാവ് അങ്ങനെയാണ് അതിനെ വിളിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ജോലിക്കാരായ മാതാപിതാക്കൾ പ്രാഥമിക ശിശുവളർത്തൽ മറ്റാരെയെങ്കിലും, വിശേഷാൽ ശിശു പരിപാലന കേന്ദ്രത്തെ, ഏൽപ്പിക്കുന്നത് ബുദ്ധികേടാണ്. ആ പ്രസ്താവന നിമിത്തം ഞാൻ ധാരാളം പുലഭ്യം കേട്ടു, എന്നാൽ ശിശുക്കൾക്ക് ഏറ്റവും നല്ലതെന്താണെന്നുള്ളതാണ് എന്റെ താത്പര്യം.” “ശിശുക്കൾക്ക് എറ്റം നല്ലതെന്താണെന്നുള്ള” രീതിയിലാണ് അദ്ദേഹം അതിനെ വീക്ഷിക്കുന്നത്, എന്നാൽ മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരുമോ ജോലിചെയ്യേണ്ടതുള്ളപ്പോൾ ഈ ആദർശം സാമ്പത്തികമായി എപ്പോഴും സാദ്ധ്യമല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്.
ശിക്ഷണം—ഒരു പ്രകോപനപരമായ വിഷയം!
ശിക്ഷണം സംബന്ധിച്ചുള്ള ബുദ്ധിയുപദേശം നിമിത്തം ബൈബിളിനെയും ധാരാളം പുലഭ്യം പറയുന്നുണ്ട്. “വടി പിൻവലിച്ചുകളയുന്നവൻ തന്റെ പുത്രനെ വെറുക്കുന്നു, എന്നാൽ ശിക്ഷണത്തോടെ അവനെ അന്വേഷിക്കുന്നവനാണ് അവനെ സ്നേഹിക്കുന്നവൻ.” (സദൃശവാക്യങ്ങൾ 13:24) ന്യൂ ഇൻറർനാഷനൽ വേർഷ്യൻ സ്റ്റഡി ബൈബിൾ അടിക്കുറിപ്പ് ഈ വാക്യത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “വടി. ഒരുപക്ഷേ ഏതെങ്കിലുംതരം ശിക്ഷണത്തിനുള്ള അലങ്കാരപ്രയോഗം.” വൈൻസ് എക്സ്പോസിററ്റ ഡിക്ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ റ്റെസ്റ്റ്മെൻറ് വേഡ്സ് “വടി”യെ “ഭരണത്തിന്റെ ഒരു ചിഹ്നമായ ചെങ്കോൽ” എന്നു നിർവ്വചിക്കുന്നു.
മാതാപിതാക്കളുടെ ഭരണത്തിൽ അടി ഉൾപ്പെട്ടിരിക്കാം, എന്നാൽ മിക്കപ്പോഴും അതിന്റെ ആവശ്യമില്ല. 2 തിമൊഥെയോസ് 2:24, 25 അനുസരിച്ച് ക്രിസ്ത്യാനികൾ “എല്ലാവരോടും സൗമ്യരായി . . . വിനയപൂർവ്വം പഠിപ്പിക്കേണ്ടതാണ്.” ഇവിടെ പഠിപ്പിക്കുക എന്ന പദം ശിക്ഷണത്തിനുള്ള ഗ്രീക്ക് പദത്തിൽനിന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ്. ശിക്ഷണം കൊടുക്കേണ്ടത് കുട്ടികളുടെ വികാരങ്ങളെ പരിഗണിച്ചുകൊണ്ടാണ്: “പിതാക്കൻമാരേ, നിങ്ങളുടെ കുട്ടികളെ ശല്യപ്പെടുത്താതെ, യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും അവരെ വളർത്തിക്കൊണ്ടുവരുക.”—എഫേസ്യർ 6:4.
അനുവദനീയതയെ അനുകൂലിക്കുന്ന മനഃശാസ്ത്രജ്ഞൻമാർ നിങ്ങൾ കുട്ടിയെ തല്ലിയാൽ നിങ്ങൾ അവനെ ദ്വേഷിക്കുന്നുവെന്നാണ് പറയുന്നത്. അതു സത്യമല്ല. അനുവദനീയതയാണ് വിദ്വേഷം. അത് ഭൂമിയിലുടനീളം ബാലജന ദുഷ്കൃത്യത്തിന്റെയും കുറ്റകൃത്യപ്രവണതയുടെയും ഒരു പ്രളയം വരുത്തിക്കൂട്ടിയിരിക്കുന്നു, ദശലക്ഷക്കണക്കിനു മാതാപിതാക്കൾക്ക് മനോവേദനയും. അത് സദൃശവാക്യങ്ങൾ 29:15 പറയുന്നതുപോലെതന്നെയാണ്: “അഴിച്ചുവിട്ടിരിക്കുന്ന ഒരു ബാലൻ അവന്റെ അമ്മക്കു ലജ്ജ വരുത്തുന്നതായിരിക്കും.” “കർശന മാതാപിതാക്കൾ അനുവാദാത്മക മാതാപിതാക്കൾക്കു വിരുദ്ധം” എന്ന ശീർഷകത്തിൽ ഡോ. ജോയ്സി ബ്രദേഴ്സ് ഇങ്ങനെ പറയുന്നു:
“അഞ്ചിലും ആറിലും പഠിക്കുന്ന ഏതാണ്ട് 2000 കുട്ടികളെ ഉപയോഗിച്ചു നടത്തിയ അടുത്ത കാലത്തെ ഒരു പഠനം ആശ്ചര്യകരമായ ഫലങ്ങൾ ഉളവാക്കി—അവരിൽ ചിലർ കർശനസ്വഭാവക്കാരായ മാതാപിതാക്കളാലും മറ്റുള്ളവർ അനുവാദാത്മക മാതാപിതാക്കളാലും വളർത്തപ്പെട്ടവരായിരുന്നു. കർശനശിക്ഷണം കൊടുക്കപ്പെട്ട കുട്ടികൾക്ക് ഉയർന്ന ആത്മാഭിമാനമുണ്ടായിരുന്നു, സാമൂഹികവും വിദ്യാഭ്യാസപരവുമായി ഉയർന്നനേട്ടവുമുണ്ടാക്കിയിരുന്നു.” അവർക്ക് കർശനരായ തങ്ങളുടെ മാതാപിതാക്കളോട് നീരസമുണ്ടായിരുന്നോ? ഇല്ലായിരുന്നു, “മാതാപിതാക്കളുടെ ചട്ടങ്ങൾ കുട്ടികളുടെ സ്വന്തം ഗുണത്തിനുവേണ്ടി വെക്കപ്പെട്ടിരിക്കുന്നുവെന്നും അവ അവരുടെ സ്നേഹത്തിന്റെ ഒരു പ്രകടനമാണെന്നും അവർ വിശ്വസിച്ചു.”
നിങ്ങൾ നിങ്ങളുടെ കുട്ടിയോട് കർശനമായി ഇടപെട്ടാൽ, “നിങ്ങൾ എന്തും അനുവദിച്ചുകൊടുക്കുമ്പോഴത്തേതിലും കുറച്ചേ നിങ്ങളെ സ്നേഹിക്കുകയുള്ളു”വെന്ന് നിങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് വൈറ്റ് പറയുന്നു. “കുട്ടികൾ ആദ്യത്തെ രണ്ടു ജീവിത വർഷങ്ങളിൽ തങ്ങളുടെ മുഖ്യ രക്ഷകർത്താക്കളിൽനിന്ന് വളരെ എളുപ്പം അകന്നുമാറുന്നില്ല, നിങ്ങൾ അവരെ ക്രമായി അടിച്ചാലും അവർ നിങ്ങളുടെ അടുക്കലേക്കു തിരിച്ചു വരുന്നതായി നിങ്ങൾ കണ്ടെത്തും.”
എല്ലാറ്റിലും വച്ച് ഏറ്റം നല്ല പ്രസംഗം
അതു നിങ്ങളാണ്. നിങ്ങളുടെ മാതൃക. നിങ്ങളാണ് നിങ്ങളുടെ കുട്ടിയുടെ മാതൃക. നിങ്ങൾ പറയുന്നതിനെക്കാളധികം നിങ്ങളെ അവൻ ശ്രദ്ധിക്കുന്നു. അവൻ നിങ്ങളുടെ വാക്കുകൾ കേൾക്കുന്നു, എന്നാൽ അവൻ നിങ്ങളുടെ പ്രവൃത്തികളെ അനുകരിക്കുന്നു: നിങ്ങളുടെ കുട്ടി ഒരു അനുകർത്താവാണ്. തന്നിമിത്തം അവൻ ആരായിത്തീരാൻ നിങ്ങളാഗ്രഹിക്കുന്നു? സ്നേഹവാനും ദയാലുവും ഉദാരനും, സുശിക്ഷിതനും ബുദ്ധിശാലിയും ഉത്സാഹിയും യേശുവിന്റെ ഒരു ശിഷ്യനും യഹോവയുടെ ഒരു ആരാധകനുമോ? അത് എന്തായിരുന്നാലും, നിങ്ങളും അതുതന്നെയായിരിക്കുക.
തന്നിമിത്തം, നിങ്ങളുടെ കുട്ടിയുടെ തലച്ചോറ് മനസ്സിനും ഹൃദയത്തിനും ആവശ്യമായ വിവരങ്ങളും വികാരങ്ങളും ഉൾക്കൊണ്ടുകൊണ്ട് സത്വരം വളരുന്ന ശൈശവം മുതൽ അവനെ പരിശീലിപ്പിക്കുക. എന്നാൽ ആ നിർണ്ണായക സ്വഭാവ രൂപവൽക്കരണവർഷങ്ങൾ കടന്നുപോകുകയും ദൈവഭക്തിയുള്ള വ്യക്തിത്വം നിങ്ങളുടെ കുട്ടിയിൽ കടത്തിവിടാതെയുമിരിക്കുന്നുവെങ്കിൽ, പിന്നെയെന്ത്? നിരാശപ്പെടരുത്. പിന്നെയും മാറ്റം സംഭവിക്കാം, ചെറുപ്പക്കാരും പ്രായമുള്ളവരുമായ ദശലക്ഷങ്ങളിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്, ദൈവശക്തിയാൽ. “പഴയവ്യക്തിത്വത്തെ അതിന്റെ നടപടികളോടെ ഉരിഞ്ഞുകളയുകയും പുതിയ വ്യക്തിത്വം ധരിക്കുകയും ചെയ്യുക. അത് അതിനെ സൃഷ്ടിച്ചവന്റെ പ്രതിച്ഛായ പ്രകാരം സൂക്ഷ്മപരിജ്ഞാനത്തിലൂടെ പുതുക്കപ്പെടുകയാണ്.” ഇതാണ് ദൈവവചനം പറയുന്നത്.—കൊലോസ്യർ 3:9, 10. (g87 5/22)
[8-ാം പേജിലെ ചിത്രങ്ങൾ]
പിതാവിനെ സംബന്ധിച്ച്: വായനക്ക് ഒരു സമയം, കളിക്കാൻ ഒരു സമയം
[10-ാം പേജിലെ ചിത്രം]
കുളിസമയം വിനോദമായിരിക്കാൻ കഴിയും