ലോകത്തെ വീക്ഷിക്കൽ
സംഗീതവും പൈശാചികത്വവും
നിയമനടത്തിപ്പധികാരികൾ തീവെയ്പ്പിൽ തുടങ്ങി ശിശുദുരുപയോഗത്തിലും നരഹത്യയിലും അവസാനിക്കുന്ന വളരെയധികം അക്രമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നിരീക്ഷിക്കുകയുണ്ടായി. അത് പലപ്പോഴും പൈശാചിക, ആത്മവിദ്യാ കെണികളുടെ വർദ്ധനവു നിമിത്തമാണെന്ന് പറയപ്പെടുന്നു. മിക്ക കേസുകളിലും, കുറ്റകൃത്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന യുവാക്കൾ വിലകെട്ടതും “വലിയ സ്വാധീനശക്തി”യുള്ളതുമായ റോക് സംഗീതത്താൽ നന്നായി സ്വാധീനിക്കപ്പെട്ടവരാണെന്ന് അധികാരികൾ വിവരിക്കുന്നത് ഒരു കാലിഫോർണിയാ പത്രമായ രജിസ്റ്റർ കുറിക്കൊള്ളുന്നു. ഒരു പോലീസ് ഓഫീസർ ഇപ്രകാരം വിശദീകരിച്ചു: “അടിസ്ഥാനപരമായി പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ ശ്രദ്ധിക്കേണ്ടതില്ല, മറിച്ച് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ ജീവിക്കേണം എന്ന് സംഗീതം പഠിപ്പിക്കുന്നു.” മത്സരികളായ ചില യുവാക്കൾ ഗാനങ്ങൾ അക്ഷരീയമായെടുക്കുകയും അതിനനുസരിച്ച് ജീവിക്കുകയും അവർ പിശാചിനെ ശക്തിയുടെ ഒരടയാളമായി അംഗീകരിക്കുകപോലും ചെയ്യുന്നതായും തുടർന്ന് പറയപ്പെടുന്നു. നിയമോപദേഷ്ടാവായിരിക്കുന്ന ഡിക് ഫെഡ്രിക്സൺ ഇപ്രകാരം പറയുന്നു: “ഒരിക്കൽ നിങ്ങൾ വലിയ സ്വാധീനശക്തിയുള്ള റോക്ക് സംഗീതത്തിന് അടിമപ്പെടുകയും സാത്താനെ സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ, ചെയ്യരുതാത്തത് ചെയ്യുക വളരെ എളുപ്പമാണ്.” കുറ്റകൃത്യ സ്ഥാനങ്ങളിൽ പൈശാചിക ദൂതുകളും മാന്ത്രികവിദ്യയുടെ സൂചനകളും വളരെ സർവ്വസാധാരണമായിരിക്കുന്നതിനാൽ കുറ്റകൃത്യം കണ്ടുപിടിക്കുന്നതിന് പോലീസ് അധികാരികൾക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നതായി ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ബാല പരീക്ഷണങ്ങൾ
ബ്രിട്ടനിൽ ഓരോ വർഷവും 2000-ത്തോളം കുട്ടികളെ തങ്ങളുടെ മാതാപിതാക്കളുടെ അറിവില്ലാതെ വൈദ്യപരീക്തണങ്ങൾക്ക് വിധേയമാക്കുന്നതായി ബ്രിട്ടനിലെ മെഡിക്കൽ ധർമ്മസ്ഥാപനത്തിലുള്ള 19 സീനിയർ ഡോക്ടർമാരും പണ്ഡിതൻമാരും പറയുന്നു. “മിക്കപ്പോഴും നവജാത ശിശുക്കളിൽ പരീക്ഷണം നടത്തുമ്പോൾ” മാതാപിതാക്കളുടെ അനുമതി തേടുന്നതിലെ പരാജയം അവരുടെ പഠനം വെളിപ്പെടുത്തിയതായി മെഡിക്കൽ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. “മാതാപിതാക്കളുടെ അനുമതി തേടുക പ്രയാസമായിരിക്കുന്നതിനാൽ അതിനുവേണ്ടി ശ്രമിക്കുന്നുപോലുമില്ലെന്ന് ഡോക്ടർമാർ പറയുന്നതായി സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഡോക്ടർ റിച്ചാർഡ് നിക്കോൾസൺ പ്രസ്താവിക്കുകയുണ്ടായി.
“രേഖയില്ലാത്ത വിവാഹങ്ങൾ”
നിയമപരമായി വിവാഹം കഴിക്കാതെ ഭാര്യാഭർത്താക്കൻമാരെന്നനിലയിൽ ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിക്കുമ്പോൾ ആ ബന്ധം എത്രകാലം നിലനിൽക്കും? നോർവെയിൽനിന്നും സ്വീഡനിൽനിന്നുമുള്ള സ്ഥിതിവിവരക്കണക്കുകളനുസരിച്ച് “രേഖയില്ലാത്ത വിവാഹങ്ങളിൽ പകുതിയും രണ്ടിലധികം വർഷം നിലനിൽക്കുന്നില്ലെന്നും അവയിൽ 60-80 ശതമാനം ഏറിയാൽ അഞ്ച് വർഷത്തിനുള്ളിൽ തകർന്നുപോകുന്നെന്നും” ഫ്രഞ്ച് ദിനപ്പത്രമായ ലീ മോണ്ടീ റിപ്പോർട്ടു ചെയ്യുന്നു.
നിരക്ഷരത മുൻപന്തിയിൽ
ഫ്രാൻസിൽ “പഠിപ്പില്ലാത്ത വളരെയധികം പേരില്ല.” ഫ്രഞ്ച് ദിനപ്പത്രമായ ലി ഫിഗാറോ നടത്തിയ ഈ പ്രസ്താവന പിൻവരുന്ന റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ്: “ഫ്രാൻസിലെ] ജനസംഖ്യയിൽ ഏതാണ്ട് 15 ശതമാനം, 80 ലക്ഷം പേർ (കുടിയേറ്റക്കാരെ ഉൾപ്പെടുത്തിയിട്ടില്ല) അക്ഷരാഭ്യാസമില്ലാത്തവരെപ്പോലെയാണ്. . . . അവർക്ക് കഷ്ടിച്ച് വായിക്കുന്നതിനും കേവലം ഉച്ചാരണമനുസരിച്ച് എഴുതുന്നതിനും കഴിയും. കൂടാതെ, നിരക്ഷരത സംബന്ധിച്ച യുനെസ്ക്കോയുടെ നിർവ്വചനമനുസരിച്ച് ‘ദൈനംദിന ജീവിതകാര്യങ്ങൾ വിവരിക്കുന്ന സംക്ഷിപ്തവും ലളിതവുമായ ഒരു ഭാഗം വായിച്ചു മനസ്സിലാക്കുക അവർക്ക് പ്രയാസമാണ്.’” സ്കൂൾ കുട്ടികളും ഇതിൽനിന്ന് ഒഴിവുള്ളവരല്ല. ഹൈസ്കൂളിൽ പ്രവേശിക്കുന്നവരിൽ ഏതാണ്ട് നാലിലൊന്നിനും ശരിയായി വായിക്കാൻ വയ്യ.
ആത്മഹത്യയും ടെലിവിഷനും
ആത്മഹത്യ സംബന്ധിച്ച ടെലിവിഷൻ ഡ്രാമകളും അതു സംബന്ധിച്ച ടി. വി. ന്യൂസുകളും “ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാരുടെ സംഖ്യയിൽ ഒരു താല്കാലിക വർദ്ധനവ്” കൈവരുത്തിയിരിക്കുന്നുവെന്ന് പുതിയ രണ്ട് പഠനങ്ങൾ അവകാശപ്പെടുന്നതായി ന്യൂയോർക്ക് ടൈംസ് കുറിക്കൊള്ളുന്നു. ചെറുപ്പക്കാർ ആത്മഹത്യയെക്കുറിച്ചുള്ള ടെലിവിഷൻ ചർചകൾ “അനുകരിക്കുന്നു”വെന്നും അങ്ങനെ ആത്മഹത്യാനിരക്ക് വർദ്ധിക്കുന്നുവെന്നും ആ റിപ്പോർട്ട് പറയുന്നു. ആത്മഹത്യകളെ സംബന്ധിച്ച വാർത്തകളോ പ്രത്യേക റിപ്പോർട്ടുകളോ ടി.വി. യിൽ പ്രദർശിപ്പിച്ചശേഷം എഴ് ദിവസത്തിനുള്ളിൽ ആത്മഹത്യാനിരക്ക് 7 ശതമാനം വർദ്ധിച്ചതായി രണ്ട് മാനവസമുദായശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. അതിന്റെ ഫലമായി “ദേശവ്യാപകമായി ഓരോ ടി. വി. പരിപാടിക്കും ഏതാണ്ട് മൂന്ന് എന്ന കണക്കിന് ആത്മഹത്യകൾ വർദ്ധിക്കുകയുണ്ടായി. അല്ലെങ്കിൽ അടുത്ത ആറ് വർഷത്തെ പഠനകാലയളവിൽ പ്രതീക്ഷിക്കുന്നതിനെക്കാൾ 110 എണ്ണം കൂടുതൽ.” അതുകൊണ്ട് “ആത്മഹത്യകളെ സംബന്ധിച്ച കഥകൾ ടി. വി. യിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞ് ഒരാഴ്ച്ച, ചെറുപ്പക്കാരുടെ കൂട്ടുകാരും മാതാപിതാക്കളും ഉപദേശകരും ആത്മഹത്യാ പ്രവണതകളുടെ ലക്ഷണം തിരിച്ചറിയാൻ വിശേഷാൽ ജാഗ്രതയുള്ളവരായിരിക്കണം” എന്ന് ഡോ. ഡേവിഡ് പി. ഫിലിപ്സ് മുന്നറിയിപ്പ് നൽകുന്നു.
യുവാക്കളുടെ ഭീതികൾ
ബ്രിട്ടനിലെ കൗമാര പ്രായക്കാരുടെ മുഖ്യഭീതി തൊഴിലില്ലായ്മയാണെന്ന് ലണ്ടൻ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. അവരുടെ രണ്ടാമത്തെ ഭീതി. ഒരു ന്യൂക്ലിയർ യുദ്ധമാണെന്ന് 15-16 വയസ്സ് പ്രായമുള്ളവരുടെയിടയിലെ ഒരു പഠനം വെളിപ്പെടുത്തുന്നു. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ കൂടുതൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചെങ്കിലും, “രണ്ട് വർഗ്ഗത്തിലും പെട്ട ഒരു നല്ല സംഖ്യ ന്യൂക്ലിയർ യുദ്ധസാദ്ധ്യതകളെക്കുറിച്ച് വിധിവിശ്വാസികളോ അനാശ്രയരോ ആണ്. അത്തരം ഉൽക്കണ്ഠകൾ ബ്രിട്ടനിൽ മാത്രമല്ല ഉള്ളത്. പശ്ചിമ യൂറോപ്പിന്റെ മിക്കഭാഗങ്ങളിലും; തൊഴിലില്ലായ്മ യൂറോപ്യൻ വ്യാപാര, സാമ്പത്തിക, സാമൂഹ്യ കമ്മിറ്റി വിളിക്കുന്ന “ഭാവി സംബന്ധിച്ച അവ്യക്തമായ അസ്വസ്ഥത”യ്ക്കു സംഭാവന ചെയ്തിരിക്കുന്നു. അത് ‘ജനനനിരക്കിൽ നിർണ്ണായകമായ ഒരു താഴ്ചയ്ക്കിടയാക്കിയിരിക്കുന്നു.’
കൊല്ലുന്ന ഗതാഗതം
1948-ൽ യിസ്രായേൽ സ്റ്റേറ്റ് സ്ഥാപിച്ചതു മുതൽ ആ രാജ്യത്തെ റോഡുകളിൽ 13,717 ഗതാഗത മരണങ്ങൾ നടന്നിട്ടുണ്ട്—മദ്ധ്യപൂർവ്വദേശത്തെ യുദ്ധങ്ങളിലും ഭീകരപ്രവർത്തകരുടെ ആക്രമണങ്ങളിലും കൊല്ലപ്പെട്ട 4,500 പേരുടെ മൂന്നിരട്ടി. യിസ്രായേലിലെ ഗതാഗത വകുപ്പുമന്ത്രി പറയുന്നതനുസരിച്ച് യിസ്രായേലിലെ റോഡുകളിൽ നടക്കുന്ന വർദ്ധിച്ച ഗതാഗത മരണങ്ങളുടെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയമിക്കാൻ യിസ്രായേൽ ഗവൺമെൻറ് തീരുമാനിച്ചിരിക്കുന്നു.
തിമിംഗലങ്ങളുടെ കുടിയേറ്റം
തിമിംഗലങ്ങളുടെ കുടിയേറ്റ രഹസ്യങ്ങൾ വെളിപ്പെടുത്താൻ റേഡിയോ പ്രേഷണം സഹായിക്കുന്നു. “ജപ്പാന്റെ കടലോരത്തെ തിമിംഗലങ്ങൾ 2000 കിലോമീറ്റർ (1.250 മൈൽ) ദൂരം യാത്ര ചെയ്തിരിക്കുന്നു. മെക്സിക്കോയുടെ കടലോരത്തെ ചാരനിറമുള്ള തിമിംഗലങ്ങൾ അലാസ്ക വരെ പലായനം ചെയ്തിരിക്കുന്നു” എന്ന് ഫ്രഞ്ച് ദിനപ്പത്രമായ ലാ ക്രോയ്ക്സ് പറയുന്നു. പ്രേഷണങ്ങളുടെ സഹായത്താൽ ചില തിമിംഗലങ്ങളെ നിരീക്ഷിച്ചുകൊണ്ട് ശാസ്ത്രജ്ഞൻമാർ അവ മുങ്ങാൻ എടുക്കുന്ന സമയം, യാത്രയുടെ വേഗത, പലായനഗതികൾ എന്നിവ സംബന്ധിച്ച് വളരെയധികം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ശേഖരിക്കുക ഒരു വെല്ലുവിളിതന്നെയാണ്. കാരണം തിമിംഗലം ജലനിരപ്പിൽ വരുമ്പോൾ മാത്രമേ—ഓരോ പ്രാവശ്യവും ഏറിയാൽ മൂന്ന് സെക്കണ്ടുകൾ മാത്രമേ—റേഡിയോ പ്രേഷണങ്ങൾ ലഭിക്കയുള്ളു.
കരണ്ടടി
പാമ്പുകടിയേറ്റവരെ രക്ഷിക്കുന്നതിനുവേണ്ടി അടുത്തകാലത്ത് ഒരു പുതിയ ചികിത്സ കണ്ടുപിടിച്ചിരിക്കുന്നു. അത് ശാസ്ത്രീയ വിശദീകരണങ്ങൾക്കതീതമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഇതിൽ ഉയർന്ന ചാലകശക്തിയുള്ള വൈദ്യുതിയും താഴ്ന്ന വൈദ്യുതിയും ഉപയോഗിച്ചുള്ള നിരവധി വൈദ്യുതാഘാതങ്ങൾ ഉൾപ്പെടുന്നു. ഏതാണ്ട് 5-10 സെക്കണ്ടുകൾ ഇടവിട്ട് കടിയേറ്റ സ്ഥാനത്ത് രൂപഭേദം വരുത്തിയ ഒരു സിറിഞ്ച് ഉപയോഗിച്ച് കരണ്ടണ്ടിക്കുന്നു. ഈ ചികിത്സക്ക് വിധേയമായ 34 കേസുകളിൽ ഓരോന്നും വിഷമയമായ കടികൾ രോഗിയുടെ ചർമ്മത്തിൽ തുളഞ്ഞു കയറുന്നതിന്റെ തെളിവ് കാണിക്കുകയുണ്ടായി. പാമ്പുകടിയേറ്റ് അരമണിക്കൂറിനുള്ളിൽ ഈ ചികിത്സ നടത്തിയവരിലാരും മരിക്കുകയോ ഗുരുതരമായ മറ്റ് കുഴപ്പങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഗവേഷകർ വിശദീകരിക്കുന്നു. അതുപോലെ കടിയേറ്റ ഭാഗത്തുണ്ടായിരുന്ന വേദന ഈ ചികിത്സ നടത്തി 15 മിനിറ്റുകൾക്ക് ശേഷം ഇല്ലാതായതായും ഗവേഷകർ കുറിക്കൊണ്ടു. കടിയേറ്റ് രണ്ട് മണിക്കൂറിനുശേഷം ഈ ചികിത്സ നടത്തിയ രണ്ട് കേസുകളിലും വേദനയിൽനിന്ന് സമാനമായ വിടുതൽ നേടുകയുണ്ടായി. പാമ്പുകടിയെ കൂടാതെ വിഷമുള്ള തേളുകളുടെയും ഉറുമ്പുകളുടെയും കടിയെ ചികിത്സിക്കുന്നതിനും ഈ കരണ്ടടി വിജയപ്രദമാണെന്ന് ഗവേഷകർ പറയുന്നു.
ഉപദ്രവമായ ശീലം
രാത്രിയിലെ ഭക്ഷണശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഉറങ്ങാൻ കിടക്കുന്ന ശീലമുള്ള ഒരു വ്യക്തി വളരെ താമസിച്ച് ഭക്ഷണം കഴിക്കുന്നത് ഉപദ്രവകരമാണെന്ന് സ്റ്റാൻഫോർഡ് മെഡിക്കൽ സെൻറ്റിന്റെ ആമാശയരോഗ വിദഗ്ദ്ധനായിരിക്കുന്ന ഡോ. കേത്ത് ടെയ്ലർ പറയുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഉറങ്ങുമ്പോൾ ദഹനം ഉൾപ്പെടെയുള്ള മിക്ക ശരീര പ്രക്രിയകളും മന്ദഗതിയിലാകുന്നു. അതിനാൽ ഉല്പാദിപ്പിക്കപ്പെടുന്ന കൂടുതൽ ആസിഡ് “നിങ്ങൾ കിടക്കുമ്പോൾ അന്നനാളത്തിൽ കടക്കുകയും പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു” എന്ന് പരേഡ് മാസിക കുറിക്കൊള്ളുന്നു. ചെറുകുടലിലോ ആമാശയത്തിലോ അൾസർ [വ്രണം] ഉള്ളവർ കൂടുതൽ അസ്വസ്ഥത അനുഭവിച്ചേക്കാം. അതുകൊണ്ട് ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നതിന് ഡോ. ടെയ്ലർ നിർദ്ദേശിക്കുന്നു. അൾസർ രോഗികൾക്ക് പാല് ശുപാർശചെയ്യപ്പെടുന്നില്ല. ആമാശയത്തെ ശരിപ്പെടുത്തുന്നതിനു പകരം അത് ആസിഡ് ഉല്പാദനത്തിന് ഇടയാക്കുന്നുവെന്ന് ഗവേഷകർ അവകാശപ്പെടുന്നു. (g87 1/8)