കംബോഡിയ—അതിഭയാനകമായ ഒരനുഭവത്തെ മറികടക്കുന്നു
ഖെം സോ പറഞ്ഞപ്രകാരം
നിരവധി വർഷങ്ങളായി കംബോഡിയയിൽ (അലെങ്കിൽ കമ്പൂച്ചിയയിൽ) സമാധാനമുണ്ടായിരുന്നു. പക്ഷേ 1970-ൽ ലഫ്റ്റനൻറ് ജനറൽ ലോൻ നോൾ അധികാരം പിടിച്ചെടുത്തതോടെ ഖെമർ റോഗ് അല്ലെങ്കിൽ റെഡ് ഖെമെർ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകൾ മത്സരിക്കാൻ തുടങ്ങി. എന്നാൽ ലോൻ നോൾ കമ്മ്യൂണിസ്റ്റുകൾക്കെതിരെ പോരാടാൻ കംബോഡിയയിലുടനീളം തനിക്കാവുന്നത്ര ആളുകളെ സജ്ജരാക്കി.
ആ സമയത്ത് ഞാൻ ഫ്നോം പെൻ സർവ്വകലാശാലയിൽ വൈദ്യശാസ്ത്രവും നിയമശാസ്ത്രവും പഠിക്കയായിരുന്നു. കൂടാതെ, ഒരു എഴുത്തുകാരൻ എന്നനിലയിൽ എനിക്ക് ഒരു ജോലിയുമുണ്ടായിരുന്നു. എനിക്ക് കേവലം 15 വയസ്സുള്ളപ്പോൾ ഞാൻ അനാഥരുടെ ദുഃഖങ്ങൾ എന്ന ആദ്യത്തെ എന്റെ പുസ്തകമെഴുതി. അത് മുഖ്യമായും എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ മുതൽ ഞാൻ സമാഹരിച്ച കുറിപ്പുകളായിരുന്നു. വളരെയധികം പുസ്തകം വിറ്റഴിഞ്ഞു. എനിക്ക് പണത്തിനാവശ്യമില്ലാതിരുന്നതിനാൽ, അതിൽനിന്നുകിട്ടിയ പ്രതിഫലം ഞാൻ അനാഥാലയത്തിന് സംഭാവന ചെയ്തു.
ഞാൻ സർവ്വകലാശാലയിൽ പഠിക്കുമ്പോൾ ഞാൻ ഒരു ഗായകനും ഗാനകൃത്തും ലേഖകനുമെന്നനിലയിൽ അറിയപ്പെട്ടിരുന്നു. ഞാൻ മൊത്തം 20 പുസ്തകങ്ങളും നിരവധി ഗാനങ്ങളും എഴുതി. ഫ്നോം പെൻ സർവ്വകലാശാലയിലെ ഒരു ഫ്രഞ്ച് സാഹിത്യ പ്രൊഫസ്സറായിരുന്ന എന്റെ അമ്മയുടെ സ്വാധീനം നിമിത്തം എഴുതാനുള്ള എന്റെ വാസന പരിപോഷിപ്പിക്കപ്പെട്ടു. ഞാൻ ഒരു വക്കീലായിത്തീരണമെന്ന് അമ്മ ആഗ്രഹിച്ചു.
എങ്കിലും, ലോൻ നോൾ കമ്മ്യൂണിസ്റ്റുകൾക്കെതിരെ പോരാടാൻ ആളുകളെ സജ്ജരാക്കിയപ്പോൾ ഞാൻ എന്റെ പഠനം നിർത്തിയിട്ട് മിലിറ്ററിയിലോ പോലീസ് സേനയിലോ ചേരണമെന്ന് തീരുമാനിച്ചു. എന്റെ വളർത്തുപിതാവ് മിലിറ്ററിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നതിനാൽ ഞാൻ മിലിറ്ററിയിൽ ചേരാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞാൻ പോലീസ് സേനയിൽ ചേർന്നു. 1973-ൽ, 22-ാമത്തെ വയസ്സിൽ, ഞാൻ പ്രഥമ ലഫ്റ്റനൻറ് സ്ഥാനത്തെത്തി.
പോലീസുദ്യോഗം ചെയ്യുമ്പോൾതന്നെ, ജീവിതത്തിലെ എന്റെ അസംതൃപ്തി വർദ്ധിച്ചു. ജീവിതത്തിന് ഉദ്ദേശ്യമില്ല എന്ന ഒരു പുസ്തകമെഴുതാൻ ഞാൻ പ്രേരിതനായി. ദുഃഖകരമെന്നു പറയട്ടെ, ബുദ്ധമതസിദ്ധാന്തങ്ങളും നിരവധി ഫ്രഞ്ച് സിദ്ധാന്തങ്ങളും പരിചിന്തിക്കുകയും ഒരു ലേഖകനും ഒരു പോലീസുകാരനും എന്നനിലയിൽ ജോലി നോക്കുകയും ചെയ്തശേഷം എനിക്കുണ്ടായ അഭിപ്രായമിതായിരുന്നു.
യൗവനകാലം
കുട്ടിക്കാലത്ത് ഞാൻ എന്റെ മാതാപിതാക്കളോടുകൂടെയായിരുന്നില്ല. മറിച്ച് എന്റെ വല്യമ്മയോടും ഒരപ്പാപ്പനോടും രണ്ട് കൊച്ചമ്മമാരോടുംകൂടെയായിരുന്നു. പിന്നീട് എന്റെ അമ്മ പുനർവിവാഹം ചെയ്തു. അതിനാൽ എനിക്ക് 12 വയസ്സുള്ളപ്പോൾ ഞാൻ എന്റെ അമ്മയോടും എന്റെ വളർത്തുപിതാവിനോടും രണ്ട് സഹോദരിമാരോടുമൊപ്പം താമസിച്ചു തുടങ്ങി.
എന്റെ വല്യമ്മ എന്നെ ബുദ്ധമതവിശ്വാസപ്രകാരം വളർത്തിക്കൊണ്ടുവന്നു. എനിക്ക് 10 വയസ്സുള്ളപ്പോൾ മൂന്ന് മാസത്തെ മതപരിശീലനത്തിനായി എന്നെ ഒരാശ്രമത്തിലേക്കയച്ചു. അവിടത്തെ സന്യാസിമാർ ആശ്രമത്തിനു വെളിയിൽ സൗമ്യതയുടെ വലിയ പ്രകടനവുമായി എളിമയോടെ ചുറ്റിക്കറങ്ങുന്നതും അതേസമയം ആശ്രമത്തിനുള്ളിൽ എന്നും അന്യോന്യം വഴക്കടിക്കുന്നതും ഞാൻ ശ്രദ്ധിച്ചു.
ഞങ്ങളുടെ ക്ഷേത്രത്തിൽ ബുദ്ധന്റെ ഒരു സ്വർണ്ണ വിഗ്രഹം ഉണ്ടായിരുന്നു. അത് കാലാകാലങ്ങളിൽ അപ്രത്യക്ഷപ്പെട്ടിരുന്നു. ആ അവസരങ്ങളിൽ അത് എവിടെയായിരുന്നു? ആ വിഗ്രഹത്തിന് പറക്കാൻ കഴിയുമെന്നും അത് ആ പ്രദേശത്തെ മറ്റ് പല ബുദ്ധമതക്ഷേത്രങ്ങളും സന്ദർശിക്കുന്നുവെന്നും സന്യാസിമാർ അവകാശപ്പെട്ടു. അവധാനപൂർവ്വം ശ്രദ്ധിച്ചുകഴിഞ്ഞപ്പോൾ, ഒരു സന്യാസി വിഗ്രഹം തൽസ്ഥാനത്തുനിന്ന് മാറ്റി മറ്റൊരു സ്ഥാനത്ത് മറച്ചുവെക്കുന്നുവെന്ന് ഞാൻ കണ്ടെത്തി. സന്യാസിമാർ ഇത്തരം വഞ്ചന പ്രയോഗിക്കുന്നതിൽ ഞാൻ അസ്വസ്ഥനായി. ഞാൻ ഇക്കാര്യം എന്റെ വല്യമ്മയോടു പറഞ്ഞപ്പോൾ വല്യമ്മ എന്നോട് ദേഷ്യപ്പെട്ടു. കാരണം വല്യമ്മയ്ക്ക് ‘പറക്കും പ്രതിമ’യിൽ വിശ്വാസമാണ്.
ആശ്രമം വിടുകയിൽ എന്റെ അവിശ്വാസം വളർന്നു. ബുദ്ധമതം വ്യത്യസ്ത ചിന്താഗതികളാണെന്നും അത് വെറും ഒരു സിദ്ധാന്തമല്ലാതെ മറ്റൊന്നുമല്ലെന്നും ഹൈസ്കൂളിലെ മതാദ്ധ്യാപകൻപോലും ഞങ്ങളെ പഠിപ്പിച്ചു. ജീവനെ സംബന്ധിച്ച എന്റെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുമെന്നുള്ള പ്രത്യാശയിൽ ഞാൻ പല ഫ്രഞ്ച് തത്വജ്ഞാനികളിലേക്ക് തിരിഞ്ഞു. എന്നാൽ ഇത് വാസ്തവത്തിൽ ദൈവത്തിന്റെ ആസ്തിക്യം സംബന്ധിച്ച എന്റെ സംശയങ്ങൾ വർദ്ധിപ്പിച്ചു. ഒരു വ്യക്തി വിശ്വസിക്കേണ്ടതെന്താണ്? എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഞാൻ ജീവിക്കുന്നതെന്തുകൊണ്ട് എന്ന് ഞാൻ വീണ്ടും വീണ്ടും എന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
ലോൻ നോളിന്റെ പതനം
1973-74-ൽ കലാപങ്ങൾ വർദ്ധിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ അന്നത്തെ അനീതികൾ കണ്ട് അസ്വസ്ഥരായി. ഒരു പോലീസുകാരനെന്നനിലയിൽ എനിക്ക് മനുഷ്യരുടെ സങ്കടങ്ങൾ ദൂരീകരിക്കുന്നതിനായി കാര്യമായി ഒന്നും ചെയ്യാൻ കഴിയാഞ്ഞതിനാൽ ഞാൻ ഒരു ലേഖകൻ എന്നനിലയിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചു. ഞാൻ ആകാശം ഇരുണ്ടത് എന്നൊരു നിരൂപണ സാമൂഹ്യ നോവൽ എഴുതി.
ഞാൻ എഴുതിയ അവസാനത്തെ പുസ്തകം അതായിരുന്നു. അതു നിമിത്തം എന്നെ ജയിലിലാക്കി. എന്റെ ശിക്ഷ രണ്ടു വർഷത്തേക്കായിരുന്നു. എന്നാൽ ചുരുക്കം ദിവസങ്ങൾക്കുശേഷം ഞാൻ വിമോചിതനായി. അതിനുവേണ്ടി ഞാൻ രാജകുടുംബത്തോടും സമീപ ഏഷ്യൻ രാജ്യത്തെ ഒരു കംബോഡിയൻ സ്ഥാനപതിയോടും നന്ദിയുള്ളവനാണ്. സ്ഥാനപതി എനിക്കുവേണ്ടി അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചു.
തടവിലായിരിക്കുന്നതിനേക്കാൾ സ്വതന്ത്രനായിരിക്കുന്നത് ഞാൻ തികച്ചും ഇഷ്ടപ്പെട്ടു. എന്നിരുന്നാലും എനിക്ക് യഥാർത്ഥ സ്വാതന്ത്ര്യം തോന്നിയില്ല. പ്രത്യേക ആശയങ്ങളോ ജീവിതരീതികളോ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾ തികച്ചും വെറുപ്പായി, ഒരു ജയിലായി എനിക്കു തോന്നി. എന്റെ ജൻമ നാടായ ഫ്നോം പെൻ തലസ്ഥാന നഗരി വളരെ അപ്രാകൃതമായി എനിക്ക് കാണപ്പെട്ടു. ദുഷിച്ചതും ഭൗതികോൻമത്തവും ഉല്ലാസപ്രിയവുമായ ഈ സമുദായം എന്നെ അസ്വസ്ഥനാക്കി. അതുകൊണ്ട് ഞാൻ അതിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ, പോലീസ് സേനയിൽ തുടരാൻ ഞാൻ ആഗ്രഹിക്കാഞ്ഞതിനാൽ ഞാൻ രാജിവച്ചു.
അതിനുശേഷം പെട്ടെന്നുതന്നെ ഞാൻ തായ്ലണ്ടിന്റെ അതിർത്തിക്കു സമീപമുള്ള പൈലിൻ പ്രവിശ്യയിലേക്ക് നീങ്ങി. അവിടെ എന്റെ ജീവിതച്ചിലവുകൾക്കായി ഞാൻ രത്നങ്ങൾ ഖനനം ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങി. ഗ്രാമജീവിതം എനിക്ക് അല്പം ആകർഷകമായിത്തോന്നി. എന്നാൽ അധികം നാൾ എനിക്കതാസ്വദിക്കാൻ കഴിഞ്ഞില്ല. കാരണം 1975 ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് ഖെമെർ റോഗ് ഫ്നോം പെനിൽ പ്രവേശിച്ച് ലോൻ നോളിനെ അധികാരഭ്രഷ്ടനാക്കി. തുടർന്ന് അവർ തികച്ചും വ്യത്യസ്തമായ ഒരു നവസമുദായം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ ലക്ഷ്യത്തിൽ, മുൻഭരണകാലത്ത് ജോലി ചെയ്തിരുന്ന എല്ലാ ഉദ്യോഗസ്ഥൻമാരും റിപ്പോർട്ടു ചെയ്യേണ്ടിയിരുന്നു—പുനഃപരിശീലനം നൽകുന്നതിനുവേണ്ടി പക്ഷേ ഞാൻ റിപ്പോർട്ടു ചെയ്തില്ല. കാരണം ഞാൻ വീണ്ടും ഒരു പോലീസുദ്യോഗസ്ഥനായിത്തീരാൻ ആഗ്രഹിച്ചില്ല. എന്റെ പക്ഷത്തെ ഈ വീഴ്ച എന്റെ ജീവൻ രക്ഷിച്ചു. “പുനഃപരിശീലനം” വാസ്തവത്തിൽ കഴുത്തുവെട്ടലായിരുന്നുവെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. റിപ്പോർട്ടു ചെയ്ത എല്ലാവരും കൊല്ലപ്പെട്ടു.
ഭ്രമാകുലമായ ഒരു സമയം
കണക്കുകളനുസരിച്ച്, പിൻവന്ന മാസങ്ങളിൽ 10-20 ലക്ഷം കംബോഡിയക്കാർ കൊല്ലപ്പെട്ടു. ഞാൻ സ്വന്ത കണ്ണുകൾകൊണ്ട് വധശിക്ഷ ദർശിക്കുകയും ശവങ്ങളും ചുവന്ന രക്തവും നിറഞ്ഞ തടാകങ്ങളും നദികളും സമൂഹ സ്മശാനങ്ങളും കാണുകയും ചെയ്തു. കുടുംബാംഗങ്ങളെ തങ്ങളുടെ ഭവനത്തിൽനിന്നും നാട്ടിൽനിന്നും ചിതറിച്ചുകളഞ്ഞു. അപ്രതീക്ഷിതമായ ഒരു വിപ്ലവം രണ്ടായിരത്തിലധികം വർഷത്തെ കംബോഡിയൻ പാരമ്പര്യം തകർത്തുകളഞ്ഞു. ഇത്തരമൊരു സമൂല പരിവർത്തനം ഉണ്ടാകുമെന്ന് ഒരു കംബോഡിയക്കാരനും ഒരിക്കലും ചിന്തിച്ചിരിക്കാനിടയില്ല.
ഇത്തരമൊരു പ്രാകൃത സമുദായത്തിൽ എന്തെങ്കിലും ഒരു ജീവിതലക്ഷ്യമുണ്ടോ എന്ന് ഞാൻ ഉൽക്കണ്ഠയോടും ഭീതിയോടുംകൂടെ എന്നോടുതന്നെ ചോദിച്ചു. അതുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് ഓടിപ്പോകാൻ തീരുമാനിച്ചു. റെഡ് ഖെമെർ ഗ്രൂപ്പ് അതിനുമുമ്പുതന്നെ എന്നെ അന്വേഷിക്കുകയായിരുന്നു. ഞാൻ അവരുടെ നോട്ടപ്പുള്ളിയായിരുന്നു. പോലീസ് സേന വിട്ടുകഴിഞ്ഞു ഞാൻ എനിക്കുതന്നെ മറ്റൊരു പേര് നൽകി. അതുകൊണ്ട് അവർക്ക് എളുപ്പത്തിൽ എന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ഞാൻ ഒരു എഴുത്തുകാരനും ഗാനകൃത്തുമെന്നനിലയിൽ അറിയപ്പെട്ടിരുന്നതിനാൽ ഞാൻ ആരാണെന്ന് അനേകരും അറിഞ്ഞിരുന്നു. ചിലർ എന്നെ എന്റെ സ്വന്തം പേര് വിളിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഞാൻ വലിയ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞു.
എങ്കിൽതന്നെയും തായ്ലണ്ടിലേക്കുള്ള പലായന തീരുമാനം അത്ര എളുപ്പമല്ല. ആര് ഭരിച്ചാലും ഞാൻ എന്റെ ജൻമനാടിനെ സ്നേഹിച്ചിരുന്നു. മാത്രമല്ല ഒരിക്കൽ ഞാൻ രാജ്യം വിട്ടാൽ മടങ്ങിവന്ന് എന്റെ മാതാപിതാക്കളെയും എന്റെ സഹോദരനെയും സഹോദരിമാരെയും കാണുക അസാദ്ധ്യമാണെന്നും എനിക്കറിയാമായിരുന്നു. കൂടാതെ, തായ്ലണ്ടിലേക്കുള്ള വഴി കണ്ടുപിടിക്കാൻ യാതൊരു പോംവഴിയുമില്ലായിരുന്നു. എനിക്കാരോടും ചോദിക്കാൻ കഴിഞ്ഞില്ല. രാജ്യം വിടാൻ ശ്രമിച്ച മറ്റൊരാളെ അവർ വെടിവെച്ചുകൊന്നു. അയാളുടെ ശവം നിലത്തു കിടക്കുന്നത് ഞാൻ എന്റെ സ്വന്ത കണ്ണുകൊണ്ട് കാണുകയും ചെയ്തു. (g87 2/22)
പലായനവും—ദൈവവിശ്വാസവും
റെഡ് ഖെമർ അധികാരമേറ്റ് കൃത്യം രണ്ട് മാസം കഴിഞ്ഞ് ഞാനും മറ്റൊരാളും പലായനം ചെയ്യാൻ തീരുമാനിച്ചു. എന്നിരുന്നാലും, വഴിയറിയാതെ ഞങ്ങൾക്ക് മടങ്ങേണ്ടിവന്നു. എങ്കിലും ഞാൻ എന്റെ ശ്രമം ഉപേക്ഷിച്ചില്ല. ചുരുക്കം ദിവസങ്ങൾക്കുശേഷം ഞാൻ വീണ്ടും ഒരു പൂർവ്വകാല പോലീസ് സഹകാരിയോടൊപ്പം പലായനത്തിന് തുടക്കമിട്ടു. പിന്നീട് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുൾപ്പെടെ മറ്റ് ഏഴ് പേർ ഞങ്ങളോടുകൂടെ ചേർന്നു.
വനത്തിൽ ഞങ്ങൾ രക്തദാഹികളായ കടുവകളുടെ ഗർജ്ജനം കേട്ടു. എന്നാൽ റെഡ് ഖെമെറിന്റെ പിന്തുണക്കാർ കടുവകളെയും വിഷപ്പാമ്പുകളെയും കാൾ ഭീഷണമായിരുന്നു. അവർ വനങ്ങളിൽ അഭയാർത്ഥികളെ തുടർച്ചയായി തിരഞ്ഞുകൊണ്ടിരുന്നു. ചിലപ്പോൾ ഞങ്ങൾക്ക് അവരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. ചെറിയ ശബ്ദം പോലും അവർ ശ്രദ്ധിക്കുകയും അത് മരണം കൈവരുത്തുകയും ചെയ്യും. ചിലപ്പോൾ ഭീതി നിമിത്തം ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ പലായനത്തിന്റെ മൂന്നാം ദിവസം ഞങ്ങൾ അതിർത്തി കടന്നു കഴിഞ്ഞെന്നു തെറ്റിദ്ധരിച്ചു. അതുകൊണ്ട് ഞങ്ങൾ വളരെ സന്തോഷിക്കുകയും ഞങ്ങളുടെ പക്കലുണ്ടായിരുന്ന അരി മുഴുവൻ പാകം ചെയ്തു കഴിക്കുകയും ചെയ്തു. അത് വലിയോരു പിശകായിരുന്നു! കാരണം അടുത്ത നാല് ദിവസം ഞങ്ങളുടെ പക്കൽ യാതൊരു ഭക്ഷണവും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കായശേഷിയും പ്രത്യാശയും ക്ഷയിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ ഒരു കൂട്ടം കുരങ്ങൻമാരെ കണ്ടു. അവർ പഴങ്ങളുമായി മരങ്ങളിലൂടെ ചാടിനടക്കുകയായിരുന്നു. ഞങ്ങൾ വിശന്നിരുന്നതിനാൽ ആ പഴം ലഭിക്കുന്നതിനുവേണ്ടി ഞങ്ങൾ കുരങ്ങൻമാരോട് കെഞ്ചി. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു കുരങ്ങച്ചൻ ഞങ്ങൾക്ക് ഒരു പഴം ഇട്ടുതന്നു. അപ്പോൾ മറ്റുള്ളവരും അങ്ങനെ അനുകരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾക്ക് മൊത്തം 20 എണ്ണം ലഭിച്ചു.
അന്നത്തെ നിരാശാജനകമായ സംഭവങ്ങൾ നിമിത്തം ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ തെളിഞ്ഞ ആകാശ വിതാനത്തിലേക്ക് ഉറ്റുനോക്കിയപ്പോൾ ഇരുണ്ട നീലാകാശത്തിൽ പൂർണ്ണചന്ദ്രനെ കാണാൻ കഴിഞ്ഞു. ആയിരക്കണക്കിന് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. അത് മറക്കാനാവാത്ത ഒരു രാത്രിയായിത്തീർന്നു.
കുറെ നേരത്തേക്ക് എന്റെ ചിന്തകൾ ദൈവത്തിന്റെ ആസ്തിക്യം സംബന്ധിച്ച ചോദ്യങ്ങളിൽ കേന്ദ്രീകരിച്ചു. ഞാൻ അത്ഭുതകരവും സങ്കീർണ്ണവുമായ പ്രകൃതിയിലെ ക്രമീകരണങ്ങൾ നിരീക്ഷിച്ചപ്പോൾ നമുക്ക് ജ്ഞാനിയായ സ്രഷ്ടാവിന് ഇതിന്റെ ബഹുമതി നൽകിക്കൂടേ എന്ന് ചിന്തിച്ചു. ആ രാത്രിയുടെ രമണീയത വിലമതിക്കുകയിൽ എനിക്ക് പ്രാർത്ഥിക്കാനുള്ള ഒരു പ്രേരണയുണ്ടായി. ദൈവം ആകാശത്തിൽനിന്നും വളരെ ദൂരത്തിലാണെന്ന് കരുതിക്കൊണ്ട് ഞാൻ ആകാശത്തിലേക്ക് ഉറ്റുനോക്കി ജീവിതത്തിലാദ്യമായി ഹൃദയം തുറന്ന് പ്രാർത്ഥിച്ചു. ഞാൻ എന്റെ സ്വന്ത പിതാവിനോട് സംസാരിക്കുന്നതുപോലുള്ള ഒരു അനുഭൂതിയോടെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന എന്റെ ജീവിതത്തിലെ ഒരു പ്രമുഖ വഴിത്തിരിവായിത്തീർന്നു.
ഞാൻ ഹൃദയം തുറന്ന് ദൈവത്തോട് സംസാരിച്ചുകഴിഞ്ഞപ്പോൾ എനിക്ക് സകലതും സ്പഷ്മായി കാണപ്പെടാൻ തുടങ്ങി. ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്നും ജീവിതത്തിന് ഒരർത്ഥമുണ്ടെന്നും എനിക്ക് ബോദ്ധ്യമായി. പ്രകൃതിയിലെ എല്ലാ രൂപകല്പനകളും ഒരു ബുദ്ധിശക്തിയുള്ള രൂപസംവിധായകനുണ്ടെന്ന് തെളിയിക്കുന്നതായി ഞാൻ മനസ്സിലാക്കി. അങ്ങനെയെങ്കിൽ ഈ അർത്ഥവത്തായ ക്രമീകരണങ്ങളുടെ സംഘാടകൻ ഒരു പ്രത്യേകോദ്ദേശ്യത്തിലല്ലേ മനുഷ്യനെ ഇവിടെ ആക്കിവെച്ചിരിക്കുന്നത്?
തുടർന്ന്, ഈ ചോദ്യം മനസ്സിലേക്ക് വന്നു: ദൈവത്തിന് സ്പഷ്ടമായും മാനുഷ കഷ്ടപ്പാടുകൾ നീക്കാനുള്ള ശക്തിയും ജ്ഞാനവും ഉണ്ടായിരിക്കെ, അവൻ ഇതുവരെ ഇത്രയധികം അരിഷ്ടതകൾ അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? ഏത് മതം ജീവനുള്ള ദൈവത്തെ സത്യമായി ആരാധിക്കുന്നെന്നും അറിയാൻ ഞാൻ ആഗ്രഹിച്ചു. ഈ നീറുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങളുടെ അന്വേഷണമായിരുന്നു എന്റെ ജീവിതത്തിലെ പ്രമുഖ സംഗതി. ഇവയുടെ ഉത്തരങ്ങൾ മനുഷ്യരിൽനിന്ന് മറച്ചുവെക്കാൻ തക്കവണ്ണം ദൈവം അത്ര സ്നേഹരഹിതനാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഞങ്ങൾ വനത്തിലൂടെ നീങ്ങവെ, ഞാൻ എന്റെ അമ്മയെ ഓർത്തു. എന്റെ അമ്മ ക്രിസ്ത്യാനിത്വത്തിൽ കുറെ താല്പര്യം കാണിച്ചിരുന്നു. ഫ്രാൻസിൽനിന്നുള്ള മിഷനറിമാർ ഞങ്ങളുടെ ഭവനത്തിലെ നിരന്തര സന്ദർശകരായിരുന്നു. രക്തം ഭക്ഷിക്കാത്ത സഭാംഗങ്ങളുള്ള വിചിത്രമായ ഒരു മതത്തെക്കുറിച്ച് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ദൈവം കൈവരുത്തുന്ന പരദീസാ സമാനമായ നീതിയുള്ള അവസ്ഥകളെക്കുറിച്ചുള്ള “സുവാർത്ത”യും എന്നോട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ഞാൻ അതിൽ ഒരു വാക്കുപോലും വിശ്വസിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഞാൻ എന്നോടുതന്നെ ചോദിച്ചു: ‘അവിശ്വസിക്കാൻ എനിക്ക് എന്തെങ്കിലും കാരണമുണ്ടോ? എന്റെ അമ്മ ഇക്കാര്യങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ബുദ്ധിമതിയായ ഒരു സ്ത്രീയല്ലേ?’ ഞാൻ അത് കണ്ടുപിടിക്കാൻ ആഗ്രഹിച്ചു. എന്നാൽ അതിനുമുമ്പേ ഞാൻ ജീവനോടെ കംബോഡിയ വിടേണ്ടിയിരിക്കുന്നു.
എന്റെ പക്കൽ ഒരു ഉടുവസ്ത്രം മാത്രമേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് കഷ്ടിച്ച് ശരീരം മറച്ചിരുന്നു. ഇതിനോടകം എന്റെ നഗ്നമായ പാദങ്ങളും കാലുകളും വീർത്ത് വീങ്ങുകയും ഞങ്ങളെല്ലാവരും തളർന്ന് അർദ്ധ പട്ടിണിയിലാവുകയും ചെയ്തു. ജീവൻ നിലനിർത്താൻ വേണ്ടി ഞങ്ങൾ മരത്തിന്റെ ഇല ചവച്ചിരുന്നു. ഞങ്ങളുടെ പലായനത്തിന്റെ പത്താം ദിവസം ഞങ്ങൾക്ക് ഒരു മല കയറേണ്ടിയിരുന്നു. മലയുടെ മുകളിൽ നിന്ന് ഞങ്ങൾ താഴേക്ക് നോക്കി. അത് തായ്ലണ്ടാണെന്ന് ഞങ്ങൾ കരുതി. പക്ഷേ മലയിൽനിന്ന് ഇറങ്ങി വരുമ്പോൾ ചീഞ്ഞഴുകിയ മാംസം സൂക്ഷിച്ചിരുന്ന ഒരു കുടിൽ കണ്ടു. അതിനകത്ത് പകുതി അഴുകിയ ഒരു മനുഷ്യശരീരവും ഒരു അസ്ഥികൂടവും കണ്ടു! ആ കുടിലിനുചുറ്റും റെഡ് ഖെമെർ ഗ്രൂപ്പിൽപ്പെട്ടയാളുകളുടെ ഷൂസിന്റെ ഗുപ്തമായ പാടുകൾ ഉണ്ടായിരുന്നു. ഭയപരവശരായി ഞങ്ങൾ ഓടി! എങ്കിലും ഞങ്ങൾ സുരക്ഷിതരല്ലായിരുന്നു. അവ കംബോഡിയ വിടാൻ ശ്രമിച്ചവരുടെ ശവങ്ങളായിരിക്കണം.
പിന്നീട് വനത്തിൽ ഒരു നദിയുടെ തീരത്തെത്തി. അതായിരിക്കും അതിർത്തിയെന്ന് ഞങ്ങൾ കരുതി. താഴേയ്ക്ക് ഏതാണ്ട് 27 മീറ്റർ ഒഴുകി പോയാൽ അവിടെ ഒരു വെള്ളച്ചാട്ടമുണ്ട്! ഞാനും എന്റെ കൂട്ടുകാരനും തമ്മിൽ ഒരു വാദപ്രതിവാദം നടന്നു. അപകടസാദ്ധ്യതകളുടെ വീക്ഷണത്തിൽ പ്രായമായവർ മാത്രമേ അത് കടക്കാൻ ശ്രമിക്കാവൂ എന്ന് അയാൾ നിർബ്ബന്ധിച്ചു. എന്നിരുന്നാലും അയാളുടെ വാക്ക് വകവെക്കാതെ ഞാൻ രാത്രിയാകാൻ കാത്തിരുന്നു. രാത്രിയിൽ ഞാൻ കൊച്ചുകുട്ടിയെ പുറത്തുകെട്ടി മറുകരയിലേക്ക് നീന്തി. ആഴത്തിൽ വെള്ളമുണ്ടായിരുന്നു. ഞാൻ താഴേക്കുപോയി. എങ്കിലും അന്തിമമായി ഞാൻ മറുകരയിലെത്തി! ഞങ്ങൾക്കാർക്കും അപകടമുണ്ടായില്ല!
പിറ്റേദിവസം ഞങ്ങൾ ഒരു ചെറിയ ഗ്രാമത്തിലെത്തി. അവിടെ ചോളം വിളയുന്ന വയലുകളുണ്ടായിരുന്നു. ഞങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതിനുവേണ്ടി ഞങ്ങൾ പച്ചച്ചോളം അകത്താക്കി. അതിനടുത്ത് ഒരു ചെറിയ കുടിൽ കണ്ടു. അവിടെ ഞങ്ങൾ ഒരു തീപ്പെട്ടി കണ്ടെത്തി. ആ തീപ്പെട്ടിയുടെ പുറത്തെ ലേബലിൽനിന്നും അത് കംബോഡിയയിലല്ല മറിച്ച് തായ്ലണ്ടിൽ ഉണ്ടാക്കിയതാണ് എന്ന് ഞങ്ങൾ മനസ്സിലാക്കി. അപ്പോൾ ഞങ്ങൾക്ക് എന്തു തോന്നിയെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? ഇതായിരുന്നു തെളിവ്! ഞങ്ങൾ തായ്ലണ്ടിലെത്തി!
ഇപ്പോൾ ഞങ്ങൾക്ക് പർവ്വതങ്ങളും നദികളും എത്ര മനോഹരമായാണ് തോന്നുന്നത്! അധികം താമസിയാതെ എനിക്ക് ഒരു പനിപിടിച്ച് ഞാൻ മൂന്ന് ദിവസത്തേക്ക് അബോധാവസ്ഥയിലായി. എനിക്ക് വനത്തിൽ വച്ച് മലമ്പനി പിടിച്ചിരുന്നു. എങ്കിൽതന്നെയും, ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മനുഷ്യർ ഞങ്ങളായിരിക്കണമെന്ന് ഞങ്ങൾ കരുതി. (g87 2/22)
ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്തൽ
തായ്ലണ്ടിലെ അഭയാർത്ഥി ക്യാമ്പിൽ മറ്റ് 200 കംബോഡിയക്കാരോടൊപ്പമായിരുന്നു ഞങ്ങളും അധിവസിപ്പിക്കപ്പെട്ടത്. ഇവിടെ ദൈവമക്കൾ എന്നറിയപ്പെടുന്ന ഒരു പ്രൊട്ടസ്റ്റൻറ് വിഭാഗത്തിന്റെ അംഗവുമൊത്ത് ബൈബിൾ പഠിക്കാൻ എനിക്ക് കഴിഞ്ഞു. ഈ കൂട്ടം ക്രിസ്ത്യാനിത്വത്തിലുള്ള എന്റെ താത്പര്യം നിരീക്ഷിച്ചിട്ട് എന്നെ അവിടെവച്ച് ഉടനെ സ്നാനപ്പെടുത്താൻ തുനിഞ്ഞു. എനിക്കപ്പോഴും ബോദ്ധ്യത്തിന്റെ അഭാവമുണ്ടായിരുന്നതുകൊണ്ട് ഞാൻ സ്നാനം ഏൽക്കാൻ വിസമ്മതിച്ചു. കംബോഡിയക്കാരിൽ നിരവധിപേർ പെട്ടെന്ന് സ്നാനം ഏറ്റു. കാരണം, സ്നാനശേഷം അവർക്ക് വസ്ത്രങ്ങൾ സമ്മാനിക്കപ്പെട്ടിരുന്നു.
“ദൈവമക്കളിൽ”നിന്ന് എനിക്ക് എന്റെ മാതൃഭാഷയായ കംബോഡിയൻ ഭാഷയിൽ ഉള്ള ഒരു ബൈബിൾ ലഭിച്ചു. ഇതിൽ നിന്ന് ദൈവത്തിന് യഹോവ എന്ന വ്യക്തിപരമായ ഒരു നാമുണ്ടെന്നും പുരാതന യഹൂദൻമാർക്ക് ഒരു പ്രത്യേക വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ഈ ദൈവമാണ് ക്രിസ്ത്യാനികളുടെയും ദൈവം എന്നും ഞാൻ മനസ്സിലാക്കി. ഞാൻ ഏറെ തികവായി അറിയാനാഗ്രഹിച്ചിരുന്നത് ഈ ദൈവത്തെക്കുറിച്ചായിരുന്നു.
ഞാൻ തായ്ലണ്ടിലായിട്ട് അഞ്ചുമാസങ്ങൾക്കുശേഷം 1975 ഡിസംബറിൽ റെഡ്ക്രോസ്സിന്റെ അന്തർദ്ദേശീയ കമ്മിറ്റി ആസ്ത്രിയയിലേക്ക് കുടിയേറാൻ എന്നെ സഹായിച്ചു. ആദ്യം എന്നെ ഒരു അഭയാർത്ഥി ക്യാമ്പിലാക്കി. അവിടെ വച്ച് ഞാൻ ജർമ്മൻ ഭാഷ പഠിച്ചു. ആറ് മാസങ്ങൾ കഴിഞ്ഞ് എന്നെ ലിൻസിലേക്ക് സ്ഥലം മാറ്റി അവിടെ ഞാൻ ഒറ്റപ്പെട്ട ഒരു മുറിയിൽ താമസം ആരംഭിച്ചു. ഞാൻ രാത്രികാലങ്ങളിൽ ജർമ്മൻ ഭാഷ പഠിക്കുകയും പകൽ ഒരു പാക്കേജിംഗ് ഫാക്ടറിയിൽ ജോലിനോക്കുകയും ചെയ്തു.
ഈ കാലയളവിൽ ഞാൻ ഇവാൻജലിക്കൽ, കത്തോലിക്കാ സഭകളുമായി പരിചയപ്പെടാനിടയായി. പക്ഷെ, “മരണത്തിനുശേഷം എന്തു സംഭവിക്കുന്നു?” “ദൈവരാജ്യം എന്നാൽ എന്ത്?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരുത്തരെക്കൊണ്ടും കഴിഞ്ഞില്ല. ഞാനൊരു കത്തോലിക്ക പുരോഹിതനോട് “സുവാർത്ത” എന്നു പറഞ്ഞാൽ എന്താണ് എന്നും “സുവാർത്താമതം എന്നൊന്നുണ്ടോ?” എന്നും ചോദിച്ചു. അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല “എന്റെ അമ്മ എന്നോട് പറയുമായിരുന്ന ആ സുവാർത്ത എന്തായിരിക്കുമോ?” എന്ന് ഞാൻ ആലോചിച്ചു.
ഞാൻ വീട്ടിൽ ഒറ്റക്കായിരിക്കെ രണ്ടു പ്രാവശ്യം യഹോവയോട് പ്രാർത്ഥിച്ചു, ഓരോ പ്രാവശ്യത്തെയും പ്രാർത്ഥനക്കുശേഷം എന്റെ വാതിലിന് കീഴിലൂടെ ലഘുലേഖകൾ അകത്തേക്ക് വീഴുന്നതു ഞാൻ കണ്ടു. അവ രണ്ടും യഹോവയുടെ സാക്ഷികളുടെ രാജ്യഹോളുകൾ എന്നറിയപ്പെട്ട ഒരിടത്തെ യോഗങ്ങൾക്കു സംബന്ധിക്കുന്നതിനുള്ള ക്ഷണങ്ങളായിരുന്നു. യഹോവ എന്ന് പേരിന് ഞാൻ അർത്ഥം കൽപ്പിച്ചിരുന്നു. പക്ഷെ “യഹോവയുടെ സാക്ഷികൾ” ആരാണ്? അവർ എന്തിനായിട്ടുള്ള സാക്ഷികളായിരിക്കും? നിറയെ ചോദ്യങ്ങളും ആകാംക്ഷയുമായി രാജ്യഹോൾ കണ്ടെത്താൻ ഞാൻ രണ്ടുപ്രാവശ്യം ഇറങ്ങിത്തിരിച്ചു. രണ്ടു പ്രാവശ്യവും ഒടുവിൽ പള്ളികളിലാണ് ചെന്നുപെട്ടത് രാജ്യഹോൾ സ്ഥിതിചെയ്തത് ഒരു ഡിസ്ക്കോഹോളിന്റെ മുകളിലെ രണ്ടാം നിലയിലായിരുന്നു, അത് കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞുമില്ല.
എന്റെ രണ്ടാമത്തെ ഉദ്യമത്തിന് അല്പനാളുകൾക്ക് ശേഷം തായ്ലണ്ടിൽ നിന്നുള്ള എന്റെ ഒരു സ്നേഹിതന്റെ ഭവനം സന്ദർശിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ എന്ന് സ്വയം തിരിച്ചറിയിച്ചുകൊണ്ട് രണ്ടുപേർ അദ്ദേഹത്തിന്റെ വീട്ടുവാതിൽക്കൽ വന്നു. എന്റെ സ്നേഹിതൻ അവരെ തിരിച്ചയക്കുന്നത് കണ്ടപ്പോൾ അവരോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞു. ആദ്യമായി, ദൈവരാജ്യം എന്താണെന്ന് ഞാനവരോട് ചോദിച്ചു. അവർ ബൈബിളിൽ നിന്ന്, അത് ഭൂമിയെ ഭരിക്കാനിരിക്കുന്ന ക്രിസ്തുവിനാലുള്ള സ്വർഗ്ഗീയ രാജ്യമാണെന്ന് വിശദീകരിച്ചു. മരണത്തിനുശേഷമുള്ള മനുഷ്യന്റെ അവസ്ഥയെ സംബന്ധിച്ചുള്ള എന്റെ അടുത്ത ചോദ്യത്തിനുത്തരം നൽകുന്നതിന് അവർ വീണ്ടും ബൈബിൾ ഉപയോഗിച്ചു. അവരുടെ ബൈബിൾ ആധാരമാക്കിയുള്ള യുക്തിസഹമായ ഉത്തരങ്ങൾ എന്നിലുളവാക്കിയ മതിപ്പ് ഹേതുവായി ഉടനടി ഒരു ബൈബിൾ അദ്ധ്യയനത്തിന് ഞാൻ ആവശ്യപ്പെട്ടു. അതേ ദിവസം തന്നെ ഞാനും എന്റെ കൂട്ടുകാരനും രാജ്യഹോളിലെ യോഗത്തിന് പോയി.
ഞാൻ പ്രസംഗം ശ്രദ്ധിച്ചുവെങ്കിലും അതിന്റെ ഏറിയ ഭാഗവും എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ല. കാരണം അപ്പോഴും ഞാൻ ജർമ്മൻ ഭാഷ പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളു. എങ്കിലും അത് സുവാർത്തയെക്കുറിച്ച്, ദൈവരാജ്യസുവാർത്തയെക്കുറിച്ചായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. യഹോവയുടെ രാജ്യം മുഖേന, ജനങ്ങൾ മേലാൽ ദുഃഖത്തിൽ കണ്ണുനീർ പൊഴിക്കുകയില്ലാത്തതും ദൈവം ‘സകലവും പുതുതാക്കുന്നതു’മായ ഒരു പറുദീസയായി ഭൂമി മാറ്റപ്പെടും. (വെളിപ്പാട് 21:3-5) എന്റെ അമ്മ ഒരിക്കൽ അതേ വചനങ്ങൾ ബൈബിളിൽ നിന്ന് എന്നെ വായിച്ച് കേൾപ്പിച്ചത് ഞാൻ ഓർക്കുന്നു. ഈ ലോകത്തിലെ സകല തിൻമയിൽനിന്നും വിമുക്തമായ ഒരു ലോകമായിരുന്നു ബലവാനും നീതിമാനും ആയ ഒരു ദൈവത്തിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചത്.
ഇപ്പോൾ, യഹോവ പണ്ടേ അത്തരമൊരു ലോകം സൃഷ്ടിക്കാഞ്ഞത് എന്തുകൊണ്ട് എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ക്രമായ ബൈബിൾ ചർച്ചകളിൽ ഇവയും മറ്റുള്ളവയുമായി നിരവധി ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ എനിക്ക് ലഭിച്ചു. എന്നിൽ നിന്ന് അന്ധമായ വിശ്വാസം ആവശ്യപ്പെടാത്ത ഒരു മതം കണ്ടെത്തിയതിൽ ഞാൻ ആഹ്ലാദിച്ചു. അതിലുപരി യേശുവിന്റെ പഠിപ്പിക്കലുകളും അവന്റെ ജീവിതഗതിയും എനിക്ക് വളരെ ആകർഷകമായിത്തോന്നി.
‘ദൈവമക്കൾ’ എന്ന കൂട്ടരിൽ നിന്ന് എനിക്കുണ്ടായ അനുഭവത്തിന് വിപരീതമായി, സാക്ഷികൾ എന്നോട് അൽപ്പകാലത്തെ പ്രബോധനത്തിനുശേഷം സ്നാനമേൽക്കാൻ ആവശ്യപ്പെട്ടില്ല. സ്നാനം ഒരു ക്രിസ്തീയ വ്യവസ്ഥയാണെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് അവർ എന്നെ സ്നാനപ്പെടുത്തുമോ എന്ന് ഞാൻ അവരോട് ചോദിച്ചു. ഞാൻ എന്റെ മനസ്സു മാറ്റും മുമ്പേ അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പകരം വേണ്ടത്ര സമയമെടുത്ത് ഞാൻ വാസ്തവമായി അങ്ങനെയൊരു നടപടി ആഗ്രഹിക്കുന്നുണ്ടോ എന്നു നിശ്ചയപ്പെടുത്താൻ അവർ എന്നോട് ആവശ്യപ്പെട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. സാക്ഷികളെ സംബന്ധിച്ചിടത്തോളം അളവല്ല ഗുണമാണ് പ്രധാനം എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒടുവിൽ, ജർമ്മൻ ഭാഷയിൽ ഏഴു മാസങ്ങളോളം ബൈബിൾ പഠിച്ചതിനുശേഷം, യഹോവയുടെ സാക്ഷികളുടെ ലിൻസ് സമ്മേളനത്തിൽ വച്ച് 1977 ജൂലൈയിൽ ഞാൻ സ്നാനമേറ്റു.
ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്തൽ
അതേ സമ്മേളനത്തിൽ വച്ച് ഒരു പുതിയ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. ഇതിന് നാലു വർഷങ്ങൾക്കു മുമ്പ് ജീവിതത്തിന് യാതൊരു ഉദ്ദേശ്യവും ഇല്ല എന്നൊരു പുസ്തകം ഞാൻ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ മിക്കവാറും എന്റെ പുസ്തകത്തിനുള്ള ഒരു മറുപടി എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ, ജീവിതത്തിന് തീർച്ചയായും ഒരു ഉദ്ദേശ്യമുണ്ട് എന്ന ഒരു പുസ്തകം പ്രകാശനം ചെയ്യുകയാണ്. ഞാൻ എഴുതിയ അബദ്ധങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, പുതിയ പുസ്തകത്തെ മുഴുഹൃദയത്തോടും കൂടെ ഞാൻ സ്വാഗതം ചെയ്തു.
ഈ സുവാർത്ത കംബോഡിയയിലെ ദുഃഖാർത്തരായ ജനങ്ങളോട് അറിയിക്കാൻ ഞാൻ എത്ര ആഗ്രഹിച്ചുവെന്നോ! ഈ സുവാർത്ത അവരുടെ ജീവിതത്തിന് സുനിശ്ചിതമായ ഒരു പ്രത്യാശയും ഒരു അത്ഭുതകരമായ ലക്ഷ്യവും പ്രദാനം ചെയ്യുമായിരുന്നു. ആ രാജ്യത്തേക്ക് മടങ്ങുക അസാദ്ധ്യമായിരുന്നതുകൊണ്ട് ഓസ്ത്രിയയിൽ ജീവിക്കുന്ന കംബോഡിയക്കാരോട് സുവാർത്ത പ്രസിദ്ധമാക്കാൻ എന്നാലാവതെല്ലാം ഞാൻ ചെയ്തു. യെശയ്യാവ് ചെയ്തതുപോലെ ഞാൻ പ്രാർത്ഥിച്ചു, “ഇതാ, ഞാൻ! എന്നെ അയക്കേണമെ;” എന്റെ സഹരാജ്യക്കാരെ സഹായിക്കാൻ യഹോവ എന്നെ ഉപയോഗിക്കുമെന്ന് ഞാൻ പ്രത്യാശിച്ചു.—യെശയ്യാവ് 6:8.
ഞാൻ 1980-ൽ വിയന്നായിൽ വച്ച് ഒരു ജാപ്പനീസ് സാക്ഷിയെ വിവാഹം ചെയ്തു. അവളെ യഹോവയുടെ സാക്ഷികളുടെ ഒരു വിവാഹത്തിങ്കൽ വച്ചായിരുന്നു കണ്ടുമുട്ടിയത്. വിയന്നാ സംഗീത അക്കാദമിയിലെ യഹോവയുടെ സാക്ഷികളിലൊരുവളായ ഒരു സഹജാപ്പനീസ് വിദ്യാർത്ഥിനി ബൈബിൾ ഗ്രഹിക്കാൻ അവളെ സഹായിച്ചപ്പോഴായിരുന്നു എന്റെ ഭാര്യയും താൻ അന്വേഷിച്ചുകൊണ്ടിരുന്നത് കണ്ടെത്തിയത്. ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയുണ്ടായതിന് ശേഷം എന്റെ ഭാര്യക്കു ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് അവൾ ജപ്പാനിലേക്ക് മടങ്ങുന്നതായിരിക്കും ഉത്തമമെന്ന് തോന്നി. ഞങ്ങൾ 1983-ൽ അങ്ങോട്ട് പോവുകയും ടോക്കിയോവിൽ സ്ഥിരവാസം ഉറപ്പിക്കുകയും ചെയ്തു.
കംമ്പോഡിയൻ അഭയാർത്ഥികളെ സഹായിക്കാനുള്ള എന്റെ ആത്മാർത്ഥമായ ആഗ്രഹത്തിന് മാറ്റം വന്നിട്ടില്ല. അവരിൽ ഏകദേശം 600 പേർ, ജപ്പാനിലുണ്ട്. മിക്കവരും ടോക്കിയോയുടെ പ്രാന്തങ്ങളിലായി ചിതറിപ്പാർക്കുന്നു. അവരുടെ ഇടയിൽ പ്രവർത്തിക്കുന്നതും മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള അവന്റെ സ്നേഹനിർഭരമായ ഉദ്ദേശ്യത്തെക്കുറിച്ച് ഗ്രഹിക്കാൻ അവരെ സഹായിക്കുന്നതും എനിക്ക് വലിയ സന്തോഷം കൈവരുത്തുന്നു. കംമ്പോഡിയാക്കാർക്കുവേണ്ടി നടത്തുന്ന ഒരു ഡസൻ ഭവനബൈബിളദ്ധ്യയനങ്ങളിൽ സഹായിക്കുന്നതിനുള്ള മഹത്തായ പദവി എനിക്കുണ്ട്, ഒന്നുകിൽ അദ്ധ്യയനങ്ങൾ ഞാൻ തന്നെ നടത്തും അല്ലെങ്കിൽ അദ്ധ്യയന നിർവ്വഹകരായ ജപ്പാൻകാരെ സഹായിക്കും. ഒരു മാസത്തിൽ രണ്ടു പ്രാവശ്യം ഞങ്ങളുടെ മുഴുകുടുംബവും ദിവസങ്ങൾ മുഴുവൻ കംമ്പോഡിയക്കാരെ മാത്രം സേവിക്കാൻ ചെലവഴിക്കാറുണ്ട്. ഇതിന് 180 മൈലുകൾ (300 കി. മീ.) വാഹനമോടിക്കേണ്ടത് ആവശ്യമായിവരുന്നുവെങ്കിലും അവരിൽ ചിലർ വരുത്തുന്ന ക്രമായ ആത്മീയ പുരോഗതി കാണുമ്പോൾ ഞങ്ങൾക്ക് വർദ്ധിച്ച പ്രോത്സാഹനം ലഭിക്കുന്നു.
എന്റെ മാതൃരാജ്യത്തുള്ള എന്റെ ബന്ധുക്കളുമായി ആശയവിനിയമം ഇല്ലാതിരുന്ന ഒരു നീണ്ട ഇടവേളക്കുശേഷം 1981-ൽ ഞാൻ എഴുതിയ ഒരു കത്തിന് എനിക്ക് മറുപടി ലഭിച്ചു. എന്റെ വളർത്തച്ചനും ഒരു സഹോദരിയും ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന് ഞാനറിഞ്ഞു. എന്റെ കുടുംബത്തിലെ മൂന്നുപേർ എന്റെ അമ്മ, എന്റെ സഹോദരൻ, ഒരു സഹോദരി എന്നിവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഒരു വർഷത്തിൽ പല പ്രാവശ്യം ഞങ്ങൾക്ക് ഇപ്പോൾ കത്തുകളയക്കാൻ അവർക്ക് കഴിയുന്നുണ്ട്, പക്ഷെ കംബോഡിയയിലെ മതാന്തരീക്ഷം എങ്ങനെയാണെന്ന് അവരുടെ കത്തുകളിൽ നിന്ന് ഗ്രഹിക്കാൻ വിഷമമാണ്.
ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്തുന്നതിനുള്ള എന്റെ അന്വേഷണം തീർച്ചയായും സമൃദ്ധമായ പ്രതിഫലത്താൽ അനുഗ്രഹീതമായി എന്ന് എനിക്ക് ഉറപ്പോടെ പറയാം. ജീവിതത്തിന്റെ യഥാർത്ഥ അർത്ഥവും ഉദ്ദേശ്യവും കണ്ടെത്തിയിരിക്കെ, നമ്മുടെ മഹാദൈവമായ യഹോവയെ ഐക്യത്തിൽ സ്നേഹിക്കുന്ന ഒരു സ്നേഹമുള്ള കുടുംബം ഉണ്ടായിരിക്കുന്നതിൽ ഞാൻ അത്യധികം സന്തുഷ്ടനാണ്. എന്റെ അമ്മ, സഹോദരൻ, സഹോദരി എന്നിവരോട് വീണ്ടും ഒത്തുചേരാൻ കഴിയുന്ന ദിനത്തിലേക്ക് ഞാൻ എത്ര ആകാംഷയോടെ ഉറ്റുനോക്കുന്നുവെന്നോ! അതിനിടക്ക് ചവിട്ടിമെതിക്കപ്പെടുന്നവരും മർദ്ദിതരും ആയ ആളുകളുടെ അടുത്തേക്ക് ദൈവരാജ്യ സുവാർത്ത കൊണ്ടെത്തിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നത് എത്ര മഹത്തായ പദവിയാണ്! (g87 2/22)
[16-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കംമ്പൂച്ചിയായും സമീപരാജ്യങ്ങളും ചെറിയ ഭൂപടത്തിൽ തായ്ലണ്ടിലേക്കുള്ള എന്റെ പലായനമാർഗ്ഗം
തായ്ലണ്ട്
ബാറ്റംബാംഗ്
ചൈന
പൈലിൻ
വിയറ്റ്നാം
ലാവോസ്
കംമ്പൂച്ചിയ
[ഭൂപടം]
തായ്ലണ്ട്
ആൻഡമാൻ കടൽ
കംമ്പൂച്ചിയ
[15-ാം പേജിലെ ചിത്രം]
ഫ്നോം പെനിലെ ഒരു രാജകൊട്ടാരം. ഞാൻ ഇവിടെവച്ച് ചെറുപ്പത്തിൽ രാജസന്നിധിയിൽ ഡാൻസ് ചെയ്തിട്ടുണ്ട്
[18-ാം പേജിലെ ചിത്രം]
ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ രണ്ടു കുട്ടികളോടൊപ്പം പഠിക്കുന്നു.