നല്ല ആരോഗ്യം ബിസിനസ്സിനുത്തമം
ഐക്യനാടുകളിൽ ആരോഗ്യപരിപാലനത്തിനുള്ള വാർഷിക ചെലവ് 4,00,00 കോടി ഡോളർ എന്ന തോതിലേക്ക് കുതിച്ചുയർന്നിരിക്കുന്നു, ഇത് 1970-കളിലെ ചെലവിന്റെ അനേക മടങ്ങാണ്! ഉയരുന്ന വൈദ്യചികിത്സാ ചെലവുകൾ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ഭീഷണിപ്പെടുത്തുക മാത്രമല്ല അവ ബിസിനസ്സുകളുടെ ലാഭത്തിന്റെ ഒരു വലിയ ഖണ്ഡം മുറിച്ചെടുക്കുകയും ചെയ്യുന്നു. തൊഴിലാളികളുടെ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ഇനത്തിൽ മാത്രമായി ഏതാണ്ട് 8000 കോടി ഡോളർ പ്രതിവർഷം ഐക്യനാടുകളിലെ ബിസിനസ്സ് സ്ഥാപനങ്ങൾ ചെലവിടുന്നു!
ദൃഷ്ടാന്തത്തിന് ഫോർഡ് മോട്ടോർ കമ്പനി നിർണ്ണയം ചെയ്തതനുസരിച്ച് 1980-ൽ തൊഴിലാളികളുടെ ആരോഗ്യപരിപാലന ചെലവ് ഓരോ വാഹനത്തിന്റെയും വിലയിൽ 290 ഡോളർ വർദ്ധനയ്ക്ക് ഇടവരുത്തിയിരിക്കുന്നു. ജനറൽ മോട്ടോർസ് പ്രതിവർഷം, അവരുടെ പ്രമുഖ വിതരണക്കാരായ യു. എസ്. എക്സ് കോർപറേഷനിൽ (മുമ്പത്തെ യു. എസ്. സ്റ്റീൽ) നിന്നുള്ള ഉരുക്കിനുവേണ്ടി ചെലവിടുന്നതിനേക്കാൾ അധികം തുക ആരോഗ്യ ഇൻഷൂറൻസിനും ശാരീരിക അവശതകൾക്കും വേണ്ടി ചെലവിടുന്നു.
കേവലം പുറംവേദന മാത്രം യു. എസ്. ബിസിനസ്സ് സ്ഥാപനങ്ങൾക്ക് പ്രതിവർഷം 100 കോടി ഡോളറിന്റെ ഉത്പാദനക്ഷമതാനഷ്ടം വരുത്തിവയ്ക്കുന്നു. ഇതുപോലുള്ള ദീനങ്ങൾ നിമിത്തം ഏറെക്കുറെ പത്തുലക്ഷം അമേരിക്കൻ തൊഴിലാളികൾ പ്രതിദിനം ജോലിക്ക് ഹാജരാകുന്നില്ല. വിശേഷാൽ വിനാശകാരിയാണ് ഹൃദ്രോഗം. ഏകദേശം 70,00,00 അമേരിക്കക്കാർ—പലരും അവരുടെ നവയൗവ്വനത്തിലുള്ളവർ—ഹൃദയസ്തംഭനം മൂലം മൃതിയടയുകയും മറ്റൊരു 70,00,00 അത്തരം ആഘാതത്തെ പക്ഷേ, അതിജീവിക്കുകയും തുടർന്നുള്ള മാസങ്ങളിൽ ജോലി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ബിസിനസ്സിൻമേൽ വരുത്തിത്തീർക്കുന്ന ചെലവ് ബൃഹത്താണ്.
“ചതുർമുഖ [ഹൃദയ] ബൈപ്പാസ് ശസ്ത്രക്രിയക്ക് (Quadruple [Heart] Bypass) വിധേയനാകുന്ന ഒരൊറ്റത്തൊഴിലാളി അയാൾ പറ്റുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം ഡോളർ ചെലവ് അയാളുടെ തൊഴിലുടമയുടെമേൽ വരുത്തുന്നു. ഒരു സർവ്വരോഗപ്രതിരോധ പരിപാടി ഒരു കോർപ്പറേഷനു മുഴുവനായി ക്രമീകരിക്കുന്നത് ചെലവ് കുറയാനിടവരുത്തുന്നു കോർപ്പറേഷനുകളുടെ മേലുള്ള ഭാരം കുറയ്ക്കുന്നത്. നല്ല സാമ്പത്തിക ബോധത്തിന്റെ ലക്ഷണമായി ഞാൻ കരുതുന്നു.” എന്ന് ഡോ. റിച്ചാർഡ് എച്ച്. സ്റ്റീൻ വിശദീകരിക്കുന്നു.
പ്രതിരോധം സാർത്ഥകമോ?
നാൽപ്പതിനായിരം കോടി ഡോളറിന്റെ ആരോഗ്യബില്ലിൽ അധികപങ്കും വണ്ണക്കൂടുതൽ, പുകവലി, രക്തത്തിലെ കൊളസ്ട്രോളിന്റെ ആധിക്യം ഉയർന്ന രക്തസമ്മർദ്ദം എന്നിങ്ങനെ നിയന്ത്രണാധീതമായ പ്രശ്നങ്ങളിൽ നിന്നുളവാകുന്ന അസ്വാസ്ഥ്യങ്ങൾക്കാണ് ചെലവഴിക്കപ്പെടുന്നത്.
നിങ്ങൾക്കൊരുപക്ഷെ അറിവുണ്ടായിരിക്കുന്നതുപോലെ, മിക്ക ബിസിനസ്സുകളും തങ്ങളുടെ യന്ത്രസജ്ജീകരണങ്ങൾ എപ്പോഴും ഉത്തമ പ്രവർത്തനക്ഷമതയുള്ളതായി കാക്കുന്നതിന് ഒരു യന്ത്രപരിരക്ഷണ പരിപാടിയിൽ നിക്ഷേപിക്കുന്നു. ആ സ്ഥിതിക്ക് തങ്ങളുടെ തൊഴിലാളികളുടെ ആരോഗ്യം തകരാറിലാവുന്നതു തടയുന്നതിന് വേണ്ടിയുള്ള ഒരു പരിപാടി സംബന്ധിച്ചെന്ത്? അത് അർത്ഥവത്താണോ?
‘ആരോഗ്യം നിലനിർത്തുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം ആണ്’ എന്ന് ഒരു തൊഴിലുടമ വാദിച്ചേക്കാം. എങ്കിലും പരിതാപകരമായ ഭക്ഷണ, പാന, നിദ്രാശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന (നിശ്ചേഷ്ഠമായ ഒരു ജീവിതശൈലിയെയും ഔഷധോപയോഗത്തിന് കൊടുക്കുന്ന അമിത പ്രാധാന്യത്തെയും കുറിച്ച് പറയുകയേ വേണ്ട) സംഘർഷഭരിതമായ നമ്മുടെ ആധുനിക സമൂഹത്തിൽ ബിസിനസ്സ് സ്ഥാപനങ്ങൾ കാര്യം പുനരാലോചിച്ചുകൊണ്ടിരിക്കുകയാണ്.
വ്യവസായങ്ങളിലെ മനുഷ്യാരോഗ്യ ഡയറക്ടർമാരായ രണ്ടു ഡസൻ പേർ ചേർന്ന് 1974-ൽ ബിസിനസ്സ് മണ്ഡലത്തിലെ ആരോഗ്യക്ഷേമത്തിനായുള്ള ഒരു അസോസ്സിയേഷൻ രൂപീകരിച്ചു. ഇന്ന് ആ അസ്സോസിയേഷനിൽ 3500-ലധികം അംഗങ്ങളുണ്ട്! അവരുടെ ഏകാഭിപ്രായം, രോഗം മുൻകൂട്ടിതടയുന്ന പരിപാടി അർത്ഥവത്താണ് എന്നത്രെ—സാമ്പത്തികവും മനുഷ്യത്വപരവുമായ അർത്ഥത്തിൽ.
ദുരന്തത്തെ നേരിടൽ
ഡോ. ജോൺ ബാഗ്ഷോ ഇങ്ങനെ വിലപിച്ചു: “നിങ്ങളുടെ ഓഫീസിലെ ആരെങ്കിലും വിഷമസ്ഥിതിയിലേക്ക് നീങ്ങുന്നുവെന്ന് അറിഞ്ഞ്, സ്വയം എങ്ങനെ മെച്ചമായ കരുതൽ ചെയ്യാം എന്ന് അവരെ ഉപദേശിക്കുന്നതും തുടർന്ന് യാതൊരു പുരോഗതിയും കാണാതിരിക്കുന്നതിനേക്കാൾ—അല്ലെങ്കിൽ അതിലേറെ കഷ്ടമായി, ഒരു ഹൃദ്രോഹത്തോടുകൂടെ അവരെ ആശുപത്രിയിൽ കാണുന്നതിനേക്കാൾ അധികം നിരാശാജനകമായൊന്നുമില്ല.”
ഈ പരിതാപകരമായ സ്ഥിതിവിശേഷം, തന്റെ വൈദ്യചികിത്സാരീതിയിൽ ഒരു ഭേദഗതി വരുത്തുന്നതിനും രോഗം തടയുന്ന ഒരു പരിപാടി വികസിപ്പിച്ചെടുക്കുന്നതിനും ഡോ. ബാഗ്ഷോയെ പ്രേരിപ്പിച്ചു. തനിക്കുണ്ടായി എന്ന് മറ്റൊരു ഡോക്ടർ പറഞ്ഞ ഒരു സ്വപ്നത്തിലൂടെ ഊന്നലിൽ വന്ന ഈ മാറ്റം അർത്ഥവത്താണ് എന്ന് ദൃഷ്ടാന്തീകരിക്കപ്പെട്ടു.
അയാൾ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “ഞാൻ ഒരു പുഴയരികെ നിൽക്കുകയായിരുന്നു, ഒരു മനുഷ്യൻ ഒഴുകിവന്നു. അയാൾ മുങ്ങിമരിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഞാൻ പുഴയിലേക്ക് ചാടി ആ മനുഷ്യന്റെ അരികിലേക്ക് നീന്തിച്ചെന്ന് അയാളെ വലിച്ച് തിരികെ കരയ്ക്കടുപ്പിച്ചു, അയാൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി രക്ഷിക്കുകയും ചെയ്തു. അപ്പോഴേക്കും മറ്റൊരു മനുഷ്യൻ സഹായത്തിനുവേണ്ടി നിലവിളിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ പിന്നെയും ചാടി അയാളെക്കൂടെ രക്ഷിപ്പാൻ ശ്രമിച്ചപ്പോൾ മുങ്ങിമരിക്കുന്ന അധികമധികം ആളുകൾ പ്രത്യക്ഷപ്പെടുന്നതാണ് കണ്ടത്. അധികം നീളുന്നതിനു മുമ്പേ നദിയോരം, ഞാൻ രക്ഷിച്ച ആളുകളെക്കൊണ്ട് നിറഞ്ഞു. ഈ സ്വപ്നം സ്മരണീയമാക്കിത്തീർന്നത്, ‘ഞാൻ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്, പ്രവാഹത്തിന്റെ സ്രോതസ്സിലേക്ക് ചെന്ന് ഈ ആളുകളെ മുഴുവൻ ആറ്റിലേക്ക് തള്ളിയിടുന്നത് ആരാണ് എന്ന് കണ്ടുപിടിക്കുകയാണ്’ എന്ന് ഞാൻ ചിന്തിച്ചത് ഓർത്തുപോവുന്നതുകൊണ്ടാണ്.”
യഥാർത്ഥത്തിൽ, പുകവലി, മയക്കുമരുന്നു ദുരുപയോഗം, അനുചിതമായ ആഹാരരീതികൾ, വ്യായാമം അവഗണിക്കൽ എന്നിവയാൽ ആളുകൾ അവരെത്തന്നെ ആ ഡോക്ടറിന്റെ സ്വപ്ന “നദി”യിലേക്ക് തള്ളിയിടുകയാണ്. അറുപത്തിയഞ്ചിന് താഴെ പ്രായമുള്ള ആളുകളുടെ മരണങ്ങളുടെയെല്ലാം പകുതിയിലധികം അനാരോഗ്യകരമായ ജീവിതശൈലി നിമിത്തമാണ് സംഭവിക്കുന്നത് എന്ന് കാണിക്കുന്ന യു. എസ്. രോഗ നിയന്ത്രണ കേന്ദ്രങ്ങളുടെ അക്കങ്ങളാൽ ഇത് സ്ഥിരീകരിക്കപ്പെടുന്നു.
എങ്കിലും മിക്ക അമേരിക്കൻ ഔഷധങ്ങളും രോഗപ്രതിരോധത്തെക്കാളേറെ രോഗചികിത്സയിലാണ് പ്രാഥമിക ശ്രദ്ധ പതിപ്പിക്കുന്നത്. മറ്റനേക രാജ്യങ്ങളുടെ സംഗതിയിൽനിന്ന് ഭിന്നമായി ഐക്യനാടുകൾ രോഗ പ്രതിരോധ പരിപാടികൾക്ക് കുറഞ്ഞ ശ്രദ്ധയെ നൽകിയിരുന്നിട്ടുള്ളു—അടുത്തകാലം വരെ. ഇപ്പോൾ, ഐക്യനാടുകളുടെ പ്രസിഡൻറായ റോണാൾഡ് റെയ്ഗൻ പോലും മറ്റുള്ളവരുടെ പരിപാടികളിൽ നിന്ന് പഠിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.
“ജാപ്പനീസ് കമ്പനികളിലെ വ്യായാമപരിപാടികളെക്കുറിച്ച് നമുക്കെല്ലാം അറിവുണ്ട്,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മെച്ചമായ ആരോഗ്യമുള്ള ഒരു തൊഴിലാളിവൃന്ദം എന്നാൽ മികച്ച ഉത്പാദനക്ഷമത എന്നാണർത്ഥം.” കാലാന്തരത്തിൽ, തൊഴിലാളികളുടെ ആരോഗ്യക്ഷേമ ആനൂകൂല്യങ്ങളുടെ നീക്കിയിരുപ്പിൽ അത് ഒരു വെട്ടിച്ചുരുക്കലിനെയും അർത്ഥമാക്കുന്നു.
കോർപ്പറേഷനുകൾ ചെയ്യുന്നതെന്ത്?
ചില ജാപ്പനീസ് കോർപ്പറേഷനുകൾ, ശരീരവ്യായാമത്തിൽ ഊന്നൽ നൽകിക്കൊണ്ട്, അവരുടെ തൊളിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പരിപാടികളിൽ ഭീമായ തുക നിക്ഷേപിക്കുന്നു. ഉദാഹരണത്തിന് നിസ്സാൻ മോട്ടോർ കമ്പനി അതിന്റെ പ്രധാന ഫാക്ടറികളിൽനിന്നും അതിന്റെ ഹെഡ് ഓഫീസ്സിൽ നിന്നും എളുപ്പം എത്തിച്ചേരാവുന്ന സ്ഥാനത്ത് നാലുകോടി പത്തുലക്ഷം ഡോളറിന്റെ ഒരു വിസ്തൃതമായ വ്യായാമ കേന്ദ്രം നിർമ്മിച്ചിട്ടുണ്ട്. ടോക്കിയോ ഗ്യാസിന്റെ പുതിയ ഹെഡ് ഓഫീസ്സിന്റെ 27-ാം നില മുഴുവൻ, ഓട്ടത്തിനുള്ള ഒരു ട്രാക്ക് വരെ ഉൾപ്പെടുന്ന ഒരു വ്യായാമ കേന്ദ്രമായി രൂപപ്പെടുത്തിയിരിക്കുന്നു.
സ്വന്തമായി വ്യായാമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുപകരം, ജപ്പാനിലെ വലിയ ഓഹരിവിൽപ്പനാസ്ഥാപനമായ നോമുറാ സെക്യൂരിറ്റിസ് അതിന്റെ തൊഴിലാളികൾക്ക് ഏറ്റവും നല്ല ആരോഗ്യ ക്ലബ്ബുകളിലേക്കുള്ള റ്റിക്കറ്റുകൾ നൽകുകയും അവയുടെ ഉത്തമ ഉപയോഗം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കംപ്യൂട്ടർ ഇലക്ട്രോണിക് വ്യവസായ ഭീമനായ എൻ. ഇ. സി. ദിവസവും അതിന്റെ ഉത്പാദന ശൃംഖലയുടെ പ്രവർത്തനം രണ്ടു പ്രാവശ്യം വീതം നിർത്തിക്കൊണ്ട് തൊഴിലാളികൾക്ക് ‘ഐസോമട്രിക്’ വ്യായാമത്തിലേർപ്പെടാൻ അവസരം ഒരുക്കിക്കൊടുക്കുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളിൽ അനേക അമേരിക്കൻ കമ്പനികൾ ഇതുപോലെയുള്ള കരുതലുകൾ തങ്ങളുടെ തൊഴിലാളികൾക്ക് വേണ്ടി സജ്ജീകരിച്ചു തുടങ്ങിയിട്ടുണ്ട്. മുഖ്യമായി അവരുടെ എക്സിക്യൂട്ടിവ് അംഗങ്ങൾക്കും വെള്ളക്കോളർ ജോലിക്കാർക്കും വേണ്ടി. ഉചിതമായ പോഷണത്തിനുള്ള മാർഗ്ഗരേഖ, പുകവലി നിർത്തുന്നതിന് തൊഴിലാളികൾക്കുള്ള സഹായം എന്നിങ്ങനെയുള്ള വിഷയങ്ങളെ മുഖ്യചർച്ചാവിഷയം ആക്കിക്കൊണ്ടുള്ള ക്ലാസ്സുകൾ ക്രമീകരിക്കുന്നത് കൂടാതെ, റൈബ്രൂക്ക് ന്യൂയോർക്കിലെ അതിന്റെ മനോഹരമായ പുതിയ കമ്പനി ഹെഡ്ക്വാർട്ടേർസിൽ ജനറൽ ഫുഡ് കോർപ്പറേഷൻ ഒരു ഗൃഹാന്തര വ്യായാമ കേന്ദ്രം കൂടി ക്രമീകരിച്ചിരിക്കുന്നു. സജ്ജീകരണങ്ങളിൽ സ്ക്വാഷ് കളിക്കുവേണ്ടിയുള്ള ഒരു കോർട്ട്, റാക്കറ്റ് ബോൾ കോർട്ട്, ഭാരപരിശീലന സജ്ജീകരണങ്ങൾ, വ്യായാമ ബൈക്കുകൾ, ട്രഡ് മില്ലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. പുറത്ത് ആനന്ദപ്രദമായ ചുറ്റുപാടുകളിൽ ഒരു ജോഗ്ഗിംഗ് ട്രാക്കും ഉണ്ട്. മേൽനോട്ടത്തിനുള്ള ആളുകളും ഒരു വ്യായാമശാസ്ത്രവിദഗ്ദനും അംഗങ്ങളുടെ പുരോഗതി ക്രമായി പരിശോധിച്ചുവരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊൻപതിൽ പെപ്സിക്കൊ കമ്പനി അതിന്റെ ന്യൂയോർക്കിലെ പർച്ചേസിലുള്ള കോർപ്പറേറ്റ് ആസ്ഥാനത്ത് ഒരു ആരോഗ്യക്ഷേമ പരിപാടി ആരംഭിച്ചു. ആ പരിപാടി അതെത്തുടർന്ന് കമ്പനിയുടെ മറ്റ് ഒരു ഡസൻ സ്ഥാനങ്ങളിൽ ഏർപ്പെടുത്തപ്പെട്ടു. ഏറ്റി ആൻറ് റ്റി കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന് “ദ റ്റോട്ടൽ ലൈഫ് കോൺസെപ്റ്റ്” എന്ന അഭിധാനത്തിൽ ഒരു സമാനമായ പരിപാടിയുണ്ട്. ഈ കമ്പനിവക പരിപാടികൾ ശരീരവ്യായാമം ക്രമീകരിക്കുന്നത് കൂടാതെ, ഭക്ഷണ ശരീരഭാര നിയന്ത്രണം, പോഷണ നിർദ്ദേശങ്ങൾ, ആലസ്യ വിദ്യകൾ എന്നിവയും ഉൾപ്പെടുത്തുന്നു.
പെപ്സിക്കോ ഏർപ്പെടുത്തിയ പരിപാടിയുടെ ഡയറക്ടറായ ഡോ. ഡെന്നിസ്. എൽ. കൊലാസിനോ, വിവിധ ആരോഗ്യ മണ്ഡലങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ കമ്പനിത്തൊഴിലാളികൾക്ക് വേണ്ടി ആരോഗ്യ സംബന്ധമായ വിപുല വിഷയങ്ങളെപ്പറ്റി ലക്ചറുകൾ നൽകാൻ ക്ഷണിക്കപ്പെട്ടു എന്ന് കുറിക്കൊണ്ടു. കമ്പനിയുടെ ഭക്ഷണശാലയിൽ വിവിധ ഭക്ഷ്യവിഭവങ്ങളുടെ കലോറി സൂചികകൾ പ്രദാനം ചെയ്തുകൊണ്ട് ആരോഗ്യവർദ്ധകമായ ഭക്ഷണരീതിയെ പ്രോത്സാഹിപ്പിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് ഒരു സാലഡ് ബാറും ഫ്രൂട്ട് ബാറും ഉണ്ട്. ലഭ്യമായവയ്ക്കുമദ്ധ്യേ ഞങ്ങൾ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നു.” എങ്കിലും അദ്ദേഹം ഇങ്ങനെ ഊന്നിപ്പറഞ്ഞു: “ഞങ്ങൾ വ്യായാമത്തെ ഞങ്ങളുടെ മർമ്മ പരിപാടിയായും പ്രേകരശക്തിയായും ഉപയോഗിക്കുന്നു.”
മറ്റനവധി കോർപ്പറേഷനുകളും അതേ സംഗതിതന്നെ ചെയ്യുന്നു. ഐക്യനാടുകളിലെ എണ്ണയുടെയും ഗ്യാസിന്റെയും വ്യവസായ സമുച്ഛയമായ റ്റെന്നെക്കോ ഇക്കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ അതിന്റെ 17 കേന്ദ്രങ്ങളിൽ വ്യായാമസൗകര്യങ്ങൾ ഏർപ്പെടുത്തി. ചില ചെറിയ കമ്പനികൾപോലും അവരുടെ തൊഴിലാളികൾക്കുവേണ്ടി അത്തരം സൗകര്യങ്ങളുടെ കരുതൽ ചെയ്തിട്ടുണ്ട്.
ദൃഷ്ടാന്തത്തിന്, അഞ്ചുജോലിക്കാർ മാത്രമുള്ള ഒരു ബിസിനസ്സിന്റെ ഉടമയായ സിഗ്ഫ്രിഡ് റ്റംഗർ അദ്ദേഹത്തിന്റെ വ്യവസായത്തിന്റെ അടുത്തായി ടെന്നീസ്സും വോളിബോളും കളിക്കാവുന്ന ഒരു കോർട്ടുണ്ടാക്കി. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജോലിക്കാർ അവിടെ ജോലി ദിനത്തിന്റെ അവസാനം വോളിബോൾ കളിച്ചുകൊണ്ടിരിക്കുന്നു. “ഞങ്ങൾ ചെയ്യുന്ന ജോലി ഇടയ്ക്ക് മുഷിപ്പുളവാക്കാറുണ്ട്. പുറത്തിറങ്ങി ഒന്നു ചുറ്റിക്കറങ്ങുന്നത് നല്ലതാണ്, എല്ലാവരും അതിനായി നോക്കിപ്പാർക്കുന്നു,” എന്ന് ടംഗർ വിശദീകരിച്ചു.
അതേസമയംതന്നെ, വേണ്ടത്ര പര്യാപ്തമായ ഒരു വ്യായാമ കേന്ദ്രം സ്വന്തമായുണ്ടായിരിക്കുകയെന്നത് ചെലവേറിയതായിരിക്കുന്നതുകൊണ്ട് പലരും തങ്ങളുടെ തൊഴിലാളികൾ അടുത്തുള്ള ജിംനേഷ്യങ്ങളോ ആരോഗ്യ ക്ലബ്ബുകളോ ഉപയോഗിക്കാൻ തക്കവണ്ണം ഭാഗികമോ മുഴുവനോ ആയി ചെലവ് വഹിക്കുന്നു. വലിയ നഗരങ്ങളിൽ, പ്രദേശത്തുള്ള ഒരു പറ്റം കോർപ്പറേഷനുകളിലെ തൊഴിലാളികളുടെയെല്ലാം ആവശ്യങ്ങൾക്ക് ഉതകുന്ന അത്തരം ആരോഗ്യക്ഷേമകേന്ദ്രങ്ങൾ പണിതിരിക്കുന്നു. ഈ ആശയത്തിന്റെ ഒരു പ്രണേതാവായ ഡോ. ജറോം സക്കർമാൻ പറയുന്നതനുസരിച്ച് “വരുന്ന പതിനഞ്ചു വർഷങ്ങൾ കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ 50 നഗരങ്ങളിലെ ഭാവി കോർപ്പറേറ്റ് തൊഴിലാളികളുടെ ശരീരക്ഷേമം ബഹുകോർപ്പറേഷൻ രൂപത്തിലുള്ള ആരോഗ്യ കേന്ദ്രത്തിൽ കുടികൊണ്ടിരിക്കും.”
വ്യായാമം വാസ്തവത്തിൽ അത്ര പ്രധാനമോ?
ചില ആളുകൾ, പക്ഷേ, ക്രമായ വ്യായാമത്തിന് രോഗത്തെ അകറ്റാനും ഒരു തൊഴിലാളിയുടെ ഉത്പാദനക്ഷമതയെ അഭിവൃദ്ധിപ്പെടുത്താനും കഴിയുമോ എന്ന് സംശയിക്കുന്നു. പക്ഷേ അതിനത് സാധിക്കും എന്നുള്ള തെളിവുകൾ വർദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. വണ്ണക്കൂടുതലിനെതിരെ ചികിത്സിക്കുന്ന ഒരു സ്പെഷിലിസ്റ്റ് ആയ ഡോ. പീറ്റർ ലിൻഡ്നെർ ഇങ്ങനെ കുറിക്കൊള്ളുന്നു: “വ്യായാമം വിഷാദത്തെ ശമിപ്പിക്കുകയും ഒരു സൗഖ്യാനുഭൂതി ഉളവാക്കുകയും ചെയ്യുന്ന എൻഡോർ ഫൈൻസ് എന്ന പ്രകൃതിക മസ്തിഷ്ക രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതായി കാണിക്കാൻ കഴിയും.”
എന്നാൽ ക്രമായ വ്യായാമം ഒരുവന് കേവലം സൗഖ്യാനുഭൂതി തോന്നിപ്പിക്കുക മാത്രമല്ല അതോടൊപ്പം അത് ഒരുവനെ ആരോഗ്യമേറിയവനും അതുകൊണ്ട് തന്നെ ഉത്പാദനക്ഷമതയേറിയവനും ആക്കിത്തീർക്കുന്നു. അതിന് ഒരുവന്റെ ആയുസ്സിനെ ദീർഘിപ്പിക്കാനും കഴിയും. ദ ന്യൂയോർക്ക് റ്റൈംസിന്റെ ഒന്നാം പേജിലെ “ആധുനിക വ്യായാമത്തിന് ഒരു വ്യക്തിയുടെ ആയുസ്സിനോട് വർഷങ്ങൾ കൂട്ടാൻ കഴിയും എന്നു പഠനം തെളിയിക്കുന്നു” എന്ന ശീർഷകത്തിന് കീഴെയുള്ള ഒരു വിശേഷ ലേഖനം കഴിഞ്ഞ മാർച്ചിൽ ഇങ്ങനെ പറഞ്ഞു:
“നടപ്പ്, സ്പോർട്ട്സ്, പടികയറൽ എന്നിങ്ങനെ ആഴ്ചയിൽ 2000-മോ അതിലധികമോ കലോറി ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമങ്ങളിൽ പങ്കുപറ്റിയവർക്ക് പഠനവിധേയരായ [ഹാർവാർഡിലെ പൂർവ്വ വിദ്യാർത്ഥികളായ ഏതാണ്ട് 17000 പേരിൽ]-വരിൽ തീരെ ഉദാസീനരായിരുന്നവരെക്കാൾ നാലിലൊന്നോ മൂന്നിലൊന്നോ അംശം കുറഞ്ഞ മരണനിരക്കെ ഉണ്ടായിരുന്നുള്ളു.” കൂടാതെ അതിലേറെ പ്രധാനമായി ഉയർന്ന രക്തസമ്മർദ്ദമുണ്ടായിരുന്ന ആ പ്രസരിപ്പുള്ള ആളുകളുടെയിടയിലെ മരണസാദ്ധ്യത രക്തസമ്മർദ്ദാധിക്യം ഉണ്ടായിരുന്ന നിഷ്ക്രിയരായ മനുഷ്യരുടെ ഇടയിലേതിന്റെ പകുതിയിൽ താഴെയാണ്.
ഈ പഠനത്തിന്റെ ഡയറക്ടറായ ഡോ. റാൾഫ്. എസ്. പാഫെൻബർഗർ ജൂണിയർ ഇങ്ങനെ കുറിക്കൊണ്ടു: “ആളുകൾ പ്രവർത്തനോത്സുകരായിരിക്കുന്നത് അവർക്ക് ആരോഗ്യമുള്ളതുകൊണ്ടാണ് എന്ന് പറയുന്ന ഒട്ടേറെ സംശയവാദികൾ ഉണ്ട്.” പക്ഷേ അദ്ദേഹം ദൃഢസ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പ്രവർത്തനോൽസുകരായിരിക്കുന്നതുകൊണ്ടാണ് നിങ്ങൾക്ക് ആരോഗ്യമുള്ളത്.”
വിജയപൂർവ്വം വ്യായാമപരിപാടികൾ നടത്തിക്കൊണ്ട് പോവുന്ന കമ്പനികളുടെ ഏകാഭിപ്രായം ഇതുതന്നെയാണെന്ന് തോന്നുന്നു. പെസിഫിക് ഗ്യാസ് ആൻറ് ഇലക്ട്രിക്കിന്റെ പേഴ്സണൽ മാനേജർ ആയ റൂസ്സ് കണ്ണിംഹാം തങ്ങളുടെ പരിപാടിയെക്കുറിച്ച് ഇങ്ങനെ നിരീക്ഷണം നടത്തി: “ഞങ്ങൾ അതിനെ വിനാശത്തിനെതിരെയുള്ള ഒരു ഇൻഷൂറൻസ് പോളിസി പോലെ കരുതുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞങ്ങളുടെ വീക്ഷണത്തിൽ അതിന് ചെലവിട്ട തുക അത് പല മടങ്ങായി മടക്കിത്തന്നിരിക്കുന്നു.” പെപ്സിക്കോയുടെ ഒരു ഡിവിഷനായ പെപ്സിക്കോളയുടെ മുൻപ്രസിഡൻറായ ജോൺ സ്ക്കള്ളി ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “നിക്ഷേപിക്കുന്ന തുകക്ക് ഏറ്റവും അധികം വരുമാനം നേടിത്തരുന്നത് ശരീരക്ഷേമ ഡിപ്പാർട്ട്മെൻറാണ്.”
ഒരു ഭീമ എണ്ണക്കമ്പനിയായ എക്സണിലും അവിടത്തെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻമാർ നടത്തിയ ഒരു പഠനം വ്യായാമ പരിപാടിയുടെ പ്രയോജനം സ്ഥിരീകരിച്ചു. പങ്കെടുക്കുന്നവരിൽ മുക്കാൽ പങ്കാളികളും ഒരു കൂടിയ അളവിലുള്ള സൗഖ്യാനുഭൂതി ആസ്വദിച്ചു, 29 ശതമാനത്തിന്റെ അധികവണ്ണം കുറഞ്ഞു, 27 ശതമാനം പുകവലി ശീലവും ഉപേക്ഷിച്ചു. അതുപോലെ തങ്ങളുടെ വ്യായാമം ചെയ്യാത്ത സ്റ്റാഫ് അംഗങ്ങളുടേതിനെക്കാൾ ക്രമായി വ്യായാമം ചെയ്യുന്നവരുടെ ആരോഗ്യപരിപാലനത്തിന് പ്രതിവർഷം 115 ഡോളർ കുറഞ്ഞ ചെലവേ ആകുന്നുള്ളു എന്ന് കൺട്രോൾ ഡേറ്റാ കോർപ്പറേഷൻ നിശ്ചയപ്പെടുത്തി.
കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി നടത്തിയ 1982-ലെ ഒരു പഠനം, ഒരു വ്യായാമ അഥവാ ശരീരക്ഷേമപരിപാടിയുള്ള ഒരു കമ്പനിക്ക് അതിൽ പങ്കെടുക്കുന്ന ഓരോ തൊഴിലാളിയുടെയും ആരോഗ്യ ചെലവുകളിൽ പ്രതിവർഷം 233 ഡോളർ ലാഭിക്കാൻ കഴിയുന്നു. വ്യായാമ പരിപാടികൾ ക്രമീകരിച്ചിട്ടുള്ള കോർപ്പറേഷനുകൾ തങ്ങളുടെ തൊഴിലാളികളുടെ ആരോഗ്യക്ഷേമത്തിന് പ്രതിവർഷം 1,061 ഡോളറുകൾ ചെലവഴിച്ചപ്പോൾ അത്തരം പരിപാടികൾ ഇല്ലാതിരുന്നവ 1456 കോടി ചെലവഴിച്ചു. അതായത് 37 ശതമാനം ലാഭം. അല്ലെങ്കിൽ ഓരോ തൊഴിലാളിയുടെമേലും 395 ഡോളർ ലാഭം!
പങ്കുപറ്റലിനുള്ള പ്രോത്സാഹനം
ശരീരക്ഷേമ അഥവാ വ്യായാമപരിപാടികളുടെ പ്രയോജനം തിരിച്ചറിഞ്ഞുകൊണ്ട് അനേക ബിസിനസ്സ് സ്ഥാപനങ്ങൾ തങ്ങളുടെ ജോലിക്കാരിൽ അധികം പേർ അവയിൽ ഏർപ്പെടുന്നതിന് ശ്രമം ചെലുത്തുന്നു. പക്ഷെ ഇത് പലപ്പോഴും എളുപ്പം അല്ല. പുകവലി, അമിത മദ്യപാനം, അനുചിത ആഹാരരീതികൾ, മയക്കുമരുന്നു ദുരുപയോഗം, വ്യായാമം ചെയ്യാതിരിക്കൽ എന്നിവ തങ്ങളുടെ ജീവിതത്തെ അപകടപ്പെടുത്തുകയാണ് എന്ന് ആളുകൾ തിരിച്ചറിയുന്നുവെങ്കിലും തങ്ങളുടെ അനാരോഗ്യകരമായ ജീവിതശൈലികൾക്ക് മാറ്റം വരുത്താൻ അവർക്ക് ബുദ്ധിമുട്ടാണ്.
മിക്കപ്പോഴും ഒരു കമ്പനിയുടെ തൊഴിലാളികളിൽ 30 ശതമാനത്തിൽ കുറച്ചുപേർ മാത്രമെ അതിന്റെ വ്യായാമപരിപാടിയിൽ നിന്ന് പ്രയോജനം അനുഭവിക്കുന്നുള്ളു. അതുകൊണ്ട് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിന് ചില കമ്പനികൾ വിവിധ പ്രോത്സാഹന സമ്മാനങ്ങളും പണരൂപേണയുള്ള പ്രതിഫലങ്ങളും നൽകുന്നു. ഉദാഹരണത്തിന്, ഹോസ്പിറ്റൽ കോർപ്പറേഷൻ ഓഫ് അമേരിക്ക അതിന്റെ അംഗങ്ങൾക്കു അവർ ഓടുന്ന ഓരോ മൈലിനും, നീന്തുന്ന ഓരോ കാൽ മൈലിനും അല്ലെങ്കിൽ സൈക്ലിംഗ് ചെയ്യുന്ന ഓരോ നാലു മൈലിനും 24 സെൻറ് വീതം പ്രതിഫലം നൽകുന്നു.
പുകവലി നിരുത്സാഹപ്പെടുത്തുന്നതിന് സ്പീഡ് കോൾ കോർപ്പറേഷൻ അതിന്റെ തൊഴിലാളികൾക്ക് ജോലി സമയത്ത് അവർ പുകവലിക്കാത്ത ഓരോ ആഴ്ചയ്ക്കും 7 ഡോളർ വീതം നൽകുന്നു. വിശേഷവിധമായി, നാലു വർഷങ്ങളുടെ അന്ത്യത്തിൽ പുകവലിക്കാരുടെ സംഖ്യയിൽ 65 ശതമാനം കുറവുണ്ടാകുകയും പുകവലി ഉപേക്ഷിച്ചവർ സമർപ്പിച്ച ഇൻഷൂറൻസ് ക്ലെയ്മുകൾ എണ്ണത്തിൽ 50 ശതമാനം താഴുകയും ചെയ്തു.
ഒരു കമ്പനിയുടെ വ്യായാമ പരിപാടിയുടെ വിജയത്തിന് ഉയർന്ന മാനേജ്മെൻറിൽ നിന്നുള്ള പിന്തുണ പ്രധാനമാണ്. മേലധികാര സ്ഥാനങ്ങളിലുള്ള വ്യക്തികൾ വ്യായാമം ചെയ്താൽ മറ്റുള്ളവരും അങ്ങനെ ചെയ്യാനാണ് ഏറിയ സാദ്ധ്യത. വ്യായാമത്തിന് ചെലവഴിക്കപ്പെടുന്ന സമയത്തെച്ചൊല്ലി കുണ്ഠിതപ്പെടേണ്ട കാര്യമില്ല എന്ന് ഡോ. ലിൻറർ പറയുന്നു. “നിങ്ങൾക്ക് ഏറെ സമയം ഉണ്ടാവുകയാണ് ചെയ്യുന്നത്. കാരണം അധിക ജോലി ചുരുങ്ങിയ സമയം കൊണ്ട് തീർക്കത്തക്കവണ്ണം വ്യായാമം അത്രയധികം ഊർജ്ജം നിങ്ങൾക്ക് പകർന്നു തരുന്നു” എന്ന് അദ്ദേഹം പറയുന്നു.
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വ്യായാമ പരിപാടിയുള്ള ഒരു കമ്പനിയിൽ നിങ്ങൾ ജോലി നോക്കിയാലും ഇല്ലെങ്കിലും വ്യായാമശീലം ആരംഭിക്കാൻ നിങ്ങൾ പ്രേരിതനായിത്തീർന്നേക്കാം. എങ്കിലും ഒരു മുന്നറിയിപ്പുണ്ട്. നിങ്ങൾ അൽപ്പകാലമെങ്കിലും അങ്ങനെ ചെയ്തിരുന്നിട്ടില്ലെങ്കിൽ സാവധാനം തുടക്കമിടുക ഒരേ സമയം അധികം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ!
കൂടാതെ, ഒരു വാരം മുഴുവൻ വ്യായാമം ചെയ്യാതെ വാരാന്ത്യത്തിൽ കഠിനമായ വ്യായാമം ചെയ്യാം എന്നു ചിന്തിക്കുന്നതും മാരകമായേക്കാം. ഡോ. ലോറൻസ് പവ്വർ ഇങ്ങനെ കുറിക്കൊണ്ടു: “ഒട്ടേറെ ആളുകൾ വാരാന്ത്യത്തോടടുപ്പിച്ച് മരിച്ചു വീഴുന്നു. ആകസ്മിക മരണങ്ങളിൽ 26 ശതമാനവും തിങ്കളാഴ്ചകളിലും 25 ശതമാനം ശനിയാഴ്ചകളിലും സംഭവിക്കുന്നു എന്നും ഒരു പഠനം കാണിക്കുന്നു. അത് ഒരു വാരാർദ്ധത്തിലെ മരണങ്ങൾ രണ്ടു ദിവസങ്ങളിൽ സംഭവിക്കുന്നതുപോലെയാണ്.”
വ്യായാമം വാസ്തവത്തിൽ ആരോഗ്യത്തിന് പ്രയോജനം ചെയ്യുന്നതായിരിക്കണമെങ്കിൽ അത് ഓരോ പ്രാവശ്യവും 20-ഓ, 30-ഓ അധിലധികമോ നേരം വീതം ക്രമായി ചെയ്തു ശീലിക്കണം, സാധിക്കുന്നിടത്തോളം ആഴ്ചയിൽ മൂന്നോ അധിലധികമോ പ്രാവശ്യം വീതം. നടപ്പ് ഒരു ക്രമായ ശീലമാക്കുന്നത് നല്ല ഒരു തുടക്കമാണ്. ഒരു ഡോക്ടർ വിശദീകരിച്ചു: “യൗവ്വനത്തിൽതന്നെ ശീലിക്കുന്ന തീവ്രമായ നടപ്പ് അതിൽതന്നെ ശരീര ദൗർബ്ബല്യങ്ങളും ഹൃദയ രോഗങ്ങൾ നിമിത്തമുള്ള അകാലമരണങ്ങളും വലിയ അളവിൽ വെട്ടിക്കുറക്കും.”
തൊഴിലാളികളുടെ ഉത്തമാരോഗ്യം ബിസിനസ്സുകൾക്ക് നല്ലതായിരിക്കുന്നതുപോലെ കുടുംബങ്ങളുടെ ഉത്തമാരോഗ്യം കുടുംബത്തിനാകമാനം തീർച്ചയായും ഉത്തമം ആയിരിക്കും. അതുകൊണ്ട് കുടുംബനാഥൻമാരെന്നനിലയിൽ നിങ്ങളും ഭാര്യയും നിങ്ങളുടെ കുട്ടികളും ടെലിവിഷൻ കണ്ടുകൊണ്ടോ വ്യായാമരഹിതമായ പ്രവൃത്തികൾ ചെയ്തുകൊണ്ടോ അധികസമയം ചെലവിടുന്നുണ്ടെങ്കിൽ വിശേഷിച്ചും, നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ക്രമായ വ്യായാമം എന്തുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൂടാ? ക്രമായ വ്യായാമം മുഴു കുടുംബത്തിനും നല്ലതായിരിക്കും. (g87 2/22)
[23-ാം പേജിലെ ചിത്രങ്ങൾ]
ജാപ്പനീസ് കമ്പനികൾ അവരുടെ തൊഴിലാളികൾക്കുവേണ്ടി ഇതുപോലുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു
[24-ാം പേജിലെ ചിത്രം]
ക്രമായി വ്യായാമം ചെയ്യുന്നത് കുടുംബത്തിനും ഉത്തമം