ഭീകരപ്രവർത്തനം—ആർ ബാധിക്കപ്പെടുന്നു?
ഉണരുക! രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നില്ല. അത് ഈ ലോകത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഒരു നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും, അതിന്റെ ഉദ്ദേശ്യത്തിനനുയോജ്യമായി അത് ഉപരിതലത്തിനടിയിലേക്ക് ചുഴിഞ്ഞുനോക്കുകയും ഇപ്പോഴത്തെ സംഭവങ്ങളുടെ യഥാർത്ഥ അർത്ഥത്തിലേക്കു വിരൽ ചൂണ്ടുകയും ചെയ്യുന്നു. ആ കാരണത്താൽ, ഈ മണ്ഡലത്തിലെ വിദഗ്ദ്ധൻമാർ അവയെ നോക്കിക്കാണുന്നപ്രകാരം, ഉണരുക! ഭീകരപ്രവർത്തനത്തിന് പിന്നിലെ ആഴമേറിയ ആന്തരങ്ങളെ പരിശോധിക്കുന്നു. തങ്ങളുടെ സ്വന്തം നിഗമനങ്ങളിലെത്താൻ ഞങ്ങൾ ഞങ്ങളുടെ വായനക്കാരെ അനുവദിക്കുന്നു.
“ഭീകരപ്രവർത്തകരുടെ ചെറിയ സംഘങ്ങളും ഒറ്റപ്പെട്ട കൊലയാളികളും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ ലോകത്തിലെ വൻനഗര വീഥികളും അതിലെ വിമാനത്താവളങ്ങളും സൈനികത്താവളങ്ങളും യുദ്ധക്കളങ്ങളായി മാറുന്നു.”
“ലോക വ്യാപകമായി, 1973 മുതൽ 1983 വരെ 5,000 ഭീകരപ്രവർത്തന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ 4,000-ത്തിൽപരം ജീവൻ ഹനിക്കപ്പെട്ടു, അതിന്റെ ഇരട്ടി പേർക്കു മുറിവേൽപ്പിക്കപ്പെട്ടു.”
“കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്ത് 113 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ 128 വ്യത്യസ്ത രാഷ്ട്രങ്ങളിൽ നടന്ന ഭീകരപ്രവർത്തനങ്ങളുടെ ഇരകളായിത്തീർന്നു.”—തിരിച്ചടി—ഭീകരപ്രവർത്തനത്തിനെതിരായ യുദ്ധത്തിൽ വിജയം.
ഭീകരപ്രവർത്തനം നിങ്ങളെ ബാധിക്കുന്നുണ്ടോ? ഭീകരപ്രവർത്തകരെ ഭയന്ന് നിങ്ങൾ 1987-ൽ ഏതെങ്കിലും യാത്രാപരിപാടി റദ്ദാക്കുകയോ മാറ്റുകയോ ചെയ്തോ? ഇപ്പോൾ ഭീകരപ്രവർത്തനം ഇന്നത്തെ അനേകരുടെ ജീവിതത്തിൽ ഉപബോധപൂർവ്വമോ ബോധപൂർവ്വമോ സമ്മർദ്ദമുളവാക്കുന്ന ഒരു ഘടകമാണ്. യിസ്രായേലിലെ പ്രതിരോധ മന്ത്രിയായ യിറ്റ്സാക്ക് റാബിൻ എഴുതിയ പ്രകാരം “ഭീകരപ്രവർത്തനത്തെയുള്ള ഭയം ലോകത്തെമ്പാടും അനേകരുടെ സാധാരണ ജീവിതരീതിയായിത്തീർന്നിരിക്കുന്നു.” ഭീകരപ്രവർത്തനം വരുത്തികൂട്ടുന്ന ചെലവുകൾ നികത്തുന്നതിന് നിങ്ങൾ സഹായിക്കുന്നതിനുള്ള സാദ്ധ്യത വളരെയാണ്. അതെങ്ങനെ? ഭീകരപ്രവർത്തന ഭീഷണിനിമിത്തം പല ഗവൺമെൻറുകൾക്കും നേരിടേണ്ടിവരുന്ന മെച്ചപ്പെട്ട സുരക്ഷിതത്വത്തിന്റെയും തയ്യാറെടുപ്പിന്റെയും ചെലവുകൾ നികത്താൻ നിങ്ങളുടെ നികുതികളുടെ ഒരു ഭാഗം വിനിയോഗിക്കാനിടയുണ്ട്.
വടക്കൻ അയർലണ്ടും മദ്ധ്യപൂർവ്വദേശവും ദശാബ്ദങ്ങളായി ഭീകരപ്രവർത്തനത്തോടൊപ്പം ജീവിക്കുകയാണ്. സമീപ സംവത്സരങ്ങളിൽ ഭീകരപ്രവർത്തനം അനേകം യൂറോപ്യൻ രാജ്യങ്ങളിലും മദ്ധ്യ ദക്ഷിണ അമേരിക്കൻ സംസ്ഥാനങ്ങളിലും അതിന്റെ പാടുകൾ ഉളവാക്കിയിട്ടുണ്ട്. റ്റെലിവിഷൻ, റേഡിയോ, പ്രസ്സ് എന്നിവയിലൂടെ നമ്മളെല്ലാം ഭീകരപ്രവർത്തന അക്രമത്തോട് പരിചയപ്പെട്ടിരിക്കുന്നു. അത് മിക്കവാറും ദൈനംദിന സംഭവമായിരിക്കുകയാണ്. ഒരുപക്ഷേ നാം നിർവികാരികളാകത്തക്കവണ്ണം റ്റെറ്റിസ്റ്റ് ബോംബുകളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോക്കും കൂടെക്കൂടെ സംഭവിക്കുന്നു. തൽഫലമായി, അസാധാരണം സാധാരണമായിത്തീരുന്നു, അചിന്ത്യം ചിന്തനീയമായിത്തീരുന്നു, ലബനോൻ പോലുള്ള ചില രാജ്യങ്ങളിൽ ദുസ്സഹമായതു സഹിക്കുന്നു.
അതെ, ഭീകരപ്രവർത്തനം ഒരു ജീവിതയാഥാർത്ഥ്യമാണ്—മാദ്ധ്യമങ്ങളിലൂടെയുള്ള നിരന്തര വാർത്തയുടെ ഭാഗമാണ്. അവ ഭീകരനേതാക്കളുടെയും സംഘങ്ങളുടെയും പേരുകൾ പരിചിത നാമങ്ങളാക്കിയിരിക്കുന്നു.—താഴെ കൊടുത്തിരിക്കുന്ന ചാർട്ട് കാണുക.
ഭീകരപ്രവർത്തനം എന്നാലെന്ത്?
ഒരു ഭീകരപ്രവർത്തകനെ നിർവ്വചിക്കുക ലളിതമാണെന്നു തോന്നിയേക്കാം. എന്നാൽ നിങ്ങൾ വിവാദവിഷയത്തിന്റെ ഏതു പക്ഷത്തു നിൽക്കുന്നുവെന്നതിനെ ആശ്രയിച്ചാണതിരിക്കുന്നത്. എൽസാൽവഡോറിലെ വിദ്ധ്വംസക പ്രവർത്തകർ ഭീകരരാണോ, അതോ ഒരു ‘ദേശീയ ജനകീയ വിമോചനപ്രസ്ഥാന’മാണോ? നിക്കരാഗ്വായിലെ കോണ്ട്രാകൾ ഭീകരപ്രവർത്തകരാണോ, അതോ അവർ “സ്വാതന്ത്ര്യപോരാളികൾ” ആണോ? ഭീകരപ്രവർത്തനം, സൗന്ദര്യത്തെപ്പോലെ, കാണുന്നയാളിന്റെ ദൃഷ്ടിയെ ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രീയ വിശ്വാസത്തിന് ഒരു നിർവ്വചനത്തെ വളച്ചൊടിക്കാൻ കഴിയും.
ബഞ്ചമിൻ നെതന്യാഹൂ—ഐക്യരാഷ്ട്രങ്ങളിലെ ഇസ്രായേലി അംബാസിഡർ—ഭീകരപ്രവർത്തനത്തിന് ഈ നിർവ്വചനം നൽകുന്നു: “രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ഭയം ജനിപ്പിക്കുന്നതിന് നിർദ്ദോഷികളെ മനഃപൂർവ്വമായും വ്യവസ്ഥാപിതമായും കൊലചെയ്യുന്നതും അംഗഭംഗപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും.” (ഭീകരപ്രവർത്തനം—പാശ്ചാത്യലോകത്തിന് എങ്ങനെ വിജയിക്കാം) ചിക്കാഗോയിലെ ലോയളാ യൂണിവേഴ്സിറ്റിയിലെ സാം സാർക്കേസ്യൻ നിർവ്വചിക്കുന്നപ്രകാരം അത് “സാധാരണയായി കൊല, കൊള്ള, തട്ടിക്കൊണ്ടുപോക്ക്, വിദ്ധ്വംസക പ്രവർത്തനം ‘നിർദ്ദോഷികളായ’ ഇരകളുടെ ഉപയോഗം എന്നിങ്ങനെ വിവിധ നയങ്ങളുടെ പ്രയോഗത്താൽ ഒരു മൂന്നാം കക്ഷിയെ സ്വാധീനിക്കൽ ആണ്. ചുരുക്കത്തിൽ, ഭീകരപ്രവർത്തകരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും സാധിച്ചു കൊടുക്കാൻ നിലവിലുള്ള വ്യവസ്ഥിതിയെ നിർബ്ബന്ധിക്കുന്നതിലേക്ക് ജനസമൂഹത്തിൽ ഭയം ജനിപ്പിക്കലാണ് ഭീകരപ്രവർത്തനം.”—കൂട്ടക്കൊലയുടെ നാനാമുഖ വിപത്ത്.
മറിച്ച്, കത്തോലിക്ക് ദൈവശാസ്ത്ര പ്രൊഫസ്സറായ ജയിംസ് ബർച്ചായൽ ഇങ്ങനെ എഴുതുന്നു: “ഭീകരപ്രവർത്തനം നിരാശിതരുടെ യുദ്ധമാണ്. . . . [അത്] എല്ലായ്പ്പോഴും പ്രാതികൂല്യമനുഭവിക്കുന്നവർ എന്നു വിചാരിക്കുന്നവരുടെ പെരുമാറ്റമാണ്.”—തിരിച്ചടി.
നിങ്ങൾ അതിനെ എങ്ങനെ വീക്ഷിച്ചാലും ഭീകരപ്രവർത്തനം നിർദ്ദോഷികളായ ആളുകൾക്കു അക്രമവും മരണവും വരുത്തികൂട്ടുന്നു. ആത്യന്തികായുധം എന്ന തന്റെ പുസ്തകത്തിൽ ജാൻ ഷ്റീബർ എഴുതുന്നതുപോലെ, “ഒരു സൈന്യത്തെപ്പോലെ ഒരു ഭീകരപ്രവർത്തകസംഘം മനുഷ്യത്വരഹിത രീതിയിൽ പ്രവർത്തിക്കുകയും ക്രൂരതയെ അനുദിന ജീവിതത്തിന്റെ സത്താക്കുകയും ചെയ്യുന്നു.”
ഒരു പുതിയ പ്രതിഭാസമല്ല
ഭീകരപ്രവർത്തനം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെങ്കിലും, വിശേഷാൽ സമീപ ദശാബ്ദങ്ങളിലാണ് രാഷ്ട്രീയ വിശ്വാസത്തിന്റെ ഒരു രൂപമായി അത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. മുമ്പ് 1945-ൽ ബ്രിട്ടീഷ് ലേബർ ഗവൺമെൻറ് യഹൂദൻമാർക്ക് പലസ്തീൻ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് സ്പഷ്ടമായപ്പോൾ ഭീകരപ്രവർത്തന സംഘങ്ങൾ ഉടലെടുത്തു, അവയിൽ “ഇർഗൻ സ്വായ് ല്യൂമി (എറ്റ്സൽ എന്നു വിളിക്കപ്പെടുന്ന ദേശീയ സൈനിക സ്ഥാപനം) ലൊഹാമി ഹെറ്ററ യിസ്രായേൽ (യിസ്രായേലിന്റെ സ്വാതന്ത്ര്യ പോരാളികൾ) [ലേഹി അഥവാ സ്റ്റേൺ ഗാംഗ് എന്നും അറിയപ്പെടുന്നു] എന്നിങ്ങനെ ഭീകരപ്രവർത്തനത്തിലേർപ്പെട്ട സംഘങ്ങൾ ഉൾപ്പെടുന്നു. ജൂലൈ 22-ാം തീയതി എറ്റ്സൽ യെരൂശലേമിലെ കിംഗ് ഡേവിഡ് ഹോട്ടലിന്റെ ഒരു വിംഗ് തകർത്തു. അവിടെയായിരുന്നു ഗവൺമെൻറ് ഭരണനിർവ്വഹണത്തിന്റെ ആസ്ഥാനം. ഏതാണ്ട് 100 യഹൂദൻമാരും ബ്രിട്ടീഷുകാരും അറബികളും കൊല്ലപ്പെട്ടു.” യഹൂദൻമാർ അവരുടെ ദേശത്ത്, ഡേവിഡ് ബംഗൂറിയനാൽ വിരചിതം.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ഭീകരപ്രവർത്തനത്തിന് ആക്കം കൂടിയിട്ടുണ്ട്, വിശേഷിച്ച് യിസ്രായേലിന്റെയും പലസ്തീനിയൻ അഭയാർത്ഥികളുടെയും അറബി സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങളോടുള്ള ബന്ധത്തിൽ.
ഭീകരപ്രവർത്തനം വടക്കൻ അയർലണ്ടിലോ മദ്ധ്യപൂർവ്വദേശത്തോ ഒതുങ്ങിനിൽക്കുന്നില്ല. സ്പെയിനിൽ ബാസ്ക്ക് എറ്റാ ഭീകരപ്രവർത്തകരുണ്ട്; ഇൻഡ്യക്ക് സിക്ക് വിഘടന വാദികളാലുള്ള ഉപദ്രവം നേരിടുന്നുണ്ട്; തമിഴ് ഭീകരരുടെ ലഹളകളാൽ ശ്രീലങ്ക ചിന്തപ്പെട്ടിരിക്കുന്നു; പെറുവിൽ മാവോയിസ്റ്റ് സെൻഡേറോ ലൂമിനോസോ (പ്രകാശപാത) പോരാളികളുണ്ട്. ജനാധിപത്യലോകമെന്നു വിളിക്കപ്പെടുന്നതിൽ ഈ പട്ടിക അനന്തമാണെന്നു തോന്നുന്നു.
എന്നാൽ ജനാധിപത്യരാജ്യങ്ങൾ ഇങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? യഥാർത്ഥത്തിൽ ഭീകരപ്രവർത്തനത്തിന്റെ കാരണങ്ങളേവ? ഭീകരപ്രവർത്തകർ കേവലം നീതിയും അവശതാ നിവാരണവും തേടുന്ന മർദ്ദിത സംഘങ്ങളാണോ? അതോ അതിലുപരി ഉണ്ടോ? ഭീകരപ്രവർത്തനം ഇവിടെ നിലനിൽക്കുമോ? അടുത്ത ലേഖനങ്ങൾ ഇവയും മറ്റു ചോദ്യങ്ങളും പരിശോധിക്കുന്നതാണ്. (g87 1/8)
[5-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)]
ഭീകരപ്രവർത്തനം നിമിത്തം വാർത്തകളിൽ കേൾക്കുന്ന ചില രാജ്യങ്ങൾ
ഐക്യനാടുകൾ
എൽസാൽവഡോർ
നിക്കരാഗ്വാ
പനാമ
വെനസ്വേല
കൊളംബിയാ
പെറു
ആർജൻറീനാ
യുണൈറ്റഡ് കിംഗ്ഡം
വ. അയർലണ്ട്
ഫ്രാൻസ്
ജർമ്മനി
സ്പെയിൻ
ഇറ്റലി
റ്റർക്കി
ലബനോൻ
യിസ്രായേൽ
അഫ്ഗാനിസ്റ്റാൻ
ദ. കൊറിയ
ജപ്പാൻ
ബംഗ്ലാദേശ്
ഇൻഡ്യാ
ശ്രീലങ്ക
ഫിലിപ്പീൻസ്
അംഗോള
ദ. പ. ആഫ്രിക്ക
ദ. ആഫ്രിക്ക