പ്രതിഭക്കുവേണ്ടിയുള്ള സമ്മർദ്ദം
“നാം കുട്ടികൾക്കു പകരം ശിശുക്കളെ പഠിപ്പിക്കുകയാണെങ്കിൽ ലോകത്തിൽ ഐൻസ്റ്റീൻ, ഷേക്സ്പിയർ, ബീഥോവൻ, ലിയോനാർഡോ ഡാവിഞ്ചി എന്നിവരെപ്പോലെയുള്ള ബുദ്ധിരാക്ഷസൻമാർ നിറയുമായിരുന്നു.”—ഡോ. ഗ്ലെൻ ഡോമൻ, മനുഷ്യശക്തിയുടെ നേട്ടത്തിനുവേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ.
“യാതൊരു കുട്ടിയും ഒരു പ്രതിഭയായി ജനിക്കുന്നില്ല, ആരും ഒരു ഭോഷനായും ജനിക്കുന്നില്ല. എല്ലാം ആശ്രയിച്ചിരിക്കുന്നത് നിർണ്ണായക വർഷങ്ങളിലെ മസ്തിഷ്ക്ക കോശങ്ങളുടെ ഉത്തേജനത്തെയാണ്. ഈ വർഷങ്ങൾ ജനനം മുതൽ മൂന്നു വയസ്സുവരെയുള്ള വർഷങ്ങളാണ്. കിൻറർഗാർട്ടൻ വളരെ താമസിച്ചുപോകും!”—കിൻറർഗാർട്ടൻ വളരെ താമസിച്ചുപോകും! എന്ന പുസ്തകത്തിന്റെ രചയിതാവായ മസാറു ഇബുക്കാ
ശിശു മസ്തിഷ്ക്കങ്ങളുടെ ഭയാവഹമായ ശക്തി മാതാപിതാക്കളുടെ ഭാഗത്ത് ഒരു തീരുമാനം ചെയ്യേണ്ടതാവശ്യമാക്കിത്തീർക്കുന്നു. നിങ്ങൾ എപ്പോൾ പ്രത്യേക പരിശീലനം തുടങ്ങുന്നു? നിങ്ങൾ അവരെ എന്തു പഠിപ്പിക്കുന്നു? എത്രയധികം? എത്ര വേഗം? ചില ഫലങ്ങൾ അതിവിശിഷ്ടമായിരുന്നു: രണ്ടു മുതൽ അഞ്ചു വയസ്സുവരെ പ്രായമുള്ള കൊച്ചുകുട്ടികൾ വായിക്കുകയും എഴുതുകയും രണ്ടോ അധികമോ ഭാഷകൾ സംസാരിക്കുകയും വയലിനിലും പിയാനോയിലും ശാസ്ത്രീയസംഗീതം വായിക്കുകയും കുതിരസവാരി നടത്തുകയും നീന്തുകയും കായികാഭ്യാസങ്ങൾ നടത്തുകയും ചെയ്യുന്നു.
മിക്ക ഉദാഹരണങ്ങളിലും ലക്ഷ്യം ശാരീരികമായിരിക്കുന്നതിനു പകരം മാനസികമാണ്. ഒരു രണ്ടു വയസ്സുകാരൻ 100 വരെ എണ്ണുന്നു, കൃത്യമായി കൂട്ടുന്നു; അവന് 2000 വാക്കുകളുടെ പദസഞ്ചയമുണ്ട്, 5 വാക്കുകളടങ്ങിയ വാചകങ്ങൾ വായിക്കുന്നു, കൃത്യമായ ശബ്ദസ്ഥായി വികസിപ്പിച്ചിരിക്കുന്നു. മൂന്നു വയസ്സുള്ള ഒരു ശിശു ഒരു ചാർട്ടിൽ അവനെ ചൂണ്ടിക്കാണിക്കുമ്പോൾ ഒരു കോശത്തിന്റെ ഭാഗങ്ങളുടെ പേർ പറയുന്നു: മൈറ്റോക്കോണ്ട്രിയാ, എൻഡോപ്ലാസ്മിക്ക് റ്റെറിക്കുലം, ഗോൾജി ബോഡീസ്, സെൻട്രിയോൾസ്, വാക്യുവോൾസ്, ക്രോമസംസ് എന്നിങ്ങനെ. മൂന്നു വയസ്സുള്ള മറ്റൊരു ശിശു വയലിൻ വായിക്കുന്നു. നാലുവയസ്സുള്ള ഒരു കുട്ടി ജാപ്പനീസ് ഫ്രഞ്ചിലേക്കും ഇംഗ്ലീഷിലേക്കും ഭാഷാന്തരം ചെയ്യുന്നു. കൊച്ചുകുട്ടികളെ കണക്കു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ ഇങ്ങനെ അവകാശപ്പെടുന്നു: “ഞാൻ തറയിൽ 59 നാണയങ്ങൾ ഇടുകയാണെങ്കിൽ, ഞങ്ങളുടെ ശിശുക്കൾക്ക് ഉടനെ 58 അല്ല 59 ഉണ്ടെന്ന് പറയാൻ കഴിയും.”
ചിലർ അങ്ങനെയുള്ള തീവ്രപരിശീലനത്തിൽ ഉത്സാഹം കാണിക്കുന്നുവെങ്കിലും, മറ്റുള്ളവർക്ക് അതു സംബന്ധിച്ച് നിയന്ത്രണങ്ങൾ ഉണ്ട്. ഈ മണ്ഡലത്തിലെ വിദഗ്ദ്ധരുടെ പ്രതികരണങ്ങളുടെ ഒരു പരിച്ഛേദം ചുവടെ ചേർക്കുന്നു:
“ഇളംപ്രായത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസ വൈദഗ്ദ്ധ്യങ്ങൾക്കു തുടക്കമിടുന്നതു സംബന്ധിച്ച് പൊതുവേ വളരെ അനുകൂലമല്ല തെളിവ്. അതു ചെയ്യാൻ കഴിയുമെന്നുള്ളതിനു വളരെ തെളിവുണ്ട്. എന്നാൽ വിവാദപ്രശ്നം അതു ചെയ്യാൻ കഴിയുമോയെന്നതല്ല, പിന്നെയോ സത്വരവും ദീർഘിച്ചതുമായ ഫലങ്ങൾ എന്താണെന്നുള്ളതാണ്.”
“അത് കുട്ടികളെ ചെറിയ കംപ്യൂട്ടറുകളാക്കി മാറ്റുന്ന ഒരു സിദ്ധാന്തമാണ്, അത് അവർക്ക് ശ്വാസംവിടാൻ സ്വാതന്ത്ര്യം കൊടുക്കുന്നില്ല.”
“കുട്ടികൾ സ്വന്തമായി മുൻകൈ എടുത്തും അവരുടെ ചുറ്റുപാടിനെ പര്യവേക്ഷണം നടത്തിയും പഠിക്കുന്നു. നാം [വൈകാരിക വികാസവും സാമൂഹ്യവൈദഗ്ദ്ധ്യങ്ങളും പോലെ] സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റു ചില വികാസങ്ങളെ തടസ്സപ്പെടുത്തുകയായിരിക്കാം [മാനസിക വികാസത്തിന് സമ്മർദ്ദം ചെലുത്തുന്നതിനാൽ].”
“എന്റെ സന്ദേശം ഇതാണ്. സാമർത്ഥ്യത്തെ നല്ല വികാസം പ്രാപിക്കലിനോടു സമാക്കുന്നതിനെതിരെ സൂക്ഷിക്കുക. ഒട്ടുമിക്കപ്പോഴും ബുദ്ധിപരമായ ശ്രേഷ്ഠത നേടുന്നത് അത്രതന്നെയോ അതിലധികമോ പ്രാധാന്യമുള്ള മറ്റു മണ്ഡലങ്ങളിലെ പുരോഗതിയെ ബലിചെയ്തുകൊണ്ടാണ്.”
“ഇത് ആരോഗ്യാവഹമായ ഒരു മാതാപിതാ—ശിശു ബന്ധമല്ല. അത് ‘നിങ്ങൾ മിടുക്കരായതുകൊണ്ട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’ എന്ന സന്ദേശം കുട്ടികൾക്കു കൊടുക്കുകയാണ്.”
നിസ്സംശയമായി, തങ്ങളുടെ കുട്ടികളെ അതിവിദഗ്ദ്ധർ അഥവാ പ്രതിഭകളാക്കി മാറ്റാൻ സമ്മർദ്ദം ചെലുത്തുന്ന ചില മാതാപിതാക്കളുണ്ട്. അങ്ങനെയുള്ള കേസുകളിൽ മാതാപിതാക്കളുടെ അഹംബോധവും അഹങ്കാരവുമാണ് നിയന്ത്രണം പ്രയോഗിക്കുന്നത്. കുട്ടികൾ പ്രദർശന വസ്തുക്കളായി ഉപയോഗിക്കപ്പെടുന്നു. മാതാപിതാക്കൾ പ്രതിഫലിത മഹത്വത്തിൽ ഊറ്റം കൊള്ളുകയാണ്. എന്നിരുന്നാലും, ആദ്യകാല പഠനത്തിന്റെ മണ്ഡലത്തിലെ നേതാക്കളിൽ ചിലരുടെ ആന്തരം ഇതാണെന്നു തോന്നുന്നില്ല.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിക്കപ്പെട്ട ഗ്ലെൻ ഡോമൻ ശ്രേഷ്ഠ ശിശുക്കളെ ഉളവാക്കുന്ന ആശയത്തിനെതിരാണ്. അദ്ദേഹത്തിന്റെ ലക്ഷ്യമിതാണ്: “തങ്ങളുടെ ശിശുക്കളെ ഉയർന്ന ബുദ്ധിശാലികളും അങ്ങേയറ്റം പ്രാപ്തരും സന്തോഷപ്രദരുമാക്കാനുള്ള വിജ്ഞാനം സകല മാതാപിതാക്കൾക്കും കൊടുക്കുക.” പഠനം ശിശുക്കൾക്ക് വൈവിദ്ധ്യമാർന്നതും വിനോദപ്രദവുമായിരിക്കണം. അവർ മാനസികമായും ശാരീരികമായും വൈകാരികമായും തികവുള്ളവരാക്കപ്പെടണം. ഡോമൻ പരീക്ഷ നടത്തുന്നതിനെതിരാണ്. “പരീക്ഷ പഠനത്തിന്റെ എതിരാണ്. അത് സമ്മർദ്ദം നിറഞ്ഞതാണ്. ഒരു കുട്ടിയെ പഠിപ്പിക്കുന്നത് അവന് സന്തോഷജനകമായ ഒരു സമ്മാനം കൊടുക്കലാണ്. അവനെ പരീക്ഷിക്കുന്നത് അവനോട് നേരത്തെ തുക ആവശ്യപ്പെടുന്നതാണ്.”
നേരത്തെയുള്ള പരിശീലനം പ്രതിഭകളെ ഉളവാക്കുന്നുവോയെന്നു ചോദിച്ചപ്പോൾ, തുടക്കത്തിൽ ഉദ്ധരിക്കപ്പെട്ട മറ്റൊരാളായ മസാറു ഇമ്പുക്ക ഇങ്ങനെ പറയുകയുണ്ടായി: “ആദ്യകാല വ്യക്തിത്വവികാസത്തിന്റെ ഏക ഉദ്ദേശ്യം ഒരു വഴക്കമുള്ള മനസ്സും ആരോഗ്യമുള്ള ഒരു ശരീരവും നേടുന്നതിനും സാമർത്ഥ്യവും ശാന്തതയും കൈവരിക്കുന്നതിനും കുട്ടിക്കു വിദ്യാഭ്യാസം കൊടുക്കുകയെന്നതാണ്.”
കുട്ടികൾക്ക് വയലിനിൽ പരിശീലനം കൊടുക്കുന്നതിൽ വിജയം സിദ്ധിച്ചതു നിമിത്തം പ്രശസ്തനായിത്തീർന്ന ഷിനിച്ചി സുസുക്കി പറയുന്നു: “‘താലന്തു വിദ്യാഭ്യാസം’ എന്ന ഈ പദപ്രയോഗം വിജ്ഞാനത്തിനും സാങ്കേതിക വൈദഗ്ദ്ധ്യത്തിനും മാത്രമല്ല, പിന്നെയോ ധാർമ്മികതക്കും സ്വഭാവ നിർമ്മാണത്തിനും സൗന്ദര്യാസ്വാദനത്തിനും ബാധകമാകുന്നു. ഇവ വിദ്യാഭ്യാസത്താലും ചുറ്റുപാടിനാലും ആർജ്ജിക്കപ്പെടുന്ന മാനുഷിക ഗുണവിശേഷങ്ങളാണെന്ന് നമുക്കറിയാം. തന്നിമിത്തം, ഞങ്ങളുടെ പ്രസ്ഥാനം പ്രതിഭകൾ എന്നു വിളിക്കപ്പെടുന്നവരെ വളർത്തിക്കൊണ്ടുവരുന്നതിൽ താൽപ്പര്യമെടുക്കുന്നില്ല, അത് ‘ആദ്യകാല വികാസ’ത്തെ മാത്രം ഊന്നിപ്പറയാനും ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ അതിനെ ഒരു ‘മൊത്തത്തിലുള്ള മാനുഷിക വിദ്യാഭ്യാസം’ എന്ന് പറയേണ്ടിയിരിക്കുന്നു.”
നിർബ്ബന്ധിച്ചു പരിശീലിപ്പിക്കുന്നത് ഫലരഹിതവും അനഭിലഷണീയവുമാണെന്ന് സുസുക്കി മനസ്സിലാക്കുന്നു. കുട്ടികൾ എത്ര ദീർഘമായി പരിശീലിക്കണമെന്നു ചോദിച്ചപ്പോൾ, അദ്ദേഹം ഒരിക്കലും കർശനമായ ഒരു പട്ടിക വെക്കുന്നില്ല. “ഒരുക്കത്തോടും നല്ല ശ്രദ്ധയോടും കൂടെ ദിവസം അഞ്ചു പ്രാവശ്യം രണ്ടു മിനിറ്റു വീതം പരിശീലിക്കുന്നത് അവർ പ്രതിഷേധിക്കുമ്പോൾ അരമണിക്കൂർ അവരോടു പറ്റിനിൽക്കുന്നതിനെക്കാൾ മെച്ചമാണ്.” “ഓരോ ദിവസവും സന്തോഷപൂർവ്വം അഞ്ചു പ്രാവശ്യം രണ്ടു മിനിറ്റു വീതം” എന്നതാണ് അദ്ദേഹത്തിന്റെ ഫോർമുല.
അങ്ങനെയെങ്കിൽ, നിങ്ങളുടെ കൊച്ചുകുട്ടിയുടെ ആദ്യകാല പഠനത്തിന്റെ ഉപയോഗത്തിലെ ഉചിതമായ ഒരു സമനില എന്താണ്? അടുത്ത ലേഖനം പരിചിന്തനത്തിനായി കുറേ മാർഗ്ഗരേഖകൾ സമർപ്പിക്കുന്നു. (g87 5/22)
[5-ാം പേജിലെ ചിത്രം]
സമ്മർദ്ദം ചെലുത്തരുത്. സുസുക്കിയുടെ ഫോർമുല: “സന്തോഷത്തോടെ ദിവസം അഞ്ചു പ്രാവശ്യം രണ്ടു മിനിറ്റു വീതം”