ആ ഭയാവഹമായ ശിശു മസ്തിഷ്ക്കങ്ങൾ!
അവ തുടക്കം മുതലേ ഭയാവഹമാണ്. ഗർഭധാരണത്തിനുശേഷം മുന്നാഴ്ച കഴിഞ്ഞ് അവ 1,25,000 കോശങ്ങളോടെ തുടക്കമിടുന്നു, അനന്തരം മിനിറ്റിൽ 2,50,000 കോശങ്ങൾ എന്ന കണക്കിൽ അവ പെട്ടെന്ന് വർദ്ധിക്കുന്നു. ഓരോ ചെറിയ മസ്തിഷ്ക്കവും അതിന്റെ സ്ഫോടനാത്മകമായ വളർച്ച തുടർന്ന് ജനനത്തിങ്കൽ അതിന്റെ കോശങ്ങളുടെ എണ്ണം ഏതാണ്ട് 1,00,00,00,00,000 ആയിത്തീരുന്നു.—ക്ഷീരപഥത്തിലെ നക്ഷത്രങ്ങളുടെ എണ്ണത്തോളം!
എന്നാൽ അതിനു മാസങ്ങൾക്കു മുമ്പ് ഗർഭാശയത്തിൽ വച്ചുതന്നെ ശിശുമസ്തിഷ്ക്കം പ്രവർത്തനക്ഷമമായിരിക്കുന്നു. അത് അതിന്റെ വെള്ളം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്ന് ഗ്രഹണങ്ങൾ രേഖപ്പെടുത്തുന്നു. അതു കേൾക്കുകയും രുചിക്കുകയും പ്രകാശത്തെ ഗ്രഹിക്കുകയും സ്പർശനത്തോടു പ്രതികരിക്കുകയും പഠിക്കുകയും ഓർക്കുകയും ചെയ്യുന്നു. തള്ളയുടെ വികാരങ്ങൾക്ക് അതിനെ ബാധിക്കാൻ കഴിയും. സൗമ്യമായ വാക്കുകളോ മധുരസംഗീതമോ അതിനെ സാന്ത്വനപ്പെടുത്തുന്നു. കുപിതമായ സംസാരമോ റോക്ക് സംഗീതമോ അതിനെ ക്ഷോഭിപ്പിക്കുന്നു. തള്ളയുടെ താളാത്മകമായ ഹൃദയസ്പന്ദനം അതിനെ പ്രശാന്തമാക്കുന്നു. എന്നാൽ ഭയം അവളുടെ ഹൃദയസ്പന്ദനത്തെ ഉയർത്തുന്നുവെങ്കിൽ, പെട്ടെന്ന് ശിശുവിന്റെ ഹൃദയം ഇരട്ടിവേഗത്തിൽ സ്പന്ദിക്കുന്നു. ദുഃഖിതയായ ഒരു മാതാവ് തന്റെ ഗർഭാശയത്തിലെ ശിശുവിലേക്ക് ഉൽക്കണ്ഠ പകരുന്നു. ഒരു പ്രശാന്തയായ മാതാവ് ശാന്തതയുള്ള ഒരു ശിശുവിനെ വഹിക്കുന്നു. സന്തോഷമുള്ള ഒരു മാതാവ് തന്റെ ഗർഭാശയത്തിലെ ശിശു സന്തോഷത്താൽ തുള്ളിച്ചാടാനിടയാക്കിയേക്കാം. ഇതെല്ലാം മാത്രമല്ല, ഇതിലധികവും ശിശുവിന്റെ മസ്തിഷ്ക്കത്തെ തിരക്കുള്ളതാക്കിത്തീർക്കുന്നു. ഗർഭാശയത്തിൽപോലും അത് ഭയജനകമാണ്.
ജനനശേഷം കൂടുതൽ ന്യൂറോണുകൾ ഉണ്ടാകുന്നുണ്ടോ? ഇല്ലെന്നാണ് ഏറ്റവും ഒടുവിലത്തെ ഗവേഷണം പറയുന്നത്. എന്നിരുന്നാലും, നൂറോണുകൾ നാടകീയമായി വളർന്ന് വലുതാകുന്നു, അതേ സമയം അന്യോന്യം സഹസ്രകോടിക്കണക്കിനു പുതിയബന്ധങ്ങൾ ഉളവാക്കുകയും ചെയ്യുന്നു. ജനനസമയത്തെ ശിശുമസ്തിഷ്ക്കത്തിന് പ്രായപൂർത്തിയായ ഒരാളുടേതിന്റെ നാലിലൊന്നു വലിപ്പമേയുള്ളു. എന്നാൽ അത് ആദ്യവർഷംതന്നെ മൂന്നിരട്ടി വലിപ്പം വെക്കുന്നു. അത് യൗവനത്തിലെത്തുന്നതിന് വർഷങ്ങൾക്കു മുമ്പുതന്നെ അതിന്റെ മുതിർന്ന തൂക്കമായ 1.4 കിലോഗ്രാമിലെത്തുന്നു. മുതിർന്നയാളിന്റെ അറിവ് അത് ഉൾക്കൊള്ളുന്നുവെന്ന് അതിനർത്ഥമില്ല. അറിവ് നിർണ്ണയിക്കപ്പെടുന്നത് മസ്തിഷ്ക്കത്തിന്റെ തൂക്കത്താലോ അതിലെ കോശങ്ങളുടെ എണ്ണത്താലോ അല്ല. പകരം, അത് തലച്ചോറിലെ ന്യൂറോൺസ് തമ്മിൽ നിർമ്മിക്കപ്പെടുന്ന, കോശസന്ധികൾ എന്നു വിളിക്കപ്പെടുന്ന ബന്ധങ്ങളുടെ എണ്ണത്തോട് ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നു.
ആ എണ്ണം ഭയാവഹമാണ്! ഒടുവിൽ ഒരു ക്വാഡ്രില്യൻ ബന്ധങ്ങൾ നിർമ്മിക്കപ്പെട്ടേക്കാം—അതായത് ഒന്നിനെ തുടർന്ന് 15 പൂജ്യങ്ങൾ ഇടുന്ന സംഖ്യ! എന്നാൽ അഞ്ചോ അതിലധികമോ ഇന്ദ്രിയങ്ങളിൽനിന്നുള്ള നിവേശത്താൽ മസ്തിഷ്ക്കം സമൃദ്ധമായി ഉത്തേജിക്കപ്പെടുന്നുവെങ്കിൽ മാത്രമേ ഇതു സംഭവിക്കുന്നുള്ളു. ചുറ്റുപാട് മാനസികവും വൈകാരികവുമായ പ്രവർത്തനത്തെ ഉത്തേജിപ്പിക്കേണ്ടതാണ്, എന്തെന്നാൽ അതാണ് പാർശ്വതന്തുക്കളുടെ ഒരു നല്ല വ്യൂഹം വളരാനിടയാക്കുന്നത്. പാർശ്വ തന്തുക്കൾ മറ്റു ന്യൂറോണുകളുമായി ബന്ധിക്കാൻ ന്യൂറോണുകളിൽനിന്ന് നീളുന്ന ചെറിയ വേരുതുല്യമായ രോമങ്ങളാണ്.
ഈ ബന്ധങ്ങളുടെ നിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു സമയഘടകവുമുണ്ട്: അവ പ്രായമുള്ളവരെക്കാൾ കുട്ടികളിലാണ് കൂടുതലായി വളരെവേഗം നിർമ്മിക്കപ്പെടുന്നത്. “നിങ്ങൾക്ക് ഒരു മുതുനായെ പുതിയ സൂത്രങ്ങൾ പഠിപ്പിക്കാൻ കഴികയില്ല” എന്ന പഴഞ്ചൊല്ല് സത്യമല്ല. എന്നാൽ ഒരു മുതുനായെ പുതിയ സൂത്രങ്ങൾ പഠിപ്പിക്കുന്നത് ഏറെ പ്രയാസമാണ്. പ്രായമുള്ളവരിൽ ന്യൂറോൺസ് തമ്മിലുള്ള ബന്ധങ്ങൾ വളരെ മന്ദഗതിയിൽ നിർമ്മിക്കപ്പെടുകയും പെട്ടെന്നു ക്ഷയിക്കുകയും ചെയ്യുന്നു. അവരിൽ അവയുടെ നിർമ്മാണത്തിന്റെ വില കുട്ടിയിലേതുപോലെതന്നെയാണ്—സമൃദ്ധവും ഉത്തേജകവുമായ ഒരു ചുറ്റുപാടിന് വിധേയമാക്കൽ. മനസ്സ് പ്രവർത്തനനിരതമായി തുടരണം! ഒരു മാനസികവെട്ടിലേക്ക് പിന്നോക്കം വീണുപോകരുത്! മനസ്സിന് വിരമിക്കൽ പാടില്ല.
എന്നാൽ ഭയാവഹമായ വളർച്ച ശിശു മസ്തിഷ്ക്കത്തിലാണ് നടക്കുന്നത്. അവ അവയുടെ ചുറ്റുപാടുകളെ വലിച്ചെടുത്തു കുതിരുന്ന സ്പഞ്ചുകളാണ്. ഒരു ശിശു രണ്ടുവർഷംകൊണ്ട് ഒരു സങ്കീർണ്ണഭാഷ പഠിക്കുന്നു, അതുമായി ഇടപെടുന്നതുകൊണ്ടുമാത്രം. അതു രണ്ടു ഭാഷകൾ കേൾക്കുന്നുവെങ്കിൽ രണ്ടും പഠിക്കുന്നു. മൂന്നു ഭാഷ സംസാരിക്കുന്നുവെങ്കിൽ അതു മൂന്നും പഠിക്കുന്നു. ഒരു മനുഷ്യൻ തന്റെ കൊച്ചു കുട്ടികളെ ഒരേ സമയത്ത് അഞ്ചു ഭാഷകൾ പഠിപ്പിച്ചു—ജാപ്പനീസ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്. ഒരു സ്ത്രീ തന്റെ പുത്രിയെ പല ഭാഷകളുമായി ബന്ധപ്പെടുത്തി. കുട്ടിക്ക് അഞ്ചു വയസ്സായപ്പോഴേക്ക് അവൾക്ക് എട്ടു ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ കഴിഞ്ഞു. മുതിർന്നവർക്ക് സാധാരണയായി ഭാഷ പഠിത്തം പ്രയാസമാണ്, എന്നാൽ ശിശുക്കൾക്ക് അതു കേവലം സ്വാഭാവികമാണ്.
ഭാഷ ശിശു മസ്തിഷ്ക്കങ്ങളിൽ ജനിതകമായി പ്രോഗ്രാം ചെയ്തിരിക്കുന്ന പ്രാപ്തികളുടെ ഒരു ദൃഷ്ടാന്തം മാത്രമാണ്. സംഗീതകലാ പ്രാപ്തികളും പേശീ സമന്വയവും, അർത്ഥത്തിന്റെയും ഉദ്ദേശ്യത്തിന്റെയും ആവശ്യവും മനഃസാക്ഷിയും ധാർമ്മിക മൂല്യങ്ങളും പരോപകാര തൽപ്പരതയും സ്നേഹവും വിശ്വാസവും ആരാധിക്കാനുള്ള പ്രേരണയും—ഇവയെല്ലാം മസ്തിഷ്ക്കത്തിലെ പ്രത്യേകവൽകൃത വ്യൂഹങ്ങളെ ആശ്രയിച്ചിരിക്കുന്നു. (പ്രവൃത്തികൾ 17:27 കാണുക.) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജനിതകമായി സ്ഥാപിതമായിരിക്കുന്ന ന്യൂറോണുകളുടെ വ്യൂഹങ്ങൾ ഇവയുടെയും മറ്റു പ്രാപ്തികളുടെയും ശക്തികളുടെയും വികാസത്തിന് സ്വീകാരക്ഷമമായിരിക്കാൻ തക്കവണ്ണം വിശേഷാൽ മുന്നമേ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്.
എന്നിരുന്നാലും, ജനനസമയത്ത് ഇവ കേവലം സ്ഥിതിജങ്ങളാണ്, ഗ്രഹണശക്തികളാണ്, പൂർവ്വാവസ്ഥകളാണ്. അവ പൂവിടാനിടയാക്കുന്നതിന് നിവേശം അഥവാ ഉദ്ബോധനം ഉണ്ടായിരിക്കണം. അവ യാഥാർത്ഥ്യങ്ങളായിത്തീരുന്നതിന് ഉചിതമായ അനുഭവങ്ങൾക്കോ ചുറ്റുപാടുകൾക്കോ പഠനങ്ങൾക്കോ വിധേയമാക്കപ്പെടണം, തുറന്നുവെക്കപ്പെടണം. വിശേഷിച്ച് ശിശുക്കളുടെ കാര്യത്തിൽ അങ്ങനെയുള്ള അനാവരണങ്ങൾ ഏറ്റവും ഫലപ്രദമാകുന്നതിന് ഒരു ശരിയായ സമയപ്പട്ടികയുണ്ട്.
എന്നാൽ ചുറ്റുപാടുകൾ ഉചിതവും സമയം ശരിയുമായിരിക്കുമ്പോൾ അത്ഭുതാവഹമായ കാര്യങ്ങൾ സംഭവിക്കുന്നു. ഭാഷകൾ പഠിക്കുന്നുവെന്നു മാത്രമല്ല, സംഗീതോപകരണങ്ങൾ വായിക്കുകയും കായിക പ്രാപ്തികൾ വളർത്തപ്പെടുകയും മനഃസാക്ഷികൾ പരിശീലിപ്പിക്കപ്പെടുകയും സ്നേഹം ഉൾക്കൊള്ളപ്പെടുകയും സത്യാരാധനക്കുള്ള ഒരു അടിസ്ഥാനം ഇടപ്പെടുകയും ചെയ്യുന്നു. ശിശു മസ്തിഷ്ക്കങ്ങളിൽ നല്ല വിത്തു വിതക്കുകയും മാതാപിതാക്കളുടെ സ്നേഹത്താൽ നനക്കപ്പെടുകയും ചെയ്യുമ്പോൾ ഇതും ഇതിൽ വളരെ വളരെയേറെയും സംഭവിക്കുന്നു. (g87 5/22)