മാനസികരോഗം—ഒരു പ്രതിവിധിയുണ്ടോ?
“അവർ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി,” ഐറിൻ ഓർമ്മിക്കുന്നു. “ഞാൻ മനോരോഗ വിദഗ്ദ്ധനുമായി കാര്യങ്ങൾ സംസാരിക്കുന്നത് ആസ്വദിച്ചു, എന്നാൽ അത് വളരെയൊന്നും സഹായിച്ചില്ല. പിന്നീട് അവർ എനിക്ക് വൈദ്യുതാഘാത ചികിത്സ നൽകി. ഞാൻ അതിയായി ഭയവിഹ്വലയായിരുന്നു. എന്നാൽ വീണ്ടും, അത് വളരെയൊന്നും സഹായകമായില്ല.
“എന്റെ ഭർത്താവ് തന്നോടൊത്ത് ഒരു കാറിൽ കയറാൻ പറഞ്ഞു. വീട്ടിലേക്കായിരിക്കും എന്നു ഞാൻ വിചാരിച്ചു. എന്നാൽ ഞങ്ങളെ വളരെ പഴക്കം ചെന്ന ഇഷ്ടികകൊണ്ടുള്ള ഈ വലിയ കെട്ടിടത്തിനു മുമ്പിലേക്ക് വലിച്ചുകൊണ്ടുവന്നു. ‘ഇതെന്താണ്?’ ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു. ‘നീ അവിടെ പോയി ഒരാളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ എന്ന് അയാൾ പറഞ്ഞു. അപ്പോൾ അത് ഒരു മാനസികരോഗചികിത്സാ സ്ഥാപനമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു . . . ”
ഐറിന്റെ രോഗം പ്രത്യക്ഷപ്പെട്ടത് 1955-ലായിരുന്നു—ഒരു മാനസിക—ആരോഗ്യ വിപ്ലവത്തിന്റെ കൃത്യം മദ്ധ്യത്തിൽ. ശാസ്ത്രക്രിയാ വ്രണങ്ങൾ കുറയ്ക്കുന്നതിന് പുതിയ മരുന്നുകൾ വികസിപ്പിച്ചെടുത്തിരുന്നു. ഇതേ ഔഷധങ്ങൾ തന്നെ മാനസിക രോഗികൾക്ക് പ്രയോഗിക്കുമ്പോൾ, “നേരത്തെ ഏകാന്തമുറികളോ കൈകൾ ബന്ധിക്കുന്ന ജാക്കറ്റുകളോ ആവശ്യമായിരുന്ന രോഗികളെ ഇപ്പോൾ പ്രത്യേകം ശ്രദ്ധിക്കാതെ വിടാൻ സാദ്ധ്യമാണ് എന്ന് ഡോക്ടർമാർ കണ്ടുപിടിച്ചു. . . . ഈ മരുന്നുകൾ ചില തരം ബുദ്ധിഭ്രമങ്ങൾ പൂർണ്ണമായും തുടച്ചു നീക്കി.” (ഡോ. റിച്ചാർഡ് എം. റെസ്റ്റാക്കിനാലുള്ള ദി ബ്രെയ്ൻ) മാനസിക—ആരോഗ്യരംഗത്ത് ഈ മരുന്നുകൾക്കുള്ള വിപ്ലവകരമായ ഫലങ്ങൾ വീണ്ടും ഉൻമാദരോഗത്താൽ ദൃഷ്ടാന്തീകരിക്കാൻ കഴിയും.
ഐറിന്റെ ഡോക്ടർമാർ ഒരു പുതിയ ആൻറിസൈക്കോട്ടിക്ക് മയക്കുമരുന്നു പരീക്ഷിച്ചു നോക്കി. സംസാര ചികിത്സയും വൈദ്യുതാഘാത ചികിത്സയും പരാജയപ്പെട്ടിടത്ത് ഔഷധപ്രയോഗം വിജയിച്ചു. ഐറിനും അവളെപ്പോലെയുള്ള അനേകായിരങ്ങൾക്കും ആശുപത്രി വിടുന്നതിനും വീട്ടിൽ പോകുന്നതിനും കഴിഞ്ഞു.
രാസ നിയന്ത്രണം
മരുന്നുകൾ എപ്രകാരം പ്രവർത്തിച്ചു എന്ന് ഡോക്ടർമാർക്ക് അറിവില്ലായിരുന്നു. എന്നാൽ അവ സാധാരണഗതിയിൽ ഡോപാമിൻ എന്നു പേരായ ഒരു രാസവസ്തുവിനെ സ്വീകരിക്കുന്ന തലച്ചോറിലെ സ്വീകരണാവയവങ്ങളെ തടയുന്നതായി പ്രത്യക്ഷപ്പെട്ടു. അപ്രകാരം ഡോപാമിന്റെ പ്രവർത്തനത്തെ തടഞ്ഞപ്പോൾ ചിലരോഗികൾ അഭിവൃദ്ധിപ്രാപിച്ചു. തലച്ചോറിലെ ഡോപാമിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന മരുന്നുകൾ നൽകിയപ്പോൾ രോഗികൾ മിക്കപ്പോഴും വഷളായിത്തീർന്നു. അപ്രകാരം മാനസികരോഗത്തിന്റെ രസതന്ത്രത്തിലേക്ക് ഒരു വാതിൽ തുറക്കപ്പെട്ടു. (ചതുരക്കോളം കാണുക)
ഉൻമാദരോഗത്തെക്കുറിച്ച് ഇപ്പോഴും വളരെയൊന്നും അറിവില്ല. എന്നാൽ ആൻറിസൈക്കോട്ടിക്ക് മരുന്നുകൾ ഫലപ്രദമായ ചികിത്സ എന്നനിലയിൽ സുസ്ഥാപിതമായിത്തീർന്നിരിക്കുന്നു. ഉൻമാദരോഗികളിൽ ഏകദേശം മൂന്നിലൊന്നുപേർ മരുന്നുകൾക്കോ—ഏതെങ്കിലും തരത്തിലുള്ള ചികിത്സയ്ക്കോ—പ്രതികരിക്കുന്നില്ലെന്നുള്ളത് ഖേദകരമാണെന്ന് ഡോക്ടർമാർ പറയുന്നു. ഔഷധ പ്രയോഗങ്ങൾ ഈ രോഗത്തിന്റെ വന്യമായ കാഠിന്യ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനോ അഥവാ ഇല്ലായ്മ ചെയ്യുന്നതിനോ ഇടയാക്കിക്കൊണ്ട് ഉൻമാദരോഗത്തെ നിയന്ത്രിക്കുന്നതിന്—സുഖപ്പെടുത്തുന്നതിനല്ല—സഹായകമായിരിക്കാൻ കഴിയും എന്നതിനപ്പുറം പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും, അവ ശസ്ത്രക്രിയയിൽ നിന്നോ കൈകൾ ബന്ധിക്കുന്ന ജാക്കറ്റുകളിൽ നിന്നോ ഉള്ള ഒരു ഗംഭീര ചാട്ടമാണ്.
അപ്പോൾ ഈ ഔഷധ പ്രയോഗം നടത്തുന്ന രോഗികൾ ബലഹീനമാനസരോ മയക്കുമരുന്നിന്റെ അടിമകളോപോലെ കാണപ്പെടുന്നതെന്തുകൊണ്ട്? ആൻറിസൈക്കോട്ടിക്ക് ഔഷധങ്ങൾ ആസക്തി ഉളവാക്കുന്നവയല്ല, രോഗികളെ ഉൻമത്തരാക്കയില്ല, ഉല്ലാസത്തിനുവേണ്ടി കഴിക്കുന്നുമില്ല. ഡോ. ഇ. ഫെല്ലർറ്റോറി, ആൻറിസൈക്കോട്ടിക്ക് ഔഷധങ്ങളെ “പ്രമേഹരോഗികൾക്കുള്ള ഇൻസുലി”നോട് താരതമ്യം ചെയ്യുന്നു. ഡോ. ജറോൾഡ് എസ്. മാക്സ്മെൻ ഇപ്രകാരം നിഗമനം ചെയ്യുകയും ചെയ്യുന്നു: “അത്തരം ഔഷധങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ‘തങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഓടിപ്പോകുന്നില്ല,’ പകരം അവയെ അഭിമുഖീകരിക്കുന്നു.”
എങ്കിലും, ഐറിൻ ഈ ഔഷധ പ്രയോഗങ്ങൾക്ക് ഒരു ഇരുണ്ട വശവും ഉണ്ടെന്ന് പെട്ടെന്നു കണ്ടുപിടിച്ചു.
പാർശ്വ ഫലങ്ങളാലുള്ള പ്രശ്നങ്ങൾ
“എനിക്ക് ഒരു പാവയെപ്പോലെ തോന്നി, “ഐറിൻ ഓർമ്മിക്കുന്നു. “എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ ഒരു ദിവസം 16 മണിക്കൂർ വരെ ഉറങ്ങിയിരുന്നതായി ഞാൻ ഓർക്കുന്നു.” ഐറിന്റെ ജീവിതം ക്ഷയിച്ചിരുന്നു. അവൾ ഔഷധ പ്രയോഗം നിർത്തുന്നതിനു ശ്രമിച്ചു—വീണ്ടും മാനസിക ആശുപത്രിയിൽ എത്തുന്നതിനുവേണ്ടി മാത്രം.a
ചിലരോഗികൾ യഥാർത്ഥത്തിൽ വിശ്രമരാഹിത്യം മാന്ദ്യത, നിദ്രാലുത്വം, മഞ്ഞപിത്തം, ഞെട്ടൽ ഭാരക്കൂടുതൽ തുടങ്ങി പല പ്രതികൂല ഫലങ്ങളും അനുഭവിക്കുന്നു. അതിൽ സ്വമേധയാ അല്ലാതുള്ള, മുഖത്തിന്റെയും വായുടെയും കോച്ചലും ഉൾപ്പെടുന്നു.
ഡോക്ടർമാർക്ക് ഒരു രോഗി ഒരു മരുന്നിനോട് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്തതിനാൽ ഔഷധം തീരുമാനിക്കുന്നതിന് ഒരു അളവുവരെ പരീക്ഷണവും പിശകും ഉൾപ്പെടുന്നു. ഒരു ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധൻ ഉണരുക!യോട് ഇപ്രകാരം പറഞ്ഞു: “ഡോക്ടർമാർ ഏറ്റവും കുറച്ചു പാർശ്വഫലങ്ങൾ ഉള്ള ഒരു മരുന്നു കണ്ടുപിടിക്കുന്നതിനു മുമ്പ് മൂന്നോ നാലോ വ്യത്യസ്ത ഔഷധങ്ങളിലൂടെ ക്ലേശിച്ചു കടന്നു പോകുന്നു.”
മിക്ക പാർശ്വഫല പ്രശ്നങ്ങളും നിയന്ത്രിക്കാൻ കഴിയുമെന്നത് സന്തോഷകരമാണ്. ഐറിന്റെ സംഗതിയിൽ കേവലം ഔഷധമാറ്റം കാര്യം സാധിച്ചു. അവളുടെ നിദ്രാലുത്വവും വിഭ്രമവും അപ്രത്യക്ഷമായി. അവൾ ആശുപത്രി വിടുകയും വീണ്ടും ഒരു സാധാരണ ജീവിതം നയിക്കാൻ തുടങ്ങുകയും ചെയ്തു! 30 വർഷത്തോളം അവൾ—മരുന്ന് ഉപേക്ഷിക്കാൻ ശ്രമിച്ചതുവരെ—സ്ഥിരമായി സ്ഥിതി ചെയ്തിരുന്നു. അവൾ പറയുന്നു: “എനിക്കു സുഖമാണെന്നു ഞാൻ കരുതി. എന്നാൽ ഒരു വർഷത്തിനുശേഷം എന്റെ ചിന്ത വീണ്ടും മറിഞ്ഞു. എന്റെ ഡോക്ടർ പറഞ്ഞു, ‘ഔഷധത്തിലേക്കു തിരികെ പോകൂ!” അവളുടെ ജീവിതം നേർവഴിക്കാകാൻ കൊടുക്കേണ്ടിയിരുന്ന ഒരു ചെറിയ വില.
എല്ലാവരും മരുന്നിന് വിജയപൂർവ്വം പ്രതികരണം കാണിക്കയില്ല, ഔഷധപ്രയോഗം മിക്കപ്പോഴും ഒച്ചിഴയുന്നതുപോലെയേ ഫലിച്ചു വരികയുള്ളു. കൂടാതെ ചില രോഗികൾ തങ്ങളുടെ മരുന്ന് തീവ്രമായി വെറുക്കുന്നു. എന്നാൽ അവരുടെ ലക്ഷണങ്ങൾ വളരെ കഠിനമായിരിക്കയും അവർക്കു പ്രവർത്തിക്കാൻ പറ്റാതിരിക്കയും ചെയ്യുമ്പോൾ, അത് മരുന്ന് ഉപയോഗിക്കുന്നതിനും ആശുപത്രിക്കും മദ്ധ്യേയുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നേക്കാം.
മാറിമാറിയുള്ള ചികിത്സകൾ
രസാവഹമായി, പഞ്ചസാര, ഗോതമ്പ്, പാല്, ഈയം, വിറ്റാമിനുകൾ എന്നിവയുടെ കുറവുകളെ വൈകാരികശല്യങ്ങളുടെ കുറ്റക്കാർ ആയി വിവക്തിക്കുന്നു. ഇത് ഉൻമാദരോഗത്തിന് ഒരു പോഷകാഹാര ചികിത്സയ്ക്കുള്ള സാദ്ധ്യത ഉണർത്തുന്നു. അത്തരത്തിലുള്ള ഒരു സമീപനം മ്ലാനതയുടെ ചികിത്സയ്ക്കു ഒരു അളവുവരെ വിജയം കൈവരുത്താൻ കഴിഞ്ഞിട്ടുണ്ട്. ചില ഗവേഷകർ—നോബൽ സമ്മാനം നേടിയ ലിനസ് പോളിംഗ് ഉൾപ്പെടെ—വിറ്റാമിനുകളുടെ കൂടിയ ഡോസുകൾ ചില രോഗികളിൽ ഉൻമാദരോഗ ലക്ഷണങ്ങൾ നാടകീയമായി കുറച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഇതിനെ ഓർത്തോമോളികുലാർ സൈകാട്രി എന്നു വിളിക്കുന്നു.
ഈ ആശയം—കുറഞ്ഞപക്ഷം, തത്വത്തിൽ—അനേകർക്കും വിശ്വസനീയമായി തോന്നുന്നു. ഓർത്തോമോളികുലാർ മനോരോഗ വിദഗ്ദ്ധർ വിറ്റാമിൻ-ബി-യുടെ കുറവുകൊണ്ടുണ്ടാകുന്ന പെല്ലാഗ്രാ എന്നു വിളിക്കപ്പെടുന്ന ഒരു രോഗം സൈക്കോട്ടിക്ക് ലക്ഷണങ്ങൾ ഉല്പാദിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രതിവിധിയെന്താണ്? വിറ്റാമിൻ നയാസിന്റെ വലിയ ഡോസുകൾ. എന്നാൽ അതേ ചികിത്സ ഉൻമാദരോഗത്തിനു ഫലിക്കുമോ? ഇതുവരെയും ഓർത്തോമോളികുലാർ മനോരോഗ വിദഗ്ദ്ധർ തങ്ങളുടെ യാഥാസ്ഥിതിക വീക്ഷണങ്ങൾ ബോദ്ധ്യപ്പെടുത്താൻ അപ്രാപ്തരായിരുന്നു.
ഒരു എൻ. ഐ. എം. എച്ച് (നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത്) റിപ്പോർട്ട് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ഓർത്തോമോളികുലാർ സൈകാട്രി സിദ്ധാന്തം ഗവേഷണത്തിനും അന്വേഷണത്തിനുമായി ഒരു പ്രബലമായ പ്രദേശം അവതരിപ്പിച്ചു എന്ന് തോന്നിയേക്കാമെങ്കിലും ചികിത്സയുടെ ഫലദായകത്വത്തെ സംബന്ധിച്ച ഇപ്പോഴത്തെ അവകാശവാദങ്ങൾക്ക് [ശാസ്ത്രീയ] പഠനങ്ങളിൽ നിന്ന് ഒട്ടും തന്നെ പിൻതുണ ലഭിക്കുന്നില്ല.” ഒരു സമീകൃത, പോഷകാഹാരക്രമം നല്ല ബോധം ഉണ്ടാക്കുന്നു എന്നു പറയുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും ഒരു ഡോക്ടർക്ക് വിറ്റാമിന്റെ ഒരു കാതലായ കുറവ് ഉണ്ടോ എന്ന് മെച്ചമായി തീരുമാനിക്കാൻ കഴിയും.
“എല്ലാവരും ഉൻമാദരോഗത്തിന് ഒരു എളുപ്പമായ പ്രതിവിധി ഇഷ്ടപ്പെടുന്നു—വിറ്റാമിനുകളോ ഡയാലിസോ പോലെ.b എന്നാൽ അത് കേവലം അത്ര ലളിതമായതല്ല. അത് അപ്രകാരമായിരുന്നെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് എൻ. ഐ. എം. എച്ച്-ലെ ഉൻമാദരോഗ ഗവേഷണ ബ്രാഞ്ചിലെ ഡോ. ഡേവിഡ് ഷോർ ഉണരുക!യോട് പറഞ്ഞപ്പോൾ വൈദ്യശാസ്ത്രത്തിന്റെ മുഖ്യധാരയുടെ മനോഭാവം സമാഹരിച്ചു എന്നു തോന്നുന്നു.
ഒരു വ്യക്തി വികാരോജ്ജ്വലമായ അവകാശവാദങ്ങൾ സംബന്ധിച്ച് സൂക്ഷ്മതയുള്ളവനായി എല്ലാ ഔഷധ പ്രയോഗങ്ങളെയും ശരിയായ ജാഗ്രതയോടെ സമീപിക്കണം. “അനുഭവ പരിചയമില്ലാത്ത ഏതൊരുവനും ഏതു വാക്കും വിശ്വസിക്കുന്നു, എന്നാൽ കൂർമ്മബുദ്ധിയുള്ളവൻ തന്റെ നടപ്പു സൂക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 14:15) ഏത് ചികിത്സയും അന്ധമായി സ്വീകരിക്കരുത്. മരുന്നു കുറിച്ചു തരുന്നെങ്കിൽ സാദ്ധ്യതയുള്ള പ്രതിപ്രവർത്തനങ്ങളും പാർശ്വ ഫലങ്ങളും പരിചയപ്പെടുന്നതിന് സമയമെടുക്കുക.
മാനസികരോഗികൾക്ക് ആശ്വാസം
നാം ഇടപെടാൻ പ്രയാസമുള്ള ദുർഘട സമയത്ത്” ജീവിക്കുന്നതിനാൽ ആളുകൾ ഇന്ന് പരിഗണനാർഹമായ സമ്മർദ്ദത്തിനു വശംവദരാണ്. (2 തിമൊഥെയോസ് 3:1; ലൂക്കോസ് 21:26) എല്ലാവരും പാപത്തിന്റെയും അപൂർണ്ണതയുടെയും ദുർബ്ബലമാക്കുന്ന ഫലങ്ങൾക്കു വശംവദരാകയാൽ ദൈവഭയമുള്ള ആളുകളിൽ ചിലർപോലും മാനസികരോഗത്തിനു അടിമപ്പെട്ടിട്ടുണ്ടെന്നത് അതിശയമല്ല.—റോമർ 5:12.
മാനസികരോഗം ഒരു രോഗമാണെന്നറിയുന്നത് ഒരുവനെ അതു സംബന്ധിച്ച് ഒരു സമീകൃത വീക്ഷണം ഉണ്ടായിരിക്കുന്നതിന് സഹായിക്കും. ദൃഷ്ടാന്തത്തിന് ഐറിൻ, തന്റെ രോഗം ഭൂതങ്ങളുടെ ആക്രമണത്താൽ ഉണ്ടായതായിരുന്നെന്ന് ഭയപ്പെട്ടിരുന്നു. ചില സംഗതികളിൽ ഭൂതശക്തികൾ ഉൾപ്പെട്ടിരുന്നേക്കാമെങ്കിലും, എല്ലാരോഗങ്ങളും ഭൂതങ്ങളാൽ വരുത്തപ്പെടുന്നതാണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. (എഫേസ്യർ 6:12; മത്തായി 4:24; മർക്കോസ് 1:32-34; പ്രവൃത്തികൾ 5:16 എന്നിവയുമായി താരതമ്യപ്പെടുത്തുക.) ഒരു വ്യക്തികൂടെക്കൂടെ ശബ്ദങ്ങൾ കേൾക്കുകയോ അഥവാ അതിവിചിത്രമായ പെരുമാറ്റം പ്രകടമാക്കുകയോ ചെയ്യുമ്പോൾ ഉൻമാദരോഗം പോലെയുള്ള ഒരു രോഗം ഉൾപ്പെട്ടിരുന്നേക്കാം.
ഐറിന്റെ രോഗം ഭൂത ഉറവിടമുള്ളതല്ല എന്ന് അറിഞ്ഞപ്പോൾ അവൾക്ക് വളരെ ആശ്വാസം തോന്നി. അവൾ വൈദ്യശാസ്ത്ര സഹായം തേടുകയും കുറേ ആശ്വാസം കണ്ടെത്തുകയും ചെയ്തു. എന്നിരുന്നാലും പല വൈദ്യൻമാരാലും അനേകം വേദന സഹിക്കുകയും തന്റെ വരുമാനം മുഴുവനും ചെലവഴിക്കയും പ്രയോജനം ലഭിക്കാതിരിക്കയും, പകരം വഷളാകയും ചെയ്തിരുന്ന” രോഗിയായിരുന്ന ഒരു സ്ത്രീയെക്കുറിച്ച് ബൈബിൾ പറയുന്നു എന്ന് ഓർക്കുക. യേശുക്രിസ്തുവിനു മാത്രമേ അവളെ സുഖപ്പെടുത്താൻ കഴിഞ്ഞുള്ളു. (മർക്കോസ് 5:25-29) അതുപോലെ വൈദ്യശാസ്ത്രം ഇന്നും പരിമിതിയുള്ളതാണ്. ഒരു അളവിലുള്ള ആശ്വാസം ലഭിക്കുന്നതിന് ന്യായമായ പടികൾ സ്വീകരിക്കാൻ കഴിയുമെന്നതു സത്യം തന്നെ. എന്നാൽ വഴുതിമാറുന്ന പ്രതിവിധിക്കായി അന്വേഷിച്ചുകൊണ്ട് വിരസമായ മുറയിൽ കുരുക്കപ്പെടുന്നതിനുപകരം ചിലർ പ്രശ്നം അംഗീകരിച്ചുകൊണ്ടും സഹിച്ചുകൊണ്ടും ജീവിക്കാൻ പഠിക്കമാത്രം ചെയ്തേക്കാം.
എന്നിരുന്നാലും, ദൈവം നമുക്കുവേണ്ടി ആഴമായി കരുതുന്നു എന്നറിയുന്നതിനാൽ ഉൽക്കണ്ഠയിലധികവും കുറയ്ക്കാൻ കഴിയും. (1 പത്രോസ് 5:6, 7) “യഹോവ ഇതും മറ്റനേകവുമായ പരിശോധനകളിൽ എന്നെ സംരക്ഷിച്ചിരിക്കുന്നു” എന്ന് ഐറിൻ പറയുന്നു. “നിവാസികളിലാരും: ‘എനിക്കു ദീനം’ എന്നു പറയുകയില്ലാത്ത,” യേശുക്രിസ്തുവിൻ കീഴിൽ വരാൻ പോകുന്ന ഒരു പുതിയ വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രത്യാശയും അവൾക്കുണ്ട്. (യെശയ്യാവ് 33:24; 2 പത്രോസ് 3:13) ഇപ്പോൾ ഏറ്റവും സമീപിച്ചിരിക്കുന്ന പരദീസയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള സമ്മാനത്തിൻമേൽ എന്റെ ദൃഷ്ടികൾ ഉറപ്പിച്ചതിനാൽ ഉറച്ചു നിൽക്കുന്നതിന് എനിക്കു സാധിച്ചു.” അവളുടെ വിശ്വാസം ഡോക്ടർമാർ നൽകുന്ന ഏതു ഔഷധങ്ങളെക്കാളും അധികം അവൾക്കു സഹായകമാകുന്നു. (g86 9/8)
[അടിക്കുറിപ്പുകൾ]
a മരുന്നു നിർത്തുന്ന ഉൻമാദരോഗികളിൽ 80 ശതമാനത്തോളംപേർ വീണ്ടും ആശുപത്രികളിലാക്കപ്പെടുന്നു.
b ഇത് ഉൻമാദരോഗത്തിനിടയാക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന രക്തത്തിലെ വിഷാംശങ്ങളെ അരിച്ചു കളയുന്നതിന് ഹിമോഡയാലസിസ് ഉപയോഗിക്കുന്ന വളരെ പ്രചരിപ്പിക്കപ്പെട്ട രീതിയെ പരാമർശിക്കുന്നു. ശാസ്ത്രീയമായ സൂക്ഷ്മപരിശോധനയിൽ ഈ ചികിത്സ വളരെയധികം പരാജയമാണ്.
[21-ാം പേജിലെ ചതുരം]
ഉൻമാദരോഗത്തിന്റെ രസതന്ത്രം
നമ്മുടെ തലച്ചോറ് ദശലക്ഷക്കണക്കിന് ന്യൂറോൺസ് അഥവാ നാഡീകോശങ്ങളെ ബന്ധിക്കുന്ന അവിശ്വസനീയമായി സങ്കീർണ്ണമായ വാർത്താവിനിമയ വലപോലെയുള്ളതാണ്. എന്നിരുന്നാലും ന്യൂറോൺസ് ഭൗതികമായി തമ്മിൽ തമ്മിൽ ബന്ധിച്ചിട്ടില്ല. ഒരിഞ്ചിന്റെ പത്തുലക്ഷത്തിൽ ഒരു ഭാഗം (0.000003 സെ. മീ.) മാത്രം വലിപ്പമുള്ള ഒരു വിടവ് അവയുടെ സ്പർശിനിപോലുള്ള അവയവങ്ങളെ അഥവാ ഡെൻഡ്രൈറ്റ്സിനെ തമ്മിൽ വേർതിരിക്കുന്നു. നാഡിയുടെ ആവേഗങ്ങൾ തടസ്സം കൂടാതെ ഒഴുകുന്നതിന് നാഡിയുടെ ചിഹ്നങ്ങൾ ഈ വിടവ് എടുത്തു ചാടണം. അപ്രകാരം ചെയ്യുന്നതിന് കോശം നാഡീ പ്രേക്ഷണങ്ങൾ എന്നു വിളിക്കപ്പെടുന്ന രാസ “സന്ദേശവാഹകരുടെ” ഒരു കൂട്ടത്തെ പുറത്തു വിടുന്നു. ഇവ വിടവിനു കുറുകെ “നീന്തുക”യും ഒരു പ്രത്യേക രാസവസ്തുവിനെ സ്വീകരിക്കാൻ രൂപകല്പന ചെയ്തിട്ടുള്ള പ്രത്യേക ആതിഥേയരിൽ ബന്ധിക്കുകയും ചെയ്യുന്നു.
ഒരു സാധാരണ തലച്ചോറിൽ ഈ പ്രവർത്തനങ്ങളെല്ലാം തടസ്സം കൂടാതെ ക്രമാനുഗതമായി നടന്നുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, ഉൻമാദരോഗികളിൽ നാഡീ പ്രേക്ഷണങ്ങൾ നിയന്ത്രണാതീതമായിത്തീരുന്നതായി തോന്നുന്നു. ചിലർക്ക് ഡോപാമിന്റെ ഒരു അമിതത്വം ന്യൂറോൺസിനെ അമിതമായി ഉത്തേജിപ്പിക്കുന്നതായും “ഉന്നം തെറ്റി നിറയോഴിക്കുന്ന”തിനിടയാക്കുന്നതായും അനുഭവപ്പെടുന്നു. പരസ്പരം ബന്ധമില്ലാത്ത ചിന്തകൾ ആയിരിക്കാം ഫലം. എന്നിരുന്നാലും എല്ലാ ഉൻമാദരോഗികൾക്കും തങ്ങളുടെ തലച്ചോറിൽ ഉയർന്നനിലയിലുള്ള ഡോപാമിൻ ഇല്ല എന്നത് ജിജ്ഞാസയുളവാക്കുന്നു. ചില തലച്ചോറുകൾ കേവലം ഡോപാമിന് അമിത വേദകത്വമുള്ളവയായിരിക്കുമോ? അഥവാ വ്യത്യസ്ത തരം ഉൻമാദരോഗമുണ്ടോ? അതോ മറ്റുചില രാസ അസാധാരണത്വം ഡോപാമിനുമായി കൂടികലരുന്നുവോ?
ഒരുത്തർക്കും യഥാർത്ഥത്തിൽ അറിവില്ല. ദുഷിച്ച രസതന്ത്രം ഉൻമാദരോഗം ഉണ്ടാക്കുന്നുവോ അതോ മറിച്ചാണോ എന്നു ആർക്കും അറിഞ്ഞുകൂടാ. രസതന്ത്രം ഉൻമാദരോഗത്തെ സംബന്ധിച്ച വിഷമപ്രശ്നത്തിന്റെ കേവലം ഒരു തുണ്ടാണ്.
[22-ാം പേജിലെ ചതുരം]
ഷോക്ക് ചികിത്സ—വിവാദാസ്പദം
ഒരുപക്ഷേ എല്ലാറ്റിലും വെച്ച് ഏറ്റവും വിവാദാസ്പദമായ ചികിത്സ ഷോക്ക് ചികിത്സയാണ്. എന്നിരുന്നാലും ഡോക്ടർമാർ ഇതിനെ മിക്കപ്പോഴും കൂടുതൽ ഹിതകരമായ വൈദ്യുത കമ്പന ചികിത്സ അഥവാ ഇ.സി.റ്റി എന്നു വിളിക്കുന്നു. കുയിലിന്റെ കൂടിൻ മുകളിലൂടെ പറന്ന ഒരുവൻ എന്ന പോലെയുള്ള ഫിലിമുകളിൽ ഞെട്ടിപ്പിക്കുന്ന വിധത്തിൽ ചിത്രീകരിച്ചിരിക്കുന്ന നടപടിക്രമം പൊതുജനങ്ങളെ പൊതുവേ ഇ.സി.റ്റി ഭയജനകമാക്കിയിരിക്കുന്നു. എന്നിട്ടും, ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും കണക്കുകളനുസരിച്ച് ഒരു നൂറായിരം രോഗികൾ ഇ.സി.റ്റി സ്വീകരിക്കുന്നുണ്ട്. മനോരോഗ വിദഗ്ദ്ധരുടെ ഒരു സർവ്വേ, ഇ.സി.റ്റി “ഔഷധപ്രയോഗം, സാധാരണയായി വലിയ അളവിലും മിക്കപ്പോഴും മനഃശാസ്ത്രചികിത്സയോട് ചേർത്തും ഫലപ്രദമല്ലാത്തപ്പോൾ മാത്രമാണ് അധികമായി ഉപയോഗിക്കുന്നത്” എന്ന് വെളിപ്പെടുത്തി.
ഇ.സി.റ്റി പരിഷ്ക്കരിച്ചതിനാൽ അനേകരും സങ്കല്പിക്കുന്നതുപോലെ അതിഘോരമായ നടപടിക്രമല്ല. ഉചിതമായി പ്രയോഗിക്കുമ്പോൾ രോഗിക്ക് കാര്യമായി അനുഭവപ്പെടുകയില്ല. അയാളെ ബോധം കെടുത്തുകയും മാംസപേശിക്ക് അയവു വരുത്തുന്ന ഒരു മരുന്ന് പ്രയോഗിക്കയും (അസ്ഥിക്ക് പൊട്ടൽ സംഭവിക്കാതെ സംരക്ഷണം നൽകുന്നതിന്) ചെയ്യുന്നു. അയാളുടെ തലയിൽ ഇലക്ട്രോഡുകൾ വെക്കുകയും ഒരു ചുരുങ്ങിയ ആഘാതത്തിനിടയാക്കിക്കൊണ്ട് അയാളുടെ തലച്ചോറിലൂടെ ചെറിയ അളവിലുള്ള വൈദ്യുതി കടത്തിവിടുകയും ചെയ്യുന്നു.
അമേരിക്കൻ മനഃശാസ്ത്രസംഘടനയുടെ (എ.പി.എ) വക്താവായ ജോൺ ബോണേജ്, ഇ.സി.റ്റി “മ്ലാനതയ്ക്ക് ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വിധങ്ങളിൽ ഒന്നായിരുന്നു” എന്ന് ഒരു എ.പി.എ. യത്ന-ശക്തി പഠനം നിഗമനം ചെയ്തു എന്നു ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, തീവ്രമായ മ്ലാനത കൂടിയില്ലെങ്കിൽ ഉൻമാദരോഗ ചികിത്സയ്ക്ക് ഇ.സി.റ്റി മേലാൽ അപൂർവ്വമായി മാത്രമേ ഉപയോഗിക്കുന്നുള്ളു” എന്ന് ബോണേജ് ഉണരുക!യോട് പറഞ്ഞു.
എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട് ഇ.സി.റ്റി ഫലിക്കുന്നു എന്ന് ഡോക്ടർമാർക്ക് യഥാർത്ഥത്തിൽ അറിഞ്ഞുകൂടാ. എതിരാളികൾ ഇതിനെ സംബന്ധിച്ച്, “ചിത്രം മോശമാകാൻ തുടങ്ങുമ്പോൾ ടീ. വി സെറ്റിൻമേൽ തൊഴിക്കുന്നതിനു തുല്യമായ മനഃശാസ്ത്രമാണ്” എന്ന് വിവരിച്ചു. എന്നിരുന്നാലും ഇ.സി.റ്റി മനഃശാസ്ത്ര ഔഷധങ്ങൾക്കു സമാനമായി ഒരു വിധത്തിൽ നാഡീപ്രേക്ഷണത്തെ ബാധിച്ചേക്കാമെന്നതിനുതെളിവുണ്ട്. വിമർശകർ, ഓർമ്മ നഷ്ടമാകലിന്റെയും മരണത്തിന്റെപോലും അപകട സാദ്ധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് ഇ.സി.റ്റി. അപകടകരവും തലച്ചോറിന്റെ കഴിവ് നഷ്ടപ്പെടുത്തുന്നതും ആണെന്നു പറയുന്നു. എന്നിരുന്നാലും, അതിനെ പിൻതാങ്ങുന്നവർ പരിഷ്ക്കരിച്ച നടപടിക്രമങ്ങൾ ഈ അപകടസാദ്ധ്യതയെ വളരെയധികം കുറച്ചിട്ടുണ്ടെന്നു പറയുന്നു. അവർ കഠിനമായ മ്ലാനതയോടൊത്തു വരുന്ന ആത്മഹത്യയുടെ വലിയ അപകടത്തിനെതിരെ ഇ.സി.റ്റിയുടെ പ്രയോജനം ഏതു അപകടസാദ്ധ്യതയെയും തീർത്തും ഘനം കുറഞ്ഞതാക്കിതീർക്കുന്നു എന്ന് വാദിക്കയും ചെയ്യുന്നു.
[24-ാം പേജിലെ ചതുരം]
ഫ്രോയിഡിന്റെ “ഉൾക്കാഴ്ചാ” ചികിത്സകൾ—സഹായമോ തടസ്സമോ?
എൻ.ഐ.എം.എച്ച്-ന്റെ ഉൻമാദരോഗ ഗവേഷണ ശാഖയിലെ ഡോ. ഡേവിഡ് ഷോർ ഉണരുക!യോട് ഇപ്രകാരം പറഞ്ഞു: “മനഃശാസ്ത്രത്തിൽ ഈ കാലത്ത് വളരെ കുറച്ച് മാത്രമേ മാനസികാപഗ്രഥനവും അതുപോലുള്ളവയും നടക്കുന്നുള്ളു.” കാരണം എന്താണ്? ഒരു സംഗതി ഫ്രോയിഡിന്റെ അപഗ്രഥനവും അതിനോട് ബന്ധപ്പെട്ട ഉൾക്കാഴ്ച ചികിത്സകളും ഉൻമാദരോഗത്തെ കേവലം സുഖപ്പെടുത്തുന്നില്ല എന്നതിനു പർവ്വത സമാനമായ തെളിവുള്ളതിനാൽ ഫ്രോയിഡിയൻ ചികിത്സകൾ, മാനസിക രോഗങ്ങൾ അബോധ മനസ്സിൽ മറഞ്ഞുകിടക്കുന്ന ജീവിതാനുഭവങ്ങളുടെയും ബാല്യകാല ആഘാതങ്ങളുടെയും പ്രത്യാഘാതമാണെന്നുള്ള തെളിയിക്കപ്പെടാത്ത അഭിപ്രായത്തിൽ ചുറ്റിത്തിരിയുകയാണ്. അപഗ്രഥനം നടത്തുന്നയാൾ അപ്രകാരം ചോദ്യങ്ങൾ വഴി അബോധമനസ്സിനെ സൂക്ഷ്മപരിശോധന നടത്തുന്നതിനും “സ്വതന്ത്ര സഹവാസ”ത്തിലൂടെ രോഗിക്ക് തന്റെ പ്രശ്നങ്ങളുടെ ഉറവിടത്തിൻമേൽ ഉൾക്കാഴ്ച ലഭിക്കാൻ സഹായിക്കുന്നതിനും പരിശ്രമിക്കുന്നു.
എന്നിരുന്നാലും ഉൻമാദരോഗികൾക്ക് ആശയവിനിമയത്തിന് നേരത്തെതന്നെ പ്രയാസമുണ്ട്. അത്തരക്കാരെ ഉൾക്കാഴ്ചാ ചികിത്സയ്ക്കായി സൂക്ഷ്മ പരിശോധനകൾക്കുവിധേയമാക്കുന്നത്, ഡോ. ഇ. ഫുള്ളർ റ്റോറെയുടെ അഭിപ്രായത്തിൽ, “ഒരു ചുഴലിക്കാറ്റിൽ തകർന്നുപോയ ഒരു പട്ടണത്തിലേക്ക് ഒരു പ്രളയജലം തിരിച്ചു വിടുന്നതു”പോലെയാണ്.
ഒരു രോഗിക്ക് ഡോക്ടറുടെ മേൽ അതിശക്തമായ വികാരങ്ങൾ വികസിപ്പിക്കാൻ തക്കവണ്ണം “സ്ഥാനാന്തര പ്രാപ്തി”യുടെ അപകടങ്ങൾ ഉണ്ട്. രോഗികൾ തങ്ങളുടെ ഡോക്ടർമാരുടെ മേൽ “ആസക്തരായിത്തീർന്നു”കൊണ്ട് ചികിത്സ ചുരുക്കാൻ സാധിക്കാതിരിക്കുന്നതായി ചിലർ പറയന്നു. കൂടാതെ, എതിർ ലിംഗത്തിൽ പെട്ട ഒരു അംഗവുമായി ഗാഢ സൗഹൃദം പങ്കു വെക്കുന്നതിനാൽ ധാർമ്മിക പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം.
അങ്ങനെ, മുഖ്യധാരയിലെ മനോരോഗ വിദഗ്ദ്ധർ ജീവശാസ്ത്ര ചികിത്സകളിലേക്കു തിരിയുകയും ശാസ്ത്രീയ മാനസിക അപഗ്രഥനം ഉൻമാദരോഗ ചികിത്സയ്ക്ക് ഇന്നേക്കു പറ്റിയതല്ലെന്നു വീക്ഷിക്കയും ചെയ്യുന്നു. എങ്കിലും ചിലതരത്തിലുള്ള സംസാര ചികിത്സ, ഔഷധ പ്രയോഗത്തോടൊത്ത്, രോഗിക്ക് പിൻതുണ പ്രദാനം ചെയ്യുന്നതിനും അയാളുടെ രോഗം അയാൾക്ക് മനസ്സിലാകാൻ സഹായിക്കുന്നതിനും മരുന്നു കഴിക്കുന്നതിനുള്ള ആവശ്യം അടിച്ചേല്പ്പിക്കുന്നതിനുംവേണ്ടി ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞേക്കും. ചിലപ്പോൾ ഒരു ഡോക്ടർ രോഗനിർണ്ണയത്തിനു സഹായകമായി ചുഴിഞ്ഞിറങ്ങുന്ന ചോദ്യങ്ങൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും ഇത് മാനസിക അപഗ്രഥനം പോലെതന്നെയുള്ളതല്ല.
[23-ാം പേജിലെ ചിത്രങ്ങൾ]
ഔഷധപ്രയോഗത്തിന്റെ ഫലം പലപ്പോഴും നാടകീയമാണ്.